"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

മാസ്മരിക ഇന്ത്യ - ഐ ശാന്തകുമാര്‍വിദേശികള്‍ക്ക് ഇന്ത്യ ഒരത്ഭുത കാഴ്ചയാണ്. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ അമേരിക്കന്‍ സാഹിത്യകാരനായ ലാറികോളിന്‍സും ഫ്രഞ്ചു സാഹിത്യകാരനായ ഡൊമിനിക് ലാപ്പിയറും ഇന്ത്യയെ കണ്ടതും അങ്ങനെ തന്നെ. ആസ്‌ട്രേലിയന്‍ ചരിത്രകാരനായ എ.എല്‍. ബാഷം ഇന്ത്യാചരിത്രത്തെപ്പറ്റി എഴുതിയ പുസ്തകം 'The Wonder that was India' എന്നാണ്. നിഗൂഢതകളാലും (Enigmatic) ഭ്രമാത്മകതയാലും (Fantacy) സംപുഷ്ടമാണ് ഇന്ത്യ. കാരണം ആത്മീയ വൈകൃതങ്ങളുടെ ഉച്ചസ്ഥായിയായി നില്‍ക്കുന്ന ഇന്ത്യക്ക് അങ്ങനെയാവാനേ സാധിക്കയുള്ളു. യുക്തിചിന്തയ്‌ക്കോ ശാസ് ത്രീയ സമീപനങ്ങള്‍ക്കോ യാതൊരു വിലയുമില്ല. കപടആള്‍ദൈവങ്ങളാലും ആത്മീയ ആചാര്യന്മാരാലും മാന്ത്രിക വിദ്യകളാലും ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും വിഭ്രാന്തിജനകവും നിഗൂഢാത്മകവുമായ (hallucination and enigmatic) സാമൂഹ്യാവസ്ഥയിലാണ്. ഭരണഘടന ശാസ്ത്രീയ അവബോധത്തിന് നിയമപരിരക്ഷ നല്‍കുന്നുണ്ടെങ്കിലും അതു ഭരണകര്‍ത്താക്കളുടെ പരിഗണനയിലേ ഇല്ല. അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളെല്ലാം അന്ധവിശ്വാസത്താലും മതാന്ധതയാലും ശാസ്ത്രീയ ശുദ്ധവായു ലഭ്യമാകാതെ കെട്ടി അടയ്ക്കപ്പെട്ടിരിക്കയാണ്. കാര്യപ്രാപ്തിക്കുവേണ്ടി മാതാപിതാക്കള്‍ പോലും സ്വന്തം കുഞ്ഞുങ്ങളെ ബലി കൊടുക്കുന്നു. നിധി ലഭിക്കുന്നതിനുവേണ്ടി മന്ത്രവാദങ്ങളും ഹോമങ്ങളും പൂജകളും നടത്തി കാത്തിരിക്കുന്ന ജനം.

കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഭക്ഷണവും കുടിവെള്ളവും പാര്‍പ്പിടവും ഉടുവസ്ത്രവുമില്ലാതെ നരകിക്കുമ്പോള്‍ നാം 20 കോടി രൂപ ചെലവാക്കി പശുവിന്റെ ശാസ്ത്ര സാങ്കേതിക വിദ്യകളെപ്പറ്റി ഗവേഷണം നടത്തുന്നതിന് സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നു. പശുവിന്‍ മൂത്രത്തിന് ലിറ്ററിന് 20 രൂപ. പാലിനെക്കാളും വില മൂത്രത്തിന്! പശുവിനെ കൊന്നു തിന്നുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്. കുറ്റാരോപിതനെതിരെ കേസ്സെടുത്താല്‍ അതു തെളിയിക്കേണ്ട ചുമതലയും അവനുതന്നെ; വാദിക്കല്ല. ഇന്ത്യയില്‍ പ്രതിവര്‍ഷം 26 ലക്ഷം ടണ്‍ പശുവിറച്ചി ജനങ്ങള്‍ ഭക്ഷിക്കുന്നു. 128 ലക്ഷം ടണ്‍ പശുവിറച്ചി കയറ്റുമതി ചെയ്യുന്നു. എന്തൊരു വൈരുദ്ധ്യം, എന്തൊരു നിഗൂഢത. യു.പി.യിലെ ഉന്നാവയിലെ ഭൗതികാലാ എന്ന ഗ്രാമത്തില്‍ 2013 ഒക്‌ടോബര്‍ 18 ന് മറ്റൊരു നിഗൂഢത അരങ്ങേറി. ഷോഹന്‍ സര്‍ക്കാര്‍ എന്ന സന്ന്യാസി ഒരു സ്വപ്നം കണ്ടു. അന്തരിച്ച റാവുറാം ബക്‌സ് സിംഗ് എന്ന രാജാവിന്റെ ആത്മാവ് അദ്ദേഹത്തോട് പറഞ്ഞു, ആ ഗ്രാമത്തിലെ കോട്ടയിലും ക്ഷേത്ര പരിസരത്തും ആയി ആയിരം ടണ്‍ സ്വര്‍ണ്ണം അദ്ദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന്. റാവുറാം ബക്‌സ് സിംഗ്എന്ന രാജാവ് 1857 ല്‍ ബ്രിട്ടീഷുകാരോട് പടവെട്ടി രക്തസാക്ഷിയായി. ഈ സ്വപ്നം ഡല്‍ഹിയില്‍ ആവേശത്തിരയിളക്കി. സന്ന്യാസി, ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തുടങ്ങിയവര്‍ക്കെല്ലാം കത്തും നല്‍കി. മറ്റൊരു യൂണിയന്‍ മന്ത്രിയായ മഹന്തിന് നിര്‍ദ്ദേശം നല്‍കി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളെക്കൊണ്ട് അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയെന്നും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാണെന്നും സ്ഥിരീകരിച്ചു. അങ്ങനെ ഒക്‌ടോബര്‍ 18 മുതല്‍ കാടിളക്കിയ ഖനനങ്ങള്‍ നടന്നു തുടങ്ങി. രാജാവിന്റെ അവകാശികള്‍ തങ്ങളാണെന്ന് വാദം ഉന്നയിച്ചുകൊണ്ട് പലരും രംഗത്തെത്തി. എന്നാല്‍ ഇങ്ങനെ ഒരു നിധി ഉണ്ടെങ്കില്‍ത്തന്നെ 1958ലെ Ancient Monuments and Archeological Signs and Remains Act പ്രകാരം ഇത് സര്‍ക്കാര്‍ സ്വത്താണ് എന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആര്‍ക്കിയോളജിക്കല്‍ അധികാരികള്‍ പ്രഖ്യാപിച്ചു. അങ്ങനെ ഖനനം നീണ്ടു. ആദ്യമാദ്യം ഉടഞ്ഞ മണ്‍പാത്രങ്ങളും പുരാവസ്തുക്കളും കണ്ടുതുടങ്ങി. സ്വര്‍ണ്ണത്തിന്റെ ഒരു തരിപോലും കിട്ടിയില്ല. ഖനനം നീണ്ടു നീണ്ടു പോയപ്പോള്‍ പിന്നെ പുറത്തു വന്നത് ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം. അങ്ങനെ ഒരു കാര്യം, സ്വപ്നം കണ്ട സന്ന്യാസി വഴി ഉറപ്പിക്കപ്പെട്ടു. അവിടെ ബുദ്ധവിഹാര്‍ ഉണ്ടായിരുന്നുവെന്നും അതു നശിപ്പിച്ചിട്ടാണ് ക്ഷേത്രങ്ങളും കോട്ടകളും പണിഞ്ഞത് എന്നുമുള്ള സത്യം പുറത്തായി. ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. രാജാവിന്റെ അവകാശികള്‍ നിധിയെ തേടി വന്നപ്പോള്‍ ആ ഗ്രാമത്തിലെ ഗ്രാമത്തലവന്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളടങ്ങിയ പട്ടിക നിരത്തി ഒരവകാശ പത്രിക സമര്‍പ്പിച്ചു. അതിങ്ങനെ: ഈ നിധി കിട്ടുകയാണെങ്കില്‍ അതുകൊണ്ട് അവിടെയൊരു റയില്‍വേ സ്റ്റേഷന്‍, ഒരു മെഡിക്കല്‍ കോളേജ്, ഒരു വനിതകോളേജ്, കാര്‍ഷിക ഗവേഷണ സ്ഥാപനം, സൗരോര്‍ജ്ജപ്ലാന്റ് എന്നിവ സ്ഥാപിക്കണമെന്നും ആ ഗ്രാമത്തിലെ ഓരോ കുടുംബത്തിലും ഒരാള്‍ക്ക് വീതം നിര്‍ബന്ധമായും തൊഴില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന് തര്‍ക്കങ്ങള്‍ നടക്കുമ്പോഴാണ് മഹത്തായ ഒരു അവകാശ പത്രിക, വിദ്യാഭ്യാസവും വിവരവും ഇല്ല എന്ന് നാം കളിയാക്കുന്ന ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തലവനിലുദിച്ചത്.

അന്ധവിശ്വാസവും മതാന്ധതയും കൊടികുത്തിവാഴുന്ന നമ്മുടെ രാജ്യത്ത് ഇത്തരം നിഗൂഢതകള്‍ നമ്മെ നയിച്ചുകൊണ്ടേയിരിക്കും.

(2013 നവംബര്‍, യുക്തിരേഖ)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ