"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ജാതി ബോധത്തെ ഉന്മൂലനം ചെയ്യുന്ന 'ദലിത്' - വയലാര്‍ ഓമനക്കുട്ടന്‍


ജാതി ബോധത്തെ ഉന്മൂലനം ചെയ്യുന്ന 'ദലിത്'
Dalit: an Anihilation of caste.
വയലാര്‍ ഓമനക്കുട്ടന്‍

ദലിതന്‍ എന്ന പദത്തിന്റെ ഉറവിടം , അതിന്റെ അര്‍ത്ഥതലം എന്നിവ കണ്ടെത്താനുള്ള ശ്രമത്തിനേക്കാള്‍, അതിന്റെ പ്രാധാന്യം നിലനില്ക്കുന്നത്. തകര്‍ക്കപ്പെട്ട എല്ലാവിഭാഗങ്ങളെയും വിഭാഗീയതയ്ക്ക് ഉപരിയായി ഒന്നിപ്പിച്ചു നിറുത്തുന്ന ഒരു പൊതുനാമമായി അത് മാറ്റപ്പെട്ടിട്ടുണ്ട് എന്നതിലാണ്. ഇഡ്യയിലെ ഏത് സംസ്ഥാനത്തിലെയും തകര്‍ക്കപ്പെട്ട ജനതയെ ഉള്‍കൊള്ളാന്‍ ദലിത് എന്ന പദത്തിന് കരുത്തുണ്ടെന്ന് നാം തിരിച്ചറിയുന്നുണ്ട്. അതിലുപരി അമേരിക്കയിലോ ജപ്പാനിലെയോ അല്ലെങ്കില്‍ ഏത് വിദേശ രാഷ്ട്രങ്ങളിലുമുള്ള സമാനമായ ജനവിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളുവാന്‍ ദലിത് എന്ന പദത്തിനാകുന്നുണ്ട്.

എന്നാല്‍ എത്രവലിയ ഉന്നതനാണെങ്കിലും ഒരു പൊതുവേദിയില്‍ താന്‍ പ്രതിനിധീകരിക്കുന്ന സാമൂഹിക വിഭാഗത്തിന്റെ പേരുപറയുമ്പോള്‍ അവരുടെ മനസ്സിലേക്കും അവിടെ നിന്ന് അവരുടെ മുഖത്തേക്കും അരിച്ചിറങ്ങുന്ന ജാള്യത ഒരു ഉറച്ച യാഥാര്‍ത്ഥ്യമാണ്. അതിനെ നേര്‍ക്കുനേര്‍ അഡ്രസ്സ് ചെയ്യുന്ന ഇടങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടായിതുടങ്ങുന്നത്. അന്തസ്സ് ലഭിക്കാത്ത സാമൂഹിക വിഭാഗങ്ങള്‍ ഉള്ളത് പോലെ, അതിന് വിപരീതമായി, അന്തസ്സും ആഭിജാത്യവും ലഭിക്കുന്ന വിഭാഗങ്ങളും നിലനില്ക്കുന്നുണ്ടെന്ന് നാം ബോധ്യപ്പെടുന്നുണ്ട്. 

അന്തസ്സ് ലഭിക്കുന്ന വിഭാഗങ്ങളോട് ചേര്‍ന്ന് നിന്ന് കൊണ്ട് തനിക്ക് ലഭിക്കുന്ന അവമതിയെ മൂടിവെയ്ക്കാനാണ് വലിയൊരു വിഭാഗം ഇഷ്ടപ്പെടുന്നത്. ഇത് തികച്ചും കപടമായൊരു സാമൂഹിക വീക്ഷണമാണ്. അത്തരം തിരിച്ച്‌പോക്ക് അല്ലെങ്കില്‍ അത്തരം ഒളിച്ചോട്ടം ദളിതനെ ഒരുകാലത്തും അവന്‍ നേരിടുന്ന അവമതിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കില്ല.ദലിത് പാന്തേഴ്‌സ് എന്ന സംഘടന 1973 ല്‍ അതിന്റെ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും അതിലൂടെ ദലിത് എന്ന പദത്തിന് പുതിയൊരു നിര്‍വ്വചനം എഴുതിച്ചേര്‍ക്കുകയും ചെയ്തു.അതാകട്ടെ ഇന്ത്യയെ നവീകരിക്കുന്നതിന് ജാതിനിര്‍മ്മൂലമെന്ന അടിസ്ഥാന ആശയം മുന്നോട്ടുവച്ച ബി.ആര്‍ അംഎബേദ്ക്കറുടെ ഉരുക്കുപോലുള്ള ആശയത്തെ ശിരസ്സാവഹിച്ചുകൊണ്ടുള്ള ഒന്നുമായിരുന്നു. അതിനാല്‍ അവര്‍ മാനിഫെസ്റ്റേയില്‍ ദലിത് എന്ന പദത്തെ നിര്‍വ്വചിച്ചതിങ്ങനെയാണ്.' Dalits are members of the Scheduled Castes and Tribes, Neo-Buddhists, the working people, landless and poor peasants, women, and all those who are being exploited politically, economically and in the name of religion. അതായത് ''പട്ടികജാതിക്കാരിലെയും പട്ടികവരിര്‍ഗ്ഗക്കാരിലെയും നവയാനബുദ്ധിസ്റ്റുകളിലെയും തൊഴിലാളികളിലെയും ഭൂമിയില്ലാത്ത ദരിദദ്രരായ കര്‍ഷകരിലെയും രാഷ്ട്രീയമായും സാമ്പത്തികമായും മതത്തിന്റെ പേരിലും ചൂഷണം ചെയ്യപ്പെടുന്നവരിലെയും അംഗങ്ങള്‍ അടങ്ങുന്നതാണ് ദലിതര്‍.'' ദലിത് പാന്തേസിന്റെ സൂത്രധാരന്‍മ്മാര്‍ ഡോ. ബി.ആര്‍.അംബേദ്ക്കറില്‍ നിന്ന് നേരിട്ട് ജാതിനിര്‍മ്മുലനത്തിന്റെ പാഠങ്ങള്‍ ഉള്‍കൊണ്ടവരും ജാതിക്കതീതമായ് ഐക്യപ്പെടേണ്ടതിന്റെ ബലിഷ്ടമായ ആശയങ്ങളും ഉള്‍ക്കൊണ്ടവരായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇന്ന് സമാനമായ ഒട്ടനവധി സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദലിത് എന്ന പദം മേല്പറഞ്ഞ അതേ ആശയം തന്നെയാണ് പ്രകടമാക്കുന്നത്. സാമൂഹികമായി അധിക്ഷേപിക്കപ്പെടുന്ന ആയിരക്കണക്കിന് വിഭാഗങ്ങളെ ഒന്നായി വീക്ഷിക്കുന്ന ഒരു പൊതു നാമമായി അത് രൂപപ്പെടുകതന്നെ ചെയ്തിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ജാതിനിര്‍മ്മൂലത്തിന്റെ അടിത്തറയായി അത് വര്‍ത്തിക്കുന്നുണ്ട്. ഇഡ്യയുടെ സാമൂഹിക ശ്രേണിയില്‍ അവഹേളനവും അവമതിയും കൂടിയും കുറഞ്ഞും നില്ക്കുന്ന ഒട്ടനവധി വിഭാഗങ്ങള്‍ ഉണ്ടല്ലോ! ഇവരില്‍ ഏകദേശം എല്ലാവരും തന്നെ സാമൂഹികമായ തങ്ങളുടെ അവമതിയെ മറികടക്കാന്‍ ദളിത് എന്ന പദം ലജ്ജയില്ലാതെ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ഒരു പ്രത്യേക പ്രദേശത്ത് ദലിതര്‍ക്കിടയില്‍തന്നെ ഉയര്‍ച്ചതാഴ്ചകള്‍ പ്രകടമായി കാണാറുണ്ട്. അവരില്‍ അവമതി തീവ്രമായി അനുഭവിക്കുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും ഈ പദം മുറുകെപിടിക്കുന്നത് സര്‍വ്വസാധാരണമായിട്ടുണ്ട്. അവമതിയുടെ കാഠിന്നന്ന്യത്തെ ശരിയാം വിധം കുറയ്ക്കുന്ന ഒരു ഏകകമായി ദളിത് എന്ന പദം മാറ്റപ്പെട്ടിട്ടുണ്ട്. ദലിത് വിഭാങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്കിടയില്‍ പോലും അവര്‍ ഏതു വിഭാഗത്തില്‍ പെടുന്നു എന്നു പറയുന്നതില്‍ ലജ്ജയുള്ളതായി അനായാസം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ ഇത് അതിത്രീവ്രമാണെന്ന് ഒരുകാരണത്തിന്റെ പേരിലും നാം മറന്നുകൂട. നിലനില്ക്കുന്ന സമൂഹത്തിലെ സഹജീവികള്‍ ദലിത് വിഭാഗങ്ങളെ വിലകുറച്ച് കാണുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇവരിലെ ഈ ലജ്ജയുടെ അടിത്തറ. അത് ഒരു സാമൂഹികയാഥാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ ആരും തയ്യാറല്ലതന്നെ. ഈ ലജ്ജ അത് അനുഭവിക്കുന്ന വ്യക്തിയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമെങ്കിലും ഇവരാരും തന്നെ ഞാന്‍ ദലിതരിലെ ഇന്ന വിഭാഗത്തില്‍ പെട്ടയാളാണെന്ന് പറയുന്നതില്‍ ലജ്ജയുള്ളയാളാണെന്ന് സമ്മതിച്ചുതരാറില്ലതന്നെ.

പത്ര ദൃശ്യമാധ്യമാധ്യമങ്ങളും ഈപദത്തെ വ്യാപകമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നതും നാം ബോധ്യപ്പെടുന്നുണ്ട്. മാത്രമല്ല പത്രദൃശ്യമാധ്യമങ്ങള്‍ ഇത് ഉപയോഗിക്കുന്നത് സാങ്കേതികമായ ഒരു സൗകര്യത്തിനുവേണ്ടിക്കൂടിയാണ്. മാറിവരുന്ന സാഹചര്യത്തില്‍ ജാതിനിര്‍മ്മുലനപ്രക്രീയക്ക് താല്പര്യമില്ലെങ്കിലും ഇത്തരത്തില്‍ അതിനെ സഹായിക്കാതിരിക്കാന്‍ പത്ര ദൃശ്യമാദ്യമങ്ങള്‍ക്ക് കഴിയില്ല എന്നതും മറ്റൊരുയാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥത്തില്‍ ഇഡ്യയില്‍ എല്ലാകാലഘട്ടത്തിലും ഉയര്‍ച്ചതാഴ്ചയുടെ ഈ സാമൂഹികക്രമത്തെ പ്രചരിപ്പിച്ചതും ഉടയാതെ സൂക്ഷിച്ചതും പത്രദൃശ്യമാധ്യമങ്ങളുടെ എഴുത്ത് രീതിയും ഭാഷാപ്രയോഗവുമാണ് എന്നതില്‍ തര്‍ക്കമില്ലെന്നുകാണാം. ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റാണ് പത്രദൃശ്യമാധ്യമങ്ങളെന്ന് നാം മറന്നുകൂട. നാമെക്കാലവും കൊണ്ട് നടക്കുന്ന അറിവുകളിലധികവും ഫോര്‍ത്ത് എസ്റ്റേറ്റില്‍ നിന്നാണെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. 

ഇഡ്യന്‍ ഭരണഘടനയില്‍ പട്ടികപ്പെടുത്തിയ വിഭാഗമെന്നോ വര്‍ഗ്ഗമെന്നോ ( Sheduled class ) ഉള്‍പ്പെടുത്താനാണ് ഡോ.ബി,ആര്‍.അംബേദ്ക്കര്‍ ശ്രമിച്ചതും അഹോരാത്രം പണിപ്പെട്ടതും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവമതിയുടെ അടിത്തട്ടിലായവരെ ശാസ്ത്രീയമായിതന്നെ ഉയര്‍ത്തിയെടുക്കാനാകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. നൂറ്റാണ്ടുകളായുള്ള അവമതിയുടെ വിളിപ്പേരില്‍നിന്ന് കാലക്രമത്തില്‍ മോചനം രൂപപ്പെട്ടുവരുമായിരുന്നു. അത് സംഭവിക്കരുതെന്ന് കപടദൈവങ്ങളുടെ നാമധേയത്തില്‍ ദുഷിച്ച അറിവുനേടിയരെക്കൊണ്ട് നിറഞ്ഞതായിരുന്നു ഭരണഘടനാ നിര്‍മ്മാണ സമിതിയും പാര്‍ലമെന്റും മറ്റും.

അതിനാല്‍ ചുരുങ്ങിയപക്ഷം ദലിത് വിഭാഗങ്ങളെ ഒ.ബി.സി.കാറ്റഗറിക്ക് തുല്ല്യമായ ഒരിടത്തേക്കെങ്കിലും മാറ്റി സ്ഥാപിക്കാനുള്ള അംബേദ്ക്കറിന്റെ ചരിത്രപരമായ നീക്കത്തെ എല്ലാ അര്‍ത്ഥത്തിലും തടയുകയാണ് ജാതിവാദികളായ സവര്‍ണ്ണര്‍ ചെയ്തത്. ഏതെങ്കിലും ആചാരനുഷ്ടാനങ്ങളോ വിശ്വാസപ്രമാണങ്ങളോ മഹാ ഭൂരിപക്ഷം വരുന്ന ഒരുജനതയുടെ ദുരിതത്തിനും പ്രതിസന്ധിക്കും കാരണമാകുന്നുവെങ്കില്‍ ആ വിശ്വാസവും ആപ്രമാണവും ചുട്ടെരിക്കപ്പെടണമെന്നും മനുഷ്യത്വപരമായ മറ്റൊന്ന് സ്ഥാപിച്ചെടുക്കണമെന്നും ഇന്‍ഡ്യയ്ക്ക് കാണിച്ചുതന്ന ബി.ആര്‍.അംബേദ്ക്കര്‍ ജാതിവാലോടുകൂടിയ ഷെഡുള്‍ഡ്കാസ്റ്റ് എന്നപൊതുനാമം കൊണ്ടുനടക്കണമെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല,

അതിനാല്‍ ഭരണഘടനയില്‍ ഷെഡുള്‍ഡ് കാസ്റ്റ് എന്ന് ചേര്‍ത്തിട്ടുണ്ട് എന്ന ഒറ്റക്കാരണത്താല്‍ ആ ജാതിവാലിനെ ചുമക്കാന്‍ തയ്യാറാകുന്നത് ഭാംഗികള്‍ ചെയ്തിരുന്ന ജോലിയോടു ഉപമിക്കുന്നതിന് തുല്ല്യമാണ്. ഉയര്‍ച്ചതാഴ്ചകള്‍ നിലനില്ക്കണമെന്ന് അടിവരയിട്ടിട്ടുള്ളവരാണ് ദലിതെന്ന പദത്തിന് പകരം ജാതിവാലുള്ള ഷെഡ്യുഡ് കാസ്റ്റ് എന്ന പേര് വ്യാപകമാക്കണമെന്ന് വാദിക്കുന്നത്.

പുലയനെന്നോ പറയനെന്നോ ഉളളാടനെന്നോ വേലനെന്നോ പറയേണ്ടിവരുമ്പോള്‍ ഒരര്‍ത്ഥത്തിലും ഒരന്തസ്സ് രൂപപ്പെടുന്ന ഒരുസാമൂഹികപശ്ചാത്തലമല്ല ദലിതനുള്ളത്. മാത്രമല്ലതന്റെ അവമതിയെ കഴിയുന്നത്ര ഒളിപ്പിച്ചുനടക്കാനാണ് പലപ്പോഴും ഇവര്‍ ശ്രമിക്കാറുനള്ളത്. ഇത് സമൂഹം അവരില്‍ അടിച്ചേല്പിച്ച ജാള്യതയാണെന്ന് അംഗീകരിച്ചേപറ്റു. ഞങ്ങള്‍ ജാള്യത അനുഭവിക്കുന്നുണ്ട് എന്ന് അംഗീകരിക്കു മ്പോഴാണ് നമുക്ക് അതിനെ കൂടുതല്‍ കൂടുതല്‍ പരിഹരിക്കാനാവുന്നതെന്ന് പറയാതെവയ്യ. പ്രതിസന്ധികള്‍ പുറമേനിന്നെന്നപോലെ ഓരോ വ്യക്തിയുടെ ഉള്ളിലും സംഭവിക്കുന്നുണ്ട്. അത്‌കൊണ്ട് അത് അനുഭവിക്കുകയും ഒരു കുഴപ്പവുമില്ലെന്ന് പറയുകയും ചെയ്താല്‍ എങ്ങനെയാണ് നാം അത് പരിഹരിക്കുന്നത്.

സംസ്‌കൃതത്തിലും മറാത്തിയിലും തെലുന്‍ങ്കിലും ഹിന്ദിയിലും ഒരുപക്ഷെ ഇഡ്യയിലെ എല്ലാഭാഷയിലും ദലിത് എന്ന വാക്കിന്റെ ഉല്പത്തിചരിത്രം പറയുന്നവരുണ്ട്. എന്നാല്‍ ഭാഷാപരമായി മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളോടും നല്ലസാദൃശ്യമുള്ള പാലിയിലും സമാനമായ വാക്കുകള്‍ നമുക്ക് കണ്ടെത്താനാകും. പാലിയിലെ ദലതി എന്നവാക്കിന് പൊട്ടിപ്പുറപ്പെടുക , വിഭജിക്കപ്പെടുക , തകര്‍ക്കുക എന്നെല്ലാമാണ് അര്‍ത്ഥം. സംസ്‌കരിക്കപ്പെടുന്നതിന് മുമ്പ് അല്ലെങ്കില്‍ സംസ്‌കൃതമാകുന്നതിന് മുമ്പുള്ളഭാഷയെന്നനിലയില്‍ നമുക്ക് അവിടെയും ഇതിന്റെ ഉല്പത്തി എന്തുകൊണ്ടും പറയാം. എന്നാല്‍ അതിനെല്ലാം ഉപരി അത് തകര്‍ന്നുപോയ അല്ലെങ്കില്‍ തകര്‍ക്കപ്പെട്ട അതുമല്ലെന്‍ങ്കില്‍ ചിന്നഭിന്നമാക്കപ്പെട്ട വലിയൊരുജനതതിയുടെ ഏകീകരണത്തിന്റെ മാനദണ്ടമായി രൂപപ്പെട്ടിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

ദലിത് രാഷ്ട്രീയത്തിന്റെ കടുത്ത സ്വാധീനത്താലും, ദലിതര്‍ക്കിടയിലെ ബുദ്ധിപരമായി ഉണര്‍വ്വ് നേടിയവരുടെ ഇടപെടല്‍കൊണ്ടും, സമൂഹമാധ്യമങ്ങള്‍ വ്യാപകമായ തോടെയും ദലിതര്‍ക്കിടയിലെ ഉയര്‍ച്ച താഴ്ചകളെ മറികടന്ന് ഒരേകീകരണ സ്വഭാവം കൈവന്നിട്ടുണ്ട്. അങ്ങനെ അനിവാര്യമായ നാമൊന്നാണെന്നചിന്ത സൃഷ്ടിക്കപ്പെടുകയും ചെയ്യപ്പെട്ടിണ്ടുണ്ട്. മറിച്ചുള്ള എല്ലാന്യായങ്ങളെയും മറിച്ചിട്ടുകൊണ്ട് അത് സ്വയം ഒരു വിപ്ലവം രചിക്കുന്നുമുണ്ട്. മാത്രമല്ല പറയന്‍ പുലയന്‍ വേലന്‍ വേട്ടുവന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ തുടച്ചുമാറ്റി പുതിയൊരേകീ കരണത്തിന്റെ വജ്രകവചമാകുന്നുണ്ട് ദലിതെന്ന പദം. മറിച്ചുള്ള ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ കാലാന്തരത്തില്‍ ശക്തികുറഞ്ഞ് ദുര്‍ബലപ്പെടുകതന്നെചെയ്യും. കാരണം അത് ഉന്നയിക്കുന്നവര്‍ പ്രാദേശികമായ അഭിപ്രായത്തെ കൊണ്ട് നടക്കുന്നവരാണെന്ന് കാണാവുന്നതേയുള്ളു.

യഥാര്‍ത്തില്‍ എല്ലാ അര്‍ത്ഥത്തിലും സാമാനസ്വഭാവമുള്ളവരാണ് ആയിരക്കണക്കിന് വിഭാഗങ്ങളായി പരസ്പരം മല്ലടിച്ച് ജീവിക്കുന്നത്. എല്ലാക്കാര്യങ്ങളും വ്യക്തിപരമാകുന്ന അവസ്ഥയിലേക്ക് ചുരുങ്ങുമ്പോള്‍ നീ ഇന്ന വിഭാഗം , ഞാന്‍ ഇന്നവിഭാഗം , നിന്നേക്കാള്‍ മുകളിലാണ് , ഞാന്‍ അവനെന്നേക്കാള്‍ത്താഴെയാണ് എന്നെല്ലാം ചിന്തിച്ച് പരസ്പരം ഒരിക്കലും ഒരുകണ്ണിയാകാതെ പോകുന്ന വിഭാഗങ്ങള്‍; അതാണ് ദളിതുകള്‍. ഈ വേര്‍തിരിവുകളെ ദൈവീകമായി ന്യായീകരിച്ചുവെച്ചിരിക്കുകയാണ് ഹിന്ദുസമൂഹം. ആ വിശ്വാസം എല്ലാത്തിന്റെയും മേലെയാണെന്ന് അന്യായമായി അടിവരയിട്ട് പറഞ്ഞുറപ്പിച്ചിരിക്കുകയാണ് ഹിന്ദുധര്‍മ്മം. അതിനെ പൊളിച്ചെഴുതുന്ന ഒരു ചരിത്രദൗത്യംകൂടി ദലിതെന്ന പദത്തിനുണ്ട് എന്ന്കാണാന്‍ വലിയ പ്രയാസമൊന്നുമില്ല.

ജാതിയില്ലാത്തവരാണ് അവര്‍ണ്ണര്‍ ( വര്‍ണ്ണത്തില്‍ പെടാത്തവര്‍ ) എന്നറിയപ്പെട്ടവര്‍ എന്ന ചരിത്രയാഥാര്‍ത്ഥ്യം ഈവിഭാഗങ്ങള്‍ മറന്ന് പോകാറുണ്ട്. ജാതിയെ നിഷേധിച്ചവരാണ് ദലിതര്‍ , അവര്‍ ജാതി വാദികളായ് മുദ്രകുത്തപ്പെടുന്നത് ആ വ്യവസ്ഥിതികൊണ്ട് നേട്ടം അനുഭവിക്കുന്നവരാലാണ് എന്നും നാം അറിയുന്നുണ്ട്. അതിനാല്‍ ജാതിയെ നിഷേധിക്കുന്നൊരു ഐക്യപ്പെടലാണ് ഈ വിഭാങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. അത് സാര്‍ത്ഥകമാക്കുന്നതില്‍ വലിയപങ്കാണ് ദലിത് എന്ന പൊതുനാമം നിര്‍വ്വഹിക്കുന്നത്. ഇന്‍ഡ്യയിലങ്ങോളമിങ്ങോളമുള്ള തകര്‍ക്കപ്പെട്ട ജനത ഒന്നായ് നിന്ന് ഒന്ന് നിശ്വസ്സിച്ചാല്‍പോലും അത് മാറ്റത്തിന്റെ കൊടുംങ്കാറ്റാകുമെന്ന് ഇന്ന് ഈ വിഭാഗഭങ്ങള്‍ വ്യക്തമായും തീരിച്ചറിഞ്ഞുതുടങ്ങി യിരിക്കുന്നു. അതാ0ണ് ദലിതെന്നപദം സ്വീകരിക്കപ്പെടുന്നതിന്റെ സ്പഷ്ടമായ അര്‍ത്ഥം.

ഈ യാഥാര്‍ത്ഥ്യങ്ങളെയാകെ തിരിച്ചറിയുന്നവരാണ് പ്രാഥമിക ഘട്ടത്തില്‍ തന്നെ അതിന്റെ തായ്‌വേരിനെ പിഴുതുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. അതിന്റെ ഉള്ളുകള്ളികള്‍ വെളിവാകാത്തവര്‍, പുറമേമാത്രം കാണുന്ന ചിലതിനെ എല്ലാത്തിനുമുള്ള ന്യായമായ് കരുതി ദലിതെന്നപദത്തിനെതിരെ തിരിയുന്നത് സ്വാഭാവീകമാണ്. അല്ലെങ്കില്‍ അക്രമിയുടെ വലയില്‍പെട്ട് അവര്‍ക്ക് വേണ്ടി ജയ് വിളിക്കേണ്ടി വരുന്ന ഇരയുടെ പരാജയമാണെന്ന് പറയാതെവയ്യ. എന്നാലത് കാലക്രമത്തില്‍ വിശാലമായ കടലില്‍ ലയിച്ച് ഒന്നായിതീരുന്നത് പോലെ ഇല്ലാതാകാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ദലിത് എന്ന പദം ആധികാരിക രേഖകളില്‍ ഇതിനോടകം തന്നെ ഇടം പിടിച്ചുകഴിഞ്ഞു. വിക്കിപീഡിയ ഇപ്രകാരം പറയുന്നുണ്ട് 'The term dalits was in use as a translation for the British Raj census classification of Depressed Classes prior to 1935. It was popularised by the economist and reformer B. R. Ambedkar (1891–1956), himself a Dalit, and in the 1970s its use was invigorated when it was adopted by the Dalit Panthers activist group. India's National Commission for Scheduled Castes considers official use of dalit as a label to be 'unconstitutional' because modern legislation prefers Scheduled Castes; however, some sources say that Dalit has encompassed more communities than the official term of Scheduled Castes and is sometimes used to refer to all of India's oppressed peoples. '' അതായത്.....

'' ദലിത് എന്നപദം 1935 ന് മുന്നേതന്നെ ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ജനസംഖ്യാ കണക്കെടുപ്പിന്റെ വര്‍ഗ്ഗീകരണത്തിന്റെ ഭാഗമായി, അടിച്ചമര്‍ത്തപ്പെട്ടവര്‍ഗ്ഗങ്ങള്‍ എന്നതിന്റെ തര്‍ജ്ജിമയായി ഉപയോഗിച്ചുപോന്നിരുന്നു. സാമ്പത്തിക വിദഗ്ദ്ധനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ.ബി.ആര്‍ അംബേദ്കറിനാലാണ് ആ പദം പ്രചരിപ്പിക്കപ്പെട്ടത്, അദ്ദേഹം സ്വയം ഒരു ദലിതനായിരുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ ദലിത് പാന്തേഴ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അത് ഏറ്റെടുത്തതോടുകൂടി അതിന്റെ പ്രയോഗം പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കപ്പെട്ടു. ആധുനീകനിയമനിര്‍മ്മാണത്തിന് കൂടുതലായും തെരഞ്ഞെടുക്കേണ്ടിവരുന്നത് പട്ടികജാതികള്‍ എന്നപദമായതിനാല്‍, ഇന്‍ഡ്യയുടെ ദലിത് ദേശീയകമ്മീഷന്‍ ഔദ്യോഗികമായി ദലിത് എന്നപദം ഒരു തിരിച്ചറിയല്‍ ചിഹ്നംമെന്നനിലയില്‍ ഉപയോഗിക്കുന്നത് ''ഭരണഘടനാവിരുദ്ധ'' മെന്ന്പരിഗണിച്ചിരിക്കുന്നു; എന്നിരുന്നാല്‍കൂടി, ദലിത് എന്ന പദം പട്ടികജാതി എന്ന പദം ഉള്‍കൊള്ളുന്നതിനേക്കാള്‍ അധികം സമുദായങ്ങളെ ഉള്‍കൊള്ളുന്നുണ്ടെന്നും ചിലപ്പോള്‍ അത് ഇന്‍ഡ്യയിലെ അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനങ്ങള്‍ളെയും പ്രധിനിധീകരിക്കാന്‍ വേണ്ടി പതിവായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും ചിലകേന്ദ്രങ്ങള്‍ പറയാറുണ്ട്.'''

വിഭാഗീയത സൃഷ്ടിച്ച ചെറുവിഭാങ്ങളെന്ന ജാതിയുടെ ആവാസകേന്ദ്രങ്ങള്‍ക്ക് തീയിടുകയും ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും ജാതിനശീകരണ ത്തിന്റെയും ഇടങ്ങളിലേക്ക് ചുവട് മാറുകയും ചെയ്ത പദമാണ് ദലിത് എന്നത്. ഐക്യപ്പെടലിന്റെ രാഷ്ടീയമറിയുന്നവര്‍ അതിന്റെ അധികാരമറിയുന്നവര്‍ പുരോഗതിയുനടെ നേര്‍രേഖ അറിയുന്നവര്‍ അന്തസ്സിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍, മനുഷ്യരെ തമ്മിലകറ്റാന്‍ നിര്‍മ്മിച്ച ശുദ്ധി അശുദ്ധിയെന്ന വ്യാജമതിലിനെ ആവേശത്തോടെ പൊളിച്ചുമാറ്റുകയും ദലിതെന്ന പദത്തിനെ സ്വീകരിക്കുകയും ചെയ്യും.

@ഇടനേരംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ