"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

മനുഷ്യോല്‍പ്പത്തി: ആരാണ് ഇന്ത്യക്കാര്‍ 2. - ഐ ശാന്തകുമാര്‍


മനുഷ്യന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പ്രസക്തമായ രണ്ടു ചോദ്യങ്ങളുണ്ട്. എന്നായിരുന്നു മനുഷ്യപ്പിറവി? എവിടെയാണ് മനുഷ്യകുലം രൂപപ്പെട്ടത്? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നതിന് നമുക്കിന്ന് ആധുനിക ശാസ്ത്രം കൂട്ടിനുണ്ട്. ഈ ശാസ്ത്രം അഞ്ചു കേന്ദ്രത്തില്‍ നിന്നു പ്രപഞ്ചമധ്യത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആധുനിക വാനശാസ്ത്രം പ്രപഞ്ചവിസ്തൃതിയാകെ രേഖാരൂപത്തില്‍ പകര്‍ത്തി യെടുത്തുകഴിഞ്ഞു. ആധുനിക ജിയോളജി (ഭൂശാസ്ത്രം) ഭൂഗോളത്തിന്റെ അകമുറികള്‍ അടുക്കുതെറ്റാതെ രേഖപ്പെടുത്തിക്കഴിഞ്ഞു. ഭൂമിയില്‍ ഇതേവരെ അധിവസിച്ചിരുന്ന ജീവജാലങ്ങളില്‍ എണ്‍പതു ശതമാനവും അന്യം നിന്നുപോയതായാണ് ഭൂശാസ്ത്രവിദഗ്ദ്ധര്‍ നമ്മോട് പറയുന്നത്. ആ ജീവികളുടെ ഉടലടയാളങ്ങള്‍ പാറപ്പാളികളില്‍ മുദ്രിതമായി കിടപ്പുണ്ട്. അവയെടുത്ത് സൂക്ഷ്മമായി പരിശോധിച്ചാണ് ഇതേവരെയുള്ള ജീവജാലങ്ങളില്‍ മുക്കാല്‍ പങ്കിലേറെയും, എന്നെന്നേക്കുമായി മണ്‍മറഞ്ഞു പോയ വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആധുനിക ബയോളജിയാകട്ടെ മനുഷ്യകുലത്തിന്റെ വരവ് നാനൂറ്റമ്പത് കോടി വര്‍ഷങ്ങളായുള്ള ജൈവപരിണാമത്തിന്റെ വിശിഷ്ട ഫലമായി സ്ഥാപിച്ചിരിക്കുന്നു. മനുഷ്യ ശരീര രൂപത്തിലെ അസമത്വങ്ങള്‍ക്കു കാരണം സാഹചര്യ വ്യത്യാസങ്ങള്‍ മാത്രമാണെന്നും ബയോളജി നമ്മോട് പറയുന്നുണ്ട്.

ജൈവപരിണാമകഥ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത് പാറയട്ടികളില്‍ പതിഞ്ഞുകിടക്കുന്ന ജീവാവശിഷ്ടങ്ങളും ഉടല്‍മുദ്രകളും (Fossils) പഠിച്ചാണ്. ഈ ശാസ്ത്രശാഖയ്ക്ക് Palaentology എന്നാണ് ഇംഗ്ലീഷിലെ പേര്.

ജീവന്‍ നാമ്പിടണമെങ്കില്‍ വെള്ളം വേണം (ഖരജലമല്ല, ദ്രവജലം തന്നെ വേണം). ഇളം ചൂടുള്ള അന്തരീക്ഷം വേണം, ജൈവമൂലകങ്ങള്‍ വേണം. ഭൂമിയുടെ പ്രാചീന ദശയില്‍ ഇതു മൂന്നും ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും സവിശേഷ നിയമങ്ങള്‍ നമുക്ക് വലിയ ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തി തന്നിട്ടുണ്ട്. നിരന്തരവും അതിസൂക്ഷ്മാംശങ്ങള്‍വരെ ചികഞ്ഞു ചെന്നുള്ളതുമായ പ്രപഞ്ചനിരീക്ഷണത്തിലൂടെ വെളിവായ പ്രകൃതിനിയമങ്ങള്‍ തന്നെയാണിവ. ഈ നിയമങ്ങള്‍ക്കനുസരിച്ച് ജൈവകണങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ സ്വയം സംഘടിച്ച് ജീവിരൂപമാര്‍ന്നു പരിണാമകഥയും തുടങ്ങി. ആദ്യം ഏകകോശജീവിയാണ് ഭൂതലത്തില്‍ കടന്നുവന്നത്. അത് കാലാന്തരത്തില്‍ ബഹുകോശ ജീവിയായി. അവ രൂപാന്തരപ്പെട്ട് കീടങ്ങളുണ്ടായി. ഇഴജന്തുക്കള്‍ രൂപാന്തരപ്പെട്ടാണ് നായ്കുലം പിറന്നത്. അങ്ങനെ സസ്തനികളുടെ വരവായി - കുരങ്ങുകള്‍, ആള്‍ക്കുരങ്ങുകള്‍, ചിംപാന്‍സികള്‍, ഒടുവില്‍ സാക്ഷാല്‍മനുഷ്യനും. ഈ പരിവര്‍ത്തനം ഏഴു രാവുകൊണ്ടൊന്നും ഉണ്ടായതല്ല. ഭൂമിയില്‍ തന്നെ ലഭിക്കുന്ന തെളിവുകളനുസരിച്ച് ഏകകോശ ജീവിയില്‍ നിന്ന് മനുഷ്യന്‍വരെയുള്ള മഹാപരിണാമയാത്രയ്ക്കു മുന്നൂറു കോടി വര്‍ഷമെങ്കിലും എടുത്തിട്ടുണ്ടാവണം. ഒരു കോടി എന്നത് നൂറ് ലക്ഷം. കണക്കു കൂട്ടിനോക്കൂ. എത്ര മെല്ലെയാണ് വിശ്വപ്രകൃതിയില്‍ രാസപരിണാമത്തില്‍ നിന്ന് തുടങ്ങിയ സര്‍ഗ്ഗക്രിയ നീണ്ടുനീണ്ടു ചെന്നുകൊണ്ടിരുന്നത് എന്ന് അപ്പോള്‍ കാണാം. ജൈവപരിണാമത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തങ്ങളൊക്കെയും ശാസ്ത്രീയ തുലാസുകളില്‍ വച്ച് തൂക്കി തിട്ടം വരുത്തിയവയാണ്, ഒന്നും രണ്ടും വട്ടമല്ല. എപ്പോഴെല്ലാം സംശയം തോന്നുന്നുണ്ടോ അപ്പോഴെല്ലാം ഈ സിദ്ധാന്തങ്ങളും തെളിവുകളും പരിശോധനാവിധേയമാക്കിപ്പോന്നു.

(യുക്തിരേഖ, 2010 ജൂണ്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ