"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, നവംബർ 6, ചൊവ്വാഴ്ച

സുമലതാ പ്രസ്സ്: പട്ടികജാതിക്കാരി നടത്തിയ ആദ്യത്തെ പ്രസ്സ് - കുന്നുകുഴി.എസ്.മണി


പ്രിന്റിംഗ് രംഗത്ത് പട്ടികജാതിക്കാര്‍ കടന്നു വരാത്ത കാലത്താണ് കേരളത്തില്‍ ആദ്യമായി ഒരു പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചുകെണ്ട് സുഗതാ ബാലന്‍ കടന്നു വരുന്നത്. സുമലതാ പ്രസ്സ് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. 1971-ല്‍ തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി ജംഗ്ഷനിലായിരുന്നു ഈ പ്രസ്സ് സ്ഥാപിച്ചിരുന്നത്. 1982 വരെ ഈ പ്രസ്സ് നല്ല നിലയില്‍ നടന്നു വന്നിരുന്നു. ഇടതന്മാരുടെ യൂണിയന്‍ പ്രവര്‍ത്തനം കൊണ്ടാണ് സുമലതാ പ്രസ്സിന് താഴ് വീഴാന്‍ കാരണമായത്.

വലിയവിളയില്‍ ഭാസ്‌കരന്‍, ലക്ഷ്മിക്കുട്ടി ദമ്പതികളുടെ എട്ട് മക്കളില്‍ മൂന്നാമത്തേതായിരുന്നു സുഗത. 1952-ലാണ് സുഗതയുടെ ജനനം. വിദ്യാഭ്യാസാനന്തരം ഒരു ജോലി തേടി നടന്നെങ്കിലും ലഭിക്കാതെ വന്നപ്പോഴാണ് സ്വയം തൊഴില്‍ എന്ന നിലയ്ക്ക് പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കാന്‍ ഇടയായത്. പ്രസ്സ് സ്ഥാപനത്തിന് അച്ഛന്‍ ഭാസ്‌ക്കരന്റെ അനുജനും ഗവ. സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന ഗോപാലന്റെ സഹായവും സുഗതയ്ക്കുണ്ടായിരുന്നു. അങ്ങിനെയാണ് കെ.എസ്.എഫ്.ഇ.യില്‍ നിന്നും വായ്പയെടുത്ത് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ സുമലതാ പ്രസ്സ് സ്ഥാപിച്ചത്. പ്രസ്സ് സ്ഥാപിച്ചുവെങ്കിലും ആദ്യകാലത്തൊന്നും വര്‍ക്കുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് വര്‍ക്കുകള്‍ വരാന്‍ തുടങ്ങി.

ആശാന്‍ ഗോവിന്ദന്‍ എന്നറിയപ്പെടുന്ന കെ.കെ. ഗോവിന്ദന്റെ പ്രസിദ്ധ കൃതിയായ അറുകൊലക്കണ്ടം, ദുരവസ്ഥ, അപ്രശസ്തര്‍ തുടങ്ങിയ പുസ്തകങ്ങള്‍ സുമലതാ പ്രസ്സിലാണ് അച്ചടിച്ചത്. അറുകൊലക്കണ്ടത്തിന്റെ പ്രൂഫ് നോക്കിയിരുന്നത് ഞാനാണ്. എന്റെ ബന്ധുകൂടിയായ ഗോവിന്ദനാശാന്‍ പ്രസ്സുടമ സുഗതയെ വിവാഹത്തിന് ആലോചിക്കുകയുണ്ടായി. എനിക്ക് ആ ആലോചന ഉള്‍ക്കൊള്ളാനായില്ല. സുഗതയ്ക്കും എന്നോട് താല്പര്യമുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് എന്നോട് പറഞ്ഞിരുന്നു.

1982 വരെ പ്രസ്സ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കാലത്താണ് ആശാന്‍ ഗോവിന്ദന്റെ അറുകൊലക്കണ്ടം ഇവിടെ നിന്നും പ്രസിദ്ധീകരിച്ചത്. ഇതിനിടയില്‍ പ്രസ്സ് ജീവനക്കാര്‍ യൂണിയന്‍ സ്ഥാപിക്കുകയും ഓണത്തിനും ദീപാവലിക്കും ബോണസ് വേണമെന്ന ആവശ്യം ഉന്നയിച്ച് സമരം ആരംഭിച്ചിരുന്നു. ജാതിയില്‍ കുറഞ്ഞവളുടെ പ്രസ്സിനെ എങ്ങിനെയും ഇല്ലായ്മ ചെയ്യാനായിരുന്നു നേതാക്കന്മാരായ പേട്ട മിനര്‍വ കൃഷ്ണന്‍കുട്ടി, സി.കെ. സീതാറാം, കാട്ടായിക്കോണം ശ്രീധറിന്റെയും ശ്രമം. ആ ശ്രമം വിജയിക്കുകയും പ്രസ്സ് അടച്ചിടുകയും ചെയ്തു.

ഈ കാലത്താണ് നേവിയില്‍ ഉദ്യോഗസ്ഥനായ ബാലനുമായി സുഗത വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുടുംബിനിയായതോടെ പ്രസ്സ് എന്നന്നേയ്ക്കുമായി പൂട്ടിയിടാന്‍ നിര്‍ബന്ധിതയായി. പ്രസ്സ് പ്രവര്‍ത്തനം നിലച്ചതോടെ ലോണ്‍ അടയ്ക്കാനാവാതെ കെ.എസ്.എഫ്.ഇ കോടതി മുഖേന പ്രസ്സും പ്രസ്സ് ഉപകരണങ്ങളും പിടിച്ചെടുത്തു. അതോടെ പ്രവര്‍ത്തനം എന്നന്നേയ്ക്കുമായി നിലച്ചു. തുടര്‍ന്ന് സുഗത കുടുംബവുമായി ഇലിപ്പോടിനു സമീപം മിത്രാ നഗറില്‍ താമസിച്ചു. വിവാഹ ബന്ധത്തില്‍ ഒരു മകന്‍ ജനിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുടുംബജീവിതം നയിച്ചു വരുമ്പോള്‍ 1998-ല്‍ ഭര്‍ത്താവ് ബാലന്‍ മരണമടഞ്ഞു. അതോടെ അമ്മയും മകനും ഒറ്റപ്പെട്ടുവെങ്കിലും സുഗത പിടിച്ചു നിന്നു. മകന്റെ പഠനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി സുഗത തന്നെ പറഞ്ഞിരുന്നു.

ഇതിനിടെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സുഗതാ ബാലന്‍ വ്യാപൃതയായിരുന്നു. സംഘടനാ രംഗത്ത് സജീവമായിരുന്ന സുഗത സെക്രട്ടറിയേറ്റ് നടയില്‍ നടന്ന ചില സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഒരുവേള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിരുന്നു. ആര്‍.പി.ഐയുടെ ദേശീയ പ്രസിഡന്റും മോദി സര്‍ക്കാരില്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രിയുമായ അദ്വാല തിരുവനന്തപുരത്തെ ത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനും കേരള പ്രദേശ് പ്രസിഡന്റ് തങ്കരാജനോടൊപ്പം സുഗതാ ബാലനും പങ്കെടുത്തിരുന്നു. അന്ന് അദ്വാലയെ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചത് മുന്‍ജനറല്‍ സെക്രട്ടറി കൂടിയായ ഈ ലേഖകനായിരുന്നു.

ഈ രംഗത്ത് സജീവ സാന്നിദ്ധ്യമായി നില്‍ക്കുമ്പോഴാണ് സുഗതാ ബാലന് ചില രോഗങ്ങള്‍ പിടിപെട്ടത്. അസുഖബാധിതയായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പേരൂര്‍ക്കട ഗവ. ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 2018 സെപ്തംബറില്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ വച്ച് സുഗതാ ബാലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പട്ടിക ജാതിക്കാരില്‍ നിന്നും ആദ്യമായി പ്രസ്സ് സ്ഥാപിച്ച് നടത്തിയിരുന്ന സുഗതാ ബാലന്‍ ഓര്‍മ്മയായെങ്കിലും ചരിത്ര ശേഷിപ്പുകളില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു.