"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ക്ഷേത്രപ്രവേശനം: മന്നത്ത് പത്മനാഭന്റെ നിലപാടുകള്‍.ടി.കെ മാധവന്റെ പ്രയത്‌നങ്ങള്‍.


കയ്യാലക്കല്‍ ഡോക്ടര്‍ എം കെ കേശവന്‍ ചാന്ദാര്‍, ചേപ്പാട് എഡിറ്റ് ചെയ്ത് 1937-ല്‍ (കൊല്ലവര്‍ഷം 1113) പ്രസിദ്ധീകരിച്ച 'ശ്രീചിത്രയുഗം' എന്ന ഗ്രന്ഥം ക്ഷേത്രപ്രവേശനവിളംബരം ചെയ്ത ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിനെ വാഴ്ത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ഗദ്യ-പദ്യ മിശ്രണമായ ഗ്രന്ഥത്തില്‍ ക്ഷേത്രപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുസ്ലീങ്ങളും ക്രിസ്ത്യാനികളും സ്ത്രീകളുമടക്കമുള്ള പ്രമുഖരുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുവിശ്വാസികളായ എഴുത്തുകാരെല്ലാവരും തന്നെ ക്ഷേത്രപ്രവേശനവിളംബരം ചെയ്ത ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനെ, ധര്‍മസംസ്ഥാ പനാര്‍ത്ഥം സംഭവിച്ച അവതാരമായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

വിളംബരത്തിന്റെ പകര്‍പ്പ് ഗ്രന്ഥത്തില്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. ആദ്യഭാഗം ഗദ്യവും രണ്ടാംഭാഗം പദ്യവുമായ ഗ്രന്ഥത്തില്‍ പി എസ് മുഹമ്മദ് ആലപ്പിയുടെ ലേഖനം ഇംഗ്ലീഷ് ഭാഷയിലുള്ളതാണ്. ഇദ്ദേഹത്തെ കൂടാതെയുള്ള മറ്റൊരു മുസ്ലീം 'സ്‌നേഹഗീതം' എന്ന പദ്യത്തിന്റെ രചയിതാവായ എം കെ ഫാത്തിമാബീവിയാണ്. 'ക്ഷേത്രപ്രവേശനവും കാര്‍ത്തികതിരുനാള്‍ കൊച്ചുതമ്പുരാട്ടിയും' എന്ന ഗദ്യത്തിന്റെ കര്‍ത്താവായ ഇ പി വര്‍ഗീസ്. എം എ, ബി എല്‍, (എംഎല്‍എ) യും 'കല്യോദയം' എന്ന പദ്യമെഴുതിയ മേരി വര്‍ഗീസ് കിഴുമുറിയുമാണ് ക്രൈസ്തവരുടെ പ്രതിനിധാനങ്ങള്‍. മൊത്തം 43 ലേഖകരുള്ളതില്‍ ഇവരെക്കൂടെതെ മറ്റ് രണ്ടുപേര്‍കൂടിവാത്രമാണ് വനിതകളുടെ ഭാഗധേയം നിര്‍വഹിക്കുന്നത്. ലേഡി വിദ്വാന്‍ മുതുകുളം പാര്‍വതി അമ്മയും ടി കെ മാധവന്റെ വൈഫുമാണ് ആ രണ്ടുപേര്‍. മിസ്സിസ്സ് ടി കെ മാധവന്‍ എന്ന് രചയിതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥനാമം സൂചിപ്പിച്ചിട്ടില്ല. 

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്തു പത്മനാഭന്‍, മന്നത്തു പത്മനാഭപിള്ള എന്ന പേരിലാണ് എഴുതിയിരിക്കുന്നത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ പേരിനോട് ചേര്‍ന്നുള്ള ജാതിവാല്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണല്ലോ. അവര്‍ണ എഴുത്തുകാരില്‍ ജാതിനാമം കൊണ്ട് സ്വത്വപ്രഖ്യാപനം നടത്തിയിട്ടുള്ളത് എഡിറ്ററായ എം കെ കേശവന്‍ ചാന്ദാര്‍ മാത്രമാണ്. 1937- കാലത്തുതന്നെ ചങ്ങമ്പുഴ സ്ഥലനാമത്തില്‍ തന്നെ അറിയപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം. ഇദ്ദേഹത്തോടൊപ്പം പ്രസിദ്ധരായ മറ്റ് കവികളില്‍ വെണ്ണിക്കുളവും പാലാ നാരായണന്‍നായരും പരാമര്‍ശമര്‍ഹിക്കുന്നു.

പദ്യങ്ങളെല്ലാം ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മമഹാരാജാവിന് നേര്‍ക്കുള്ള വാഴ്തുവചനങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഗദ്യങ്ങളും ഈ ദോഷത്തില്‍ നിന്ന് പരിപൂര്‍ണമായി വിമുക്തിനേടിയിട്ടില്ലെങ്കിലും വസ്തുതകള്‍ നിരത്തുന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തിയിട്ടുണ്ടെന്ന് കാണാം.

ക്ഷേത്രപ്രവേശനകാര്യത്തില്‍ പ്രമുഖ ഭാഗധേയത്വം നിര്‍വഹിച്ചയാളും തന്റെ സുഹൃത്തുംകൂടിയായ ടി കെ മാധവന്റെ സേവനങ്ങളെ വിലയിരുത്തുന്ന ലേഖനം തയാറാക്കുന്നതിനുള്ള ചുമതല തന്നില്‍ വന്നുചേര്‍ന്നതിനിടയായ സന്ദര്‍ഭത്തെ ശ്ലാഘിച്ചുകൊണ്ടാണ് മന്നത്തുപത്മനാഭപിള്ള തുടങ്ങുന്നത്; 'അഭേദ്യമായ ജാതിയുടെ ഉച്ചനീചത്വങ്ങളെ ഉച്ചൈസ്തരം ഘോഷിച്ചുകൊണ്ടും തീണ്ടല്‍ തൊടീലുകളെ ദൈവസാന്നിധ്യത്താല്‍ ശാശ്വതീകരിച്ചുകൊണ്ടും മാമൂലുകള്‍ക്കെല്ലാം ഏകാവലംബമായിരുന്ന കേരളത്തിലെ ക്ഷേത്രങ്ങള്‍ അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും സങ്കേതമായിരുന്നുവെന്ന് ആരും സമ്മതിക്കുന്നതാണ്. എന്തുമാറ്റം എവിടെയെല്ലാം വന്നാലും വരുത്തിയാലും അവയൊന്നും ക്ഷേത്രസങ്കേതങ്ങളെ സ്പര്‍ശിച്ചുകൂടെന്ന് സവര്‍ണാവര്‍ണഭേദം കൂടാതെ സകല ഹിന്ദുക്കളും സാമാന്യമായി വിശ്വസിക്കുന്നു. പരിഷ്‌കൃതബുദ്ധിയോടുകൂടി ക്ഷേത്രത്തെ സമീപിക്കുന്നതുതന്നെ പാപവും വിപ്ലവവുമാണെന്ന് പണ്ഡിതന്മാര്‍ക്കുപോലും അഭിപ്രായമുണ്ടായിരുന്നു. ആ കാലത്താണ് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിനവകാശമുണ്ടെന്നുള്ള ന്യായബോധം അപൂര്‍വം ചിലരിലെങ്കിലും അങ്കുരിച്ചത്.' എന്നിങ്ങനെ മന്നത്തുപത്മനാഭാന്‍ ഇക്കാര്യത്തിലുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. 

ക്ഷേത്രപ്രവേശനകാര്യം ഒരു യോഗസമക്ഷം ആദ്യമായി പ്രസ്താവിച്ചത് ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന സി രാമന്‍തമ്പി അവര്‍കളായിരുന്നു എന്നു രേഖപ്പെടുത്തിയശേഷം മന്നത്തുപത്മനാഭന്‍ തന്റെ കര്‍ത്തവ്യത്തിലേക്ക് കടന്നുകൊണ്ട് തുടരുന്നു; 'എങ്കിലും അത് ഒരു അവകാശസമരവാദമായി ബഹുജനസമക്ഷം അവതരിപ്പിച്ചതും തന്റെ പ്രക്ഷോഭണകാര്യപരിപാടിയിലുള്‍പ്പെടുത്തി സകല ജനങ്ങളുടേയും ഗൗരവമായ ചിന്തക്ക് വിഷയീഭവിപ്പിച്ചതും മി. ടി കെ മാധവനായിരുന്നു. അതിനാല്‍ ക്ഷേത്രപ്രവേശനവാദികളില്‍ പ്രഥമഗണനീയന്‍ മി. ടി കെ മാധവനാണെന്നുപറയുന്നതില്‍ യാതൊരു തെറ്റുമില്ല.'

മഹാത്മാഗാന്ധിയേയും ഭാരത മഹാജനസഭയേയും കൂട്ടുപിടിച്ചുകൊണ്ട് ടി കെ മാധവന്‍ നടത്തിയ അയിത്തോച്ചാടനപ്രക്ഷോഭം ക്ഷേത്രപ്രവേശനകാര്യപരിപാടിയിലെ ഒന്നാം അധ്യായമായിരുന്നു. അനവധി ക്ലേശങ്ങള്‍ സഹിച്ച് ദീര്‍ഘകാലം നടത്തിയ വൈക്കം സത്യാഗ്രഹം തിരുവിതാംകൂറിലെ ജനസമുദായത്തിന്റെ മാത്രമല്ല, ഭാരതീയലോകത്തിന്റെ ഒട്ടാകെത്തന്നെ കണ്‍തുറപ്പിക്കാന്‍ പര്യാപ്തമായ പ്രസ്ഥാനമായിത്തീര്‍ന്നു. ഹിന്ദുസമുദായത്തിലെ അനാചാരങ്ങളുടെ നിലനില്പിന് സവര്‍ണരെപ്പോലെ അവര്‍ണരും ഉത്തരവാദികളാണെന്ന് ടി കെ മാധവന്‍ കരുതിയിരുന്നതായി മന്നത്തു പത്മനാഭന്‍ വിലയിരുത്തുന്നു.

ചരിത്രപരമായി അതിന്റെ യുക്തിയെന്താണെന്ന് വിശദമാക്കാതെ മന്നത്തുപത്മനാഭന്‍; 'സവര്‍ണരെമാത്രം അമിതമായി കുറ്റപ്പെടുത്താതെ അവരിലുംകൂടി പരിവര്‍ത്തനമുളവാക്കി സവര്‍ണാവര്‍ണഭേദമില്ലാതെ ഒരു ഹിന്ദുസമുദായത്തെ സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സവര്‍ണരോടുള്ള അദ്ദേഹത്തിന്റെ സഹകരണമനോഭാവം ഒന്നുകൊണ്ടാണ് സത്യാഗ്രഹം ജയിച്ചതും, ക്ഷേത്രപ്രവേശനകാര്യത്തില്‍ എന്നും പ്രതിബന്ധമായിത്തീരാമായിരുന്ന സവര്‍ണഹിന്ദുക്കളുടെ ആനുകൂല്യം ഇത്രവേഗം സമ്പാദിച്ചതും' എന്നു പ്രസ്താവിച്ചുകൊണ്ട് തന്റെ നേതൃത്വത്തില്‍ നടന്ന 'സവര്‍ണഹിന്ദുജാഥ'യെക്കുറിച്ച് തുടരുന്നു. ജാഥയുടെ വിജയമികവിനുള്ള അംഗീകാരമുദ്ര ടി കെ മാധവന് ചാര്‍ത്തിക്കൊടുക്കുന്നതില്‍ മന്നത്തുപത്മനാഭന്‍ ലേശംപോലും വൈമനസ്യം കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്; 'ആ സുപ്രസിദ്ധ സംഭവം സവര്‍ണഹിന്ദുക്കളുടെ സന്മനോഭാവത്തിന്റെ ദൃഷ്ടാന്തമായി എന്നെന്നും നിലനില്ക്കുമെങ്കിലും അങ്ങിനെ ഒരന്തരീക്ഷം സൃഷ്ടിക്കാനും, ആ അവിസ്മരണീയയാത്രയുടെ സമ്പൂര്‍ണവിജയം കരസ്ഥമാക്കാനും കാരണഭൂതന്‍ മി. ടി കെ മാധവനല്ലാതെ മറ്റാരുമായിരുന്നില്ല. നായരീഴവമൈത്രിയെ സുദൃഢമാക്കിയെങ്കിലല്ലാതെ, കേരളത്തിലെ ഹൈന്ദവസംസ്‌കാരം സംശുദ്ധമാക്കാനും നിലനിറുത്താനും സാധ്യമാകയില്ലെന്ന് അദ്ദേഹം സംപൂര്‍ണമായി വിശ്വസിച്ചിരുന്നു. സ്വാധീനശക്തിയുള്ള അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ സ്ഥിതിചെയ്തിരുന്ന എസ്എന്‍ഡിപി യോഗവും, നായര്‍ സമുദായപ്രാതിനിധ്യം വഹിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയും ഒന്നായിച്ചെയ്ത വേലയുടെ ഫലമാണ്, കേരളത്തിന്റെ മറ്റൊരുഭാഗത്തും കാണാത്ത സുപ്രകാശവും പരിഷ്‌കാരവും തിരുവിതാംകൂറില്‍ ഇന്ന് അനുഭവപ്പെടാന്‍ ഇടയായത്. സഞ്ചാരസ്വാതന്ത്ര്യവും അയിത്തോച്ചാടനവും അത്യാവശ്യമെന്നു യാഥാസ്ഥിതികന്മാര്‍ക്കുപോലും ബോധ്യമാകത്തക്കവണ്ണം അദ്ദേഹം ശക്തിപൂര്‍വം നടത്തിയ പ്രചരണവേലനിമിത്തമാണ് അതുവരെ അപ്രവേശ്യമായിരുന്ന ക്ഷേത്രനടയില്‍ക്കൂടി സകല അയിത്തജാതിക്കാര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യം കിട്ടിയത്.'

ടി കെ മാധവന്‍ സനാതനമതവിശ്വാസിയായിരുന്നുവെന്നാണ് മന്നത്തുപത്മനാഭന്‍ അനുസ്മരിക്കുന്നത്; 'അദ്ദേഹം ശരിയായ ഒരു സനാതനമതവിശ്വാസിയായിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങലേയും അന്ധവിശ്വാസങ്ങളേയും മാറ്റി മതത്തിന്റെ തനിമിറവും ശുദ്ധിയും ലോകത്തെ ഗ്രഹിപ്പിക്കുകയും ഋഷിമാരുടെ കാലത്തുള്ള മനുഷ്യസമത്വം വീണ്ടും സ്ഥാപിക്കുകയും ചെയ്യണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ അന്തരോദ്ദേശ്യം. അതു സാധിക്കുന്നതിനുവേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള ശ്രമങ്ങള്‍ക്കും സഹിച്ചിട്ടുള്ള ക്ലേശങ്ങള്‍ക്കും കണക്കില്ല.'

ടി കെ മാധവന്റെ അകാലദേവിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയശേഷം അടുത്ത ഒരു ഖണ്ഡികയില്‍ നിറയെ രാജസ്തുതി ചൊരിഞ്ഞുകൊണ്ട് ലേഖനം അവസാനിപ്പിക്കുന്നു; 'തിരുവിതാംകൂര്‍ ജനതതിയുടെ പ്രാര്‍ത്ഥനാഫലമായി ഭാഗ്യംകൊണ്ട് സംജാതനായ ശ്രീചിത്രനിരുനാള്‍ തിരുമനസ്സിലെ ലോകപ്രസിദ്ധമായ 'ക്ഷേത്രപ്രവേശനതിരുവെഴുത്തു വിളംബരം' മൂലം ഹിന്ദുസമുദായത്തിനുണ്ടായ വിപ്ലവപരമായ മാറ്റം എത്രയെന്ന് എഴുതാന്‍ പ്രയാസം. യാതൊരു സമുദായ പരിഷ്‌കാരിക്കും, മതസ്ഥാപകനും സാധ്യമല്ലാത്ത ഒരു മഹാകാര്യമാണ് ഈ വിളംബരം മൂലം മഹാരാജാവുതിരുമനസ്സുകൊണ്ട് സാധിച്ചിട്ടുള്ളത്. അനേകായിരക്കൊല്ലമായി അജ്ഞതയിലും അസമത്വത്തിലും ആണ്ടുകിടന്ന സാധു പുലയനേയും ക്ഷേത്ര സായൂജ്യംകൊണ്ട് വിശിഷ്ടമനുഷ്യവിശ്വാസിയായ ആഢ്യബ്രാഹ്മണനേയും ഈശ്വരനിശ്ചയമനുസരിച്ച് ലക്ഷ്യസ്ഥാനത്ത് ഒന്നായി നിറുത്താന്‍ പര്യാപ്തമായ ആ തിരുവെഴുത്തുവിളംബരത്തെപ്പറ്റി ആര്‍ക്കാണ് വര്‍ണിക്കാന്‍ കഴിയുന്നത്.....' തുടര്‍ന്നങ്ങോട്ട് രാജസ്തുതികളുടെ ആവര്‍ത്തനങ്ങളാണ്. അതിനിടെ, '...ഭരണതന്ത്രകുശലനും പ്രഖ്യാതനുമായ ദിവാന്‍ സര്‍, സി പി രാമസ്വാമിഅയ്യരുടെ അവസരോചിതോപദേശവും തിരുമനസ്സിലെ ഇംഗിതസിദ്ധിക്ക് സഹായ്യമായി തീര്‍ന്നിട്ടുണ്ടെന്നറിയുന്നത് നമുക്കു കൂടുതല്‍ സന്തോഷജനകമായ കാര്യമാണ്.' എന്നിങ്ങനെ കുറിച്ചുകൊണ്ട് സര്‍ സി പിയെ പ്രശംസിക്കാനും മറന്നിട്ടില്ല.

മന്നത്തു പത്മനാഭന്‍ പറയുന്നതുപോലെ ക്ഷേത്രപ്രവേശനം സനാതനഹിന്ദുത്വയുടെ പുനഃസ്ഥാപനമായിരിക്കാം. അനാചാരങ്ങള്‍ അടിഞ്ഞുകൂടിയിട്ടായാലും ( അത്രക്ക് അപ്രമാദിത്വമുള്ള ഒരു സിദ്ധാന്തത്തില്‍ എങ്ങനെയാണ് അനാചാരങ്ങള്‍ അടിഞ്ഞുകൂടുക എന്ന കാര്യം സംഭവിക്കുക?) മറ്റേതൊരു രീതിയിലായാലും ടി കെ മാധവനുള്‍പ്പെടെയുള്ള അവര്‍ണര്‍ക്ക് വിനാശകരമായി നിലകൊള്ളുന്ന ഒരു സിദ്ധാന്തമാണത്. അങ്ങിനെയുള്ള ഒന്നിനെ ടി കെ മാധവന്‍ എന്തിന് പുനരുദ്ധരിക്കണം? എന്തായാലും മന്നത്തുപത്മനാഭന്‍ പരിചയപ്പെടുത്തുന്നതു പോലെ 'അജ്ഞതയിലും അസമത്വത്തിലും ആണ്ടുകിടന്ന സാധു പുലയന്' ക്ഷേത്രസായൂജ്യമൊന്നും ഉണ്ടാവേണ്ടിയിരുന്നില്ല. അതിന് തെളിവാണ് അക്കാലത്ത് പാടിക്കേട്ട 'തന്തോയം തന്തോയം തന്തോയം മാലേ..., അമ്മക്കും ചേത്രത്തീപ്പോകാം ആടി തൈവത്തെ തൊട്ടുതൊയാവേ...' എന്ന ദലിതരുടെ പാട്ട്. (കവിയൂര്‍ മുരളി. 'ദലിത് സാഹിത്യം'). ക്ഷേത്രപ്രവേശനം ദലിതരില്‍ ഒരുതരം നിര്‍വികാരതയാണ് ഉളവാക്കിയത്. 

@ഇടനേരം. അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്‌


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ