"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2019, ജനുവരി 1, ചൊവ്വാഴ്ച

മക്കത്തായ-മരുമക്കത്തായങ്ങളും സംബന്ധമെന്ന അസംബന്ധവും - അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളില്‍വെച്ച് അങ്ങേയറ്റം അതിശയമുളവാക്കിയിട്ടുള്ള സാമൂഹ്യവ്യവഹാരങ്ങളാണ് നമ്പൂതിരി-നായര്‍ സംബന്ധവും മരുമക്കത്തായസമ്പ്രദായവും. കാനഡ സ്വദേശിയായ റോബിന്‍ ജഫ്രി എന്ന ചരിത്രാന്വേഷകന്റെ 'നായര്‍മേധാവിത്വത്തിന്റെ പതനം' എന്ന കൃതിയില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. '11-ആം ശതകത്തില്‍ നടന്ന നൂറ്റാണ്ടുയുദ്ധത്തില്‍ ചേരസാമ്രാജ്യം ചിന്നഭിന്നമായി. അതിനേശേഷം നാട്ടുപ്രമാണിമാര്‍ക്കു സ്വാധീനമുള്ള കൊച്ചുകൊച്ചു ഭരണാധികാരകേന്ദ്രങ്ങള്‍ ഉദയം ചെയ്തു. അടുത്ത ആറേഴുശതകത്തോളം ഈ പ്രമാണിമാര്‍ തമ്മില്‍ത്തമ്മിലായിരുന്നു യുദ്ധം. വിജയികള്‍ തങ്ങള്‍ ക്ഷത്രിയരാണെന്ന അവകാശവാദമുന്നയിച്ചു. പക്ഷെ രാഷ്ട്രീയവും സൈനികവുമായ വിജയംകൊണ്ട് മതപരമായി ഉയര്‍ച്ചനേടിയ നായന്മാരായിരുന്നു അവര്‍' എന്ന് റോബിന്‍ ജഫ്രി പ്രസ്താവിക്കുന്നു. അപ്പോള്‍ ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടാത്ത അനാര്യ ജനതയില്‍നിന്നും മതപരമായ പദവി നേടിയതാണ് നായന്മാര്‍ എന്ന് വ്യക്തമാകുന്നു. ഫ്രാന്‍സിസ് ബുക്കാനനും ഇക്കാര്യം തന്നെ സൂചിപ്പിക്കുന്നു; 'നായര്‍ അഥവാ ബഹുവചനത്തില്‍ നായന്മാര്‍ എന്നുപറയുന്ന ജാതി മലയാളക്കരയിലെ ശുദ്ധ ശൂദ്രന്മാരാണ്. അവര്‍ ജന്മനാ യോദ്ധാക്കളാണെന്നാണ് ഭാവം. എന്നാല്‍ പലനിലയിലുള്ളവരും പല ജോലികള്‍ചെയ്യുന്നവരും ഇവരുടെ ഇടയിലുണ്ട്'.

'അന്നത്തെ കേരളം' എന്ന കൃതിയില്‍ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള ഇക്കാര്യം കൃത്യമായി നിരീക്ഷിച്ചു; ' ബില്ലവര്‍, ഇടയര്‍, വെള്ളാളര്‍ തുടങ്ങിയ ഇവിടെയുണ്ടായിരുന്ന അന്നത്തെ പരിഷ്‌കൃതവര്‍ഗക്കാരില്‍നിന്നാണ് നമ്പൂതിരിമാര്‍ നായന്മാരേയും ക്ഷത്രിയരേയും സൃഷ്ടിച്ചത്. നാടുവാഴികളായിരുന്ന 'ചാത്തന്മാ'രും മറ്റും ക്ഷത്രിയരില്‍ ലയിച്ചിട്ടുണ്ട്. ചാത്തന്‍ എന്നാല്‍ ബുദ്ധനാണ്. ആനായന്മാരാണ് ക്ഷത്രിയരായിത്തീര്‍ന്നതിലധികവും. ആനായന്‍ എന്നാല്‍ ഇടയന്‍'.

ക്ഷത്രിയന്‍ വര്‍ണവും ബില്ലവര്‍ തുടങ്ങിയവര്‍ വര്‍ഗവുമാണെന്ന് പ്രൊഫസ്സറുടെ നിരീക്ഷണത്തില്‍നിന്ന് വ്യക്തമാണ്. റോബിന്‍ ജെഫ്രിയുടെ പ്രസ്താവന ഇതിനുള്ള അനുബന്ധമാണെന്ന് കാണാവുന്നതാണ്. കാവാലം നാരായണപ്പണിക്കരുടെ നിരീക്ഷണവും മറിച്ചല്ല. 'നായന്മാര്‍ ഒരു ഗോത്രമാണെന്നു പറയാം; ജാതിയല്ല'. 'നായന്മാരെ ദ്രാവിഡസമൂഹത്തില്‍പ്പെട്ടവരെന്നു കണക്കാക്കുന്നു.' (കേരളത്തിലെ നാടോടിസംസ്‌കാരം - കാവാലം നാരായണപ്പണിക്കര്‍)

നായന്മാരുടെ ഉത്ഭവം എന്തായിരുന്നാലും എണ്ണത്തില്‍ കുറവായിരുന്ന നമ്പൂതിരിമാരേക്കാളും പരദേശിബ്രാഹ്മണരേക്കാളും ക്ഷത്രിയരേക്കാളും മതപരമായി താണപദവിമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതിനാല്‍ അവരെ ശൂദ്രരായി മാത്രമേ കരുതിയിരുന്നുള്ളൂ. അവരുടെ സാമൂഹ്യപദവി എന്തുതന്നെയായിരുന്നാലും ലൈംഗികജീവിതത്തില്‍ അവര്‍നിര്‍മിക്കുകയോ പങ്കാളികളാകുകയോ ചെയ്ത ഒരു സാമൂഹ്യവ്യവഹാരം ചരിത്രത്തില്‍ ഇടംകൊണ്ടിട്ടുണ്ട്. വിദേശസഞ്ചാരികളേയും ചരിത്രകാരന്മാരേയും കൗതുകത്തിന്റെ മാന്ത്രികവലയത്തില്‍ തളച്ചിട്ട ആ വ്യവഹാരം 'സംബന്ധം' എന്ന പേരില്‍ അറിയപ്പെടുന്നു. വിസ്തരിച്ചു പറഞ്ഞാല്‍ അത് നമ്പൂതിരി-നായര്‍ സംബന്ധം എന്നാകുന്നു.

സാമ്പ്രദായികമായി നായര്‍സ്ത്രീകള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന വിവാഹരീതിയാണ് സംബന്ധം എന്നാണ് തന്റെ കൃതിയില്‍ കാവാലം നാരായണപ്പണിക്കരുടെ വിവക്ഷ. നമ്പൂതിരിയുടെ ഭാഗത്തുനിന്ന് വിലയിരുത്തുമ്പോള്‍ അദ്ദേഹം അതിനെ സംബന്ധം എന്നുതന്നെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക; 'എന്നാല്‍ നമ്പൂതിരി കുടുംബത്തിലെ ഏറ്റവും മൂത്ത പുരുഷന് ഇത്തരം 'സംബന്ധം' കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല'. യഥാര്‍ത്ഥത്തില്‍ സംബന്ധം നായര്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആചാരമായിരുന്നു എന്നത് വ്യക്തമാണ്. ധനാഢ്യന്മാരായ നമ്പൂതിരിമാരെ വശീകരിച്ച്, അവരില്‍നിന്നും ജീവസന്ധാരണത്തിനുള്ള വക സ്വായത്തമാക്കുക എന്നതാണ് സംബന്ധത്തിന്റെ ലക്ഷ്യം. ഇക്കാര്യം കാവാലം നാരായണപ്പണിക്കര്‍തന്നെ തുടര്‍ന്ന് വ്യക്തമാക്കുന്നുമുണ്ട്. 'ഈ സമ്പ്രദായം നായര്‍ തറവാടിന്റെ സാമ്പത്തിക ഭദ്രത നിലനിര്‍ത്താന്‍ സഹായകമായി'.

നായര്‍-നമ്പൂതിരിമാര്‍ക്കിടയിലെ ഒരു അപ്രഖ്യാപിത സാമ്പത്തിക ഉടമ്പടിയാണ് ഈ സമ്പ്രദായമെന്ന് ഫ്രാന്‍സിസ് ബുക്കാനന്‍ വിലയിരുത്തുന്നു; 'സാധാരണയായി ഒരു കാമുകനെ വീട്ടില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ അദ്ദേഹം നായികക്ക് കുറച്ച് ആഭരണങ്ങളും അവളുടെ അമ്മക്ക് ഒരു പുടവയും നല്‍കുന്നു. ഈ സമ്മാനങ്ങള്‍ നല്‍കുന്നത് യാതൊരുവിധത്തിലും അവളെ പ്രലോഭിപ്പിക്കുവാനാണ് എന്നു തോന്നുകയോ അവള്‍ക്ക് ധനാഗമനമാര്‍ഗമായിട്ടാണ് അയാളോട് അടുപ്പം കാട്ടുന്നതെന്ന തോന്നല്‍ ഉണ്ടാകുകയോ പാടില്ലാത്തതാകുന്നു. മലയാളക്കരയില്‍ നിലനില്‍ക്കുന്ന ഈ സംഗികസമ്പ്രദായം, മറ്റുഹിന്ദുക്കളുടെ ഇടയില്‍ സാധാരണ കണ്ടുവരാറുള്ള നിര്‍ധനത്വം ഇവര്‍ക്ക് നിശ്ശേഷം ഇല്ലാത്തതുകൊണ്ടാകാനേ തരമുള്ളൂ'.

തന്ത്രപ്രയോഗത്തിലൂടെയാണ് നമ്പൂതിരിമാരുമായുള്ള സംബന്ധം സാധ്യമാവുക. അദ്യം നമ്പൂതിരിമാരെ വശപ്പെടുത്തേണ്ടതുണ്ട്. അതിനായി ചിട്ടപ്പെടുത്തിയ തന്ത്രങ്ങളുടെ ലിഖിതരേഖയാണ് അജ്ഞാതകര്‍തൃകത്തിന്റേതായി അറിയപ്പെടുന്ന 'വൈശികതന്ത്രം' എന്ന കൃതി. വശീകരിക്കുന്നതില്‍ നിപുണയായവള്‍ ആരാണോ അവള്‍ 'വേശ്യ' എന്നറിയപ്പെടുന്നു. 'ഏഴെട്ടുവയസ്സായ ചെറുപെണ്‍കുട്ടികള്‍ മുടി പിന്നിയിടുകയോ, കണ്ണാടിനോക്കിക്കൊണ്ടു നെറ്റിമേലൊരു സിന്ദൂരപ്പൊട്ടുകുത്തുകയോ ചെയ്തശേഷം, അമ്മേ, ഞാനിപ്പോഴൊരു വേശ്യയായില്ലേ? എന്നുചോദിക്കുന്നത് പത്തുനാല്പത്തുകൊല്ലം മുമ്പുകൂടി സാധാരണമായിരുന്നു. ആ ചോദ്യത്തില്‍ അശ്ലീലത്തിന്റെ ചുവയുള്ളതായി കേള്‍ക്കാര്‍ക്കു തോന്നിയിരുന്നില്ലെന്നുമോര്‍ക്കുക. വേശമണി, വേശൂട്ടി തുടങ്ങിയ പേരുകള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നും നിലവിലുണ്ടെന്ന വസ്തുതകൂടി പരിഗണിക്കുമ്പോള്‍, വേശ്യയാകുക എന്നത് തെല്ലൊരഭിമാനമായിപ്പോലും ഇന്നാട്ടുകാര്‍ കരുതിയിരുന്നില്ലേ എന്നു തോന്നിപ്പോകും' (കാമപൂജ - കെ ടി രാമവര്‍മ. ക്ലാസിക് ബുക് ട്രസ്റ്റ്, കോഴിക്കോട്)

നമ്പൂതിരിമാര്‍ മക്കത്തായികളും നായന്മാര്‍ മരുമക്കത്തായികളുമാണ്. നമ്പൂതിരിമാരുടെ സ്വത്തുക്കള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് പിതൃവഴിക്കാണ്. ഒരു നമ്പൂതിരി കുടുംബത്തില്‍ എത്രയേറെ ആണ്‍മക്കളുണ്ടെങ്കിലും അവരില്‍ മൂത്ത പുത്രനുമാത്രമാണ് സ്വജാതിയില്‍ നിന്നും വിവാഹംചെയ്യാന്‍ അവകാശമുള്ളത്. മറ്റ് സഹോദരന്മാര്‍ നമ്പൂതിരി സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെടുന്നു. നമ്പൂതിരകുടുംബങ്ങളിലെ പെണ്‍മക്കളെ മറ്റ് കുടുംബങ്ങളിലെ മൂത്ത പുത്രന്മാര്‍ മാത്രം വന്ന് വിവാഹം ചെയ്യുന്നു. ഒന്നിലേറെ പെണ്‍മക്കളുണ്ടെങ്കില്‍ അവരെയെല്ലാം മൂത്തപുത്രന്മാര്‍ വന്ന് വിവാഹം ചെയ്യുക എന്ന സംഭവം അതിവിരളമായിരിക്കും. ഈ സാഹചര്യമുണ്ടായാല്‍ നമ്പൂതിരി പെണ്‍കുട്ടികള്‍ വീടിനകത്തുതന്നെ കഴിയുന്നു. അങ്ങനെയുള്ളവരെ 'അന്തര്‍ജനങ്ങള്‍' എന്നു വിളിച്ചുവരുന്നു. വിവാഹം നടന്നില്ലെങ്കിലോ, 'അവര്‍ അവിവാഹിതകളായി ജീവിക്കാനും കന്യകകളായി മരിക്കാനും വിധിക്കപ്പെട്ടിരുന്നു' എന്ന് റോബിന്‍ ജെഫ്രി നിരീക്ഷിക്കുന്നു.

മക്കത്തായ-മരുമക്കത്തായ സമ്പ്രദായങ്ങളും സംബന്ധവും ലക്ഷ്യംവെച്ചതെന്താണ്? ഇതിനുള്ള സമാധാനം 'സാമൂഹ്യരേഖ' എന്ന കൃതിയില്‍ രാഹുല്‍ സാംകൃത്യായന്‍ നല്‍കുന്നുണ്ട്. 'നമ്പൂതിരിമാരുടെ സ്വത്തുക്കള്‍ അവരുടെ കുടുംബത്തില്‍ത്തന്നെ കേന്ദ്രീകരിച്ചുനിര്‍ത്തുന്നതിനായാണ് അവര്‍ മൂത്തപുത്രനില്‍ സ്വജാതിവിവാഹവും, ശേഷിച്ച പുത്രന്മാരില്‍ സംബന്ധവും നിഷ്‌കര്‍ഷിച്ചത്'.

നമ്പൂതിരിമാരില്‍നിന്നും വ്യത്യസ്തമായി നായന്മാരുടെ സമ്പ്രദായം മരുമക്കത്തായം എന്നറിയപ്പെടുന്നു. ഇതുപ്രകാരം സ്വത്തുക്കള്‍ തലമുറകളിലേക്ക് കൈമാറിയിരുന്നത് അമ്മവഴിക്കാണ്. 'നായരുടെ സാമൂഹ്യഘടനയും ദായക്രമവും മരുമക്കത്തായത്തില്‍ അധിഷ്ഠിതമായിരുന്നു. ഈ ഘടനയനുസരിച്ച് സ്ത്രീവഴിക്കാണ് സ്വത്തവകാശം നിര്‍ണയിച്ചിരുന്നത്' - കാവാലം നാരായണപ്പണിക്കര്‍.

ഒരു തറവാട്ടിലെ സ്ത്രീജനങ്ങളുടെ കുട്ടികള്‍ മാത്രമാണ് അവിടെ താമസിക്കുക. പുരുഷന്മാരുടെ മക്കള്‍ അവിടെയല്ല താമസിക്കുന്നത്. അപ്പോഴും കാരണവസ്ഥാനം പുരുഷന്മാര്‍ക്കുതന്നെ. ഉദാഹരണത്തിന് ഒരുനായര്‍ വീട്ടില്‍ ഒരു സഹോദരനും സഹോദരിയും മാത്രമേയുള്ളൂ എന്നു കരുതുക. സ്ത്രീക്ക് ഒരു നമ്പൂതിരി സംബന്ധക്കാരനും ഒന്നിലേറെ നായര്‍ ഭര്‍ത്താക്കന്മാരും ആകാം. സഹോദരന്‍ മറ്റേതെങ്കിലും നായര്‍ വീട്ടിലെ ഭര്‍ത്താവായിരിക്കും. അയാളുടെ ഭാര്യക്കും ഒരു നമ്പൂതിരി സംബന്ധക്കാരനുണ്ട്. അയാളുടെ ഭാര്യയിലുണ്ടാകുന്ന മക്കള്‍ക്ക് അവിടത്തെ സ്വത്തിനാണ് അവകാശം. അതുപോലെ തന്റെ വീട്ടിലെ സഹോദരിക്കും അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കാണല്ലോ സ്വത്തവകാശം. നോക്കുക, പുരുഷന്മാരുടെ കുട്ടികള്‍ സ്വന്തം വീട്ടിലല്ല താമസിക്കുന്നത്. എന്നാല്‍ അവിടെ അവരുടെ സഹോദരിയുടെ മക്കള്‍ ഉണ്ട്താനും! തറവാട്ടിലെ അനന്തരാവകാശികള്‍ ആ വീട്ടില്‍ പിറന്നവരാണല്ലോ. അതുകൊണ്ട് സ്വത്തുക്കള്‍ അതിന്റെ അവകാശികള്‍ക്ക് കൈമാറുന്നു. ഇതാണ് മരുമക്കത്തായ സമ്പ്രദായത്തിലെ സ്വത്തുകൈമാറ്റരീതി. 'ഈ വിചിത്രമായ സമ്പ്രദായത്തിന്റെ പരിണിതഫലമായി ഒരു നായര്‍ക്കും അയാളുടെ പിതാവാരെന്ന് വ്യക്തമായി അറിഞ്ഞുകൂടാ. തന്മൂലം എല്ലാവരുംതന്നെ ്‌വരുടെ സഹോദരീപുത്രന്മാരെയാണ് അവകാശികളായി കരുതിപ്പോരുന്നത്. ലോകത്തിന്റെ മറ്റുഭാഗങ്ങലില്‍ പിതാക്കന്മാര്‍ അവരുടെ മക്കളോട് കാണിക്കാറുള്ള വാത്സല്യം ഇവര്‍ ഇവരുടെ സഹോദരീപുത്രന്മാരോട് കാണിക്കുന്നു'- ഫ്രാന്‍സിസ് ബുക്കാനര്‍.

എന്നാല്‍ ഒരു നായര്‍ സ്ത്രീക്ക് സംബന്ധക്കാരനായ നമ്പൂതിരിയിലും നായര്‍ഭര്‍ത്താക്കന്മാരിലും മക്കളുണ്ടായെന്നുവരാം. ആരാരുടെ മക്കളാണെന്ന് നിശ്ചയിക്കാന്‍ കഴിയാത്തതുകൊണ്ടുകൂടിയായിരിക്കണം നമ്പൂതിരിമാര്‍ സംബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്ത് അവകാശപ്പെടാന്‍ പാടില്ലെന്ന് വിധിച്ചത്. ഇക്കാര്യങ്ങളിലൊന്നും നായര്‍സ്ത്രീകളുടെ മക്കള്‍ക്കുതമ്മിലോ ഭര്‍ത്താക്കന്മാര്‍ക്കുതമ്മിലോ യാതൊരു അലോസരവും ഇല്ലെന്നതാണ് വസ്തുത. 'അച്ഛനാരെന്ന് ഇവിടത്തെ ഒരു നായരോട് ചോദിക്കുകയാണെങ്കില്‍ അയാള്‍ക്ക് യാതൊരത്ഭുതവും തോന്നുകയില്ല. എങ്കിലും തന്റെ കുടുംബത്തില്‍ ജനിച്ച കുട്ടികളുടെ പിതൃത്വത്തെക്കുറിച്ച് ഒരു യൂറോപ്യന്‍ ഭര്‍ത്താവിനുള്ള വിശ്വാസ്യത ഇയാള്‍ക്കുമുണ്ട്' - ഫ്രാന്‍സിസ് ബുക്കാനന്‍. (ഉദ്ധരണികള്‍ അന്യത്ര). ഈ അനിശ്ചിതത്വബോധമുള്ളതുകൊണ്ട് നായര്‍സ്ത്രീകളുടെ കുട്ടികള്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍ ആരേയും അച്ഛന്‍ എന്ന് സംബോധനചെയ്യാറില്ല. പകരം അയാളെ 'അമ്മയുടെ നായര്‍' എന്ന് വിളിച്ചുപോന്നു. ഇത് പിന്നീട് മലയാള ഭാഷയിലെ ഒരു ശൈലിയായി മാറി.

19-ആം നൂറ്റാണ്ടിലെ അന്ത്യദശകങ്ങളുടെ നവോത്ഥാനകാലഘട്ടത്തില്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം സഭവിച്ചു. 1891-ല്‍ തിരുവിതാംകൂറിലെ ഗവണ്മെന്റുദ്യോഗങ്ങള്‍ പരദേശിബ്രാഹ്മണരുടെ കുത്തകാവകാശമായി കൊണ്ടുനടത്തുന്നതിനെതിരെ ഭരണാധികാരികള്‍ക്കുമുമ്പാകെ സമര്‍പ്പിക്കപ്പെട്ട 'മലയാളിമെമ്മോറിയല്‍' എന്ന നിവേദനം വിപ്ലവപ്രവര്‍ത്തനങ്ങളില്‍ എടുത്തുപറയേണ്ട ഒരു ചരിത്രസംഭവമാണ്. ക്രിസ്ത്യന്‍ മിഷണറിമാരുടെ സാമൂഹ്യപരിഷ്‌കരണപരിപാടികളുടെ ഫലമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നായര്‍സ്ത്രീകളുടെ വന്‍പിച്ചതോതിലുള്ള പങ്കാളിത്തനം മാറ്റങ്ങളുടെ ഗതിവേഗം വര്‍ധിപ്പിച്ചു. ' ദായക്രമത്തില്‍ വരുത്തുവാന്‍ ശ്രമിച്ച പരിഷ്‌കാരവും ബ്രാഹ്മണ-ക്ഷത്രിയ മേധാവിത്വത്തിനെതിരെയുള്ള വെല്ലുവിളിയായിരുന്നു. നമ്പൂതിരിസംബന്ധവും കെട്ടിലമ്മ സ്ഥാനവുമൊക്കെ ഈ കാലഘട്ടത്തില്‍ നായന്മാര്‍ നിരാകരിക്കാനും തുടങ്ങി' (കവിതയും സാമൂഹിക പരിവര്‍ത്തനവും-ഡോ. കെ കെ ഇന്ദിര.)

മലയാളി മെമ്മോറിയല്‍ അത്രകണ്ട് ഗുണംചെയ്തില്ല. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രൂപീകരണവും തുടര്‍ന്ന് 1924-ല്‍ നിയമസഭയില്‍ അവതരിപ്പിച്ച നായര്‍ബില്ലും കാര്യങ്ങളെ ഫലപ്രാപ്തിയിലെത്തിച്ചു. 'എന്‍ എസ് എസ്-ന്റെ നേതൃത്വത്തില്‍ കുത്തഴിഞ്ഞുകിടന്നിരുന്ന നാലുകെട്ടും കുടുംബജീവിതവും ക്രമപ്പെടുത്തുവാന്‍ ഉത്പതൃഷ്ണുക്കളായ നായര്‍ യുവാക്കള്‍ മുന്നിട്ടിറങ്ങി. എല്ലാവിധത്തിലും നമ്പൂതിരി-ക്ഷത്രിയ വിഭാഗങ്ങളുടെ സുഖഭോഗങ്ങള്‍ക്ക് പതിച്ചെടുത്ത പുറമ്പോക്കു സ്ഥലമായി കഴിഞ്ഞുകൂടുന്നതിനെക്കുറിച്ച് അങ്ങേയറ്റം അപമാനവും ആത്മനിന്ദയും യുവാക്കളുടെ ഉള്ളില്‍ നീറിനിന്നിരുന്നു. നായര്‍ സ്ത്രീക്ക് സംബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അച്ഛന്റെ സ്വത്തില്‍ യാതൊരവകാശവും അതുവരെ ഉണ്ടായിരുന്നില്ല. പിതാവിന്റെ സ്‌നേഹവാത്സ്യവും അവര്‍ക്ക് അന്യമായിരുന്നു. ഈ രീതി അവസാനിപ്പിച്ച് അച്ഛന്റെ സ്വത്തിലെങ്കിലും മക്കള്‍ക്ക് അവകാശം കൈവരുന്ന വിധത്തില്‍ നിയമം ഉണ്ടാക്കാന്‍വേണ്ടി 1924-ല്‍ നായര്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ഭൂരിപക്ഷത്തോടെ ബില്‍ പാസ്സാക്കുകയും ചെയ്തു' (ഡോ. കെ കെ ഇന്ദിര.)

നായര്‍-നമ്പൂതിരി സംബന്ധം ഒട്ടാകെത്തന്നെ ഒരു ആണ്‍നിര്‍മ്മിതിയായിരുന്നു. അതിനുനേര്‍ക്കുള്ള സ്ത്രീകളുടെ വിക്ഷോഭം അണപൊട്ടുന്നത് അക്കാലത്തെ സ്ത്രീരചനകളില്‍ പ്രതിഫലിക്കുന്നുണ്ട്. 1915-16 ഡിസംബര്‍-ജനുവരി ലക്കം 'മഹിളാരത്‌നം' പ്രസിദ്ധീകരണത്തില്‍ മിസ്സിസ് കെ കണ്ണന്‍ മേനോന്‍ എഴുതി; ' നമ്മുടെ ഇടയില്‍ സാധാരണയായി സംബന്ധം ചെയ്യുന്നതും ചെയ്യിക്കുന്നതും സ്ത്രീയുടെ അനുവാദത്തോടും താത്പര്യത്തോടുംകൂടി ആയിരിക്കയില്ല. അച്ഛനോ, കാര്‍ണ്ണവനോ, വല്ല ഒരുത്തനേയും തരത്തില്‍ കണ്ടുകിട്ടിയാല്‍ ഉടനെ സംബന്ധം നടത്തിക്കഴിയും. തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ ദുസ്വഭാവിയോ, സല്‍സ്വഭാവിയോ, സുഭഗനോ, ദുര്‍ഭഗനോ എന്നൊന്നും ചിലപ്പോള്‍ അറിയുന്നേ ഇല്ല. സംബന്ധ മുഹൂര്‍ത്തത്തില്‍ നിശ്ചിത സ്ഥലത്ത് ഹാജരായിരിക്കും, പിന്നെ ആ ഭര്‍ത്താവ് ഹേതുവായിട്ടുണ്ടാകുന്ന കഷ്ടതകള്‍ക്കും ആശാ ഭംഗത്തിനും പാത്രമായിരിക്കയും ആണ് സ്ത്രീയുടെ ചുമതല. (കല്‍പ്പനയുടെ മാറ്റൊലി. എഡിറ്റര്‍; ജെ ദേവിക. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം) 

സംബന്ധമെന്ന ഹീനവ്യവസ്ഥയുടെ ഇരകള്‍ നായര്‍ സ്ത്രീകളായിരുന്നല്ലോ. അതുകൊണ്ട് നേട്ടമുണ്ടാക്കിയത് ഇരുവിഭാഗത്തിലേയും പുരുഷന്മാരാണ് - നമ്പൂതിരിമാര്‍ സ്വത്തുക്കള്‍ വിഭജിച്ചുപോകാതിരിക്കാനും നായന്മാര്‍ സാമ്പത്തിക ഭദ്രതക്കും. സാമ്പത്തിക അഭിവൃദ്ധിക്കായി മറ്റൊരു മാര്‍ഗവും അവരുടെ മുമ്പിലുണ്ടായിരുന്നില്ലെന്നു വിചാരിക്കേണമോ? അവര്‍ നടപ്പാക്കിയിരുന്ന ഇത്തരം ഹീനതകള്‍ക്കെതിരായ സമരാഹ്വാനം അതിന്റെ ഇരകളായ സ്ത്രീകളുടെ ഭാഗത്തുനിന്നും പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണല്ലോ. ആ കാലഘട്ടത്തിലെ സവര്‍ണപുരുഷാധികാരവ്യവസ്ഥ എത്രമാത്രം ജൂഗുപ്‌സാവഹമായിരുന്നുവെന്ന് സഞ്ചാരികളുടേയും ചരിത്രകാരന്മാരുടേയും രേഖപ്പെടുത്തലുകളില്‍ നിന്നും മനസ്സിലാക്കാം. 

ഫ്രാന്‍സിസ് ബുക്കാനന്‍
(1762 - 1829)

നായര്‍ പെണ്‍കുട്ടികള്‍ പുഷ്പിണിയാകുന്നതിന് മുമ്പുതന്നെ, ഏകദേശം 10 വയസ്സ് പ്രായമാകുന്നതിന് മുമ്പുതന്നെ, വിവാഹം കഴിപ്പിക്കുന്നു. എന്നാല്‍ ഇങ്ങനെ വിവാഹിതരാകുന്ന കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍ ഒരിക്കലും സംസര്‍ഗം പുലര്‍ത്താറില്ല. ഇത്തരം സാഹചര്യങ്ങള്‍ വളരെ മോശമായാണ് കരുതേണ്ടത്. ഭര്‍ത്താവ് അവള്‍ക്ക് ഉടുപുടവയും, എണ്ണ, ആഭരണങ്ങള്‍, ഭക്ഷണം മുതലായവയും നല്‍കിപ്പോരുമെങ്കിലും ഭാര്യ അമ്മയുടെ കൂടെ അവരുടെ വീട്ടിലാണ് താമസിക്കുന്നത്. മാതാപിതാക്കന്മാരുടെ മരണശേഷം ഈ പെണ്‍കുട്ടികള്‍ അവരുടെ സഹോദരഗൃഹത്തില്‍ പാര്‍ക്കുന്നു. ഇവര്‍ക്ക് അവരുടെ ജാതിയേക്കാള്‍ ഉയര്‍ന്ന ജാതിയിലോ സമജാതിയിലോ പെട്ട ഏതൊരാളുമായും ഏതൊരവസരത്തിലും, ലൈംഗികബന്ധത്തിലേര്‍പ്പെടാവുന്നതാണ്. എന്നാല്‍ താഴ്ന്നജാതിക്കാരുമായുള്ള സംസര്‍ഗം വെളിപ്പെട്ടാല്‍ അവര്‍ക്ക് ജാതിഭ്രഷ്ട് കല്പിക്കുന്നു. ധാരാളം കമിതാക്കളുമായി സംസര്‍ഗംപുലര്‍ത്തുന്നത് നായര്‍ സ്ത്രീകളുടെ സ്വഭാവത്തിന് ന്യൂനതയായി കണക്കാക്കിയിരുന്നില്ല. പ്രത്യുത അവരുടെ ഇഷ്ടകാമുകന്മാരില്‍ ധാരാളം നമ്പൂതിരിമാരും രാജാക്കന്മാരും മറ്റ് ഉയര്‍ന്നജാതിക്കാരും ഉണ്ടന്നുവരികില്‍ വളരെ അഭിമാനകരമായി കരുതുകയും ചെയ്തുവരുന്നു. ഏതായാലും ഈ ഏര്‍പ്പാട് ജനസംഖ്യാവര്‍ധനവിനെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന കാര്യത്തില്‍ സംശയിക്കുന്നില്ല. (ഫ്രാന്‍സിസ് ബുക്കാനന്റെ കേരളം. പരിഭാഷ ഡോ. സി കെ കരീം. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

ലുഡോവിക്കോ ഡി വാര്‍തേമ
(1470-1517)

ഈ ബ്രാഹ്മണര്‍ ആരാണന്നറിയുന്നത് ഉചിതവും സന്തോഷകരവുമാണ്. നമ്മുടെ പുരോഹിതന്മാരെപ്പോലെ അവര്‍ മതമേധാവികളാണ്. ഒരു രാജാവ് വിവാഹം കഴിക്കുമ്പോള്‍ ബ്രാഹ്മണര്‍ക്കിടയിലെ ഏറ്റവും അഭികാമ്യനും ആദരണീയനുമായ ബ്രാഹ്മണനെ തന്റെ രാജ്ഞിയുടെ ആദ്യരാത്രിയില്‍ കന്യകാത്വം അവസാനിപ്പിക്കാന്‍ അന്തപ്പുരത്തിലേക്ക് ക്ഷണിക്കുന്നു. ഇതിന് ബ്രാഹ്മണര്‍ സ്വമേധയാലല്ല തയാറാകുന്നത്. അയാള്‍ക്ക് 400 മുതല്‍ 500 ഡക്കറ്റുവരെ പ്രതിഫലം നല്‍കാന്‍ രാജാവിന് ബാധ്യതയുണ്ട്. കോഴിക്കോട്ട് ഈ ആചാരം രാജാക്കന്മാര്‍ക്കിടയിലേയുള്ളൂ. (വോയേജ് വാര്‍തേമ. വാല്യം 1. പേജ് 41) 

ന്യൂഹാഫ്

നായര്‍ക്കു ഒരു സമയം ഒരു ഭാര്യമാത്രമേ പാടുള്ളൂ. ഇക്കാര്യത്തില്‍ നായര്‍ സ്ത്രീകള്‍ അല്പം മുന്നോക്കമാണ്; അവര്‍ക്ക് ഒരേ സമയം മൂന്നു ഭര്‍ത്താക്കന്മാര്‍ വരെയാകാം; ഒരു നിയന്ത്രണമേയുള്ളൂ, ബ്രാഹ്മണഭാര്യയായ നായര്‍സ്ത്രീക്ക് ബഹുഭര്‍തൃത്വം പാടില്ല. മൂന്നു ഭര്‍ത്താക്കന്മാരില്‍ ഓരോരുത്തരും ഭാര്യക്കും കുട്ടികള്‍ക്കും ചെലവിന് വിഹിതം നല്‍കുന്നു. അവര്‍ തമ്മില്‍ യാതൊരു ഈര്‍ഷ്യയുമില്ല. ഭാര്യയുമായി രമിക്കുന്ന ഭര്‍ത്താവ് ആയുധം വാതിക്കല്‍ വെച്ചിരിക്കും. മറ്റൊരു ഭര്‍ത്താവ് വരുമ്പോള്‍ കാണുവാനാണ് അങ്ങനെ ചെയ്യുന്നത്. ദരിദ്രരായ 
നായന്മാര്‍ക്ക് ഈ ഏര്‍പ്പാട് സൗകര്യപ്രദമാണ്. (ന്യൂഹാഫ് കണ്ട കേരളം. പരിഭാഷ: കെ ശിവശങ്കരന്‍ നായര്‍. കേരള ഗസറ്റിയേഴ്‌സ് വകുപ്പ് പ്രസിദ്ധീകരണം.)

സമുവല്‍ മറ്റീര്‍ 
(1835-1893)

ശൂദ്രസ്ത്രീകള്‍ മേല്‍മുണ്ടുകൊണ്ടാണ് മാറുമറയ്ക്കുന്നത്. എന്നാല്‍ മേല്‍ജാതിക്കാരോ രാജകുടുംബാംഗങ്ങളോ മറ്റു വിശിഷ്ടവ്യക്തികളോ അടുത്തുവരുമ്പോള്‍ അവര്‍ ബഹുമാനപുരസ്സരം മേല്‍മുണ്ടു മാറ്റി മാറിടം നഗ്നമാക്കണം. 
1865 ല്‍ മഹാരാജാവു പുറപ്പെടുവിച്ച ഒരു വിളംബരത്തില്‍ ഇപ്രകാരം പറയുന്നുണ്ട്;

'കൊട്ടാരത്തിലോ അമ്പലങ്ങളിലോ പണിയെടുക്കുന്ന ശൂദ്രസ്ത്രീകള്‍ ഉയര്‍ന്ന ജാതിക്കാരെയും ഉദ്യോഗസ്ഥന്മാരെയും കാണുമ്പോള്‍ മേല്‍മുണ്ടുമാറ്റുന്ന ആചാരം കഴിഞ്ഞ കുറേ കാലങ്ങളായി നിലനില്ക്കുന്നുണ്ട്. 

ഈ ആചാരം അനാവശ്യമാണെന്നും ഇനിമേല്‍ അങ്ങിനെ പാടില്ലെന്നും അറിയിക്കുന്നു. ഈ നാട്ടിലെ ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ച് വസ്ത്രം ധരിച്ച് നടക്കാന്‍ അവകാശമുണ്ട്. ആയതിനാല്‍ ഈ ഉത്തരവിന്‍പ്രകാരം അമ്പലങ്ങളിലും കൊട്ടാരത്തിലും മറ്റു സ്ഥലങ്ങളിലും പണിയെടുക്കുന്ന സ്ത്രീകള്‍ ശരീരത്തിന്റെ മുകള്‍ഭാഗം മറച്ചുകൊള്ളണമെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്മാര്‍ നിയമപരമായ നടപടി കൈക്കൊള്ളണമെന്നും 
ഇതിനാല്‍ അറിയിക്കുന്നു.' (ധര്‍മ്മഭൂമിവിവര്‍ത്തനം: പ്രേംജിത്ത് കായംകുളം)

ലക്ഷ്മി നരസു
(1861-1931)

സ്വര്‍ഗപ്രാപ്തിക്കുവേണ്ടി രാജാവ് പുരോഹിതന്റെ നാശോന്മുഖമായ 
അഞ്ചുശക്തികളേയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. തൃപ്തിപ്പെടുത്താ
നുള്ള മാര്‍ഗങ്ങള്‍;

1. ബ്രാഹ്മണനോട് വിധേയത്വമുള്ള സംസാരം, 
2.അവന്റെ പാദംകഴുകള്‍, 
3. അവനെ അലങ്കരിക്കല്‍, 
4.അവന്റെ ഉദരപൂരണം നടത്തല്‍, 
5.ആളിക്കത്തുന്ന അവന്റെ തൃഷ്ണയെ ശമിപ്പിക്കാനായി ഭാര്യാസമൂ
ഹത്തിലേക്ക് സ്വാഗതം ചെയ്യല്‍ എന്നിവയാണ്.

ഈ ആചാരങ്ങളെല്ലാം തന്നെ തിരുവിതാംകൂറിലെ രാജകുടുംബത്തില്‍ 
ഇന്നും കാണാവുന്നതാണ്. അവിടെ രാജാക്കന്മാര്‍ക്ക് നായര്‍ മാതാക്കളും 
നമ്പൂതിരി പിതാക്കന്മാരുമാണുള്ളത്. (എന്താണ് ജാതി; ഒരു പഠനം 
പരിഭാഷ: എം എന്‍ സത്യദാസ്.)

രാഹുല്‍ സാംകൃത്യായന്‍
(1893-1963)

കേരളത്തില്‍ നാളിതുവരെ നിലനിര്‍ത്തിപ്പോരുന്നത് രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ മണ്ഡലങ്ങളില്‍ ബ്രാഹ്മണമേധാവിത്വത്തിനുള്ള സ്വാര്‍ത്ഥപൂര്‍ണമായ തനി ഏകാധിപത്യമാണ്. 

ഒരു നമ്പൂതിരിയുവാവിന് നായര്‍ സമുദായത്തില്‍ യൗനബന്ധം-ഭാര്യാബന്ധം-ആവാം; ഒരു വിചിത്രമായ കരാറില്‍. എന്നുവെച്ചാല്‍ താന്‍ നമ്പൂതിരിയുവാവിന്റെ ഭാര്യയാണെന്ന് നായര്‍ യുവതി സമ്മതിക്കണം. എന്നാല്‍ നമ്പൂതിരിയുവാവ് അങ്ങനെ സമ്മതിക്കാന്‍ ബാധ്യസ്ഥനല്ല. അയാള്‍ക്ക് സ്വന്തം 'ഭാര്യ' തൊട്ട ആഹാരവും വെള്ളവും പോലും നിഷേധിക്കപ്പെടുന്നു. ഭാര്യാപുത്രാദിയുടെ 
ഭരണപോഷണത്തിന് അയാള്‍ക്ക് ചുമതലയില്ല. കാരണം, നായര്‍ സമുദായത്തിന്റെ പിന്തുടര്‍ച്ചാവകാശം പണ്ടുകാലം മുതല്‍ക്കേ സ്ത്രീകള്‍ക്കാണുണ്ടായിരുന്നത്. 

സാമുദായികവ്യവസ്ഥകളെ മൊത്തംവെച്ചുനോക്കിയാല്‍ കേരളത്തിലെ മരുമക്കത്തായസമ്പ്രദായം ഒരു വര്‍ഗത്തിന്റെ സാമ്പത്തികസാര്‍ഥം നിലനിര്‍ത്താനുള്ള ഒരു താങ്ങായിരുന്നു എന്ന് മനസ്സിലാക്കാം. അതില്‍ സ്ത്രീകളുടെ അധികാരത്തെപ്പറ്റി തെല്ലും ശ്രദ്ധിച്ചിട്ടില്ലെന്നത് പ്രത്യക്ഷവുമാണ്. (സാമൂഹ്യരേഖ പരിഭാഷ: കെ വി മണലിക്കര.)

ആര്‍ കൃഷ്ണന്‍കുട്ടി നായര്‍

നായര്‍ സ്ത്രീകള്‍ നമ്പൂതിരി ബ്രാഹ്മണരുടെ വെപ്പാട്ടികളായി ജീവിക്കുന്നതു സാധാരണമാണ്. സംബന്ധമെന്നാണിതിന് പേര്. ഇന്നും പല യാഥാസ്ഥിതിക കുടുംബങ്ങളിലും ഇതു തുടര്‍ന്നുവരുന്നുണ്ട്. നമ്പൂതിരി സ്വന്തം വീട്ടിലേക്കവരെ കടത്തുകയില്ല. രാത്രിയില്‍ സ്ത്രീയുടെ വീട്ടിലേക്ക് ശയനത്തിനുപോകും.

ബംഗാളില്‍ പുരോഹിതന്മാര്‍ ഉണ്ടാക്കിയിട്ടുള്ള വിവാഹച്ചടങ്ങുകള്‍ വിചിത്രങ്ങളും വൃത്തികെട്ടവയുമാണ്. ഒരാള്‍ക്ക് 80ഉം 100ഉം വിവാഹങ്ങള്‍ ചെയ്യാം. ഭര്‍ത്താവ് ഊഴമിട്ട് ഓരോ ഭാര്യയുടേയും വീട്ടില്‍പോയി മൂന്നോ നാലോ ദിവസം താമസിക്കും. ചിലപ്പോള്‍ എല്ലാ ഭാര്യമാരുടെ അടുത്തും പോകാന്‍ അയാള്‍ക്ക് സാധിക്കാതെവരും. അപ്പോള്‍ പകരം ഒരു ചങ്ങാതിയെ ഡെപ്യൂട്ട് ചെയ്യും. കിട്ടുന്ന ഫീസില്‍ പകുതി അയാളില്‍നിന്നു വാങ്ങും.

ഈ ജാതി സംസ്‌കാരമാണ്, ഇന്ത്യയുടെ ബ്രാഹ്മണ സംസ്‌കാരമാണ്, ഇന്ത്യയുടെ ആര്‍ഷസംസ്‌കാരം. ആ ദുഷിച്ചുനാറിയ സ്ഥിതിവിശേഷത്തിലേക്ക് തിരിച്ചുപോകണമെന്നാണ് ഇന്ത്യയുടെ പല ഉന്നതനേതാക്കളും ഇപ്പോഴും ഉദ്‌ബോധിപ്പിക്കുന്നത്. (യുക്തിരശ്മി - 1982)

ശൈഖ് സൈനുദ്ദീന്‍ 
(എ.ഡി.1517)

നായന്മാരുടെ ഇടയില്‍ ശരിയായ വിവാഹക്രമമില്ല. വിവാഹവേളയില്‍ ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ ഒരു താലികെട്ടുന്നുവെന്നുള്ളത് വാസ്തവംതന്നെ. എന്നാല്‍ അയാള്‍ക്കു സ്ത്രീയുടെമേല്‍ യാതൊരു അധികാരവുമില്ല. നായര്‍ സ്ത്രീകള്‍ക്ക് ഇഷ്ടാനുസരണം ഭര്‍ത്താക്കന്മാരെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

ബ്രാഹ്മണസമുദായത്തില്‍ സഹോദരന്മാരില്‍ മൂത്ത ആള്‍ക്കുമാത്രമേ ആചാരവിധിയനുസരിച്ചുള്ള വേളി കഴിക്കുവാന്‍ പാടുള്ളൂ. മൂത്ത സഹോദരന് സന്താനങ്ങള്‍ ജനിക്കുകയില്ലെന്ന് ഉറപ്പുവരുന്നതുവരെ അഫന്മാര്‍ക്കാര്‍ക്കും വേളികഴിക്കാന്‍ പാടില്ല. 

മൂത്ത സഹോദരനൊഴികെ മറ്റുള്ളവരെല്ലാം നായര്‍ഭവനങ്ങളില്‍ ചെന്നു നായര്‍സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുകയാണ് പതിവ്. നമ്പൂതിരിയുമായി ഉറക്കറബന്ധം പുലര്‍ത്തുന്നത് അഭിമാനവും അന്തസ്സുമായിട്ടാണ് നായര്‍സ്ത്രീകള്‍ കരുതുന്നത്. ഈ നമ്പൂതിരിമാര്‍ക്ക് നായര്‍സ്ത്രീകളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തിന് ഒരിക്കലും അവകാശമില്ല. (കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍. വേലായുധന്‍ പണിക്കശ്ശേരി)

നിക്കോള്‍ കോണ്ടി
(1395-1469)

നായര്‍ സ്ത്രീകള്‍ ബഹുഭര്‍തൃത്വത്തില്‍ യാതൊരു അസാധാരണത്വവും കാണുന്നില്ല. ഓരോ ഭര്‍ത്താവും സ്ത്രീയുടെ ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടുന്നത് കൊടുക്കും. ഊഴമിട്ട് ഭാര്യയുടെ ഗൃഹത്തില്‍ പോകുന്ന ഭര്‍ത്താക്കന്മാര്‍ തമ്മില്‍ യാതൊരു സ്പര്‍ദ്ധയും ഉണ്ടാകാറില്ല. 

ഒരാള്‍ അകത്തുള്ളപ്പോള്‍ മറ്റൊരാള്‍ ചെല്ലാതിരിക്കാനായി എന്തെങ്കിലും അടയാളം വാതില്‍ക്കല്‍ വെച്ചിരിക്കും. അതുകണ്ടാല്‍ രണ്ടാമതു വന്ന ആള്‍ മടങ്ങിപ്പോകും. കുട്ടികളുണ്ടായാല്‍ ഇന്നവരുടേതാണെന്ന് ഭാര്യ തീര്‍ച്ചപ്പെടുത്തും. (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)

അബ്ദുള്‍ റസ്സാഖ്
(1413-1482)

ഒരു നായര്‍ സ്ത്രീക്ക് രണ്ടോ നാലോ അതിലധികമോ ഭര്‍ത്താക്കന്മാരുണ്ടാകും. ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാരുണ്ടോ അത്രയും ഭാഗമായി ഓരോ രാത്രിയും വിഭജിക്കും. ഓരോ ഭര്‍ത്താവിനും വരാനുള്ള സമയം ഇന്നതാണെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അവരെ അറിയിക്കും. ഇങ്ങനെ ഊഴപ്രകാരം നിശ്ചിതസമയത്ത് ഓരോ ഭര്‍ത്താവും എത്തുന്നു. 

ഈ സ്ത്രീകള്‍ നിശ്ചിതസമയം ഒരു പുരുഷനുമായി രമിക്കും. അതുകഴിഞ്ഞാല്‍ അടുത്തയാള്‍ വരികയായി. ഇങ്ങനെ പുരുഷന്മാര്‍ ഊഴമിട്ടുവരികയും ആര്‍ക്കും അവളുടെനേരെ അസുഖമുണ്ടാകാതിരിക്കുകയും ചെയ്യുന്നു. സാമൂതിരി ഈ ജാതിയില്‍പ്പെട്ട വ്യക്തിയാണ്. (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)

ഡുവാര്‍തേ ബാര്‍ബോസ
(1480-1521)

നായര്‍ സ്ത്രീകള്‍ക്ക് 12-14 വയസ്സു പ്രായമാകുമ്പോള്‍ താലികെട്ട് എന്ന ഒരു ക്രിയയുണ്ട്. ഈ ചടങ്ങുകഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണജാതിയല്ലാത്ത ഏതുപുരുഷനോടുകൂടിയും രമിക്കുന്നതിന് വിരോധമില്ല. എന്നാല്‍ താലികെട്ട് എന്ന ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാതിരുന്നാല്‍ കുട്ടിയുടെ അമ്മക്ക് കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇത് ഒരുവിധം നിവര്‍ത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ശ്രമം കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്നതിലാണ്.

എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചുകൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങുവാനും അവളുടേയും മറ്റും ചെലവുനടത്തുവാനും ഏര്‍പ്പാട് ചെയ്യുന്നു. അങ്ങനെ എത്രകണ്ട് അധികം പുരുഷന്മാര്‍ ഒരു സ്ത്രീക്ക് സംബന്ധമായുണ്ടോ അത്രകണ്ട് അധികം മാന്യത കല്പിക്കുന്നു.

ഒരുദിവസം ഉച്ചനേരം മുതല്‍ പിറ്റേദിവസം ഉച്ചവരെ ഒരു പുരുഷനുമായി രമിക്കും. അതുകഴിഞ്ഞാല്‍ വേറെ പുരുഷന്‍ വരികയായി. ഇങ്ങനെ പുരുഷന്മാര്‍ ഊഴമിട്ട് വരികയും ആര്‍ക്കും അവളുടെനേരെ സുഖക്കേട് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. സ്ത്രീയെ വിട്ടുപോകാന്‍ മനസ്സുള്ളവന് അങ്ങനെ ചെയ്യാന്‍ വിരോധമില്ല. സ്ത്രീക്ക് പുരുഷനെ ഉപേക്ഷിക്കുവാനും സ്വാതന്ത്ര്യമുണ്ട്. കുട്ടികളെ രക്ഷിക്കുന്നത് അമ്മയും അമ്മയുടെ സഹോദരന്മാരുമാണ്. കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തിന് അവകാശമില്ല. (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)

ഹീറോയിനമോ ഡി സാന്താ സ്‌റ്റെഫാനോ
(1496-ല്‍ കോഴിക്കോട് സന്ദര്‍ശിച്ചു)

ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നകാര്യത്തില്‍ ഇവിടത്തെ നായര്‍ സ്ത്രീകള്‍ സര്‍വതന്ത്രസ്വതന്ത്രകളാണ്. അവരുടെ ഭര്‍തൃസമൂഹത്തില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ യാതൊരു വഴക്കും ഉണ്ടാകാറില്ല. പെണ്‍കുട്ടികള്‍ക്ക് 10-12 വയസ്സാകുന്ന മുറക്ക് കന്യാചര്‍മം ഛേദിക്കാനുള്ള ഒരു 
ചടങ്ങ് നടത്താറുണ്ട്. ബന്ധുക്കളുടേയും ചാര്‍ച്ചക്കാരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന ഒരു 'വിവാഹമാണിത്'. 

ഈ അവസരത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ സ്വര്‍ണത്താലികെട്ടുന്ന പുരുഷന്‍ ഏതാനും ദിവസം ആ പെണ്‍കുട്ടിയുമായി ഒന്നിച്ച് താമസിക്കുന്നു. ഇതിനകം പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടപ്പെട്ടിരിക്കും. എന്നാല്‍ അയാളെ ഭര്‍ത്താവായി അംഗീകരിക്കുന്നില്ല. പെണ്‍കുട്ടിയുടെ അമ്മ കൊടുക്കുന്ന പാരിതോഷികം വാങ്ങിച്ച് അയാള്‍ തിരിച്ചുപോകും. ഈ ചടങ്ങുകഴിഞ്ഞാല്‍ ആ പെണ്‍കുട്ടിക്ക് തന്നേക്കാള്‍ താഴെയല്ലാത്ത ഏതുപുരുഷനുമായും രമിക്കുന്നതിന് വിരോധമില്ല. പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ 'സംബന്ധ'ക്കാരുടെ എണ്ണവും വര്‍ധിക്കും. (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)

ജോണ്‍ ഹ്യൂഗന്‍ വാന്‍ ലിന്‍ഷോട്ടന്‍
(1563-1611)

നായര്‍പുരുഷന്മാര്‍ കൈനഖം നീട്ടിവളര്‍ത്തുന്നു. കൈനഖം നീക്കംചെയ്താല്‍ കൈത്തൊഴിലുകള്‍ എടുക്കേണ്ടിവരും. കൈത്തൊഴിലുകള്‍ ചെയ്യാതിരിക്കുന്നതിലാണ് മാന്യതയെന്നും അവര്‍ വിശ്വസിക്കുന്നു. നായന്മാരുടെ പ്രധാനതൊഴില്‍ ആയുധാഭ്യാസവും യുദ്ധവുമാണ്.

ഇവര്‍ക്ക് വിവാഹമെന്ന ക്രിയ ഇല്ല. സ്ത്രീപുരുഷന്മാരുടെ സംസര്‍ഗത്തിലുള്ള സ്വാതന്ത്ര്യത്തിന് അളവില്ല. പുരുഷന്മാര്‍ക്ക് ഇഷ്ടംപോലെ എവിടെയും കയറി എന്തും ചെയ്യാം. വാതില്‍ക്കല്‍ ആയുധം വെച്ചിരിക്കുന്നതു കണ്ടാല്‍ ഭര്‍ത്താവുകൂടി മടങ്ങിപ്പോകണം. ഇവരെപ്പോലെ കാമാതുരന്മാരായിട്ടും പാതിവ്രത്യമില്ലാത്തവരായിട്ടും പൂര്‍വദേശങ്ങളില്‍ ഒരു പ്രദേശത്തുകാരുമില്ല. ഏഴും എട്ടും വയസ്സായ കുട്ടികള്‍കൂടി കന്യകമാരായിരിക്കുകയില്ല. (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)

അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍
(1688-1733)

നായര്‍ സ്ത്രീകള്‍ക്ക് 12-ല്‍ അധികരിക്കാത്ത ഭര്‍ത്താക്കന്മാരെ ഒരേസമയത്ത് സ്വീകരിക്കാം. ഭര്‍ത്താക്കന്മാര്‍ക്ക് അതില്‍ പരിഭവമോ അന്യോന്യം വിദ്വേഷമോ ഇല്ല. ഊഴമനുസരിച്ചാണ് ഓരോരുത്തരും ഭാര്യയുമായി അന്തിയുറങ്ങാന്‍ വരുന്നത്. മുന്‍ഗണനാക്രമമനുസരിച്ച് ഓരോരുത്തരും സഹവസിക്കേണ്ട ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കും. ഒരാള്‍ എത്രനാള്‍ പൊതുഭാര്യയുമായി താമസിക്കുന്നുവോ അത്രയും കാലത്തേക്കുള്ള ഭാര്യയുടെ സംരക്ഷണച്ചെലവ് അയാള്‍ വഹിക്കും. 

അങ്ങനെ മാറിമാറിവരുന്ന ഭര്‍ത്താക്കന്മാരില്‍നിന്ന് ഭാര്യക്ക് സര്‍വവിധ സുഖസൗകര്യങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നു. ഭാര്യയെ പ്രാപിക്കാന്‍ വീട്ടില്‍ കയറുന്ന പുരുഷന്‍ അയാളുടെ വാള്‍ തലക്കല്‍ വെച്ചിരിക്കും. അത് എടുത്തുനീക്കാനോ അകത്തുകടക്കാനോ ആരും തുനിയാറില്ല. ആരെങ്കിലും മറിച്ചുചെയ്താല്‍ അതിനുള്ള കൂലി മരണമായിരിക്കും.

ഗര്‍ഭവതിയായാല്‍ ആരാണ് കുഞ്ഞിന്റെ അച്ഛനെന്ന് ഭാര്യ നിശ്ചയിക്കും. അച്ഛനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തി കുട്ടിയെ രക്ഷിക്കും; വിദ്യാഭ്യാസം നല്‍കും. എന്നാല്‍ അച്ഛന്റെ സ്വത്തിന് അവകാശമുണ്ടായിരിക്കുകയില്ല. അയാളുടെ സഹോദരിമാര്‍ക്കും സഹോദരിമാരുടെ മക്കള്‍ക്കുമാണ് ആ സ്വത്തിന്മേലുള്ള അവകാശം.

ഫോര്‍ബസ് ജെയിംസ്
(1749-1819)

സാമൂഹ്യപ്രാമാണ്യത്തില്‍ നമ്പൂതിരിവര്‍ഗത്തില്‍പ്പെട്ടവരില്‍ തൊട്ടുതാഴെയാണ് നായന്മാര്‍. മരുമക്കത്തായികളായ ഇവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹബന്ധത്തിലേര്‍പ്പെടുന്നു. സ്വജാതിയില്‍നിന്നേ പുരുഷന്മാര്‍ക്ക് വിവാഹബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളൂ. എന്നാല്‍ സ്ത്രീകള്‍ക്ക് തങ്ങളേക്കാള്‍ താഴെയല്ലാത്തവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ വിരോധമില്ല. 

തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതിവിഭജനം. ഓരോ ജാതിക്കും ഓരോ ജോലിയുണ്ട്. എന്നാല്‍ നായന്മാര്‍ പൊതുവെ മടിയന്മാരാണ്. വരാന്തകളിലിരുന്നോ വൃക്ഷച്ചുവട്ടിലിരുന്നോ വെറ്റിലമുറുക്കി നേരംപോക്കുപറഞ്ഞിരിക്കുന്നതിലാണ് ഇവര്‍ ആനനദം കണ്ടെത്തുന്നത്. വൃക്ഷശിഖരങ്ങളില്‍ ഊഞ്ഞാല്‍കെട്ടി ആടുന്നതും ഇവര്‍ക്ക് വിനോദമാണ്. യുദ്ധത്തിന് പോവുകയാണ് പ്രധാന തൊഴില്‍. തെങ്ങിന്‍ കുലകളില്‍നിന്ന് ഊറ്റിയെടുക്കുന്ന കള്ളാണ് ഇവര്‍ കുടിക്കുന്ന മദ്യം. മതാചാരപ്രകാരം മദ്യംകുടിക്കുന്നത് തെറ്റാണെങ്കിലും നമ്പൂതിരിമാര്‍ ഒഴികെയുള്ളവരെല്ലാം കള്ളുകുടിക്കാറുണ്ട്. സ്ത്രീകള്‍ മദ്യപിക്കാറില്ല.

ഭൂമിയില്‍ ജോലിചെയ്യുന്നവരേയും കൈത്തൊഴില്‍ ചെയ്യുന്നവരേയും 
താഴ്ന്ന ജാതിക്കാരായാണ് കണക്കാക്കുന്നത്. ഇവരുടെ സ്ഥിതി വളരെ 
മോശമാണ്. (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)

ചാള്‍സ് അലക്‌സാണ്ടര്‍ ഇന്നസ്
(1864-1959)

മരുമക്കത്തായത്തിലും മക്കത്തായത്തിലും കണ്ടുവരുന്ന മറ്റൊരു സമ്പ്രദായമാണ് 'താലികെട്ടുകല്യാണം'. മലയാളികളുടെ വിവാഹസമ്പ്രദായത്തില്‍ ഏറ്റവും പ്രത്യേകതയുള്ളതും വ്യതിരിക്തവും അനുപമവുമായ ഒന്നാണിത്. പ്രായപൂര്‍ത്തിയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ സ്വജാതിക്കാരനോ ഉയര്‍ന്നജാതിക്കാരനോ ആയ പുരുഷന്‍ താലി അണിയിക്കുന്നു. അതിനുശേഷമേ സംബന്ധം പാടുള്ളൂ. താലികെട്ടിയ മണവാളന്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ അര്‍ഹത നേടുന്നു. താലികെട്ടുന്നത് മിക്കവാറും ബ്രാഹ്മണരാണ്. മധ്യകാലഘട്ടത്തില്‍ ക്ഷത്രിയര്‍ക്കും കീഴ്ജാതിക്കാരായ പെണ്‍കുട്ടികളെ താലികെട്ടുകല്യാണത്തിലൂടെ ലൈംഗികവേഴ്ചക്ക് ലഭ്യമായിരുന്നു. (മലബാര്‍ ഗസറ്റിയര്‍. വാല്യം 1. പേജ് 101)

കെ ടി രാമവര്‍മ

'ഏറ്റവുമസാധാരണവും, ഇതരദേശക്കാര്‍ക്ക് ഉദ്വേഗജനകമായി അനുഭവപ്പെട്ടേക്കാവുന്നതുമായ ഒരു തരം സ്ത്രീപുരുഷബന്ധമാണ് മണിപ്രവാള കാലഘട്ടത്തില്‍, അതായത് ക്രി പി 19-ആം നൂറ്റാണ്ടിന്റെ ആരംഭംവരെയുള്ള കാലത്ത് നിലവിലിരുന്നതെന്ന് മുകളിലുദ്ധരിച്ച സഞ്ചാരികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. അന്യദേശങ്ങളില്‍ നിലവിലിരുന്ന മാനദണ്ഡംവെച്ചു നോക്കിയാല്‍ ഇന്നാട്ടിലെ സവര്‍ണഹിന്ദുസ്ത്രീകളില്‍ ഭൂരിഭാഗവും വേശ്യകള്‍ തന്നെയായിരുന്നു,അന്ന്; പുരുഷന്മാരില്‍ ഭൂരിഭാഗവും വിടന്മാരും. സഞ്ചാരികളുടെ റിപ്പോര്‍ട്ടുകളില്‍ നായന്മാരെപ്പറ്റിയാണ് മുഖ്യമായും പറയുന്നതെങ്കിലും അപ്പറഞ്ഞതെല്ലാം അതേപടി രാജാക്കന്മാര്‍, അമ്പലവാസികള്‍ തുടങ്ങിയ മറ്റ് സമുദായങ്ങള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. (കാമപൂജ - കെ ടി രാമവര്‍മ. ക്ലാസിക് ബുക് ട്രസ്റ്റ്, കോഴിക്കോട്)
@ഇടനേരം

1 അഭിപ്രായം: