"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ലൂസി പറയുന്ന കഥ: ആരാണ് ഇന്ത്യാക്കാര്‍ - 4 . ഐ ശാന്തകുമാര്‍


ഫോസിലുകളൊന്നും ഭൂമിയുടെ ഉപരിതലത്തില്‍നിന്നും വളരെ താഴെയല്ല കാണുന്നത്. ഭൂമിയുടെ പുറന്തോട് 30-40 മൈല്‍ മാത്രം കട്ടിയുള്ള ഒരു പാളിയാണ്. ഉള്ളുമായി തട്ടിച്ചുനോക്കിയാല്‍ എത്രയോ ശീതളമായ ഭാഗം. ഈ പുറന്തോടിന്റെ വിവിധ അട്ടികളില്‍പ്പെട്ടാണ് ഫോസിലുകള്‍ കാണപ്പെടുന്നത്. ആസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളില്‍ 350 കോടി വര്‍ഷം പഴക്കമുള്ള പാറപ്പാളികളുണ്ട്. അവയെടുത്തു പരിശോധിക്കുമ്പോള്‍ 'മൈക്രോ ഫോസില്‍' എന്നു നാം വിളിക്കുന്ന അതിസൂക്ഷ്മ ജീവികളുടെ അവശിഷ്ട മുദ്രകള്‍. ഇത്തരം അതിപ്രാചീന ശിലാപാളികളില്‍ ജൈവപരിണാമത്തിന്റെ കഥകള്‍ കാലം പകര്‍ത്തിവെച്ചിരിക്കുന്നു. വര്‍ഷങ്ങളല്ല, യുഗങ്ങള്‍ കടന്നുപോയി; ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍. പ്രാചീന ജീവികളില്‍ അപ്പോഴും കാര്യമായ പരിണാമമൊന്നും വന്നില്ല. എന്നാല്‍ ഏതാണ്ട് 57 കോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് ആശ്ചര്യകരമായ ചില സംഗതികളുണ്ടായി. ആ ശിലാപാളികളില്‍ പതിഞ്ഞുകണ്ട ഫോസിലുകള്‍ നമുക്ക് ഒരു കാര്യം വ്യക്തമാക്കിത്തന്നു. ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിപ്പോയി എന്ന കാര്യം. അത് ഏതോ വാല്‍നക്ഷത്രം വന്നിടിച്ചതിന്റെ പ്രത്യാഘാതമാകാം. അല്ലെങ്കില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥ-പരിസ്ഥിതി മാറ്റം കൊണ്ടാകാം. എന്തായാലും അതൊരു സമഗ്രനാശമായിരുന്നു.

അതു കഴിഞ്ഞപ്പോള്‍ ഭൂമുഖത്തിന്റെ അവസ്ഥ എന്തായിരുന്നിരിക്കാം? അത്യുഷ്ണം? അതോ അതിശൈത്യമോ? രണ്ടായാലും ജീവികള്‍ക്ക് അതിജീവനം അസാദ്ധ്യം. അപൂര്‍വ്വം ചില ജീവികള്‍ മാത്രമെ അവശേഷിച്ചുള്ളു. അവയാകട്ടെ, വളര്‍ന്നു; പെരുകി; രൂപാന്തരപ്പെട്ടു. പിന്നെയും പെരുകി. പ്രാചീനമായ പാറയട്ടികള്‍ പിന്നെയും കഥ പറഞ്ഞു. വികസനത്തിന്റെ വിചിത്ര വഴികളെപ്പറ്റി; നൈരന്തര്യമില്ലായ്മയെപ്പറ്റി; അസ്ഥിഘടനയില്‍ കാര്യമായ വ്യതിയാനമൊന്നും ഉണ്ടാകാത്തതിനെപ്പറ്റി; വീണ്ടുമൊരു സര്‍വനാശത്തെപ്പറ്റി; പിന്നെയും മുളച്ചു വികസിച്ച ജീവമുകുളങ്ങളെപ്പറ്റി .... ഈ പാറപ്പാളികളും ഫോസിലുകളായ ജൈവശിലാമുദ്രകളും നമ്മുടെ ചാള്‍സ് ഡാര്‍വിന്റെ പരിണാമവാദത്തെ നിരാകരിക്കുന്നില്ല. എങ്കിലും പരിണാമഗതി ഇടയ്‌ക്കൊരുകാലം മന്ദഗതിയിലായത് പാറപ്പാളികളില്‍ കാണാം. ഈ ത്വരിതവികാസ ഘട്ടത്തെയാണ് നാം 'കാംബ്രിയന്‍ വികാസകാലം' എന്നു വിളിക്കുന്നത്. പരിണാമചരിത്രത്തിലെ ഏറ്റവും പ്രധാന ദശയാണിത്. പല കോശങ്ങളുള്ള ജീവികളുടെ അവശിഷ്ടങ്ങള്‍ ആദ്യമായി കാണപ്പെടുന്ന ദശ. കാംബ്രിയനുമുമ്പുള്ള കാലത്തൊന്നും ബഹുകോശ ജീവികളുണ്ടായിരുന്നതിന് തെളിവില്ല. കാംബ്രിയനു മുമ്പുള്ള കാലമെന്നാല്‍ 70 കോടി വര്‍ഷംമുമ്പ്. അക്കാലത്തെ പാറപ്പാളികളിലും ഏകകോശ ജീവികളുടെ അവശിഷ്ടങ്ങളേ കാണാനുള്ളു. കാലാവസ്ഥയില്‍ വളരെ വലിയ ഒരു വ്യതിയാനം പെട്ടെന്നുണ്ടായതായി കാണുന്നുണ്ട്. അതീവ ഭയങ്കരമായ ഏതോ ആഘാതത്തില്‍ അഗ്നിപ്രളയംപോലെ ഏതോ ഒന്ന് ഉണ്ടായതായി അനുമാനിക്കാവുന്ന സാഹചര്യം കാണുന്നു. പൊടിപടലം ഉയര്‍ന്നിരിക്കാം. പുകക്കൊടുങ്കാറ്റ് വീശിയിരിക്കാം. അങ്ങനെ സൂര്യപ്രകാശം തടയപ്പെട്ടിരിക്കാം. ദീര്‍ഘമായി നീണ്ടുപോയ ഇരുളില്‍ അന്തരീക്ഷം തണുത്തുറഞ്ഞിരിക്കാം. ആ പ്രാചീന കടലുകളൊക്കെ മഞ്ഞുപാളികളായി ഉറഞ്ഞുപോയിരിക്കാം. വര്‍ഷങ്ങളോളം ഈ നില തുടര്‍ന്നു പോയിരിക്കാം. പിന്നീട് ഏതോ ഒരു കാലം ആകാശം തെളിയുന്നു. വെയില്‍ വീഴുന്നു. ചൂട് തിരിച്ചുവരുന്നു.... നോക്കൂ, പരിണാമത്തിന്റെ പുതിയ ഗതിയില്‍ പുതിയ ജീവജാലങ്ങളുടെ വരവായി.


ചോദ്യം ഇതാണ്: ആഗോളതലത്തില്‍ ഒരു കാലാവസ്ഥ - പരിസ്ഥിതി മാറ്റം ഉണ്ടായപ്പോള്‍, അതിന്റെ സമ്മര്‍ദ്ദത്താല്‍ പുതിയ ജീവിവര്‍ഗ്ഗങ്ങളുണ്ടായി എന്നാണോ? പെട്ടെന്നുണ്ടായ സാഹചര്യം അതിജീവിക്കാന്‍ കഴിഞ്ഞ ജീവികള്‍ ശേഷിച്ചു. മറ്റുള്ളതെല്ലാം ചത്തടിഞ്ഞു. ഫോസിലുകളുടെ ചരിത്രം ഇതെല്ലാം കാണിക്കുന്നു.


ജീവികള്‍ തമ്മില്‍ മേധാവിത്വത്തിനുവേണ്ടി നടന്ന വലിയ മത്സരങ്ങളുടെ കഥയും പാറപ്പാളികളിലുണ്ട്. കാനഡയില്‍ നിന്നാണ് ഇതിന്റെ തെളിവുകള്‍ കിട്ടിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ബര്‍ഗസ് ഷെയ്ല്‍ എന്ന പാറപ്പാളിമടയില്‍ നിന്ന് കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിലാണ് ഒരു പ്രധാന കണ്ടെത്തല്‍ ഉണ്ടായത്. ആ പാറമടയിലാണ് ആദ്യത്തെ ബഹുകോശ ജീവികളുടെ അവശിഷ്ടം കണ്ടെത്തിയത്. ഭൂശാസ്ത്രജ്ഞന്മാര്‍ ആ ജീവികളുടെ കാലഘട്ടത്തെ കാംബ്രിയന്‍യുഗം എന്നു വിളിക്കുന്നു. ജൈവ പരിണാമദശയെക്കുറിച്ചുള്ള ആദ്യ തെളിവാണ് 'ബര്‍ഗസ് ഷെയ്ല്‍' പാറമട നല്‍കുന്നത്. ഭൂമിയിലെ നവീന ജീവിതാരംഭത്തിന്റെ ആദ്യത്തെ തെളിവ്! ഇതു കിട്ടിയപാടെ തന്നെ ജിയോളജിസ്റ്റുകള്‍ (ഭൂശാസ്ത്രജ്ഞര്‍) ഭൂമിയിലെങ്ങും പ്രാചീന പാറപ്പാളികള്‍ പരതാന്‍ തുടങ്ങി. പെട്ടെന്നുണ്ടായ 'ജൈവ വിസ്‌ഫോടനം' കാനഡയിലെ ആ പാറമടയില്‍ മാത്രമാണോ, അതോ ഭൂമിയിലെ മറ്റു പ്രദേശങ്ങളിലും സംഭവിച്ചോ? ഇതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കാനഡയില്‍ മാത്രമല്ല, ഭൂമിയിലെങ്ങും ഈ പ്രതിഭാസത്തിന്റെ തെളിവുകള്‍ അവര്‍ക്കു കണ്ടെത്തുവാനും കഴിഞ്ഞു.


ബര്‍ഗസ് ഷെയ്ല്‍ ഒരു ചെറിയ പാറമടയാണ്. പക്ഷെ, അവിടെ നടന്ന പഠനം അതീവ പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഗൂള്‍ഡ് (സ്റ്റീഫന്‍ ജെ ഗൂള്‍ഡ് എന്ന ഫോസില്‍ പഠനവിദഗ്ധന്‍) പറയുന്നു. ആ മടയില്‍ 33,520 പാറപ്പാളികളുണ്ടായിരുന്നു. അതില്‍പ്പെട്ടു കിടന്നത് 73,300 ഫോസിലുകള്‍. അതില്‍ 90 ശതമാനവും വാഷിംങ്ടണില്‍ കൊണ്ടുവന്ന് സ്മിത് സോണിയന്‍ മ്യൂസിയത്തില്‍ വച്ചിട്ടുണ്ട്. ഈ ശേഖരത്തില്‍ 119 ഇനങ്ങളിലായി 140 ജീവികളുണ്ട് - അവശിഷ്ടരൂപത്തില്‍. ഇതില്‍ 37 ശതമാനവും ഷഡ്പദങ്ങളുടെ ഭാഗങ്ങളാണ്. ഇവ പഠനവിധേയമാക്കി. തെളിഞ്ഞത് സാഹചര്യ സമ്മര്‍ദ്ദങ്ങളാലുണ്ടായ ജീവി വൈവിധ്യങ്ങളുടെ വിസ്മയകഥ! സാഹചര്യ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന രൂപ വ്യതിയാനങ്ങള്‍ തന്മാത്രതലത്തിലാണ് ആദ്യം സംഭവിക്കുന്നത് എന്നു മനസ്സിലാക്കിയെടുക്കാന്‍ പിന്നീടൊട്ടും വൈകിയില്ല.


തന്മാത്രാമാറ്റങ്ങള്‍ ജനിതകമാറ്റങ്ങളായി, ജനിതകമാറ്റങ്ങളിലൂടെ പുതിയ പ്രോട്ടീനുകളുണ്ടായി. അതിലൂടെഉണ്ടായത് പുതിയ ജീവിരൂപങ്ങള്‍. ഈ പരിവര്‍ത്തനമെല്ലാം ഉണ്ടായത് 57 കോടിവര്‍ഷം മുമ്പായിരുന്നു. ഇങ്ങനെ രൂപംപൂണ്ട ജീവികള്‍ക്ക് അന്നുവരെ ഉണ്ടാകാത്ത ഒരു അനുഗ്രഹം വീണുകിട്ടി - വളരാനും പരിണമിക്കാനും അങ്ങനെ ജൈവയാത്രയില്‍ മുന്നേറാനുമുള്ള കനകാവസരം! ബര്‍ഗസ് ഷെയ്ല്‍മടയിലെ ഒരു പാറമേലിരുന്നുകൊണ്ട് ആ മടയില്‍ നടക്കുന്നതെല്ലാം നിരീക്ഷിക്കുകയാണ് നമ്മളെന്നു കരുതൂ. നാം കാണുന്നത് ആ പ്രാകൃതജീവികള്‍ ഭക്ഷണത്തിനും നിലനില്പിനും വേണ്ടി പരസ്പരം മല്ലടിക്കുന്നതാണ്. നിലനില്പിനായി അവ അന്യോന്യം യുദ്ധം ചെയ്തു കൊന്നു. ശക്തിമാന്‍ നിന്നു. അശക്തന്‍ വീണു. നിന്നവര്‍ തഴച്ചു. പെരുകി, വിവിധ രൂപങ്ങളാര്‍ന്നു. ബര്‍ഗസ് ഷെയ്ല്‍ മടയില്‍ അന്നുണ്ടായിരുന്ന ജീവികളെല്ലാം കുറ്റിയറ്റുപോയി. ആ പാറപ്പാളികള്‍ തല്ലിപ്പൊളിച്ചു നോക്കിയാല്‍ അവിടെ കാണാം ചത്തടിഞ്ഞ ആ ജീവികളുടെ ശരീരാടയാളങ്ങള്‍ അപ്പാടെ. പാളികള്‍ക്കുള്ളില്‍ അവ ഭദ്രമായിരിക്കുന്നു.


ഫോസില്‍ പഠനങ്ങളില്‍ ഒരിടത്തും തന്നെ 30 ലക്ഷം വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതും മനുഷ്യന്റെ അസ്ഥിക്കു സമാനവുമായ ഒരു ഫോസില്‍ കണ്ടെത്തിയതായി പറയുന്നില്ല. മനുഷ്യന്റേതുപോലുള്ള അസ്ഥി ആദ്യമായി കണ്ടെത്തിയത് ഡോ. ജോഹാന്‍സന്‍ ഹഗര്‍ എന്ന താഴ്‌വരയില്‍. ഇരുപത്തൊന്നു വയസ്സോളം പ്രായം കണക്കാക്കുന്ന ഒരു സ്ത്രീയുടെ അസ്ഥിയായിരുന്നു അത്. ആ ശാസ്ത്രജ്ഞര്‍ ആ സ്ത്രീയെ 'ലൂസി' എന്നു പേരു വിളിച്ചു. അസ്ഥിയുടെ അവശിഷ്ട ഫോസില്‍വച്ചുകൊണ്ട് ലൂസിയുടെ ശരീരഘടനതന്നെ അവര്‍ പുനരാവിഷ്‌കരിച്ചു. അതിപ്പോള്‍ വാഷിങ്ടണിലെ സ്മിത് സോണിയന്‍ മ്യൂസിയത്തിലുണ്ട്.


നമുക്ക് ഇതുവരെയുള്ള വിവരങ്ങളുടെ 'ടേപ്പ്' പിറകോട്ടൊന്ന് ഓടിച്ചു നോക്കാം. വിവിധ വന്‍കരകളില്‍ നിന്നു കിട്ടിയ മനുഷ്യഫോസിലുകളിലെ അസ്ഥിഘടനയും ശരീരഘടനയും ലൂസിയുടേതുമായിവച്ച് ഒരൊത്തുനോക്കല്‍ നടത്താം. ലൂസിയില്‍നിന്നു പിറന്നതാണോ മറ്റു മനുഷ്യരെന്നു പരിശോധിക്കാം.


പുരാവസ്തുപരമായ തെളിവുകള്‍, ഇതേവരെ കണ്ടെടുത്തതില്‍വച്ച് ഏറ്റവും പഴക്കമാര്‍ന്ന മനുഷ്യശരീരാവശിഷ്ടം ലൂസിയുടേതുതന്നെ എന്നു കാണിക്കുന്നുണ്ട്.


(യുക്തിരേഖ, 2010 സെപ്തംബര്‍)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ