"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

ശബരിമലയുടെ ചരിത്രം - സുദര്‍ശന്‍ കെ പിള്ള2001 -ലെ 'സമീക്ഷ' നവവത്സരപ്പതിപ്പ്.

ഹൈന്ദവഫാസിസം വളരുകയാണല്ലോ ഇന്ന്. ധാര്‍മികമായ മതവിശ്വാസത്തെ രാഷ്ട്രീയാത്മകമാക്കുകയാണ് ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. ധാര്‍മികതയാല്‍ നിയന്ത്രിതമായ സാമൂഹികതയാണ് ഇസ്ലാമിലും ക്രിസ്തുമതത്തിലുമുള്ളത്. ആള്‍ക്കൂട്ടമാണ് ഹൈന്ദവസമൂഹത്തിന്റെ സ്വത്വംതന്നെ. അതിനെ യാന്ത്രികമായി സാമുഹീകരിക്കാനുള്ള കപടയത്‌നമാണ് ബിജെപിയും മറ്റും ചെയ്യുന്നത്. ശ്രീരാമനേയും കൂട്ടരേയും ഭക്ത്യുന്മാദം വളര്‍ത്തുവാന്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ തത്രപ്പാട് അതാണ്. ജാതിയുടേയും ഉപജാതിയുടേയും കനത്ത ചെളിക്കുണ്ടില്‍ നിന്നും നയനമനോഹരമായ താമര വിടര്‍ത്തുകയാണ് ബിജെപിയുടെ രാഷ്ട്രീയാദര്‍ശം എന്നു തോന്നുന്നു. ഈ വേളയില്‍ ശബരിമലയുടെ പൂര്‍വചരിത്രം ഒന്നാരായുന്നത് യുക്തസഹമായ നടപടിയായിരിക്കും.

'ശബരി' എന്ന ഭക്തയായ സ്ത്രീയുമായി മലക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. 'അയിരമല' എന്നാണ് ശരിയായ പേര്. പതിനെട്ട് മലകളുടെ സമുച്ഛയമാണത്. പതിനെട്ട് സൃഷ്ടികള്‍ വന്നത് അങ്ങനെയാണ്. അയിര എന്നത് സംസ്‌കൃതത്തിലെ രേഫലകാരഭേദത്താല്‍ അയില എന്നാകുന്നു. 'കാക്ക കൊത്താത്ത അയില'യായി ആ മലയെ പഴന്തമിഴ് കൃതിയില്‍ പരാമര്‍ശിച്ചുകാണുന്നുണ്ട്. അയില സംസ്‌കൃതത്തില്‍ 'ശഫരി' ആണ്. അങ്ങനെ അയിര എന്ന അയില (ശഫരി) ശബരിമലയായി മാറുന്നു.

അയിരമലയില്‍ ഒരു കൊറ്റവൈ ക്ഷേത്രമുണ്ടായിരുന്നു. ഒരു ചേരമന്നന്‍ അവിടേക്ക് സപരിവാരം പോയതായി ചരിത്രത്തില്‍ കാണുന്നു. ഇന്നത്തെ ക്ഷേത്രത്തിന് പഴക്കമുണ്ടെന്ന് തോന്നുന്നില്ല. പൊന്നമ്പലമേട്ടിലായിരുന്നു പഴയ ക്ഷേത്രം നിലനിന്നിരുന്നത്.

'അയ്യപ്പന്‍' എന്ന പേര് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ആര്യാത്മാവ് എന്നതിന്റെ പ്രാകൃതംവഴി വന്ന രൂപമാണ് അത്. ആര്യമതമെന്നത് ബുദ്ധമതമാണ്. ബുദ്ധന്റെ ബോധിസത്വനായ അവലോകിതേശ്വരനുമായി അയ്യപ്പന് ബന്ധമുണ്ടെന്നും ഒരു വ്യാഖ്യാനം കാണാം. ഏതായാലും ശ്രീബുദ്ധനോ അവലോകിതേശ്വരനോ 
ആണ് അതെന്ന് വ്യക്തമാണ്.

അവലോകിതേശ്വരന് 'ഭൂതനാഥനെ'ന്ന് പേരുണ്ട്. ബുദ്ധനെ പരിഹാസപൂര്‍വം ബ്രാഹ്മണര്‍ 'ഭൂത'മെന്ന് വിളിച്ചിരുന്നു. അവരുടെ നാഥനാകയാല്‍ ബുദ്ധനെ ഭൂതനാഥനെന്നു പറയുന്നു. അതറിയാതെ പഞ്ചഭൂതങ്ങളുടെ അധിപതിയായതിനാലാണ് ഭൂതനാഥനായതെന്ന് കരുതുന്നവരുണ്ട്. 'ഐ അയ്യ'പ്പനത്രേ. അത് ഐ എസത് അഞ്ചിനെക്കുറിക്കുന്നു.

പന്തളരാജ്യവുമായി സ്വാമി അയ്യപ്പന്റെ ചരിത്രത്തിന് ബന്ധമുണ്ടല്ലോ. പന്തളമന്നനായ രാജാവിന്റെ വളര്‍ത്തുമകനായ അയ്യപ്പനെന്ന ധീരകുമാരന്‍, ഉദയനെന്ന മറവപ്പടത്തലവനെ നേരിടുന്നതിന് പടനയിക്കുന്നു. എന്തിനായിരുന്നു അവര്‍ മലയിലേക്കു നീങ്ങിയത്? 

വാണിജ്യത്തിന് പരമപ്രാധാന്യമുണ്ടായിരുന്ന നാടിന്റെ നട്ടെല്ലായ കച്ചവടകേന്ദ്രങ്ങള്‍ കൊള്ളയടിച്ചപ്പോള്‍ അതിനെതിരെ അണിനിരക്കുകയായിരുന്നു അവര്‍. എരുമേലിയിലേയും ആലങ്ങാട്ടേയും പന്തളത്തേയും കച്ചവടശാലകള്‍ ഉദയനനും കൂട്ടരും തകര്‍ത്ത് നാട്ടില്‍ അരാജകത്വം വിതച്ചപ്പോള്‍ അയ്യപ്പനെന്ന കുമാരന്റെ നേതൃത്വത്തില്‍ അവര്‍ നീങ്ങി. മലയിലെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രസങ്കേതം താവളമാക്കിയാവണം ഉദയനന്‍ പ്രവര്‍ത്തിച്ചത്. അവിടെ പന്തളരാജ്യത്തില്‍ പെട്ടതിനാലാകാം അയ്യപ്പന്റെ കീഴില്‍ അണിനിരന്നത്. അയ്യപ്പന്‍ സാതവാഹനനാണ്. 'സാര്‍ത്ഥവാഹനനെ'ന്നാണല്ലോ അത്. അക്കാര്യം ഗ്രഹിക്കാതെ പുലിവാഹനന്‍ എന്നര്‍ത്ഥം പറഞ്ഞുകാണുന്നു.

നാശംനേരിട്ട കച്ചവടക്കാരൊന്നാകെ 'ജാതിഭേദംകൂടാതെ അയ്യപ്പനെന്ന രാജകുമാരന്റെ കീഴില്‍ മലയിലേക്കു നീങ്ങുന്നു. 'കടുത്ത'യെന്ന ക്രൈസ്തവനും 'വാവരെ'ന്ന മുസല്‍മാനും ആ സംഘത്തിലുണ്ടായിരുന്നു. ('വ്യാപാരി'യാണ് 'വാവരി'യെന്ന 'വാവാര്‍' (വാവര്‍)'

യുവധീരനായ പന്തളരാജപുത്രന്റെ വീരമൃത്യുവിലൂടെ ക്ഷേത്രസങ്കേതം പാവനമായിത്തീരുകയാണുണ്ടായത്. കൊച്ചിരാജ്യത്തെ ഇളമുറത്തമ്പുരാന്‍ യുദ്ധത്തില്‍ മരിച്ചതിന്റെ സ്മരണക്ക് 'എളമക്കര'യെന്ന നാമം വന്നതോര്‍ക്കുക.

'പേട്ടതുള്ളല്‍' എന്നതില്‍ നിന്നും മലയാത്രക്ക് കച്ചവടസംസ്‌കാരവുമായി ബന്ധമുണ്ടെന്നും കാണാം. അവരാണല്ലോ, മലയിലേക്ക് നീങ്ങിയത്. തുടക്കത്തില്‍ വീരഭാവത്തിന്റെ ഓജസ്സുനിഴലിച്ചിരുന്ന ആ യുദ്ധയാത്രക്ക്, കുമാരന്റെ മൃത്യുവിലൂടെ സാത്വികത്വവും ഭക്തിപൂര്‍വവുമായ ഒരു മാനം കൈവരിക്കുകയുമാണുണ്ടായത്. പാണ്ഡ്യരാജവംശവുമായി പന്തളത്തിന് ബന്ധമുണ്ടായിരുന്നു. അവിടത്തൊരു കുമാരനാണ് കൊല്ലപ്പെട്ടത്. ശബരിമലയുടെ തമിഴ് ജനതക്ക് പ്രിയംകരമാകുവാന്‍ പ്രേരണ ആ ബന്ധമാകാം.

മഴക്കാലം കഴിഞ്ഞുള്ള വേളയിലാണ് സംഘം മലയിലേക്ക് നീങ്ങുന്നത്. വര്‍ഷക്കാലം ഒരു പോരാട്ടത്തിനുപറ്റിയ സന്ദര്‍ഭമല്ലല്ലോ. സീതാന്വേഷണത്തിന് വാനരന്മാര്‍ തിരിക്കുന്നതും അത്തരമൊരു വേളയിലത്രേ. മണ്ഡലക്കാലം വൃശ്ചികാരംഭത്തില്‍ വരുന്നതിന്റെ പൊരുള്‍ അതാണ്. 41 നാളത്തെ വ്രതത്തിനുശേഷമാണ് യാത്ര ആരംഭിച്ചത്. ലൗകികമായ വിരക്തി വരിക്കുന്നതിനാണിത്. മക്കളേയും ഭാര്യയേയുംമറ്റും വെടിഞ്ഞുള്ള യാത്രയാണല്ലോ. അത്തരം വികാരങ്ങളടക്കിനിര്‍ത്തിയില്ലെങ്കില്‍ യുദ്ധത്തില്‍ ഏകാഗ്രത സിദ്ധിക്കുകയില്ല. പരാജിതരാകും (യേശു 41 നാള്‍ ഗസ്തമേന്നില്‍ ധ്യാനത്തിലിരുന്നത് സ്മരിക്കാം).

സ്ത്രീകളെ യുദ്ധത്തിനുപോകുമ്പോള്‍ കൊണ്ടുപോകില്ല. ഇന്നും മലയില്‍ അവര്‍ക്ക് പ്രവേശനം നിഷ്ദ്ധമായത് പഴയചരിത്രത്തിന്റെ ആവൃത്തിയിലാകാം. 

അന്ന് പടയിലുള്ളവര്‍ കരുതിയ ഭക്ഷണവും മറ്റുമാണ് ഇരുമുടിക്കെട്ടിലുള്ളത്. അമ്പും കരുതിയിരിക്കാം. തലയില്‍ ഭാരം തുലിതമാക്കുവാനാണ് രണ്ടായി തിരിച്ച് ഇരുമുടിയാക്കിയത്. യുദ്ധത്തിനിടെ ഇരുട്ടില്‍ തിരിച്ചറിയാതിരിക്കാനാണ് ദീക്ഷയും കറുത്ത വസ്ത്രവും ധരിക്കുന്നത്. 

അന്ന് അയ്യപ്പന്റെ നേതൃത്വത്തില്‍ നീങ്ങിയവര്‍ ആചരിക്കുന്ന എല്ലാ ആചാരങ്ങളും അണുവിടാതെ ഇന്നും പുലര്‍ത്തുന്നു. 'വീര'ത്തിന്റെ സ്ഥാനത്ത് ഭക്തിവന്നുവെന്നു മാത്രം. മുസല്‍മാനായ വാവരും കൂട്ടരും കൂടെയുണ്ടായിരുന്നുവല്ലോ. കല്ലിടാംകുന്നില്‍ കല്ലിടുന്ന ചടങ്ങ് അങ്ങനെ വന്നതാണ്. ഹജ്ജ് യാത്രക്കിടയില്‍ ആ ആചാരമുണ്ടല്ലോ.

താഴെനിന്നും മുകളിലെത്തിയതിന്റെ അടയാളം നല്കലാണ് ശരംകുത്തല്‍. ശത്രുവിനുനേരെ രാത്രിയില്‍ പലയിടത്തുനിന്നും ആക്രമണുണ്ടാകുന്നു. തീകൂട്ടി ആക്രമിക്കാനുള്ള സമയസൂചന നല്കുന്നു. 'മകരജ്യോതി'യുടെ ചരിത്രപശ്ചാത്തലം അതാണ്.

രാജ്യഭാരമേല്‌ക്കേണ്ട കുമാരനേയും കാത്ത് അവന്റെ വിരിമാറില്‍ ശയിക്കേണ്ടിയിരുന്ന കനകാഭരണങ്ങളുമായി എല്ലാവര്‍ഷവും പന്തളരാജ്യം കണ്ണീരോടെ എഴുന്നെള്ളുന്നു. അതാണ് തതിരുവാഭരണ ഘോഷയാത്ര. 'രാജപത്‌നി'പദം അലങ്കരിക്കേണ്ട കന്യകയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചതാണ് 'മാളികപ്പുറത്തമ്മ'യെന്ന് വ്യക്തമാണ്. (അവലോകിതേശ്വരന് 'നീല താര' എന്ന സങ്കല്പകളത്രം ഉള്ളത് സ്മരണീയമത്രേ)

യുദ്ധത്തിനിടെ അയ്യപ്പന്റെ ദിവ്യസങ്കേതത്തില്‍വെച്ച് പന്തളകുമാരന്‍ മൃതിപ്പെടുന്നു. ഭക്തര്‍ ഈശ്വരങ്കല്‍ വിലയംകൊള്ളുന്നു. അങ്ങനെ വെറും കുമാരന്‍ അയ്യപ്പനായി മാറുന്നു. അയ്യപ്പനെന്ന പേര് അങ്ങനെ വന്നതാണ്. മല കേന്ദ്രമാക്കി നാടുകളിലെ കച്ചവടകേന്ദ്രങ്ങള്‍ കൊള്ളയടിച്ച മറവപ്പടക്കെതിരെ കച്ചവടക്കാര്‍ പന്തള രാജകുമാരന്റെ കീഴില്‍ അണിനിരന്നതും കുമാരന്റെ വീരമരണത്തിലൂടെ യുദ്ധയാത്ര പവിത്രീഭവിച്ചതുമായ സംഭവവുമാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലം.

(പുലിപ്പാല്‍ കഥയൊക്കെ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാകാം. ചരിത്രം ഐതിഹ്യമാനം പേറുമ്പോള്‍ വര്‍ണക്കൂട്ടേറുമല്ലോ.)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ