"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

മതനിരപേക്ഷത അമേരിക്കയില്‍ - ഐ ശാന്തകുമാര്‍

Madalyn Murray



മതം, വിശ്വാസം, അവിശ്വാസം എന്നിവ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. മതത്തിന്റെ ഉല്‍പത്തി എങ്ങനെയെന്നോ, വിശ്വാസത്തിന്റെ ആവിര്‍ഭാവം എന്തായിരുന്നു എന്നോ, അവിശ്വാസം ഇവ രണ്ടിനേയും കീഴടക്കിയിരുന്നോ എന്നൊക്കെയുള്ള അന്വേഷണത്തിന് മനുഷ്യരാശിയോളം ആയുസ്സുണ്ട്. മനുഷ്യവിഭവവും പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്തുകൊണ്ട് മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും കെട്ടിയുയര്‍ത്തപ്പെട്ടു. ഭരണാധികാരികള്‍ അതിന്റെ അമരക്കാരായി. അങ്ങനെ മതം മനുഷ്യന്റെ ആത്മീയാധികാരത്തിനുപരി ഭൗതികാധികാരമായി പരിണമിച്ചു. 700 കോടി ലോകജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികള്‍ തന്നെ. അതില്‍ 33 ശതമാനം ക്രിസ്ത്യാനികളും 23 ശതമാനം ഇസ്ലാം മതക്കാരും 14 ശതമാനം ഹിന്ദുക്കളും പ്രധാനമായും ഉണ്ട്.

ഈ അത്യാധുനിക കാലഘട്ടത്തില്‍ മതത്തിന് പുതിയ രൂപവും ഭാവവും നല്‍കി പുതിയ പ്രവര്‍ത്തനരീതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതേപോലെ തന്നെ മതത്തേയും ദൈവവിശ്വാസത്തേയും ചോദ്യം ചെയ്തുകൊണ്ടുള്ള നിരീശ്വരവാദ പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത സമ്പന്നരാജ്യമായ അമേരിക്കയാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യവും. ജനസംഖ്യയിലെ 75 ശതമാനവും ക്രിസ്ത്യാനികള്‍. അതായത് 24.7 കോടി. ക്രിസ്തുമതത്തിലെ തന്നെ 69 വിഭാഗ വിശ്വാസികള്‍. പൊതുവേ പറയുകയാണെങ്കില്‍ മതമൗലികവാദ, യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് ഭൂരിപക്ഷം ജനങ്ങളും. എന്നാല്‍ അവിടെ യുക്തിവാദവും നിരീശ്വരവാദവും പൂര്‍വ്വാധികം ശക്തി പ്രാപിക്കുന്നു എന്നത് അമ്പരപ്പും കൗതുകമുണര്‍ത്തുന്നതുമാണ്. മതത്തിന്റെ പൊതുരംഗത്തുള്ള കടന്നുകയറ്റങ്ങളെ നിയമപരമായി പ്രതിരോധിക്കുന്നതോടൊപ്പം, പൗരസ്വാതന്ത്ര്യത്തിനും അവിശ്വാസികളുടെ അവകാശ സംരക്ഷണത്തിനും യുക്തിവാദ സംഘടനകള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. സ്റ്റേറ്റും മതവും രണ്ടാണെന്നും പൊതുസ്ഥലങ്ങളില്‍ മതപ്രചാരണത്തിന് അവകാശമില്ലെന്നും അവര്‍ വാദിക്കുന്നു. ആയതിനാല്‍ മറിച്ചുള്ള അവകാശവാദങ്ങളെ ഭരണഘടനാപരമായും നിയമപരമായും പ്രതിരോധിക്കുകയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചെയ്തു വരുന്നത്. അവയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന് കണക്കുകള്‍ നിരത്തി അവര്‍ അവകാശപ്പെടുന്നു. 1990-ല്‍ 86 ശതമാനം ആയിരുന്നു ക്രിസ്ത്യാനികള്‍. 2001-ല്‍ 78.6 ശതമാനമായി കുറഞ്ഞു. 2012-ല്‍ 73 ശതമാനമായി. ക്രമേണ കുറഞ്ഞുവരുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

ജാതിയും മതവും ഭരണരംഗത്ത് നീരാടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ അമേരിക്കന്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ ഒരു പാഠമാവേണ്ടതാണ്. എന്തിനും ഏതിനും, സ്ഥാനത്തും അസ്ഥാനത്തും ദൈവത്തിന് സ്തുതി പറഞ്ഞ് അന്ധവിശ്വാസങ്ങള്‍ക്ക് വഴിതെളിച്ച് മതം നമ്മുടെ സമസ്ത മേഖലകളേയും സ്വാധീനിച്ചിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. നമ്മുടെ നവോത്ഥാന നായകര്‍ ലജ്ജ കൊണ്ട് തലകുനിക്കട്ടെ. പാഠപുസ്തകത്തില്‍ ഒരു ഉപമയ്ക്ക് വേണ്ടി ദൈവനാമം ചേര്‍ത്തതിന് അദ്ധ്യാപകന്റെ കൈവെട്ടിയതും, സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സദ്യവിളമ്പിയതില്‍ പന്നിയിറച്ചി കൂടെ നല്‍കിയതിന് പോലീസ് കേസ് എടുത്തതുമൊക്കെ എന്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് എന്ന ചോദ്യം നമ്മെ ലജ്ജാധിപതികളാക്കുന്നു. അതതു മതങ്ങളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കുന്ന രാജ്യങ്ങളില്‍ പോലുമില്ലാത്ത മതനിഷ്ഠകളും ചേഷ്ടകളും ആചാരങ്ങളുമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഭരണസിരാകേന്ദ്രങ്ങള്‍ പൂട്ടി, അവധി പ്രഖ്യാപിച്ച് മതാഘോഷങ്ങള്‍ക്ക് ഹല്ലേല്ലൂയ്യ പാടുന്ന രീതിശാസ്ത്രമാണ് നമ്മുടെ മതനിരപേക്ഷതയുടെ സാര്‍വ്വലൗകികത. ഭരണ കേന്ദ്രങ്ങള്‍ പോലും മതാചാരങ്ങള്‍ക്ക് രംഗമാവുകയും അവയ്ക്ക് ഔദ്യോഗികഭാഷ്യങ്ങള്‍ നല്‍കുകയും ചെയ്തു വരുന്നു. മതാഘോഷങ്ങള്‍ക്ക് ഒരുവര്‍ഷം എത്ര ദിവസങ്ങളാണ് അവധി നല്‍കുന്നത്! ഒരു ദിവസം നമ്മുടെ സംസ്ഥാനം കടന്നു പോകുന്നതിന് 186 കോടി രൂപ വേണം. അവധിമൂലം എത്ര നഷ്ടമാണ് സംഭവിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെ നിരീശ്വരവാദി പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിക്കുന്ന, രാജ്യ നന്മയ്ക്കുവേണ്ടിയുള്ള ശ്‌ളാഘനീയമായ പൊതുപ്രവര്‍ത്തനങ്ങളെ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും. 

അമേരിക്കയിലെ നിരീശ്വരവാദപ്രസ്ഥാനത്തിന്റെ തുടക്കം തന്നെ രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിച്ചു കൊണ്ടുള്ള ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്. 1959-ല്‍ മെഡലിന്‍ മുറെ എന്ന വ്യക്തി, തന്റെ മകനെ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപകന്‍ ബൈബിള്‍ വായനയ്ക്ക് പീഡിപ്പിച്ച് നിര്‍ബന്ധിച്ചതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. അദ്ദേഹം കോടതിയില്‍ ഇങ്ങനെ ബോധിപ്പിച്ചു. ''പരാതിക്കാരന്‍ നിരീശ്വരവാദിയാണ്. ഒരു നിരീശ്വരവാദി ദൈവത്തിന് പകരം സഹവാസികളെയാണ് സ്‌നേഹിക്കുന്നത്. സ്വര്‍ഗ്ഗം എന്നത് ഈ ഭൂമിയില്‍ നാം തന്നെ സൃഷ്ടിക്കേണ്ടതും നാമെല്ലാം ഒരുമിച്ച് അത് ആസ്വദിക്കേണ്ടതുമാണ്. ഒരു നിരീശ്വരവാദി പ്രാര്‍ത്ഥനയില്‍ കൂടെ ഒന്നും ലഭിക്കുന്നില്ലായെന്ന് വിശ്വസിക്കുന്നു. അവന്റെ ആന്തരിക പ്രചോദനങ്ങള്‍ കൊണ്ടും കരുത്തുകൊണ്ടും ജീവിതത്തെ നേരിടുകയും അതിനെ മുറുകെപ്പിടിച്ചുകൊണ്ട് ആസ്വദിക്കുകയുമാണ് വേണ്ടത്. അവന്റെ ജ്ഞാനത്തില്‍ കൂടെയാണ് ജീവിത സാക്ഷാത്കാരത്തെപ്പറ്റി മനസ്സിലാക്കേണ്ടത്. അവന്‍ സ്വയം അറിയുകയും ചെയ്യുകയുമാണ് വേണ്ടത്; മറിച്ച്, ദൈവത്തെ അറിയാനല്ല ശ്രമിക്കേണ്ടത്. അവന്‍ പള്ളി പണിയുന്നതിനേക്കാളും ആശുപത്രിയാണ് പണിയേണ്ടതെന്ന് വിശ്വസിക്കുന്നു. അവന്‍ മരണത്തില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നതിനേക്കാളും ജീവിതത്തില്‍ മുഴുകാനാണ് ശ്രമിക്കുന്നത്. അസുഖത്തെ തോല്‍പ്പിക്കാനും ദാരിദ്ര്യത്തെ നിഷ്പ്രഭമാക്കാനും യുദ്ധത്തെ ഇല്ലായ്മ ചെയ്യാനുമാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യനെ മനസ്സിലാക്കാനും സ്‌നേഹിക്കാനും ഇഷ്ടപ്പെടുന്നു. ഒരു സന്മാര്‍ഗ്ഗ ജീവിതം ഇഷ്ടപ്പെടുന്നു. ദൈവത്തെ വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു പ്രതീക്ഷയ്ക്കു വേണ്ടിയും അവന്‍ ദൈവത്തെ ഉപയോഗിക്കുന്നില്ല. നാമെല്ലാവരും സഹോദരങ്ങളാണെന്നും പരസ്പരംസംരക്ഷിക്കേണ്ടവരാണെന്നും വിശ്വസിക്കുന്നു. നാം അതിന് ഉത്തരവാദപ്പെട്ടവരാണെന്നും അതിനുള്ള സമയം ഇതാണെന്നും വിശ്വസിക്കുന്നു.''

1963 ജൂണ്‍ 17 ന് ഐതിഹാസികമായ ഈ കേസിന് വിധി പുറപ്പെടുവിക്കുകയുണ്ടായി. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള പബ്ലിക് സ്‌കൂളുകളില്‍ മതപ്രാര്‍ത്ഥനകള്‍ നടത്തുന്നതും ബൈബിള്‍ പാരായണം നടത്തുന്നതും പ്രഥമ ഭരണഘടനാ ഭേദഗതിക്ക് വിരുദ്ധമാണെന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇത് അമേരിക്കയിലെ നിരീശ്വരവാദ പ്രസ്ഥാനത്തിന് തിരികൊളുത്തി. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്കന്‍ നിരീശ്വരവാദ പ്രസ്ഥാനം അമേരിക്കയുടെ സാംസ്‌കാരിക ഭൂമികയില്‍ നിരീശ്വരവാദത്തിന് അടിത്തറ പാകുകയുണ്ടായി. അത് അമേരിക്കയുടെ പൊതുധാരയിലേക്ക് പ്രവേശിക്കുകയും മത ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നിരന്തരമായ ചെറുത്തുനില്‍പ്പിന് രാജ്യത്തെ പ്രേരിപ്പിക്കുകയും ചെയ്തു. നിരീശ്വര പ്രസ്ഥാനത്തിന് മതങ്ങള്‍ക്കുള്ളതുപോലെയുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനും കോടതി സംരക്ഷണം നേടുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1963 മുതല്‍ 1986 വരെ മെഡലിന്‍ മുറെ 'അമേരിക്കന്‍ എത്തീസ്റ്റ്' എന്ന സംഘടനയുടെ പ്രസിഡണ്ടായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മകന്‍ തന്നെ പ്രസിഡന്റായി. അവര്‍ രണ്ടുപേരുടേയും വിശ്രമരഹിതമായ പ്രവര്‍ത്തനം കൊണ്ട്, മതത്തേയും സര്‍ക്കാരിനെയും പൂര്‍ണ്ണമായും വേര്‍തിരിച്ചു കൊണ്ടുള്ള ഒരു സംവിധാനത്തിലേക്ക് നിയമപോരാട്ടങ്ങള്‍ നടത്തി ഒരു ദേശീയ നിരീശ്വരവാദ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. അമേരിക്കയിലെ മതവിശ്വാസികള്‍ക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും ആഘാതമായിരുന്നു. 1995 ആഗസ്റ്റ് 27 -ല്‍ മെഡലിന്‍ മുറെ, ജോണ്‍ ഗാര്‍ത്ത് മുറെ, കൊച്ചുമകളായ റോബിന്‍മുറെ എന്നിവര്‍ അവരുടെ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായി. ആറ് വര്‍ഷങ്ങള്‍ക്കു ശേഷം, 2001-ല്‍ അവരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡേവിഡ് വാട്ടേസ് എന്ന വിശ്വാസി കുമ്പസാരം നടത്തി. ഇത് അമേരിക്കയിലൊരു മാറ്റത്തിന്റെ കൊടുങ്കാറ്റു തന്നെ വിതച്ചു. മുറൈ കുടുംബത്തിന്റെ തിരോധാനത്തോടനുബന്ധിച്ച് ഏലന്‍ ജോണ്‍സന്‍ അമേരിക്കന്‍ എത്തീസ്റ്റ് സംഘടനയുടെ പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ''The Atheist View Point' എന്ന ടെലിവിഷന്‍ പരിപാടിക്ക് തുടക്കം കുറിക്കുകയും അത് ഇന്നും നിര്‍ബാധം തുടരുകയും ചെയ്യുന്നു. അതിലുപരിയായി അദ്ദേഹം 'Godless American Political Action Committee' എന്ന സംഘടന രൂപീകരിക്കുകയും ഒരു ദൈവ രഹിത അമേരിക്കന്‍ മാര്‍ച്ച് അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണിലേക്ക് നടത്തുകയും ചെയ്തു. 2008 മെയ് മാസം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 2008 സെപ്തംബര്‍ മുതല്‍ ഫ്രാങ്ക് ആര്‍. സിന്‍ഡലര്‍ ഇടക്കാല പ്രസിഡന്റായി തുടര്‍ന്നു. 2008 സെപ്തംബറില്‍ ജോര്‍ജിയക്കാരനായ ബക്കര്‍ 'അമേരിക്കന്‍ എത്തീസ്റ്റി' ന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 2010 വരെ തുടര്‍ന്നു. അതിനുശേഷം David Silverman പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും തത്‌സ്ഥാനത്ത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.

മുറൈ കുടുംബത്തിന്റെ രക്തസാക്ഷിത്വത്തോടുകൂടി കഴിഞ്ഞ 50 വര്‍ഷക്കാലം അമേരിക്കന്‍ നിരീശ്വരവാദികള്‍ പൗരാവകാശത്തിനുവേണ്ടിയും നിരീശ്വരവാദികളുടെ അവകാശത്തിനുവേണ്ടിയും സമര്‍പ്പണാത്മകവും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടവും മതവും തമ്മിലുള്ള വേര്‍തിരിവും നിരീശ്വരവാദത്തെപ്പറ്റിയുള്ള പ്രചാരണവും അമേരിക്കന്‍ സമൂഹ മനസ്സാക്ഷിയെ വളരെയധികം സ്വാധീനിച്ചു കഴിഞ്ഞു. സ്റ്റേറ്റും മതവും രണ്ടാണെന്നുള്ള യാഥാര്‍ത്ഥ്യം രാഷ്ട്രീയ മണ്ഡലത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. എല്ലാ മാധ്യമങ്ങള്‍ വഴിയും നിരീശ്വരവാദികളുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിച്ചു. മതത്തെയും ഐതീഹ്യത്തേയും വിമര്‍ശിക്കാനും അമേരിക്ക മുഴുവനും യുക്തിവാദയോഗങ്ങള്‍ നടത്താനും രാജ്യതലസ്ഥാനമായ വാഷിങ്ടണിലേക്ക് ''Atheist Pride March' നടത്താനും അവര്‍ക്കു സാധിച്ചു. നൂറുകണക്കിന് യുക്തിവാദ/നിരീശ്വരവാദ പുസ്തകങ്ങള്‍, മതവിമര്‍ശന പുസ്തകങ്ങള്‍, മതത്തേയും സ്റ്റേറ്റിനേയും വേര്‍തിരിക്കേണ്ട ആവശ്യകതകളെ വിശദീകരിച്ചുകൊണ്ടുള്ള പ്രസിദ്ധീകരണങ്ങള്‍, ന്യൂസ്‌ലറ്റര്‍, മാഗസിന്‍ എന്നിവകളും പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. സന്നദ്ധ സേവകരെ ഇതിനുവേണ്ടി സംഘടിപ്പിക്കുകയും ചെയ്തു. യുക്തിവാദ സാഹിത്യ സൃഷ്ടികള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. കോളേജുകളിലും സര്‍വ്വകലാശാലകളിലും മാസ് മീഡിയകളിലും പ്രഭാഷണ പരമ്പരകള്‍ നടത്തുകയുണ്ടായി. വിവിധ മതപുരോഹിതരുമായി നേരിട്ടുള്ള സംവാദങ്ങള്‍ റ്റി.വി. ചാനലുകള്‍ വഴി നിരന്തരം നടത്താന്‍ തുടങ്ങി. യുവനിരീശ്വരവാദ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

അമേരിക്കന്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് Atheist Inc, Global Secular Humanist Movement, American Humanist Association, Anti-theists Pro-active Atheist Opposing Religious Harm, Atheist Republic, Freedom From Religion Foundation (FFRF) എന്നിവ. ഈ ലാഭരഹിത സംഘടനകള്‍ വളരെ ശക്തവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

ഈ സംഘടനകള്‍ കൈവരിച്ച ചില നേട്ടങ്ങള്‍ കൂടെ പരിശോധിക്കുന്നത് രസകരമായിരിക്കും. ബൈബിളിലെ പത്ത് കല്‍പനകള്‍ അലബാമ സംസ്ഥാനത്തിലെ ജാക്‌സന്‍ കൗണ്ടികോര്‍ട്ട് ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ FFRF എന്ന സംഘടന പരാതി നല്‍കുകയും ഒരു ഉത്തരവിലൂടെ അത് എടുത്തുമാറ്റുകയും ചെയ്തു. ആ ഉത്തരവില്‍ ഇങ്ങനെ പറയുന്നു: ''പ്രഥമ ഭരണഘടനാ ഭേദഗതി അനുസരിച്ച് സര്‍ക്കാരിന് മതത്തെ അനുകൂലിക്കാനോ പ്രോല്‍സാഹിപ്പിക്കാനോ സാധിക്കില്ല. പത്തു കല്പനകള്‍ പ്രദര്‍ശിപ്പിച്ചത് വഴി ജില്ലാ ഭരണകൂടത്തിന് ചില മതലക്ഷ്യങ്ങളുണ്ടെന്നുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്. അമേരിക്കന്‍ നിയമം ഇത്തരത്തിലുള്ള മതപ്രചാരണത്തിന് ഒരു പരിഗണനയും നല്‍കുന്നില്ല. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണഘടന ദൈവരഹിത ഭരണഘടനയാണ്. അതിലൊരിടത്തും ദൈവത്തെപ്പറ്റിയോ പത്തുകല്പനകളെപ്പറ്റിയോ ക്രിസ്തുമതത്തെപ്പറ്റിയോ പരാമര്‍ശമില്ല. കോണ്‍ഗ്രസ്സ്, മതസ്ഥാപനങ്ങളെ ആദരിക്കുന്നതിനുള്ള നിയമം ഉണ്ടാക്കാന്‍ പാടില്ല എന്ന് പരാമര്‍ശമുണ്ട്. എന്നാല്‍ മതസ്വാതന്ത്ര്യത്തിനെതിരെ നിയമം ഉണ്ടാക്കാനും പാടില്ല; അത് പൊതുജീവിതത്തില്‍ ഇടപെടാന്‍ പാടില്ല. മാത്രവുമല്ല അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം (1776) ജനങ്ങളുടെ ഉല്‍പന്നമാണ്. ഗവണ്‍മെന്റ് ശക്തി പ്രാപിക്കുന്നത് ഭരിക്കപ്പെടുന്നവനില്‍ നിന്നാണ്. അതുകൊണ്ട് ഇത് ബൈബിള്‍ വിരുദ്ധവും ദിവ്യശക്തിയെ തിരസ്‌ക്കരിക്കുന്നതുമാണ്. അമേരിക്കന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളുമായി പത്ത് കല്പനയ്ക്ക് ഒരു ബന്ധവുമില്ല. പൂര്‍ണ്ണമായും മതേതര ഭരണഘടന പത്ത് കല്പനയ്ക്ക് ഒരു സൂചനയും നല്‍കുന്നില്ല. അമേരിക്കന്‍ ഭരണ നേതൃത്വം വളരെ ബുദ്ധിപരമായി രൂപവല്‍ക്കരിച്ച മൗലിക തത്ത്വസംഹിതകള്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമാണ്. അവയ്ക്ക് മതതത്ത്വങ്ങളുമായി യാതൊരു ബന്ധവുമില്ല.''

ടെക്‌സാസിലെ ഹൈവേ പെട്രോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഓഫീസില്‍ കുരിശ് സ്ഥാപിച്ചതിനെതിരെ FFRF, സ്റ്റാഫ് അറ്റോര്‍ണി സാംഗ്രോവര്‍ പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അത് എടുത്ത് മാറ്റാന്‍ തീരുമാനമായി. ഇത്തരം പ്രവണതകള്‍ മതപരമായ ചിഹ്നങ്ങളെ സൂചിപ്പിക്കുന്നു. അത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ മറ്റു മതങ്ങള്‍ക്കും മറ്റു നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്കും എതിരായി ക്രിസ്തുമതത്തിനോട് ആഭിമുഖ്യം കാണിക്കുന്നതിന് തുല്യമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും മതപരമായ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപിക്കപ്പെട്ട കുരിശ് അവിടെ നിലനിര്‍ത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയെങ്കിലും FFRF ന്റെ നിര്‍ബന്ധത്തിന് വഴങ്ങി അത് എടുത്ത് മാറ്റുകയുണ്ടായി.

സൗത്ത് കരോലിന പബ്ലിക് എലിമെന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബൈബിള്‍ വിതരണം ചെയ്യുന്നതും വെസ്റ്റേണ്‍ ഇന്ത്യാനാ സ്‌കൂളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ക്രിസ്തീയ പ്രാര്‍ത്ഥനാ ഗാനങ്ങളും, മറ്റ് പ്രാദേശിക ആരാധനാ മൂര്‍ത്തികളെ പുകഴ്ത്തിക്കൊണ്ടുള്ള പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിക്കുന്നതും പതിവായിരുന്നു. സര്‍ക്കാര്‍ നികുതിയിളവ് ലഭിച്ച പള്ളികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കെടുത്ത് രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതും പതിവായിരുന്നു. ഈ പ്രവൃത്തികള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ വിതരണം നിര്‍ത്തലാക്കാനും പ്രാര്‍ത്ഥനാഗീതങ്ങള്‍ മേലില്‍ ആലപിക്കാതിരിക്കാനും കൗണ്ടി വിദ്യാഭ്യാസാധികാരികള്‍ ഉത്തരവ് നല്‍കുകയുണ്ടായി. പള്ളികള്‍ക്ക് നികുതിയിളവ് നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന കാരണത്താല്‍ അത് നിര്‍ത്തലാക്കാന്‍ യു.എസ്.ഡിസ്ട്രിക്റ്റ് ജഡ്ജ് ബാര്‍ബറാ ക്രാബ് ഉത്തരവ് നല്‍കി.

വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടി കൗണ്‍സില്‍ ചേംബറില്‍ 'In God we Trust' എന്ന ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. അതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആ ബോര്‍ഡ് എടുത്ത് മാറ്റുകയുണ്ടായി. നോര്‍ത്ത് കരോലിനയില്‍ വിന്‍സ്റ്റന്‍- സേലം എന്ന സ്ഥലത്ത് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഭക്ഷണത്തിന് മുകളില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 15 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുക പതിവായിരുന്നു. ഇത് ഫെഡറല്‍ സിവില്‍ റൈറ്റ്‌സ് ആക്ടിന് വിരുദ്ധമാണെന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അത് നിര്‍ത്തലാക്കുകയും ചെയ്തു. ഇത്തരം നിരവധി നിയമനിഷേധ നടപടികള്‍ക്കെതിരെ നിരീശ്വരവാദ പ്രസ്ഥാനം ഇടപെടുകയും അവയെ നിയമപരമായി പ്രതിരോധിക്കുകയും ചെയ്തുവരുന്നു. ഒരു ഫെഡറല്‍ സംവിധാനത്തില്‍ അധിഷ്ഠിതമായ അമേരിക്കയില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര അവകാശങ്ങള്‍ ഉള്ളതുകൊണ്ട് പല സംസ്ഥാനങ്ങളിലും മതപരമായ ചില നിഷ്‌കര്‍ഷകള്‍ അനുവര്‍ത്തിക്കുന്നുണ്ട്. എങ്കിലും അവയെയെല്ലാം നിരീശ്വരവാദ സംഘടനകള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് അമേരിക്കയിലെ ജനസംഖ്യയില്‍ 6 ശതമാനം നിരീശ്വരവാദികളുണ്ട്, 4 ശതമാനം അഗ്നോസ്റ്റിക്കുകളും (ദൈവം ഉണ്ടെന്ന് അറിയാത്തവര്‍) ഉണ്ട്. ഇത് അനുദിനം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ ക്രിസ്തീയ സഭ ചേരുന്നതുപോലെ ഹൂസ്റ്റണിലെ അവിശ്വാസികള്‍ യോഗം ചേരുകയും മതനിഷേധത്തെപ്പറ്റിയും നിരീശ്വരവാദത്തെപ്പറ്റിയും പതിവായി ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. സ്തുതി ഗീതങ്ങള്‍ക്കു പകരം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വാഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും പാടുന്നു. അമേരിക്കയില്‍ മാത്രം ഇപ്പോള്‍ തന്നെ 15-ല്‍ പരം 'നിരീശ്വരവാദ പള്ളികള്‍' പ്രവര്‍ത്തിച്ചുവരുന്നു. 15 രാഷ്ട്രങ്ങളില്‍നൂറില്‍പരം പള്ളികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സംരംഭത്തെ സുപ്രീംകോടതി പോലും പ്രകീര്‍ത്തിച്ചിരിക്കുന്നു! ദേശീയതലത്തില്‍ ഇത്തരത്തിലുള്ള ഒരു സ്ഥിരം ഞായറാഴ്ച കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ലൂസിയാനയിലെ ജറി ഡേവിഡ് എന്ന മുന്‍ പെന്തക്കോസ്ത് സുവിശേഷകനും അദ്ദേഹത്തിന്റെ അനുയായിയും നിരീശ്വരവാദിയുമായ മൈക്ക് ഔസും ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്.

ഞായറാഴ്ച ദിവസങ്ങളില്‍ പള്ളികളില്‍ പോയി സുവിശേഷ പ്രസംഗങ്ങള്‍ ശ്രവിച്ച് ദൈവീക സ്തുതിഗീതങ്ങള്‍ പാടി മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്ന വിശ്വാസികളെ പോലെ തന്നെ, അതേ ഞായറാഴ്ച ദിവസങ്ങളില്‍ നിരീശ്വരവാദികള്‍ കൂട്ടംകൂടി ദൈവനിഷേധത്തെക്കുറിച്ച് പ്രസംഗിക്കുന്നതും മാനവസാഹോദര്യത്തെയും ശാസ്ത്രജ്ഞന്മാരേയും പാടിപ്പുകഴ്ത്തുന്നതും കൗതുകകരമായി തോന്നാമെങ്കിലും നിരീശ്വരവാദത്തിന് മറ്റൊരു കാല്‍വെയ്പാണെന്ന് അനുമാനിക്കാം.

(2014 നവംബര്‍, യുക്തിരേഖ)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ