"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

ചെന്താരശ്ശേരി; കാലത്തിന്റെ ഉള്‍വിളികേട്ട എഴത്തുകാരന്‍ - കുന്നുകുഴി.എസ്.മണി


ദലിത് ചരിത്ര സാഹിത്യരംഘത്തെ ഭീഷ്മാചാര്യനായി കരുതി പോന്നിരുന്ന ടി.എച്ച്.പി.ചെന്താരശ്ശേരി നമ്മളില്‍ നിന്നും കടന്നുപോയി. നവതി ആഘോഷിക്കാന്‍ രണ്ടു ദിവസം അവശേഷിക്കുമ്പോഴാണ് ജൂലൈ 26 ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ മഹാനായ ആ ചരിത്ര സാഹിത്യകാരന്‍ അന്തരിച്ചത്. ചരിത്രത്തിന്റെ മുഖ്യധാരയിലേക്ക് ദലിതരുടെ സമത്വബോധത്തേയും കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ചരിത്ര രചനയില്‍ ഏര്‍പ്പെട്ടത്. അങ്ങനെയാണ് അദ്ദേഹം സമൂഹത്തിന്റെ തട്ടില്‍ ജീവിക്കേണ്ടിവന്ന ഒരു ജനതയുടെ ചരിത്രം തേടി നടന്ന് കണ്ടെത്തിയതും അവയൊക്കെ രചനകളാക്കി മാറ്റിയെടുത്തതും.

തിരുവല്ലാ താലൂക്കില്‍ ഓതറയില്‍ പുലയ സമൂദായക്കാരായ കണ്ണന്‍ തിരുവന്റെയും ഭാര്യ ആനിച്ചല്‍ ആനിമയുടെയും മൂത്തമകനായി 1928 ജൂലായ് 29ന് ടി.എച്ച്.പി.ചെന്താരശ്ശേരി ജനിച്ചു. ആദ്യകാല പേര് ടി.ഹിരാപ്രസാദ് എന്നായിരുന്നുവെങ്കിലും പിന്നീടത് വീട്ടുപേരും ചേര്‍ത്ത് പരിഷ്‌കരിച്ചാണ് ടി.ഹീരാപ്രസാദ് ചെന്താരശ്ശേരിയെന്ന് മാറ്റിയതെന്ന് 1973 ല്‍ കുന്നുകുഴി മണക്കുന്നില്‍ വീട്ടില്‍ വന്ന ഒരവസരത്തില്‍ ചെന്താരശ്ശേരി ഈ ലേഖകനോട് പറഞ്ഞിരുന്നു.

ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്നും പ്രീഡിഗ്രിയും, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും, എം.ജി.കോളേജില്‍ നിന്നും ബി.എ, ബി.കോം ബിരുദങ്ങളും നേടിക്കൊണ്ടാണ് തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ചെന്താരശ്ശേരി ഉദ്യോഗത്തില്‍ പ്രവേശിക്കുന്നത്. അന്നദ്ദേഹം എഴുത്തുകാരനോ വാഗ്മീകിയോ ഒന്നുമായിരുന്നില്ല. ഏജീസില്‍ ഉദ്യോഗസ്ഥനായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ആശാന്‍ ഗോവിന്ദനും മറ്റു സഹപ്രവര്‍ത്തകരുമായി അദ്ദേഹം പരിചയപ്പെടുന്നത്. തുടര്‍ന്ന് സമുദായാചാര്യന്‍ അയ്യന്‍കാളിയുടെ ഇളയ സഹോദരന്‍ വേലുക്കുട്ടി ആ കാലത്ത് മണ്ണന്തലയായിരുന്നു താമസം. വേലുക്കുട്ടി ഒരു പെണ്‍കുട്ടിയെ എടുത്തുവളര്‍ത്തിയിരുന്നു കമലം. ആ കമലയുമായി ചെന്താരശ്ശേരി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടു. 

വിവാഹനന്തരം പട്ടം മനുപ്പാലത്തിന് വടക്കുഭാഗത്തെ ടി.കെ.ദിവാകരന്‍ റോഡിനു സമീപം കുറെ സ്ഥലം വാങ്ങി അവിടെ ഒരു ഇരുനില വീടുപണിത് ഭാര്യയും മക്കളുമായി താമസം തുടങ്ങി. ഈ കാലത്തു തന്നെ ചെന്താരശ്ശേരി സാമൂഹിക പ്രതിബദ്ധത മൂലം തന്റെ സമുദായത്തിന്റെ കാര്യങ്ങളിലും മറ്റും ഏര്‍പ്പെട്ടിരുന്നു. എഴുപതുകളോടെ ദലിതരുടെ ഇന്നലെകളെക്കുറിച്ച് ചിന്തിച്ച ചെന്താരശ്ശേരിക്ക് എന്തെങ്കിലും തന്റെ ഗോത്രജനതയെക്കുറിച്ച് എഴുതണമെന്ന തോന്നലുണ്ടായി. അവിടെ നിന്നുമാണ് സ്വന്തം ജനസമൂഹത്തിന്റെ ചരിത്രം തേടുവാന്‍ ആരംഭിച്ചത്. ഒടുവില്‍ 'കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്ന ഗ്രന്ഥമെഴുതി സ്വന്തം നിലയ്ക്കുതന്നെ പ്രസിദ്ധീകരിച്ചു. 10 രൂപയായിരുന്നു വില. എല്ലാവീടുകളിലുമെന്ന പോലെ എന്റെ വീട്ടിലും പുസ്തം കൊണ്ടു തരുകയും എന്റെ അച്ഛനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്റെ പിതാവ് ശങ്കു ആശാന്‍ തിരു: പബ്ലിക് ഹെല്‍ത്ത് ലാബിലെ ജീവനക്കാരനും അയ്യന്‍കാളിയോടും സാധുജനപപരിപാലന സംഘത്തോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള പഴയ ആളെന്ന നിലയില്‍ ചെന്താരശ്ശേരിക്ക് ആവശ്യം വേണ്ടുന്ന കാര്യങ്ങള്‍ അച്ഛന്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞു കൊടുത്തിരുന്നു. തുടര്‍ന്നാണ് അയ്യന്‍കാളിയുടെ ജീവചരിത്രമെഴുതാന്‍ ചെന്താരശ്ശേരി തയ്യാറായത്.

1972-ല്‍ ഞാന്‍ വള്ളക്കടവില്‍ നിന്നും പ്രസിദ്ധീകരിച്ചു പോന്നിരുന്ന കാലപ്രേമി പത്രത്തിന്റെ എഡിറ്ററായിരുന്നു. ഈ കാലത്ത് അയ്യന്‍കാളിയുടെ കൊച്ചുമകന്‍ വെങ്ങാനൂര്‍ സുരേന്ദ്രനുമായി പുളിമൂട്ടിലുള്ള ലോഡ്ജ് മുറിയില്‍ വച്ച് ചങ്ങാതിമാരായി തീര്‍ന്നിരുന്നു. സുരേന്ദ്രന്‍ അന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും കേരള കൗമുദി വീക്ക് എന്റ് മാഗസീനില്‍ ധാരാളം കവിതകള്‍ എഴുതിയിരുന്നു. ഇങ്ങനെ സൗഹൃദം കൂടുന്നതിനിടയില്‍ മഹാനായ അയ്യന്‍കാളിയെക്കുറിച്ച് ഒരു ചരിത്രഗ്രന്ഥം എഴുതുന്നതിനെക്കുറിച്ച് സുരേന്ദ്രന്‍ പറഞ്ഞു. കാരണം 1964 ല്‍ ബി.ഡി.ഒ. ആയിരുന്ന അയ്യന്‍കാളിയുടെ സഹോദരി പുത്രന്‍ സി.കൃഷ്ണന്‍ അയ്യന്‍കാളിയെക്കുറിച്ച് കേരളകൗമുദിയില്‍ ഒരു ലേഖനം എഴുതിയിരുന്നു. അയ്യന്‍കാളിയെക്കുറിച്ച് അദ്ദേഹം മരിച്ച് രണ്ട് പതിറ്റാണ്ടിനു ശേഷം ആദ്യമായി എഴുതിയ ലേഖനമായിരുന്നത്. അതിന്റെ ഒക്കെ പശ്ചാത്തലത്തിലാണ് അയ്യന്‍കാളിയെക്കുറിച്ചൊരു പുസ്‌കത്തെക്കുറിച്ച് ഞങ്ങള്‍ ആലോച്ചിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് പലേടത്തും പോയി ചരിത്രമൊക്കെ തേടിപ്പിടിക്കുകയും അയ്യന്‍കാളിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളുകളെ കാണുകയും സംഭാഷണം നടത്തുകയുമൊക്കെ ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തിലാണ് അതെ വര്‍ഷം തന്നെ എനിക്ക് കളമശ്ശേരി ഐ.ടി.ഐ.യില്‍ ഒരു ട്രെയിനിംഗിന് പോകേണ്ടതായി വന്നത്. അതോടെ അയ്യന്‍കാളി ചരിത്രരചന നിലച്ചു. ഞാന്‍ ട്രെയിനിംഗ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വെങ്ങാനൂര്‍ സുരേന്ദ്രന്‍ സ്വന്തം നിലയില്‍ 'ശ്രീ അയ്യന്‍കാളി സ്മാരക ഗ്രന്ഥം' എന്ന പേരില്‍ ഒരു സോവനീര്‍ 1974 ആഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. സുരേന്ദ്രന്‍ എനിക്കും ഒരു സോവനീര്‍ തന്നിരുന്നു. പീന്നീട് അയ്യന്‍കാളിയുടെ ജീവചരിത്രം രചിക്കാന്‍ വന്നവര്‍ക്കും, പി.എച്ച്.ടി ചെയ്യാന്‍ എത്തിയവര്‍ക്കും ആ സ്മാരക ഗ്രന്ഥം ഒരു റഫറന്‍സ് ഗ്രന്ഥമായി പരിണമിച്ചു. ഒട്ടേറെ ചിരത്രകാരന്മാര്‍ക്ക് സി.അഭിമന്യു, ചെറായി രാമദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്റെ കൈവശമുണ്ടായിരുന്ന സ്മാരക ഗ്രന്ഥത്തിന്റെ ഫോട്ടോസ്റ്റാറ്റാണ് എടുത്തുകൊടുത്തത്. ചെന്താരശ്ശേരിയുടെ അയ്യന്‍കാളിക്കും ഈ ഗ്രന്ഥം ഉപകാരപ്പെട്ടുവെന്നത് നേരാണെങ്കിലും റഫറന്‍സില്‍ ഒരിടത്തുപോലും അദ്ദേഹമത് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

1978 ല്‍ ചെന്താരശ്ശേരി 'ശ്രീ അയ്യന്‍കാളി' എന്ന ജീവചരിത്രഗ്രന്ഥം നിലയില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ വില 10 രൂപയായിരുന്നു. ഗ്രന്ഥ പ്രസിദ്ധീകരണത്തിന് മുമ്പുതന്നെ 10 രൂപ വീട്ടിലും വന്ന് വാങ്ങിയിരുന്നു. 1979 മുതല്‍ക്കാണ് പ്രഭാത് ബുക്ക് ഹൗസ് ചെന്താരശ്ശേരിയുടെ അയ്യന്‍കാളിയെന്ന ഗ്രന്ഥം ഏറ്റെടുത്ത് പ്രകാശനം ആരംഭിക്കുന്നത്. ഈ കാര്യങ്ങളൊക്കെ ഒരു സുഹൃത്തെന്നനിലയ്ക്ക് എനിക്ക് നന്നായി അറിയാവുന്നതാണ്. തുടര്‍ന്ന് പല എഡിഷനുകളായി അയ്യന്‍കാളി ജീവചരിത്രം പ്രസിദ്ധീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍ എന്ന ചെന്താരശ്ശേരിയുടെ അപൂര്‍വ്വഗ്രന്ഥം പുറത്തു വന്ന കാലത്ത് ഒരിക്കല്‍ അദ്ദേഹം എന്നെ കുന്നുകുഴിയിലെ വീട്ടില്‍ വന്ന് കൂട്ടികൊണ്ട് ഏജീസ് ഓഫീസിലെത്തുകയും ആ പുസ്തകത്തെക്കുറിച്ചുള്ള ഒരു റെവ്യു കുങ്കുമം വാരികയില്‍ എഴുതണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ആ കാലത്ത് കുങ്കുമം വാരികയില്‍ ചില റെവ്യുകള്‍ എഴുതിയിരുന്നു. റെവ്യു എഴുതാന്‍ ചെന്താരശ്ശേരി ഒരു നക്കല്‍ എഴുതി തരുകയും ചെയ്തിരുന്നു. നാല്പത്തി അഞ്ചു വര്‍ഷമായി ആ നക്കല്‍ ഞാനിന്നും സൂക്ഷിച്ചു പോരുന്നു. കുങ്കുമം കേരള ശബ്ദം വാരികയുടെ ഓഫീസ് ആ കാലത്തത് പടിഞ്ഞാറെക്കോട്ടയിലെ ഒരു അമ്മവീട്ടിലാണ് സ്ഥപിച്ചിരുന്നത്. അന്നതിന്റെ സൗരഥികള്‍ പ്രസിദ്ധ സാഹിത്യകാരന്മാരായ വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ആനന്ദക്കുറുപ്പ്, കെ.എസ്.ചന്ദ്രന്‍, കല്ലട വാസുദേവന്‍ എന്നിവരായിരുന്നു. ഇവരൊക്കെയുമായി എനിക്കന്ന് നല്ല സൗഹൃദമായിരുന്നു. കുങ്കുമം ഓഫീസില്‍ എത്തുമ്പോള്‍ തന്നെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുസ്തക റെവ്യു എഴുതുന്നതിന് ഒട്ടേറെ പുസ്തങ്ങള്‍ തരുമായിരുന്നു. അങ്ങിനെയാണ് ചെന്താരശ്ശേരിയുടെ അവഗണിക്കപ്പെട്ട ഏടുകള്‍ എന്ന പുസ്തകത്തിന്റെ റെവ്യു കുങ്കുമത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ ഞാനും ചെന്താരശ്ശേരിയും തമ്മില്‍ വലിയ സൗഹൃദത്തിലായി.

അയ്യന്‍കാളി ജീവചരിത്രത്തോടെ ചെന്താരശ്ശേരി ഏതാണ്ട് കേരളത്തിലൊട്ടാകെ അറിയപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് എഴുത്തിന്റെ ലോകത്തേയ്ക്കു മടങ്ങിയ ചെന്താരശ്ശേരി വയനാടിനെ കേന്ദ്രീകരിച്ച് കേരളത്തിന്റെ മലര്‍വാടി എന്നൊരു ചെറിയ പുസ്തകമെഴുതി. അതു കഴിഞ്ഞപ്പോള്‍ കേരളചരിത്രവും ഇളംകുളം കുഞ്ഞന്‍പിള്ളയും എന്നൊരുപുസ്തമെഴുതി. ചരിത്രകാരനായ ഇളംകുളവുമായിട്ടുണ്ടായിരുന്ന സൗഹൃദമാണ് അത്തരമൊരു രചനയ്ക്ക് കാരണമായത്. തുടര്‍ന്ന് കേരള ചരിത്രധാര, ചേരനാട്ടുചരിത്ര ശകലങ്ങള്‍, പൊയ്കയില്‍ ഗുരുദേവന്‍, കേരള ചരിത്രത്തിനൊരു മുഖവുര, പാമ്പാടി ജോണ്‍ ജോസഫ്, ഡോ.അംബേദ്ക്കര്‍-തത്വചിന്തകളും പ്രവര്‍ത്തനങ്ങളും, അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങള്‍, ആദി ഇന്ത്യാക്കാരുടെ ചരിത്രം, ഭാരത് രന്തം അംബേദ്ക്കര്‍, കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യന്‍കാളി, ചാതുര്‍ വര്‍ണ്യവും അംബേദ്ക്കറിനേയും, അയ്യന്‍കാളി ദലിതരുടെ പടത്തലവന്‍, വിപ്ലവകാരിയായ ആനന്ദതീര്‍ത്ഥന്‍, ഇന്ത്യാ ചരിത്രത്തിലെ ചില ചതിക്കുഴികള്‍, വര്‍ണബാഹ്യ നവോത്ഥാന ശില്പികള്‍, അംബേദ്ക്കറുടെ വ്യക്തിത്വം, കേരള നവോത്ഥാന നായകന്മാര്‍, കേരളത്തിന്റെ വിരിമാറിലൂടെ (യാത്രാവിവരണം), ചെന്താരശ്ശേരിയുടെ ആദിമധ്യാന്തം, തലമുറകള്‍ (നോവല്‍), വേരുകള്‍ (നോവല്‍), കൂടാതെ ഇംഗ്ലീഷില്‍ Ayyan kali - The First- Dalit - Leader, History of the Indigemons Indians, Ambedkar on Indian History തുടങ്ങിയ 35ഓളം പുസ്തകങ്ങള്‍ ചെന്താരശ്ശേരി തന്റെ തൊണ്ണൂറു വയസ്സിനുള്ളില്‍ എഴുതി തീര്‍ത്തിരുന്നു. അതില്‍ ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചത് കേരള ചരിത്രമാണ്. പ്രഭാത് ബുക്ക് ഹൗസാണ് അതിന്റെ പ്രസാധകര്‍. പ്രഭാത് ബുക്ക് ഹൗസ്, മൈത്രി ബുക്‌സ്, സാഹിത്യ അക്കാദമി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരാണ് ചെന്താരശ്ശേരിയുടെ പുസ്തകങ്ങള്‍ ഏറെയും പ്രസിദ്ധീകരിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ (30) പുസ്തകങ്ങള്‍ മൈത്രി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2005-ല്‍ മഹാനായ അയ്യന്‍കാളിയുടെ 142-ാം ജയന്തി പ്രമാണിച്ച് തിരുവനന്തപുരം ദൂരദര്‍ശന്‍ നടത്തിയ ടി.വി. ചര്‍ച്ചയില്‍ ചെന്താരശ്ശേരിയോടൊപ്പം, ഞാനും, ഐ.ശാന്തകുമാറും, കെ.ജെ.രാജുവും പങ്കെടുത്തിരുന്നു. അന്ന് ചര്‍ച്ച നയിച്ചത് ഐ.ശാന്തകുമാറായിരുന്നു. അതുപോലെ കോട്ടയം കിടങ്ങാംപറമ്പ് മൈതാനിയില്‍ വച്ച് കല്ലറ സുകുമാരന്‍ നടത്തിയ സമ്മേളനത്തില്‍ ചെന്താരശ്ശേരി, ദലിത് ബന്ധു എന്‍.കെ.ജോസ് എന്നിവരോടൊപ്പം എന്നെയും ആദരിച്ചിരുന്നു. ഇങ്ങനെ എത്രയെത്ര ആദരിക്കലുകള്‍. ജൂലൈ 31 ന് വെങ്ങാനൂര്‍ അയ്യന്‍കാളി സ്മൃതി മണ്ഡത്തില്‍ വച്ച് യുക്തിരേഖ മാസികക്കാര്‍ ചെന്താരശ്ശേരിയെയും എന്നെയും ആദരിക്കാന്‍ ക്ഷണിച്ചിരുന്നതാണ്. പക്ഷെ ആദരിക്കലിനു നില്ക്കാതെ ചെന്താരശ്ശേരി കടന്നു പോയി.

അടിസ്ഥാന ഗോത്രവര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള ചരിത്രഗവേഷണമാണ് ചെന്താരശ്ശേരി പ്രധാനമായും നടത്തിയിരുന്നത്. ജീവചരിത്രം, യാത്രവിവരണം, നോവല്‍ എന്നീ ശാഖകളിലായിട്ടാണ് ചെന്താരശ്ശേരി പുസ്തക രചന നടത്തിപോന്നിരുന്നത്. അതാകട്ടെ ആരെയെങ്കിലും അനുകരിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിച്ചിട്ടുമില്ല. തനതായ ശൈലിയില്‍ ഇത്രയും കാലം അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഏപ്രില്‍ 12 ന് അവസാനമായി ബാങ്ക് എംബ്ലോയീസ് യൂണിയന്‍ ഹാളില്‍ വച്ചു കാണുമ്പോഴും എന്തോ ഒരെണ്ണം എഴുതിക്കൊണ്ടിരിക്കുന്നുവെന്നാണ് എന്നോട് പറഞ്ഞത്. നാലുപതിറ്റാണ്ടു കാലത്തെ എഴുത്തിനിടയില്‍ ഒട്ടേറെ അവാര്‍ഡുകളും ആദരിക്കലുകളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഡോ.അംബേദ്കര്‍ ഓണ്‍ ഇന്ത്യന്‍ ഹിസ്റ്ററി എന്ന കൃതിക്ക് രാജ്യാന്തര അംബേദ്ക്കര്‍ സാഹിത്യ പുരസ്‌കാരം ഹിസ്റ്ററി ഓഫ് ദി ഇന്‍ഡിജീനസ് ഇന്ത്യന്‍സ് എന്ന ഗ്രന്ഥത്തിന് ഡോ.അംബേദ്ക്കര്‍ നാഷണല്‍ സാഹിത്യ പുരസ്‌കാരം, നാലാമത് പ്രൊ.എ.ശ്രീധര മേനോന്‍ മെമ്മോറിയല്‍ കേരള ശ്രീ സമ്മാന്‍ അവാര്‍ഡ് (2014) എന്നിവ ലഭിച്ചിരുന്നു. കൂടാതെ ഇന്‍ഡസ്റ്ററ്റിയൂട്ട് ഓഫ് കേരള സ്റ്റഡീസ് ഇന്ത്യയിലെ മുതിര്‍ന്ന ചരിത്രകാരന്‍ എന്ന നിലയില്‍ ചെന്താരശ്ശേരിക്ക് ആദരവും ലഭിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ചെന്താരശ്ശേരിയെ തേടിയെത്തിയ അവാര്‍ഡ് കേരള പൈതൃക പഠന കേന്ദ്രത്തിന്റെ സര്‍ദാര്‍ കെ.എം.പണിക്കര്‍ അവാര്‍ഡായിരുന്നു. 2018 ഏപ്രില്‍ 12ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ വച്ച സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. അവാര്‍ഡ് ദാന യോഗത്തില്‍ ഞാനും ക്ഷണിതാവായ പങ്കെടുത്തിരുന്നു. അവിടെ വച്ച് ഇന്ത്യാ ബുക്ക്‌സ് ഇയിടെ പ്രസിദ്ധീകരിച്ച 'മലയാള സിനിമയിലെ ദുരന്ത നായിക' എന്ന എന്റെ ഗ്രന്ഥത്തിന്റെ ഒരു കോപ്പി ഞാന്‍ ചെന്താരശ്ശേരിക്കു സമ്മാനിച്ചു. ബുക്ക് സ്വീകരിച്ച ശേഷം ചെന്താശ്ശേരി 200 രൂപയെടുത്ത് എന്റെ പോക്കറ്റില്‍ വച്ചു തന്നു. അന്നാണ് ഞാനും ചെന്താരശ്ശേരിയും തമ്മില്‍ അവസാനമായി കാണുന്നത് ഒപ്പം മകളുമുണ്ടായിരുന്നു.

നാലുപതിറ്റാണ്ടുകാലത്തോളം ദലിത് സമത്വ ബോധം ഉയര്‍ത്താന്‍ തന്റെ തൂലിക തുമ്പ് പടവാളാക്കിയ ചെന്താരശ്ശേരിയെന്ന ചരിത്രകാരന്‍ കാലയൗവനികയില്‍ മറഞ്ഞുപോയി. ഏറ്റവും കൂടുതല്‍ ദലിത് രചനകള്‍ നടത്തിയത് പോള്‍ ചിറക്കരോടായിരുന്നു. രണ്ടാം സ്ഥാനത്ത് നില്ക്കുന്നത് ചെന്താരശ്ശേരിയും മഹാനായ ആ എഴുത്തുകാരനോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ