"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഡിസംബർ 1, ശനിയാഴ്‌ച

ജാതിപ്പേരിന്റെ രാഷ്ട്രീയം...!?ഈയിടെ ഇത് ബന്ധിച്ചുനടന്ന ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ചോദ്യംചെയ്യപ്പെട്ടത്, കേരളത്തിലെ ശൂദ്രജാതികള്‍ തങ്ങളുടെ വ്യക്തിനാമങ്ങള്‍ക്കൊപ്പം ജാതിനാമങ്ങള്‍കൂടി ചേര്‍ക്കുന്നതിന് നേരെയാണ്. ചാതുര്‍വര്‍ണ്യത്തിലകപ്പെടുന്നുവെങ്കിലും അതിലെ കീഴാളവിഭാഗമാണ് (ഔട്ട്കാസ്റ്റ്) ശൂദ്രന്മാര്‍. തങ്ങള്‍ക്കുമുകളിലുള്ള, മറ്റുമൂന്നുവര്‍ണക്കാരും അനുഭവിക്കുന്ന സവിശേഷ അവകാശങ്ങളൊക്കെയും അവര്‍ക്ക് (ശൂദ്രന്) നിഷേധിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണരെപോലെ വിദ്യ അഭ്യസിക്കാനോ, ക്ഷത്രിയരെപോലെ യുദ്ധംചെയ്യാനോ, വൈശ്യരെപോലെ കച്ചവടം ചെയ്യാനോ ഉള്ള യാതൊരു അവകാശവും ശൂദ്രനില്ല. ഈ പറയുന്ന മറ്റ് മൂന്നുവര്‍ണക്കാരേയും ലോഭംകൂടാതെ സേവിക്കുക എന്നുള്ളതുമാത്രമാണ് അവര്‍ക്കുള്ള ഒരേയൊരു കര്‍ത്തവ്യം. കാരണം, ശൂദ്രന്‍ ജന്മനാതന്നെ അടിമയാണ്. മറ്റുമുന്നുവര്‍ണക്കാരെ സേവിക്കാന്‍വേണ്ടിയാണ് അവന്റെ ജന്മംതന്നെ! ഹിന്ദുമതത്തിന്റെ നിയമനിര്‍മാതാവായ മനു ഇക്കാര്യം അടിവരയിട്ടുപറയുന്നു. 'ഒരു ശൂദ്രന്‍ വിലക്കുകൊള്ളാത്തവനാകട്ടെ അല്ലാതെയുള്ളവനാകട്ടെ, ഏതായാലും അവനെക്കൊണ്ടു ദാസ്യപ്രവൃത്തി എടുപ്പിക്കണം. ബ്രാഹ്മണന്റെ ദാസനായിരിക്കാന്‍വേണ്ടിയാണല്ലോ അവനെ ദൈവം സൃഷ്ടിച്ചിട്ടുള്ളത് (മനുസ്മൃതി 8/413)'.

ഇവിടെ ഒരു പ്രശ്‌നമുദിക്കുന്നുണ്ട്. ജന്മനാ അടിമയായിട്ടുള്ള ശൂദ്രനെ എങ്ങനെ മറ്റുള്ളവര്‍ തിരിച്ചറിയും? കാഴ്ചയില്‍ എല്ലാവര്‍ണക്കാരും ഒരുപോലെയിരിക്കും. അക്കൂട്ടത്തിലൊരാള്‍ ശൂദ്രനാണെന്ന് തിരിച്ചറിയാതെ അവനെക്കൊണ്ട് എങ്ങനെ ദാസ്യപ്പണിയെടുപ്പിക്കും? ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒറ്റമാര്‍ഗമേ മനുവിന്റെ മുമ്പിലുണ്ടായിരുന്നുള്ളൂ. ഓരോ വര്‍ണത്തിനും - ജാതികള്‍ക്കും - പ്രത്യേകം നാമങ്ങള്‍ നല്‍കുക. അവിടെയും പ്രശ്‌നമല്പം ബാക്കിനില്‍ക്കുന്നു! പേരുകള്‍ സമാനമായാല്‍ ദ്വിജന്മാരില്‍നിന്ന് എങ്ങനെയാണ് ശൂദ്രരെ തിരിച്ചറിയാന്‍ കഴിയുക? ഇതിനുള്ള പരിഹാരമായി മനു നിഷ്‌കര്‍ഷിച്ചത്, ദ്വിജന്മാരുടെ പേരുകള്‍ മംഗളസൂചകമായിരിക്കുമ്പോള്‍ ശൂദ്രരുടേത് നിന്ദാസൂചകമായിരിക്കണമെന്നാണ്. മനുസ്മൃതിയിലെ 11-ആം അധ്യായത്തിലെ 31-ഉം 32-ഉം ശ്ലോകങ്ങളിലൂടെ മനു ഇക്കാര്യം വ്യക്തമാക്കുന്നു; 

മംഗല്യം ബ്രാഹ്മണസ്യ സ്യാല്‍
ക്ഷത്രിയസ്യ ബലാന്വിതം
വൈശ്യസ്യ ധനസംയുക്തം
ശൂദ്രസ്യ ച ജൂഗുപ്‌സിതം

ശര്‍മവല്‍ ബ്രാഹ്മണസ്യസ്യാല്‍
രാജ്ഞോ രക്ഷാസമന്വിതം
വൈശ്യസ്യ പുഷ്ടിസംയുക്തം
ശൂദ്രസ്യ പ്രൈഷസംയുക്തം

ബ്രാഹ്മണന്റെ പേരില്‍ ഒന്നാമത്തെ ഭാഗം മംഗളസൂചകമായും 
രാമത്തെ ഭാഗം അഭിവൃദ്ധിസൂചകമായും,

ക്ഷത്രിയന്റെ പേരില്‍ ഒന്നാമത്തെ ഭാഗം ബലസൂചകമായും 
രാമത്തെ ഭാഗം രക്ഷാസൂചകമായും,

വൈശ്യന്റേപേരില്‍ ഒന്നാമത്തെ ഭാഗം ധനസൂചകമായും 
രാമത്തെ ഭാഗം പുഷ്ടിസൂചകമായും ഇരിക്കണം. 

ശൂദ്രന്റെ പേരില്‍ ഒന്നാമത്തെ ഭാഗം നിന്ദാസൂചകമായും 
രാമത്തെ ഭാഗം അടിമത്തസൂചകമായും ഇരിക്കണം. (11/31,32)


അപ്പോള്‍ നോക്കുക; ശൂദ്രന്റെ പേരിനോട് ചേര്‍ന്നുള്ള നായര്‍, പണിക്കര്‍, പിള്ള, മേനോന്‍, മന്നാടിയാര്‍, വാര്യര്‍, മാരാര്‍, വാര്യര്‍, പിഷാരടി, തുടങ്ങിയവ നിന്ദാസൂചകവും അതിലൂടെ അവരുടെ അടിമത്തത്തെയുമല്ലേ സൂചിപ്പിക്കുന്നത്? ഇത് ശൂദ്രര്‍ക്ക് അഭിമാനമാണോ അപമാനമാണോ? പക്ഷെ, താനൊരു നായരാണ് എന്ന് അഭിമാനത്തോടെപറയുന്നവരാണ് ഇന്നുള്ള ശൂദ്രര്‍ മുഴുവനായും!

ബാബാസാഹേബ് ഡോക്ടര്‍ ബി ആര്‍ അംബേഡ്കര്‍ ഇക്കാര്യം വളരെ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അവര്‍ക്ക് പേരുകള്‍ നല്കിയതെന്തിന്...? 

'മറ്റു രാജ്യങ്ങളില്‍ സമൂഹ്യ വിഭാഗങ്ങള്‍ക്ക് പേരുകള്‍ നല്കിയില്ല; ഇന്ത്യയില്‍ അവര്‍ക്ക് പേരുകള്‍ നല്കി. ഒരു ജാതി വഹിക്കുന്ന പേരാണ് അതിന്റെ സ്ഥിരതയും നൈരന്തര്യവും വ്യക്തിത്വവും നല്കുന്നത്. ജാതിയുടെ പേരാണ് അതിലെ അംഗങ്ങള്‍ ആരാണെന്ന് നിര്‍വചിക്കുന്നത്; ഒട്ടുമിക്ക ഉദാഹരണങ്ങളിലും ഒരു ജാതിയില്‍ ജനിച്ച ഒരു വ്യക്തിയുടെ ഇരട്ടപ്പേരിന്റെ ഒരു ഭാഗം ആ ജാതിയുടെ പേരായിരിക്കും. മാത്രമല്ല, ജാതിക്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുക സുകരമാക്കിത്തീര്‍ക്കുന്നതും പേരാണ്. രണ്ടുവിധത്തിലാണ് അത് സുകരമാക്കുന്നത്. ഒന്നാമത് വ്യക്തിയുടെ ഇരട്ടപ്പേരിന്റെ ഭാഗമായ ജാതിപ്പേര് അയാള്‍ മറ്റൊരു ജാതിയിലെ അംഗമാണെന്ന് ഭാവിക്കുന്നതിനും അങ്ങനെ സ്വജാതിയുടെ അധികാര പരിധിയില്‍ നിന്നു രക്ഷപ്പെടുന്നതിനും പ്രതിബ്‌നധം സൃഷ്ടിക്കുന്നു. രണ്ടാമത്, ജാതിനിയമങ്ങള്‍ ലംഘിച്ച വ്യക്തിയെ തിരിച്ചറിയാനും അയാള്‍ ഏതുജാതിയുടെ അധികാരത്തില്‍ പെട്ടവനാണെന്ന് മനസിലാക്കാനും അത് സഹായിക്കുന്നു; അപ്പോള്‍ അയാളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും എളുപ്പമാണല്ലോ. (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണ കൃതികള്‍. വാല്യം 6. പേജ് 183, 184)'


പേരുകളില്‍ പലതുമിരിക്കുന്നുണ്ട്; 'ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഷേക്‌സ്പിയര്‍ നല്കിയ മറുപടി - ഇത് പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ളതാണ് - പേരിന്റെ പ്രശ്‌നം സംബന്ധിച്ച് മതിയായ അവധാരണം നല്കാന്‍ പര്യാപ്തമല്ല. പേരുകൊണ്ട് യാതൊരു കാര്യവുമില്ലെങ്കില്‍, പേരുകളെ ആശ്രയിക്കുന്നതിനു പകരം ആളുകള്‍ ഓരോ കേസും പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അഭിപ്രായങ്ങളും മനോഭാവങ്ങളും രൂപീകരിക്കുകയാണെങ്കില്‍, പനിനീര്‍പ്പൂവിനെ മറ്റെന്തു പേരിട്ടു വിളിച്ചാലും അതിന്റെ പരിമളം ഹൃദ്യമായിരിക്കുമെന്നത് സത്യമാണ്. എന്നാല്‍, പേരുകള്‍ വളരെ പ്രാധാന്യമുള്ള ഉദ്ദേശ്യങ്ങളാണ് നിര്‍വഹിക്കുന്നത്. സാമൂഹിക സമ്പദ്ഘടനയില്‍ അവ സുപ്രധാനങ്ങളായ പങ്ക് വഹിക്കുന്നു. പേരുകള്‍ പ്രതീകങ്ങളാണ്. ഓരോ പേരും ചില വസ്തുക്കളെക്കുറിച്ചുള്ള ചില ആശയാഭിപ്രായങ്ങളുടെ ബന്ധത്തെ സൂചിപ്പിക്കുന്നു. അതൊരു ലേബലാണ്. ലേബലില്‍ നിന്ന് വസ്തു എന്താണെന്ന് ആളുകള്‍ മനസ്സിലാക്കുന്നു. ഓരോ വസ്തുവും വ്യക്തിഗതമായി പരിശോധിച്ച് അതുമായി ബന്ധപ്പെട്ട ആശയാഭിപ്രായങ്ങള്‍ ശരിയാണോയെന്ന് ഉറപ്പുവരുത്തുന്ന ബദ്ധപ്പാടില്‍നിന്ന് ഈ ലേബല്‍ ആളുകളെ രക്ഷിക്കുന്നു. ആളുകള്‍ക്ക് സമൂഹത്തില്‍ വളരെയധികം വസ്തുക്കള്‍ കൈകാര്യംചെയ്യേണ്ടതുണ്ട്. ഓരോ വസ്തുവും പിരശോധിച്ചു നോക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. പേരിനെ ആശ്രയിക്കാനേ അവര്‍ക്ക് തരമുള്ളൂ. അതുകൊണ്ടാണ് എല്ലാ പരസ്യക്കാരും ആകര്‍ഷകമായ പേരുകള്‍ കണ്ടുപിടിക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്നത്. പേര് ആകര്‍ഷകമല്ലെങ്കില്‍ ഉള്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചെലവാകുകയില്ല. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 352, 353)'

ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടാത്ത, അനാര്യന്‍ ജനതയെ അസ്പൃശ്യര്‍ എന്നുവിളിക്കുന്നുണ്ടല്ലോ. ഇത് മനു നിര്‍ദ്ദേശിച്ച പേരല്ല എന്നതാണ് വാസ്തവം. പിന്നെയോ, അത് മനുവിനാല്‍ വേര്‍തിരിച്ച് നാമം കല്പിക്കപ്പെട്ട ചതുര്‍വര്‍ണികര്‍ കല്പിച്ച നാമമത്രെ! ഈ അസ്പൃശ്യരാകട്ടെ മറ്റുപേരുകളില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്; 'അസ്പൃശ്യന്‍' എന്നത് മോശമായ ഒരു വാക്കാണ്. അത് വെറുപ്പുളവാക്കുന്നു. ദുര്‍ഗന്ധം വമിപ്പിക്കുന്നു. അസ്പൃശ്യരോടുള്ള ഹിന്ദുക്കളുടെ സാമൂഹിക മനോഭാവം നിശ്ചയിക്കുന്നത് അസ്പൃശ്യര്‍ എന്ന ഈ പേരാണ്. അസ്പൃശ്യരോട് നിശ്ചിതമായ ഒരു മനോഭാവമുണ്ട്. അസ്പൃശ്യന്‍ എന്ന പേരില്‍ അന്തസ്ഥിതമായ നിന്ദയാല്‍ നിര്‍ണയിക്കപ്പെട്ടതാണ്. അസ്പൃശ്യന്‍ എത്രകണ്ട് പ്രശംസാര്‍ഹനായിരുന്നാലും അവന്റെ വ്യക്തിപരമായ മികവുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരും മിനക്കെടാറില്ല. എല്ലാ അസ്പൃശ്യരും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. അസ്പൃശ്യന്‍ എന്നതിനു പകരം മറ്റേതെങ്കിലും ഒരു പേര് കണ്ടുപിടിക്കാനുള്ള ശ്രമം അവര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ചമാറുകള്‍ സ്വയം രവിദാസര്‍ അഥവാ ജാതവര്‍ എന്നു വിളിക്കുന്നു. ശില്‍പ്പകാരര്‍ എന്നാണ് ഡോമുകള്‍ സ്വയം വിളിക്കുന്നത്. പറയര്‍ ആദിദ്രാവിഡരെന്നും മഡിഗര്‍ അരുന്ധതിയാര്‍ എന്നും മഹിറുകള്‍ ചൊക്കമേളര്‍ അല്ലെങ്കില്‍ സോമവംശി എന്നും സ്വയം വിളിക്കുന്നു. ഭംഗികള്‍ക്ക് വാല്മീകികള്‍ എന്നു വിളിക്കാനാണിഷ്ടം. ഇവരെല്ലാംതന്നെ തങ്ങളുടെ പ്രദേശത്തിന് പുറത്താണെങ്കില്‍ സ്വയം ക്രിസ്ത്യാനികളെന്ന് വിളിക്കും. 

തങ്ങള്‍ സ്വയം അസ്പൃശ്യര്‍ എന്നു വിളിച്ചാല്‍, ഹിന്ദുക്കള്‍ തങ്ങളോട് ഉടന്‍ തന്നെ സങ്കേതം വിട്ടുപോകാന്‍ ആവശ്യപ്പെടുമെന്നും, അവരുടെ കോപത്തിനും ജാതിക്കുറുമ്പിനും തങ്ങള്‍ വിധേയമാകുമെന്നും അസ്പൃശ്യര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ മറ്റുപേരുകളില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. ഈ പേരുകള്‍ സുരക്ഷിത നിറംമാറ്റല്‍ പ്രക്രിയയോട് സാദൃശ്യപ്പെടുത്താവുന്നതാണ്. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 353)'

പേര് മാറുന്നത് അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെടുന്നില്ലന്ന് അംബേഡ്കര്‍ വ്യക്തമാക്കുന്നു; 'ഈ നിറംമാറ്റല്‍ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെടുന്നുണ്ട് എന്നു പറഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഹിന്ദുവാകുക എന്നാല്‍, ആത്യന്തികമായി ഒരു സാമൂഹിക വിഭാഗമായിത്തീരുന്നില്ല. ആത്യന്തിക സാമൂഹിക വിഭാഗമെന്നത് ജാതിയാണ്, ഉപജാതിയുണ്ടെങ്കില്‍, അതാണ്. രണ്ടു ഹിന്ദുക്കള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍, നിങ്ങള്‍ ആരാണ് എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. 'ഞാനൊരു ഹിന്ദുവാണ്' എന്നു പറഞ്ഞാല്‍ ഉത്തരം പൂര്‍ണമാകുകയില്ല. 'ഹിന്ദുവാണ്' എന്ന ഉത്തരത്തെത്തുടര്‍ന്ന് 'ഏത് ജാതി' എന്ന ചോദ്യമുണ്ടാകും. ജാതിപറഞ്ഞാല്‍ അടുത്ത ചോദ്യം 'ഉപജാതി ഏത്' എന്നായിരിക്കും. ജാതി, അല്ലെങ്കില്‍, ഉപജാതി ഏത് എന്നുള്ള അത്യന്തിക സാമൂഹിക വിഭാഗത്തില്‍ എത്തുമ്പോള്‍ മാത്രമേ ചോദ്യകര്‍ത്താവ് തന്റെ ചോദ്യം അവസാനിപ്പിക്കുകയുള്ളൂ. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 353)'

പേരില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സാമൂഹിക പദവിയില്‍ അസ്പൃശ്യന് ഉയര്‍ച്ചയുണ്ടാവില്ല; 'അസ്പൃശ്യന്റെ താഴ്ന്ന പദവി അവന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. പേരില്‍ മാറ്റം വരുത്തിയില്ലെങ്കില്‍, സാമൂഹിക പദവിയില്‍ അവന് ഉയര്‍ച്ചയുണ്ടാവില്ല. രണ്ടാമത്തെക്കാര്യം ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് പേരുമാറുന്നതില്‍ വലിയ പ്രയോജനമില്ലെന്നതാണ്. അത്തരം പേരുമാറലിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുത ഹിന്ദുവായ ഒരാള്‍ ചികഞ്ഞെടുക്കും, അസ്പൃശ്യനെക്കൊണ്ട് താന്‍ അസ്പൃശ്യനാണെന്ന് അയാള്‍ സമ്മതിപ്പിക്കും. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 354)'

പേര് മാറുന്നതുകൊണ്ടുള്ള പ്രയോജനത്തെപ്പറ്റി ഡോ. അംബേഡ്കര്‍ ഇങ്ങനെ പറഞ്ഞു; 'പേരില്‍ കാര്യമുണ്ട്, വളരെയധികം പ്രാധാന്യവുമുണ്ട്. പേരുകൊണ്ട് അസ്പൃശ്യന്റെ പദവിയില്‍ വപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഹിന്ദുമതത്തിന് പുറത്തുള്ള ഒരു സമുദായത്തിലെ പേരായിരിക്കണം അത്, ദൂഷണത്തിനും തരംതാഴ്ത്തലിനുമുള്ള അധികാരത്തിന് അതീതമായിരിക്കണം. മതപരമായ പരിവര്‍ത്തനം നടത്തിയെങ്കില്‍ മാത്രമേ അത്തരം പേര് അസ്പൃശ്യന്റെ സവിശേഷതയായിത്തീരുകയുള്ളൂ. ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് പേരില്‍ മറ്റംവരുത്തുന്നത് കപടമായ മാറ്റമാണ്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 354)'

അപ്പോള്‍ ജാതിപ്പേര് മാറുന്നതില്‍ കാര്യമുണ്ട്. ജാതിപ്പേര് ഉപേക്ഷിക്കുന്നതില്‍ അതിലേറെ കാര്യമുണ്ട്. അടിമത്ത സൂചകമായ ജാതിപ്പേര് മാറുമ്പോള്‍ അഥവാ ഉപേക്ഷിക്കുമ്പോള്‍ താനൊരു സ്വതന്ത്രമനുഷ്യനാണെന്നുള്ള അഭിമാനം ശൂദ്രനില്‍ നിറയുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കിയിട്ടാണ് ശൂദ്രരുടെ സമുദായാചാര്യനായിരുന്ന മന്നത്തു പത്മനാഭപിള്ള തന്റെ പേരിനോട് ചേര്‍ന്നുള്ള ജാതിനാമം ഉപേക്ഷിക്കാന്‍ തയാറായത്. എന്നാല്‍ ഇന്നത്തെ ശൂദ്രരോ, അടിമത്തസൂചകമായി ചാര്‍ത്തിക്കിട്ടിയ പേര് പൈതൃകമായി കിട്ടിയതാണെന്ന് അഭിമാനത്തോടെ ചുമന്നുകൊണ്ടു നടക്കുന്നവരാണ്. അതിനെ മറ്റുള്ളവര്‍ ചോദ്യം ചെയ്ത് അവരുടെ അഭിമാനത്തെ വെറുതെ വ്രണപ്പെടുത്തേണ്ടതില്ലല്ലോ.

സമീപകാലത്തെ ഏതാനും ദശാബ്ദങ്ങളായി ജാതിനാമാഭിമാനികളായ ശൂദ്രരുടെ ഇടയില്‍ ഈ ഏര്‍പ്പാടിന് ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്നകാര്യം ശ്രദ്ധേയമാണ്. അതായത് ശൂദ്രരുടെ ജാതിസ്ത്രീനാമങ്ങളുടെ സ്ഥാനത്ത്, അത് പാടെ ഉപേക്ഷിച്ചുകൊണ്ട് പുരുഷജാതിനാമങ്ങള്‍ പ്രതിസ്ഥാപിക്കപ്പെട്ടുവെന്നതാണ് ആ മാറ്റം. അതായത്, നായര്‍ സ്ത്രീനാമത്തോടൊപ്പം അമ്മ എന്നുചേര്‍ത്ത് അടിമത്തത്തെ സൂചിപ്പിച്ചിരുന്നു. ഉദാഹരണം; സീതയമ്മ, സീത വാര്യസ്യാര്‍, സീത മാരാസ്യാര്‍ തുടങ്ങിയവ. അതിപ്പോള്‍ പുരുഷജാതിനാമം ചേര്‍ത്ത്, സീത നായര്‍, സീത പിള്ള, സീത മേനോന്‍, സീത വാര്യര്‍, സീത പണിക്കര്‍ എന്നൊക്കെയായി. ഇവിടെ അടിമത്തസൂചകമായ ജാതിനാമം തിരസ്‌കരിക്കുകയല്ലചെയ്തത്. പിന്നെയോ, അതിനെ മുറുകെ പിടിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണല്ലോ.

മനുസ്മൃതിയുടെ ഏതെങ്കിലും നിര്‍ദ്ദേശം ഭരണഘടനയിലുണ്ടോ, എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടുകാണുന്നുണ്ട്. അംബേഡ്കറില്‍നിന്നുതന്നെ അതിന് തക്കതായ മറുപടിയുമുണ്ട്; 'മനുധര്‍മം എത്രത്തോളം ഇപ്പോള്‍ അവശേഷിക്കുന്നുണ്ട് എന്നു ചോദിച്ചേക്കാം. തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്പ്പിക്കാന്‍ നീതിന്യായക്കോടതി ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാന്‍ ബാധ്യസ്ഥമായ ചട്ടങ്ങള്‍ എന്ന അര്‍ത്ഥത്തിലുള്ള നിയമം പോലെ, മനുധര്‍മത്തിന്റെ പ്രാവര്‍ത്തികശക്തി വിവാഹം, പിന്തുടര്‍ച്ച എന്നീ കാര്യങ്ങളിലൊഴിച്ച് നിലച്ചിരിക്കുകയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. വിവാഹവും പിന്തുടര്‍ച്ചയും വ്യക്തികളെമാത്രം ബാധിക്കുന്ന കാര്യങ്ങളാണുതാനും. സാമൂഹിക പെരുമാറ്റം, പൗരാവകാശങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന നിയമമെന്ന നിലക്ക് മനുധര്‍മം ഇപ്പോള്‍, നടപ്പാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ നിയമമെന്ന നിലക്ക് അത് പുറന്തള്ളപ്പെട്ടു എങ്കില്‍ ആചാരമെന്ന നിലയില്‍ അത് അവശേഷിക്കുന്നു. (ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 188)

'നിയമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആചാരം ചെറിയകാര്യമല്ല. ഭരണകൂടം പൊലീസ് അധികാരത്തില്‍ക്കൂടിയാണ് നിയമം നടപ്പാക്കുന്നത്. ഭരണകൂടം നിയമം നടപ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങള്‍ നിയമം നടപ്പാക്കുന്നു. സംഘടിതജനതയുടെ നിര്‍ബന്ധിതശക്തി ഭരണകൂടത്തിന്റെ നിര്‍ബന്ധിതശക്തിയേക്കാള്‍ വളരെവളരെ മഹത്തായതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. മനുധര്‍മം സാങ്കേതികാര്‍ത്ഥത്തില്‍ നിയമമല്ലാതായിത്തീര്‍ന്നു എന്ന 
കാരണത്താല്‍, അതിന്റെ നിര്‍ബന്ധപൂര്‍വമായ നടപ്പാക്കലില്‍ കോട്ടം സംഭവിച്ചിട്ടില്ല എന്നുമാത്രമല്ല, അതിന്റെ ഫലദായകത്വനഷ്ടം തടയാനുള്ള മതിയായ സാഹചര്യങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്നുണ്ട്' (അതേപുസ്തകം. 188) 

അടിമത്തസൂചകമായ ജാതിപ്പേര് കൊണ്ടുനടക്കുന്നത് ശൂദ്രരെ സംബന്ധിച്ചിടത്തോളം ഒരു ആചാരമായിത്തീര്‍ന്നിട്ടുണ്ട്. ഒരു ദുരാചാരം പൈതൃകമായി കിട്ടിയതാണെങ്കിലും അത് നീക്കം ചെയ്യുമ്പോള്‍ പിതാവിനെ തിരസ്‌കരിക്കുന്നുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഭരണഘടനയില്‍ ഇല്ല എന്ന ന്യായീകരണം നിരത്തിയും അവര്‍ ഈ ദുരാചാരത്തെ ന്യായീകരിക്കുന്നു. ഭരണഘടന നിരാകരിക്കുന്ന ഒരു ദുരാചാരത്തെ നടപ്പാക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്. 'അടിമ പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് കരുതുന്നു'വെന്ന് സഹോദര്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ ദുരാചാരം നടപ്പാക്കുന്നത് അഭിമാനമാണെന്ന് കരുതിയിരിക്കുന്നവരോട് മറ്റെന്തുപറയാന്‍?

@ഇടനേരം. അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്‌അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ