"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഈഴവന്‍ ബുദ്ധന്റെ പര്യായം! ബുദ്ധന്‍ തന്നെ അയ്യപ്പന്‍! - ഡോ. എ അയ്യപ്പന്‍സൊവരരും ശബരിമല അയ്യപ്പനും ഈഴവരും. 

പ്രസിദ്ധ ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്‍ എ അയ്യപ്പന്‍ 1988 ജൂണ്‍ 5 ന് അന്തരിക്കുന്നതിന് മുമ്പ് പലകാലങ്ങളിലായി ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ ഡോ. ബാബു ടി സുനില്‍ എഡിറ്റ് ചെയ്ത് 'ആയുധപ്പഴമയും നരോത്പത്തിയും' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് 2017 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1958 ജനുവരി 26 ന് ആനുകാലികങ്ങളിലേതിലോ പ്രസിദ്ധീകരിച്ചിരുന്ന 'സൊവരര്‍' എന്ന ലേഖനം പുസ്തകത്തിലെ ഒരു അധ്യായമാണ്

ഒറീസ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യപ്രദേശത്തിന്റെ തെക്കുകിഴക്കും വിശാഖപട്ടണം ജില്ലയിലും വ്യാപിച്ചുകാണുന്ന ഗിരിവര്‍വിഭാഗമാണ് സൊവരര്‍. കേരളത്തിലെ ഗിരിവര്‍ഗക്കാരില്‍ തനിക്കേറെ ഇഷ്ടപ്പെട്ട കുറിച്യരുമായി ഡോ. എ അയ്യപ്പന്‍ സൊവരരെ താരതമ്യപ്പെടുത്തുന്നു.

ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിച്ചകാലത്ത് അവരുമായി പൊരുതിയ കൂട്ടത്തില്‍ സൊവരരുമുണ്ടായിരുന്നുവെന്ന് ഡോ. എ അയ്യപ്പന്‍ ഋഗ്വേദസൂക്തങ്ങളുദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്നു; 'അനാര്യന്മാരുടെ പുരങ്ങള്‍ നശിപ്പിച്ച ഇന്ദ്രനെ 'പുരന്ദര'നെന്ന് ഋഷികള്‍ പുകഴ്ത്തി; ആര്‍ മലകളിലൊളിച്ച ശബരനെ നാല്പതാം സംവത്സരത്തില്‍ കണ്ടുപിടിച്ചുവോ...(ഋഗ്വേദം 2,2,6,11)'

'അധ്വര്യുക്കളേ, ആര്‍ ശംബരന്റെ നൂറു പുരാതന നഗരങ്ങളെ വജ്രംകൊണ്ടു പിളര്‍ത്തിയോ, ആര്‍ വര്‍ച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ ആ ഇന്ദ്രനു സോമം കൊണ്ടുവരുവിന്‍. (ഋഗ്വേദം 2,2,14,6)'

സൊവരര്‍ തന്നെയാണ് ശബരര്‍, ശബരി എന്നിങ്ങനെ അറിയപ്പെടുന്ന ഗിരിവര്‍ഗമെന്നും ഡോ. അയ്യപ്പന്‍ നിരീക്ഷിക്കുന്നു; 'ഋഗ്വേദത്തിലെ ഇങ്ങനെയുള്ള നിരവധി സൂക്തങ്ങളില്‍നിന്നു ദസ്യുക്കളും ശംബരരും ശക്തരായിരുന്നുവെന്നു നിസ്സംശയം തെളിയുന്നു. 'ദസ്യു' എന്ന വാക്ക് ഇറാനിയന്‍ ഭാഷയില്‍ 'ദഹ്യു' എന്നാണ്. ആ പദത്തിന്റെ അര്‍ത്ഥം 'നാട്ടിന്‍പുറം' എന്നായിരുന്നുവെങ്കിലും പിന്നീടത് 'ആര്യരുടെ ശത്രു' എന്നായി മാറി. ശംബരന്‍ (ശബരന്‍) എന്ന പദവും 'കാട്ടാള'ന്റെ പര്യായമായിത്തീര്‍ന്നു. ആര്യസമ്പര്‍ക്കം ആദ്യമായുണ്ടായ പഞ്ചാബിലും സിന്ധിലും കുരുപാഞ്ചാലപ്രദേശത്തും ഇന്നു ശബരന്മാര്‍ ഇല്ല. ശബ്ദസാമ്യംകൊണ്ട് സൊവരരും ശബരരും ഒരേ കൂട്ടര്‍തന്നെയെന്നൂഹിക്കാം'

ഡോക്ടറുടെ ഊഹം അസ്ഥാനത്തല്ല. സ-കാരം സംസ്‌കൃതവത്കരിക്കുമ്പോള്‍ ശ-കാരമായി മാറുക പതിവാണ്. അങ്ങിനെയാണ് സൊവരര്‍ ശബരരായത് - സത്വാ എന്ന ദ്രമിളവാക്ക് ശാസ്താ ആയി മാറിയതുപോലെ. ദ്രമുളയിലെ സ-കാരം മലയാളത്തില്‍ ച-കാരമായി മാറുന്നുമുണ്ട് - സരൈ (സേര) ചേരയായി മാറിയതുപോലെ. സൊവരര്‍, ശബരര്‍ എന്നീ പദങ്ങളിലെ ഉച്ചാരണത്തിലെ സൂക്ഷ്മത ശ്രദ്ധിക്കുക; 'ചേര' വളരെയേറെ വ്യക്തമാകുന്നില്ലേ? ചേരരും അനാര്യന്മാരായ ശബരരുടേതാണ് ശബരിമലയെന്നതിനും അധികം തെളിവുകള്‍ നിരത്തേണ്ടതില്ല.

1935 സെപ്തംബര്‍ 16 ന് പ്രസിദ്ധീകരിച്ച 'ദക്ഷിണേന്ത്യയിലെ ആദിമനിവാസികള്‍' എന്ന ലേഖനത്തില്‍ സൊവരരുടെ നരവംശം ഏതെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതോടൊപ്പം ഡോ. എ അയ്യപ്പന്‍ അവരുടെ ഭാഷയെകുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു; 'ഗംജാം, വിശാഖപട്ടണം, മധ്യേന്ത്യ എന്നിവിടങ്ങളിലെ കാടുകളില്‍ വസിച്ചുവരുന്ന സവരന്മാര്‍ (ഇവര്‍ തന്നെയാണ് രാമായണത്തിലെ വാനരന്മാര്‍ എന്നു ചില ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്), ഒറിസ്സയിലെ ഒവരന്മാര്‍, മുണ്ഡന്മാര്‍ എന്നിങ്ങനെ ചില വനചരര്‍ സംസാരിക്കുന്ന ഭാഷതന്നെ ആര്യദ്രാവിഡ ഭാഷകളില്‍നിന്ന് എത്രയോ വ്യത്യാസപ്പെട്ടതാണ്. പൂര്‍വേന്ത്യാ ദ്വീപുമാലകളില്‍ നടപ്പുള്ള ഭാഷ സവരഭാഷയോടും മുണ്ഡരിഭാഷയോടും വളരെ അടുപ്പമുള്ളതാണ്. പുരാതനകാലംമുതല്‍ക്കേ ഭാരതവും അന്യരാജ്യങ്ങളുമായുണ്ടായിരുന്ന സംബന്ധത്തിന് ഏറ്റവും പ്രാചീനമായ ഒരു ലക്ഷണമാണ് ഈ ഭാഷാബന്ധം'. സൊവരര്‍ അഥവാ ശബരി എന്ന നരവംശം ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്നവരായിരുന്നില്ല. അവര്‍ ഒരു ലോകജനതയാണ്. 'ദ്രാവിഡ' എന്ന വംശനാമം തന്നെ അവരുടെ സംസാരഭാഷയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്. അതേ അധ്യായത്തില്‍ത്തന്നെ ഡോക്ടര്‍ രേഖപ്പെടുത്തുന്നു; 'ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ദ്രാവിഡരെന്ന വര്‍ഗമാണെന്നാണ് ഇന്നുള്ള തെറ്റിദ്ധാരണ. ദ്രാവിഡര്‍ ഒരു ശരിയായ വര്‍ഗവിഭജനമല്ല. ദ്രാവിഡഭാഷ സംസാരിക്കുന്നതുകൊണ്ട് ദ്രമിളര്‍-ദ്രാവിഡര്‍ (തമിഴര്‍) എന്ന പേരുണ്ടായതാണ്. ദ്രാവിഡര്‍ എന്നു പറഞ്ഞുവരുന്നവര്‍ മെഡിറ്ററേനിയന്‍ വര്‍ഗത്തിന്റെ ഒരു ശാഖയാണ്.'

'ദക്ഷിണേന്ത്യയോട് ഒരു ബന്ധവുമില്ലാതെ കിടക്കുന്ന ബലൂചിസ്ഥാനില്‍ ബലൂചികള്‍ 'ബ്രാഹ്വി' എന്ന ഒരു ദ്രമിളഭാഷയാണ് സംസാരിക്കുന്നത്. യൂഫ്രെട്ടീസ്, ടൈഗ്രീസ് എന്നീ നദീതടങ്ങളില്‍ 5000 സംവത്സരങ്ങള്‍ക്കുമുമ്പുതന്നെ തമിഴിനോടടുപ്പമുള്ള ഭാഷകള്‍ സംസാരിച്ചുവന്നിരുന്നതിന് പലേ പ്രമാണങ്ങളും പുരാതനവസ്തു സംരക്ഷണ വകുപ്പുകാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. നമ്മുടെ ഇന്നുള്ള ലിപികളുടെ ആരംഭമെല്ലാം ആ പ്രദേശത്തുനിന്നുതന്നെയായിരുന്നുവത്രേ. ഇന്ത്യയിലെത്തിച്ചേര്‍ന്ന ആര്യന്മാരേക്കാള്‍ എത്രയോ പരിഷ്‌കൃതരായിരുന്നു 'ദ്രാവിഡര്‍'. ആര്യന്മാരെ അത്ഭുതപരതന്ത്രരാക്കത്തക്ക മനോഹരങ്ങളായ പട്ടണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.'

1984 ഏപ്രില്‍ 8 ന് ഡോ. എ അയ്യപ്പന്‍ മാതൃഭൂമി വാരികയില്‍ എഴുതിയ 'ഈഴവര്‍ക്ക് ചരിത്രമുണ്ടോ' എന്ന ലേഖനം പ്രസിദ്ധമാണ്. ഈഴവര്‍ക്ക് തീയര്‍ എന്ന ജാതിയുമായി ബന്ധമുണ്ടോ എന്ന പ്രശ്‌നത്തിന് ഡോക്ടര്‍ ഇങ്ങനെ തീര്‍പ്പുകല്പിക്കുന്നു; 'വടക്കേ മലബാര്‍ പ്രദേശത്ത് തീയരെന്നും ഇയ്യോര്‍ എന്നും രണ്ടു വിഭാഗങ്ങളാണുള്ളത്. കോഴിക്കോടുമുതല്‍ കൊച്ചിവരെ ചോവന്‍ എന്ന ഒരു ജാതിപ്പേര്‍ ഈഴവര്‍ക്കുണ്ട്. അവിടെനിന്ന് തെക്കോട്ട് എല്ലാ പ്രദേശങ്ങളിലും ഈഴവര്‍ എന്ന ജാതിപ്പേര്‍ മാത്രമേയുള്ളൂ. ഇവരില്‍ സ്ഥാനികുടുംബങ്ങള്‍ക്ക് തണ്ടയാന്‍, തണ്ടാന്‍ എന്നു പറഞ്ഞിരുന്നു. കണ്ണൂര്‍, തലശ്ശേരി മുതലായ സ്ഥലങ്ങളില്‍ പഴയ ആധാരങ്ങളില്‍ കണ്ടിരുന്ന ജാതിപ്പേര്‍ തീയരെന്നല്ല. ഈഴവര്‍ എന്നായിരുന്നുവെന്ന് വൃദ്ധനായ ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. തീയന്‍ എന്ന ജാതിപ്പേര്‍ വടക്കേ മലബാറില്‍ ഉണ്ടായത് കര്‍ണാടകത്തിലുള്ള തീഗര്‍ എന്ന പദത്തില്‍നിന്നാണ് പത്താം നൂറ്റാണ്ടിലെ തമിഴ് ശിലാലിഖിതങ്ങളിലും കാണുന്നുണ്ട് ഈഴവര്‍ എന്ന ജാതിപ്പേര്‍.'

ഈഴവര്‍ എന്ന ജാതിപ്പേര്‍ ഈ ജാതിക്കാര്‍ക്കു ശ്രീലങ്കയുമായി ഏതോവിധത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ പണ്ടത്തെ കാരണോന്മാര്‍
ഇഴുവത്തുനാട്ടീന്നു വന്നോരാണേ.

'ആരോമല്‍ചേകവരുടെ പാട്ടില്‍ കാണുന്ന പ്രസ്താവന നിര്‍ത്ഥകമാകാന്‍ തരമില്ല. പക്ഷെ ഒരു പ്രശ്‌നം നമ്മെ തുറിച്ചുനോക്കുന്നു. കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനത്തിലധികമുണ്ട് ഈഴവര്‍. 19 ആം നൂറ്റാണ്ടിന്റെ ആദിദശകള്‍തൊട്ട് വളരെയധികം ഈഴവര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നിട്ടുണ്ട്. ഹരിജനങ്ങളെപ്പോലെ കൂട്ടംകൂട്ടമായി ഈഴവര്‍ ഇസ്ലാംമതം സ്വീകരിച്ചുവോ എന്നു നിശ്ചയിക്കുവാന്‍ പ്രയാസമാണ്. അങ്ങനെയായാലും ഒന്നു തീര്‍ച്ചയാണ്; മതപരിവര്‍ത്തനമില്ലായിരുന്നുവെങ്കില്‍, കേരള ജനസംഖ്യയില്‍ ഈഴവരുടെ അനുപാതം ഇന്നത്തേക്കാള്‍ വലുതാകുമായിരുന്നു. ഇവരുടെ പ്രപിതാമഹന്മാര്‍ ശ്രീലങ്കയില്‍നിന്ന് വന്നുവെങ്കില്‍ അതൊരു ജനപ്രവാഹംതന്നെയായിരിക്കണം. അങ്ങനെയൊരു വലിയ കുടിയേറ്റം നടന്നുവെന്നതിന് യാതൊരു തെളിവുമില്ല. അതിന് സാധ്യതയും കുറവാണ്. എങ്ങനെയാണ് ഈ ജാതിപ്പേര്‍ വന്നതെന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.'

ഈഴവ-ശ്രീലങ്ക പ്രശ്‌നം ചര്‍ച്ചചെയ്യുമ്പോള്‍ ഡോ. എ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭമതികളായ നരവംശശാസ്ത്രജ്ഞന്മാര്‍ക്ക് പിണയുന്ന ഏറ്റവും വലിയ പിശക്, ജനതയെ രാജ്യാതിര്‍ത്തി എന്ന കല്പനകള്‍ക്കുള്ളില്‍വെച്ച് വിലയിരുത്തുന്നു എന്നതാണ്.ദ്രാവിഡജനത മെഡിറ്ററേനിയന്‍ മുതല്‍ ആസ്‌തേലിയവരെ വ്യാപിച്ചിരിക്കുന്നുവെന്ന് എല്ലാ നരവംശശാസ്ത്ര-ചരിത്രകാരന്മാരും അംഗീകരിച്ചിട്ടുള്ള വസ്തുതയാണഅ ഝഥഉഠഎ ഴഅആഫഥഅഥഇഅ ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യാതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നത്. രാജ്യാതിര്‍ത്തി ഒരു കല്പിതരേഖയാണ്. ഒരു ജനത ആ കല്പിതരേഖക്കുള്ളില്‍മാത്രമായി ഒതുങ്ങിനില്ക്കുന്നില്ല. അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള ജനതയും അകത്തുള്ള ജനതയും ഒന്നുതന്നെ. അതേസമയം ഈ ജനത വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്കുതമ്മില്‍ വ്യതിരിക്തതകള്‍ ഉണ്ടായേക്കാം. അത് പ്രദേശത്തിന്റെ കാര്യത്തില്‍ മാത്രമേ വസ്തുനിഷ്ഠയാഥാര്‍ത്ഥ്യമാകുന്നുള്ളൂ. അപ്പോള്‍ ഈഴവര്‍ ശ്രീലങ്കയില്‍നിന്ന് കേരളത്തില്‍ വന്നുവെന്നു പറയുമ്പോള്‍ ഒരേ ജനതയുടെ വ്യാപനം സംഭവിച്ചിട്ടുണ്ട് എന്നുമാത്രമേ അര്‍ത്ഥമുള്ളൂ. മറ്റൊരു വംശം അധിനിവേശിച്ചുവെന്ന് ഒരിക്കലും അര്‍ത്ഥമാക്കേണ്ടതില്ല. ഒരു ജനത അതേ ജനതക്കുമേല്‍ അധിനിവേശം നടത്തുക സാധ്യമല്ലല്ലോ.

ഈഴവര്‍ എന്ന പേര് ഈ ജനതക്ക് എങ്ങനെ വന്നുചേര്‍ന്നുവെന്ന വസ്തുതയെക്കുറിച്ചന്വേഷിക്കുമ്പോള്‍,അത് ബുദ്ധന്റെ പര്യായമാണ് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഡോക്ടര്‍ പ്രശ്‌നത്തില്‍നിന്ന് പെട്ടെന്ന് പിന്‍വാങ്ങുന്നതുകാണാം. ബുദ്ധന് തഥാഗതന്‍, സുഗതന്‍ എന്നൊക്കെ പര്യായങ്ങളുണ്ട്. ഈഴവന്‍ എന്ന് പര്യായമുണ്ടെന്നതിന് ഡോക്ടര്‍ യുക്തിയൊന്നും നിരത്തുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലെ അഗാധത പരിഗണിക്കുമ്പോള്‍, ആ നിഗമനം സ്വീകരിക്കുന്നതില്‍ തകരാറൊന്നുമില്ല. പക്ഷെ, ഡോക്ടര്‍ കാണാതെപോയ വസ്തുതകളില്‍ ചില സന്ദേഹങ്ങള്‍ രേഖപ്പെടുത്താതെ നിവൃത്തിയില്ല. 

ശ്രീലങ്കയില്‍നിന്നും മതപ്രാരണത്തിനെത്തുന്ന ഭിക്ഷുക്കള്‍ ബോധനങ്ങല്‍ക്കൊപ്പം ജനതയെ കൃഷിയും പഠിപ്പിച്ചുവെന്ന് ഡോക്ടര്‍ നിരീക്ഷിക്കുന്നു. അങ്ങനെയാണ് ഈഴവര്‍ കൃഷിക്കാരായി അറിയപ്പെടുന്നതും മികച്ച വൈദ്യന്മാര്‍ അവരുടെയിടയില്‍ കണ്ടുവരുന്നതുമത്രെ. ഈ വസ്തുതകള്‍ ഒന്നു വിശകലനംചെയ്തുനോക്കാം.

കൃഷിചെയ്യുന്നവരെ 'ഉഴവര്‍' എന്നാണ് പറഞ്ഞുവരുന്നത്. നിലം ഉഴുക എന്നു പറഞ്ഞാല്‍ അതിന് മണ്ണ് പാകപ്പെടുത്തുക എന്ന ഇന്നത്തെ പരിമിതായ അര്‍ത്ഥമല്ല ഉള്ളത്. വിളവിറക്കുക എന്ന വിശാലമായ അര്‍ത്ഥവും ആ പദം ഉള്‍ക്കൊള്ളുന്നു. കൃഷിക്കാര്‍ സ്വന്തം ഭൂമിയില്‍ കൃഷിചെയ്യുന്നതോടൊപ്പം രാജാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ട കാര്‍ഷികവിളകള്‍ ഉത്പാദിപ്പിക്കുന്നതിന് കൊട്ടാരംവക ഭൂമിയിലും പണിയെടുക്കണമായിരുന്നു. അതിന് 'ഊഴിയം' എന്നാണ് പറഞ്ഞിരുന്നത്. ഉഴവരുടെ വേലയെന്താണോ അതുതന്നെ ഊഴിയം. ഈഴവര്‍, ചാന്നാര്‍ തുടങ്ങിയവരായിരുന്നല്ലോ ഊഴിയം വേലക്കാര്‍. ദലിതര്‍ അടിമകളായിരുന്നുവെന്നും തുടര്‍ന്നുള്ള ഖണ്ഡികയില്‍ ഡോക്ടര്‍ രേഖപ്പെടുത്തുന്നു. (ഊഴിയം കൂടാതെ വിരുട്ടി എന്നൊരു സമ്പ്രദായവും അക്കാലത്ത് നിലവിലുണ്ടായിരുന്നു. നിര്‍ബന്ധിത പിരിവാണ് വിരുട്ടി. കൊട്ടാരത്തിലേക്കുവേണ്ട കാര്‍ഷികവിളകള്‍ തികയാതെവന്നാലോ പതിവിലധികം വേണ്ടിവരുമ്പോഴോ വിരുട്ടി നടപ്പാക്കുന്നു. ഊഴിയവും വിരുട്ടിയും കഴിഞ്ഞാല്‍ കൃഷിചെയ്തുണ്ടാക്കുന്ന ഉഴവന് അനുഭവിക്കാന്‍ തുച്ഛമായതുപോലും അവശേഷിക്കാറില്ല. ഫലത്തില്‍ അടിമകളായ ദലിതരില്‍ നിന്നും ഊഴിയം വേലക്കാര്‍ക്ക് യാതൊരുവ്യത്യാസവുമുണ്ടായിരുന്നില്ല. ഉഴവരുടെ ഉച്ചാരണാന്തരമാണ് 'ഈഴവര്‍' എന്നു തീര്‍പ്പുകല്പിക്കാമെന്നു തോന്നുന്നു.

ഈഴവരുടെ സാമൂഹികപദവി എന്തായിരുന്നുവെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു; 'മലബാര്‍ ജില്ലയില്‍ വെള്ളക്കാരുടെ ഭരണം നടന്ന കാലത്ത്, ഈഴവരെ അധഃകൃതജാതികളിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ജാതിഗണനയില്‍ കേരള ശൂദ്രരില്‍നിന്നും താണവരായിരുന്നതിനാല്‍ അവരെ 'അവര്‍ണര്‍' എന്ന തരത്തിലും ചേര്‍ത്തിരുന്നു. ജാതിശ്രേണിയില്‍ പഞ്ചമര്‍തന്നെയെങ്കിലും ആ പദം സൂചിപ്പിക്കുന്ന അത്യധമത്വം ദുസ്സഹമായിത്തോന്നിയ ചില ഈഴവര്‍ തങ്ങള്‍ പഞ്ചമരല്ലെന്നു വാദിക്കാന്‍ ശ്രമിച്ചു. അതിന്റെ ഫലമായിട്ടോ എന്നു തീര്‍ച്ചപറയാന്‍ നിവൃത്തിയില്ല (അവരുടെ സംഖ്യയുടെ വലിപ്പംകൊണ്ടുമാവാം) നമ്മുടെ പുതിയ ഭരണഘടനയില്‍ ഷെഡ്യൂള്‍ഡ് ജാതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നിര്‍ദ്ദേശിച്ച സമയത്ത് പഞ്ചമരില്‍നിന്ന് ഈഴവര്‍ പുറംതള്ളപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നാതിരുന്നില്ല. ജാതിപരമായി നോക്കുമ്പോള്‍ ഈഴവരും പുലയരും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ - അതായത് പുരാണകാലം മുതല്‌ക്കേ പുലയരാദി അസ്പൃശ്യര്‍ അടിമകളായിരുന്നു; ഈഴവര്‍ അടിമകളായിരുന്നില്ല. അടിമസമ്പ്രദായം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയപ്പോള്‍ ഈ വ്യത്യാസവും ഇല്ലാതായി.'

പഞ്ചമരുടെ കൂട്ടത്തില്‍ ഈഴവരെ ഉള്‍പ്പെടുത്താതിരുന്നതിനുള്ള കാരണം അവരില്‍ ചിലരുടെ എതിര്‍പ്പും ഒരുവേള എണ്ണത്തില്‍ അവര്‍ക്കുള്ള ബാഹുല്യവുമായിരിക്കാം എന്നാണല്ലോ ഡോക്ടര്‍ നിരീക്ഷിക്കുന്നത്. അപ്പോള്‍ പുതിയ ഭരണഘടനയില്‍ ഷെഡ്യൂള്‍ഡ് ജാതികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കാതിരുന്നതിലുള്ള ഉത്തരവാദിത്വവും ഈഴവര്‍ക്കുതന്നെയാണ് എന്നു വ്യക്തം. ഇങ്ങനെ സ്വയം അകന്നുമാറിനിന്നതിനാല്‍ത്തന്നെ ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്നുള്ള ധരണകള്‍ക്ക് അവര്‍തന്നെ വഴിവെട്ടുകയും ചെയ്തു. 

ഈഴവന്‍ എന്ന പേര് ബുദ്ധന്റെ പര്യായമാണെന്ന് ഡോക്ടര്‍ നിരീക്ഷിക്കുന്നതായി മുന്‍പ് സൂചിപ്പിച്ചു; 'അവരുടെ മതത്തില്‍ ആകൃഷ്ടരായി ബുദ്ധമതം സ്വീകരിച്ചവര്‍ക്കെല്ലാം ബൗദ്ധന്‍ എന്ന കഠിനപദത്തിന്റെ പര്യായമെന്നോണം ഈഴവന്‍ എന്ന പേരും ഉണ്ടായിരുന്നു. പില്ക്കാലത്താണ് കേരളത്തില്‍ ബ്രാഹ്മണരുടെ എണ്ണവും ശക്തിയും വര്‍ധിച്ചത്. തമിഴ്‌നാട്ടില്‍ ബ്രാഹ്മണരും അവരുടെ അനുയായികളും ജൈനമതത്തെ നശിപ്പിച്ച രീതിയില്‍ത്തന്നെ, കേരളബ്രാഹ്മണരും അവരുടെ അനുയായികളും കേരളത്തിലെ ബൗദ്ധരെ-ഈഴവരെ-ക്രമേണ ജീവച്ഛവങ്ങളാക്കി, തീണ്ടല്‍ജാതിക്കാരാക്കി താഴ്ത്തി. തമിഴ്‌നാട്ടില്‍ ജൈനരെ ധാരാളം കൊന്നൊടുക്കിയിരുന്നു; പക്ഷെ ദയാലുക്കളായ നമ്പൂതിരിമാര്‍ ബൗദ്ധരെ കൊന്നില്ലെന്നു തോന്നുന്നു.' 

ഈഴവന്‍ ബുദ്ധന്റെ പര്യയമെങ്കില്‍ ശബരിമല അയ്യപ്പന്‍ ബുദ്ധനുമാണ് - ഡോക്ടര്‍ തുടരുന്നു; 'ബുദ്ധമതത്തിന്റെ അവശിഷ്ടങ്ങളായി പണ്ട് വലിച്ചെറിയപ്പെട്ടവയും ഭഞ്ജിക്കപ്പെട്ടവയുമായ വിഗ്രഹങ്ങള്‍ക്കു പുറമേ വേറെ തെളിവുകളും കേരളത്തിലുണ്ട്. ഓച്ചിറയില്‍ ഇപ്പോഴും നടന്നുവരുന്ന വ്രതങ്ങള്‍ക്കു ബുദ്ധന്‍ നടത്തിയിരുന്ന നോയ്മ്പുകളുമായി അടുത്ത സാമ്യമുണ്ട്. ശബരിമലയിലെ അയ്യപ്പസ്വാമി വിഗ്രഹം സമന്തഭദ്രബോധിസത്വവിഗ്രഹംപോലെതന്നെയാണ്. അയ്യപ്പന്‍ എന്ന പേരുതന്നെ ബുദ്ധഭഗവാന്റെ പേരാണ് (അയ്യന്‍ = ആര്യന്‍). ശാസ്താക്ഷേത്രങ്ങള്‍ ബ്രാഹ്മണരും നിര്‍മിച്ചത് പൊതുജനങ്ങളുടെ ആരാധനാമൂര്‍ത്തിയെ തള്ളിക്കയാന്‍ എളുപ്പമല്ലാത്തതുകൊണ്ടായിരിക്കണം. തമിഴ്‌നാട്ടില്‍ കേരളീയരുടെ ശാസ്താവ് അയ്യനാര്‍ എന്ന പേരില്‍ ഗ്രാമദേവതയായി തരംതാഴ്ത്തപ്പെട്ടു. ബംഗാളിലും ഇതേപോലെതന്നെ ബൗദ്ധദേവതകള്‍ ഗ്രാമദേവതകളായിത്തീര്‍ന്നു. ബൗദ്ധര്‍ താഴ്ന്ന ജാതികളുമായി. (ഈ വിവരം എനിക്കുതന്നത് പ്രസിദ്ധ പണ്ഡിതനായ പ്രൊഫ. സുനീതികുമാര്‍ ചാറ്റര്‍ജിയാണ്) ബുദ്ധമതത്തെ നശിപ്പിക്കുകയല്ല, ബിന്ദുമതത്തില്‍ ലയിപ്പിക്കുകയാണുണുണ്ടായതെന്നുള്ള ഒരു വാദം ചിലര്‍ ഉന്നയിച്ചിട്ടുള്ളത് അറിയാം. അതില്‍ വലിയ കഴമ്പൊന്നും ഇല്ല. ആന്ധ്രപ്രദേശത്ത് ചില വിഹാരങ്ങള്‍ ദഹിപ്പിച്ചു കളഞ്ഞുവെന്നതിന് വ്യക്തമായ തെളിവുണ്ട്.'

തന്റെ പരിശ്രമം ഈഴവര്‍ക്ക് ചരിത്രമുണ്ടെന്ന് തെളിയിക്കാനാണെന്ന് വ്യക്തമാക്കുന്ന ഡോ. എ അയ്യപ്പന്‍, അതില്‍ താന്‍ വിജയിക്കുകയുണ്ടായോ എന്ന സന്ദേഹം രേഖപ്പെടുത്തിക്കൊണ്ട് തന്റെ പ്രബന്ധത്തില്‍, ഈ ചരിത്രപ്രശ്‌നം ആദ്യമായി ഉന്നയിച്ച സി വി കുഞ്ഞുരാമനെ അനുസ്മരിക്കുന്നുണ്ട്.

@ഇടനേരം. അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ