"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ആര്‍ത്തവം: ശുദ്ധീകരണവും ആഘോഷവും.ചാണക്യനേക്കാള്‍ മുമ്പ് വലുതോ ചെറുതോ ആയ മറ്റൊരു ബ്രാഹ്മണിത്ത ശാസനകാരനെ തിരയേണ്ടതില്ല. ഇക്കാര്യത്തില്‍ അത്രയും ആധികാരികവുമാണ് ചാണക്യതന്ത്രങ്ങള്‍ എന്നത് തര്‍ക്കമറ്റ സംഗതിയുമാണ്. ഗ്രന്ഥകാരന്‍ തന്റെ 'ചാണക്യദര്‍ശന'ത്തില്‍ സ്ത്രീകളിലെ ആര്‍ത്തവത്തെ അധികരിച്ച് ഇങ്ങനെ ശാസന നല്‍കുന്നു;

ഭസ്മനാ ശുധ്യതേ കാംസ്യം
താമ്രമമ്ലേന ശുധ്യതി
രജസാ ശുധ്യതേ നാരീ
നദീ വേഗേന ശുധ്യതി.

എപ്രകാരമാണോ ചാരം പിച്ചളപ്പാത്രത്തെ തിളക്കമുള്ളതാക്കുന്നത്, എപ്രകാരമാണോ നാരങ്ങാനീര് ചെമ്പുപാത്രത്തെ തിളക്കമുള്ളതാക്കുന്നത്, എപ്രകാരമാണോ ഒഴുക്ക് നദിയെ ശുദ്ധീകരിക്കുന്നത് അപ്രകാരം ആര്‍ത്തവത്താല്‍ സ്ത്രീകളും ശുദ്ധീകരിക്കപ്പെടുന്നു.

ചാരവും നാരങ്ങാനീരും നീരൊഴുക്കും അശുദ്ധങ്ങളല്ലാത്തിടത്ത് ആര്‍ത്തവം എങ്ങനെ അശുദ്ധിയാകും? ആര്‍ത്തവം ചാണക്യനുശേഷവും ഏതെങ്കിലുംകാത്ത് അശുദ്ധിയായി വിലയിരുത്തിയിരുന്നില്ലെന്നുമാത്രമല്ല, പവിത്രതയായി കണക്കാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കന്യകയിലെ ആദ്യത്തെ ആര്‍ത്തവം (ഋതുമതിയാകല്‍) ബന്ധുജനങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്തിരുന്നു. മലയളത്തില്‍ ഋതുമതിയാകുന്നതിനെ തിരണ്ടുക എന്നാണല്ലോ പറയുന്നത്. അത് ആഘോഷമാക്കുന്നതിനെ തിരണ്ടുകല്യാണം എന്നാണ് പറയുന്നത്. കല്യാണം എന്നാല്‍ പവിത്രം എന്നാണല്ലോ അര്‍ത്ഥം - കല്യാണം, മംഗളം ശുഭം എന്ന് പ്രമാണം! ആര്‍ത്തവത്തിന് അശുദ്ധിയാണ് കല്പിക്കപ്പെട്ടിരുന്നതെങ്കില്‍ കല്യാണം എന്ന് അതിന് എങ്ങനെയാണ് വിശേഷണം വരുന്നത്?പ്രസിദ്ധ ഫോക് ലോറിസ്റ്റായ ഡോ. ചുമ്മാര്‍ ചൂണ്ടല്‍ എഴുതി, 1979 ല്‍ ചരിത്രം പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം പ്രസിദ്ധീകരിച്ച 'നാടന്‍കല' എന്ന ഗ്രന്ഥത്തില്‍ നിന്നും 'തരിണ്ടുപാട്ട്' എന്ന അധ്യായത്തിലൂടെ ഒരു വായനാസഞ്ചാരം നടത്തിനോക്കാം. 'പല ജാതികള്‍ക്കിടയിലും, നായന്മാരുടേയും പുലയരുടേയും, പറയരുടേയും തിരണ്ടുകല്യാണത്തിന് പെരുവ(മ)ണ്ണാന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു' എന്ന് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ മണ്ണാന്‍ സമുദായക്കാരുടെ തിരണ്ടുകല്യാണവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് മാത്രമാണ് പുസ്തകത്തിലെ വിവരണങ്ങള്‍. വാദ്യോപകരണങ്ങളുപയോഗിക്കാതെ, രണ്ടുപേര്‍ ചേര്‍ന്നുപാടുന്ന ഒരു തിരണ്ടുപാട്ടും പ്രസ്തുത അധ്യായത്തോടനുബന്ധിച്ച് ചേര്‍ത്തിട്ടുണ്ട്.

ദ്രമിളഭാഷ (ആധുനിക തമിഴ്) യിലെ പദാവലികളുടെ സ്വാധീനമുള്ള പാട്ട്;

'മലയിലെ ഉയര്‍ന്നിതല്ലോ
മാവേലികുലം പര്‍വതമാണിതേ'

എന്ന് സ്ഥലനാമപരിചയം നല്‍കിക്കൊണ്ട് പാട്ട് ആരംഭിക്കുന്നു. തുടര്‍ന്ന് വംശസ്തുതികള്‍ നിരത്തുന്നു;

ഈ ലോകം വാഴ്ക (മാവേലിലോകം)
മന്ദാരലോകം വാഴ്ക,
നാഗലോകം വാഴ്ക,
അസുരലോകം വാഴ്ക.... എന്നിങ്ങനെ വംശങ്ങളെ വേര്‍തിരിച്ച് സ്തുതിക്കുന്നു. 

(മാവേലിലോകവും നാഗലോകവും അസുരലോകവും - നരവംശശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍ ഒരേവംശക്കാരുടേതാണ്. ഭൂമിശാസ്ത്രപരമായ വേറിടല്‍ മൂലമാണ് ഒരേവംശംതന്നെ വിവിധനാമങ്ങളില്‍ അറിയപ്പെടാനിടയാകുന്നത് - നരവംശപഠനമല്ലാത്തതിനാല്‍ത്തന്നെയാവണം, ഈ വസ്തുത ചുമ്മാര്‍ ചൂണ്ടല്‍ തന്റെ ഗ്രന്ഥത്തില്‍ നല്‍കിയിട്ടില്ല.)

ഈ ലോകത്തെ (മാവേലിലോകത്തെ) കന്യക ഋതുമതിയാകുമ്പോള്‍ ആഘോഷിക്കുന്ന ചടങ്ങിന് പാടുന്ന പാട്ടാണിത്.

'ഈ ലോകത്തില്‍ ഇന്ദിര കന്നികാവിനെ
ഉടുത്തിടുന്ന വെള്ളപ്പൂന്തുകില്‍ ആടൈ
ചുവന്ന പുള്ളിരൂപം മറുകാണുന്നിതേ'

ഈ വരികളില്‍നിന്ന്, കന്യക ഋതുമതിയായി എന്നതിനുള്ള ലക്ഷണം എന്തെന്ന് വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഗ്രന്ഥം രചിക്കുന്ന കാലത്ത് തൃശൂരിലെ അയ്യന്തോളിലുള്ള ഊമനാട് ശങ്കുണ്ണി മണ്ണാന്‍ എന്ന 70-കാരനില്‍ നിന്നും പൂങ്കുന്നത്തെ ശങ്കു മണ്ണാന്‍ എന്ന 60-കാരനില്‍ നിന്നും പാട്ട് ശബ്ദലേഖനം ചെയ്തിരുന്നുവെന്ന് ചുമ്മാര്‍ ചൂണ്ടല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ സ്ത്രീകളിലെ ആര്‍ത്തവം വിവാദമായിരിക്കുകയാണല്ലോ. ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയെത്തുടര്‍ന്ന്, ആര്‍ത്തവം അശുദ്ധിയാണെന്നും സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുകവേണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് നായര്‍ സമുദായ സംഘടനയായ എന്‍എസ്സ്എസ്സ് പ്രക്ഷോഭരംഗത്താണ്. എന്നാല്‍, ഒരിക്കല്‍ നായര്‍ സമുദായങ്ങളും ആര്‍ത്തവത്തെ ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു. അതിന് ഒരു കാരണമുണ്ട്, ദ്രാവിഡരില്‍ പെടുന്നവരാണ് നായര്‍ എന്നുള്ള വസ്തുതയാണത്. 

ആര്‍ത്തവത്തെ പരിശുദ്ധ കര്‍മമായി ആഘോഷിക്കുന്നത് ദ്രാവിഡരുടെ രീതിയാണല്ലോ. അവര്‍ അതില്‍ അശുദ്ധിയായി യാതൊന്നും കാണുന്നില്ല. എന്നാല്‍ ബ്രാഹ്മണരും ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്നില്ലെന്നതിന് ചാണക്യന്‍ തന്നെ സാക്ഷ്യം! ദ്രാവിഡരും ആര്യന്മാരും ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്നില്ലെന്നിരിക്കെ, ദ്രാവിഡരായ നായന്മാര്‍ മാത്രം എന്തുകൊണ്ടാണ് മറിച്ച് കരുതുന്നത്? ഈ പ്രശ്‌നത്തിന് ഒറ്റസമാധാനമേയുള്ളൂ, നായന്മാരുടെ ബ്രാഹ്മണദാസ്യം- അതുതന്നെ!

@ഇടനേരം

*ചിത്രത്തിന് കടപ്പാട്: ചാണക്യദര്‍ശനം. ദ്രോണാചാര്യ പബ്ലിക്കേഷന്‍സ് .


https://www.facebook.com/idaneram/posts/546506535790392?__xts__[0]=68.ARDdbHAGWDEFIoK07ne4P-bITBrRVJU7nEnA_NMBK27dtzSFZWg52HFLudKt849aGWcU9uZmzqHvkt9U0rn07dWlZwx9jNhxzF78xf-NCH78udZK5omdtvBbo0EJurukSXFxtX3DS-loUw2lmgBa_A77pGiHsHLYQ5GD_rZ8Zi0p6c2qA4O-&__tn__=-R

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ