എഴുപത്തഞ്ച്-എഴുപത്തിയാറ് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയില്‍ നിന്ന് കാണാവുന്ന രീതിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രമാണ് ഹാലീസ്. 8.3.86-ല്‍ ഇത് പ്രത്യക്ഷപ്പെടുമ്പോള്‍ പല അഭ്യൂഹങ്ങള്‍ക്കും കാരണമായി. എന്തോ വിപത്ത് വരാന്‍ പോകുന്നുവെന്നായിരുന്നു അതില്‍ പ്രധാനം. ആ വിപത്തിനെ ഭയന്നിട്ട് ആരാധിക്കാന്‍ തുടങ്ങാത്തത് നമ്മുടെ ഭാഗ്യം. എന്നാല്‍ ശാസ്ത്രജ്ഞന്മാര് മറ്റൊരു ദൗത്യത്തിനാണ് തയ്യാറെടുത്തത്. ''ഈ വാല്നക്ഷത്രത്തിലേയ്ക്ക് ഒരു പേടകത്തെ അയച്ച് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാലെന്താ?'' പ്രപഞ്ചോല്പത്തിയെപ്പറ്റിയും സൗരയൂഥത്തിന്റെ പിറവിയെപ്പറ്റിയുമൊക്കെ വിലപ്പെട്ട രഹസ്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതിനു സാധിക്കും. കാരണം വാല്നക്ഷത്രമെന്നത് പ്രപഞ്ച ഉച്ഛിഷ്ടമാണ്. Cosmic leftover അല്ലെങ്കില്‍ Cosmic Fossil എന്നാണ് ആധുനിക കണ്ടെത്തല്‍. പ്രപഞ്ചത്തിലെ ഏറ്റവും പ്രാകൃത വസ്തുക്കളാണ് അതിലടങ്ങിയിട്ടുള്ളതെന്നും അവയെ പരീക്ഷണവിധേയമാക്കിയാല് ഉല്പത്തി രഹസ്യങ്ങളുടെ ചുരുളഴിയാന്‍ വഴിതെളിയുമെന്നും ശാസ്ത്രജ്ഞന്മാര് സ്വപ്നം കണ്ടു. അങ്ങനെ ഏറ്റവും അടുത്തെത്താവുന്ന ഒരു വാല്‍നക്ഷത്രത്തെ കണ്ടെത്തി. 1969-ല്‍ ചുര്യാമോവ്, ഗരാസിമെങ്കോ എന്നീ വാനശാസ്ത്രജ്ഞന്മാര് 67-P എന്ന വാല്‍നക്ഷത്രത്തെ തന്നെ കണ്ടെത്തി. നാല് കിലോമീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞ് നിറഞ്ഞ ഉള്‍ഭാഗം, പന്ത്രണ്ട് മണിക്കൂറില്‍ സ്വയം ഭ്രമണം ചെയ്യുന്നു, സൗരയൂഥം ആവിര്ഭവിച്ചപ്പോള് രണ്ട് വാല്നക്ഷത്രങ്ങള് ഉരുകിച്ചേര്ന്നുണ്ടായത്, 400 കോടി വര്‍ഷത്തെ പ്രായം, 1000 കോടി ടണ്‍ ഭാരം, മണിക്കൂറില്‍ 65,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചാരം, ഭൂമിയില്‍ നിന്നും 51 കോടി കിലോമീറ്റര്‍ അകലം - ഇതൊക്കെ 67-P വാല്‍നക്ഷത്രത്തിന്റെ സവിശേഷതകള്‍.
യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ESA) റോസറ്റ എന്ന പേടകത്തെ, വാല്‍നക്ഷത്രത്തെ ലാക്കാക്കി പത്തു വര്‍ഷം മുമ്പ് പായിച്ചു. അങ്ങനെ റോസറ്റയില്‍ ഘടിപ്പിച്ച ഫിലെ എന്ന ചെറു പരീക്ഷണയന്ത്രം 12.11.14-ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ന് പതുക്കെ താഴ്ന്നിറങ്ങി. ബഹിരാകാശ പര്യവേക്ഷണത്തില്‍ വിപ്ലവകരമായ ചരിത്രം കുറിച്ചു കൊണ്ട് ലോകത്താദ്യമായി ഒരു മനുഷ്യനിര്‍മ്മിത പേടകം വാല്‍നക്ഷത്രത്തില്‍ ചെന്നിറങ്ങി.
ഈ ചെറുപരീക്ഷണശാലയിലെ സംവിധാനങ്ങള്‍ ഇവയൊക്കെയാണ്-വാതകമിശ്രിതങ്ങള് തിരിച്ചറിയാന്‍ കൊസാക്ക്, വാല്‍നക്ഷത്രങ്ങളിലെ ഐസോടോപ്പുകള്‍ കണ്ടെത്താന്‍ ടോളമി, ഊഷ്മാവ് അടക്കമുള്ളവ നിര്‍ണയിക്കാന്‍ മ്യൂപ്സ്, സാംബിളെടുക്കാന് എസ്.ടി-2, വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ് പഠിക്കാന്‍ കണ്‍സേര്‍ട്ട്, ഉപരിതലചിത്രീകരണത്തിന് റോളിസ് ക്യാമറ, കാന്തികമണ്ഡലവും സൗരവാതകങ്ങളും നിരീക്ഷിക്കാന്‍ റോമാപ്പ്, ബാഹ്യാന്തരീക്ഷം പരിശോധിക്കാന്‍ സീസെയിം.
ഫിലെ എന്ന കുട്ടിപ്പരീക്ഷണശാലയില് നിന്നും സന്ദേശം റോസറ്റയിലെത്തി, അത് ഭൂമിയിലെത്താന്‍ ഏതാണ്ട് അരമണിക്കൂറെടുക്കും. ഫിലെയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ക്യാമറകളുപയോഗിച്ച് പേടകത്തിന്റെ ചുറ്റുപാടുകള്‍ പകര്‍ത്താന്‍ കഴിയും. വാല്നക്ഷത്രത്തിന്റ തറയില്‍ ഇരുപത്തിമൂന്ന് സെന്റീമീറ്റര്‍ തുളച്ച് മണ്ണെടുത്ത് ചൂടാക്കി വിശദമായ പരീക്ഷണങ്ങള്‍ നടത്തുന്നു. പ്രപഞ്ചനിര്‍മ്മിതിയിലെ വസ്തുക്കളുടെ ഉച്ഛിഷ്ടങ്ങളാണ് Comets, Asteriods, Meteors എന്നിവ. എന്നാല്‍ ഇവയിലേറ്റവും പ്രാകൃതമായ വസ്തു Comet (വാല്‍നക്ഷത്രം) ആണ്. ഭൂമിയിലെ വെള്ളം സൗരയൂഥത്തിനു പുറത്തുനിന്നും വന്നതാണ് എന്നതിനുള്ള കാരണം വെള്ളത്തിന്റെ ആയുസ്സ് സൗരയൂഥത്തിന്റെ ആയുസ്സായ 460 കോടി വര്ഷങ്ങള്ക്കുപരിയാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. അത് വാല്‍നക്ഷത്രത്തില്‍ നിന്നും വന്നതാകാമെന്ന താത്കാലിക നിഗമനത്തില്‍ ശാസ്ത്രജ്ഞന്മാര് എത്തുകയുണ്ടായി. എന്നാല്‍ വാല്‍നക്ഷത്രത്തിലെ വെള്ളവും ഭൂമിയിലെ വെള്ളവും തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നും, അതുകൊണ്ട് ഭൂമിയിലെ വെള്ളം വാല്‍നക്ഷത്രത്തില്‍ നിന്നുമല്ല, മറിച്ച് Asteriod കളില്‍ നിന്നുമാണ് എന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. കല്‍ക്കരിയെക്കാളും കറുത്ത പ്രതലമാണ് വാല്നക്ഷത്രത്തിന്റേതെന്നും, ഓക്സിജന്റെയും ഹൈഡ്രജന്റെയും സാന്നിദ്ധ്യമുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു.
ഫിലെ ദൗത്യം 2015 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കും. ഇനി വരാനിരിക്കുന്ന ഒരു വര്‍ഷം പ്രപഞ്ചോല്പത്തിയെപ്പറ്റിയുള്ള നിഗൂഢതകളുടെ പല ചുരുളുകളും അഴിയപ്പെടുമെന്നും, പല അത്ഭുതങ്ങള്‍ക്കും ലോകം സാക്ഷിയാകുമെന്നും, പ്രപഞ്ചോല്പത്തിയെപ്പറ്റിയുള്ള മത വിശ്വാസങ്ങള്‍ തലകീഴ് മറിയുമെന്നും ഉറപ്പാണ്. ഭൂമി ഉരുണ്ടതാണെന്ന് മാര്‍പ്പാപ്പ മാറ്റിപ്പറഞ്ഞതുപോലെ മറ്റു മതനേതാക്കള്‍ക്കും പലതും മാറ്റിപ്പറയേണ്ടി വരും.
(2015 ജനുവരി, യുക്തിരേഖ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ