"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ചരിത്രത്തിന്റെ ദലിത് പ്രതിബദ്ധതഅഭിമുഖം: ടിഎച്ച്പി ചെന്താരശ്ശേരി / ദി അസോസിയേഷന്‍ ഓഫ് കേരള ഹിസ്റ്ററി (ടാസ്‌ക്). 1996 ഫെബ്രുവരി.

ചോദ്യം: 1. താങ്കള്‍ കൂടുതലായും ദലിത് ജനതയുമായി ബന്ധപ്പെട്ട ചരിത്രാപഗ്രഥനമാണ് നടത്തിയിട്ടുള്ളത്. സ്വന്തം ജനതയോടുള്ള കമ്മിറ്റ്‌മെന്റ് എന്നതിലുപരി മറ്റെന്തെങ്കിലും ഘടകങ്ങള്‍ ചരിത്രാപഗ്രഥനത്തിലെ ഈ വഴിമാറ്റത്തിന് പ്രേരകമായിത്തീര്‍ന്നിട്ടുണ്ടോ?

ഉത്തരം: ആദിമവംശജരെപ്പറ്റിയോ അവരുടെ ചരിത്രത്തെപ്പറ്റിയോ തൂലിക ചലിപ്പിക്കാന്‍ അധികമാരും തയാറാകാതിരുന്ന സാഹചര്യത്തില്‍, ചരിത്രരചനയിലുണ്ടായിട്ടുള്ള ആ വിടവ് നികത്തേണ്ടത് എന്റെ ചുമതലയാണെന്ന് എനിക്കു തോന്നി. എന്റെ രചനകള്‍ക്കെല്ലാം സ്വന്തം ജനതയോടുള്ള കമ്മിറ്റ്‌മെന്റ് ഉണ്ടാവുക സ്വാഭാവികമാണ്. അത് വിഭാഗീയ ചിന്താഗതികൊണ്ട് സംഭവിക്കുന്നതല്ല. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം രചിച്ചുകഴിഞ്ഞാല്‍ അത് ആദിമജനതയുടെ ചരിത്രമായിത്തീരും. എന്നാല്‍ രചിക്കപ്പെട്ടവയെല്ലാം ഉപരിവര്‍ഗങ്ങളുടെ ചരിത്രമാണ്. അവ വസ്തുതകളെ പെരുപ്പിച്ചുകാണിക്കുന്നു. ഇതിനോടുള്ള ഒരു തുറന്ന സമരമാണ് എന്റെ രചനകളെല്ലാം.

ചോ: 2. കേരളചരിത്ര പഠനമേഖലയിലെ അസ്പൃശ്യതയെയും സവര്‍ണാധീശത്വത്തെയും എങ്ങനെയാണ് നേരിട്ടത്?

കേരളചരിത്രപഠനമേഖലയില്‍ ഒരു കൂട്ടായ യത്‌നത്തിന് ആരും തയാറല്ല. സത്യസന്ധമായ ചരിത്രം രചിക്കണമെന്ന താത്പര്യം അധികംപേരിലും കുറവാണ്. ചരിത്രവും സാഹിത്യവുമെല്ലാം ഒരു കാലഘട്ടംവരെ-പ്രത്യേകിച്ച് വിദേശാധിപത്യം അവസാനിച്ച കാലഘട്ടംവരെ-സവര്‍ണന്റെ കുത്തക ആയിരുന്നുവല്ലോ? സാംസ്‌കാരികരംഗങ്ങളില്‍, എന്തിന് പെരുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട വര്‍ഗങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം സാഹിത്യരംഗത്ത് പിടിച്ചുനില്‍ക്കുക അചിന്ത്യമായ കാര്യമാണ്. പ്രത്യേകിച്ച് ചരിത്രരചന സവര്‍ണാധീശത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ദുരുപയോഗപ്പെടുത്തുന്ന ഒരു അന്തരീക്ഷത്തില്‍ അതിനെതിരെ ചലിക്കുക ക്ഷിപ്രസാധ്യമായ കാര്യമല്ല. കറതീര്‍ന്ന ആത്മാര്‍ത്ഥതയും കരളുറപ്പും അശ്രാന്തപരിശ്രമവും കൈമുതലായുള്ളവര്‍ക്കുമാത്രമേ അവിടെ ചുവടുറപ്പിക്കാനാകൂ. ധനസമ്പാദനമോ സ്ഥാനമാനകാംക്ഷയോ ഉള്ളവര്‍ക്കും അവിടെ സ്ഥാനമില്ല. പ്രത്യേകിച്ച് ദലിതന് ആത്മബലിയര്‍പ്പണമാണ് ദലിത് ചരിത്രത്തിന്റെ മുഖമുദ്ര.

ചോ: 3. താങ്കള്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ജീവചരിത്രം പ്രസിദ്ധപ്പെടുത്തിയല്ലോ. ആ പുസ്തകം തയാറാക്കുന്നതിന് ഇളംകുളവുമായുള്ള ബന്ധമാണോ പ്രധാന പ്രേരകഘടകം. അദ്ദേഹവുമായുള്ള ഗുരുശിഷ്യബന്ധം ചരിത്രപഠനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? 

ഉ: ചരിത്രഗവേഷണരംഗത്തു പ്രവേശിച്ചുകഴിഞ്ഞതിനുശേഷമാണ് ഇളംകുളത്തെപ്പറ്റി കേള്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ കേവലം ഒരു ബാലനായിരുന്നപ്പോള്‍ എന്റെ മുത്തച്ഛനില്‍നിന്നും കേള്‍ക്കാനും അറിയാനും കഴിഞ്ഞ ചില സംഭവങ്ങളും മയ്യനാട്ടു കെ ദാമോദരന്‍, കിളിമാനൂര്‍ വിശ്വംഭരന്‍ എന്നിവര്‍ കേരളകൗമുദിയിലൂടെയും മറ്റും പ്രസിദ്ധീകരിച്ചിട്ടുള്ള ചില ലേഖനങ്ങളും എന്റെ ചരിത്രകൗതുകത്തെ ഉജ്ജീവിപ്പിച്ചിട്ടുണ്ട്. അതുമാത്രവുമല്ല ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് എന്ന പുരാവസ്തു ലിഖിതരേഖകളും ചരിത്രരചനക്ക് എനിക്ക് മാര്‍ഗദര്‍ശകമായി. ഞാന്‍ സ്‌കൂളുകളില്‍ പഠിച്ചിരുന്ന ചരിത്രം പ്രത്യേകിച്ച് കേരളചരിത്രം യഥാര്‍ത്ഥ ചരിത്രമല്ലെന്നും അവ കെട്ടുകഥകളാണെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ 'കേരളത്തിന്റെ ആദിദ്രാവിഡചരിത്രം' എന്നൊരു ഗ്രന്ഥത്തിനു രൂപം നല്കുകയും അതിനൊരു അവതാരിക ആവശ്യപ്പെട്ടുകൊണ്ട് ഇളംകുളത്തിനെ ആദ്യമായി സമീപിക്കുകയുമാണ് ചെയ്തത്. അദ്ദേഹത്തില്‍നിന്നു ചില വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ലഭിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാനാരംഭിച്ചു. ആ ശ്രമങ്ങള്‍ സംഘസാഹിത്യത്തിലേക്കുള്ള വഴി തുറന്നുനല്‍കി. പുതിയതായി ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ എന്റെ ഗ്രന്ഥത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. അപ്പോള്‍ ഗ്രന്ഥത്തിന്റെ പേരിലും ചില മാറ്റങ്ങള്‍ ആവശ്യമാണെന്നു ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി വായിച്ചുനോക്കിയ ശ്രീ തിരുനല്ലൂര്‍ കരുണാകരന്‍ അഭിപ്രായപ്പെട്ടു. 'കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്നായാല്‍ കൊള്ളാമോ എന്നു ഞാന്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം അതിനോട് യോജിച്ചു. ഒരു സത്യം തുറന്നു പറയട്ടെ, എന്റെ നിഗമനങ്ങളില്‍ പലതിനോടും ഇളംകുളത്തിന് യോജിപ്പില്ലായിരുന്നു. കേരളജനതയുടെ വികാസപരിണാമങ്ങളെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുള്ള മറ്റൊരു ചരിത്രകാരന്‍ ഡോ. സി കെ കരീം മാത്രമാണ്.... എനിക്ക് ഇളംകുളവുമായി യാതൊരു ഗുരുശിഷ്യബന്ധവും ഉണ്ടായിരുന്നില്ല. അദ്ദേഹം ജാതിരഹിതനായ ഒരു തികഞ്ഞ മനുഷ്യനായിരുന്നു. അദ്ദേഹം ഉള്ളുതുറന്നു സംസാരിച്ചിരുന്നു. അങ്ങനെ ലഭിച്ച വിവരങ്ങളും ജീവചരിത്രരചനക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ചോ: 4. കേരളചരിത്രപഠനത്തിലെ ആധികാരികരേഖയായി ഇപ്പോഴും കണക്കാക്കപ്പെടുന്നത് ഇളംകുളത്തിന്റെ രചനകളാണല്ലോ. ഇതിനെപ്പറ്റിയുള്ള അഭിപ്രായം എന്താണ്?

എ ഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ കേരളത്ത് എഴുതപ്പെട്ട ഒരു ചരിത്രമില്ലായിരുന്നു. കുറേ കാല്പനികകഥകളും ഐതിഹ്യങ്ങളുംകൊണ്ടാണ് വിടവ് നികത്തിയിരുന്നത്. ഇളംകുളമാണ് തുടര്‍ച്ചയായ ഒരു ചരിത്രം രചിച്ച് ആ വിടവു നികത്തിയത്. ചരിത്പപണ്ഡിതന്മാരായ വൈയ്യാപുരിപിള്ള, പി ടി ശ്രീനിവാസയ്യങ്കാര്‍ മുതലായവരുടെ ചരിത്രകൃതികള്‍ ഇളംകുളത്തിന് മാര്‍ഗദര്‍ശകമായിരുന്നിട്ടുണ്ട്. അവര്‍ പിന്തുടര്‍ന്നിരുന്നതുപോലെ ഇളംകുളവും സംഘകൃതികളെ ഏറെ ആശ്രയിച്ചിരുന്നു. സാഹിത്യകൃതികളെ ചരിത്രരചനക്ക് ആശ്രയിക്കുമ്പോള്‍ സ്വാഭാവികമായും തെറ്റുകള്‍ സംഭവിക്കാം. എന്നിരുന്നാലും ഒറിജിനാലിറ്റി എന്ന ഗുണം അദ്ദേഹത്തിന്റെ രചനകള്‍ക്കുള്ളതുകൊണ്ട് തെറ്റുകളെ അത്രയധികം പഴിക്കാനില്ല. തെറ്റുകള്‍ കൂടുതല്‍ ഗവേഷണംകൊണ്ട് തിരുത്താവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി എനിക്കുള്ള അഭിപ്രായം 'ഇളംകുളവും കേരളചരിത്രവും' എന്ന ഗ്രന്ഥത്തില്‍ വിശദമാക്കിയിട്ടുണ്ട്.

ചോ. 5. 'കരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്ന പുസ്തകത്തില്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ ഒരു പുതിയ സമീപനത്തില്‍ നോക്കിക്കാണാനാണ് താങ്കള്‍ ശ്രമിക്കുന്നത്. ഈ ഗ്രന്ഥം രചിക്കുന്നതിന് അടിസ്ഥാനമായി തീര്‍ന്നിട്ടുള്ള ചരിത്രസമീപനങ്ങളേയും വസ്തുതകളേയും രേഖാപരിശോധനകളേയും സംബന്ധിച്ച് വിശദമാക്കാമോ?

ഉ: ഈ പുസ്തകത്തെപ്പറ്റി പറയുമ്പോള്‍ ഇതിന്റെ പിന്‍ഗാമികളായി പിറവിയെടുത്തിട്ടുള്ള ഗ്രന്ഥങ്ങളെപ്പറ്റിയും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. 'കേരളത്തിന്റെ മലര്‍വാടി' (വയനാട്), ചേരനാട്ടു ചരിത്രശകലങ്ങള്‍, കേരളചരിത്രധാര (പരിഷ്‌കരിച്ച് 'കേരളചരിത്രത്തിനൊരു മുഖവുര' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു) ഇവ രചിക്കുന്നതിനുമുമ്പ് അപക്വമായ ചരിത്രജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ രചിച്ചതാണ് 'കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍'. എന്റെ കേരളചരിത്രഗ്രന്ഥങ്ങളില്‍ എനിക്ക് ഏറെ സംതൃപ്തി തന്നിട്ടുള്ള ഗ്രന്ഥമാണ് 'കേരളചരിത്രത്തിനൊരു മുഖവുര'. എങ്കിലും പ്രഥമഗ്രന്ഥത്തിനോടാണ് ദലിതര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നത്. അതിന്റെ പല പതിപ്പുകള്‍ ഉണ്ടായതുതന്നെ പ്രത്യേക തെളിവാണ്. സാമാന്യ ദലിത് ജനതയെ ആകര്‍ഷിക്കുവാന്‍ ചില കാരണങ്ങളുണ്ട്. സ്ഥാപിക്കപ്പെടുന്ന വസ്തുതകള്‍ക്കും നിഗമനങ്ങള്‍ക്കുമുള്ള പ്രാമാണികരേഖകള്‍ അതില്‍ ഹാജരാക്കുന്നുണ്ട് എന്നതാണ് ആ പ്രത്യേകത. അതില്‍ നരവംശശാസ്ത്രപരമായ പ്രത്യേകതകളും നിഴലിക്കുന്നുണ്ട്.

ചോ: 6. 'കേരളചരിത്രത്തിനൊരു മുഖവുര' എന്ന ഗ്രന്ഥം രചിക്കാനുണ്ടായ സാഹചര്യം എന്താണ്?

ഉ: ആ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ത്തന്നെ പ്രസ്തുത സാഹചര്യത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. അത് ഒന്നുകൂടി വിശദീകരിക്കാം. കേരളചരിത്രകാരന്മാര്‍ എന്ന പേരിന് അര്‍ഹതയുള്ളവര്‍ വിരലിലെണ്ണാന്‍ മാത്രമേയുള്ളൂ. അവരില്‍ പ്രമുഖരാണ് വില്യം ലോഗന്‍, കെ പി പത്മനാഭമേനോന്‍, ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. സി കെ കരീം, പി കെ ബാലകൃഷ്ണന്‍, എംജിഎസ് നാരായണന്‍, രാജന്‍ ഗുരുക്കള്‍, കെകെഎന്‍ കുറുപ്പ്, ഗണേശന്‍ എന്നിവര്‍. ഇവരില്‍ ഏറെ ശ്രദ്ധേയനായിരുന്നു ഇളംകുളം. കേരളത്തിന് ഒരു ഭൂതകാലചരിത്രമുണ്ടെന്ന് തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രഖ്യാപിക്കുകമാത്രമല്ല അദ്ദേഹം ചെയ്തത്. എ ഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെയുള്ള ഒരു ചുടര്‍ച്ചയായ ചരിത്രം പുരാവസ്തുരേഖകള്‍, സംഘകൃതികള്‍, ചെമ്പു പട്ടയങ്ങള്‍, താളിയോലഗ്രന്ഥങ്ങള്‍, ശിലാലിഖിതങ്ങള്‍ മുതലായവയുടെ പിന്തുണയോടെ അദ്ദേഹമാണ് രചിച്ചത്. അദ്ദേഹം ഒറിജിനല്‍ വര്‍ക്കുചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ ചില വീഴ്ചകള്‍ സംഭവിച്ചിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകളുടെ മേന്മ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ പി കെ ബാലകൃഷ്ണന്‍ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിലൂടെ ഇളംകുളത്തിന്റെ കൃതികളെ നഖശിഖാന്തം വിമര്‍ശിക്കുകയും പ്രസ്തുതകൃതികളുടെ പ്രാധാന്യം കുറച്ചുകാണാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ എന്റെ ധര്‍മരോഷം ആളിക്കത്തുകയുണ്ടായി. ശ്രീ തിരുനല്ലൂര്‍ കരുണാകരനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയും 'മി. ചെന്താരശ്ശേരിതന്നെ മറുപടി തയാറാക്കിയാല്‍ അതു കേരളകൗമുദിയിലൂടെ പ്രസിദ്ധീകരിക്കാം' എന്നു ഏല്‍ക്കുകയും ചെയ്തു. പക്ഷെ പ്രസിദ്ധീകരിച്ചുകണ്ടില്ല. ആ സാഹചര്യത്തില്‍ കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍ സമൂലമായ പരിഷ്‌കരണത്തിന് വിധേയമാക്കുകയും പി കെ ബാലകൃഷ്ണനുള്ള മറുപടി ആമുഖമായി ചേര്‍ത്തുകൊണ്ട് പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് 'കേരളചരിത്രത്തിനൊരു മുഖവുര' എന്ന ഗ്രന്ഥം. 

ചോ. 7. 'ജാതിവ്യവസ്ഥയും കേരള ചരിത്രവും' എന്ന പി കെ ബാലകൃഷ്ണന്റെ ഗ്രന്ഥത്തിനു മറുപടിയായി താങ്കള്‍ ചരിച്ച 'കേരളചരിത്രത്തിനൊരു മുഖവുര' എന്ന ഗ്രന്ഥത്തിലെ അടിസ്ഥാന നിലപാടുകള്‍ എന്തെല്ലമാണ്?

ഉ: പി കെ ബാലകൃഷ്ണന്റെ രചനാസാമ്രാജ്യത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ ഭ്രാന്തമായ ചിന്താഗതിയുടെ സന്തതികളാണ്. അതിന് അദ്ദേഹത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടിന്റേയും കൊസാംബിയുടേയും ചില അഭിപ്രായങ്ങള്‍ അദ്ദേഹത്തെ വഴിതെറ്റിച്ചിട്ടുണ്ട്. എങ്കിലും 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ സംവിധാനം, രചനാരീതി എന്നിവയെ ഞാന്‍ ആദരിക്കുന്നു. അതേയവസരത്തില്‍ അതിന്റെ ഉള്ളടക്കത്തില്‍ പലതും സത്യവിരുദ്ധവുമാണ്. ആദരിക്കപ്പെടേണ്ട മറ്റൊരു ഗ്രന്ഥം 'നായര്‍ മേധാവിത്വത്തിന്റെ പതനം' എന്ന പേരില്‍ റോബിന്‍ ജഫ്രി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചോ: 8. കേരളത്തിലെ പറയര്‍, പുലയര്‍, കുറവര്‍, വേടര്‍ മുതലായ ഉപജാതിവിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായ ചരിത്രപാരമ്പര്യമാണോ ഉള്ളത്?

ഉ: കേരളത്തിലെ പറയര്‍, പുലയര്‍ മുതലായവര്‍ ഇവിടത്തെ ആദിജനതയായ ആദിചേരരുടെ ഉപവിഭാഗങ്ങളാണ്. അവര്‍ ഒന്നായിരുന്നതുകൊണ്ട് പ്രത്യേകം പ്രത്യേകം ചരിത്രമുണ്ടാവുക അസ്വാഭാവികമാണ്. ഇവരുടെ ആവിര്‍ഭാവത്തെപ്പറ്റി പ്രത്യേകമായി ഒന്നും പറയാനില്ല.... അവര്‍ക്ക് ജാതിയുടെ ലേബല്‍ നല്‍കിയത് ചൂഷണമനസ്ഥിതിക്കാരായ മതത്തിന്റെ കുത്തകക്കാരാണ്.

ചോ. 9. കേരളത്തിലെ ആദിമജനതയുടെ പിന്മുറക്കാര്‍ ആരാണ്? ചരിത്രപരമായ എന്തടിസ്ഥാനമാണ് ആദിമജനതയുടെ പിന്മുറക്കാര്‍ ആരാണെന്നു നിര്‍ണയിക്കുന്നതിനുള്ളത്?

ഉ: എ ഡി എട്ടാം നൂറ്റാണ്ടുവരെയുള്ള ചേരസാമ്രാജ്യത്തിന്റെ ചരിത്രം ദലിത് ജനതയുടെ ചരിത്രമാണ്. എന്നാല്‍ അവരെ പിന്തള്ളിക്കൊണ്ട് ചാതുര്‍വര്‍ണ്യത്തിന്റെ അധീശാധിപത്യം ഉറപ്പിക്കപ്പെട്ട എട്ടാം നൂറ്റാണ്ടുമുതലുള്ള ചരിത്രം ചാതുര്‍വര്‍ണികരുടെ ചരിത്രമാണ്. പാമ്പാടി ജോണ്‍ ജോസഫിന്റെ അഭിപ്രായം ഒരു കണ്‍ഫ്യൂഷന്റെ ഫലമായുണ്ടായതാണ്. ആദിചേരന്മാരില്‍ നിന്ന് പുതിയ ജനവിഭാഗങ്ങള്‍ കേരള സമൂഹത്തില്‍ ആവിര്‍ഭവിക്കുന്നതുവരെയുള്ള ചരിത്രം ആദിവംശജരുടെ ചരിത്രമാണ്. ആദിചേരന്മാരുടെ അവശിഷ്ടജനവിഭാഗമാണ് പില്‍ക്കാലത്ത് പുലയര്‍, പറയര്‍, കുറവര്‍ എന്നെല്ലാം അറിയപ്പെട്ടത്.

ആദികേരളജനതയെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നത് മെഗസ്തനീസിന്റെ അഭിപ്രായത്തില്‍ ചെര്‍മേയ് (Chermae) എന്ന പദമാണ്. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് വില്യം ലോഗന്‍ മുതലായവര്‍ Cherumar, Cherumakkal, Cheramakkal, Cheras എന്നെല്ലാം ഉപയോഗിച്ചത്. ഈ പദങ്ങള്‍ പുലയരെമാത്രം പരാമര്‍ശിക്കാനുള്ളതാണെന്ന ധാരണയിലാണ് പാമ്പാടി ജോണ്‍ ജോസഫ് ആ രീതിയില്‍ പ്രചാരം നല്കിയത്. ഈ വിഷയം കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നുണ്ട്.

ചോ. 10. മാര്‍ക്‌സിയന്‍ ചരിത്രവീക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു. ഉദാഹരണമായി ഡി ഡി കൊസാംബി, ദേവീപ്രസാദ് ചതോപാധ്യായ തുടങ്ങിയ ചരിത്രകാരന്മാരുടെ വീക്ഷണങ്ങളോട്?

ഉ: ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായ മാര്‍ക്‌സിയന്‍ വീക്ഷണം അംഗീകരിക്കുന്നതില്‍ വലിയ അപാകതയൊന്നുമില്ല. അതേയവസരത്തില്‍ കൊസാംബിയുടെ ചരിത്രവീക്ഷണം സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹത്തിന്റെ കൃതികളില്‍ ചരിത്രവസ്തുതകള്‍ വിശദീകരിക്കുന്ന കാര്യത്തില്‍ അപ്രമാദിത്വം വളരെയേറെ കടന്നുകൂടിയിട്ടുണ്ട്.

ചോ: 11. കേരളത്തിന്റെ പ്രാചീനചരിത്രത്തെ മാര്‍ക്‌സിയന്‍ ചരിത്രധാരണയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഇഎംഎസ്സിന്റെ 'കേരളം മലയാളികളുടെ മാതൃഭൂമി', കെ ദാമോദരന്റെ 'കേരളചരിത്രം' തുടങ്ങിയ കൃതികളെപ്പറ്റി എന്താണഭിപ്രായം?

ഉ: ഇഎംഎസ്സിന്റെ കേരളചരിത്രവീക്ഷണം അപഥത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് എന്റെ പക്ഷം. അദ്ദേഹം 1948 ല്‍ പറഞ്ഞ കാര്യങ്ങള്‍ 1992 ല്‍ തലതിരിച്ചു പറഞ്ഞിട്ടുണ്ട്. ജാതിവ്യവസ്ഥ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിന് പ്രേരകമായിട്ടുണ്ടെന്ന് അഭിപ്രായപ്പെടുവാന്‍പോലും അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. അതുപോലെ അബദ്ധങ്ങളുടെ ഒരു ഘോഷയാത്രതന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. ചില സന്ദര്‍ഭങ്ങളില്‍ സങ്കുചിതത്വവും ദര്‍ശനീയമാണ്. മാര്‍ക്‌സിയന്‍ ചരിത്രകാരന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ മാറ്റി പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് സ്വന്തമായൊരഭിപ്രായം ഇതുവരെ ഉണ്ടായിട്ടുള്ളതായി എനിക്ക് അഭിപ്രായമില്ല.

ചോ. 12. മലയാളത്തില്‍ ആദ്യമായി അയ്യന്‍ കാളിയുടെ ജീവചരിത്രം പ്രസിദ്ധപ്പെടുത്തിയത് താങ്കളാണ്. ഇതിനുവേണ്ടി നടത്തപ്പെട്ട അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും എങ്ങനെയായിരുന്നു?

ഉ: ഒരു ജീവചരിത്രകാരനും എന്നെപ്പോലെ പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഒന്നാമത് അധഃസ്ഥിതവര്‍ഗനേതാക്കന്മാരെപ്പറ്റി രേഖപ്പെടുത്തിവെക്കുവാന്‍ അധികമാരും ഇല്ലായിരുന്നു. ആധികാരികരേഖകളുടെ അഭാവത്തില്‍ ആ കുറവ് നികത്തുന്നതിന് കേരളത്തിന്റെ ഓരോ മുക്കിനും മൂലയിലും ആവര്‍ത്തിച്ചു സഞ്ചരിക്കേണ്ടതായി വന്നു. നേതാക്കന്മാരുടെ സമകാലികരുമായി സംഭാഷണങ്ങള്‍ നടത്തിയും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട മിക്കാവാറും എല്ലാ ഗ്രന്ഥശാലകളിലും ദിവസങ്ങളോളം പ്രയത്‌നിച്ചു. അങ്ങനെ കിട്ടാവുന്ന രേഖകള്‍ ശേഖരിച്ചു. അയ്യന്‍ കാളിയുടെ ജീവചരിത്രരചനക്ക് അദ്ദേഹത്തിന്റെ ചെറുമകനായ വെങ്ങാനൂര്‍ സുരേന്ദ്രന്‍ പ്രസിദ്ധീകരിച്ച ഒരു സൂവനീര്‍ ഏറെ പ്രയോജനം ചെയ്തു. അതൊരു വഴികാട്ടിയായിരുന്നു. അതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് തുടര്‍ന്നു നടത്തിയത്. ആയിടക്ക് 'കേരള ലിങ്കനായ അയ്യന്‍ കാളി' എന്നൊരു ലേഖനം (1966 ല്‍) കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. അയ്യന്‍ കാളിയുടെ ഇളയ സഹോദരനായ പി ഐ വേലുക്കുട്ടിയുടെ സഹകരണം പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കുന്നതിന് ലഭിച്ചിരുന്നു. എട്ടുവര്‍ഷക്കാലം ഞാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ രാത്രിസമയം കഴിച്ചുകൂട്ടി. അങ്ങനെ ഉറങ്ങുന്നതിനുമുമ്പുള്ള സംഭാഷണങ്ങളിലൂടെ കുറേശ്ശെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു പരിപാടി. കേശവന്‍ റൈട്ടറും ടി വി തേവന്‍സ്വാമിയും വളരെയേറെ വിവരങ്ങള്‍ നല്‍കുകയുണ്ടായി. ഇത്രയും വിസ്തരിച്ചുപറഞ്ഞത് മറ്റു മഹാന്മാരുടെ ജീവചരിത്രരചനയിലും ഇതേ അനുഭവങ്ങള്‍ തന്നെയാണ് എനിക്കുണ്ടായിട്ടുള്ളത് എന്ന് സൂചിപ്പിക്കുവാനാണ്. വസ്തുതകള്‍ ശേഖരിച്ചിട്ടുള്ളവര്‍ അവ ലഭ്യമാക്കാന്‍ വിമനസ്‌കത കാണിച്ചിട്ടുണ്ട്.

ചോ. 13. പി ആര്‍ ഡി എസ്സിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

അധഃസ്ഥിതവര്‍ഗക്കാരെ ആത്മീയാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിനുനടന്ന ഒരു മാഹായജ്ഞത്തിന്റെ ഫലമായി രൂപംകൊണ്ടതായിരുന്നു, പ്രത്യക്ഷരക്ഷാദൈവസഭ. എന്നാല്‍ അതിനെ സംശയദൃഷ്ടിയോടെയാണ് ഇതരര്‍ വീക്ഷിക്കുന്നത്. അതിന്റെ ആത്മീയത്തിന്റെ അടിസ്ഥാനമെന്താണെന്ന് പരസ്യമായി വെളിപ്പെടുത്തുവാന്‍ അവര്‍ മടിക്കുന്നുവെന്നതാണ് അതിന്റ ന്യൂനതയായി പറയപ്പെടുന്നത്. 

ചോ. 14. 'അയ്യന്‍ കാളി' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പില്‍ ഒന്നാം അധ്യായം സമൂലം മാറ്റിയെഴുതിയിരിക്കുന്നു. എന്തുകൊണ്ടാണ് രണ്ടാംപതിപ്പില്‍ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്?

ഉ: ഒന്നാം പതിപ്പിന്റെ ആരംഭം നാടകീയസ്വഭാവത്തോടുകൂടിയുള്ളതായിരുന്നു. അതിന് ഒരു നോവലിന്റെ ഛായ തോന്നിച്ചിരുന്നു. കുറേക്കൂടി ഗൗരവമുള്ള ഒരു ആരംഭമാണ് ഗ്രന്ഥത്തിനു വേണ്ടത് എന്നു തോന്നുകയാലാണ് ആ അധ്യായം മാറ്റിയെഴുതിയത്.

ചോ: 15. ഡോ. സി കെ കരീം, എന്‍ കെ ജോസ് തുടങ്ങിയവരുടെ ചരിത്രസമീപനത്തെപ്പറ്റിയുള്ള അഭിപ്രായം?

ഡോ. സി കെ കരീമിന്റെ കേരള സാമൂഹ്യചരിത്രവീക്ഷണം ഏറെ അഭിനന്ദനീയമാണ്. അത് യുക്തിചിന്തയില്‍ അധിഷ്ഠിതമാണ്. ആ രീതി കരീമിന്‌ശേഷം ഞാന്‍ മാത്രമാണ് അവലംബിച്ചിട്ടുള്ളത്. പല ചരിത്രകാരന്മാരും അതംഗീകരിക്കാന്‍ ഇപ്പോഴും മടിച്ചുനില്ക്കുന്നു. എന്‍ കെ ജോസിന്റെ ആദികേരള ക്രൈസ്തവരെപ്പറ്റിയുള്ള അഭിപ്രായങ്ങളും സ്വീകാര്യമാണ്. അവയും ആദികേരളത്തിന്റെ സത്യസന്ധമായ ചരിത്രം കരുപ്പിടിപ്പിക്കുന്നതിന് സഹായകാമാണ്. 

ചോ. 16. കേരള ചരിത്രപഠനമേഖലകളില്‍ നിലനില്ക്കുന്ന സവര്‍ണ പക്ഷപാതിത്വത്തെയും വളച്ചൊടിക്കലിനേയും പ്രതിരോധിക്കുന്ന ചരിത്രപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടോ?

ദലിത് വര്‍ഗങ്ങള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ല. ചരിത്രസത്യങ്ങളെ വളച്ചൊടിക്കേണ്ട ആവശ്യം അവര്‍ക്കില്ല. സത്യസന്ധമായ ഒരു ചരിത്രം രചിക്കുവാന്‍ ദലിത് ചരിത്രകാരന്മാര്‍ക്കുമാത്രമേ കഴിയുകയുള്ളൂ. ഏറ്റവുമധികം ബുദ്ധിജീവികള്‍ ഈ അടിസ്ഥാനവര്‍ഗങ്ങളില്‍ നിന്നാണ് ഉണ്ടാകുവാന്‍ പോകുന്നത്. അവരുടെ കൂട്ടായ യത്‌നംകൊണ്ടുമാത്രമേ സാംസ്‌കാരികരംഗത്തുണ്ടായിട്ടുള്ള ച്യുതി ദൂരീകരിക്കാനാവുകയുള്ളൂ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ