"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കൂട്ടുകുടുംബം: മിശ്രവിവാഹം ജാതിനിര്‍മൂലനത്തിന്സാമൂഹ്യപുരോഗതിയെ തടഞ്ഞുനിര്‍ത്തുന്നത് ജാതിവ്യവസ്ഥയാണെന്ന് തിരിച്ചറിയുന്ന മലയാള സിനിമയാണ്, 1969 ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ 'കൂട്ടുകുടുംബം'. ജാതിഉന്മൂലനത്തിനായി ഈ സിനിമയിലൂടെ മുന്നോട്ടുവെക്കപ്പെടുന്നത്, ഡോ. അംബേഡ്കര്‍ നിര്‍ദ്ദേശിക്കുന്ന 'മിശ്രവിവാഹം', 'മിശ്രഭോജനം' എന്നീ പ്രക്രിയകള്‍ തന്നെയാണ്. രക്തരൂക്ഷിതമായ ഒരു വിപ്ലവമല്ല ജാതിഉന്മൂലത്തിനായി വിഭാവന ചെയ്തിട്ടുള്ള ഈ പ്രക്രിയകള്‍. സിനിമയുടെ കഥാകാരനും, പ്രഖ്യാപിത കമ്മ്യൂണിസ്റ്റുകാരനുമായ തോപ്പില്‍ ഭാസിയും ജാതിഉന്മൂലനത്തിനുള്ള മാര്‍ഗമായി സായുധവിപ്ലവം എന്ന ആശയത്തെ, 'കൂട്ടുകുടുംബം' എന്ന ഈ സിനിമയില്‍ തള്ളിക്കളയുന്നതുകാണാം. ഡോ. അംബേഡ്കര്‍ നിരീക്ഷിക്കുന്നത്, സവര്‍ണരുടെ (ജാതിഹിന്ദുക്കള്‍) മനോഭാവത്തില്‍ വരുന്ന മാറ്റമാണ് ജാതിയെ ഉന്മൂലനം ചെയ്യുക എന്നതാണ്. അത് എങ്ങനെയാണ് സാധ്യമാകുക? ആന്തരികപ്രേരണയാലോ, ബാഹ്യപ്രേരണയാലോ മനോഭാവത്തിലെ ഈ മാറ്റം സാധ്യമാവുക? തീര്‍ച്ചയായും മനോഭാവത്തില്‍ മാറ്റംവരുത്തുന്നത്, ജാതിവ്യവസ്ഥ ക്കെതിരായി നിലകൊള്ളുന്നവരാല്‍ ജാതിവ്യവസ്ഥയുടെ സംരക്ഷകരില്‍ പുറമെനിന്നു ചെലുത്തപ്പെടുന്ന പ്രേരണയുടെ ശക്തിയാലാണ് അത് സംഭവ്യമാകുന്നത്. ജാതിവ്യവസ്ഥക്കെതിരെ നീങ്ങുന്നവന്‍ അതിനായി ആദ്യം ചെയ്യേണ്ടത്, സ്വജാതിയില്‍ നിന്നുംമാറി അന്യ ജാതിക്കാരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക എന്നുള്ളതാണ്. അപ്രകാരം മിശ്രവിവാഹം ചെയ്തതിലൂടെ ഒരു യുവാവ്, തന്റെ പിതാവിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തിച്ചുകൊണ്ട് എങ്ങനെയാണ് ജാതിഉന്മൂലനപ്രക്രിയയില്‍ ഭാഗഭാക്കായത് എന്നുള്ളതിന് മികച്ച ഉദാഹരണമായിത്തീര്‍ന്ന സിനിമയാണ് 'കൂട്ടുകുടുംബം'.

ഇലഞ്ഞിക്കല്‍ തറവാട്ടിലെ കാരണവരായ രാമന്‍പിള്ളക്ക് മൂന്നുപെണ്‍മക്കളുണ്ട്. അവരില്‍ ലക്ഷ്മിക്കുട്ടിയെ ഉണ്ണിത്താനും സരസ്വതിയെ ഗോവിന്ദനും വിവാഹം കഴിച്ചു. ഇളയവള്‍ ശ്യാമളയുടെ വിവാഹം ആയിട്ടില്ല. അതിനിടെ ഏക മകനായ അപ്പുക്കുട്ടന്‍ തങ്കമ്മ എന്ന പുലയിയെ വിവാഹം ചെയ്ത് അവളുടെ കൂരയിലാണ് താമസം. അപ്പുക്കുട്ടന്‍ തറവാട്ടില്‍ കയറുന്നതിന് കാരണവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുക യാണ്. മരുമക്കത്തായ സമ്പ്രദായമനുസരിച്ച്, രാമന്‍പിള്ളയുടെ സഹോദരി കാര്‍ത്ത്യായനിപ്പിള്ളയും അവരുടെ മകന്‍ രാധാകൃഷ്ണനും തറവാട്ടില്‍ത്തന്നെയാണ് താമസം. രാധാകൃഷ്ണനും ശ്യാമളയും തമ്മില്‍ പ്രണയത്തിലാണ്.

നെല്‍കൃഷിയില്‍ നിന്നുള്ള വരുമാനമാണ് തറവാടിന്റെ ആസ്തി. കാലാവസ്ഥ മോശമാവുകയാല്‍ കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് തറവാട് പുലര്‍ത്തുവാന്‍ പറ്റാതെ വന്നു. വിവാഹം കഴിച്ചയച്ച രണ്ടു പെണ്‍മക്കളുടേയും ഭര്‍ത്താക്കന്മാര്‍ അവകാശവും ചോദിച്ച് നിരന്തരം തറാവാട്ടില്‍ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പുലയക്കുടിലിലെ പ്രാരാബ്ധങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അപ്പുക്കുട്ടനും തന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തുന്നതിനായി, അഞ്ചുവയസ് പ്രായമായ തന്റെ മകളുമായി തറവാട്ടിലെത്തി, തന്റെ വിഹിതം ആവശ്യപ്പെടുന്നു. കാരണവര്‍ അപ്പുക്കുട്ടനേയും കുഞ്ഞിനേയും ജാതിവിളിച്ച് ആക്ഷേപിച്ച് ആട്ടിപ്പുറത്താക്കുന്നു. ഇതിനിടെ, കാരണവരുടെ പണംകൊണ്ട് കല്‍ക്കത്തയില്‍ പഠനം തുടരുന്ന രാധാകൃഷ്ണന്‍ ചെവലിന് തികയാതെ കൂടുതല്‍ തുക ആവശ്യപ്പെട്ട് കത്തയക്കുന്നു. വേലായുധന്‍പിള്ളയോട് പണം കടംവാങ്ങി കാരണവര്‍ രാധാകൃഷ്ണന് അയച്ചുകൊടുക്കുന്നു. ബാങ്കില്‍ നിന്നും കൃഷിയാവശ്യത്തിന് എടുത്ത വായ്പ കുടിശ്ശിഖ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകാണ്ട് മാനേജര്‍ നേരിട്ട് തറവാട്ടിലെത്തുന്നു....

വേലായുധന്‍പിള്ള നടത്തുന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി അപ്പുക്കുട്ടന് നിയമനം ലഭിക്കുന്നു. വേലായുധന്‍പിള്ളയുടെ മകള്‍ രാധികയും ശ്യാമളയും ഉറ്റതോഴിമാരാണ്. കുടുംബത്തിലെ കടബാധ്യതകള്‍ ഏറിവന്നപ്പോള്‍, മറ്റുപോംവഴികളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ശ്യാമള ഒരു നാടകക്കമ്പനിയില്‍ നടിയായി ചേരുന്നു. അഡ്വാന്‍സായി മുന്‍കൂര്‍ കൈപ്പറ്റുന്ന പണംകൊണ്ട് രാമന്‍പിള്ള ബാങ്കിലെ കടം വീട്ടുന്നു. 

മൂന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ച്, വോലായുധന്‍ പിള്ള ഒരുദിവസം, ഓഫീസ് ആവശ്യത്തിനായി അപ്പുക്കുട്ടനെ ഡെല്‍ഹിയിലേക്ക് പറഞ്ഞയക്കുന്നു. ഈ തക്കത്തിന് വേലായുധന്‍പിള്ള തന്റെ വാരികയില്‍ ശ്യാമളയെക്കുറിച്ച് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിക്കുന്നു. ഈ ലേഖനം, നാട്ടിലേക്കുള്ള തന്റെ മടക്കയാത്രയില്‍ ട്രെയിനില്‍ ഇരുന്ന് വായിക്കുന്ന രാധാകൃഷ്ണന്‍ ശ്യാമളയെ വറുക്കുന്നു. വീട്ടിലെത്തിയ രാധാകൃഷ്ണന്‍ ശ്യാമളയെ വിവാഹം കഴിക്കാനാവില്ലെന്ന് കാരണവരെ അറിയിക്കുന്നു. ഡെല്‍ഹിയില്‍ നിന്നും തിരിച്ചെത്തുന്ന അപ്പുക്കുട്ടന്‍, തന്റെ സഹോദരിയെ അപകീര്‍ത്തിപ്പെടുത്തിയ, തന്റെ തൊഴില്‍ദാതാവുകൂടിയായ പത്രമുടമ വേലായുധന്‍പിള്ളയെ അയാളുടെ വീട്ടിലെത്തി അടിക്കുന്നു. ജോലിയുടെ രാജിക്കത്ത് വലിച്ചെറിഞ്ഞിട്ട് അപ്പുക്കുട്ടന്‍ അവിടെനിന്നും പോകുന്നു. 

ഇതിനിടെ തറവാട്ടിലെത്തി കാരണവന്മാരെ വെച്ചാരാധിക്കുന്ന കളരിയില്‍ ഭാര്യ സരസ്വതിയോടും മക്കളോടുമൊപ്പം താമസമാക്കിയിരുന്ന ഗോവിന്ദനെ കള്ളവാറ്റ് നടത്തിയ കുറ്റത്തിന്, പൊലീസുകാര്‍ വന്ന് തൊണ്ടിസഹിതം പിടിച്ചുകൊണ്ടുപോകുന്നു. വേലായുധന്‍പിള്ളയുടെ മകളും ശ്യമാളയുടെ തോഴിയുമായ രാധികയെ വിവാഹംകഴിച്ച് രാധാകൃഷ്ണന്‍ ഭാര്യാസമേതനായി അമേരിക്കക്ക് യാത്രയാകുന്നു. അന്ന് വൈകിട്ട് നേരമിരുട്ടിയപ്പോള്‍, തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിനായി അപ്പുക്കുട്ടന്‍, സഹോദരി ശ്യാമളയെ കാണാന്‍ തറവാട്ടിലെത്തുന്നു. അച്ഛനായ രാമന്‍പിള്ള അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അപ്പുക്കുട്ടനും ശ്യാമളയും പടിപ്പുരയിലേക്ക് നോക്കുമ്പോള്‍, രാമന്‍പിള്ള അപ്പുക്കുട്ടന്റെ മകളേയും തോളിലെടുത്തുകൊണ്ട് തങ്കമ്മയുമായി കടന്നുവരുന്നു...! മറവില്‍ നിന്നും പുറത്തുവരുന്ന കാര്‍ത്ത്യായനിപ്പിള്ളയും കൂടിച്ചേര്‍ന്ന്, ഒരിക്കല്‍ 'പുലയി' എന്നു പറഞ്ഞ് ആട്ടിയിറക്കിവിട്ട, അപ്പുക്കുട്ടന്റേയും തങ്കമ്മയുടേയും കുഞ്ഞിനെക്കൊണ്ട് തറവാട്ടില്‍ വിളക്ക് തെളിയിക്കുന്നു. 'ഇത് സന്ധ്യാദീപമല്ല, വരാനിരിക്കുന്ന പുത്തന്‍ പുലരിയുടെ ഉദയദീപമാണ്', എന്ന് അപ്പുക്കട്ടന്‍ പറയുമ്പോള്‍, 'ഒരു പുതിയ കൂട്ടുകുടുംബ വ്യവസ്ഥ ഇവിടെയാരംഭിക്കട്ടെ' എന്ന് രാമന്‍പിള്ള അതിനൊരു തുടര്‍ച്ച കൊടുക്കുന്നു.

വേലായുധന്‍ പിള്ളക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നു. അതുകൊണ്ടാണ്, രാധാകൃഷ്ണന്റെ പഠനാവശ്യത്തിനായി ചോദിക്കുമ്പോഴൊക്കെ രാമന്‍പിള്ളക്ക് കാശുകൊടുത്തിരുന്നത്. രാധാകൃഷ്ണനെക്കൊണ്ട് തന്റെ മകള്‍ രാധികയെ വിവാഹംകഴിപ്പിക്കുക എന്നാണ് അയാള്‍ ആഗ്രഹിച്ചിരുന്നത്. അപ്പോള്‍ അവിവാഹിതയായി തുടരുന്ന ശ്യാമളയെ തന്റെ രണ്ടാം ഭാര്യയാക്കാമെന്നും അയാള്‍ കരുതിയിരുന്നു. ഇത് ഉണ്ണിത്താന്‍വഴി രാമന്‍പിള്ളയറിഞ്ഞപ്പോള്‍ കുടുംബത്തിന് അത് അപമാനവും താങ്ങാനാവാത്ത ആഘാതവുമായി. വേലായുധന്‍പിള്ളയുടെ ഒരാഗ്രഹം മാത്രമേ സഫലമായുള്ളൂ, ശ്യാമളയുടെ കാര്യത്തില്‍ അയാള്‍ ഇളിഭ്യനായി.

ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്നത്, രാമന്‍പിള്ള കെട്ടിമുറുക്കിപ്പിടിച്ചിരുന്ന ആഭിജാത്യമാണ്. അയാളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിച്ചത്, സ്വജാതി യില്‍പ്പെട്ടവരും രക്തബന്ധുക്കളും തന്നെ ചതിച്ചതില്‍ നിന്നുള്ള തിക്താനുഭവങ്ങളും കീഴ്ജാതിക്കാരോടൊപ്പം ദാരിദ്ര്യാവസ്ഥയിലും അപ്പുക്കുട്ടന്‍ സന്തോഷത്തോടെ കഴിയുന്നത് നേരിട്ട് കാണുവാന്‍ ഇടയായതുമാണ്. ജാതി, അതിനൊരര്‍ത്ഥവുമില്ലെന്ന് രാമന്‍പിള്ള മനസ്സിലാക്കുന്നു. 

സാമ്പത്തികമായി തറവാട് അടിപതറാനുള്ള കാരണവും ആഭിജാത്യചിന്ത വരുത്തിവെച്ച വിനയാണെന്നു കാണാം. കാലവസ്ഥ കൃഷിക്ക് അനുയോജ്യമാകുന്നി ല്ലെന്നു കണ്ടെത്തുന്ന മാത്രയില്‍ത്തന്നെ അയാള്‍ സ്വത്തുക്കള്‍ ഭാഗംവെക്കേണ്ടതാ യിരുന്നു. ആധുനിക കൃഷിരീതിയവലംബിച്ച് കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ മക്കള്‍ക്ക് അവരുടെ കുടുംബജീവിതം മുന്നോട്ടു നയിക്കാമായിരുന്നു. പക്ഷെ, അപ്പുക്കുട്ടനും വിഹിതം കൊടുക്കേണ്ടിവരും, അതുവഴി തന്റെ അടിയാന്മാരായ പുലയരിലേക്ക് തറവാട്ട് സ്വത്തില്‍ ഒരു ഭാഗം ചെന്നുചേരും എന്നുംമറ്റുമുള്ള ജാതിചിന്തയാല്‍ അയാള്‍ക്കതിന് കഴിഞ്ഞില്ല. ഫലമോ, കാരണവന്മാരെ വെച്ചാരാധിച്ചിരുന്ന കളരിയില്‍വെച്ച് സ്വന്തം മകള്‍ക്കും കുടുംബത്തിനും കള്ളവാറ്റ് നടത്തി ജീവിക്കേണ്ടിവന്നു. 

രാമന്‍പിള്ളയുടെ പതനത്തിന് കാരണം അയാള്‍ നേരിട്ട ദാരിദ്ര്യമാണെന്നും മനോഭാവത്തില്‍വന്ന മാറ്റമെല്ലെന്നും എതിര്‍വാദം ഉന്നയിക്കപ്പെട്ടേക്കാം. പക്ഷെ, രാമന്‍പിള്ളയുടെ പതനം മുഴുവന്‍ അയാള്‍ വിചാരിക്കുന്ന ആഭിജാത്യം വരുത്തിവെക്കു ന്നതാണ്. ആഭിജാത്യം എന്നാല്‍ ജാത്യഭിമാനംതന്നെയാണല്ലോ. ആ വിചാരം രാമന്‍പിള്ളയില്‍ നിന്നും വിട്ടുപോയപ്പോള്‍ ജാതിരാഹിത്യത്തിന്റെതായ ഒരു കൂട്ടുകുടുംബവ്യവസ്ഥയിലേക്ക് ജീവിതം വഴിമാറുന്നു.

്കൂട്ടുകുടുംബം സിനിമയിലെ കഥാസഞ്ചാരത്തില്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമാന്തരധാരകൂടി ചര്‍ച്ചക്ക് വിധേയമാകുന്നുണ്ട്. അതായത് നാടകകലാകാരന്മാര്‍ അക്കാലത്ത് നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചില ഊടുവെപ്പുകള്‍ സിനിമയെ ദൃഡമാക്കുന്നതുകാണാം. അക്കാലത്ത് നാടകങ്ങളില്‍ സ്ത്രീകഥാപാത്രങ്ങളെ പുരുഷന്മാരായ നടന്മാരാണ് രംഗത്ത് അവതരിപ്പിച്ചിരുന്നത്. സ്ത്രീകള്‍ ആരെങ്കിലും അതിന് തയാറായാല്‍ത്തന്നെ അന്നത്തെ സമൂഹം അവളെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കാന്‍ മടികാണിച്ചിരുന്നില്ല. അന്ന് നാടകത്തിന് തയാറായിവന്നുതുടങ്ങി യിരുന്ന നടിമാര്‍ക്ക് ജീവിതത്തില്‍ പലതും ത്യജിക്കേണ്ടതായിവരുന്നുണ്ട്. സിനിമയില്‍ ശ്യാമളക്കാകട്ടെ, താന്‍ നാളുകളായി കൊതിച്ചിരുന്ന തന്റെ കാമുകനും ബാല്യകാല സഖാവുമുമൊത്തുള്ള ജീവിതം സഫലമാവാതെപോവുന്നു. അവള്‍ മാനംകളഞ്ഞ്, രാപകലില്ലാതെ അധ്വാനിച്ച് സമ്പാദിച്ച പണംകൊണ്ടാണ് രാധാകൃഷ്ണനെ പഠിപ്പിച്ച് ബിരുദധാരിയാക്കുന്നത്. രാധാകൃഷ്ണന്‍ തന്നെ നിരസിക്കുമ്പോള്‍ ശ്യാമള അയാളുടെ മുഖത്തുനോക്കി, 'അരങ്ങത്തെ ചിരി അഭിനയമാണ്, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ട്, എന്നാല്‍ ജീവിതത്തിലെ കരച്ചില്‍ അഭിനയമല്ല, അതാകട്ടെ നിങ്ങള്‍ വിശ്വസിക്കുന്നുമില്ല' എന്നു തുറന്നടിക്കുന്നുണ്ട്. നാടക സംവിധായകന്‍ കൂടിയാണല്ലോ തോപ്പില്‍ ഭാസി. അരങ്ങത്ത് നാടകം ജനിക്കുന്നതിന് പിന്നില്‍ അതിന്റെ പ്രവര്‍ത്തകരുടെ കണ്ണീരിന്റെ നനവുണ്ട് എന്നുകൂടി തോപ്പില്‍ ഭാസി കൂട്ടുകുടുംബം സിനിമയിലൂടെ പറഞ്ഞുവെക്കുന്നു.

കെ എസ് സേതുമാധവനാണ് സിനിമ സംവിധാനം ചെയ്തതെങ്കിലും അതിന്റെ പിന്നിലെ തരക്കഥ ഒരു നാടകകൃത്തിന്റേതാണെന്ന് വെളിപ്പെടുത്താനുതകുന്ന മട്ടിലാണ് പി ദത്തു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. മീഡിയം ഷോട്ടല്ലാതെ മറ്റു യാതൊരു സങ്കേതവും ഛായാഗ്രഹണത്തിന് ആശ്രയിക്കുന്നില്ല. കൃത്യമായ അകലത്തിലിരുന്ന് നാടകംകാണുന്നവന്റെ അനുഭൂതി പകര്‍ന്നുനല്‍കാനെന്ന വണ്ണം ഏതാണ്ട് മുഴുനീളെ മീഡിയം ഷോട്ടുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഉജ്വലഭാവം പ്രകടിപ്പിക്കേണ്ടിടത്ത് പോലും ക്ലോസപ്പുകള്‍ വിരളമാണ്. ഛായാഗ്രാഹകന് അനുപൂരകമെന്നവണ്ണം എഡിറ്റര്‍ ടി ആര്‍ ശ്രീനിവാസലുവും ഒരു മുറിച്ചൊട്ടിക്കലു കാരന്‍ മാത്രമായി തന്റെ ചുമതല നിര്‍വഹിച്ചിരിക്കുന്നു. നിലവിലെ മറ്റ് എഡിറ്റിംഗ് സാങ്കേതങ്ങള്‍ പലതും പ്രയോഗിക്കുന്നുമില്ല, നൂതനമായവ പരീക്ഷിക്കുന്നുമില്ല. വയലാര്‍, ജി ദേവരാജന്‍ ടീമിന്റേതാണ് ഗാനരചനയും സംഗീതവും. നടന്മാരില്‍ പ്രേം നസീര്‍ രാധാകൃഷ്ണക്കുറുപ്പായും സത്യന്‍ അപ്പുക്കുട്ടനായും വേഷമിടുന്നു. ശ്യാമളയായി ശാരദയും തങ്കമ്മയായി ഷീലയും രാധികയായി ഉഷാകുമാരിയും അരങ്ങത്തെത്തുന്നു. ഇലഞ്ഞിക്കല്‍ രാമക്കുറുപ്പിനെ കൊട്ടാരക്കര ശ്രീധരന്‍ നായരും തങ്കമ്മയുടെ അച്ഛനെ എസ് പി പിള്ളയും വേലായുധന്‍ പിള്ളയെ എന്‍ ഗോവിന്ദന്‍കുട്ടിയും അവതരിപ്പിക്കുന്നു. അടൂര്‍ഭാസി, മണവാളന്‍ ജോസഫ്, ആലുംമൂടന്‍, കെപിഎസി ഖാന്‍, എസ് ജെ ദേവ്, കെപിഎസി ലളിത, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരാണ് മറ്റ് പാത്രാവതാരകര്‍. എക്‌സെല്‍ പ്രൊഡക്ഷന്‍ കമ്പനി 1969 നവംബര്‍ 28 ന് കൂട്ടുകുടുംബം തിയേറ്ററുകളില്‍ എത്തിച്ചു.