"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ചരിത്രത്തിലെ ദലിത് പദപ്രയോഗം ഇല്ലാതാക്കാനാവുമോ? - കണ്ണന്‍ മേലോത്ത്അനാര്യന്‍ ജനതയെ വിശേഷിപ്പിക്കുന്നതിന് ഇപ്പോള്‍ പരക്കെ ഉപയോഗിച്ചുവരുന്ന നാമപദമാണല്ലോ ദലിത് എന്നുള്ളത്. ദലിത് എന്നതാകട്ടെ ആര്യന്‍ ഭാഷയായ സംസ്‌കൃതത്തേക്കാള്‍ മുമ്പ് ഇന്ത്യ ഒട്ടാകെയും മധ്യേഷ്യയിലും വ്യാപിച്ചിരുന്ന ആര്യപൂര്‍വജനത കൈകാര്യം ചെയ്തിരുന്ന 'ബ്രാഹുയ്' എന്ന ഭാഷയില്‍ ഉള്‍പ്പെട്ടിരുന്ന പദമാണ്. ബ്രാഹുയ് ഭാഷയില്‍ നിന്നും അറബിയും ദ്രമിളയും വികാസംകൊണ്ടുവെന്ന് ഭാഷാചരിത്ര ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ദ്രമിള പിന്നീട്, ആ ഭാഷ കൈകാര്യം ചെയ്യുന്ന ജനത എന്ന അര്‍ത്ഥത്തില്‍, അനാര്യരെ 'ദ്രാവിഡര്‍' എന്ന് സംബോധനചെയ്യുന്നതിന് നിദാനമായി. ആധുനിക തമിഴിന്റെ മൂലരൂപമാണ് ദ്രമിള എന്ന് ഡോ. ബി ആര്‍ അംബേഡ്കര്‍ സമര്‍ത്ഥിക്കുന്നു.

ദലിത് എന്ന പദം ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്ന നിര്‍ദ്ദേശം അധികാരികളുടെ ഭാഗത്തുനിന്നും വന്നുകഴിഞ്ഞു. വര്‍ത്തമാനകാലത്ത് ഈ പദപ്രയോഗത്തിന്റെ പ്രചാരം തടയാന്‍ കഴിഞ്ഞേക്കാമെങ്കിലും ചരിത്രത്തില്‍ സ്ഥാപിതമായ ദലിത് പദപ്രയോഗത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന വലിയൊരു പ്രശ്‌നം അവശേഷിക്കുകയാണ്.

ദലിത് എന്ന വംശനാമപദം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനം മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ കൂടിയായ ചൗധരി ചരണ്‍ സിംഗ് 1984 ല്‍ സ്ഥാപിച്ച 'ദലിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി'യാണ് ആ പ്രസ്ഥാനം. ദലിത് പദം പേരില്‍ വഹിക്കുന്ന ആദ്യത്തെ രാഷ്ട്രീയപ്രസ്ഥാനവും ഇതത്രെ - ഡി എം കെ പി. ജാട്ട് എന്ന സവര്‍ണ സമുദായത്തില്‍ പിറന്ന ചൗധരി ചരണ്‍സിംഗ് മതേതര ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന സമുന്നതമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ജാതിനിര്‍മൂലനത്തിന് ഒരു മാര്‍ഗരേഖ നിര്‍ദ്ദേശിച്ചുകൊണ്ട് ചരണ്‍ സിംഗ്, 1954 മെയ് 22 ന് അന്ന് പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന് ഒരു കത്തെഴുതി. 1982 ല്‍ ആര്‍ കൃഷ്ണന്‍കുട്ടിനായര്‍ എഴുതി, തൃശൂരുള്ള യുക്തിവാദപ്രചരണവേദി ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച 'യുക്തിരശ്മി' എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രസ്തുത കത്തിന്റെ മലയാള പരിഭാഷ ചേര്‍ക്കുന്നു-


'എന്റെ പ്രീയപ്പെട്ട പണ്ഡിറ്റ്ജി,

വളരെ കാലത്തിനുശേഷം വലിയ ആശങ്കയോടുകൂടിയാണ്, തീര്‍ച്ചയായും ഞാന്‍ ഈ കത്ത് താങ്കള്‍ക്ക് എഴുതുന്നത്.

താങ്കള്‍ പലപ്പോഴും പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ, ഇന്ത്യ വിദേശാക്രമണത്തിന് അടിമയായിത്തീര്‍ന്നത് നമ്മുടെ സാമൂഹ്യദൗര്‍ബല്യങ്ങളെ ക്കൊണ്ടുമാത്രമാണ്. അല്ലാതെ എണ്ണത്തിലോ, വിഭവങ്ങളിലോ, സംസ്‌കാരത്തിലോ വിദേശീയര്‍ നമ്മെക്കാള്‍ മെച്ചപ്പെട്ടവരാണെന്നതുകൊണ്ടല്ല. ഒരു ഇംഗ്ലീഷ് ചരിത്രകാരന്‍ തന്നെ 'ഇംഗ്ലണ്ടിന്റെ വികാസം' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ അതു സമ്മതിച്ചിട്ടുണ്ട്. ഈ സത്യം സാധാരണ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവുമോ എന്നറിഞ്ഞുകൂടാ. പക്ഷെ പൊതുകാര്യങ്ങളുടെ ചുമതല വഹിക്കുന്നവര്‍ക്ക് ദിവസേനയെന്നോണം വ്യക്തമായിട്ടുള്ളതാണ് അത്. ഈ ദൗര്‍ബല്യങ്ങളില്‍, അതായത് മതപരവും ഭാഷാപരവുമായ വ്യത്യാസങ്ങളും ജനനത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ജാതിവ്യവസ്ഥയും; ഇവയില്‍ അവസാനത്തേതാണ് ഇഈന്ത്യയുടെ നൂറ്റാണ്ടുകളായുള്ള അടിമത്തത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് ഞാന്‍ കരുതുന്നു.

രാജ്യത്തിന്റെ വികസനത്തിനും വലിയൊരതിര്‍ത്തിവരെ അതിനാണ് ഉത്തരവാദിത്വം. സാമൂഹ്യമായ താഴ്ന്നപടിയില്‍ കിടക്കുന്ന സ്വന്തം മതക്കാരോട് സമത്വം ജാതിഹിന്ദുക്കള്‍ക്ക് സാധ്യമാണെന്ന് തെളിഞ്ഞ നിലക്ക്, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടാല്‍, രാജ്യത്തില്‍ ബഹുഭൂരിപക്ഷംവരുന്ന ഹിന്ദുക്കളില്‍ നിന്ന് തങ്ങള്‍ക്ക് നീതിലഭിക്കുകയില്ലെന്ന് മുസ്ലീങ്ങള്‍ ന്യായമായും ഭയപ്പെട്ടു. ഇതെല്ലാം കഴിഞ്ഞുപോയ ചരിത്രമാണല്ലോ.

എന്നാല്‍ നാം ഒരു പാഠവും പഠിച്ചില്ലെന്നു കാണുന്നതാണ് ഖേദകരം. ജാതീയത, കുറയുന്നതിനുപകരം ജനാധിപത്യാരംഭത്തേയും ഉദ്യോഗത്തിനുള്ള കടിപിടിയേയും തുടര്‍ന്ന് പ്രകടമായും വര്‍ധിച്ചിരിക്കുകയാണ്. നമ്മുടെ പൊതുജീവിതത്തിന്റെ ഉന്നതശ്രേണികളെ മാത്രമല്ല, സര്‍വീസുകളെ പോലും അത് ബാധിച്ചിരിക്കുന്നു. അത് വിവേചനരഹിതവും അനീതിപരമായ പ്രവര്‍ത്തനങ്ങളിലേക്കു നയിക്കുവാനും മനുഷ്യമനസ്സിനേയും ഹൃദയത്തേയും ദുഷിപ്പിക്കുവാനും ആരോപണപ്രത്യാരോ പണങ്ങളിലേക്കും സമൂഹത്തില്‍ അവിശ്വാസവും സംശയവും ജനിപ്പിക്കുവാനും ഇടയാക്കുന്നു. രാഷ്ട്രീയ പ്രതികാരത്തിനുള്ള ഒരായുധമായിത്തീര്‍ന്നിരിക്കുന്നു അത്.

അപ്പോള്‍ അവശേഷിക്കുന്ന പ്രശ്‌നമിതാണ്. അതിനെ എങ്ങിനെ ഇല്ലാതാക്കാം. ഗൗതമബുദ്ധന്റെ കാലഘട്ടം മുതല്‍ ആചാര്യന്മാരും പരിഷ്‌കര്‍ത്താക്കളും അതിന് ശ്രമിച്ചുപോന്നിട്ടുണ്ട്. പക്ഷെ എല്ലാം നിഷ്ഫലം. കഴിഞ്ഞ നൂറ്റാണ്ടിലേറെ കൊല്ലങ്ങളായി എന്റെ പരിമിതമേഖലയില്‍ എന്റെ ദുര്‍ബല കഴിവുകളനുസരിച്ച് ഞാനതിന് പരിശ്രമിച്ചുവരുന്നുണ്ട്. ഇക്കാലത്ത്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രധാനമായും ജാതി കടന്നുവരുന്നത് വിവാഹാവസരത്തില്‍ മാത്രമാണ്. അതുകൊണ്ട് ഈ ദോഷത്തെ വിജയകരമായി കൈകാര്യം ചെയ്യണമെങ്കില്‍ വിവാഹത്തില്‍ ജാതിപരിഗണനയുടെ ആവശ്യമോ പ്രാധാന്യമോ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതായത്, ഈ അനീതിയുടെ കടക്കല്‍ത്തന്നെ കത്തിവെക്കണം.

സര്‍വീസുകളിലേക്ക് റിക്രൂട്ട്‌മെന്റ് ചട്ടങ്ങളുണ്ടാകുമ്പോള്‍ ആ ഉദ്യോഗത്തിന് യോഗ്യതയും അര്‍ഹതയും ഉള്ളവര്‍ മാത്രമായിരിക്കണമെന്നു ഉറപ്പുവരുത്തുവാന്‍ പലതരം ക്വാളിഫിക്കേഷനും നാം നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. അവന്റെ മനസ്സും ശരീരവും മാത്രമാണിന്ന് മാത്രമാണിന്ന് ഈ നിര്‍ദ്ദേശങ്ങളുടെ ഉന്നം. പക്ഷെ അവന്റെ ഹൃദയത്തെ അളക്കുവാന്‍ - ടെസ്റ്റൊന്നുമില്ല. അവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമോ എന്നും, ഒദ്യോഗികനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെരുമാറുവാന്‍ ഇടവരുന്നവരോട് നീതിപുലര്‍ത്തുവാന്‍തക്ക ഹൃദയവിശാലത അവനുണ്ടോ എന്നും മറ്റും അളക്കുവാന്‍ നമ്മുടെ രാജ്യത്തെ പരിസ്ഥിതിയില്‍, ഉദ്യോഗാര്‍ത്ഥികളോട്, തുടക്കത്തില്‍ ഗസറ്റഡ് ഉദ്യോഗാര്‍ത്ഥികളോടെങ്കിലും, സ്വന്തം ജാതിയുടെ ഇടുങ്ങിയവൃത്തത്തിന് പുറത്തുകടന്ന് വിവാഹം ചെയ്യാന്‍ തയാറാകണമെന്ന് ആവശ്യപ്പെടുന്നത് വലിയൊരളവിലോളം ഈ ടെസ്റ്റിന് പര്യാപ്തമാകുമെന്നാണെന്റെ അഭിപ്രായം.

അത്തരമൊരു നിയമമുണ്ടാക്കുന്നതുകൊണ്ട് സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യാന്‍ നാം ആരേയും നിര്‍ബന്ധിക്കലാവില്ല. അധികം സര്‍ക്കാരുദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസയോഗ്യത ഗ്രാജുവേറ്റായിരിക്കണമെന്ന നിലവിലുള്ള ചട്ടംകൊണ്ട്, ഗ്രാജുവേറ്റാവണമെന്ന് നാം ആരേയും നിര്‍ബന്ധിക്കാത്തതുപോലെതന്നെ.

അത്തരം യുവജനങ്ങളെ ആവശ്യമുള്ളത്ര ലഭിക്കുവാന്‍ വിഷമമുണ്ടാവുകയില്ല. ഇന്നു നമ്മുടെ കോളേജുകളില്‍ വിദ്യാഭ്യാസം ചെയ്തുവരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും അത്തരമൊരു നീക്കത്തിനനുകൂലമാണ്.

നിയമസഭാംഗങ്ങള്‍ക്കും അത്തരമൊരു യോഗ്യത ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

തീര്‍ച്ചയായും മിശ്രവിവാഹിതരാകണമെന്ന ഈ യോഗ്യത, ഒരു നിശ്ചിത തിയതിക്കു ശേഷമുള്ള, ഉദാഹരണത്തിന് 1955 ജനു. 1 നു ശേഷമുള്ള - വിവാഹങ്ങള്‍ക്കുമാത്രമേ ബാധകമാവൂ എന്നുവെക്കാം. അവിവാഹിതനായ ഒരാള്‍ക്ക് സര്‍വീസിലോ, നിയമസഭാംഗമായോ പ്രവേശിക്കാം; പക്ഷെ പിന്നീട് സ്വന്തം സമുദായത്തില്‍ വിവാഹിതനാവുമെങ്കില്‍, രാജിവെക്കേണ്ടിവരും. മാത്രമല്ല, വ്യത്യസ്ത ഭാഷാഗ്രൂപ്പുകളില്‍ പെട്ടവര്‍ തമ്മില്‍ വിവാഹിതരാവുന്നവര്‍ സര്‍വീസില്‍ പ്രത്യേക പരിഗണനക്കര്‍ഹരായിത്തീരുമെന്നും നമുക്കുപറയാം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടുവരുന്ന ഈ അവസരത്തില്‍ അത് കൂടുതല്‍ നന്നായിരിക്കും. യാഥാസ്ഥിതികര്‍ക്ക് ഇതില്‍ വിഷമമൊന്നും തോന്നാന്‍ അവകാശമില്ല; എന്തുകൊണ്ടെന്നാല്‍ അത്തരം വിവാഹങ്ങള്‍ക്ക് നമ്മുടെ ശാസ്ത്രങ്ങളും പരിശുദ്ധി കല്പിച്ചിട്ടുണ്ടല്ലൊ. വാസ്തവത്തില്‍, ഇന്നത്തെ ജാതികളെ നാം ഏതാനും ഗോത്രങ്ങളായി പരിവര്‍ത്തനം ചെയ്യലും ഒരാളുടെ വിവാഹം സ്വന്തം പിതാവിന്റെ ഗോത്രത്തിലാവുന്നത് നിരുത്സാഹപ്പെടുത്തലും മാത്രമായിരിക്കും ഫലം. 

ഈ നിര്‍ദ്ദേശം നമ്മുടെ ഭരണഘടനയില്‍ ഒരു 'ആര്‍ട്ടിക്കിള്‍' ആയി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹ്യ ദുഷ്ട്, രാജാജിയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നമ്പര്‍ വണ്‍ ശത്രു, പത്തുകൊല്ലംകൊണ്ട് അന്ത്യവിശ്രമം കൈക്കൊള്ളും. ജാതിവേരറുത്തുകളയുന്നതുവരെ ഇന്ത്യ ഒരിക്കലും ശക്തമാവുകയില്ല. സ്റ്റേറ്റ് നേരിട്ടിടപെടുന്നില്ലെങ്കില്‍, മൂലകാരണത്തിന്മേല്‍ത്തന്നെ കത്തിവെക്കുന്നില്ലെങ്കില്‍ അതൊരിക്കലും സാധ്യമാവുകയില്ല. അങ്ങിനെ ചെയ്യാത്തപക്ഷം, അനേകം നൂറ്റാണ്ടുകളായി ജാതിസമ്പ്രദായം കുത്തിവെച്ചിട്ടുള്ള പരസ്പര സംശയത്തിന്റേയും വെറുപ്പിന്റേയും അഗ്നിജ്വാലകള്‍ എന്നെങ്കിലും ഒരു ദിവസം രാജ്യത്തെ തീര്‍ച്ചയായും അവിചാരിതമായും, പകലിനെത്തുടര്‍ന്ന് രാത്രിയെന്നതുപോലെ കത്തിച്ചുചാമ്പലാക്കിക്കളയും. 

എന്റെ നിര്‍ദ്ദേശത്തെ വെറും ഭ്രാന്തെന്നു താങ്കള്‍ കരുതുകയില്ലെന്നു വിശ്വസിക്കുന്നു. പ്രത്യേകാവകാശക്കുത്തകക്കാരെന്ന് സ്വയം കരുതുകയും മറ്റുള്ളവര്‍ ശരിവെക്കുകയും ചെയ്തിട്ടുള്ളവരുടേതില്‍നിന്നും ഭിന്നങ്ങളായ സമുദായത്തില്‍ ജനിക്കുന്നതിന്റെ തിക്താനുഭവം അനുഭവത്തില്‍ നിന്നും എനിക്കറിയാം. അവജ്ഞയോടെയുള്ള പെരുമാറ്റവും വെറും ജനനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യവിവേചനവും, മറ്റു ജാതികളില്‍ താഴെ കിടക്കുന്നവരെ മാത്രമല്ല, അല്ലാത്തവരേയും കൂട്ടത്തോടെ മതം മാറ്റുന്നതിന് പ്രേരകമായി പലപ്പോഴും വര്‍ത്തിച്ചിട്ടുണ്ട്.

ഞാന്‍ പറയുന്നതുപോലുള്ള ഒരു ഭേദഗതിക്ക് തീര്‍ച്ചയായും എതിര്‍പ്പുണ്ടായിരിക്കും! പക്ഷെ, താങ്കള്‍ ഉറച്ചുനിന്നാല്‍, എതിര്‍പ്പുകളൊക്കെ വേഗത്തില്‍ ഉരുകിപ്പോകും. എന്റെ കണക്കുകൂട്ടലുകളനുസരിച്ച്, എന്റെ അഭിപ്രായത്തില്‍ അഭ്യസ്ഥവിദ്യര്‍ക്കിടയില്‍ ഹിന്ദുകോഡ് ബില്ലിലെ വ്യവസ്ഥകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാഗതം ലഭിക്കും.

തടസ്സങ്ങളെന്തുതന്നെയായാലും, ഭരണഘടനക്ക് ഇത്തരമൊരു ഭേദഗതി വരുത്തുവാന്‍ കഴിയുമെങ്കില്‍, എന്റെ ചെറുമനസ്സിനനുസരിച്ച്, സ്വരാജ്‌ലബ്ധിക്കു തുല്യമായ ഒരു ദേശസേവനമായിരിക്കും അത്. അപ്പോള്‍ മാത്രമേ രാഷ്ട്രത്തിന്റെ അസ്തിവാരത്തിന് ഉറപ്പുവരൂ.'

എന്നാല്‍, ചരണ്‍സിംഗ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളത്രയും പണ്ഡിറ്റ് നെഹ്‌റു തള്ളിക്കളയുകയാണുണ്ടായത്. അത് അത്രയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നായിരുന്നു നെഹ്‌റുവിന്റെ വിലയിരുത്തല്‍. പിന്നീട് പ്രധാനമന്ത്രിയായിത്തീര്‍ന്നുവെങ്കിലും (1979 ജൂലൈ 28 - 1980 ജനുവരി 14) ചരണ്‍സിംഗിനാകട്ടെ, താന്‍ നെഹ്‌റുവിന് കൊടുത്ത നിര്‍ദ്ദേശങ്ങളിലൊന്നുപോലും പ്രാവര്‍ത്തികമാക്കാനുമായില്ല! ഇത് ചരണ്‍സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുരന്തമായിരിക്കാം. എങ്കിലും 1972 ല്‍ 'ദലിത് പാന്തേഴ്‌സ്' എന്ന സംഘനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പുനസ്ഥാപിക്കപ്പെട്ട  ദലിത് എന്ന പദം തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ നാമത്തിനായി സ്വീകരിക്കാന്‍ ചരണ്‍സിംഗിന് വൈമനസ്യമേതുമില്ലായിരുന്നു എന്ന വസ്തുത അംഗീകരിക്കണം. ഡിഎംകെപി പിന്നീട് ലോക് ദള്‍ എന്ന പാര്‍ട്ടിയായി മാറുകയുണ്ടായി.
-----------------
@ഇടനേരംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ