"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ശാസ്ത്രീയമായ തെളിവുകള്‍; ആരാണ് ഇന്ത്യാക്കാര്‍ - 3 - ഐ ശാന്തകുമാര്‍മനുഷ്യോല്‍പത്തിയെക്കുറിച്ചും ജൈവപരിണാമത്തെക്കുറിച്ചും മനുഷ്യ വ്യാപനത്തെക്കുറിച്ചും പ്രധാനമായും രണ്ടുതരം ശാസ്ത്രീയമായ തെളിവുകളാണ് ഇന്നേവരെ ശേഖരിച്ചിട്ടുള്ളത്. ഒന്ന്: പുരാവസ്തു തെളിവുകളും രണ്ട്: ജനിതക തെളിവുകളും. ആഫ്രിക്കയില്‍ നിന്നും കരമാര്‍ഗ്ഗം ഇന്ത്യയില്‍ കുടിയേറിയവരാണ് നമ്മുടെ പൂര്‍വ്വികര്‍ എന്ന് തെളിയിക്കുന്നവയാണ് ഈ രണ്ട് തെളിവുകളും. മുപ്പത്തഞ്ച് ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് എത്യോപ്യയിലെ ഹഗര്‍ താഴ്‌വരയില്‍ ജനിച്ച ആദിമ മനുഷ്യന്‍ ഏതാണ്ട് അറുപതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പുതിയ ലോകങ്ങളിലേക്ക് കുടിയേറിയത്. പച്ചപ്പരവതാനി വിരിച്ച, ഇടതൂര്‍ന്ന വൃക്ഷലതാദികള്‍ നിറഞ്ഞ ഹഗര്‍ താഴ്‌വരയിലെ ആഹാരവും ആലയവും അവന്റെ ജീവിതത്തിന് എല്ലാ നല്ല സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു. എന്നാല്‍ തലമുറകള്‍ കഴിഞ്ഞപ്പോള്‍, അവരുടെ എണ്ണം വര്‍ദ്ധിച്ചുതുടങ്ങിയപ്പോള്‍ അവിടെ ലഭ്യമായിരുന്ന ഭക്ഷണവും ആലയങ്ങളും തികയാതെ വന്നു. ഹഗര്‍ താഴ്‌വരയിലെ കാലാവസ്ഥയും മാറിത്തുടങ്ങി. ജലസംഭരണികള്‍ വരണ്ടിരിക്കാം. ഇടതൂര്‍ന്ന വനങ്ങള്‍ അപ്രത്യക്ഷമായിരിക്കാം. ആഹാരം തേടിയും ആലയം തേടിയും മേച്ചില്‍ സ്ഥലങ്ങള്‍ തേടിയും മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന് നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിത്തുടങ്ങി. അങ്ങനെ ആദ്യ കുടിയേറ്റം കരമാര്‍ഗ്ഗം നടത്തിത്തുടങ്ങി. ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍നിന്നും യൂറോപ്പിലേക്ക് രണ്ടാമത്തെ കുടിയേറ്റം കുറച്ചുകൂടി പരിഷ്‌കൃതമായ രീതിയില്‍, ഏതാണ്ട് അറുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കം കുറിച്ചു. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആസ്‌ത്രേലിയയിലേക്കും ആര്‍ട്ടിക്കിലേക്കും അമേരിക്കയിലേക്കും പതുക്കെപ്പതുക്കെ ചലിച്ചു തുടങ്ങി. പുരാവസ്തുപരമായ തെളിവുകളനുസരിച്ച് പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യന്‍ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും കുടിയേറിക്കഴിഞ്ഞു. ആഫ്രിക്കയില്‍നിന്നും ആദ്യ കുടിയേറ്റം തുടങ്ങി അറുപതിനായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ ചുട്ടുപൊള്ളുന്ന സഹാറയിലും തണുത്ത് വിറയ്ക്കുന്ന അലാസ്‌കയിലും, അത് രണ്ടുമില്ലാത്ത മിതകാലാവസ്ഥയിലും ജീവിക്കുന്നതിനുള്ള അടവുകളും തന്ത്രങ്ങളും ആര്‍ജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ അവലംബിച്ച ശാസ്ത്രീയമായ തെളിവുകളെപ്പറ്റി പരിശോധിക്കാം.

പുരാവസ്തുപരമായ തെളിവ്:-

പുരാവസ്തുപരമായ തെളിവ് റേഡിയോ ആക്ടീവ് കാലനിര്‍ണ്ണയത്തില്‍ കൂടെ ലഭ്യമാകുന്നു. ജനിതക തെളിവുകളില്‍കൂടെ മനുഷ്യാവിര്‍ഭാവത്തെ കുറെക്കൂടി ആധികാരികമായി തെളിയിക്കുവാന്‍ സാധിക്കും.

മനുഷ്യന്‍ നൂറു വയസ്സിനകം മരിച്ചുപോകുന്നു (അതിലപ്പുറവും ജീവിക്കുന്നവരുണ്ടെങ്കിലും അതൊക്കെ അസാധാരണം). അതിനാല്‍ പഴയ കാലങ്ങള്‍ നൂറു കൊല്ലമെങ്കിലും ഓര്‍മ്മയുള്ളവര്‍ ആരുണ്ട്? ഭൂമിയില്‍ മനുഷ്യയുഗം പിറന്നശേഷം ഇന്നോളം 2000 കോടി മനുഷ്യര്‍ വന്നുപോയിട്ടുണ്ടാവാം എന്നാണ് ഒരു കണക്ക്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും അസ്ഥികൂടങ്ങള്‍ മണ്ണില്‍ കലര്‍ന്നു പോയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഖനീഭവിച്ചു കിടക്കുന്നുണ്ടാവാം. മണ്ണട്ടികള്‍ക്കിടയില്‍ ആയിരക്കണക്കായ വര്‍ഷങ്ങളുടെ ധൂളിക്കും മണ്ണിനും പാറയ്ക്കും അടിയില്‍ ഭദ്രമായി കിടക്കുന്നവയുമുണ്ടാകാം. നമ്മുടെ പൂര്‍വ്വികരുടെ ഈ അസ്ഥികൂടങ്ങള്‍ ചികഞ്ഞെടുത്ത് പരിശോധിച്ചു നോക്കിയാല്‍ നമ്മുടെ ഉത്ഭവത്തെക്കുറിച്ച് ആശ്ചര്യകരമായ പല വിവരങ്ങളും ലഭിക്കും. വ്യക്തമാക്കാം.

ഭൂമിയിലെ ജീവോത്പത്തിയെയും പരിണാമത്തെയും കുറിച്ച് ശാസ്ത്രയുക്തികൊണ്ട് എങ്ങനെയാണ് ധാരണയുണ്ടായത്?

പല മതഗ്രന്ഥങ്ങളിലും പറയുന്നത് ദൈവം ആദ്യം മനുഷ്യനെ സൃഷ്ടിച്ചുവെന്നും മനുഷ്യാവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി പിന്നീട് മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു എന്നുമാണല്ലോ. ശാസ്ത്രത്തിന് ആവശ്യം തെളിവുകളാണ്. എന്നാല്‍ ഈ പ്രസ്താവങ്ങള്‍ക്കു നിരക്കുന്ന യാതൊരു തെളിവും ഇന്നോളം ലഭിച്ചിട്ടില്ല. ശിലീഭൂതമായിക്കിടക്കുന്ന ജൈവാവശിഷ്ടങ്ങളായ ഫോസിലുകള്‍ പഠനവിധേയമാക്കിയപ്പോള്‍ കിട്ടിയ തെളിവുകളാകട്ടെ നേരെ മറിച്ചുള്ളതാണ്. എന്നുവച്ചാല്‍, മനുഷ്യന്‍ ആദ്യമല്ല, ഏറ്റവും അവസാനമാണ് ഉണ്ടായത് എന്നുതന്നെ. മുന്നൂറ്റമ്പത് കോടി വര്‍ഷത്തെ പരിണാമഗതിയില്‍ പക്ഷിമൃഗാദികള്‍ ആദ്യമുണ്ടായി. മനുഷ്യന്‍ ആദ്യമായി രംഗത്തുവരുന്നത് 20-30 ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലാണ്. 350 കോടി വര്‍ഷമെവിടെ? 20-30 കോടി വര്‍ഷമെവിടെ? ജിയോളജിയുടെ ഭൂരേഖകള്‍ കാണിക്കുന്നത് ഓരോ 280 ലക്ഷം വര്‍ഷം കൂടുമ്പോഴും ഭൂമിയില്‍ ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ്. ഇത് പലതവണ ഉണ്ടായിട്ടുള്ളതിനു തെളിവുകള്‍ ഭൂമിയില്‍ തന്നെയുണ്ട്. ഒരു ജീവിവര്‍ഗ്ഗവും എന്നെന്നേക്കും ജീവിക്കാറില്ല. ഒരു വര്‍ഗ്ഗത്തിനുമില്ല അതിജീവനം. എല്ലാം ഒരുനാള്‍ ഒടുങ്ങും. ദിനോസറുകള്‍ എന്ന ഭീമസരടങ്ങളുടെ കാര്യം നോക്കൂ. ഏതാണ്ട് പതിനഞ്ചു കോടി വര്‍ഷത്തോളം അവ ഭൂമിയില്‍ തലയുയര്‍ത്തി വിഹരിച്ചു. ഒടുവിലോ? ആറരക്കോടി വര്‍ഷം മുമ്പ് ആകാശത്തുനിന്നു ഭൂമിയില്‍ വന്നു പതിച്ച അതി ഭീമാകാരമായ ഒരു വാല്‍നക്ഷത്രത്തിന്റെ, നമുക്ക് ഊഹാതീതമായ ആഘാതശക്തിയെത്തുടര്‍ന്ന് ഭൂമി കുലുങ്ങി. പൊടിപടലമുയര്‍ന്നു. അത് അന്തരീക്ഷത്തെയാകെ മാസങ്ങളോളം മൂടിനിന്നു. വായു കിട്ടാതായി. വെളിച്ചം കിട്ടാതായി. ചൂടു കിട്ടാതായി. കൂട്ടനാശവുമായി. ഇത് ഭൂമിശാസ്ത്രജ്ഞന്മാര്‍ പറയുന്ന 'ജുറാസിക്' യുഗത്തിലാണുണ്ടായത് - ആറരക്കോടി വര്‍ഷംമുമ്പ്. ഭൂമിയിലെങ്ങും പരന്ന് വിഹരിച്ചു പോന്ന ഭീമസരടങ്ങളായ ദിനോസറുകള്‍ ഉള്‍പ്പെടെ എല്ലാ ജീവികളും കൂട്ടത്തോടെ ചത്തുമലര്‍ന്നു. ആ ജഡങ്ങള്‍ക്കുമേല്‍ മണ്ണും പൊടിയും പാറയും ലാവയുമൊക്കെ അടിഞ്ഞു. ആ അവശിഷ്ടങ്ങളും അവയുടെ അടയാളങ്ങളും അങ്ങനെ മണ്ണിനും പാറയ്ക്കുമിടയില്‍പ്പെട്ട് ശിലീഭൂതമായി കിടക്കുന്നു. ഇവയാണ് ഫോസിലുകള്‍ എന്നറിയപ്പെടുന്നത്. ഈ ഫോസിലുകളാണ് ഭൂമിയിലെ പ്രാചീന ജീവികളുടെ കഥ പറയുന്ന അമൂല്യരേഖകള്‍. ഭൂമിയുടെ ചരിത്രത്തില്‍, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആകാശത്തുനിന്നു വന്നു വീഴുന്ന മലകളുടെയും ആഘാതകഥകളുണ്ട്. കൂട്ടനാശത്തിന്റെ വന്‍ പാറക്കൂട്ടങ്ങളും ഭൂമിയെ കൂടെക്കൂടെ കൂട്ടിമുട്ടുന്നു. കൂടെക്കൂടെ എന്നു പറഞ്ഞാല്‍ ചില കോടി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍. അന്നാണ് കൂട്ടനാശം. ദിനോസറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ആ ജുറാസിക് കൂട്ടനാശം ഒഴിവായേനെ, ദിനോസറുകള്‍ ഇന്നും ഭൂമുഖം അടക്കിവാണുകൊണ്ടിരുന്നേനെ - വാല്‍നക്ഷത്രം വന്നത് ഇരുപതു മിനിട്ടു നേരത്തെയോ ഇരുപതു മിനിട്ട് വൈകിയോ ആയിരുന്നെങ്കില്‍ അത് ഭൂമിയെ സ്പര്‍ശിക്കുകയേ ഇല്ലായിരുന്നു!

ഭൂമിയിലെ മനുഷ്യ പരിണാമം യാദൃശ്ചികമായ നിരവധി സംഭവങ്ങളുടെ തുടര്‍ച്ചയിലൂടെയായിരുന്നു. അതില്‍ ഏതെങ്കിലും ഒരു സംഭവം ഉണ്ടാകാതിരുന്നുവെങ്കില്‍ മനുഷ്യന്‍തന്നെ ഉണ്ടാകുമായിരുന്നില്ല. അത്ഭുതകരമായ ഒരു കഥയാണിത്. അത്യപൂര്‍വം. ഒരുപക്ഷെ, ഒരിക്കല്‍ കൂടി സംഭവിക്കാനിടയില്ലാത്തത്. ഞാന്‍ പറഞ്ഞുവരുന്നത് മനുഷ്യജീവി ഈ മഹാപ്രപഞ്ചത്തില്‍ എത്രയോ അമൂല്യമായ ഒന്നാണ് എന്നുതന്നെ.

ഈ 'ജീവി' എങ്ങനെയാണ് യുഗാന്തരങ്ങളിലൂടെ പരിണമിക്കുന്നത്?

ഭൂമിയുടെ വ്യാസം 8000 മൈല്‍, അതിനാല്‍ ഭൂകേന്ദ്രത്തിലേക്കുള്ള ദൂരം 4000 മൈല്‍. ഈ കേന്ദ്രം അത്യന്തം ചൂടാര്‍ന്നു കിടക്കുന്നു. അവിടെ സര്‍വവും തിളച്ചു മറിയുകയാണിപ്പോഴും. ഭൂമി രൂപംകൊണ്ട ആദ്യ നിമിഷങ്ങള്‍ നാനൂറ്റമ്പതു കോടിയോളം വര്‍ഷം മുമ്പാണ്. ആ നിമിഷങ്ങളിലെ റേഡിയോ ആക്ടീവത ഇന്നും ശമിച്ചിട്ടില്ല. ഭൂഹൃദയം ഇപ്പോഴും ആ ചൂട് സൂക്ഷിക്കുന്നു. ആ ചൂടു മുഴുവന്‍ ഏറ്റുവാങ്ങി, അതിന്റെ അവശിഷ്ടം നരകാഗ്നിപോലെ ഇന്നും ആ ഹൃദയത്തിലുണ്ട്. നമ്മുടെ ചുവടില്‍ നിന്ന്‌നാലായിരം മൈല്‍ താഴെ അങ്ങേയറ്റം അസ്ഥിരമായ മൂലകങ്ങള്‍ അണുപ്രസരം വഴി ചൂടു വമിച്ചു വമിച്ച്, ക്രമേണ തണുത്ത് ഒടുവില്‍ സ്ഥിരതയുള്ള മൂലകങ്ങളായി മാറുന്ന രസായനവിദ്യ.

(യുക്തിരേഖ, 2010 ആഗസ്റ്റ്)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ