"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

ഗോവധ നിരോധനം; വര്‍ദ്ധിച്ചുവരുന്ന വൈകൃതങ്ങള്‍ - ഐ ശാന്തകുമാര്‍


ഇന്ത്യ നേരിടുന്ന അതിപ്രധാന പ്രശ്‌നങ്ങളെന്തൊക്കെയാണെന്ന് ഗുജറാത്തിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നു. 9-ാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ 'ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും' എന്ന പാഠത്തില്‍ ഇങ്ങനെ പറയുന്നു: 'ന്യൂനപക്ഷസമുദായങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നക്കാര്‍. അതു കഴിഞ്ഞാല്‍ പട്ടികജാതി പട്ടികവര്‍ഗക്കാരും; പിന്നീട് കള്ളക്കടത്ത്, അഴിമതി, കൈക്കൂലി എന്നിവയുമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്‌സികളും വിദേശികളാണ്.' ഇന്ത്യയെ ഹൈന്ദവ വത്കരിക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഇത്തരം ദേശീയ വിരുദ്ധ ചിന്തകള്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ല. മധ്യപ്രദേശ് ഗവണ്‍മെന്റ് പശുവിറച്ചി കഴിക്കുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ട് ഒരു പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്ന ഇത്തരം നിയമങ്ങള്‍ക്ക് പുതിയ ഭേദഗതികള്‍ വന്നതോടെ, ഇത്തരം നിയമങ്ങളുടെ ദുരുപയോഗവും വര്‍ധിക്കുന്നു. ഭീകരവിരുദ്ധ നിയമത്തോട് സാമ്യമുള്ളതാണിത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പുകള്‍ക്കുപരിയായി, കുറ്റംചെയ്തു എന്നാരോപിക്കപ്പെട്ട വ്യക്തിതന്നെ കുറ്റം ചെയ്തില്ല എന്നു തെളിയിക്കണം. മൂന്നു വര്‍ഷത്തെ തടവില്‍ നിന്നും അത് ഏഴു വര്‍ഷത്തെ തടവായി ഉയര്‍ത്തിയിരിക്കുന്നു. ഏതു വീടും എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ റെയ്ഡ് നടത്താം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 'Cow Science and Technology Institute' ഋഷികേശില്‍ സ്ഥാപിക്കാന്‍ പോകുന്നു! ഇരുപത് കോടി രൂപയാണ് അടങ്കല്‍തുക. അതില്‍ മൂന്നു കോടി രൂപ അനുവദിച്ചും കഴിഞ്ഞു. ജാര്‍ഖണ്ഡിലെ ബാബാ രാംദേവിന് പ്രതിമാസം നാല്‍പ്പത് ലിറ്റര്‍ പശുമൂത്രം ലിറ്ററിന് ഇരുപത് രൂപവച്ച് നല്‍കുന്നു. പശുമൂത്രത്തെപ്പറ്റി ഗവേഷണം നടത്തുന്നതിനെപ്പറ്റി സംസ്ഥാനം ആലോചിച്ചുവരുന്നു. റിസര്‍ച്ച് ലബോറട്ടറികള്‍ക്ക് ഗവേഷണാവശ്യത്തിനുള്ള പശുമൂത്രം സര്‍ക്കാര്‍ നല്‍കിവരുന്നു. അതിന്റെ ഭാഗമായാണ് ബാബാ രാംദേവിനും പശുമൂത്രം നല്‍കുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന മാംസം പശുവിറച്ചിയാണ്. ആറ് ലക്ഷം ടണ്‍ ആട്ടിറച്ചിയും പതിനാല് ലക്ഷം ടണ്‍ പന്നിയിറച്ചിയും പ്രതിവര്‍ഷം ഇന്ത്യക്കാര്‍ ഭക്ഷിക്കുന്നു. എന്നാല്‍ പശുവിറച്ചിയാകട്ടെ, പ്രതിവര്‍ഷം ഇരുപത്തിയാറ് ലക്ഷം ടണ്ണാണ്. പന്ത്രണ്ട് ലക്ഷം ടണ്‍ പശുവിറച്ചി ഇന്ത്യ കയറ്റുമതി ചെയ്യുന്നു. പശുവിറച്ചി കയറ്റുമതിയില്‍ ലോകത്തിലെ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഒപ്പം മറ്റൊരു വൈരുദ്ധ്യം കൂടെ കാണേണ്ടതാണ് -ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് അറവുശാലകള്‍ (പോത്തും ആടും) നടത്തുന്നത് ജൈനന്മാരും ഹിന്ദു ബനിയാമാരുമാണ്.

പശുവിറച്ചിയെന്നത് ഇന്ത്യയിലെ ആഹാരസാധനങ്ങളിലെ ഒരു അവിഭാജ്യഘടകമാണ്. ഇന്ത്യക്കാര്‍ പശുവിറച്ചി ഭക്ഷിക്കാന്‍ തുടങ്ങിയത് മുസ്ലിം ആഗമനത്തിനു ശേഷമാണെന്നൊരു ധാരണ പരക്കെ പറഞ്ഞുപരത്തുന്നുണ്ട്. എന്നാല്‍ പശുവിറച്ചി ഭക്ഷണം ഒരവിഭാജ്യഘടകമായിരുന്നു എന്നതാണ് സത്യം. ബ്രാഹ്മണ, ബുദ്ധിസ്റ്റ്, ജൈനമത ഗ്രന്ഥങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ പശുവിറച്ചി കഴിച്ചിരുന്നതിന് തെളിവുകളുണ്ട്. വേദകാലഘട്ടത്തില്‍ മൃഗബലി സര്‍വസാധാരണമായിരുന്നു. ഏതു പൊതു-ബലികര്‍മ്മത്തിനും മുന്നോടിയായി ഒരു പശുവിനെ കൊന്നിരുന്നു. അശ്വമേധം എന്ന പ്രധാന ബലികര്‍മ്മത്തിന് അറുനൂറ് മൃഗങ്ങളെയും പക്ഷികളെയും കൊന്നിരുന്നു. അതിന്റെ അവസാനം ഇരുപത്തിയൊന്ന് പശുക്കളെ കൊന്നിരുന്നു. അതിഥികളോടുള്ള ബഹുമാനാര്‍ത്ഥം, അവരെ സ്വീകരിക്കുന്നതിനു മുന്നോടിയായി വേദകാലഘട്ടത്തിലും അതിനു മുന്‍പും പശുക്കളെ കൊന്നിരുന്നു. ശവസംസ്‌കാര ആചാരങ്ങളുടെ അവസാനം ബ്രാഹ്മണര്‍ക്ക് പശുവിറച്ചി നല്‍കുമായിരുന്നു. വേദകാലഘട്ടത്തിനു ശേഷവും മനുസ്മൃതിയുടെ കാലഘട്ടത്തിലും (200 ബിസി -എഡി 200) ബ്രാഹ്മണര്‍ പട്ടിണിമാറ്റാന്‍ കാളയിറച്ചിയും പട്ടിയിറച്ചിയും ഭക്ഷിച്ചിരുന്നതായി ധര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നു. വിജ്ഞന്മാരായ ബ്രാഹ്മണരെ മൂരിക്കാളകളെയും ആടിനെയും കൊണ്ടാണ് സ്വീകരിച്ചിരുന്നതെന്ന് യാജ്ഞവല്‍ക്യ സ്മൃതിയില്‍ (എഡി 100-300) പറയുന്നു. മഹാഭാരത കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ മാംസഭുക്കുകളായിരുന്നു. രന്തിദേവരാജാവ് അദ്ദേഹത്തിന്റെ അടുക്കളയില്‍ ദിവസവും രണ്ടായിരം പശുക്കളെ കൊന്നിരുന്നു. ബ്രാഹ്മണര്‍ക്ക് ധാന്യ ആഹാരത്തോടൊപ്പം നിത്യവും പശുവിറച്ചിയും വിളമ്പിയിരുന്നു. ഭരദ്വജ സന്ന്യാസി ശ്രീരാമനെ സ്വീകരിച്ചത് പശുക്കുട്ടിയെ കൊന്നുകൊണ്ടാണ്. ഇന്ത്യന്‍ വൈദ്യശാസ്ത്ര പ്രകാരം പശുവിറച്ചി ചികിത്സയ്ക്കുള്ള ഒരു ഔഷധമാണ്. കാളിദാസന്‍, ഭവഭൂതി, രാജശേഖരന്‍, ശ്രീഹര്‍ഷന്‍ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളില്‍ പശുവിറച്ചി ഭക്ഷിക്കുന്നതിനെപ്പറ്റി സൂചനയുണ്ട്.

കേരളത്തില്‍ ഈയിടെ നമ്മുടെ മുഖ്യമന്ത്രി ശ്രീമാന്‍ ഉമ്മന്‍ചാണ്ടി ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. ഗര്‍ഭിണികളായ പശുക്കളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന്. അങ്ങനെയാണെങ്കില്‍ ഗര്‍ഭിണിയായ എരുമയെയും ഗര്‍ഭിണിയായ ആടിനെയും കൊല്ലുന്നത് നിരോധിക്കുമോ എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ഉത്തരേന്ത്യയിലെ ഗോവധ നിരോധനത്തിന്റെ കാറ്റ് തെക്കോട്ട് വീശുന്നു എന്നുള്ളതിന്റെ തെളിവാണ് നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാല്‍ എരുമയുടേതാണ്. പശുവിനെ മാതാവാക്കുന്നവര്‍ എരുമയെ മാതാവാക്കുന്നില്ല. പശുവിനെ മാതാവാക്കുന്നവര്‍ കാളയെ പിതാവാക്കുന്നില്ല. എന്തൊരു വൈരുദ്ധ്യം!

(2012 ജൂലൈ, യുക്തിരേഖ)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ