"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

ഉത്തരാഖണ്ഡ് പ്രളയം - ഐ ശാന്തകുമാര്‍


2013 ജൂണ്‍ മാസം ഉത്തരാഖണ്ഡിലുണ്ടായ പ്രളയദുരന്തത്തില്‍ പതിനായിരങ്ങള്‍ മരണമടഞ്ഞു. തൊണ്ണൂറ് പാലങ്ങള്‍ ഒലിച്ചുപോയി. ആയിരത്തിനാനൂറ് റോഡുകള്‍ തകര്‍ന്നു. തൊണ്ണൂറ് ധര്‍മ്മശാലകളും അനേകം ഗ്രാമങ്ങളും ഒലിച്ചുപോയി. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, കൃഷിപ്പാടങ്ങള്‍ എല്ലാം ദുരന്തത്തിന്റെ ഇരകളായി. പ്രാഥമിക കണക്കുകള്‍ പ്രകാരം എണ്ണായിരം കോടി രൂപയുടെ നാശനഷ്ടങ്ങള്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തേണ്ടിവന്നത്. പതിനായിരം സൈനികര്‍ നിതാന്തജാഗ്രതയോടെ, ഹെലികോപ്റ്റര്‍ വഴി ഒരു ലക്ഷത്തി പതിനായിരം പേരെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഇരുപത് സൈനികരും ഈ ദുരന്തത്തിന്റെ ഇരയായി. ക്ഷേത്രങ്ങളും ദേവപ്രതിഷ്ഠകളും ഒലിച്ചുപോയി. ഇന്ത്യയുടെ ദേവഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉത്തരാഖണ്ഡിലെ ഈ മഹാവിപത്ത് കണ്ട് നമ്മുടെ സ്വാമിമാര്‍ പ്രതികരിച്ചത് എത്രയോ പൈശാചികമാം വിധത്തിലാണ്. അതിങ്ങനെ: 'പ്രകൃതി ശിവരൂപം പൂണ്ട് ജടയഴിച്ച് നടത്തിയ താണ്ഡവമായിരുന്നു.' ഇങ്ങ് കേരളത്തില്‍ ആലുവാ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അതുകണ്ട് പുഴയുടെ കരയില്‍ സുരക്ഷിതനായി നിന്നുകൊണ്ട് ക്ഷേത്രപൂജാരി സായൂജ്യമടഞ്ഞതിങ്ങനെ: 'ശിവന്‍ ജലക്രീഡ നടത്തുകയാണ്.' ഉത്തരാഖണ്ഡില്‍ ജടയഴിച്ചാടിയ ശിവന്‍ ആലുവായില്‍ ജലക്രീഡ നടത്തി! മനുഷ്യത്വവും ബോധവുമുള്ള ഒരാള്‍ക്ക് ഇങ്ങനെയൊക്കെ പറയാനേ കഴിയുന്നുള്ളുവെങ്കില്‍ മനോരോഗികള്‍ക്ക് ഇവരില്‍ നിന്ന് എന്തു വ്യത്യാസം?

ഉത്തരാഖണ്ഡിലെ മൊത്തം വിസ്തൃതിയുടെ തൊണ്ണൂറ്റഞ്ച് ശതമാനവും മലനിരകളായ പര്‍വത പ്രദേശമാണ്. അറുപത്തിനാല് ശതമാനവും വനനിബിഡവുമാണ്. സാധാരണ രീതിയില്‍ സഞ്ചാര സൗകര്യമില്ലാത്ത ഈ പ്രദേശത്ത് എല്ലാ ഹിന്ദു ദൈവങ്ങളുടെയും ക്ഷേത്രങ്ങളുണ്ടാക്കി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വഴി കോടികള്‍ സമ്പാദിക്കുന്നവര്‍ക്കും, വിനോദ സഞ്ചാരത്തിന്റെ പേരില്‍ ഹോട്ടലുകള്‍ നടത്തി കോടികള്‍ വാരിക്കൂട്ടുന്ന കോര്‍പ്പറേറ്റുകള്‍ക്കും ഈ ദുര്‍ഘടം പിടിച്ച ഭൂപ്രദേശത്തിന്റെ അപകടസാധ്യത പ്രശ്‌നമല്ല; പണത്തോടുള്ള ദുരാഗ്രഹത്താല്‍ നമ്മുടെ സ്വാമിമാരും ആള്‍ദൈവങ്ങളും തീര്‍ത്ഥാടനയാത്രകള്‍ സംഘടിപ്പിച്ച് മറ്റൊരു വ്യവസായം നടത്തുന്നു. തിരുവനന്തപുരത്തെ ഒരു പ്രശസ്തനായ സ്വാമി ഈയിടെ അത്തരത്തില്‍ ഒരു തീര്‍ത്ഥാടനം സംഘടിപ്പിച്ചു. അതിലുള്‍പ്പെട്ട നാല് ചെറുപ്പക്കാര്‍ ഗംഗയില്‍ മുങ്ങിത്താണപ്പോള്‍ ആ സ്വാമിക്ക് ആ രംഗം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു.

എണ്‍പത്താറ് ശതമാനം ഹിന്ദുക്കളും 18.8 ശതമാനം മുസ്ലീങ്ങളും 2.3 ശതമാനം സിഖുകാരും 1.5 ശതമാനംക്രിസ്ത്യാനികളും ബുദ്ധ ജൈന പാഴ്‌സികളുമൊക്കെ അടങ്ങിയതാണ് ഇവിടത്തെ ജനസമൂഹം. ഇന്ത്യയില്‍ ഏറ്റവുമധികം ബ്രാഹ്മണര്‍ അധിവസിക്കുന്ന സംസ്ഥാനവും (20%) ഉത്തരാഖണ്ഡ് ആണ്.

ഈ മലമ്പ്രദേശം ഇന്ത്യയുടെ തറവാടാണ് പോലും! വേദങ്ങളും ഉപനിഷത്തുകളും ഇവിടെയാണ് രചിക്കപ്പെട്ടത്, ഇവിടത്തെ നദികളുടെ തീരത്താണ് മഹത്തായ കൃതികള്‍ രൂപപ്പെട്ടത്, സരസ്വതീ നദിയുടെ കരയിലാണ് വ്യാസഗൃഹം, ഇവിടെയിരുന്നാണത്രെ വ്യാസന്‍ മഹാഭാരതം രചിച്ചത്, ഇങ്ങനെ പോകുന്നു ദേവഭൂമിയെക്കുറിച്ചുള്ള വിശേഷണങ്ങളും പ്രശംസകളും.

പുരാവസ്തു ഗവേഷണ പ്രകാരം ക്രിസ്തുവിനു മുമ്പുതന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഘോരവനത്തിനുള്ളില്‍, വന്‍ നദികളുടെ കരയില്‍ മറ്റ് ലോക സംസ്‌കാരങ്ങളെപ്പോലെ ഒരു സംസ്‌കാരം നിലനിന്നിരുന്നതായി ഒരു തെളിവുമില്ല. അശോക ചക്രവര്‍ത്തിയുടെ ബുദ്ധമത ശിലാലിഖിതങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ കഠിനമായ മഞ്ഞുവീഴ്ച അനുഭവിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. വന്യമൃഗങ്ങളാലും പ്രകൃതിക്ഷോഭങ്ങളാലും ഭൂമിശാസ്ത്രപരമായ ദുര്‍ഘടങ്ങളാലും അഗാധ ഗര്‍ത്തങ്ങളാലും ഭീകരമായ പര്‍വതനിരകളാലും പ്രകൃതിയുടെ രൗദ്രഭാവങ്ങളുടെ പ്രതീകമായ ഈ പ്രദേശത്ത് ഗുഹയിലിരുന്ന വ്യാസമഹര്‍ഷി ഡിക്‌റ്റേഷന്‍ കൊടുത്ത് ഗണപതി കുറിച്ചെടുത്തതാണത്രെ മഹാഭാരതം! ലഭ്യമായ തെളിവുകളുടെയും ശാസ്ത്രീയ വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ രാമായണവും മഹാഭാരതവും രചിക്കപ്പെട്ടത് എ.ഡി 200 ല്‍ എന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ മതപണ്ഡിതന്മാര്‍ക്കും സ്വാമിമാര്‍ക്കും വന്‍മലകളും വന്‍നദികളും ആരാധനാമൂര്‍ത്തികളാണ്. കാരണം അവയെ കീഴടക്കാനുള്ള കഴിവില്ലാത്തതുകൊണ്ടുതന്നെ. അവയെയൊക്കെ ദൈവവല്‍ക്കരിച്ച് സൂത്രപ്പണികളും കെട്ടുകഥകളും നിഗൂഢതകളിലൂടെയുള്ള മാന്ത്രിക വിദ്യകളും കണ്ടെത്തി ഒരു വിശ്വാസിപ്പടയെ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്.

2029 അടി പൊക്കമുള്ള എവറസ്റ്റിനെ പോലും കീഴടക്കുന്നതിന് എഡ്മണ്ട് ഹിലാരി എന്ന സായിപ്പ് വേണ്ടിവന്നു. എവറസ്റ്റ് എന്ന പേര് പോലും സായിപ്പിന്റേതാണ്. റോയല്‍ ജോഗ്രഫിക്കല്‍ സൊസൈറ്റിയുടെ സര്‍വെയര്‍ ജനറലായ സര്‍ ജോര്‍ജ് എവറസ്റ്റിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പിന്‍ഗാമി ആന്‍ഡ്രൂ വോ ആണ് ഈ പേര് നല്‍കിയത്. 1865 ലാണ് Trignometric സര്‍വെ പ്രകാരം എവറസ്റ്റിന്റെ പൊക്കം പോലും നാമറിയുന്നത്. ഗുഹയിലിരുന്ന് മഹാകാവ്യങ്ങള്‍ രചിച്ചവര്‍ക്ക് ഇതൊന്നും കഴിഞ്ഞിരുന്നില്ലല്ലോ. അതു മാത്രവുമല്ല 2029 അടി കീഴടക്കിയ മനുഷ്യന്റെ ശാസ്ത്രവിപ്ലവത്തിലൂടെ മൂന്നു ലക്ഷത്തില്‍പ്പരം കിലോമീറ്റര്‍ ദൂരത്തുള്ള ചന്ദ്രനിലും കാലുകുത്തി. 56.30 കോടി കിലോമീറ്റര്‍ ദൂരത്തുള്ള ചൊവ്വയില്‍ മനുഷ്യനിര്‍മ്മിതമായ ക്യൂരിയോസിറ്റി എന്ന ലബോറട്ടറി ശാസ്ത്രഗവേഷണങ്ങള്‍ നടത്തി ദിനംതോറും, നമ്മെ അതിശയിപ്പിക്കുന്ന പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, ചൊവ്വയില്‍ ജലമുണ്ടെന്നും അത് നൂറുകോടി വര്‍ഷം അവിടെ നിലനിന്നിരുന്നു എന്നും ഏതോ ജീവജാലങ്ങള്‍ അവിടെ ഉണ്ടായിരുന്നുവെന്നും ഒക്കെ നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നു. അതുകഴിഞ്ഞ് വോയേജര്‍-1 എന്ന ഉപഗ്രഹം കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷം കൊണ്ട് ആയിരത്തി എണ്ണൂറ് കോടി കിലോമീറ്റര്‍ സഞ്ചരിച്ച്, സൗരയൂഥത്തിന്റെ അതിര്‍ത്തിയും കടന്ന് മഹാപ്രപഞ്ചത്തിലേക്ക് ഊളിയിട്ട് പറക്കുന്നു; പ്രപഞ്ചത്തിലെ നമ്മുടെ ബന്ധുക്കളെത്തേടി. മറിച്ച് ഇവിടെ നമ്മളാവട്ടെ പര്‍വത നിരകളെയും വന്‍നദികളെയും ദൈവങ്ങളാക്കി, കൊടുമുടികളില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തി നമ്മെ വീണ്ടും പ്രാകൃതരാക്കുന്നു. കേരളത്തില്‍ നിന്നും ഏതാണ്ട് നാലായിരം കിലോമീറ്ററുകള്‍ക്കകലെയുള്ള ബദരീനാഥ് ക്ഷേത്രത്തില്‍ എട്ടാം ശതകത്തില്‍ തപസ്സിന്റെ അന്ത്യത്തില്‍ ജ്ഞാനോദയമുണ്ടായി എന്നും ആ ഗുഹയിലിരുന്നാണ് ആദിശങ്കരന്‍ ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങളെഴുതിയതെന്നുമാണ് മറ്റൊരു കെട്ടുകഥ. ഇന്നേക്ക് ഏതാണ്ട് ആയിരത്തി ഇരുന്നൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ്, റോഡുകളും പാലങ്ങളുമൊന്നുമില്ലാതിരുന്ന കാലത്ത് ശങ്കരാചാര്യര്‍ നാലായിരം കിലോമീറ്റര്‍ താണ്ടി അവിടെച്ചെന്ന് ഭാഷ്യങ്ങളും മറ്റും രചിച്ചു എന്ന് പറയുന്നത് ഏത് യുക്തിക്കാണ് നിരക്കുന്നത്? ഏ.ഡി. എണ്ണൂറില്‍ ശങ്കരാചാര്യര്‍ ജീവിച്ചിരുന്നു എന്ന് കണ്ടെത്തിയതുപോലും പത്തൊമ്പതാം നൂറ്റാണ്ടിലാണെന്ന് കൂടെ നാമോര്‍ക്കുക. (1920-ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത്) എം.പി വീരേന്ദ്ര കുമാറിന്റെ 'ഹൈമവതഭൂവില്‍'എന്ന പുസ്തകത്തില്‍ ഈ ദേവഭൂമിയെപ്പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ചില സ്വാമിമാരുടെ രീതികള്‍ അറിയുന്നതിനുവേണ്ടി പുസ്തകത്തിലെ ഒരു ഭാഗം ഇവിടെ ചേര്‍ക്കട്ടെ (പേജ് 98). 'ഞങ്ങളില്‍ പലരും മുമ്പ് ഹരിദ്വാറില്‍ വന്നിരുന്നു. ആദ്യമായെത്തിയവര്‍ വിസ്മയത്തോടെയാണ് ഈ തീര്‍ത്ഥാടന കേന്ദ്രത്തെ കണ്ടത്. കാണുന്നതൊക്കെ അവര്‍ക്ക് പുതുമയായിരുന്നു. ധ്യാനലീനരായി കഞ്ചാവ് വലിക്കുന്ന ജഡാധാരികളായ സ്വാമികളെ ശ്രീനിവാസനും നേമിയും മറ്റും അവിശ്വസനീയഭാവത്തില്‍ നോക്കിനിന്നു. ഒരു ആല്‍വൃക്ഷത്തിന്റെ ചുവട്ടില്‍ ഉടുവസ്ത്രമില്ലാതെ, ശരീരമാസകലം ഭസ്മം വാരിപ്പൂശി, വലിയ രുദ്രാക്ഷമാലകളണിഞ്ഞ് ഒരു സന്യാസിയിരിക്കുന്നുണ്ടായിരുന്നു. ദിഗംബരന്മാര്‍ തന്നെയായ വേറെ കുറെ സന്യാസിമാരും അദ്ദേഹത്തിനു ചുറ്റുമിരുന്നു. ദണ്ഡുകളും കമണ്ഡലങ്ങളുമൊക്കെയായുള്ള അവരുടെ ഇരുപ്പ് ഞങ്ങളില്‍ പലരിലും ജിജ്ഞാസയുളവാക്കി. എന്റെ സഹോദരി ബ്രാഹ്മിളാദേവി അവരുടെ മുഖ്യന്റെ വയസന്വേഷിച്ചു. ഉടനെ വന്നു ഉത്തരം: ആയിരം. മറ്റുള്ള സന്യാസിമാരൊക്കെ ഗൗരവത്തോടെ ശിരസ്സിളക്കി. അവരുടെ മുന്നില്‍ വിരിച്ച കമ്പളത്തില്‍ ഭക്തന്മാര്‍ അര്‍പ്പിച്ച നാണ്യത്തുട്ടുകള്‍ കിടന്നു.' കഞ്ചാവിന്റെ മാസ്മരലഹരിയില്‍ കഴിയുന്ന സന്ന്യാസിമാരുടെ ആയുസ്സ് ആയിരമല്ല, പതിനായിരവുമാകും. അവിടെ എങ്ങും കഞ്ചാവ് വിരുദ്ധ മദ്യവിരുദ്ധസമിതിക്കാരെ കാണാറില്ല. പോലീസുമില്ല.

നമ്മുടെ തറവാടാണ് ഹിമാലയമെന്നും ഗംഗാ പ്രദേശമെന്നും വാദിക്കുന്നവര്‍ നമ്മുടെ ഹാരപ്പന്‍ സംസ്‌കാരത്തെപ്പറ്റി ഉരിയാടാറേയില്ല. ബുദ്ധമത സംസ്‌കാരത്തെപ്പറ്റിയും മിണ്ടാറില്ല. ബി.സി. 2500 ലെ സിന്ധു നദീതട സംസ്‌കാരം കണ്ടെത്തപ്പെട്ടതുപോലും 1923 ല്‍! അതും ഒരു യാദൃശ്ചികതയില്‍ കൂടെ; 1856 ല്‍ ഇന്ത്യയുടെ ആദ്യ റെയില്‍വേ പാതയ്ക്കുവേണ്ടി (കറാച്ചി - ലാഹോര്‍) നൂറ്റിയറുപത്തഞ്ച് കിലോമീറ്റര്‍ ബലപ്പെടുത്താന്‍ ഹാരപ്പാ ഗ്രാമത്തില്‍ നിന്നുള്ള ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചപ്പോള്‍ അതൊരു വലിയ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് നാം മനസ്സിലാക്കിയിരുന്നില്ല. 1921 ല്‍ ജോണ്‍ മാര്‍ഷല്‍ എന്ന പുരാവസ്തു ഗവേഷകന്‍ അവിടെ ഉല്‍ഖനനം നടത്തി തെളിവുകള്‍ കണ്ടെത്തി പ്രഖ്യാപിച്ചു, നമ്മുടെ ഇന്‍ഡസ്‌വാലി സിവിലൈേസഷന്റെ മഹത്വങ്ങള്‍. ഇതല്ലേ നമ്മുടെ യഥാര്‍ത്ഥ തറവാട്? നൂറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഉദ്ഖനനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഇന്നേക്ക് നാലായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സംസ്‌കാരത്തിന്റെ ഭാഗമായ അന്നത്തെ ലിപികള്‍ പോലും ഇന്നേവരെ വായിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഈയവസ്ഥയിലാണ് നമ്മുടെ സ്വാമിമാര്‍ പറയുന്നത് മഹാഭാരതത്തിന്റെ ബാക്കി ഭാഗമെഴുതാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന്. എന്തൊരു ഗതികേട്.

ഈയിടെ ഒരു സുഹൃത്തിന് കേരളത്തില്‍ നിന്നും ഔദ്യോഗികാവശ്യത്തിലേക്കായി ജര്‍മനി സന്ദര്‍ശിക്കേണ്ടിവന്നു. കൂട്ടത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്കും യാത്ര ചെയ്തു. അവിടെ കണ്ട ആല്‍പ്‌സ് പര്‍വ്വതനിരയുടെയും, ആ പര്‍വതനിരയിലും അതിന്റെ താഴ്‌വാരത്തിലുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളെക്കുറിച്ചുമുള്ള സ്‌നേഹിതന്റെ വിവരണം: ''യൂറോപ്പ് മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഈ പര്‍വതനിരകള്‍ എത്ര മനോഹരമാണ് ! കേബിള്‍കാര്‍ സംവിധാനം വഴി പതിനയ്യായിരം അടിയില്‍പ്പരം ഉയരത്തിലെത്താന്‍ കഴിയുന്നു. ഏറ്റവും ഉയരത്തിലുള്ള പര്‍വതശിഖരത്തില്‍ ബിയര്‍ പാര്‍ലറും ലിക്കര്‍ പാര്‍ലറും ഉണ്ടായിരുന്നു. ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രമായിട്ടാണ് ഇത് സംരക്ഷിക്കപ്പെടുന്നത്. ഒരു വര്‍ഷം നൂറ് മില്യണ്‍ സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരുന്നത്. വിനോദസഞ്ചാരത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം ഈ വിനോദസഞ്ചാരകേന്ദ്രത്തിലോ പരിസരത്തോ യാതൊരുവിധ മതപരമായ ചിഹ്നങ്ങളോ ആചാരവിശേഷങ്ങളോ കാണാന്‍ സാധിച്ചില്ല എന്നതാണ്....''. നമ്മുടെ ഹിമാലയവും ഇത്തരത്തില്‍ പരുവപ്പെടുത്താന്‍ നാം എന്തുകൊണ്ട് മടിച്ചുനില്‍ക്കുന്നു? ആല്‍പ്‌സ് പര്‍വതനിരകളിലെ ഗുഹകളിലിരുന്ന് ഇന്നേവരെ ആരും മഹത്തായ രചന നടത്തിയതായി കേട്ടുകേള്‍വി പോലുമില്ല. പര്‍വ്വതങ്ങള്‍ക്ക് ദിവ്യത്വം കല്പിച്ചിട്ട് എന്തുനേടാന്‍ ?

പ്രളയത്തെ ശിവന്റെ താണ്ഡവമാണെന്ന് വിലപിച്ച് അതില്‍ ആത്മീയ നിര്‍വൃതിയടയുന്നവര്‍ അങ്ങ് ചൈനയിലും കാനഡയിലും തെക്കേ അമേരിക്കയിലുമുണ്ടായ പ്രളയക്കെടുതികള്‍ കൂടെ ശിവന്‍ ജടയഴിച്ചാടിയതു കൊണ്ടാണെന്ന് വാദിക്കുമോ?

(2013 ആഗസ്റ്റ്, യൂക്തിരേഖ)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ