"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഡോ. അംബേദ്ക്കറും വട്ടമേശസമ്മേളനങ്ങളും - വി.എ. ആദിച്ചന്‍https://www.amazon.com/%E0%B4%A1%E0%B5%8B-%E0%B4%85%E0%B4%82%E0%B4%AC%E0%B5%87%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%81%E0%B4%82-%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%87%E0%B4%B6%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-Malayalam-Adichan-ebook/dp/B07JW8JH2T/ref=sr_1_4?ie=UTF8&qid=1539829415&sr=8-4&keywords=kannan+meloth

അധ:സ്ഥിതര്‍ക്ക് അംഗീകാരം

ആദ്യത്തെ രജത രേഖ - സൈമണ്‍കമ്മീഷന്‍ റിപ്പോര്‍ട്ട്1919ലെ ഇന്ത്യന്‍ ഭരണപരിഷ്‌ക്കാര ബില്‍ നടപ്പിലാക്കിയതില്‍ പല പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഭരണാധികാരികള്‍ക്കും പലവിധ ക്ലേശങ്ങള്‍ ജനങ്ങള്‍ക്കും നേരിടേണ്ടി വന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം അരക്ഷിതാവസ്ഥയുടേതായി മാറിയിരുന്നു. എങ്ങും അസംതൃപ്തി; ഒപ്പം ജനതയുടെ സ്വാതന്ത്ര്യതൃഷ്ണ; ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍! വിദേശീയാധിപത്യത്തിന്റെ താണ്ഡവനൃത്തം! ജനരോഷം എങ്ങും ആളിപ്പടര്‍ന്നു. രാഷ്ട്രീയാന്തരീക്ഷത്തിനു ചൂടേറി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനമുന്നേറ്റത്തിന് ആര്‍ക്കും വര്‍ദ്ധിക്കാനതു കാരണമായി.

അതിനെല്ലാമൊരു താല്ക്കാലിക മുട്ടുശാന്തിയെന്നവണ്ണം ജനശ്രദ്ധ തിരിച്ചുവിടാന്‍ ബ്രിട്ടീഷ് ഭരണതന്ത്രജ്ഞര്‍ തയ്യാറായി. ഭരണപരിഷ്‌കാര ബില്ലിലെ ന്യൂനതകള്‍ പരിഹരിച്ച് ഒരു പുതിയ ഭരണനയം ആവിഷ്‌കരിക്കാമെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ സമ്മതിച്ചു. ബില്ലിലെ പാകപ്പിഴകള്‍ പുനപരിശോധിച്ച് ഇന്ത്യന്‍ ജനതയുടെ പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്ത് ഒരു പുതിയ ഭരണപരിഷ്‌ക്കാരനയം ആവിഷ്‌ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ സൈമണ്‍ കമ്മീഷനെ ചുമതലപ്പെടുത്തി ഇന്ത്യയിലേക്കയച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടു വെസ്റ്റുമിനിസ്റ്ററില്‍ ജോയിന്റ് സെലക്ട് കമ്മറ്റി പരിശോധിക്കുമെന്നും, ഇന്ത്യന്‍ ജനതയുടെ പ്രതികരണങ്ങളും അവിടെ വച്ച് പരിഗണനാര്‍ഹമാക്കുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.
ജോണ്‍ സൈമണ്‍ ചെയര്‍മാനായി നിയുക്തമായ സ്റ്റാട്ട്യൂട്ടറി കൗണ്‍സിലില്‍ ഗ്രേറ്റ് ബ്രിട്ടണിലെ പ്രഭു സഭയില്‍ നിന്നും രണ്ട് അംഗങ്ങളും, കോമണ്‍വെല്‍ത്തു സഭയില്‍ നിന്നും നാല് അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. അക്കാലത്ത് ബ്രിട്ടണിലെ തൊഴിലാളി പാര്‍ട്ടി നേതാവും പില്‍ക്കാലത്ത് പ്രധാനമന്ത്രിയുമായിരുന്ന മേജര്‍ ആറ്റ്‌ലി പ്രഭു കമ്മീഷന്‍ അംഗമായിരുന്നു. ഇന്ത്യാക്കാര്‍ക്ക് അംഗത്വം നല്കിയിരുന്നില്ല.

1919-ലെ ഭരണപരിഷ്‌കാര നിയമങ്ങളുടെ വൈകല്യങ്ങളും അതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളും, ഇന്ത്യന്‍ പ്രശ്‌നങ്ങളും അതിന്റെ സാഹചര്യങ്ങളും മറ്റും പഠിക്കുകയും പരിശോധിക്കുകയുമായിരുന്നു കമ്മീഷന്റെ ആദ്യപരിപാടി. അതിനു ചുമതലപ്പെട്ട കമ്മീഷനംഗങ്ങള്‍ 1928 ഫെബ്രുവരി 3-ാം തീയതി കപ്പല്‍ മാര്‍ഗ്ഗം ബോംബെയിലെത്തി. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിക്കകയാണുണ്ടായത്. കരിങ്കൊടിപ്രകടനങ്ങളും 'ഗോബാക്ക്' വിളികളും! എല്ലായിടത്തും മുഖരിതമായിക്കൊണ്ടിരുന്നു. കമ്മീഷന്റെ എല്ലാവിധ നടപടികളും ബഹിഷ്‌ക്കരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

ഇന്ത്യയ്ക്ക് ഒരു പുതിയ ഭരണപരിഷ്‌കാരനയം ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു 1929 ആദ്യം കമ്മീഷന്‍ വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചത്. അന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനോട് നിസ്സഹകരണം രേഖപ്പെടുത്തിയിരുന്നു. ഇതേ ഘട്ടത്തിലായിരുന്നു പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സ്വരാജ് ഭരണഘടന തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ജൂണ്‍ മുതല്‍ ആഗസ്റ്റുവരെയുള്ള അതിന്റെ ഹൃസ്വകാല പ്രവര്‍ത്തനഫലമായി ഇന്ത്യയ്ക്ക് ഒരു പുതിയ ഭരണഘടനാ നക്കല്‍ തയ്യാറാക്കാന്‍ കഴിഞ്ഞു. അധഃസ്ഥതരായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭരണപങ്കാളിത്തത്തെക്കുറിച്ച് ജനപ്രാതിനിധ്യ സ്വഭാവമുണ്ടായിരുന്ന 'സ്വരാജ് ഭരണഘടന' യില്‍ വ്യക്തമായി ഒന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ല. ഒരു അടിക്കുറിപ്പായി 'ഭരണഘടനയ്ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ അധഃസ്ഥിതരുടെ പ്രത്യേക പരിഗണനകളെക്കുറിച്ച് പ്രത്യേക വകുപ്പുകളൊന്നും ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പ്രത്യേകനിയോജകമണ്ഡലങ്ങള്‍ രൂപീകരിച്ചോ നാമനിര്‍ദ്ദേശം ചെയ്‌തോ അവരുടെ പ്രാതിനിധ്യം പരിഗണിക്കാവുന്നതാണ്.'' എന്ന് അതില്‍ എഴുതിച്ചേര്‍ത്തിരുന്നു. നിയമദൃഷ്ട്യാ സാധൂകരണമില്ലാത്ത ഈ അടിക്കുറിപ്പ് അയിത്തജാതിക്കാരുടെ അവകാശവാദങ്ങള്‍ക്ക്, അവരുടെ എല്ലാവിധ അവശതകളും പരിഹൃദമാകത്തക്കവണ്ണം സര്‍വരോഗ സംഹാരിയായ ഒറ്റമൂലിയായിരിക്കുമതെന്ന് അതിന്റെ സംഘാടകര്‍ കരുതിയിരിക്കണം. അതുമാത്രവുമല്ല; ഇന്ത്യയ്ക്ക് ഒരു പുതിയ ഭരണഘടന ഉണ്ടാക്കുന്ന സംരംഭങ്ങളിലും ചര്‍ച്ചകളിലും എല്ലാ മതവിഭാഗങ്ങളെയും, ജാതിസംഘടനകളെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയസംഘടനകളെയും പങ്കെടുപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വര്‍ക്കിംഗ് കമ്മറ്റി താല്പര്യത്തോടുകൂടി ക്ഷണക്കത്തുകളയച്ചിരുന്നെങ്കിലും അധഃസ്ഥിതരുടെ വിവിധ സംഘടനകളില്‍പ്പെട്ട ഒന്നിനേയും അവര്‍ ക്ഷണിച്ചിരുന്നില്ല.

സൈമണ്‍ കമ്മിഷനോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരണം നടത്തുന്ന പ്രദേശങ്ങളില്‍ നിന്നും ഒരു കമ്മിറ്റിയെ കേന്ദ്രഗവണ്‍മെന്റ് തിരഞ്ഞെടുത്തു നിയോഗിച്ചു. മറ്റ് പ്രോവിന്‍സുകളില്‍ നിന്നും അവിടുത്തെ ഭരണസമിതി അതതു പ്രോവിന്‍ഷ്യല്‍ കൗണ്‍സിലില്‍ നിന്നും മെമ്പറന്‍മാരെ തിരഞ്ഞെടുത്ത് അയയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ബോംബെ പ്രോവിന്‍ഷ്യല്‍ കൗണ്‍സിലില്‍ നിന്നും ഡോ. അംബേദ്ക്കറും കൂടി 1928 ആഗസ്റ്റ് 3-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സൈമണ്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിച്ചിരുന്ന സാഹചര്യത്തില്‍ ഡോ. അംബേദ്ക്കര്‍ സൈമണ്‍ കമ്മീഷനോട് സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് ചാരനായും, ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയായും യൂദാസ്‌സായും മറ്റും പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു. എന്നാല്‍ 6 കോടി അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം, ഡോ. അംബേദ്ക്കര്‍ക്ക് സൈമണ്‍ കമ്മീഷനുമായി ബന്ധപ്പെടാനും സഹകരിച്ചു പ്രവര്‍ത്തിക്കാനും കിട്ടിയ അവസരം ഒരു മഹാഭാഗ്യമായി കരുതാവുന്നതാണ്. അധഃസ്ഥിതനേതാവിനെ യൂദാസ്സായും മറ്റും അധിക്ഷേപിച്ചവര്‍ക്ക് സഹസ്രാബ്ദങ്ങളായി അടിമത്വമനുഭവിക്കുന്ന അവരെക്കൂടി സ്വതന്ത്രരാക്കണമെന്ന താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം സവര്‍ണ്ണരുടെ ജന്മാവകാശമാണെന്ന പാരമ്പര്യ ധാരണയില്‍ അവര്‍ ഉറച്ചു നിന്നു. അധഃസ്ഥിതരുടെ സ്ഥിതിവിവരങ്ങളെക്കുറിച്ചും അവരുടെ ജീവല്‍ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ടുകിടക്കുന്ന ചരിത്രാതീതകാലത്തെക്കുറിച്ചും അതിന്റെ ദുസ്സഹതയെക്കുറിച്ചം മറ്റും ഇതുവരെ ഇന്ത്യന്‍ ആദര്‍ശവാദികളും മഹാത്മാക്കളും ആരും ഒന്നും ഉരിയാടുകപോലും ചെയ്യാതിരുന്ന പരിതസ്ഥിതികളില്‍ അധഃസ്ഥിതരുടെ ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്താനും അതിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടാനും ഇടയാക്കിയ ആദ്യകാല സംഭവമായിരുന്നു സൈമണ്‍ കമ്മീഷനോടു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ക്ക് ലഭ്യമായത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ