"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

ദലിതര്‍ എന്ന പദം - ദലിത് ബന്ധു



1991 മുതല്‍ എന്റെ പുസ്തകങ്ങളില്‍ ഞാന്‍ എഴുതിയ പേര് ദലിത് ബന്ധു എന്നാണ്. ഇപ്പോള്‍ മൊത്തം 80 പുസ്തകങ്ങള്‍ ആ പേരിലാണ് പുറത്തിറങ്ങിയത്. ആ വര്‍ഷം സെപ്തംബര്‍ 24 ആം തിയതി ഡോ. അംബേഡ്കര്‍ പൂനാ കരാറില്‍ ഒപ്പുവെച്ചതിന്റെ വാര്‍ഷികദിനത്തില്‍ കോട്ടയത്ത് തിരുനക്കര മൈതാനത്തു കൂടിയ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സമ്മേളനത്തില്‍വെച്ച് കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും കൂടിയാണ് ദലിത് ബന്ധു എന്ന സ്ഥാനം എനിക്ക് നല്‍കിയത്. ഇപ്പോള്‍ കേള്‍ക്കുന്നു ദലിത് എന്ന പദം ഉപയോഗിക്കരുത് എന്ന്. പിന്നെ എന്തുപേരാണ് ഞാന്‍ ഉപയോഗിക്കേണ്ടത്? പട്ടികജാതി - പട്ടികവര്‍ഗ ബന്ധു എന്ന് ഉപയോഗിക്കണമോ?

എന്താണ് ദലിത് എന്ന പദത്തിന് വന്നുഭവിച്ച ദുര്യോഗം? ഇന്ന് മറ്റെല്ലാവരും ഉപയോഗിക്കുന്ന പേരുകള്‍ ഭരണഘ(ടനയില്‍ ഉള്ളതാണോ? നായര്‍, നമ്പൂതിരി, ഈഴവര്‍ തുടങ്ങിയ പേരുകള്‍ ഭരണഘടന അംഗീകരിച്ചതാണോ? അപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം ഭരണഘടന അംഗീകരിക്കാത്ത പേരുകള്‍ ഉപയോഗിക്കാം, ദലിതര്‍ക്ക് മാത്രം അത് പാടില്ല.

അയ്യന്‍ കാളി ഈ ജനവിഭാഗത്തിന് നല്കിയ പേരാണ് സാധുജനം. സാധുജനപരിപാലനസംഘം എന്നാണ് അയ്യന്‍ കാളി സ്ഥാപിച്ച സംഘടനയുടെ പേര്. അതെ! ദലിതരെല്ലാം സാധുക്കളാണ്. അംബേഡ്കര്‍ അവരെ വിളിച്ചത് ബഹിഷ്‌കൃതര്‍ എന്നാണ്. അവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ബഹിഷ്‌കൃതരാക്കപ്പെട്ടവരാണ്. എന്നാല്‍ ഗാന്ധി അവരെ വിളിച്ചത് ഹരിജന്‍ എന്നാണ്. ഹരിയുടെ - വിഷ്ണുവിന്റെ - ദൈവത്തിന്റെ മക്കള്‍ എന്നാണ് അതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചതെന്നു പറയുന്നു. എല്ലാ മതങ്ങളും പറയുന്നത്, മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണ് എന്നാണ്. വഒരു പക്ഷെ ബുദ്ധമതം മാത്രം അതില്‍നിന്നും വ്യത്യസ്തമാണ്. എല്ലാ മനുഷ്യരേയും സൃഷ്ടിച്ചത് ദൈവമാണ്. എന്നാല്‍ ഗാന്ധി അതില്‍ ഭേദഗതി വരുത്തി. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ മാത്രം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടത്. അപ്പോള്‍ മറ്റുള്ളവരോ? അവര്‍ തങ്ങളുടെ പിതാക്കളില്‍ നിന്നും ജനിച്ചവരാണ്. ഹരിജനങ്ങള്‍ക്കുമാത്രം വ്യക്തമായ മാതാപിതാക്കള്‍ ഇല്ല. അതിനാല്‍ അവര്‍ ഈശ്വരനില്‍ നിന്നും ജനിച്ചവര്‍. ഏതായാലും സ്വന്തം മാതാവിനെ എല്ലാവര്‍ക്കും അറിയാം. പിന്നെ പിതാവിന്റെ കാര്യത്തിലാണ് സംശയം ഉള്ളത്. അതുകൊണ്ടാണ് ഗാന്ധി അവരെ വിഷ്ണുവിന്റെ മക്കള്‍ എന്നു വിളിച്ചത്. എന്നു പറഞ്ഞാല്‍ പിതാവിനെ തിട്ടമില്ലാത്തവര്‍. പിതാവിനെ നിശ്ചയമില്ലാത്തവര്‍ ജാരസന്തതികളാണ്. ഹരിജനങ്ങളെ മുഴുവന്‍ ജാരസന്തതികളാക്കുകയാണ് ഗാന്ധി ആ ഒരു വാക്കുകൊണ്ട് ചെയ്തത്. ഗാന്ധിയുടെ ആ ലക്ഷ്യം വ്യക്തമായപ്പോള്‍ ആ പേരില്‍ തങ്ങളെ അംഭിസംബോധന ചെയ്യരുത് എന്ന് ദലിതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം യുക്തിഭദ്രമാണെന്ന് കണ്ട കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ അതനുസരിച്ചുള്ള ഒരു കല്പന പുറപ്പെടുവിച്ചു. അങ്ങനെ ഹരിജന്‍ എന്ന പേര് ഉപേക്ഷിക്കപ്പെട്ടു.

എന്നാല്‍ ദലിത് എന്ന പദത്തിന് അങ്ങനെയുള്ള പുതിയ വ്യാഖ്യാനങ്ങളൊന്നും കണ്ടെത്തേണ്ടതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ദലിത് എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടുവരുന്ന നാമമാണെന്നതു കണ്ടപ്പോള്‍, ആ നാമത്തിന്റെ പേരില്‍ ദലിതരെല്ലാം ഒരുമിക്കുന്നു എന്നു കണ്ടപ്പോള്‍ ആ ഒന്നിപ്പില്‍ ഇടംകോലിടാന്‍ സവര്‍ണര്‍ ശ്രമിക്കുന്നു എന്നു മാത്രം.

ആകെക്കൂടി പറയാവുന്നത് ദലിതര്‍ എന്ന പദം അവരുടെ ഇന്നത്തെ ശോച്യാവസ്ഥയെ കുറിക്കുന്നു. അവര്‍ക്കിന്ന് ആവശ്യമായിട്ടുള്ളത് പണ്ട് അവര്‍ക്കുണ്ടായിരുന്ന സമ്പദ്‌സമൃദ്ധമായ ഭൂതകാലത്തിന്റെ ഓര്‍മ്മയും അതിലേക്കുള്ള അഭിവാഞ്ചയുമാണ്. അതിന് ദലിത് എന്ന നാമം പര്യാപ്തമാകയില്ല. അതിനാല്‍ ചിലരെല്ലാം നാഗജനത എന്ന നാമം നിര്‍ദ്ദേശിക്കുന്നു. ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ജനത, അവരാണ് നാഗന്മാര്‍. അന്ന് ഇന്ത്യ അവരുടേതായിരുന്നു. അവരുടേത് മാത്രമായിരുന്നു. അവര്‍ അനേകം ഗോത്രങ്ങളായി ജീവിച്ചിരുന്നു. അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളോ ഏറ്റുമുട്ടലുകളോ ഒന്നുമുണ്ടായിരുന്നില്ല. തൊഴില്‍ ഉപകരണങ്ങളല്ലാതെ ആയുധങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അവരില്‍ ഒരു വിഭാഗം സിന്ധു നദീതടത്തില്‍ വസിച്ചിരുന്നു. അവരുടെ സംസ്‌കാരത്തേയും നാഗരികതയേയും ദാര്‍ശനികതയേയും പറ്റിയുള്ള അറിവ് 1920 കളില്‍ അവിടെ നടത്തിയ ഗവേഷണത്തിലൂടെയും ഉദ്ഖനനത്തിലൂടെയും കണ്ടെത്താന്‍ കഴിഞ്ഞു. അതാണ് നാഗജനതയുടെ നാഗരികതയെക്കുറിച്ചുള്ള സൂചന. അത് വീണ്ടെടുക്കുവാനുള്ള അഭിവാഞ്ചയെ ഉത്തേജിപ്പിക്കുന്ന ഒരു നാമം അവര്‍ക്കിന്ന് ആവശ്യമാണ് എന്ന നിഗമനത്തില്‍ എത്തിയവരാണ് നാഗജനത എന്ന പേര് ഉപയോഗിക്കണമെന്നാവശ്യപ്പെടുന്നത്.

അതുകൊണ്ട് ദലിതര്‍ എന്ന നാമം ഉപേക്ഷിക്കണമെന്നില്ല. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനിന്നിരുന്ന കാലത്ത് അവര്‍ ജനസംഖ്യാ കണക്കെടുത്തപ്പോള്‍ മുസ്ലീം - ക്രൈസ്തവ - യഹൂദ - പാഴ്‌സി വിഭാഗക്കാരൊഴിച്ച് മറ്റുള്ള ഇന്ത്യക്കാരെയെല്ലാം ഹിന്ദുക്കളായി എണ്ണി. അങ്ങനെ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ വലിയൊരു വര്‍ദ്ധനവുണ്ടായി. അതിനെ ആദ്യം സവര്‍ണര്‍ എതിര്‍ത്തു. ബ്രാഹ്മണരും ചാമറും ഒരുപോലെ ഹിന്ദുക്കളോ? തങ്ങള്‍ രണ്ടുകൂട്ടരും ഒരു മതത്തില്‍ പെട്ടവരോ? എന്നാല്‍ പിന്നീട് അതുകൊണ്ട് ഗുണമുണ്ട് എന്ന് വ്യക്തമായപ്പോള്‍ നമ്പൂതിരിമുതല്‍ നായാടിവരെ ഹിന്ദുക്കള്‍ എന്നു വിളിച്ചുകൂവി. പക്ഷെ, ആ മുദ്രാവാക്യത്തിനപ്പുറം ഒന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ്കാലത്ത് നാമെല്ലാം ഹിന്ദുക്കള്‍ എന്നുപറഞ്ഞ് വോട്ടുചോദിക്കും എന്നുമാത്രം. ഇപ്പോള്‍ അവരില്‍ ചിലരെ പൂജാരിമാരായി ദേവസ്വംബോര്‍ഡ് നിയമിച്ചപ്പോള്‍ പ്രതിഷേധം ശക്തമായി. അങ്ങനെയെല്ലാം ചിന്തിക്കുന്നവരാണ് ഇന്ന് ദലിതര്‍ എന്ന പേരില്‍ അവര്‍ ഒരുമിക്കരുത് എന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ദലിതര്‍ എന്ന പേരിലോ നാഗന്മാര്‍ എന്ന പേരിലോ ഉള്ള ഒരു ഒന്നിപ്പാണ് അവര്‍ക്കിന്ന് ആവശ്യമുള്ളത്.

@ഒന്നിപ്പ്. 2017 ഡിസംബര്‍ ലക്കം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ