"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

ശബരിമല ബുദ്ധവിഹാരമാണ്; കേസരി ആര്‍ ബാലകൃഷ്ണപിള്ളഎം എന്‍ വിജയന്‍ സമാഹരിച്ച്, കേരളഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച 'കേസരിയുടെ ചരിത്രാന്വേഷണങ്ങള്‍. അയോധ്യ, ലങ്ക, ശബരിമല' എന്ന ഗ്രന്ഥത്തിലെ 'ശബരിമല അഥവാ ടിബറ്റും കേരളവുംതമ്മിലുള്ള ബന്ധം' എന്ന അധ്യായത്തില്‍നിന്ന് ലഭിച്ച വായനാനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ബുദ്ധഭിുക്ഷുക്കളായ പണ്ഡിതന്മാരാണ് ലാമകള്‍. ടിബറ്റില്‍ ആധ്യാത്മിക-രാഷ്ട്രീയ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെടുന്ന ലാമകള്‍ അവലോകിതേശ്വരബോധിസത്വന്റെ പിന്തുടര്‍ച്ചക്കാരായി ജനിക്കുന്നവരാണെന്ന് കരുതപ്പെടുന്നു. സാക്ഷാല്‍ അവലോകിതേശ്വരബോധിസത്വന്റെ പ്രധാനവാസസ്ഥലമായ പോതാളകം കേരളത്തിലെ ശബരിമലയിലാണ് സ്ഥിതിചെയ്യുന്നതെന്നതിനാല്‍ ടിബറ്റും കേരളവും തമ്മില്‍ ബന്ധമുണ്ടന്നും അത് സ്ഥാപിക്കുവാനുമാണ് താന്‍ ഈ പ്രബന്ധരചനയിലൂടെ ഉദ്യമിക്കുന്നതെന്ന് കേസരി ആര്‍ ബാലകൃഷ്ണപിള്ള ആമുഖമായി കുറിച്ചിട്ടുണ്ട്. 

അനേകജന്മങ്ങളിലൂടെ ബോധിസത്വനായി ജീവിച്ചവര്‍ക്കുമാത്രമേ ഒരു ബുദ്ധനായി ഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ബോധിസത്വന്മാര്‍തന്നെ ദിവ്യരും ദിവ്യേതരരും എന്നിങ്ങനെ രണ്ടുവിധമുണ്ട്. ദിവ്യബോധിസത്വന്മാരില്‍വെച്ച് ഏറ്റവും പ്രധാനികളാണ് അവലോകിതേശ്വരന്മാര്‍. മഹാകരുണന്‍, പത്മപാണി, സമന്തമുഖന്‍ എന്നീ പേരുകളിലും അവലോകിതന്മാര്‍ അറിയപ്പെടുന്നു. മഹായാനബുദ്ധമതക്കാര്‍ പാര്‍ത്തുവരുന്ന ടിബറ്റ്, ചൈന, ജപ്പാന്‍, മംഗോളിയ, മഞ്ചൂറിയ എന്നിവിടങ്ങളില്‍ അവലോകിതേശ്വരന്മാര്‍ ആരാധിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാന്റേയും ഇന്ത്യയുടേയും പലഭാഗങ്ങളിലും വെച്ച് അവലോകിതേശ്വരന്റെ വിഗ്രഹങ്ങള്‍ കണ്ടിട്ടുള്ളതായി ചൈനീസ് സഞ്ചാരി യുവാന്‍ ചാങ് രേഖപ്പെടുത്തുന്നു. അവലോകിതേശ്വരന്‍ പോതാളകത്തിലും ടിബറ്റിലും സുഖാവതിയിലും അവതരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാനവാസസ്ഥലം ശബരിമലയില്‍ സ്ഥിതിചെയ്യുന്ന പോതാളകമാണ്. ഒന്നാമത്തെ ദലേലാമയായ നാഗ്വങ്‌ലോത്സങ് ആണ്, അവതാരവാദമനുസരിച്ച് അവലോകിതേശ്വരന്റെ പ്രധാനവാസസ്ഥലത്തിന് പോതാളകം എന്നു പേരുനല്കിയത്.

എ ഡി ഏഴാം ശതാബ്ധത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ബുദ്ധഭിക്ഷുവായ യുവാന്‍ ചാങ്ങിന്റെ സഞ്ചാരഗ്രന്ഥത്തില്‍നിന്നുമാണ് പോതാളകത്തിന്റെ സ്ഥാനത്തെക്കുറിച്ച് ക്രിത്യമായ അറിവ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വിവരണമനുസരിച്ച് കാഞ്ചിയില്‍ നിന്നും ഉദ്ദേശം അഞ്ഞൂറുമൈല്‍ തെക്കുമാറി മൊ-ലോ-കു-ച എന്ന രാജ്യം സ്ഥിതിചെയ്യുന്നു. ജനങ്ങള്‍ ഇരുണ്ടനിറമുള്ളവരും സ്ഥൈര്യവും എടുത്തുചാട്ടവുമുള്ളവരുമാണ്. ചിലര്‍ ബുദ്ധമതവും ശേഷിച്ചവര്‍ മറ്റുള്ള മതങ്ങളും പിന്തുടരുന്നു. ജീര്‍ണിച്ച പല ബുദ്ധവിഹാരങ്ങളും ഇവിടെ കാണാവുന്നതാണ്. ഈ രാജ്യത്തിന്റെ സമുദ്രതീരത്തുള്ള തെക്കന്‍ഭാഗത്ത് കിഴ്ക്കാന്‍തൂക്കായ ചരിവുകളുള്ള മൊ-ല-യെ എന്ന പര്‍വതനിര സ്ഥിതിചെയ്യുന്നു. ഈ മലയുടെ മുകളില്‍ കണ്ണാടിപോലെ നിര്‍മലമായ വെള്ളമുള്ള ഒരു തടാകമുണ്ട്. ഈ മലയുടെ ഒരു വിടവില്‍നിന്ന് ഒരു വലിയനദി പുറപ്പെട്ട് അതിനെ ഇരുപത് തവണവലംവെച്ച് ദക്ഷിണസമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു.

യുവാന്‍ ചാങ്ങിന്റെ വിവരണത്തിലെ മൊ-ലൊ-കു-ച ചേരരാജ്യവും മൊ-ല-യെ മലയ പര്‍വതവും പോതാളകം ശബരിമലയും പോതാളകത്തില്‍നിന്നുത്ഭവിക്കുന്ന നദി പമ്പാനദിയും പോതാളകത്തിന് വടക്കുകിഴക്കുള്ള തുറമുഖം നാഗപട്ടണവുമാണെന്ന് താന്‍ വിചാരിക്കുന്നായി കേസരി പ്രസ്താവിക്കുന്നു. കൊടുങ്ങല്ലൂര്‍ രാജധാനിയായുള്ള ചേരരാജ്യമാണ് മൊ-ലൊ-കു-ച രാജ്യമെന്ന് യുവാന്‍ ചാങ്ങിന്റെ വിവരണങ്ങളില്‍നിന്ന് വ്യക്തമാകുന്നു. മൊ-ലൊ-കു-ച എന്ന ചീനവാക്കിന് മലയകുടമെന്നുള്ള ഭാരതീയരൂപമാണ് നല്‍കാറ്. എന്നാല്‍, ചൈനീസ് ഭാഷാപണ്ഡിതനും യുവാന്‍ ചാങ്ങിന്റെ സഞ്ചാരസാഹിത്യം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ദേഹവുമായ റവറന്റ് ബില്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. മൊ-ല-യെ എന്നുള്ളത് മലയം ആണെന്നുള്ളതില്‍ തര്‍ക്കമില്ല. മൊ-ല-യെ എന്നതിലെ ല യില്‍നിന്ന് മൊ-ലോ-കു-ചയിലെ ലെ വ്യത്യാസപ്പെടുത്തിയിരിക്കുന്നതിനാല്‍ ല യുടെ സ്ഥാനത്ത ര (ര്‍) ചേര്‍ത്ത് 'മര്‍കുട' എന്നാക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് ബില്‍ ചൂണ്ടിക്കാട്ടുന്നു. മര്‍കുട എന്ന ഒരു രാജ്യമില്ലായ്കയാല്‍ ഇതിനെ 'മേര്‍കുട' എന്നു വായിക്കേണ്ടതാണ്. മേര്‍കുടം എന്നാല്‍ പടിഞ്ഞാറേ കുടരാജ്യം. അത് ചേരരാജ്യമല്ലാതെ മറ്റൊന്നുമല്ല. ചേരരാജാക്കന്മാര്‍ക്ക് കുടകോ എന്നും പേരുണ്ട്.

മലയപര്‍വതത്തിലെ അഗസ്ത്യകൂടമല്ല പോതാളകം. അഗസ്ത്യകൂടത്തിന്റെ പര്യായമായ പൊതികവും പോതാളകവും തമ്മില്‍ പ്രത്യക്ഷമായ വ്യത്യാസമുണ്ട്. എന്നാല്‍ അവലോകിതേശ്വരന്റെ പ്രധാനവാസസ്ഥാനമായ പോതാളകം പ്രാചീനകാലംമുതല്‍ക്ക് പ്രസിദ്ധപ്പെട്ട ബൗദ്ധതീര്‍ത്ഥാടന കേന്ദ്രമായിരുന്നു. മധ്യതിരുവിതാംകൂറിലുള്ള ശബരിമലയുടെ പേരില്‍ ഈ ബൗദ്ധമതവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ട്, യുവാന്‍ ചാങ്ങിന്റെ വിവരണത്തില്‍നിന്നും ശബരിമലതന്നെയാണ് പോതാളകമെന്നു സക്ഷ്യപ്പെടുത്തുന്നതിന് കേസരി ആര്‍ ബാലകൃഷ്ണപിള്ള കണ്ടെത്തുന്ന കാരണങ്ങള്‍ ഇങ്ങനെ നിരത്താം;

1. ശബരിമലയും പോതാളകവും മലയപര്‍വതത്തിലാണ് സ്ഥിതിചെയ്യുന്നത്. 

2. ശബരിമല കയറുമ്പോഴുള്ള വൈഷമ്യങ്ങള്‍തന്നെ പോതാളകത്തില്‍ കയറുമ്പോഴും അഭിമുഖീകരിക്കേണ്ടിവരുന്നു. 

3. ശബരിമലയിലും പോതാളകത്തിലും ചന്ദനമരങ്ങള്‍ വളരുന്നുണ്ട്.

4. ശബരിമലയുടെ ഒരു വശത്തുനിന്നുത്ഭവിച്ച് പമ്പാനദി അതിനെ ചുറ്റിവളഞ്ഞ് പടിഞ്ഞാറോട്ടൊഴുകുന്നു. ചുവാന്‍ ചാങ് പോതാളകത്തില്‍നിന്നൊഴുകുന്ന നദി അതിനെ ഇരുപതുതവണ വലംവെച്ചൊഴുകുന്നുവെന്ന് വര്‍ണിച്ചിരിക്കുന്നത് അതിശയോക്തിപൂര്‍വമാണ്. 

5. അഗസ്ത്യകൂടത്തില്‍ അഥവാ ചെറിയപൊതികയില്‍നിന്നുത്ഭവിക്കുന്ന താമ്രപര്‍ണി അതിനെ വലംവെച്ചൊഴുകുന്നില്ല. ശബരിമലമുകളില്‍ ഇന്നുള്ള ഉറക്കുഴി തീര്‍ത്ഥം മുതലായ തീര്‍ത്ഥങ്ങളില്‍ ഒന്നിനെയായിരിക്കണം യുവാന്‍ ചാങ് പോതാളകത്തിന്റെ മുകളിലുള്ള തടാകമായി വര്‍ണിച്ചിട്ടുള്ളത്. 

6. ഈ തടാകത്തിനുസമീപമുള്ള ഹിന്ദുശിലാക്ഷേത്രം ശബരിമലയില്‍ ഇന്നത്തെ അയ്യപ്പന്മാര്‍ ആദ്യമായി കാണുന്ന ശബരിപീഠമായിരിക്കണം.

7. ടിബറ്റില്‍ നിന്നുത്ഭവിച്ച് സിക്കിമിലെ ലച്ഛാ വര്‍ഗക്കാരുടെ ഇടക്ക് പ്രചരിച്ച, ആദിമനുഷ്യരും ആദിസ്ത്രീയും പാര്‍ത്തിരുന്നത് ടിബറ്റിലെ ശബരകോ എന്ന മലയിലായിരുന്നുവെന്ന് ഒരു ഐതിഹ്യമുണ്ട്. ഇതില്‍നിന്നും ടിബറ്റിലെ ആദിമനിവാസികള്‍ക്ക് ശബരന്‍ എന്ന വര്‍ഗനാമമുണ്ടായിരുന്നു എന്നു വിചാരിക്കാം.

8. അവലോകിതേശ്വരന്റെ ഒരു അവതാരസ്ഥലമുള്ള ടിബറ്റില്‍ അതിന് നല്‍കിയിട്ടുള്ള പേര് ചേരസി എന്നാണ്. ബശരന്‍ എന്നതിന്റെ രൂപഭേദമാണ് ചേര(സി) എന്നത്. 

10. ശബരന്‍ ചവരനും ചേരനുമായി പരിണമിച്ചു. അതിനാല്‍ ശബരന്റെ (അതായത് ചേരസിയുടെ അഥവാ അവലോകിതേശ്വരന്റെ) വാസസ്ഥാനം ശബരിപീഠമായി ഭവിച്ചു.

അവലോകിതേശ്വരന്റെ വാസസ്ഥാനമായ ശബരിമലയെ എപ്രകാരമാണ് ഹിന്ദുക്കള്‍ തങ്ങളുടെ ക്ഷേത്രമാക്കിമാറ്റിയതെന്ന് വ്യക്തമാക്കിക്കൊണ്ട് കേസരി ഈ ഖണ്ഡികക്ക് വിരാമമിടുന്നു;

'ശബരിമലയില്‍ അയ്യപ്പക്ഷേത്രവും മറ്റും ഹിന്ദുക്കള്‍ പണികഴിപ്പിച്ചപ്പോള്‍, അവര്‍ രാമായണത്തിന്റെ സ്മരണയില്‍നിന്ന് ശബരമലയെ ശബരിമലയും ശബരപീഠത്തെ ശബരിപീഠമാക്കുകയും അതില്‍നിന്നുത്ഭവിച്ച നദിക്ക് പമ്പ എന്ന് പേരിടുകയും ചെയ്തുവെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. പമ്പക്ക് ആദികാലങ്ങളില്‍ മറ്റൊരു പേരാണുണ്ടായിരുന്നത്.' 

@ഇടനേരം. അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ