"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ധമ്മശാസ്താവ്: അയ്യപ്പനും ബുദ്ധനുംബോധിസത്വനില്‍ നിന്നുമാണ് ശാസ്താവ് എന്ന ഉച്ചാരണത്തിന്റെ ആരംഭം. ആ വാക്കിന്റെ മൂലം ദ്രമിളയും വികാസം പാലിയിലുമാണ്. സത്വാ എന്ന ദ്രമിളപദത്തിന് സംസ്‌കൃതത്തിലെ അര്‍ത്ഥവും ഉച്ചാരണവും 'സത്യഃ' എന്നുതന്നെ. സത്യം ബോധ്യമായതെന്തോ അതാണ് 'ബോധിസത്വാ'. ആ സംബോധനകൊണ്ട് ഉദ്ദേശിക്കുന്നത് ബുദ്ധനെയല്ലാതെ മറ്റാരെയുമല്ല. സത്വാ എന്ന വാക്കിന് സംസ്‌കൃതത്തില്‍ പരാക്രമശീലമില്ലാത്തവന്‍ എന്നൊരര്‍ത്ഥം കൂടിയുണ്ടെന്നുള്ളത് ബുദ്ധന്റെ കാര്യത്തില്‍ അങ്ങേയറ്റം യുക്തിസഹമാണ്. ദാര്‍ശനികസംവാദമേഖലയിലോ പ്രവൃത്തിപഥത്തിലോ പരാക്രമശീലമില്ലാത്ത് മറ്റാര്‍ക്കാണ്?

ദീര്‍ഘ ആകാരത്തില്‍ അവസാനിക്കുന്ന വാക്കുകള്‍ ദ്രമിളയുടെ ആധുനികരൂപമായ തമിഴില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആ ഭാഷയില്‍ സത്വാ എന്നും, അതിന്റെ സംസ്‌കൃതവത്കൃതരൂപമായ സത്യാ എന്നും മറ്റുമുള്ള ഉച്ചാരണങ്ങള്‍ ഒരേകാലത്തുതന്നെ പ്രചാരത്തിലുണ്ട്. മലയാള ഭാഷയില്‍ ദീര്‍ഘ അകാരങ്ങളില്‍ അവസാനിക്കുന്ന പദങ്ങളില്ല. സത്സ്ഥാനത്ത് വ-കാരണ് ഉച്ചരിക്കുന്നത്. അങ്ങിനെ മലയാളത്തില്‍ സത്വാവ്, സത്യാവ് എന്നൊക്കെയായി ഉച്ചാരണം മാറുന്നു. 

ദ്രമിളയില്‍ ഉത്ഭവിച്ചതും ആധുനികതമിഴില്‍ പ്രാചാരംനേടിയതുമായ സ-കാരം മലയാളത്തില്‍ ച-കാരമായി മാറുന്നു. ഉദാഹരണത്തിന്, നദി എന്ന് അര്‍ത്ഥമുള്ള 'സരൈ' എന്ന ദ്രമിളപദത്തിന്റെ ആധുനിക തമിഴ് ഉച്ചാരണമാണ് 'സേര' എന്ന പദം. മലയാള ഉച്ചാരണത്തില്‍ സ-യുടെ സ്ഥാനത്ത് ച-കാരാദേശം വരുമ്പോള്‍ ഉച്ചാരണം 'ചേര' എന്നായി മാറുന്നു. (ഒരു നരവംശനാമമായും ഇഴജന്തുവിന്റെ പേരായും 'ചേര' പ്രചാരം നേടിയതെങ്ങിനെയെന്ന് മറ്റൊരു കുറിപ്പില്‍ വിശദീകരിക്കുന്നതാണ്)

ഇതുപോലെ സത്വാ എന്ന ദ്രമിളവാക്കിലെ സ-കാരത്തിന്റെ സ്ഥാനത്ത് ച-കാരാദേശം വരുമ്പോള്‍ 'ചത്വാ' എന്നുച്ചരിക്കുന്നു. ദീര്‍ഘ അകാരം വ-കാരമായി മാറുന്നതോടൊപ്പം അതിനു മുമ്പിരിക്കുന്ന വ-കാരത്തിന് ലോപംവന്നിട്ട്, ഒരു വ-കാരം മാത്രം ശേഷിക്കെ ഉച്ചാരണം 'ചാത്താവ്' എന്നാകുന്നു. വ്യക്തിനാമമാകുമ്പോള്‍ മലയാളത്തില്‍ ചാത്താവിനെ 'ചാത്തന്‍' എന്നുച്ചരിക്കുന്നു. സ്ഥലനാമങ്ങളും അങ്ങനെ ഉച്ചരിക്കപ്പെടുന്നവയുണ്ട്, ഉദാഹരണം - ചാത്തനാട്. 'ശാസ്താവ്' എന്നത് ചാത്താവിന്റെ സംസ്‌കൃതവത്കൃത രൂപമാണ്. അതുപോലെ 'ശാസ്തമംഗലം' തുടങ്ങിയ സ്ഥലനാമങ്ങളും സംസ്‌കൃതവത്കൃതരൂപങ്ങളാണ്. 

ശബരിമല ശാസ്താവായ അയ്യപ്പനെപ്പറ്റി ഇപ്പോള്‍ പ്രചരിക്കുന്ന ഐതിഹ്യകഥകള്‍ക്ക് യുക്തിബദ്ധതയോ സ്ഥലകാലപ്പൊരുത്തമോ ലവലേശമില്ല. ഐതിഹ്യപ്രകാരം ഹരിഹരസുതനാണ് അയ്യപ്പന്‍ (ഹരിയുടേയും ഹരന്റേയും പുത്രന്‍). ഹരിയുടേയും ഹരന്റേയും ജീവിതകാലം ക്രി.മു 2500 വര്‍ഷമോ അതിലധികമോ ആവാമെന്ന് വാദത്തിനുവേണ്ടി അംഗീകരിക്കുക. എങ്കില്‍ അക്കാലത്തു ജനിച്ച അയ്യപ്പന്‍ ക്രിസ്തുവിന് ശേഷം 7-ആം നൂറ്റാണ്ടിലോ അതിലധികമോ കാലം കഴിഞ്ഞ് ജനിച്ച വാവര്‍ എന്ന മുസ്ലീമിന്റെ സമകാലികനാകും? അയ്യപ്പന്‍ ഒരു ഹിന്ദു ദേവനാണെന്ന സവര്‍ണവാദം ഇവിടെ പൊളിയുന്നു!

'കേരളത്തിലെ നാടോടിനാടകങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഡോ. എസ് കെ നായരെ ഉദ്ധരിച്ചുകൊണ്ട്, ഫോക് ലോറിസ്റ്റായ ഡോ. ചുമ്മാര്‍ ചൂണ്ടല്‍ 1979-ല്‍ എഴുതിയ 'നാടന്‍കല' എന്ന തന്റെ ഗ്രന്ഥത്തില്‍ അയ്യപ്പന്‍ തന്നെ ചാത്തനും ശാസ്താവുമെന്നും അത് ബുദ്ധന്‍തന്നെയെന്നും സമര്‍ത്ഥിച്ചിരിക്കുന്നു. 'അയ്യപ്പനും അയ്യനാരും പഴയ തമിഴകത്തെ ഒരു ദേവതയാണെന്ന് അഭിപ്രായപ്പെടുന്നു. ഗ്രാമപാലനമോ വനസംരക്ഷണമോ ആണ് ആ ദേവതക്ക് ആദിദ്രാവിഡര്‍ സങ്കല്പിച്ചിട്ടുള്ള കര്‍ത്തവ്യം. തമിഴ്‌നാട് വിട്ടാല്‍ ആ ദേവതയെക്കാണാനില്ല. കേരളത്തിലേക്കു കടന്നപ്പോള്‍ ഈ അയ്യനാര്‍ അയ്യനും അയ്യപ്പനുമായി രൂപം മാറി. നായാട്ടും ഗ്രാമസംരക്ഷികത്വവും അതോടനുബന്ധിച്ചു വൈദ്യം തുടങ്ങിയവയും ഏറ്റെടുക്കുന്നതായി ഡോ. എസ് കെ നായര്‍ അഭിപ്രായപ്പെടുന്നു.'

'ആര്യന്‍, ആര്യതാതന്‍, മണികണ്ഠന്‍, അയ്യപ്പസ്വാമി, ശാസ്താവ്, ചാത്തന്‍, ഭൂതനാഥന്‍, പരായഗുപ്തന്‍ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന മൂര്‍ത്തി അയ്യപ്പസ്വാമിതന്നെയാണ്. കുലദൈവമായിട്ടാരാധിച്ചുവരുന്ന പാരമ്പര്യവുമുണ്ട്. കേരളത്തില്‍ അന്ന് ചാത്തനും കുട്ടിച്ചാത്തനും മൂത്തപ്പനും വന്നത് അയ്യപ്പനെ സംബന്ധിച്ചുണ്ടായ സങ്കല്പഭേദങ്ങളാണെന്നനുമാനിക്കാം.'

'ബുദ്ധമതത്തിന്റെ പ്രചാരത്തോടെ അയ്യപ്പനേയും ബുദ്ധനേയും കുറിച്ച് ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി. ശാസ്താങ്കോവിലുകള്‍ക്കുള്ള ബുദ്ധവിഹാരങ്ങളുടെ സാദൃശ്യവും അയ്യപ്പന്‍പാട്ടിലെ ശരണംവിളിയും ബൗദ്ധരുടെ 'ശരണത്രയ'വും തമ്മിലുള്ള സാമ്യവും പരിശോധിക്കുമ്പോള്‍ അയ്യപ്പന് ബുദ്ധമതത്തോടുള്ള ബന്ധം സംശയാതീതമാകുന്നില്ലേ?'

അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തെ വിശദമാക്കാന്‍ ചുമ്മാര്‍ ചൂണ്ടല്‍ അയ്യപ്പന്‍ പാട്ടുകളുടെ പഠനക്കുറിപ്പ് നല്‍കുന്നു; 'അയ്യപ്പന്‍ പാട്ടുകളിലെ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ് വാവരങ്കം. തകൃതത്താല്‍ തോട്ടത്തില്‍ സെയ്ദാലി പാത്തുമ്മ പെറ്റ വളര്‍കാലന്‍ വാവരുടെ കഥയാണ് അതിലെ പ്രമേയം. വാവര്‍ ജനിച്ച കാലത്ത് പണം സമൃദ്ധിയായിരുന്നു. ഉമ്മയോട് ചോദിച്ച് വാവര് കപ്പലില്‍ കച്ചവടത്തിന് മറുനാട്ടില്‍ പോയ കഥയാണ് പാട്ടിലെ വര്‍ണ്യവിഷയം. അവസാനം വാവരും അയ്യപ്പനും കൂട്ടിമുട്ടി മൂന്നുദിവസം ഉഗ്രപ്പോരാട്ടം നടന്നുവെന്നും അവസാനം സന്ധിയായി സുഹൃത്തുക്കളായിത്തീര്‍ന്നുവെന്നുമാണ് കഥ. എന്തായാലും ഈ ഐതിഹ്യത്തിനു കേരളത്തിലെ അയ്യപ്പന്‍ പാട്ടുകളില്‍ പ്രമുഖസ്ഥാനം കിട്ടിയിട്ടുണ്ട്. ഹിന്ദു മുസ്ലീം മൈത്രിയുടെ പുളകപ്രദമായ ഒരന്തരീക്ഷമാണ് കേരളത്തിലെ അയ്യപ്പന്‍ വാവരാരാധനാസമ്പ്രദായത്തില്‍ കാണുന്നതെന്ന് ഡോ. എസ് കെ നായര്‍ അഭിപ്രായപ്പെടുന്നു. (കേരളത്തിലെ നാടോടി നാടകങ്ങള്‍: മദ്രാസ്, പുറം 199)'

തികച്ചും മത-വിഭാഗീയ രഹിതനായ ബൗദ്ധസങ്കല്പമായ അയ്യപ്പനെ കേവലം ഒരു മതദേവതായി ചുരുക്കുമ്പോള്‍ ഇല്ലായ്മചെയ്യപ്പെടുന്നത് നാടിന്റെ സെക്കുലര്‍ പാരമ്പര്യമാണ്. മറവിലിരുന്ന നേട്ടംകൊയ്യുന്നതാരാണ്?
@ഇടനേരംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ