"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

ശബരിമലയുടെ ചരിത്രം - സുദര്‍ശന്‍ കെ പിള്ള2001 -ലെ 'സമീക്ഷ' നവവത്സരപ്പതിപ്പ്.

ഹൈന്ദവഫാസിസം വളരുകയാണല്ലോ ഇന്ന്. ധാര്‍മികമായ മതവിശ്വാസത്തെ രാഷ്ട്രീയാത്മകമാക്കുകയാണ് ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. ധാര്‍മികതയാല്‍ നിയന്ത്രിതമായ സാമൂഹികതയാണ് ഇസ്ലാമിലും ക്രിസ്തുമതത്തിലുമുള്ളത്. ആള്‍ക്കൂട്ടമാണ് ഹൈന്ദവസമൂഹത്തിന്റെ സ്വത്വംതന്നെ. അതിനെ യാന്ത്രികമായി സാമുഹീകരിക്കാനുള്ള കപടയത്‌നമാണ് ബിജെപിയും മറ്റും ചെയ്യുന്നത്. ശ്രീരാമനേയും കൂട്ടരേയും ഭക്ത്യുന്മാദം വളര്‍ത്തുവാന്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ തത്രപ്പാട് അതാണ്. ജാതിയുടേയും ഉപജാതിയുടേയും കനത്ത ചെളിക്കുണ്ടില്‍ നിന്നും നയനമനോഹരമായ താമര വിടര്‍ത്തുകയാണ് ബിജെപിയുടെ രാഷ്ട്രീയാദര്‍ശം എന്നു തോന്നുന്നു. ഈ വേളയില്‍ ശബരിമലയുടെ പൂര്‍വചരിത്രം ഒന്നാരായുന്നത് യുക്തസഹമായ നടപടിയായിരിക്കും.

'ശബരി' എന്ന ഭക്തയായ സ്ത്രീയുമായി മലക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. 'അയിരമല' എന്നാണ് ശരിയായ പേര്. പതിനെട്ട് മലകളുടെ സമുച്ഛയമാണത്. പതിനെട്ട് സൃഷ്ടികള്‍ വന്നത് അങ്ങനെയാണ്. അയിര എന്നത് സംസ്‌കൃതത്തിലെ രേഫലകാരഭേദത്താല്‍ അയില എന്നാകുന്നു. 'കാക്ക കൊത്താത്ത അയില'യായി ആ മലയെ പഴന്തമിഴ് കൃതിയില്‍ പരാമര്‍ശിച്ചുകാണുന്നുണ്ട്. അയില സംസ്‌കൃതത്തില്‍ 'ശഫരി' ആണ്. അങ്ങനെ അയിര എന്ന അയില (ശഫരി) ശബരിമലയായി മാറുന്നു.

അയിരമലയില്‍ ഒരു കൊറ്റവൈ ക്ഷേത്രമുണ്ടായിരുന്നു. ഒരു ചേരമന്നന്‍ അവിടേക്ക് സപരിവാരം പോയതായി ചരിത്രത്തില്‍ കാണുന്നു. ഇന്നത്തെ ക്ഷേത്രത്തിന് പഴക്കമുണ്ടെന്ന് തോന്നുന്നില്ല. പൊന്നമ്പലമേട്ടിലായിരുന്നു പഴയ ക്ഷേത്രം നിലനിന്നിരുന്നത്.

'അയ്യപ്പന്‍' എന്ന പേര് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ആര്യാത്മാവ് എന്നതിന്റെ പ്രാകൃതംവഴി വന്ന രൂപമാണ് അത്. ആര്യമതമെന്നത് ബുദ്ധമതമാണ്. ബുദ്ധന്റെ ബോധിസത്വനായ അവലോകിതേശ്വരനുമായി അയ്യപ്പന് ബന്ധമുണ്ടെന്നും ഒരു വ്യാഖ്യാനം കാണാം. ഏതായാലും ശ്രീബുദ്ധനോ അവലോകിതേശ്വരനോ 
ആണ് അതെന്ന് വ്യക്തമാണ്.

അവലോകിതേശ്വരന് 'ഭൂതനാഥനെ'ന്ന് പേരുണ്ട്. ബുദ്ധനെ പരിഹാസപൂര്‍വം ബ്രാഹ്മണര്‍ 'ഭൂത'മെന്ന് വിളിച്ചിരുന്നു. അവരുടെ നാഥനാകയാല്‍ ബുദ്ധനെ ഭൂതനാഥനെന്നു പറയുന്നു. അതറിയാതെ പഞ്ചഭൂതങ്ങളുടെ അധിപതിയായതിനാലാണ് ഭൂതനാഥനായതെന്ന് കരുതുന്നവരുണ്ട്. 'ഐ അയ്യ'പ്പനത്രേ. അത് ഐ എസത് അഞ്ചിനെക്കുറിക്കുന്നു.

പന്തളരാജ്യവുമായി സ്വാമി അയ്യപ്പന്റെ ചരിത്രത്തിന് ബന്ധമുണ്ടല്ലോ. പന്തളമന്നനായ രാജാവിന്റെ വളര്‍ത്തുമകനായ അയ്യപ്പനെന്ന ധീരകുമാരന്‍, ഉദയനെന്ന മറവപ്പടത്തലവനെ നേരിടുന്നതിന് പടനയിക്കുന്നു. എന്തിനായിരുന്നു അവര്‍ മലയിലേക്കു നീങ്ങിയത്? 

ശബരിമല ബുദ്ധവിഹാരമാണ്; കേസരി ആര്‍ ബാലകൃഷ്ണപിള്ളഎം എന്‍ വിജയന്‍ സമാഹരിച്ച്, കേരളഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച 'കേസരിയുടെ ചരിത്രാന്വേഷണങ്ങള്‍. അയോധ്യ, ലങ്ക, ശബരിമല' എന്ന ഗ്രന്ഥത്തിലെ 'ശബരിമല അഥവാ ടിബറ്റും കേരളവുംതമ്മിലുള്ള ബന്ധം' എന്ന അധ്യായത്തില്‍നിന്ന് ലഭിച്ച വായനാനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ബുദ്ധഭിുക്ഷുക്കളായ പണ്ഡിതന്മാരാണ് ലാമകള്‍. ടിബറ്റില്‍ ആധ്യാത്മിക-രാഷ്ട്രീയ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെടുന്ന ലാമകള്‍ അവലോകിതേശ്വരബോധിസത്വന്റെ പിന്തുടര്‍ച്ചക്കാരായി ജനിക്കുന്നവരാണെന്ന് കരുതപ്പെടുന്നു. സാക്ഷാല്‍ അവലോകിതേശ്വരബോധിസത്വന്റെ പ്രധാനവാസസ്ഥലമായ പോതാളകം കേരളത്തിലെ ശബരിമലയിലാണ് സ്ഥിതിചെയ്യുന്നതെന്നതിനാല്‍ ടിബറ്റും കേരളവും തമ്മില്‍ ബന്ധമുണ്ടന്നും അത് സ്ഥാപിക്കുവാനുമാണ് താന്‍ ഈ പ്രബന്ധരചനയിലൂടെ ഉദ്യമിക്കുന്നതെന്ന് കേസരി ആര്‍ ബാലകൃഷ്ണപിള്ള ആമുഖമായി കുറിച്ചിട്ടുണ്ട്. 

അനേകജന്മങ്ങളിലൂടെ ബോധിസത്വനായി ജീവിച്ചവര്‍ക്കുമാത്രമേ ഒരു ബുദ്ധനായി ഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ബോധിസത്വന്മാര്‍തന്നെ ദിവ്യരും ദിവ്യേതരരും എന്നിങ്ങനെ രണ്ടുവിധമുണ്ട്. ദിവ്യബോധിസത്വന്മാരില്‍വെച്ച് ഏറ്റവും പ്രധാനികളാണ് അവലോകിതേശ്വരന്മാര്‍. മഹാകരുണന്‍, പത്മപാണി, സമന്തമുഖന്‍ എന്നീ പേരുകളിലും അവലോകിതന്മാര്‍ അറിയപ്പെടുന്നു. മഹായാനബുദ്ധമതക്കാര്‍ പാര്‍ത്തുവരുന്ന ടിബറ്റ്, ചൈന, ജപ്പാന്‍, മംഗോളിയ, മഞ്ചൂറിയ എന്നിവിടങ്ങളില്‍ അവലോകിതേശ്വരന്മാര്‍ ആരാധിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാന്റേയും ഇന്ത്യയുടേയും പലഭാഗങ്ങളിലും വെച്ച് അവലോകിതേശ്വരന്റെ വിഗ്രഹങ്ങള്‍ കണ്ടിട്ടുള്ളതായി ചൈനീസ് സഞ്ചാരി യുവാന്‍ ചാങ് രേഖപ്പെടുത്തുന്നു. അവലോകിതേശ്വരന്‍ പോതാളകത്തിലും ടിബറ്റിലും സുഖാവതിയിലും അവതരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാനവാസസ്ഥലം ശബരിമലയില്‍ സ്ഥിതിചെയ്യുന്ന പോതാളകമാണ്. ഒന്നാമത്തെ ദലേലാമയായ നാഗ്വങ്‌ലോത്സങ് ആണ്, അവതാരവാദമനുസരിച്ച് അവലോകിതേശ്വരന്റെ പ്രധാനവാസസ്ഥലത്തിന് പോതാളകം എന്നു പേരുനല്കിയത്.

മൗര്യര്‍ മലയാളി മാവേലി മലയന്‍ മലയരയന്‍ കിരര്‍മലയാളി എന്നത് ഒരു ഭാഷസംസാരിക്കുന്നവരെ സംബോധനചെയ്യുന്നതിനായി രൂപപ്പെട്ട പദമല്ല. അനാര്യന്‍ ജനതയുടെ പൊതുനാമമായ 'മൗര്യര്‍' എന്ന വാക്കിന്റെ ഉച്ചാരണാന്തരമാണ് മലയാളി. ഇതുവരെയുള്ള ഭാഷാചരിത്ര-ശാസ്ത്രകാരന്മാരൊക്കെയും മല, അല എന്നീപദങ്ങള്‍ ചേര്‍ത്ത് ഒരു പ്രദേശത്ത് അധിവസിക്കുന്നവരുടെ ഭാഷക്ക് നല്‍കപ്പെട്ട പേരാണ് മലയാളി എന്ന് നിരീക്ഷിക്കുന്നതില്‍ ഏകാഭിപ്രായക്കാരാണ്. അപ്പോഴും അവര്‍ ഈ വിഷയത്തില്‍ ഒരു ജനതയെ സ്പര്‍ശിക്കുന്നേയില്ലെന്നുകാണാം. 'മലയാളി' എന്ന ഒരു പ്രത്യേക ഗോത്രജനവിഭാഗംതന്നെ നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഒന്നുരണ്ട് ചരിത്രഗവേഷകര്‍ മാത്രമേ ശ്രദ്ധിച്ചിട്ടുള്ളൂ.

ആര്യാധിനിവേശത്തിന് മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല, മെഡിറ്ററേനിയന്‍ മുതല്‍ ആസ്‌ത്രേലിയവരെ വ്യാപിച്ചിരുന്ന ഒരു ജനതയുണ്ട്. അവരുടെ സംസാരഭാഷ 'ദ്രമിള' എന്നറിയപ്പെട്ടു. ദ്രമിള സംസാരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ആ ജനതയെ 'ദ്രാവിഡര്‍' എന്നും വിളിച്ചു. എന്നാല്‍ ഈ ഭൂപ്രദേശങ്ങളില്‍ എല്ലായിടത്തും ഈ ജനത ആ പേരില്‍ അറിയപ്പെട്ടിരുന്നില്ല. സിന്ധൂ നദീതീരത്ത് അധിവസിച്ചിരുന്ന ദ്രാവിഡര്‍ നാഗന്മാര്‍ എന്നറിയപ്പെട്ടു. നഗഃ എന്ന സംസ്‌കൃതവാക്കില്‍ നിന്നുമാണ് നാഗന്‍ എന്ന സംജ്ഞ ഉത്ഭവിച്ചത്. നദീതീരത്തില്‍നിന്നും ഏറെ അകന്നുമാറി, കുറച്ചുംകൂടി ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ 'മലൈര്‍' എന്നാണ് വിളിച്ചുവന്നത്. മലൈ ദ്രമിളയാണ്. ദ്രമിളയുടെ ആധുനികരൂപമായ തമിഴില്‍ ഇന്നും മലൈ എന്നാല്‍ കുന്ന് എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്. മലൈ ജനതയെ 'മരൈ' എന്നാണ് ആര്യന്മാര്‍ ഉച്ചരിച്ചത്. അവരുടെ ഭാഷയില്‍ ര എന്ന വര്‍ണത്തിനും ല എന്ന വര്‍ണത്തിനും തമ്മില്‍ ഉച്ചാരണഭേദമില്ല. 'രലയോരഭേദമെന്ന' വ്യാകരണന്യാമനുസരിച്ച് ആ ഉച്ചാരണം സാധുവാണ്. ('ഋലൃവര്‍ണ്യോന്മിഥഃ സാവര്‍ണ്യം വാച്യം' എന്ന പാണിനീയ വ്യാകരണസൂത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭാഷ്യകാരന്മാര്‍ രൂപപ്പെടുത്തിയതാണ് 'രലയോരഭേദം' എന്ന ന്യായം) ഒരു വര്‍ണത്തെ കളഞ്ഞുകൊണ്ട് തത്സ്ഥാനത്ത് മറ്റൊന്നിനെ ഉപയോഗിക്കുകയല്ല ആര്യഭാഷയുടെ കീഴ് വഴക്കം. രണ്ടുവര്‍ണങ്ങളും ഒരേകാലത്തുതന്നെ ഉപയോഗത്തിലുണ്ട്. ഉദാഹരണത്തിന് 'നാലികേരം' എന്ന വാക്ക് അതേഅര്‍ത്ഥത്തില്‍ അതേകാലത്തുതന്നെ 'നാരികേലം' എന്നും ഉച്ചരിക്കുന്നു. അതുപ്രകാരം 'മരൈ' എന്ന് ഉച്ചരിക്കുന്ന കാലത്തുതന്നെ ദ്രമിളയിലെ 'മലൈ'യും അവര്‍ക്ക് സ്വീകാര്യമാണ്. എന്നാല്‍ ദ്രമിളയില്‍ ഏറെ പ്രചാരമുള്ള ഐ-കാരത്തിന്റെ സ്ഥാനത്ത് അവര്‍ ഔ-കാരമാണ് കൂടുതലായി പ്രയോഗിച്ചുവന്നത്. അങ്ങനെ ദ്രമിളയിലെ മലൈ അവരുടെ ഉച്ചാരണരീതിയനുസരിച്ച് 'മൗര'യായിത്തീര്‍ന്നു. 'മൗര്യഃ' എന്നത് സംസ്‌കൃതത്തിലെ ഉച്ചാരണാന്തരമാണ്.

അനാര്യന്മാരുടെ ഈ വംശമാണ് മഗഥ കേന്ദ്രമാക്കി സാമ്രാജ്യം സ്ഥാപിച്ച മൗര്യവംശം. മൗലി അഥമാ മൈലി എന്നാകുമ്പോള്‍ അര്‍ത്ഥം തലമുടി എന്നാണ്. മുടി തലയിലാണല്ലോ, അതുപോലെ ഭൂമിയുടെ ഉയര്‍ന്ന ഭാഗം അതിന്റെ തലയെന്ന അര്‍ത്ഥത്തില്‍ 'മല' എന്നുതന്നെ വിശേഷിപ്പിച്ചു. ആധുനിക തമിഴില്‍ തലമുടിക്ക് 'മയിര്‍ - മൈര്' എന്നാണല്ലോ ഇന്നും ഉച്ചരിച്ചുവരുന്നത്. അനാര്യന്മാരുടെ തലമുടി ആര്യന്മാരുടേതില്‍ നിന്നും വ്യത്യസ്തമായി കറുത്തനിറമുള്ളതും ചുരുണ്ട് നീണ്ട് വളര്‍ന്നുള്ളതുമായിരുന്നു. ഈ സവിശേഷതയുള്ളതുകൊണ്ടാണ് അനാര്യന്മാരെ 'മൈരന്‍' (മലയാളഭാഷയില്‍) എന്ന് വിളിച്ചുവന്നത്. ഇത്തരത്തിലുള്ള തലമുടിയോടുകൂടിയ അനാര്യന്മാരോട് സാദൃശ്യപ്പെടുത്തിയാണ് പക്ഷിവിശേഷത്തിന് 'മൈല്‍-മയില്‍' എന്ന് പേരുവന്നത്. മൈല്‍ എന്ന വാക്ക് മൈര്‍ എന്നും ഉച്ചരിക്കാമല്ലോ. സംസ്‌കൃതത്തില്‍ മൈര്‍ എന്ന വാക്ക് 'മയൂരഃ' എന്ന് ഉച്ചരിക്കുന്നു. 'പീലിത്തിരുമുടി' എന്ന് കാവ്യഭാഷയില്‍ ഒരു പ്രയോഗമുണ്ട്. ഇത് മയില്‍പ്പീലി മുടിയില്‍ ചൂടിയത് എന്ന് അര്‍ത്ഥത്തിലല്ല പ്രയോഗത്തില്‍ വന്നത്, മറിച്ച് മയില്‍പ്പീലിപോലെയുള്ള (ചുരുണ്ടുകറുത്ത) തലമുടി എന്നത്രെ. മൗലിഃ എന്നാല്‍ സംസ്‌കൃതത്തിലും കുടുമ, കിരീടം, കെട്ടിയ തലമുടി എന്നൊക്കെയാണ് അര്‍ത്ഥം. മലയ എന്നാല്‍ പര്‍വതം എന്നും മലയജ എന്നാല്‍ ചന്ദനം (മലയില്‍ ജനിച്ചത്) എന്നും അമരകോശത്തില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നു. ദ്രമിളപദം ഉച്ചാരണഭേദം കൂടാതെതന്നെ സംസ്‌കൃതഭാഷയില്‍ പ്രതിഷ്ഠനേടിയിട്ടുമുണ്ട് എന്നതിന് തെളിവാണ് ഇത്.

2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ക്ഷേത്രപ്രവേശനം: മന്നത്ത് പത്മനാഭന്റെ നിലപാടുകള്‍.ടി.കെ മാധവന്റെ പ്രയത്‌നങ്ങള്‍.


കയ്യാലക്കല്‍ ഡോക്ടര്‍ എം കെ കേശവന്‍ ചാന്ദാര്‍, ചേപ്പാട് എഡിറ്റ് ചെയ്ത് 1937-ല്‍ (കൊല്ലവര്‍ഷം 1113) പ്രസിദ്ധീകരിച്ച 'ശ്രീചിത്രയുഗം' എന്ന ഗ്രന്ഥം ക്ഷേത്രപ്രവേശനവിളംബരം ചെയ്ത ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിനെ വാഴ്ത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ഗദ്യ-പദ്യ മിശ്രണമായ ഗ്രന്ഥത്തില്‍ ക്ഷേത്രപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുസ്ലീങ്ങളും ക്രിസ്ത്യാനികളും സ്ത്രീകളുമടക്കമുള്ള പ്രമുഖരുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുവിശ്വാസികളായ എഴുത്തുകാരെല്ലാവരും തന്നെ ക്ഷേത്രപ്രവേശനവിളംബരം ചെയ്ത ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനെ, ധര്‍മസംസ്ഥാ പനാര്‍ത്ഥം സംഭവിച്ച അവതാരമായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

വിളംബരത്തിന്റെ പകര്‍പ്പ് ഗ്രന്ഥത്തില്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. ആദ്യഭാഗം ഗദ്യവും രണ്ടാംഭാഗം പദ്യവുമായ ഗ്രന്ഥത്തില്‍ പി എസ് മുഹമ്മദ് ആലപ്പിയുടെ ലേഖനം ഇംഗ്ലീഷ് ഭാഷയിലുള്ളതാണ്. ഇദ്ദേഹത്തെ കൂടാതെയുള്ള മറ്റൊരു മുസ്ലീം 'സ്‌നേഹഗീതം' എന്ന പദ്യത്തിന്റെ രചയിതാവായ എം കെ ഫാത്തിമാബീവിയാണ്. 'ക്ഷേത്രപ്രവേശനവും കാര്‍ത്തികതിരുനാള്‍ കൊച്ചുതമ്പുരാട്ടിയും' എന്ന ഗദ്യത്തിന്റെ കര്‍ത്താവായ ഇ പി വര്‍ഗീസ്. എം എ, ബി എല്‍, (എംഎല്‍എ) യും 'കല്യോദയം' എന്ന പദ്യമെഴുതിയ മേരി വര്‍ഗീസ് കിഴുമുറിയുമാണ് ക്രൈസ്തവരുടെ പ്രതിനിധാനങ്ങള്‍. മൊത്തം 43 ലേഖകരുള്ളതില്‍ ഇവരെക്കൂടെതെ മറ്റ് രണ്ടുപേര്‍കൂടിവാത്രമാണ് വനിതകളുടെ ഭാഗധേയം നിര്‍വഹിക്കുന്നത്. ലേഡി വിദ്വാന്‍ മുതുകുളം പാര്‍വതി അമ്മയും ടി കെ മാധവന്റെ വൈഫുമാണ് ആ രണ്ടുപേര്‍. മിസ്സിസ്സ് ടി കെ മാധവന്‍ എന്ന് രചയിതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥനാമം സൂചിപ്പിച്ചിട്ടില്ല. 

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്തു പത്മനാഭന്‍, മന്നത്തു പത്മനാഭപിള്ള എന്ന പേരിലാണ് എഴുതിയിരിക്കുന്നത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ പേരിനോട് ചേര്‍ന്നുള്ള ജാതിവാല്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണല്ലോ. അവര്‍ണ എഴുത്തുകാരില്‍ ജാതിനാമം കൊണ്ട് സ്വത്വപ്രഖ്യാപനം നടത്തിയിട്ടുള്ളത് എഡിറ്ററായ എം കെ കേശവന്‍ ചാന്ദാര്‍ മാത്രമാണ്. 1937- കാലത്തുതന്നെ ചങ്ങമ്പുഴ സ്ഥലനാമത്തില്‍ തന്നെ അറിയപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം. ഇദ്ദേഹത്തോടൊപ്പം പ്രസിദ്ധരായ മറ്റ് കവികളില്‍ വെണ്ണിക്കുളവും പാലാ നാരായണന്‍നായരും പരാമര്‍ശമര്‍ഹിക്കുന്നു.

പദ്യങ്ങളെല്ലാം ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മമഹാരാജാവിന് നേര്‍ക്കുള്ള വാഴ്തുവചനങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഗദ്യങ്ങളും ഈ ദോഷത്തില്‍ നിന്ന് പരിപൂര്‍ണമായി വിമുക്തിനേടിയിട്ടില്ലെങ്കിലും വസ്തുതകള്‍ നിരത്തുന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തിയിട്ടുണ്ടെന്ന് കാണാം.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഈഴവന്‍ ബുദ്ധന്റെ പര്യായം! ബുദ്ധന്‍ തന്നെ അയ്യപ്പന്‍! - ഡോ. എ അയ്യപ്പന്‍സൊവരരും ശബരിമല അയ്യപ്പനും ഈഴവരും. 

പ്രസിദ്ധ ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്‍ എ അയ്യപ്പന്‍ 1988 ജൂണ്‍ 5 ന് അന്തരിക്കുന്നതിന് മുമ്പ് പലകാലങ്ങളിലായി ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ ഡോ. ബാബു ടി സുനില്‍ എഡിറ്റ് ചെയ്ത് 'ആയുധപ്പഴമയും നരോത്പത്തിയും' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് 2017 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1958 ജനുവരി 26 ന് ആനുകാലികങ്ങളിലേതിലോ പ്രസിദ്ധീകരിച്ചിരുന്ന 'സൊവരര്‍' എന്ന ലേഖനം പുസ്തകത്തിലെ ഒരു അധ്യായമാണ്

ഒറീസ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യപ്രദേശത്തിന്റെ തെക്കുകിഴക്കും വിശാഖപട്ടണം ജില്ലയിലും വ്യാപിച്ചുകാണുന്ന ഗിരിവര്‍വിഭാഗമാണ് സൊവരര്‍. കേരളത്തിലെ ഗിരിവര്‍ഗക്കാരില്‍ തനിക്കേറെ ഇഷ്ടപ്പെട്ട കുറിച്യരുമായി ഡോ. എ അയ്യപ്പന്‍ സൊവരരെ താരതമ്യപ്പെടുത്തുന്നു.

ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിച്ചകാലത്ത് അവരുമായി പൊരുതിയ കൂട്ടത്തില്‍ സൊവരരുമുണ്ടായിരുന്നുവെന്ന് ഡോ. എ അയ്യപ്പന്‍ ഋഗ്വേദസൂക്തങ്ങളുദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്നു; 'അനാര്യന്മാരുടെ പുരങ്ങള്‍ നശിപ്പിച്ച ഇന്ദ്രനെ 'പുരന്ദര'നെന്ന് ഋഷികള്‍ പുകഴ്ത്തി; ആര്‍ മലകളിലൊളിച്ച ശബരനെ നാല്പതാം സംവത്സരത്തില്‍ കണ്ടുപിടിച്ചുവോ...(ഋഗ്വേദം 2,2,6,11)'

'അധ്വര്യുക്കളേ, ആര്‍ ശംബരന്റെ നൂറു പുരാതന നഗരങ്ങളെ വജ്രംകൊണ്ടു പിളര്‍ത്തിയോ, ആര്‍ വര്‍ച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ ആ ഇന്ദ്രനു സോമം കൊണ്ടുവരുവിന്‍. (ഋഗ്വേദം 2,2,14,6)'

സൊവരര്‍ തന്നെയാണ് ശബരര്‍, ശബരി എന്നിങ്ങനെ അറിയപ്പെടുന്ന ഗിരിവര്‍ഗമെന്നും ഡോ. അയ്യപ്പന്‍ നിരീക്ഷിക്കുന്നു; 'ഋഗ്വേദത്തിലെ ഇങ്ങനെയുള്ള നിരവധി സൂക്തങ്ങളില്‍നിന്നു ദസ്യുക്കളും ശംബരരും ശക്തരായിരുന്നുവെന്നു നിസ്സംശയം തെളിയുന്നു. 'ദസ്യു' എന്ന വാക്ക് ഇറാനിയന്‍ ഭാഷയില്‍ 'ദഹ്യു' എന്നാണ്. ആ പദത്തിന്റെ അര്‍ത്ഥം 'നാട്ടിന്‍പുറം' എന്നായിരുന്നുവെങ്കിലും പിന്നീടത് 'ആര്യരുടെ ശത്രു' എന്നായി മാറി. ശംബരന്‍ (ശബരന്‍) എന്ന പദവും 'കാട്ടാള'ന്റെ പര്യായമായിത്തീര്‍ന്നു. ആര്യസമ്പര്‍ക്കം ആദ്യമായുണ്ടായ പഞ്ചാബിലും സിന്ധിലും കുരുപാഞ്ചാലപ്രദേശത്തും ഇന്നു ശബരന്മാര്‍ ഇല്ല. ശബ്ദസാമ്യംകൊണ്ട് സൊവരരും ശബരരും ഒരേ കൂട്ടര്‍തന്നെയെന്നൂഹിക്കാം'

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

ചെന്താരശ്ശേരി; കാലത്തിന്റെ ഉള്‍വിളികേട്ട എഴത്തുകാരന്‍ - കുന്നുകുഴി.എസ്.മണി


ദലിത് ചരിത്ര സാഹിത്യരംഘത്തെ ഭീഷ്മാചാര്യനായി കരുതി പോന്നിരുന്ന ടി.എച്ച്.പി.ചെന്താരശ്ശേരി നമ്മളില്‍ നിന്നും കടന്നുപോയി. നവതി ആഘോഷിക്കാന്‍ രണ്ടു ദിവസം അവശേഷിക്കുമ്പോഴാണ് ജൂലൈ 26 ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ മഹാനായ ആ ചരിത്ര സാഹിത്യകാരന്‍ അന്തരിച്ചത്. ചരിത്രത്തിന്റെ മുഖ്യധാരയിലേക്ക് ദലിതരുടെ സമത്വബോധത്തേയും കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ചരിത്ര രചനയില്‍ ഏര്‍പ്പെട്ടത്. അങ്ങനെയാണ് അദ്ദേഹം സമൂഹത്തിന്റെ തട്ടില്‍ ജീവിക്കേണ്ടിവന്ന ഒരു ജനതയുടെ ചരിത്രം തേടി നടന്ന് കണ്ടെത്തിയതും അവയൊക്കെ രചനകളാക്കി മാറ്റിയെടുത്തതും.

തിരുവല്ലാ താലൂക്കില്‍ ഓതറയില്‍ പുലയ സമൂദായക്കാരായ കണ്ണന്‍ തിരുവന്റെയും ഭാര്യ ആനിച്ചല്‍ ആനിമയുടെയും മൂത്തമകനായി 1928 ജൂലായ് 29ന് ടി.എച്ച്.പി.ചെന്താരശ്ശേരി ജനിച്ചു. ആദ്യകാല പേര് ടി.ഹിരാപ്രസാദ് എന്നായിരുന്നുവെങ്കിലും പിന്നീടത് വീട്ടുപേരും ചേര്‍ത്ത് പരിഷ്‌കരിച്ചാണ് ടി.ഹീരാപ്രസാദ് ചെന്താരശ്ശേരിയെന്ന് മാറ്റിയതെന്ന് 1973 ല്‍ കുന്നുകുഴി മണക്കുന്നില്‍ വീട്ടില്‍ വന്ന ഒരവസരത്തില്‍ ചെന്താരശ്ശേരി ഈ ലേഖകനോട് പറഞ്ഞിരുന്നു.

ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്നും പ്രീഡിഗ്രിയും, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും, എം.ജി.കോളേജില്‍ നിന്നും ബി.എ, ബി.കോം ബിരുദങ്ങളും നേടിക്കൊണ്ടാണ് തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ചെന്താരശ്ശേരി ഉദ്യോഗത്തില്‍ പ്രവേശിക്കുന്നത്. അന്നദ്ദേഹം എഴുത്തുകാരനോ വാഗ്മീകിയോ ഒന്നുമായിരുന്നില്ല. ഏജീസില്‍ ഉദ്യോഗസ്ഥനായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ആശാന്‍ ഗോവിന്ദനും മറ്റു സഹപ്രവര്‍ത്തകരുമായി അദ്ദേഹം പരിചയപ്പെടുന്നത്. തുടര്‍ന്ന് സമുദായാചാര്യന്‍ അയ്യന്‍കാളിയുടെ ഇളയ സഹോദരന്‍ വേലുക്കുട്ടി ആ കാലത്ത് മണ്ണന്തലയായിരുന്നു താമസം. വേലുക്കുട്ടി ഒരു പെണ്‍കുട്ടിയെ എടുത്തുവളര്‍ത്തിയിരുന്നു കമലം. ആ കമലയുമായി ചെന്താരശ്ശേരി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടു. 

വിവാഹനന്തരം പട്ടം മനുപ്പാലത്തിന് വടക്കുഭാഗത്തെ ടി.കെ.ദിവാകരന്‍ റോഡിനു സമീപം കുറെ സ്ഥലം വാങ്ങി അവിടെ ഒരു ഇരുനില വീടുപണിത് ഭാര്യയും മക്കളുമായി താമസം തുടങ്ങി. ഈ കാലത്തു തന്നെ ചെന്താരശ്ശേരി സാമൂഹിക പ്രതിബദ്ധത മൂലം തന്റെ സമുദായത്തിന്റെ കാര്യങ്ങളിലും മറ്റും ഏര്‍പ്പെട്ടിരുന്നു. എഴുപതുകളോടെ ദലിതരുടെ ഇന്നലെകളെക്കുറിച്ച് ചിന്തിച്ച ചെന്താരശ്ശേരിക്ക് എന്തെങ്കിലും തന്റെ ഗോത്രജനതയെക്കുറിച്ച് എഴുതണമെന്ന തോന്നലുണ്ടായി. അവിടെ നിന്നുമാണ് സ്വന്തം ജനസമൂഹത്തിന്റെ ചരിത്രം തേടുവാന്‍ ആരംഭിച്ചത്. ഒടുവില്‍ 'കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്ന ഗ്രന്ഥമെഴുതി സ്വന്തം നിലയ്ക്കുതന്നെ പ്രസിദ്ധീകരിച്ചു. 10 രൂപയായിരുന്നു വില. എല്ലാവീടുകളിലുമെന്ന പോലെ എന്റെ വീട്ടിലും പുസ്തം കൊണ്ടു തരുകയും എന്റെ അച്ഛനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്റെ പിതാവ് ശങ്കു ആശാന്‍ തിരു: പബ്ലിക് ഹെല്‍ത്ത് ലാബിലെ ജീവനക്കാരനും അയ്യന്‍കാളിയോടും സാധുജനപപരിപാലന സംഘത്തോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള പഴയ ആളെന്ന നിലയില്‍ ചെന്താരശ്ശേരിക്ക് ആവശ്യം വേണ്ടുന്ന കാര്യങ്ങള്‍ അച്ഛന്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞു കൊടുത്തിരുന്നു. തുടര്‍ന്നാണ് അയ്യന്‍കാളിയുടെ ജീവചരിത്രമെഴുതാന്‍ ചെന്താരശ്ശേരി തയ്യാറായത്.

വൈക്കം സത്യാഗ്രഹം; സത്യവും മിഥ്യയും - കല്ലറ സുകുമാരന്‍
നൂറ്റാണ്ടു സമരം

തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ അഥവാ ചാന്നാര്‍ സമുദായത്തില്‍ ക്രിസ്തീയ മിഷനറിമാരുടെ പ്രവര്‍ത്തനം മൂലം സാരമായ മാറ്റങ്ങള്‍ 19 ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുണ്ടായി. ക്രിസ്തുമതത്തിലേക്ക് മാര്‍ഗം കൂടിയ ചാന്നാന്മാര്‍ വ്യവസ്ഥാപിത ജാത്യാചാരങ്ങള്‍ ലംഘിച്ച് ക്രിസ്ത്യാനികളെപ്പോലെ സ്വത്തു സമ്പാദിക്കാനും വിദ്യാഭ്യാസം ചെയ്യാനും നഗ്നത മറയ്ക്കാന്‍ തയാറാവുകയും ക്രിസ്തീയ മിഷറിമാര്‍ അവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് അയിത്തജാതിക്കാരന്‍ വസ്ത്രം ധരിക്കുന്നതു പോലും കുറ്റകരമായിരുന്നു. 1850 ഡിസംബര്‍ 5 ആം തിയതി റവ. ജോര്‍ജ് മാത്തന്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് അയച്ച ചര്‍ച്ച് റിപ്പോര്‍ട്ടില്‍ കിഴക്ക് പുലയന്‍ വസ്ത്രം ധരിക്കാറില്ലെന്നും മരത്തിന്റെ തൊലിയും തേക്കിന്റെ ഇലയുമാണ് നഗ്നത മറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകൂടി പുരോഗമനം ഉണ്ടായപ്പോള്‍ അധഃകൃതരിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അരയുടെ മുന്‍ഭാഗം മാത്രം എന്തെങ്കിലും കൊണ്ട് മറയ്ക്കുവാനുള്ള അനുവാദം ലഭിച്ചു. ശൂദ്രര്‍ക്കു താഴെയുള്ള തീയര്‍, ചാന്നാന്‍, പുലയന്‍, പറയര്‍, കുറവര്‍, വേലര്‍, വെളുത്തേടര്‍ തുടങ്ങിയ യാതൊരു ജാതിയിലും പെട്ട സ്ത്രീപുരുഷന്മാര്‍ മുട്ടിനു മുകളിലും പൊക്കിളിന് താഴെയുമുള്ള നഗ്നതയല്ലാതെ മറ്റ് ശരീര ഭാഗങ്ങള്‍ മറയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരുന്നു. തത്സംബന്ധമായി 165 വര്‍ഷങ്ങള്‍ക്കു മുമ്പ് എ ഡി 1829 ല്‍ (കൊല്ലവര്‍ഷം 1004 ആം ആണ്ട് മകരമാസം 23 ആം തിയതി) തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച രാജകീയ തിരുവെഴുത്ത് വിളംബരം ചുവടെ ചേര്‍ക്കുന്നു.

'കല്‍ക്കുളം, ഇരണിയില്‍, വിളവംകോട് മൂന്നു മണ്ടപത്തും വാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ചാന്നാട്ടികള്‍ ഉത്തരവിനും കീഴ്മക്കും വിരോധമായിട്ട് മേലില്‍ ചീല ഉടുക്കയും മറ്റെല്ലാ കുടിയാനവന്മാര്‍ക്കും ഒപ്പം ചാന്നാന്മാരു ചെയ്യാനുള്ള ഊഴിയ വേലകാര്യം കേള്‍ക്കാതെ നിരസിക്കുകയും ചെയ്തിരിക്കുന്ന ഹേതുവാല്‍ ചാന്നാന്മാര്‍ക്കും നായരുള്‍പ്പെട്ട ആളുകള്‍ക്കും തമ്മില്‍ കലശലിന് ഇടയുണ്ടാകകൊണ്ടും ആ സംഗതി പ്രമാണിച്ചു പ്രസിദ്ധപ്പെടുത്തുന്നതു എന്തെന്നാല്‍, ചാന്നാന്മാരും ആ ജാതിയില്‍ നിന്ന് ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്നിരിക്കുന്നവരും മറ്റെല്ലാ കുടിയാനവന്മാര്‍ക്കും ഒപ്പം ഊഴിയ വേലക്കാര്യങ്ങള്‍ ശരിയായിട്ടു ചെയ്തു കൊള്ളുകയും വേണം... നമ്മുടെ രാജ്യത്തുള്ള കുടികള്‍ക്ക് അവരവരുടെ സന്തോഷപ്രകാരം ഏതേതു മതത്തില്‍ ചേരണമെന്ന് ആഗ്രഹമുണ്ടോ ആ മതത്തില്‍ ചേരുന്നതിനു തടയില്ലാതെ നാം വിട്ടിരിക്കുന്നുവെങ്കിലും ഏതുവകയില്‍ ചേര്‍ന്ന ക്രിസ്തുവരാകട്ടെ മറ്റുള്ള ആളുകള്‍ ആകട്ടെ വലിപ്പമുള്ള ജാതിക്കാരോടു കീഴ്മര്യാദപ്രകാമുള്ള മുറകള്‍ക്കു വിരോധമായിട്ടു നടക്കുന്നതിന് നാം സമ്മതിക്കുന്നതും അല്ല. മര്യാദക്കാരായിട്ടുള്ള കുടിയാനവന്മാര്‍ ഏതു ജാതിയിലുള്ളവരായാലും മതത്തിന്റെ കാര്യം പ്രമാണിച്ച ഒരു കലംബല്‍ ഉണ്ടാകുകയില്ലെന്ന് നാം നിശ്ചയിച്ചിരിക്കുന്നു. (ഫോഴ്‌സ് ന്യൂസ്. 1993 ആഗസ്റ്റ്) എങ്കിലും ഏതു തരത്തില്‍ ചേര്‍ന്നവരാകട്ടെ ഏതു ജാതിയില്‍ ചേര്‍ന്നവരാകട്ടെ അവരവര്‍ക്കു ബോധിച്ചതിന്‍വണ്ണം ക്ഷേത്രങ്ങളും ക്രിസ്തുമതത്തില്‍ ചേര്‍ന്ന പള്ളിക്കൂടങ്ങളും മറ്റും തുലുക്കമാര്‍ഗത്തില്‍ ചേര്‍ന്ന പള്ളികളും മറ്റും ഇതിന്മണ്ണം കര്‍മ്മം കഴിക്കുന്ന സ്ഥലങ്ങള്‍ മുറപ്രകാരം ബോധിപ്പിച്ചാല്‍ ആ സംഗതികള്‍ നല്ലവണ്ണം വിചാരിച്ചു നോക്കി മറ്റുള്ള ജാതിക്കാര്‍ക്കു ഒരു അസഹ്യത്തിനും ഇടയില്ലാതിരിക്കുന്ന സ്ഥലമായിട്ടു നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുക'
ഡോ. അംബേദ്ക്കറും വട്ടമേശസമ്മേളനങ്ങളും - വി.എ. ആദിച്ചന്‍https://www.amazon.com/%E0%B4%A1%E0%B5%8B-%E0%B4%85%E0%B4%82%E0%B4%AC%E0%B5%87%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%81%E0%B4%82-%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%87%E0%B4%B6%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-Malayalam-Adichan-ebook/dp/B07JW8JH2T/ref=sr_1_4?ie=UTF8&qid=1539829415&sr=8-4&keywords=kannan+meloth

അധ:സ്ഥിതര്‍ക്ക് അംഗീകാരം

ആദ്യത്തെ രജത രേഖ - സൈമണ്‍കമ്മീഷന്‍ റിപ്പോര്‍ട്ട്1919ലെ ഇന്ത്യന്‍ ഭരണപരിഷ്‌ക്കാര ബില്‍ നടപ്പിലാക്കിയതില്‍ പല പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഭരണാധികാരികള്‍ക്കും പലവിധ ക്ലേശങ്ങള്‍ ജനങ്ങള്‍ക്കും നേരിടേണ്ടി വന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം അരക്ഷിതാവസ്ഥയുടേതായി മാറിയിരുന്നു. എങ്ങും അസംതൃപ്തി; ഒപ്പം ജനതയുടെ സ്വാതന്ത്ര്യതൃഷ്ണ; ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍! വിദേശീയാധിപത്യത്തിന്റെ താണ്ഡവനൃത്തം! ജനരോഷം എങ്ങും ആളിപ്പടര്‍ന്നു. രാഷ്ട്രീയാന്തരീക്ഷത്തിനു ചൂടേറി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനമുന്നേറ്റത്തിന് ആര്‍ക്കും വര്‍ദ്ധിക്കാനതു കാരണമായി.

അതിനെല്ലാമൊരു താല്ക്കാലിക മുട്ടുശാന്തിയെന്നവണ്ണം ജനശ്രദ്ധ തിരിച്ചുവിടാന്‍ ബ്രിട്ടീഷ് ഭരണതന്ത്രജ്ഞര്‍ തയ്യാറായി. ഭരണപരിഷ്‌കാര ബില്ലിലെ ന്യൂനതകള്‍ പരിഹരിച്ച് ഒരു പുതിയ ഭരണനയം ആവിഷ്‌കരിക്കാമെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ സമ്മതിച്ചു. ബില്ലിലെ പാകപ്പിഴകള്‍ പുനപരിശോധിച്ച് ഇന്ത്യന്‍ ജനതയുടെ പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്ത് ഒരു പുതിയ ഭരണപരിഷ്‌ക്കാരനയം ആവിഷ്‌ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ സൈമണ്‍ കമ്മീഷനെ ചുമതലപ്പെടുത്തി ഇന്ത്യയിലേക്കയച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടു വെസ്റ്റുമിനിസ്റ്ററില്‍ ജോയിന്റ് സെലക്ട് കമ്മറ്റി പരിശോധിക്കുമെന്നും, ഇന്ത്യന്‍ ജനതയുടെ പ്രതികരണങ്ങളും അവിടെ വച്ച് പരിഗണനാര്‍ഹമാക്കുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

നായന്മാരോടു ഒരു വാക്ക് - പി. അനന്തന്‍പിള്ള (1913-ലെ സാധുജനപരിപാലിനി)പുലയസമുദായത്തിനു മാസികയൊ? എന്തസംബന്ധമാണിത്? തീണ്ടിയാല്‍ കുളിയ്‌ക്കേണ്ടവര്‍! അവര്‍ തൊട്ട കടലാസു നമുക്കു തൊടാമോ? മാസികയ്ക്കും തീണ്ടല്‍ വേണ്ടതല്ലെ? 'സാധുജനപരിപാലിനി'നിയൊ? സാധുജനങ്ങളെ എല്ലാവരേയും പരിപാലിച്ചാല്‍ വേല ചെയ്‌വാനിനി ആരാണ്? ശ്രുതിസ്മൃതി സിദ്ധാന്തങ്ങളെല്ലാം വിസ്മരിക്കുകയൊ? നല്ല ശിക്ഷയായി. ഇതെല്ലാം കലികാലവൈഭവമത്രേ! ഇനി എന്തെല്ലാം കണ്ടനുഭവിക്കണമൊ എന്തൊ? ഈശ്വരനറിയാം.

അമ്പ! സ്വാര്‍ത്ഥപരതയുടെ ഊറ്റം! ലോകത്തിലെ ഇതര സൃഷ്ടങ്ങളെല്ലാം മനുഷ്യന്റെ സുഖത്തിനായി ഈശ്വരന്‍ കൊടുത്തിട്ടുള്ളതാണത്രെ! പോരെങ്കില്‍ സമസൃഷ്ടങ്ങളില്‍ തന്നെയും ഒരുവലിയ തമാശ: ഇതാ''കയ്യൂക്കുള്ളവന്‍ കാര്യക്കാര''നെന്ന നിലയില്‍ വില്ക്കയൊ വാങ്ങീയ്ക്കയൊ, അടിയ്ക്കുകയൊ, പട്ടിണിയിടുകയോ, എന്തുവേണമെങ്കിലും ചെയ്തു കൊള്‍കേ വേണ്ടൂ. 'അടിയങ്ങളെ അതിനെല്ലാമായിട്ടാണ് ഉടയതമ്പുരാന്‍ ഉണ്ടാക്കിയത്. എഴുത്തും വേണ്ട; വായനയും വേണ്ട. കന്നുകാലികള്‍ക്ക് ഇതുവല്ലതുമുണ്ടൊ? അവ ഞങ്ങളുടെ ഉറ്റസ്‌നേഹിതന്മാരല്ലെ? ഞങ്ങളുടെ കുളിയും, ഊണും, ഉറക്കവും എല്ലാം അവയുടെ കൂടെത്തന്നെ. പോരെങ്കില്‍ മാടമുണ്ടല്ലൊ. ചിലനംപൂരിത്തമ്പുരാക്കന്മാര്‍ വരുമ്പോള്‍ മാത്രം മാടംപഠിച്ച് അല്പമങ്ങു മാറ്റിവയ്ക്കണം. അവര്‍ നേര്‍വഴിയ്ക്കു നടക്കുന്നവരല്ലെ? ചരിഞ്ഞുപോകുമോ? 'ഓടേരു' മരിച്ചാല്‍ മുറയിടണം, അടിയാരുമരിച്ചാലൊ അടങ്ങിക്കൊള്ളണം?

2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ദലിത് ഉണര്‍വ്വിന്റെ ശബ്ദമല്ല - മുണ്ടക്കയം ദിവാകരന്‍മനുഷ്യന്‍ ഉച്ചരിക്കുന്ന അര്‍ത്ഥമുള്ള ശബ്ദത്തെയാണ് വാക്ക്, പദം എന്നൊക്കെ പ്പറ യുന്നത.് അര്‍ത്ഥമുള്ള വാക്കുകളുടെ കൂട്ടമാണ് ഭാഷ. ഭാഷയുടെ ഘടകങ്ങളില്‍ പ്രധാനം അക്ഷരമാണ്. അക്ഷരത്തിന്റെ എഴുത്തുരൂപമാണ് ലിപി. ആശയപ്രകാശനത്തിനുള്ള ഉപാധിയാണ് ഭാഷ. വാക്കുകള്‍ക്ക് വാച്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവുമുണ്ട്. വാക്കിന്റെ അര്‍ത്ഥത്തെക്കുറിക്കുന്നത് വാച്യാര്‍ത്ഥവും വാചകസംബന്ധം കൊണ്ടുമാത്രം അര്‍ത്ഥബോധം ജനിപ്പിക്കുന്നത് വ്യംഗ്യാര്‍ത്ഥ്യം അല്ലെങ്കില്‍ ദ്യോതകവുമാണ്. അധ:സ്ഥിതന്‍, അധ:കൃതന്‍, അയിത്തക്കാരന്‍, ഹരിജന്‍, പട്ടികജാതി, ദലിതന്‍ എന്നീ വാക്കുകള്‍ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ സംസാരിക്കുന്ന പതിനഞ്ചുഭാഷക ളിലും, നാലായിരത്തില ധികം വരുന്ന ദേശ്യഭാഷകളിലും ഉപയോഗിച്ചാല്‍ വാചിക മായും ദ്യോതകമായും മുന്നില്‍ തെളിയുന്ന അര്‍ത്ഥം ഒന്നുതന്നെയാണ്. ആദിമ ഇന്ത്യന്‍ വംശജരുടെ പിന്മുറക്കാരായ നാല്പത് കോടിയിലേറെ വരുന്ന ഇന്ത്യന്‍ ദേശീയ അടിമകളുടെ ചിത്രം. അറേബ്യന്‍ സുനാമിയെത്തുടര്‍ന്നോ, മെഡിറ്റ റേനിയന്‍ സുനാമിയെത്തുടര്‍ന്നോ ഏഷ്യന്‍ വന്‍കരയിലും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും എത്തപ്പെട്ട നെഗ്രിറ്റോ വംശജരുടെ പിന്മുറക്കാരാണ് അവരുടെ പൂര്‍വ്വപിതാക്കള്‍ എന്ന് നരവംശശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ആദിമ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ സ്ഥാപകരാണവര്‍. പക്ഷേ ഇന്ന് അവര്‍ തകര്‍ക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും, തൊട്ടുകൂടാത്തവരും ആണ്. തിക്തമായ അനുഭവചരിത്രസാക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ 'ദലിതന്‍' എന്ന വാക്കിന്റെ സാംഗത്യത്തെ തള്ളിക്കളയാനാവില്ല. എന്നാല്‍ ഞാന്‍ പരാജിതനാണ്, തൊട്ടുകൂടാത്തവനാണ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആധുനികജീവിതായോ ധനത്തിന് അണിചേരാനൊക്കുമോ? പരാജയവും തകര്‍ച്ചയും മുഖമുദ്രയാക്കിക്കൊണ്ട്? തകര്‍ക്കപ്പെട്ടവരെന്നും ചിതറിക്കപ്പെട്ടവരെന്നും സ്വയം അവകാശപ്പെട്ടാല്‍ ഒരിക്കലും ഐക്യപ്പെടാനും അധികാരം പുന:സ്ഥാപിക്കാനുമാകില്ല. അപ്പോള്‍ ഉയിര്‍ത്തെഴുന്നേല്പിനെയും തിരിച്ചുവരവിനെയും ദ്യോദിപ്പിക്കുന്ന ആവേശം ജനിപ്പിക്കുന്ന അഭിമാനം നിറയേണ്ട പദമാണ് പകരം വേണ്ടത്. 
2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ധമ്മശാസ്താവ്: അയ്യപ്പനും ബുദ്ധനുംബോധിസത്വനില്‍ നിന്നുമാണ് ശാസ്താവ് എന്ന ഉച്ചാരണത്തിന്റെ ആരംഭം. ആ വാക്കിന്റെ മൂലം ദ്രമിളയും വികാസം പാലിയിലുമാണ്. സത്വാ എന്ന ദ്രമിളപദത്തിന് സംസ്‌കൃതത്തിലെ അര്‍ത്ഥവും ഉച്ചാരണവും 'സത്യഃ' എന്നുതന്നെ. സത്യം ബോധ്യമായതെന്തോ അതാണ് 'ബോധിസത്വാ'. ആ സംബോധനകൊണ്ട് ഉദ്ദേശിക്കുന്നത് ബുദ്ധനെയല്ലാതെ മറ്റാരെയുമല്ല. സത്വാ എന്ന വാക്കിന് സംസ്‌കൃതത്തില്‍ പരാക്രമശീലമില്ലാത്തവന്‍ എന്നൊരര്‍ത്ഥം കൂടിയുണ്ടെന്നുള്ളത് ബുദ്ധന്റെ കാര്യത്തില്‍ അങ്ങേയറ്റം യുക്തിസഹമാണ്. ദാര്‍ശനികസംവാദമേഖലയിലോ പ്രവൃത്തിപഥത്തിലോ പരാക്രമശീലമില്ലാത്ത് മറ്റാര്‍ക്കാണ്?

ദീര്‍ഘ ആകാരത്തില്‍ അവസാനിക്കുന്ന വാക്കുകള്‍ ദ്രമിളയുടെ ആധുനികരൂപമായ തമിഴില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആ ഭാഷയില്‍ സത്വാ എന്നും, അതിന്റെ സംസ്‌കൃതവത്കൃതരൂപമായ സത്യാ എന്നും മറ്റുമുള്ള ഉച്ചാരണങ്ങള്‍ ഒരേകാലത്തുതന്നെ പ്രചാരത്തിലുണ്ട്. മലയാള ഭാഷയില്‍ ദീര്‍ഘ അകാരങ്ങളില്‍ അവസാനിക്കുന്ന പദങ്ങളില്ല. സത്സ്ഥാനത്ത് വ-കാരണ് ഉച്ചരിക്കുന്നത്. അങ്ങിനെ മലയാളത്തില്‍ സത്വാവ്, സത്യാവ് എന്നൊക്കെയായി ഉച്ചാരണം മാറുന്നു. 

ദ്രമിളയില്‍ ഉത്ഭവിച്ചതും ആധുനികതമിഴില്‍ പ്രാചാരംനേടിയതുമായ സ-കാരം മലയാളത്തില്‍ ച-കാരമായി മാറുന്നു. ഉദാഹരണത്തിന്, നദി എന്ന് അര്‍ത്ഥമുള്ള 'സരൈ' എന്ന ദ്രമിളപദത്തിന്റെ ആധുനിക തമിഴ് ഉച്ചാരണമാണ് 'സേര' എന്ന പദം. മലയാള ഉച്ചാരണത്തില്‍ സ-യുടെ സ്ഥാനത്ത് ച-കാരാദേശം വരുമ്പോള്‍ ഉച്ചാരണം 'ചേര' എന്നായി മാറുന്നു. (ഒരു നരവംശനാമമായും ഇഴജന്തുവിന്റെ പേരായും 'ചേര' പ്രചാരം നേടിയതെങ്ങിനെയെന്ന് മറ്റൊരു കുറിപ്പില്‍ വിശദീകരിക്കുന്നതാണ്)

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ആര്‍ത്തവം: ശുദ്ധീകരണവും ആഘോഷവും.ചാണക്യനേക്കാള്‍ മുമ്പ് വലുതോ ചെറുതോ ആയ മറ്റൊരു ബ്രാഹ്മണിത്ത ശാസനകാരനെ തിരയേണ്ടതില്ല. ഇക്കാര്യത്തില്‍ അത്രയും ആധികാരികവുമാണ് ചാണക്യതന്ത്രങ്ങള്‍ എന്നത് തര്‍ക്കമറ്റ സംഗതിയുമാണ്. ഗ്രന്ഥകാരന്‍ തന്റെ 'ചാണക്യദര്‍ശന'ത്തില്‍ സ്ത്രീകളിലെ ആര്‍ത്തവത്തെ അധികരിച്ച് ഇങ്ങനെ ശാസന നല്‍കുന്നു;

ഭസ്മനാ ശുധ്യതേ കാംസ്യം
താമ്രമമ്ലേന ശുധ്യതി
രജസാ ശുധ്യതേ നാരീ
നദീ വേഗേന ശുധ്യതി.

എപ്രകാരമാണോ ചാരം പിച്ചളപ്പാത്രത്തെ തിളക്കമുള്ളതാക്കുന്നത്, എപ്രകാരമാണോ നാരങ്ങാനീര് ചെമ്പുപാത്രത്തെ തിളക്കമുള്ളതാക്കുന്നത്, എപ്രകാരമാണോ ഒഴുക്ക് നദിയെ ശുദ്ധീകരിക്കുന്നത് അപ്രകാരം ആര്‍ത്തവത്താല്‍ സ്ത്രീകളും ശുദ്ധീകരിക്കപ്പെടുന്നു.

ചാരവും നാരങ്ങാനീരും നീരൊഴുക്കും അശുദ്ധങ്ങളല്ലാത്തിടത്ത് ആര്‍ത്തവം എങ്ങനെ അശുദ്ധിയാകും? ആര്‍ത്തവം ചാണക്യനുശേഷവും ഏതെങ്കിലുംകാത്ത് അശുദ്ധിയായി വിലയിരുത്തിയിരുന്നില്ലെന്നുമാത്രമല്ല, പവിത്രതയായി കണക്കാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കന്യകയിലെ ആദ്യത്തെ ആര്‍ത്തവം (ഋതുമതിയാകല്‍) ബന്ധുജനങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്തിരുന്നു. മലയളത്തില്‍ ഋതുമതിയാകുന്നതിനെ തിരണ്ടുക എന്നാണല്ലോ പറയുന്നത്. അത് ആഘോഷമാക്കുന്നതിനെ തിരണ്ടുകല്യാണം എന്നാണ് പറയുന്നത്. കല്യാണം എന്നാല്‍ പവിത്രം എന്നാണല്ലോ അര്‍ത്ഥം - കല്യാണം, മംഗളം ശുഭം എന്ന് പ്രമാണം! ആര്‍ത്തവത്തിന് അശുദ്ധിയാണ് കല്പിക്കപ്പെട്ടിരുന്നതെങ്കില്‍ കല്യാണം എന്ന് അതിന് എങ്ങനെയാണ് വിശേഷണം വരുന്നത്?

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ജാതിയുടെ വേലിക്കെട്ട് തകര്‍ത്ത കല്ലറ സുകുമാരന്‍ - എലിക്കുളം ജയകുമാര്‍


ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചതുമുതല്‍ ഉപജാതിചിന്തകള്‍ക്കതീതമായി ദലിത് ജനതയെ സംഘടിപ്പിച്ച നേതാവാണ് കല്ലറ സുകുമാരന്‍. കാലത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് ആത്മാഭിമാനവും പൈതൃകവും നഷ്ടപ്പെടുത്താതെ ദലിതര്‍ സ്വയം ഒരു പ്രസ്ഥാനമാവണമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് കല്ലറ സുകുമാരനിലെ സാമൂഹ്യപ്രവര്‍ത്തകന്‍ രംഗപ്രവേശനം ചെയ്തത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ദലിതര്‍ അന്യവത്കരിക്കപ്പെട്ടപ്പോള്‍ അവര്‍ ശക്തരാകണമെന്നും ദലിത് തമസ്‌കരണത്തിനെതിരെ ചെറുത്തുനില്ക്കണമെന്നും അദ്ദേഹം സമുദായത്തെ ധരിപ്പിച്ചു. സംഘടിതരായാലേ ദലിതര്‍ ശക്തരാകൂ എന്ന് തിരിച്ചറിഞ്ഞ സുകുമാരന്‍ മുഴുവന്‍ സമയ സംഘടനാപ്രവര്‍ത്തകനായി. നിരന്തരമായ ചരിത്രപഠനവും വിശകലനവും ഡോ. അംബേഡ്കര്‍, അയ്യന്‍ കാളി, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയിലപ്പച്ചന്‍ തുടങ്ങിയവരുടെ പ്രബോധനങ്ങളുമാണ് കല്ലറ സുകുമാരനെ സാമൂഹിക പ്രവര്‍ത്തകനാക്കിയത്.

അധികാരത്തിലെ പങ്കാളിത്തത്തോടെ മാത്രമേ ദലിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് മനസ്സിലാക്കിയതോടെ സുകുമാരന്‍ അംബേഡ്കറിസത്തോട് കൂടുതല്‍ അടുത്തു. ഡോ. അംബേഡ്കറെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് കല്ലറ സുകുമാരനാണ്. അതിനുശേഷമാണ് ദലിത് പാന്തേഴ്‌സ് കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ധീരതയും, രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ചെണ്ടക്കോലാവാതെ പൊരുതാനുള്ള മനസ്ഥൈര്യവും അദ്ദേഹത്തെ മറ്റു നേതാക്കളില്‍ നിന്നും ഭിന്നമാക്കി. കേരളത്തില്‍ ഈ പൈതൃകം അവകാശപ്പെടാവുന്ന ഏക നേതാവ് അയ്യന്‍ കാളി ആണ്. അയ്യന്‍ കാളിക്ക് ശേഷം ദലിതരെ ഉപജാതി ചിന്തകള്‍ക്കതീതമായി സംഘടിപ്പിച്ചതും ശക്തരാക്കിയതും. കല്ലറ സുകുമാരന്‍ മാത്രമാണ്. 

2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ചരിത്രത്തിന്റെ ദലിത് പ്രതിബദ്ധതഅഭിമുഖം: ടിഎച്ച്പി ചെന്താരശ്ശേരി / ദി അസോസിയേഷന്‍ ഓഫ് കേരള ഹിസ്റ്ററി (ടാസ്‌ക്). 1996 ഫെബ്രുവരി.

ചോദ്യം: 1. താങ്കള്‍ കൂടുതലായും ദലിത് ജനതയുമായി ബന്ധപ്പെട്ട ചരിത്രാപഗ്രഥനമാണ് നടത്തിയിട്ടുള്ളത്. സ്വന്തം ജനതയോടുള്ള കമ്മിറ്റ്‌മെന്റ് എന്നതിലുപരി മറ്റെന്തെങ്കിലും ഘടകങ്ങള്‍ ചരിത്രാപഗ്രഥനത്തിലെ ഈ വഴിമാറ്റത്തിന് പ്രേരകമായിത്തീര്‍ന്നിട്ടുണ്ടോ?

ഉത്തരം: ആദിമവംശജരെപ്പറ്റിയോ അവരുടെ ചരിത്രത്തെപ്പറ്റിയോ തൂലിക ചലിപ്പിക്കാന്‍ അധികമാരും തയാറാകാതിരുന്ന സാഹചര്യത്തില്‍, ചരിത്രരചനയിലുണ്ടായിട്ടുള്ള ആ വിടവ് നികത്തേണ്ടത് എന്റെ ചുമതലയാണെന്ന് എനിക്കു തോന്നി. എന്റെ രചനകള്‍ക്കെല്ലാം സ്വന്തം ജനതയോടുള്ള കമ്മിറ്റ്‌മെന്റ് ഉണ്ടാവുക സ്വാഭാവികമാണ്. അത് വിഭാഗീയ ചിന്താഗതികൊണ്ട് സംഭവിക്കുന്നതല്ല. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം രചിച്ചുകഴിഞ്ഞാല്‍ അത് ആദിമജനതയുടെ ചരിത്രമായിത്തീരും. എന്നാല്‍ രചിക്കപ്പെട്ടവയെല്ലാം ഉപരിവര്‍ഗങ്ങളുടെ ചരിത്രമാണ്. അവ വസ്തുതകളെ പെരുപ്പിച്ചുകാണിക്കുന്നു. ഇതിനോടുള്ള ഒരു തുറന്ന സമരമാണ് എന്റെ രചനകളെല്ലാം.

ചോ: 2. കേരളചരിത്ര പഠനമേഖലയിലെ അസ്പൃശ്യതയെയും സവര്‍ണാധീശത്വത്തെയും എങ്ങനെയാണ് നേരിട്ടത്?

കേരളചരിത്രപഠനമേഖലയില്‍ ഒരു കൂട്ടായ യത്‌നത്തിന് ആരും തയാറല്ല. സത്യസന്ധമായ ചരിത്രം രചിക്കണമെന്ന താത്പര്യം അധികംപേരിലും കുറവാണ്. ചരിത്രവും സാഹിത്യവുമെല്ലാം ഒരു കാലഘട്ടംവരെ-പ്രത്യേകിച്ച് വിദേശാധിപത്യം അവസാനിച്ച കാലഘട്ടംവരെ-സവര്‍ണന്റെ കുത്തക ആയിരുന്നുവല്ലോ? സാംസ്‌കാരികരംഗങ്ങളില്‍, എന്തിന് പെരുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട വര്‍ഗങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം സാഹിത്യരംഗത്ത് പിടിച്ചുനില്‍ക്കുക അചിന്ത്യമായ കാര്യമാണ്. പ്രത്യേകിച്ച് ചരിത്രരചന സവര്‍ണാധീശത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ദുരുപയോഗപ്പെടുത്തുന്ന ഒരു അന്തരീക്ഷത്തില്‍ അതിനെതിരെ ചലിക്കുക ക്ഷിപ്രസാധ്യമായ കാര്യമല്ല. കറതീര്‍ന്ന ആത്മാര്‍ത്ഥതയും കരളുറപ്പും അശ്രാന്തപരിശ്രമവും കൈമുതലായുള്ളവര്‍ക്കുമാത്രമേ അവിടെ ചുവടുറപ്പിക്കാനാകൂ. ധനസമ്പാദനമോ സ്ഥാനമാനകാംക്ഷയോ ഉള്ളവര്‍ക്കും അവിടെ സ്ഥാനമില്ല. പ്രത്യേകിച്ച് ദലിതന് ആത്മബലിയര്‍പ്പണമാണ് ദലിത് ചരിത്രത്തിന്റെ മുഖമുദ്ര.

ജാതി ബോധത്തെ ഉന്മൂലനം ചെയ്യുന്ന 'ദലിത്' - വയലാര്‍ ഓമനക്കുട്ടന്‍


ജാതി ബോധത്തെ ഉന്മൂലനം ചെയ്യുന്ന 'ദലിത്'
Dalit: an Anihilation of caste.
വയലാര്‍ ഓമനക്കുട്ടന്‍

ദലിതന്‍ എന്ന പദത്തിന്റെ ഉറവിടം , അതിന്റെ അര്‍ത്ഥതലം എന്നിവ കണ്ടെത്താനുള്ള ശ്രമത്തിനേക്കാള്‍, അതിന്റെ പ്രാധാന്യം നിലനില്ക്കുന്നത്. തകര്‍ക്കപ്പെട്ട എല്ലാവിഭാഗങ്ങളെയും വിഭാഗീയതയ്ക്ക് ഉപരിയായി ഒന്നിപ്പിച്ചു നിറുത്തുന്ന ഒരു പൊതുനാമമായി അത് മാറ്റപ്പെട്ടിട്ടുണ്ട് എന്നതിലാണ്. ഇഡ്യയിലെ ഏത് സംസ്ഥാനത്തിലെയും തകര്‍ക്കപ്പെട്ട ജനതയെ ഉള്‍കൊള്ളാന്‍ ദലിത് എന്ന പദത്തിന് കരുത്തുണ്ടെന്ന് നാം തിരിച്ചറിയുന്നുണ്ട്. അതിലുപരി അമേരിക്കയിലോ ജപ്പാനിലെയോ അല്ലെങ്കില്‍ ഏത് വിദേശ രാഷ്ട്രങ്ങളിലുമുള്ള സമാനമായ ജനവിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളുവാന്‍ ദലിത് എന്ന പദത്തിനാകുന്നുണ്ട്.

എന്നാല്‍ എത്രവലിയ ഉന്നതനാണെങ്കിലും ഒരു പൊതുവേദിയില്‍ താന്‍ പ്രതിനിധീകരിക്കുന്ന സാമൂഹിക വിഭാഗത്തിന്റെ പേരുപറയുമ്പോള്‍ അവരുടെ മനസ്സിലേക്കും അവിടെ നിന്ന് അവരുടെ മുഖത്തേക്കും അരിച്ചിറങ്ങുന്ന ജാള്യത ഒരു ഉറച്ച യാഥാര്‍ത്ഥ്യമാണ്. അതിനെ നേര്‍ക്കുനേര്‍ അഡ്രസ്സ് ചെയ്യുന്ന ഇടങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടായിതുടങ്ങുന്നത്. അന്തസ്സ് ലഭിക്കാത്ത സാമൂഹിക വിഭാഗങ്ങള്‍ ഉള്ളത് പോലെ, അതിന് വിപരീതമായി, അന്തസ്സും ആഭിജാത്യവും ലഭിക്കുന്ന വിഭാഗങ്ങളും നിലനില്ക്കുന്നുണ്ടെന്ന് നാം ബോധ്യപ്പെടുന്നുണ്ട്. 

അന്തസ്സ് ലഭിക്കുന്ന വിഭാഗങ്ങളോട് ചേര്‍ന്ന് നിന്ന് കൊണ്ട് തനിക്ക് ലഭിക്കുന്ന അവമതിയെ മൂടിവെയ്ക്കാനാണ് വലിയൊരു വിഭാഗം ഇഷ്ടപ്പെടുന്നത്. ഇത് തികച്ചും കപടമായൊരു സാമൂഹിക വീക്ഷണമാണ്. അത്തരം തിരിച്ച്‌പോക്ക് അല്ലെങ്കില്‍ അത്തരം ഒളിച്ചോട്ടം ദളിതനെ ഒരുകാലത്തും അവന്‍ നേരിടുന്ന അവമതിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കില്ല.

2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

മാറ്റര്‍, ഡാര്‍ക്ക്മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി - ഐ ശാന്തകുമാര്‍കലാകൗമുദി 2045 ലക്കത്തില്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഒരു പുതിയ കെണ്ടത്തല്‍ നടത്തിയിരിക്കുന്നു. പ്രപഞ്ചത്തിന്റെ ആകെ മാറ്ററിന്റെ 25 ശതമാനമേ കാണാനാവുകയുള്ളൂ എന്നും ബാക്കി 75 ശതമാനം ഡാര്‍ക്ക് മാറ്ററാണെന്നും പുരുഷ സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട് പോലും. അവയ്ക്ക് യോനിജം എന്നും അയോനിജം എന്നും ഓമനപ്പേരും ഇട്ടിരിക്കുന്നു. അതു മാത്രവുമല്ല പ്രപഞ്ചം വികസിക്കുന്നു എന്ന് ആദ്യം പറഞ്ഞത് വ്യാസനാണെന്നും. ആ അബദ്ധധാരണയുടെ വെളിച്ചത്തില്‍ അദ്ദേഹം മറ്റൊരു അബദ്ധധാരണകൊണ്ട് ആധുനികശാസ്ത്രത്തെ കളിയാക്കുന്നു. അദ്ദേഹം പറയുന്നു: ''ആധുനികശാസ്ത്രമാകട്ടെ പ്രപഞ്ചത്തിന്റെ തൊണ്ണൂറ് ശതമാനം കാണാനാവാത്ത ഡാര്‍ക്ക് മാറ്ററാണെന്ന് പറയുന്നു.''

അദ്ദേഹം പറയുന്ന വ്യാസന്‍ എന്ന വ്യക്തി ജീവിച്ചിരുന്നോ എന്നും, പലരും കൂടിച്ചേര്‍ന്ന ഒരു വ്യക്തിസമൂഹമാണ് വ്യാസന്‍ എന്നും വാദമുഖങ്ങളും സന്ദേഹങ്ങളുമുണ്ട്. മതമൗലികവാദികള്‍ ശാസ്ത്രത്തെ കളിയാക്കുന്നതിനുവേണ്ടി മിത്തുകളായ മതഗ്രന്ഥങ്ങളില്‍ നിന്നും വാലും തുമ്പുമെടുത്ത് ശാസ്ത്രത്തില്‍ കൂട്ടിക്കെട്ടി മതഗ്രന്ഥങ്ങളെ മഹത്വവല്‍ക്കരിക്കുക പതിവാണ്. ഇംഗ്ലീഷ് സാഹിത്യവിശാരദനായ അദ്ദേഹം ശാസ്ത്രപുരോഗതിയെ കണ്ടില്ലെന്ന് നടിക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ അസംബന്ധമാണെന്ന് പറയേണ്ടിവരുന്നു.

പ്രപഞ്ചനിര്‍മിതിയിലെ മൂന്ന് ഘടകങ്ങളാണ് നോര്‍മല്‍ മാറ്റര്‍, ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി എന്നിവ. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന എല്ലാ വസ്തുക്കളും നോര്‍മല്‍ മാറ്ററില്‍ ഉള്‍പ്പെടും. ഡാര്‍ക്ക് മാറ്ററും ഡാര്‍ക്ക് എനര്‍ജിയും അദൃശ്യമാണെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങളിലൂടെ അവയുടെ സാന്നിധ്യം മനസിലാക്കാനാവും. ഡാര്‍ക്ക് മാറ്റര്‍ പ്രപഞ്ചത്തിന്റെ ഗുരുത്വാകര്‍ഷണബലവും ഡാര്‍ക്ക് എനര്‍ജി പ്രപഞ്ചവികാസത്തിന്റെ കാരണവുമാണ്. നാസയുടെ സ്പിറ്റ്‌സര്‍, ഹബിള്‍ എന്നീ ബഹിരാകാശ ദൂരദര്‍ശിനികള്‍വഴിയും വ്യത്യസ്ത നിഗമനങ്ങളിലൂടെയും ഇവയുടെ സാന്നിധ്യം തിട്ടപ്പെടുത്തിയിട്ടുണ്ട്. 4.9 ശതമാനം നോര്‍മല്‍ മാറ്ററും, 68.3 ശതമാനം ഡാര്‍ക്ക് എനര്‍ജിയും 26.8 ശതമാനം ഡാര്‍ക്ക് മാറ്ററുമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നേവരെയുള്ള ശാസ്ത്ര ഗവേഷണങ്ങളുടെ ഫലമായി 4.9 ശതമാനം നോര്‍മല്‍ മാറ്ററിനെ മാത്രമേ അറിയാന്‍ സാധിച്ചിട്ടുള്ളൂ. പുരുഷസൂക്തത്തില്‍ പറഞ്ഞിരിക്കുന്നു എന്നു അവകാശപ്പെട്ടുകൊണ്ട് അതേറ്റുപാടുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് പ്രപഞ്ചനിര്‍മ്മിതിയിലെ അതിപ്രധാനമായ ഡാര്‍ക്ക് എനര്‍ജിയെപ്പറ്റി ഒരു ചുക്കുമറിയില്ല. അദ്ദേഹത്തിന്റെ കണക്കില്‍ 25 ശതമാനം മാറ്ററും 75 ശതമാനം ഡാര്‍ക്ക് മാറ്ററുമാണുള്ളത്. പുരുഷസൂക്തം പറഞ്ഞുവെന്ന് പറയപ്പെടുന്ന ഈ കണക്കാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയ്ക്ക് ആപ്തവാക്യം. ഡാര്‍ക്ക് എനര്‍ജി മൂലമാണ് പ്രപഞ്ചം വികസിക്കുന്നത് എന്ന് ശാസ്ത്രം പറയുന്നതിനും മുന്‍പ്, ഡാര്‍ക്ക് എനര്‍ജിയെപ്പറ്റി അറിവില്ലാതിരുന്ന വ്യാസന് പ്രപഞ്ചം വികസിക്കുന്നു എന്ന് പറയാനായത് എങ്ങനെയോ ! മാറ്റര്‍ യോനിജമെന്നും ഡാര്‍ക്ക് മാറ്റര്‍ അയോനിജം എന്നുമുള്ള കണ്ടുപിടിത്തം പരിഹസിക്കലാണ്.

പ്രപഞ്ചം സെക്കന്റില്‍ 16.5 കിലോമീറ്റര്‍ വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ ശാസ്ത്രവെളിപ്പെടുത്തല്‍. സാംസ്‌കാരിക നായകന്മാരുടെയും ബുദ്ധിജീവികളുടെയും കുപ്പായമിട്ടുകൊണ്ട്, ആധുനികകാലത്തിന്റെ ശാസ്ത്ര നിഗമനങ്ങളെയും അതിന്റെ ഗരിമകളെയും മതഗ്രന്ഥങ്ങള്‍ക്ക്ചാര്‍ത്തിക്കൊടുക്കാന്‍ വെമ്പല്‍കൂട്ടുന്നവര്‍ക്ക് കാലംകൊടുക്കുന്ന ഓമനപ്പേരത്രേ ''കാലം ചെയ്യുംമുമ്പേ കാലഹരണപ്പെടുന്നവര്‍.''

(യുക്തിരേഖ, 2014, ഡിസംബര്‍)