"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

സൗരയൂഥാതിര്‍ത്തി കടന്ന സാഹസികന്‍ - ഐ ശാന്തകുമാര്‍


അന്‍പത് വര്‍ഷത്തെ ശൂന്യാകാശ പര്യവേക്ഷണത്തിലൂടെ ചരിത്രം കുറിച്ചുകൊണ്ട് വോയേ ജര്‍ - 1 നമ്മുടെ സൗരയൂഥാതിര്‍ത്തി കടന്നിരിക്കുന്നു. ഭൂമിയെ ഭ്രമണം ചെയ്യുകയും ചന്ദ്രനില്‍ കാലുകുത്തുകയും അയല്‍പക്കക്കാരായ ഗ്രഹങ്ങളിലേക്കെത്തിനോക്കുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ അനന്തമായ പര്യവേക്ഷണം വോയേജര്‍ - 1 ന്റെ സൗരയൂഥാതിര്‍ത്തി കടന്നുകയറ്റത്തിലൂടെ മാനവചരിത്രത്തിലെ സുവര്‍ണരേഖകളാലെഴുതപ്പെട്ട അധ്യായമായി മാറി. മനുഷ്യനിര്‍മിതമായ ഒരു പേടകം ആയിരത്തിത്തൊള്ളായിരം കോടി കിലോമീറ്റര്‍ (1200 കോടി മൈല്‍) അകലെയുള്ള സൗരയൂഥാതിര്‍ത്തി കടക്കുന്നത് ഇദംപ്രഥമമാണ്. മനുഷ്യന്റെ നക്ഷത്രാന്തരയാത്രയിലെ ഈ മുഹൂര്‍ത്തം 25.08.2012 ല്‍ നടന്നതായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍12 ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെവരെയുള്ള ചില വിശ്വാസങ്ങളെയും അനുമാനങ്ങളെയും ശാസ്ത്രനിഗമനങ്ങളെയും ഏറെക്കുറെ ശരിവയ്ക്കുന്ന വിവരങ്ങളാണ് വോയേജര്‍-1 വഴി ലഭ്യമായിക്കൊണ്ടിരിക്കുന്നത്. സൂര്യന്റെ ആകര്‍ഷണവലയത്തില്‍ നിന്നും തെന്നിമാറി മറ്റൊരു സൂര്യന്റെ വലയത്തിലേക്കുള്ള പ്രയാണത്തില്‍ ചില അപ്രതീക്ഷിത ദുര്‍ഘടങ്ങളെ പേടകം നേരിടേണ്ടിവരില്ലേ, അത് പേടകത്തെ അപകടകരമായി ബാധിക്കില്ലേ എന്നൊക്കെയുള്ള ആശങ്കകളെ ദൂരീകരിച്ചുകൊണ്ട് വോയേജര്‍-1 സൗരയൂഥാതിര്‍ത്തി കടന്ന് Inter Stellar Space-ല്‍, അതായത് രണ്ടു നക്ഷത്രങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.

1977 ല്‍ ഇരട്ടപ്പേടകങ്ങളായ വോയേജര്‍ ഒന്നും രണ്ടും പതിനാറ് ദിവസത്തിന്റെ വ്യത്യാസത്തില്‍ അനന്തമായ യാത്രയ്ക്കു തുടക്കം കുറിച്ചു. 1988 മില്യണ്‍ ഡോളറിന്റെ പ്രോജക്ട്. നമ്മുടെ സൗരയൂഥത്തിന്റെ അതിര്‍ത്തി താണ്ടാനുള്ള കന്നിയാത്ര. എന്തൊക്കെ രഹസ്യങ്ങളാവും ചികഞ്ഞെടുക്കാന്‍ സാധിക്കുക - അതായിരുന്നു ശാസ്ത്രജ്ഞന്മാരുടെ സ്വപ്നം. മണിക്കൂറില്‍ 37,000 മൈല്‍ സഞ്ചാരം. പ്രതിവര്‍ഷം 325 മില്യണ്‍ മൈല്‍ സഞ്ചാരം. പ്ലൂട്ടോണിയത്താല്‍ ലഭിക്കുന്ന വൈദ്യുതി. നമ്മുടെ സമകാലികന്മാരെ ആരെയെങ്കിലും അടുത്ത സൗരയൂഥത്തില്‍ കണ്ടെത്തുമെങ്കില്‍, അവരുടെ അറിവിലേക്കായി ഭൂമിയിലെ സംഗീതവും ചിത്രങ്ങളും 'നാമാരാണെന്നുള്ള' വിശദവിവരങ്ങളുമടങ്ങിയ 'ഗോള്‍ഡന്‍ റിക്കാര്‍ഡ്' അതില്‍ അടക്കം ചെയ്തിരിക്കുന്നു. വോയേജറിന്റെ അനന്തമായ യാത്രയില്‍ ഇരുപത്തി മൂന്ന് പുതിയ ചന്ദ്രന്മാര്‍ കണ്ടുപിടിക്കപ്പെട്ടു. 1989 ആയപ്പോള്‍, അതായത് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ജൂപ്പിറ്റര്‍, സാറ്റേണ്‍, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെയും താണ്ടി ലക്ഷ്യത്തിലേക്ക് കുതിച്ചു.

നമ്മുടെ സൗരയൂഥത്തിന്റെ അവസാനത്തെ അതിര്‍ത്തിയാണ് Termination shock. അതു കഴിഞ്ഞാല്‍ Helio Pause. അതും കഴിഞ്ഞാണ് ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പെയ്‌സിന്റെ തുടക്കം.

നാം നമ്മുടെ അതിര്‍ത്തികള്‍ മുള്ളുവേലികള്‍ കെട്ടി, മൈനുകള്‍ വിതറി സംരക്ഷിക്കുന്നതുപോലെ നമ്മുടെ സോളാര്‍ സിസ്റ്റവും ചില അതിര്‍ത്തി സംരക്ഷണ നടപടികള്‍ നടത്തിയിരിക്കുന്നതായി കാണാം. കാന്തികവലയങ്ങളെ സൃഷ്ടിക്കുന്നതും, സൂര്യന്റെ തീക്കാറ്റേറ്റ് ഉരുകിയ പദാര്‍ത്ഥങ്ങളടങ്ങിയ പ്ലാസ്മ കൊണ്ടും സോളാര്‍ ബബിള്‍സുകൊണ്ടുമൊക്കെയുള്ള സംരക്ഷിത വലയങ്ങളാവാം ടെര്‍മിനേഷന്‍ ഷോക്കും ഹീലിയോ പാസുമൊക്കെ. അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളില്‍ പര്യവേക്ഷണം നടത്താനിറങ്ങിത്തിരിച്ച സാഹസികനായ വോയേജര്‍-1 ന് നേരിടേണ്ടിവരുന്ന ദുര്‍ഘടങ്ങളില്‍ നാസാശാസ്ത്രജ്ഞന്മാര്‍ ഖിന്നരായിരുന്നു. എല്ലാ വൈതരണികളെയും തരണം ചെയ്തും സൂര്യന്റെ ആക്രമണത്തെ അതിജീവിച്ചും വോയേജര്‍ എന്നാണ് ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പെയ്‌സിലെത്തുകയെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഓരോ ദിവസവും സന്ദേശങ്ങള്‍ അവിടെ നിന്നും ലഭിക്കുമായിരുന്നു. ഒരു റഫ്രിജറേറ്ററിലെ ഇരുപത്തിരണ്ട് വാട്ട് ബള്‍ബിന്റെ പ്രകാശത്തില്‍ അവിടെ നിന്നും പുറപ്പെടുന്ന സിഗ്നലുകള്‍ ശതകോടിയിലൊരംശമായി ഭൂമിയിലെത്തിക്കൊണ്ടിരുന്നു. പതിനേഴ് മണിക്കൂര്‍ സഞ്ചരിച്ചാണ് അവ എത്തിക്കൊണ്ടിരിക്കുന്നത്. ആ നീണ്ട യാത്രയ്ക്കിടയില്‍ ഒരസാധാരണ ചാഞ്ചാട്ടം വോയേജറിന് സംഭവിച്ചു. നമ്മുടെ സാഹസികര്‍ ഒരു പുതിയ പ്രദേശത്ത് എത്തിയെന്ന അനുമാനത്തില്‍ അങ്ങനെ ശാസ്ത്രജ്ഞരെത്തി. അവര്‍ ആ മഹത്തായ വിജയം കൈവരിച്ച നിമിഷത്തില്‍ സ്വയംമറന്ന് തുള്ളിച്ചാടി. അങ്ങനെ വോയേജര്‍-1 മുപ്പത്തിയാറ് വര്‍ഷത്തെ അവിരാമ സഞ്ചാരത്തിനൊടുവില്‍സൂര്യനില്‍ നിന്നും 1900 കോടി കിലോമീറ്ററിനകലെയുള്ള നമ്മുടെ സൗരയൂഥാതിര്‍ത്തി താണ്ടി ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പെയ്‌സിലെത്തിയിരിക്കുന്നു.

722 കിലോഗ്രാം തൂക്കമുള്ള ഈ പേടകം 5.9.1977 നാണ് അതിന്റെ സാഹസികയാത്ര ആരംഭിച്ചത്. ഇതിന്റെ ഏറ്റവും ഉയര്‍ന്ന സ്പീഡ് 62136 കി.മീ. per hour ആണ്. വോയേജര്‍-1 ന്റെ സഹോദരനായ വോയേജര്‍-2 അതിന്റെ പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കുന്നു, 9.5 ബില്യണ്‍ കിലോമീറ്റര്‍ താണ്ടി. 2020 വരെ മാത്രമേ വോയേജര്‍-1 ന്റെ പ്രവര്‍ത്തനം തുടരുകയുള്ളു എന്ന ദുഃഖസത്യം കൂടിയുണ്ട്. പേടകത്തിലെ ഊര്‍ജസംരക്ഷണ യന്ത്രം നിലച്ചുപോകുന്ന കാരണത്താലാണിത്. ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കാള്‍ സാഗന്‍ എന്ന ശാസ്ത്രജ്ഞന്റെ അന്ത്യം (1996) മറ്റൊരു ദുരന്തമാണ്.

അനേകം ശാസ്ത്രസത്യങ്ങളുടെ ഒരു കൂമ്പാരമാണ് വോയേജര്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. നാസാ ശാസ്ത്രജ്ഞന്മാര്‍ അവയിലെ കുരുക്കുകള്‍ ഓരോന്നോരോന്നായി അഴിച്ചു കൊണ്ടിരിക്കുന്നു. അറിഞ്ഞതെല്ലാം അത്ഭുതങ്ങളും അറിയാനുള്ളത് അത്യത്ഭുതങ്ങളുമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അനന്തമായ അന്വേഷണത്വര ഇനിയുമായിരമായിരം നക്ഷത്രങ്ങളെ താണ്ടാന്‍ ഇടയാക്കട്ടെ; അന്ധവിശ്വാസങ്ങളുടെയും അതിന്റെ ഫലമായ ദുരാചാരങ്ങളുടെയും അസ്തമയം അങ്ങനെയെങ്കിലും സംഭവിക്കട്ടെ.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ