ദേശികസംസ്കൃതിയുടെ അതിസാന്ദ്രവും സ്ഫുടതരവും ആയ ഒരു പരിഛേദം എന്ന നിലയിലാണ് 'പെങ്ങണത്തി' എന്ന കൃതിയെ ഞാന്‍ കാണുന്നത്. സാധാരണയില്‍ അസാധാരണമായൊരു സ്വത്വപ്രാതിനിധ്യമാണ് ലക്ഷ്മി രാമന്. ഈയൊരു പ്രദീപദര്ശിനുയടെ ജീവിതകഥനം, മിതവും സാരവും ായ വചോവിന്യാസത്താല് സാക്ഷാത്കരിച്ചിരിക്കുന്നു കണ്ണന് മേലോത്ത് എന്ന പ്രതിഭാധനന്. ഇവിടെ, പ്രകൃതനായികയെ 'പ്രദീപദര്ശിനി' എന്നു പരാമര്‍ശിച്ചത് ഉദാസീനമായല്ല, സ്ത്രീ ന്നെതിന്റെ ഒരു പര്യായമെന്നനിലയിലും അല്ല. പ്രസ്തുത പ്രയോഗത്തിന് ഒരു വിശാദീകരണമുണ്ട്, 'ചരിഞ്ഞ നോട്ടമുള്ളവള്' ന്നെ്. ലക്ഷ്മി രാമന് അങ്ങനെയാണെന്ന തിരിച്ചറിവ് പ്രസാധകര്, മുഖചിത്രത്തിലൂടെതന്നെ വളിവാക്കുന്നു. ശ്രദ്ധിക്കേണ്ടതും ശ്രദ്ധിക്കാതിരുന്നതുമായ ഒരു ജീവിതമാണ് ഇവിടെ അനാവൃതമാകുന്നത് എന്ന് പ്രകാശ് രാമദാസ്, പ്രസാധക കുറിപ്പില്‍ എടുത്തുപറയുകയും ചെയ്യുന്നു.
ലക്ഷ്മി രാമന്റെ ജീവിതത്തെ ഗ്രന്ഥരൂപത്തില്‍ പരാവര്‍ത്തനം ചെയ്യാന്‍ പ്രേരകമായ വസ്തുത ഗ്രന്ഥാരംഭത്തില്‍ കണ്ണന് മേലോത്ത് കുറിച്ചിട്ടുണ്ട്. അടിസ്ഥാന ജനവിഭാഗത്തിലോ ഓരോ വ്യക്തിജീവിതവും പ്രാക്തന സാമൂഹിക അതിജീവനത്തിന്റെ അടരുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നതത്രെ അത്. ഇവിടെ ലക്ഷ്മി രാമന് എന്ന വ്യക്തിയും കലാകാരിയും അഭിന്നമാകുന്നു. മുരളി നായരുടെ വിഖ്യാത ചലച്ചിത്രം 'മരണസിംഹാസനം' 1999 ലെ കാന്‍ ഫെസ്റ്റിവെലില്‍ നവാഗതസംവിധായകര്‍ക്കുള്ള ക്യാമറ ഡി ഓര് പുരസ്കാരം നേടി. അതിലെ മുഖ്യമകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി രാമന് ആണ്. ജന്മാനാടായ പെരുമ്പാവൂരിലെ മുടക്കുഴയിലും, കൊച്ചിയിലെ ഏതോ കോളനിയിലൊക്കെ താമസിച്ച് താളും തകരയും പറിച്ചും കൊട്ടയും മുറവും മറ്റും നെയ്തുവിറ്റ് ഉപജീവനം കഴിച്ചുപോന്ന ലക്ഷ്മിത്തള്ളയെ നടിയായി കണ്ടെത്തിയ ക്രാന്തദര്‍ശിയെ സ്തുതിക്കുക നാം. അടിസ്ഥാന ജനവിഭാഗത്തിലെ അപരിഷ്കൃതയും അതിദരിദ്രയും ആയ ഒരു പെങ്ങണത്തി (പെണ്ണാള്) നടിയോ സിനിമയില്‍? അല്ലേ അല്ല, 'അഭിനയം' എന്നാല്‍ അയഥാര്‍ഥം, നാട്യം, ആണ് ചിലര്‍ക്കത് വശമില്ല തന്നെ.
മുമ്പൊരിക്കല്‍ സംസ്ഥാന ചലച്ചിത്ര അവാര്ഡ്നിശ കൊല്ലത്ത്. ബഹുജനസമ്പര്ക്കവകുപ്പിലെ മേലധികാരികള്‍ - തോട്ടം രാജശേഖരനും വിഖ്യാത കഥാകൃത്ത് എന്‍ മോഹനനും - ഇളമുറ ഓഫീസറായ ഈയുള്ളവനോടും മറ്റു ജീവനക്കാരോടും കാര്യാന്വേഷണം നടത്തുന്നു പരിപാടിയുടെ അവസാന ഏര്‍പ്പാടുകള്‍ സംബന്ധിച്ച്. വേദിക്കുപിന്നിലെ ആ ചായ്പിലേക്ക് കടന്നു വരുന്നു, പി ജെ ആന്റണി. എം ടിയുടെ നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച്, അക്കൊല്ലത്തെ മികച്ച നടന് എന്ന പദവിയിലാണ് അദ്ദേഹം അപ്പോഴും പക്ഷെ, ഞങ്ങളുടെ അടുത്തുവന്നവതരിപ്പിച്ച വ്യക്തിപരമായ കാര്യം അപ്പോള്‍ അല്പവും സംഗതമല്ല. തോട്ടം സാറും മറ്റും വിമുഖര്‍. അഭിനയരാജന്‍ എന്തോ പിറുപിറുത്ത് ചടുലമായി സ്ഥലംവിട്ടു. 'ആ പോക്കുകണ്ടില്ലേ', എന്‍ മോഹനന് പറഞ്ഞു, 'ഇങ്ങേര് ആ സിനിമയില്‍ അഭിനയിച്ചതൊന്നുമല്ല, സ്വതസിദ്ധമായ പെരുമാറ്റമൊക്കെ എം ടി പകര്‍ത്തി; അത്രതന്നെ.' 'അതേ', ഞാന്‍ കൂട്ടിച്ചേര്‍ത്തു, 'കല ജീവിതംതന്നെ, എന്നല്ലേ കുട്ടികൃഷ്ണമാരാര് പറഞ്ഞത്.' എല്ലാവരും പൊട്ടിച്ചിരിച്ചു; ന്തൈന്ത് അര്‍ഥങ്ങള്‍! അരുംപച്ചയായ ജീവിതത്തിന്റെ അടരുകള്‍ അങ്ങനെയാണ്. അതിന്റെ മൗലിക നിദര്‍ശനമായ ദേശികജനവിഭാഗത്തിന്റെ പ്രതിമാനമാകുന്നു ലക്ഷ്മി രാമന്. അതിന്റെ സാക്ഷ്യപത്രമേത്ര 'പെങ്ങണത്തി' എന്ന ഈ കൃതി.
ഇവിടെ മറിക്കാനുള്ളത് കേവലം 53 പുറം. അതിനെ മുന്‍നിര്‍ത്തി ഈ കൃതിക്ക് 'ലഘു' എന്ന വിശേഷമം ചേര്‍ക്കാം. എന്നാല്‍ പ്രതീയമാനം, അതായത് പറഞ്ഞതിനപ്പുറം അതിനപ്പുറം അപ്പുറം എന്ന പ്രത്യേകതയുണ്ട് ഇതിന്. കാരണം, കേന്ദ്രബിന്ദുവായ ലക്ഷ്മി എന്ന ഈ പെങ്ങണത്തിക്ക് എന്തെന്തു ഭാവങ്ങള്‍! ഇത്തരത്തിലുള്ള വേറിട്ട വ്യക്തിത്വങ്ങളുടെ സംഘാതമാണ് ഇന്നാട്ടിലെ ദേശിക ജനവിഭാഗം. അതേക്കുറിച്ചൊക്കെ കൂടുതല്‍ അവഗാഹം നേടാന്‍ സഹായകമാണ് ഈ കൃതി. നാഗരിക സംസ്കൃതിയുടെ ഭാഷാവിശേഷം ശരിക്കു മനസിലാക്കിയിട്ടുള്ള എഴുത്തുകാരനാണ് കണ്ണന് മേലോത്ത്. അദ്ദേഹം ലക്ഷ്മി രാമന്റെ ജീവചരിത്രമെഴുതാനല്ല തുനിഞ്ഞത്. ഒരു തള്ളയുടെ ആത്മകഥ കേട്ടെഴുതി. അതാകട്ടെ, വാക്കുവ്യത്യാസമേതുമില്ലാതെ. ഇക്കാര്യം ശ്രീമതി മൃദുലാദേവി ശശിധരന് അവതാരികയില്‍ എടുത്തുപറയുന്നുണ്ട്: 'ഒരു പേനക്കും ഒരു കടലാസിനും വഴങ്ങാത്ത, കാരിരുമ്പിന്റെ ശക്തമായ, ഭാഷ... പ്രാദേശിക നാടന്‍ തനിമ ഭാഷയില്‍ നിന്നും ചോരാതിരിക്കാന്‍ മേലോത്ത് പരമാവധി ശ്രമം നടത്തിയിട്ടുണ്ട്.' അതേ, ആ അകൃത്രിമ ലിപിവിന്യാസരണിതത്തിലൂടെ നാം ലക്ഷ്മി രാമനെ നേരിട്ടു കേള്‍ക്കുന്നു ഈ കൃതിയിലൂടെ. മൗലികവാമൊഴിയെ 'കീഴാളഭാഷ' എന്ന് ഇകഴ്ത്താതെ ആദാനം ചെയ്യുമ്പോഴേ പൊരുള്ത്തിരിവു ശരിക്കുണ്ടാവൂ.
സ്വന്തമെന്ന കൊച്ചിയിലും കരുവെള്ളായന്‍ കൊലുമ്പന്‍ കണ്ടെത്തിയ ഇടുക്കിയിലും ദീപ് ചന്ദ് സിംഗിന്റെ തറവാട്ടുഭൂമികയായ ലുധിയാനയിലും പാറിപ്പടര്‍ന്ന ജീവിതമാണ് ലക്ഷ്മി പെങ്ങണത്തിയുടേത്. അതിന്റെ വൈചിത്ര്യം വായനക്കാര്‍ക്ക് സ്വയബോധവൈവിധ്യത്തിന്റെ തരംഗസമാനതയാല് അനുഭവിച്ചറിയാനാവുംവിധമാണ് ഇതില്‍ സ്ഫുടീകൃതമായിട്ടുള്ള ആവിഷ്കാരചാതുരി. മലയാള സിനിമയിലെ ആദ്യനായിക പി കെ റോസി എന്ന രാജമ്മ ദേശികവിഭാഗത്തില്പ്പെട്ടവളാണ്. ഇങ്ങനെയൊരുവള്‍ ചലച്ചിത്രതാരമായതു പിടിക്കാത്ത യാഥാസ്ഥിതിക മാടമ്പിക്കൂട്ടത്തിന്റെ വിദ്രോഹ - വിക്രിയകള്‍ എത്ര, ആ പാവം പെണ്ണിനോട്. 'വിഗതകുമാരനിലെ' (1928) രാജമ്മറോസിയില് നിന്ന് 'മരണസിംഹാസന'ത്തിലെ (1999) ലക്ഷ്മി രാമനിലെത്താല് വര്‍ഷം എഴുപത്തൊന്ന്; 'പെങ്ങണത്തി' എന്ന ആത്മകഥാ പ്രസാധനം ഉപരി അങ്കനമാകുമ്പോള് തൊണ്ണൂറുകൊല്ലം എന്നു സ്പഷ്ടം. ആ രാജമ്മയില്‍ നിന്ന് (റോസിയായിട്ടെന്ത്!) ഈ ലക്ഷ്മിയിലെത്തുമ്പോള് എന്തുണ്ട് പരിവര്‍ത്തനം കണ്ടെത്തി അടയാളപ്പെടുത്താന്‍? ചെയ്തികളില്‍ അടിസ്ഥാനപരമായ മാറ്റമൊന്നുമില്ല. അന്ന് നാട്ടുമാടമ്പിമാര്‍ റോസിക്കെതിരേ; ഇന്ന് മാധ്യമമാടമ്പിമാര്‍ ലക്ഷ്മിക്കുനേരേ കണ്ണടക്കുന്നു. നവകാലകുത്തകക്കാരുടെ വില്പനച്ചരക്കിനെ അനന്വയമെന്നുദ്ഘോഷിക്കുന്ന പരസ്യപാത്രമല്ലല്ലോ ലക്ഷ്മി രാമന്. കലയും ജീവിതവും സാമഞ്ജസപ്പെടുത്തുന്ന ആവിഷ്കാരധര്മത്തെക്കുറിച്ച് വാസ്തവികമായ അവബോധം പ്രയുക്തമാക്കിയ മുരളി നായരെ എത്ര വാഴ്ത്തിയാലും അധികമാവില്ല. ഈ നായികയുടെ ആത്മകഥയെ ആറ്റിക്കുറുക്കിയ വാങ്മയമാക്കി കണ്ണന് മേലോത്ത്. അതിനെ ഈയൊരു കമനീയ ഗ്രന്ഥരൂപത്തില്‍ പ്രസാധിതമാക്കിയത് ഏതാനും സഹൃദയരുടെ കൂട്ടുശ്രമമാണ്. 'പെങ്ങമത്തി' എന്ന കൃതിയുമായി ബന്ധപ്പെട്ടവരൊക്കെയും കാലത്തിന്റെ അടയാളപ്പെടുത്തലുകളില്‍ മങ്ങാതെ നില്ക്കുമെന്നു തീര്‍ച്ച.
(ഒപ്പ്)
വി കെ നാരായണന് 11. 6. 2018.
വല്യാത്തേല്‍,
ദൂരദര്ശന് റോഡ്,
പേരൂര്‍ക്കട,
തിരുവനന്തപുരം - 695 005.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ