"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

കേരളത്തില്‍ ഗോമാംസം ഭക്ഷിച്ചിരുന്നില്ലേ..?


ഗോസംരക്ഷകര്‍ തേര്‍വാഴ്ച നടത്തുന്ന കാലമാണല്ലോ ഇത്. ചത്ത പശുവിന്റെ തോലുരിച്ചകുറ്റത്തിന് ഗോസംരക്ഷകരുടെ അടിയേറ്റ് മനുഷ്യര്‍ വധിക്കപ്പെടുന്നു..! കഴിച്ച മാംസം പശുവിന്റേതാണെന്ന് ആരോപിക്കപ്പെട്ട് ഗോസംരക്ഷകരുടെ അടിയേറ്റ് നിരപരാധികള്‍ കൊല്ലപ്പെടുന്നു...! എന്നാല്‍ ഈ കൊലയാളികള്‍ ആരാണ്..? അസ്സല്‍ ഗോമാംസഭക്ഷകരുടെ പാരമ്പര്യമുള്ളവര്‍ തന്നെ എന്ന് ചരിത്രം തെളിവ് നല്‍കുന്നു. എന്നാല്‍ ആ പരമ്പരയില്‍ പെട്ടവര്‍ 'ഗോവിജിലന്റിസ'ത്തിന്റെ പേരില്‍ സമൂഹത്തിനുമേല്‍വിരിച്ചിട്ടുള്ള ഭീതിയാണ് സമീപകാലത്തെ ആകുലതകളില്‍ പ്രമുഖമായ മറ്റൊന്ന്!

കാലങ്ങളായി ചത്തപയ്യിന്റെ തോലുരിച്ച് ജിവസന്ധാരണം നടത്തിവന്നിരുന്നവരാണ് ചമാറുകള്‍. ഈ തൊഴില്‍ ചെയ്യുന്നതില്‍ നിന്നാണ് ചമാര്‍ ജനസമുദായത്തിന് ആ പേര് വന്നതുതന്നെ. 'ചര്‍മകാര്‍' എന്ന വാക്കിന്റെ രൂപഭേദമാണ് 'ചമാര്‍'. തോലുരിക്കല്‍ ചമാറുകള്‍ക്ക് കേവലം ഉപജിവനമാര്‍ഗം മാത്രമല്ല, വ്യവസായം കൂടിയായിരുന്നു. ചമാറുകളുടെ ശേഷിയില്‍ അഭിവൃദ്ധിപ്രാപിച്ചിരുന്ന ഇന്ത്യന്‍ തുകല്‍ വ്യവസായം 'കൗ വിജിലന്റിസം' മൂലം ഇന്ന് തകര്‍ച്ചയെ നേരിടുകയാണെന്ന് പത്രറിപ്പോര്‍ചട്ടുകള്‍ സൂചിപ്പിക്കുന്നു. (ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈന്‍ പത്രികയുടെ 2018 ആഗസ്റ്റ് 31 ലെ റിപ്പോര്‍ട്ട്)

ഗോസംരക്ഷകര്‍ എന്തുതന്നെ അവകാശവാദം ഉന്നയിച്ചാലും അത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നുകാണാം. ഒരിക്കലും അവര്‍ മാംസഭക്ഷകര്‍ - ഗോമാംസഭക്ഷകര്‍ അല്ലാതിരുന്നിട്ടില്ലെന്നുള്ളതിന് ചരിത്രത്തില്‍ വേണ്ടുവോളം തെളിവുകളുണ്ട്. പശുവിനെ കശാപ്പുചെയ്യുന്നതിന് ശാസ്ത്രീയമായ രീതിപോലും അവര്‍ അവലംബിച്ചിരുന്നു. ആ രീതിയെ സംബന്ധിച്ച് ഒരു സചിത്രവിവരണം മലയാളം എന്‍സൈക്ലോപീഡിയയില്‍ കൊടുത്തിട്ടുണ്ട്. അതില്‍ നിന്നും പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു, ചിത്രം സഹിതം-

'.....അതിപുരാതനകാലം മുതല്‌ക്കേ ഒരു പ്രധാന ഭക്ഷണപദാര്‍ത്ഥമായി മനുഷ്യന്‍ മാംസം ഉപയോഗിച്ചുവരുന്നു. ആഹാരത്തിനുവേണ്ടി വേട്ടയാടുന്ന സമ്പ്രദായം കാലക്രമേണ മനുഷ്യന്‍ ഉപേക്ഷിക്കുകയും ഭക്ഷ്യാവശ്യത്തിനുവേണ്ടിവരുന്ന മൃഗങ്ങളേയും പക്ഷികളേയും പ്രത്യേകം വളര്‍ത്തുന്നതിനു ശീലിക്കുകയും ചെയ്തു. ഇന്നും മനുഷ്യന്‍ വേട്ടയാടാറുണ്ടെങ്കിലും അതിന്റെ മുഖ്യലക്ഷ്യം ആഹാരസമ്പാദനമല്ല, വിനോദം ആണ്.

ആട്, മാട്, പോത്ത്, പന്നി തുടങ്ങിയ മൃഗങ്ങളുടേയും കോഴി, താറാവ് തുടങ്ങിയ പക്ഷികളുടേയും മാംസമാണ് മനുഷ്യന്‍ സാധാരണമായി ഭക്ഷിക്കുന്നത്. എന്നാല്‍ കുതിര, ഒട്ടകം, ആന, നീര്‍ക്കുതിര, കാണ്ടാമൃഗം, പട്ടി തുടങ്ങിയ മറ്റു പല സസ്തനജീവികളുടേയും പാമ്പ്, ഉടുമ്പ് തുടങ്ങിയ ഇഴജന്തുക്കളുടേയും തവള, കക്ക, ഞണ്ട് തുടങ്ങിയ ജലജീവികളുടേയും മാംസം മനുഷ്യന്‍ ഭക്ഷിച്ചുവരുന്നുണ്ട്. അപൂര്‍വം ചില കാട്ടുവര്‍ഗക്കാര്‍ മനുഷ്യമാംസവും ഭക്ഷണത്തിനുപയോഗപ്പെടുത്തുന്നുണ്ട്. നരബലി നിലവിലിരുന്ന കാലത്ത് ഇന്ത്യയില്‍ മനുഷ്യമാംസത്തെ മാംസാഹാരം എന്നു വിശേഷിപ്പിച്ചിരുന്നു. ചില ജനവര്‍ഗങ്ങളുടെ ഇടയില്‍ ചില പ്രത്യേകതരം ജന്തുക്കളുടെ മാംസം ഭക്ഷിക്കുന്നതിനെ വിലക്കിയിട്ടുണ്ട്. ജൂതന്മാര്‍, ക്രൈസ്തവരില്‍ ചില വിഭാഗക്കാര്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്ക് കുളമ്പ് കീറിയിട്ടില്ലാത്തവയും അയവിറക്കാത്തവയുമായ പന്നി, പട്ടി തുടങ്ങിയ ജന്തുക്കളുടെ ഇറച്ചി നിഷിദ്ധമാണ്. ഹൈന്ദവവിഭാഗങ്ങളില്‍ ഏറിയ പങ്കിനും പശുവിനെ കൊല്ലുന്നതിനോടുതന്നെ വൈകാരികമായ എതിര്‍പ്പുണ്ട്; മാംസം ഭക്ഷിക്കാത്തവരുമുണ്ട്. എന്നാല്‍ പ്രാചീനഭാരതത്തില്‍ മാംസാഹാരം വര്‍ജ്യമായിരുന്നില്ല. ഇറച്ചിക്കുവേണ്ടി പ്രത്യേകം വളര്‍ത്തി തടിവെപ്പിച്ച കാളക്കിടാവിനേയും പശുക്കുട്ടിയേയും മറ്റം അറുത്തു പാചകം ചെയ്തു പ്രശസ്താതിഥികള്‍ക്കു കൊടുക്കാറുള്ളതായി മഹാഭാരതത്തിലും പലതരം ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതായി രാമായണത്തിലും പ്രസ്താവനകള്‍ കാണുന്നു. ഭവഭൂതിയുടെ 'ഉത്തരരാമചരിതം' നാടകത്തിലും ഇത്തരം പരാമര്‍ശമുണ്ട്. പശുവിന്റെ ഇറച്ചി ഒരു പ്രത്യേകരീതിയില്‍ പാചകം ചെയ്ത് ഗര്‍ഭിണികള്‍ക്കു നല്കിയാല്‍ ബുദ്ധിശാലിയും വാഗ്മിയുമായ പുത്രന്‍ ജനിക്കുമെന്ന് 'ബൃഹദാരണ്യകോപനിഷത്തില്‍' പ്രസ്താവിച്ചിട്ടുണ്ട്. *'മനുസ്മൃതി'യും മാംസാഹാരത്തെ അനുകൂലിക്കുന്നു. അഗ്നിഹോത്രം മുതലായ യാഗങ്ങള്‍ നടത്തുമ്പോള്‍ ബലിമൃഗമായ ആടിന്റെ മാംസം ബ്രാഹ്മണര്‍ ഭക്ഷിക്കാറുണ്ട്. തടിച്ച കാളക്കുട്ടികളെ അറുത്ത് വിരുന്നൊരുക്കുന്ന പതിവിനെക്കുറിച്ച് ബൈബിളിലും സൂചനകള്‍ കാണുന്നുണ്ട്.....'

* മനുസ്മൃതിയിലെ ഗോഹത്യ- ' ഒരു ശൂദ്രനെ കൊല്ലുക എന്നതു ഒരു പൂച്ചയേയോ, കീരിയേയോ, തവളയേയോ, പട്ടിയേയോ, കഴുതയേയോ, മൂങ്ങയേയോ, പശുവിനേയോ കൊല്ലുന്നതുപോലെ ഒരു നിസ്സാര പാപം മാത്രമാണ് (മനു. 11:131)'

അതിവിദഗ്ധമായ രീതിയവലംബിച്ചുതന്നെ പശുവിനെ കശാപ്പുചെയ്ത് ഭക്ഷിച്ചിരുന്നവര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഗോസംരക്ഷകരായി ചമയുന്നതിന് പിന്നിലെ രാഷ്ട്രീയ നിഗൂഢലക്ഷ്യമെന്താണ്.?അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ