"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ജാതിയുടെ വേലിക്കെട്ട് തകര്‍ത്ത കല്ലറ സുകുമാരന്‍ - എലിക്കുളം ജയകുമാര്‍


ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചതുമുതല്‍ ഉപജാതിചിന്തകള്‍ക്കതീതമായി ദലിത് ജനതയെ സംഘടിപ്പിച്ച നേതാവാണ് കല്ലറ സുകുമാരന്‍. കാലത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് ആത്മാഭിമാനവും പൈതൃകവും നഷ്ടപ്പെടുത്താതെ ദലിതര്‍ സ്വയം ഒരു പ്രസ്ഥാനമാവണമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് കല്ലറ സുകുമാരനിലെ സാമൂഹ്യപ്രവര്‍ത്തകന്‍ രംഗപ്രവേശനം ചെയ്തത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ദലിതര്‍ അന്യവത്കരിക്കപ്പെട്ടപ്പോള്‍ അവര്‍ ശക്തരാകണമെന്നും ദലിത് തമസ്‌കരണത്തിനെതിരെ ചെറുത്തുനില്ക്കണമെന്നും അദ്ദേഹം സമുദായത്തെ ധരിപ്പിച്ചു. സംഘടിതരായാലേ ദലിതര്‍ ശക്തരാകൂ എന്ന് തിരിച്ചറിഞ്ഞ സുകുമാരന്‍ മുഴുവന്‍ സമയ സംഘടനാപ്രവര്‍ത്തകനായി. നിരന്തരമായ ചരിത്രപഠനവും വിശകലനവും ഡോ. അംബേഡ്കര്‍, അയ്യന്‍ കാളി, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയിലപ്പച്ചന്‍ തുടങ്ങിയവരുടെ പ്രബോധനങ്ങളുമാണ് കല്ലറ സുകുമാരനെ സാമൂഹിക പ്രവര്‍ത്തകനാക്കിയത്.

അധികാരത്തിലെ പങ്കാളിത്തത്തോടെ മാത്രമേ ദലിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് മനസ്സിലാക്കിയതോടെ സുകുമാരന്‍ അംബേഡ്കറിസത്തോട് കൂടുതല്‍ അടുത്തു. ഡോ. അംബേഡ്കറെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് കല്ലറ സുകുമാരനാണ്. അതിനുശേഷമാണ് ദലിത് പാന്തേഴ്‌സ് കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ധീരതയും, രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ചെണ്ടക്കോലാവാതെ പൊരുതാനുള്ള മനസ്ഥൈര്യവും അദ്ദേഹത്തെ മറ്റു നേതാക്കളില്‍ നിന്നും ഭിന്നമാക്കി. കേരളത്തില്‍ ഈ പൈതൃകം അവകാശപ്പെടാവുന്ന ഏക നേതാവ് അയ്യന്‍ കാളി ആണ്. അയ്യന്‍ കാളിക്ക് ശേഷം ദലിതരെ ഉപജാതി ചിന്തകള്‍ക്കതീതമായി സംഘടിപ്പിച്ചതും ശക്തരാക്കിയതും. കല്ലറ സുകുമാരന്‍ മാത്രമാണ്. എന്നാല്‍ അധികാരവര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തിനും ദലിതരോടുള്ള അവഗണനക്കും എതിരെ ദലിത് സംഘശക്തി വളര്‍ത്തണമെന്നുപദേശിച്ച സുകുമാരനെ സ്വന്തം പാളയത്തില്‍നിന്നുതന്നെ ചിലര്‍ തിരിഞ്ഞു കുത്തി. ഇക്കൂട്ടര്‍ ദലിത് ജനതയുടെ അവകാശധ്വംസനത്തിന് മറ പിടിച്ചവരാണ്. സാധാരണഗതിയില്‍ സ്വന്തം പാളയത്തില്‍നിന്ന് കുത്തേറ്റവര്‍ വീണുപോയിട്ടേയുള്ളൂ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഡോ. അംബേഡ്കറും അയ്യന്‍ കാളിയും കല്ലറ സുകുമാരനും പാമ്പാടി ജോണ്‍ ജോസഫും സ്വന്തം സമുദായത്താല്‍ വഞ്ചിക്കപ്പെട്ടവരാണ്. ഇവര്‍ ഇപ്പോഴും വഞ്ചിക്കപ്പെടുന്നു. ഇവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തോടും സമരസപ്പെട്ടായിരുന്നില്ല. ഒരു ജനതയുടെ അത്യന്തിക വിമോചനമായിരുന്നു മേല്‍പ്പറഞ്ഞവര്‍ ലക്ഷ്യംവെച്ചത്. കല്ലറ സുകുമാരനും ഈ മുന്‍ഗാമികളുടെ പ്രവര്‍ത്തനശൈലിയും പ്രായോഗിക സമീപനവുമാണ് സ്വീകരിച്ചത്.

പീരുമേട് താലൂക്ക് ഹരിജന്‍ ഫെഡറേഷന്‍ ആരംഭിച്ച് കേരളാ ഹരിജന്‍ ഫെഡറേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് സുകുമാര്ന്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ രൂപീകരിച്ചു. അയ്യന്‍ കാളിക്കുശേഷം ഉപജാതിചിന്ത വെടിഞ്ഞ് വിശാലാര്‍ത്ഥത്തില്‍ പട്ടികജാതി എന്ന ഒറ്റ ശീര്‍ഷകത്തില്‍ ഈ ജനതയെ സംഘടിപ്പിച്ചതും കല്ലറ സുകുമാരനാണ്. ഇടതുവലത് രാഷ്ട്രീയകക്ഷികള്‍ ദലിതരുടെ അധികാരത്തിലേക്കുള്ള പാതയിലെ തടസ്സങ്ങളാണെന്നു മനസ്സിലാക്കിയ സുകുമാരന്‍ മൂന്നാം മുന്നണി എന്ന ആശയം മുന്നോട്ടുവെച്ചു. ഇതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതും അദ്ദേഹം തന്നെ.

1983 ഫെബ്രുവരി 13 ന് ഗുരുവായൂരില്‍ നമസ്‌കാരസദ്യക്കെതിരെ ആഞ്ഞടിച്ച സുകുമാരന്‍ ദലിതര്‍ക്കെതിരെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനത്തെ ചോദ്യംചെയ്തു. കേരള ഹരിജന്‍ ഫെഡറേഷന്റെ നൂറ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭന്റെ ക്ഷേത്രത്തില്‍ കുളിച്ചുതൊഴുത് തുടങ്ങിയ യാത്ര കേരളത്തിലെ പ്രസിദ്ധമായ 51 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഗുരുവായൂരില്‍ കുളിച്ചുതൊഴുത് മൂന്ന് ഊട്ടുപുരകളിലും കയറി പന്തിഭോജനം ചെയ്തത്. യാത്ര തുടങ്ങുംമുമ്പ് പന്തിഭോജനത്തിനുവേണ്ടി സൗകര്യങ്ങള്‍ ചെയ്തുതരണമെന്ന് അന്നത്തെ മുഖ്യമന്ത്രിയോട് കല്ലറ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഊട്ടുപുരയിലേക്കുള്ള പ്രവേശനകാര്യം തന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിവായി. 1936-ല്‍ ക്ഷേത്രപ്രവേശനവിളംബംരം പ്രഖ്യാപിച്ചത് തന്ത്രിയോട് ആലോചിച്ചല്ലായിരുന്നു എന്ന് കല്ലറ തിരിച്ചടിച്ചു. എന്തായാലും പന്തിഭോജനം വിജയിച്ചതോടെ മുഖ്യമന്ത്രിയോടൊത്തുകൂടി ഊണുകഴിച്ചാണ് സംഘം മടങ്ങിയത്. ഇതായിരുന്നു സുകുമാരന്റെ ഇച്ഛാശക്തി. തുനിഞ്ഞിറങ്ങിയാല്‍ കാര്യം സാധിച്ചേ പിന്മാറുമായിരുന്നുള്ളൂ.

അടിത്തട്ടുകാര്‍ രാഷ്ട്രീയാധികാരമില്ലായ്മകൊണ്ട് കക്ഷിരാഷ്ട്രീയത്തിന് വിധേയരാകുന്നത് ട്രേഡ് യൂണിയനസിസത്തിലൂടെയാണെന്ന് കണ്ടെത്തിയ സുകുമാരന്‍ പുതിയ ട്രേഡ് യൂണിയനും രൂപം നല്‍കി. അങ്ങനെയാണ് 1982-ല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയനും 1983-ല്‍ സികെടിയുവും നിലവില്‍ വന്നത്.

സാമുദായിക പ്രവര്‍ത്തനത്തിനിടയില്‍ പുസ്തകരചനയിലും സുകുമാരന്‍ ശ്രദ്ധിച്ചു. പഠനാര്‍ഹമായ 17-ഓളം കൃതികളുടെ കര്‍ത്താവാണ് കല്ലറ സുകുമാരന്‍. വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം, ജാതി ഒരു അഭിശാപം. അംബേഡ്കര്‍ ലഘുജീവചരിത്രം തുടങ്ങിയവ ശ്രദ്ധേയമായ കൃതികളാണ്. ഡോ. അംബേഡ്കറും മഹാനായ അയ്യന്‍ കാളിയും ചെയ്തതുപോലെ കല്ലറ സുകുമാരനും പ്രസിദ്ധീകരണത്തിന്റെ ആവശ്യകത മനസ്സിലാക്കിയിരുന്നു. വോയ്‌സ് ഓഫ് ഹരിജന്‍സ് ദ്വൈവാരികയും ജ്വലനം മാസികയും തുടങ്ങി. സംഘടനാശക്തി വളരുന്നതിന് അതിന്റെ ആത്മാഭിമാനം വളരുകയും സംഘടനകള്‍ സാമൂഹ്യവീക്ഷണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് സുകുമാരന്‍ പറയുമായിരുന്നു. ഈ നിലയിലാണ് അദ്ദേഹം ദലിത് ചരിത്രപഠനക്ലാസ്സുകളും ചര്‍ച്ചാക്ലാസ്സുകളും സംഘടിപ്പിച്ചത്. ദലിതര്‍ക്ക് സാംസ്‌കാരികരംഗത്ത് അപ്രധാനമല്ലാത്ത സ്ഥാനം നേടിക്കൊടുക്കാന്‍ അദ്ദേഹം അക്ഷീണം ശ്രമിച്ചു. കലാകാരന്മാരോടും ദലിത് സാഹിത്യകാരന്മാരോടും കഠിനാധ്വാനം ചെയ്യണമെന്നും മുന്‍നിരയിലെത്തണമെന്നും ആഹ്വാനം ചെയ്ത് അദ്ദേഹം കോട്ടയത്ത് 1996-ല്‍ ദലിത് കലാനിശയും ദലിത് സാഹിത്യസംഗമവും നടത്തി. ദലിത് സാംസ്‌കാരികപൈതൃകം നിലനിര്‍ത്താന്‍ തുടങ്ങിയ ഇത്തരം പരിപാടികള്‍ ഇനിയും വിജയിച്ചിട്ടില്ല. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ ഉണ്ടായതുപോലെയുള്ള വളര്‍ച്ച മലയാളത്തില്‍ ദലിത് സാഹിത്യത്തിനുണ്ടായിട്ടില്ല.

ഉത്തരേന്ത്യവരെ വ്യാപിച്ച സുകുമാരന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുഴുമിച്ചു എന്നു പറയനാവില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും വിലയിരുത്താനും ദലിത് പ്രവര്‍ത്തകര്‍ തയ്യാറാവുകയാണ് വേണ്ടത്. അതിലൂടെയേ ദലിത് പിന്നോക്ക ഐക്യം സംഭവിക്കുകയുള്ളൂ.

@എലിക്കുളം ജയകുമാര്‍ കല്ലറ സുകുമാരന്റെ ജീവചരിത്രകാരനാണ്. അദ്ദേഹത്തിന്റെ 'ദലിത് സൈദ്ധാന്തികതയും അധികാരവും' എന്ന പുസ്തകത്തില്‍ നിന്നുള്ള അധ്യായമാണിത്. പ്രസാധകര്‍: അസ്സെന്റ് പബ്ലിക്കേഷന്‍സ്, കോട്ടയം. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ