"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

നായന്മാരോടു ഒരു വാക്ക് - പി. അനന്തന്‍പിള്ള (1913-ലെ സാധുജനപരിപാലിനി)പുലയസമുദായത്തിനു മാസികയൊ? എന്തസംബന്ധമാണിത്? തീണ്ടിയാല്‍ കുളിയ്‌ക്കേണ്ടവര്‍! അവര്‍ തൊട്ട കടലാസു നമുക്കു തൊടാമോ? മാസികയ്ക്കും തീണ്ടല്‍ വേണ്ടതല്ലെ? 'സാധുജനപരിപാലിനി'നിയൊ? സാധുജനങ്ങളെ എല്ലാവരേയും പരിപാലിച്ചാല്‍ വേല ചെയ്‌വാനിനി ആരാണ്? ശ്രുതിസ്മൃതി സിദ്ധാന്തങ്ങളെല്ലാം വിസ്മരിക്കുകയൊ? നല്ല ശിക്ഷയായി. ഇതെല്ലാം കലികാലവൈഭവമത്രേ! ഇനി എന്തെല്ലാം കണ്ടനുഭവിക്കണമൊ എന്തൊ? ഈശ്വരനറിയാം.

അമ്പ! സ്വാര്‍ത്ഥപരതയുടെ ഊറ്റം! ലോകത്തിലെ ഇതര സൃഷ്ടങ്ങളെല്ലാം മനുഷ്യന്റെ സുഖത്തിനായി ഈശ്വരന്‍ കൊടുത്തിട്ടുള്ളതാണത്രെ! പോരെങ്കില്‍ സമസൃഷ്ടങ്ങളില്‍ തന്നെയും ഒരുവലിയ തമാശ: ഇതാ''കയ്യൂക്കുള്ളവന്‍ കാര്യക്കാര''നെന്ന നിലയില്‍ വില്ക്കയൊ വാങ്ങീയ്ക്കയൊ, അടിയ്ക്കുകയൊ, പട്ടിണിയിടുകയോ, എന്തുവേണമെങ്കിലും ചെയ്തു കൊള്‍കേ വേണ്ടൂ. 'അടിയങ്ങളെ അതിനെല്ലാമായിട്ടാണ് ഉടയതമ്പുരാന്‍ ഉണ്ടാക്കിയത്. എഴുത്തും വേണ്ട; വായനയും വേണ്ട. കന്നുകാലികള്‍ക്ക് ഇതുവല്ലതുമുണ്ടൊ? അവ ഞങ്ങളുടെ ഉറ്റസ്‌നേഹിതന്മാരല്ലെ? ഞങ്ങളുടെ കുളിയും, ഊണും, ഉറക്കവും എല്ലാം അവയുടെ കൂടെത്തന്നെ. പോരെങ്കില്‍ മാടമുണ്ടല്ലൊ. ചിലനംപൂരിത്തമ്പുരാക്കന്മാര്‍ വരുമ്പോള്‍ മാത്രം മാടംപഠിച്ച് അല്പമങ്ങു മാറ്റിവയ്ക്കണം. അവര്‍ നേര്‍വഴിയ്ക്കു നടക്കുന്നവരല്ലെ? ചരിഞ്ഞുപോകുമോ? 'ഓടേരു' മരിച്ചാല്‍ മുറയിടണം, അടിയാരുമരിച്ചാലൊ അടങ്ങിക്കൊള്ളണം?എടയെട അക്രമമെ! ഇരുപതാം നൂറ്റാണ്ടു പിറിന്നിട്ടന്താ? കാര്യമെല്ലാം പണ്ടെക്കണക്കതന്നെ. ഇതെല്ലാം വിഷ്ണു പറ്റിച്ച പണിയാണ്. അങ്ങേക്കൊരു ലയാനന്ദനായി ഒന്നവതരിക്കരുതേ! എന്നാല്‍ എത്രഗീതകളും, വേദങ്ങളും, അവരുടെ ഇടയിലും ഉണ്ടാകുമായിരുന്നു. ചുരുങ്ങിയപക്ഷം ഒരു ബുക്കര്‍ വാഷിങ്ടന്‍ ആയാലും മതിയായിരുന്നു. എവിടെ! മാടത്തിലുണ്ടൊ മഹാദേവന്‍ പ്രത്യക്ഷമാകുന്നു! ചിലനംപൂരിത്തമ്പുരാക്കാന്മാര്‍ക്കു ആന കളിയ്ക്കാന്‍ വേണ്ടി ഒരു പാക്കനാരൊ മറ്റൊ ആകപ്പാടെ ഉണ്ട്.

ആഹാ! മിഷ്യനറിമാര്‍ക്കെന്തു സന്തോഷം! അവരുടെ ഉദ്ദേശസാദ്ധ്യത്തിനെന്തെളുപ്പം! കാടുംകേറേണ്ടാ മലയുംകേറണ്ട വയലില്‍ കൂടി ഒന്നു സവാരി ചെയ്താല്‍ നൂറോളം പേര്‍ ദിനംപ്രതി കയ്യില്‍. ഒടേര്‍ക്കു അതിനെപ്പറ്റി ചോദ്യമെയില്ല. എന്തുകൊണ്ട്? സര്‍പ്പക്കാവു വെട്ടിവെളുപ്പിക്കാന്‍ കാവലനേയുളളു. വെട്ടെടാ, വെട്ട്, കടന്നുവെട്ട്.' നിനക്കുമതമുണ്ടൊ ---- സര്‍പ്പക്കാവിന്റെ അരികിലെങ്ങാന്‍ കവുങ്ങു വൃക്ഷങ്ങളില്‍ നിന്നു പാക്കുവീണു കിടന്നാല്‍ അതെടുക്കാന്‍ പോകാന്‍ അവിടെ ആരും പോകല്ലെ! സര്‍പ്പബാധയുണ്ടാകും?

ശിവ! ശിവ! ഇതാ ഇതെഴുതുമ്പോഴും എന്റെ കണ്ണുകള്‍ കൂടെക്കൂടെ പതിക്കുന്നത് പാടത്തു ജോലി ചെയ്യുന്ന പുലയരിലാണ്. എന്തദ്ധാനം ജോലിയില്‍ എന്തു തൃഷ്ണ! ഇതില്‍നൂറിലൊരംശം ശുഷ്‌കാന്തി ജോലിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എങ്കില്‍ ജാത്യാഭിമാനം നടിക്കുന്ന ഓരോ വര്‍ഗ്ഗക്കാര്‍ എത്രവേഗത്തില്‍ ഉല്‍ക്കര്‍ഷം പ്രാപിച്ചേനെ. അവരില്‍ ഭൂരിഭാഗക്കാരും ആലസ്യത്തില്‍ കാലം കഴിച്ചുകൂട്ടുന്നു. ജന്മാന്തം ഈ സാധുസത്വങ്ങള്‍ ഇങ്ങനെ തങ്ങള്‍ക്കുവേണ്ടി ബുദ്ധിമുട്ടട്ടെ എന്നവര്‍ ഏകോപിച്ചു സമ്മതിച്ചിരിക്കയാണ്. ഈ അനീതിയെ പരിഹരിക്കുന്നതിന് യാതൊരു നിയമവുമില്ല.

തൊടുന്നില്ല. അടുത്തുവരാന്‍ പാടില്ലെ? ,ആത്മികത രോഗോല്പാദകങ്ങളായ വിഷബീജങ്ങളൊ ഇവര്‍? ഈമൗഡ്യം ഇനി വച്ചു കൊണ്ടിരിക്കയല്ലെ. ക്രാപ്പടിച്ചു പേരുമാറ്റി ഷര്‍ട്ടും ധരിച്ചു വന്നാല്‍ ഹസൂഗ്രഹണവം ചെയ്യേണ്ടിവരും. പക്ഷേ രാജ്യത്തോടും, സ്വദേശവാസികളോടും, അവരുടെ മതത്തോടുമുളള പ്രതിപത്തിക്കൊണ്ടു അവര്‍ ഒന്നോടെ അപ്രകാരം ചെയ്യുന്നില്ല. എന്നു മാത്രവുമല്ല വില്‍സ് സായിപ്പിനും കൂട്ടര്‍ക്കും കൊയ്ത്തു പണ്ടത്തെപ്പോലെ ഇപ്പോള്‍ ഇല്ലതാനും

മാന്യന്മാരായ നായര്‍ സമുദായങ്ങളെ! നമുക്ക് ആദ്യമെ അബദ്ധം പിണഞ്ഞുപോയി, ഈ അബദ്ധങ്ങള്‍ ഇനിയും ചിരകാലം നില്ക്കാന്‍ നാം സമ്മതിക്കരുത്. ഇതാ നല്ലൊരു അവസരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കറ്റുള്ളപ്പോള്‍ തൂറ്റിക്കൊള്‍വിന്‍. അമേരിക്കയിലെ നീഗ്രാ ജാതിക്കാരെപ്പോലെതന്നെ ബാധിതവര്‍ഗ്ഗക്കാര്‍ എന്നിതുവരെ നാം വിചാരിച്ചകൊണ്ടിരുന്ന നമ്മുടെ പുലയരും ഇതാ അവരുടെ നിദ്രയില്‍ നിന്നും ഉണര്‍ന്നിരിക്കുന്നു. ഇവരോടു നാം പൂര്‍ണ്ണമായ ആനുകൂല്യം പ്രദര്‍ശിപ്പിച്ചു സാധുപരിപാലകന്മാരായിത്തീരുന്നതുതന്നെയാണ് മോക്ഷമാര്‍ഗ്ഗങ്ങളില്‍ പ്രധാനമായ ഒന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ