"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 30, ഞായറാഴ്‌ച

ലോകാ:സമസ്താ സുഖിനോ ഭവന്തു - അഡ്വ.എം.പ്രഭ


അഡ്വ. എം പ്രഭ

ഭാരതത്തിന്റെ സംസ്കാരത്തിന്റെ പേരിലും ഭാരതം ലോകത്തിനു നല്‍കിയ സാമൂഹ്യങ്ങ ളായ സന്ദേശങ്ങളുടെ പേരിലും അഭിമാനം കൊള്ളുന്നവരോട് എന്താണ് അവയുടെ കാതലായ കാര്യങ്ങള്‍ എന്ന് ചോദിച്ചാല്‍ ലോകാ:സമസ്താ സുഖിനോ ഭവന്തു എന്നതിനേക്കാള്‍ ഉന്നതമായ ആദര്‍ശം വേറെ ലോകത്തിലേതെങ്കിലും ജനതക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്‍ തിരിച്ചു ചോദിച്ചു എന്ന് വരും.അന്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ലോകക്ഷേമത്തിനു വേണ്ടി നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ഉപദേശങ്ങളെന്തൊക്കെ യായിരുന്നുവെന്നു പഠിച്ചിട്ടല്ല ഇങ്ങനെ ചോദിക്കുന്നതെന്നത് നമുക്ക് തല്‍ക്കാലം അവഗണിക്കാം. സാധാരണ ഗതിയില്‍ സംഗതികള്‍ താരതമ്യേന മെച്ചമാ യിത്തന്നെ മനസ്സിലാക്കിയിരിക്കേണ്ട ആളുകള്‍ പോലും ഈ 'ലോകാ: സമസ്താ സുഖിനോ ഭവന്തു' എന്ന ആശംസയെ , ആഗ്രഹ പ്രകടനത്തെ ഉയര്‍ത്തിപ്പി ടിക്കുന്നത് കേട്ടിട്ടുണ്ട്. ഹിന്ദു മതത്തിലെ ആചാര്യന്മാരും ,ഹിന്ദുക്കളുടെ വേദിയിലും മറ്റു വേദികളില്‍ സംസാരിക്കു ന്നവരും കൂടെ കൂടെ ഇതിനെ പ്രകീര്‍ത്തിക്കാറുണ്ട്.എത്രയോ ഗംഭീരമായ ആശയമാണതെന്ന്‍ ഈ ലേഖകനും തോന്നിയിട്ടുണ്ട് .അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് ടൌണ്‍ ഹാളില്‍ വെച്ച് ഒരിക്കല്‍ നടന്ന ഐക്യരാഷ്ട്രദിന സമ്മേളനത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ കുട്ടികള്‍ ഈ ലോകാ സമസ്താ എന്നതില്‍ അവസാനിക്കുന്ന ശ്ലോകമാണ് ചൊല്ലിയത് .അത് കേട്ടപ്പോഴാണ് അതിന്‍റെ പുറകിലുള്ള  ''മഹത്വം'' മനസ്സിലായത് .ആ ഐക്യരാഷ്ട്രദിനം നടന്നത് ഗവര്‍ണര്‍ ഭരണം നിലവിലിരുന്ന കാലത്തായിരുന്നു.അന്നത്തെ അഡ്വൈസര്‍ ഒരു ബ്രാഹ്മണനായിരുന്നു. പ്രാര്‍ത്ഥന ചൊല്ലിയ കുട്ടികളും ബ്രാഹ്മണരായിരുന്നു. എന്തിനാണ് അവരുടെ ജാതി സൂചിപ്പിക്കുന്നത് എന്ന് ചോദിച്ചേക്കാം .അതിന് പ്രസക്തിയുണ്ട് .ആ പ്രാര്‍ത്ഥന മുഴുവനായി ഇവിടെ ഉദ്ധരിക്കട്ടെ.

'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 
ന്യായേന മാര്‍ഗേണ മഹീം മഹീശാ 
ഗോബ്രാഹ്മനെഭ്യ:ശുഭമസ്തു നിത്യം 
ലോകാ സമസ്താഃ സുഖിനോ ഭവന്തു.'

ഇതിന്റെ സാരമെന്താനെന്നു അറിയേണ്ടേ?പ്രജകള്‍ക്ക് നല്ലത് ഭവിക്കട്ടെ .ക്ഷേമമുണ്ടാകട്ടെ, എന്നൊക്കെ സാധാരണയായി സ്വസ്തി എന്ന പദം ബ്രാഹ്മണര്‍ പൂജ നടത്തിയ ശേഷം അനുഗ്രഹ രൂപത്തില്‍ പറയുന്ന വാക്കാണ്‌ .പ്രജകള്‍ എന്നാല്‍ എന്താണ് ? ഒരു രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള പ്രജകള്‍ ,ജനങ്ങള്‍ ,മാനവലോകം എന്നീ അര്‍ത്ഥമുണ്ട് .ഇവിടുത്തെ അര്‍ത്ഥം രാജാവിന്റെ കീഴിലെ രാജാവിന്റെ ഭരണത്തിന് വിധേയമായിക്കഴിയുന്ന ജനങ്ങള്‍ എന്ന് തന്നെയാണ് .അപ്പോള്‍ രാജാവിന്റെ ഭരണത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള ഒരുദ്ദേശ്യം നാം കാണുന്നു. ആ ഉദ്ദേശ്യം തൊട്ടടുത്ത ചില വാക്കുകള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ''പരിപാലയന്താം '' ''ന്യായേന മാര്‍ഗേണ മഹീം മഹീശാ ''എന്നിവ. അതിന്‍റെ അര്‍ത്ഥം ന്യായമായ മാര്‍ഗ ത്തിലൂടെ ,രീതിയില്‍ രാജാവ് രാജ്യം പരിപാലിക്കട്ടെ എന്നാണ്.അതായത് രാജവാഴ്ച എന്ന സമ്പ്രദായം നിലനില്‍ക്കണം .രാജവാഴ്ചയോടു ബന്ധപ്പെട്ട ഫ്യൂഡല്‍ രീതികള്‍ ,ചൂഷണ വ്യവസ്ഥ ,ക്ഷത്രിയര്‍ വേണം രാജ്യം ഭരിക്കേണ്ട തെന്ന പരമ്പരാഗതമായ ഏര്‍പ്പാട് ,അങ്ങിനെ നില്‍ക്കണം .''ന്യായമായ മാര്‍ഗം''എന്താണെന്നുള്ളത് നാം ശ്രദ്ധിക്കേണ്ടതാകുന്നു.മനുസ്മൃതിയില്‍ ഏഴാം അദ്ധ്യായം 37ആം ശ്ലോകത്തില്‍ അത് പറയുന്നു:-

ബ്രാഹ്മനാന്‍ പയ്യുപാസീത 
പ്രാതരുഥായ പ്രാര്‍ഥ് ഈവ
ത്രൈ വിദ്യാ വൃദ്ധാന്‍ വിദുഷ 
സ്തിഷ്ടോത്തേഷാഞ്ച ശാസനേ.

ഇതിന്‍റെ അര്‍ത്ഥമിതാണ് :രാജാവ് എന്നും രാവിലെ ഉണര്‍ന്ന് മൂന്നു വേദങ്ങളും-ഋക് ,യജുസ് ,സാമം എന്നീ മൂന്നു വേദങ്ങളും നീതി ശാസ്ത്രങ്ങളും -പഠിച്ച ബ്രാഹ്മണരെ ഉപച്ചരിച്ച് അവര്‍ പറയുന്ന വിധം ഭരിക്കെണ്ടാതാകുന്നു.അതായത് ചാത്ര്‍വര്‍ണ്യ വ്യവസ്ഥക്ക് ഭംഗം വരാതെ ബ്രാഹ്മണരെ അത്യുന്നതമായ സ്ഥാനത്ത് നില നിര്‍ത്തണം .പിന്നെ ഒന്നുണ്ട് ,ഏതൊരു ബ്രാഹ്മണന്റെയും ശാസന അനുസരി ക്കണമെന്നു പറയുന്നില്ല .പക്ഷെ വേറെ ഏതെങ്കിലും വര്‍ണത്തിലോ പഞ്ചമ ന്മാരിലോ വേദജ്ഞാനവും വൈദൂഷ്യവും ഉള്ളവരു ണ്ടെങ്കില്‍ത്തന്നെ അവരെ ഉപചരിക്കണമെന്നോ അവരുടെ ആജ്ഞ അനുസരിക്കണമെന്നോ പറയുന്നില്ല എന്നത് ശ്രദ്ധിക്കണം .അവരില്‍ ഓരോ വിഭാഗത്തിനും വേറെ ജോലികളാ ണല്ലോ നിശ്ചയിച്ചിരിക്കുന്നത് .ഭഗവദ്ഗീതയിലെ പ്രസക്തമായ ശ്ലോകങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും .ഗീത 18ആം അദ്ധ്യായം 41മുതല്‍ 48വരെ ശ്ലോകങ്ങള്‍ .

ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ 
കര്‍മാണി പ്രവിഭക്താനി സ്വഭാവ പ്രഭവയ്ര്‍ഗുണയ് :

(ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും വൈശ്യരുടെയും കൂടാതെ ശൂദ്രരുടെയും കര്‍തവ്യങ്ങള്‍ ,അല്ലയോ അര്‍ജുനാ ,അവരുടെ പ്രകൃതിയില്‍ നിന്നുളവാകുന്ന ഗുണങ്ങള്‍ക്ക് അനുസൃതമായി വിഭജിച്ചിരിക്കുന്നു )

ശമോ ദമസ് തപ:ശൌചം ക്ഷാന്തിരാര്‍ജവമേവ ച 
ജ്ഞാം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ സ്വഭാവജം

(ശമം ,ദമം ,തപം ,ശൌചം ,ക്ഷാന്തി ,ആര്‍ജവം ,ജ്ഞാനം ,വിജ്ഞാനം ,ആസ്തിക്യം എന്നിവ അവരുടെ പ്രകൃതിയില്‍ നിന്നുളവാകുന്ന ഗുണ ങ്ങളാകുന്നു .അതായത് ശാന്തത ,ആത്മനിയന്ത്രണം ,തപസ് ,ശുദ്ധി ,ക്ഷമാശീലം സത്യസന്ധത ,അറിവ് ,വേദങ്ങളെക്കുറിച്ചുള്ള ജ്ഞാനം ,ഈശ്വരവിശ്വാസം എന്നിവയം ഉള്ളവരാണ് ബ്രാഹ്മണര്‍ എന്ന്‍ ). അതില്‍ പ്രധാനമായത് ഈശ്വര സാക്ഷാത്കാരമാണെന്നത് ശ്രദ്ധേയമാണ് .പിന്നെ വളരെ ലളിതമായ ജീവിതം ,അതിനുവേണ്ട വസ്തുവകകള്‍ മാത്രം

ക്ഷത്രിയന്റെ കാര്യത്തിലാണെങ്കില്‍ :-
ശൌര്യം തേജോം ധൃതിര്‍ദാക്ഷ്യം യുദ്ധേചാപ്യപാലായനം 
ദാനമീശ്വരഭാവശ്ച ക്ഷാത്രം കര്‍മസ്വഭാവജം 

(ശൌര്യം ,വീര്യം ,ദാര്‍ട്യം ,വൈഭവം അല്ലെങ്കില്‍ പ്രാഗത്ഭ്യം ,യുദ്ധത്തില്‍ നിന്ന് ഓടിക്കളയാതിരിക്കല്‍ ,ദാനശീലം ,ഈശ്വരഭാവം -ചില വ്യാഖ്യാനപ്രകാരം പ്രഭുത്വം -എന്നിവ ക്ഷത്രിയനായി ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരുവനില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഗുണങ്ങളാണ് .)

വൈശ്യന്റെയും ശൂദ്രന്റെയും കര്‍ത്തവ്യമാകട്ടെ :-
കൃഷി ഗൌരക്ഷ്യ വാണിജ്യം വൈശ്യ കര്‍മ സ്വഭാവജം 
പരിചര്യാത്മകം കര്‍മം ശൂദ്രസ്യാപി ച സ്വഭാവജം .
(കൃഷി ,പശുക്കളെ സംരക്ഷിക്കല്‍ ,കച്ചവടം എന്നിവ വൈശ്യന്റെയും പരിചര്യ - സേവനം എന്നത് ശൂദ്രന്റെയും ജനനം വഴി അവര്‍ ചെയ്യേണ്ട കാര്യങ്ങളാണത്രെ )

അതായത് ഒരു രാജാവ് ഈ തത്വങ്ങളെ ആദരിച്ചുകൊണ്ട്‌ ബ്രാഹ്മണനെ മാത്രമേ ആദരിക്കാവൂ .അവന്റെ ശാസന അനുസരിച്ച് മാത്രമേ ഭരിക്കാവൂ ;ന്യായമായ മാര്‍ഗം അതാണ്‌.

അതുകഴിഞ്ഞാല്‍ ആദ്യം ഉദ്ധരിച്ച ശ്ലോകത്തില്‍ പറയുന്നത് ''ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ''എന്നാണ് .എന്താണ് അതിന്‍റെ സാരം ?പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എന്നെന്നും ശുഭം ,എന്നാല്‍ കല്യാണം ,ക്ഷേമം ,മംഗളം ,നന്മ ,ഐശ്വര്യം മുതലായവ .പശു ഗോമാതാവാണ് .മാംസാഹാരം പാടില്ലാത്ത ബ്രാഹ്മണന്റെ ആഹാരം പാലും വെണ്ണയും നെയ്യും തൈരും മറ്റുമാണല്ലോ .അപ്പോള്‍ പിന്നെ ബ്രാഹ്മണനെ സംബന്ധിച്ചിടത്തോളം പശുവുണ്ടെങ്കിലെ അവനു നിലനില്‍പ്പുള്ളൂ .അതുകൊണ്ട് നിത്യമായ ശുഭം പശുവിനും ബ്രാഹ്മണനും ഉണ്ടായിരിക്കണം .ഇങ്ങനെ സമസ്ത ലോകത്തിനും ശുഭം ഭവിക്കട്ടെ എന്നതാണല്ലോ മുകളില്‍ ഉധൃതമായ ശ്ലോകത്തിന്റെ സാരം. അതായത് ആ ശ്ലോകം സൃഷ്ടിച്ച ആളുകള്‍ വിഭാവനം ചെയ്തത് അതായിരുന്നു.

അതില്‍ പറയുന്ന ''ശുഭമസ്തു ''വിന്‍റെ അപ്പുറമൊരു ആദര്‍ശം അക്കാലത്ത് സങ്കല്‍പ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല..ഒരാള്‍ രാജാവാകുന്നത് രാജാവിന്റെ മകനായി ,അതും ക്ഷത്രിയ ജാതിയില്‍ ജനിച്ചാല്‍ മാത്രമാണ് .പിന്നെ ആ രാജാവിന് പ്രജകളുണ്ടായിരിക്കണം .ആ രീതിയും ഇന്ന് നമുക്ക് സ്വീകാര്യമല്ല തന്നെ.ആ രാജാവാകട്ടെ ബ്രാഹ്മണോപദേശം കേട്ടിട്ട് വേണമല്ലോ ഭരണം നടത്താന്‍ .അങ്ങനെ ഉപദേശം കേട്ടുപോന്നതിന്റെ ഫലങ്ങളില്‍ ഒന്നാകാം ഇന്ത്യയെ ഇന്നാകെക്കൂടെ ഇളക്കി മറിച്ചുപോരുന്ന സംവരണത്തിന്റെ പ്രശ്നം വന്നത് .അതായത് വേദവും നീതിശാസ്ത്രവും പഠിച്ച ബ്രാഹ്മണന്‍ ,രാജാവിനെ ,രാജാവിന്റെ കീഴില്‍ ഉദ്യോഗ നിയമനങ്ങളില്‍ സ്വന്തം ജാതിക്കാരെ പ്രത്യേകം പരിഗണിച്ചു പോരുന്നതിന്റെ ഫലമായാണ് മറ്റ് എല്ലാ വര്‍ണങ്ങളിലും പെടുന്നവര്‍ വളരെക്കാലം പിന്തള്ളപ്പെട്ടു കിടക്കുന്നത് .പിന്നെ ഇക്കാലത്താ ണെങ്കില്‍ ബ്രാഹ്മണരല്ലാത്ത ദിജന്മാരും -ക്ഷത്രിയരും വൈശ്യരും ശൂദ്രരുമുണ്ട് .പിന്നെ അവര്‍ണരുണ്ട് .ഹിന്ദുക്കളല്ലാത്തവരുണ്ട്‌ .അവര്‍ക്കൊക്കെ യുമുണ്ട ല്ലോ മനുഷ്യരെന്ന നിലയില്‍ ചില അവകാശങ്ങള്‍ .വര്‍ണവ്യവസ്ഥ അഭംഗുര മായിതന്നെ നില നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട്‌ സമസ്ത ലോകത്തിനും സുഖം ഭവിപ്പിക്കുക എന്നത് കേവലം അസാധ്യമായ കാര്യമാണ് .പിന്നെ ഗോവിന് മാത്രമല്ല ,എല്ലാ ജീവജാലങ്ങള്‍ക്കും സുഖമുണ്ടായെ പറ്റൂ.ചിലര്‍ക്ക് ജനന ത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകാവകാശവും പദവിയും സ്ഥാനമാന ങ്ങളും സൌകര്യങ്ങളും ഉദാരമായി നല്‍കുകയും മറ്റു ചിലരെ ആ രംഗങ്ങളില്‍ നിന്ന് പൂര്‍ണമായി നീകി നിര്‍ത്തുകയും ചെയ്യുന്നത് ആധുനികമായ സാന്മാര്‍ഗിക മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാകുന്നു .കൂടാതെ ഇന്ത്യ ഇന്ന് ജനാധിപത്യവും മത നിരപേക്ഷതയും മറ്റും സ്വീകരിച്ച രാഷ്ട്രമാണ് .ജനാധിപത്യമെവിടെ രാജവാഴ്ച്ചയെവിടെ ?ജാതി വ്യത്യാസമോ വര്‍ണ വ്യത്യാസമോ മത വ്യത്യാസമോ എവിടെ ?ഏതെങ്കിലും തരത്തിലുള്ള അസമത്വം അംഗീകരിക്കാനാകുമോ ?അനീതിയെ നിലനിര്‍ത്താനാകുമോ ?ഈ യാഥാര്‍ത്യത്തെ അംഗീകരിച്ചു കഴിഞ്ഞാല്‍ എന്ത് ''ലോകാ സമസ്താഃ സുഖിനോ ഭവന്തു ?''
ഉദാത്തമായ മാനവ മൂല്യങ്ങളെ അംഗീകരിക്കുന്ന ,യുക്തിയില്‍ അടിഷ്ടിതമായ സാന്മാര്‍ഗിക തത്വങ്ങളെ ഉള്‍ക്കൊള്ളുന്ന ,സാമൂഹ്യവും സാമ്പത്തികവും ,രാഷ്ട്രീയവുമായ നീതി സംപ്രാപ്തമാക്കുന്ന ,യാതൊന്നിന്റെയും അടിസ്ഥാനത്തിലുള്ള ചൂഷണം അനുവദിക്കാത്ത ,വ്യക്തികളെ വേര്‍തിരിച്ചു നിര്‍ത്താത്ത ,മതത്തിന്റെയും അതിന്‍റെ പിരിവുകളുടെയും ജാതികളുടെയും അതിന്‍റെ ശാഖകളുടെയും പേരില്‍ ഭിത്തികളും കൊട്ടകളുമില്ലാത്ത ,നിര്‍മ്മലമായ മാനുഷികതയെ അടിസ്ഥാന ശിലയായി സ്വീകരിക്കുന്ന ഒരു വ്യവസ്ഥ മാത്രമേ നമുക്ക് അംഗീകരിക്കാനാകൂ.അതായത് രാജാവും പ്രജയുമില്ലാത്ത ,ബ്രാഹ്മണനും അബ്രാഹ്മണനുമില്ലാത്ത ,ഹിന്ദുവും അഹിന്ദുവുമില്ലാത്ത ,ജനങ്ങളെ മനുഷ്യരെന്ന നിലയില്‍ മാത്രം കരുതുന്നതും ആ നിലയില്‍ സുഖം പ്രദാനം ചെയ്യുന്നതുമായ ലോക വ്യവസ്ഥിതിയാണ് നമുക്ക് വേണ്ടിയിരിക്കുന്നത് .

പക്ഷെ എത്രയോ ദൂരെയാണ് ഈ ലക്‌ഷ്യം ?എന്നാലും ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ബോധാമുണ്ടായെ പറ്റൂ .ഇന്ന് നാം ഈ ലക്ഷ്യത്തില്‍ നിന്ന് പലപ്പോഴും പിന്നോക്കം പോവുകയാണ് താനും ഈ ലക്ഷ്യത്തിലെത്താന്‍ അനുവദിക്കാത്ത വന്‍ ശക്തികളെ അനന്യമായിക്കണ്ട് അവയെ നാമാവശേഷ മാക്കേണ്ട കര്‍ത്തവ്യത്തിന് ആധുനിക രീതിയില്‍ കലവറ കൂടാതെ ''ലോകാ സമസ്താഃ സുഖിനോ ഭവന്തു ''എന്നതിനെ വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കു ന്നവര്‍ തയ്യാറാവുകയും വേണം .

---------------------------

(ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്സ് 1987മേയ് മാസം പ്രസിദ്ധീകരിച്ച എം.പ്രഭയുടെ ''മത സൌഹാര്‍ദമോ വര്‍ഗീയ സൌഹാര്‍ദമോ''എന്ന കൃതിയില്‍ നിന്നുമാണ് ഈ ലേഖനം പകര്‍ത്തുന്നത് .അഡ്വ.എം.പ്രഭയുടെയും പുസ്തകത്തിന്‍റെ പുറം ചട്ടയുടെതുമൊഴിച്ചുള്ള എല്ലാ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും എടുത്തി ട്ടുള്ളതാണ് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ