"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 30, ഞായറാഴ്‌ച

ലോകാ:സമസ്താ സുഖിനോ ഭവന്തു - അഡ്വ.എം.പ്രഭ


അഡ്വ. എം പ്രഭ

ഭാരതത്തിന്റെ സംസ്കാരത്തിന്റെ പേരിലും ഭാരതം ലോകത്തിനു നല്‍കിയ സാമൂഹ്യങ്ങ ളായ സന്ദേശങ്ങളുടെ പേരിലും അഭിമാനം കൊള്ളുന്നവരോട് എന്താണ് അവയുടെ കാതലായ കാര്യങ്ങള്‍ എന്ന് ചോദിച്ചാല്‍ ലോകാ:സമസ്താ സുഖിനോ ഭവന്തു എന്നതിനേക്കാള്‍ ഉന്നതമായ ആദര്‍ശം വേറെ ലോകത്തിലേതെങ്കിലും ജനതക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്‍ തിരിച്ചു ചോദിച്ചു എന്ന് വരും.അന്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ലോകക്ഷേമത്തിനു വേണ്ടി നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ഉപദേശങ്ങളെന്തൊക്കെ യായിരുന്നുവെന്നു പഠിച്ചിട്ടല്ല ഇങ്ങനെ ചോദിക്കുന്നതെന്നത് നമുക്ക് തല്‍ക്കാലം അവഗണിക്കാം. സാധാരണ ഗതിയില്‍ സംഗതികള്‍ താരതമ്യേന മെച്ചമാ യിത്തന്നെ മനസ്സിലാക്കിയിരിക്കേണ്ട ആളുകള്‍ പോലും ഈ 'ലോകാ: സമസ്താ സുഖിനോ ഭവന്തു' എന്ന ആശംസയെ , ആഗ്രഹ പ്രകടനത്തെ ഉയര്‍ത്തിപ്പി ടിക്കുന്നത് കേട്ടിട്ടുണ്ട്. ഹിന്ദു മതത്തിലെ ആചാര്യന്മാരും ,ഹിന്ദുക്കളുടെ വേദിയിലും മറ്റു വേദികളില്‍ സംസാരിക്കു ന്നവരും കൂടെ കൂടെ ഇതിനെ പ്രകീര്‍ത്തിക്കാറുണ്ട്.എത്രയോ ഗംഭീരമായ ആശയമാണതെന്ന്‍ ഈ ലേഖകനും തോന്നിയിട്ടുണ്ട് .അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് ടൌണ്‍ ഹാളില്‍ വെച്ച് ഒരിക്കല്‍ നടന്ന ഐക്യരാഷ്ട്രദിന സമ്മേളനത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ കുട്ടികള്‍ ഈ ലോകാ സമസ്താ എന്നതില്‍ അവസാനിക്കുന്ന ശ്ലോകമാണ് ചൊല്ലിയത് .അത് കേട്ടപ്പോഴാണ് അതിന്‍റെ പുറകിലുള്ള  ''മഹത്വം'' മനസ്സിലായത് .ആ ഐക്യരാഷ്ട്രദിനം നടന്നത് ഗവര്‍ണര്‍ ഭരണം നിലവിലിരുന്ന കാലത്തായിരുന്നു.അന്നത്തെ അഡ്വൈസര്‍ ഒരു ബ്രാഹ്മണനായിരുന്നു. പ്രാര്‍ത്ഥന ചൊല്ലിയ കുട്ടികളും ബ്രാഹ്മണരായിരുന്നു. എന്തിനാണ് അവരുടെ ജാതി സൂചിപ്പിക്കുന്നത് എന്ന് ചോദിച്ചേക്കാം .അതിന് പ്രസക്തിയുണ്ട് .ആ പ്രാര്‍ത്ഥന മുഴുവനായി ഇവിടെ ഉദ്ധരിക്കട്ടെ.

'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 
ന്യായേന മാര്‍ഗേണ മഹീം മഹീശാ 
ഗോബ്രാഹ്മനെഭ്യ:ശുഭമസ്തു നിത്യം 
ലോകാ സമസ്താഃ സുഖിനോ ഭവന്തു.'

ഇതിന്റെ സാരമെന്താനെന്നു അറിയേണ്ടേ?പ്രജകള്‍ക്ക് നല്ലത് ഭവിക്കട്ടെ .ക്ഷേമമുണ്ടാകട്ടെ, എന്നൊക്കെ സാധാരണയായി സ്വസ്തി എന്ന പദം ബ്രാഹ്മണര്‍ പൂജ നടത്തിയ ശേഷം അനുഗ്രഹ രൂപത്തില്‍ പറയുന്ന വാക്കാണ്‌ .പ്രജകള്‍ എന്നാല്‍ എന്താണ് ? ഒരു രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള പ്രജകള്‍ ,ജനങ്ങള്‍ ,മാനവലോകം എന്നീ അര്‍ത്ഥമുണ്ട് .ഇവിടുത്തെ അര്‍ത്ഥം രാജാവിന്റെ കീഴിലെ രാജാവിന്റെ ഭരണത്തിന് വിധേയമായിക്കഴിയുന്ന ജനങ്ങള്‍ എന്ന് തന്നെയാണ് .അപ്പോള്‍ രാജാവിന്റെ ഭരണത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള ഒരുദ്ദേശ്യം നാം കാണുന്നു. ആ ഉദ്ദേശ്യം തൊട്ടടുത്ത ചില വാക്കുകള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ''പരിപാലയന്താം '' ''ന്യായേന മാര്‍ഗേണ മഹീം മഹീശാ ''എന്നിവ. അതിന്‍റെ അര്‍ത്ഥം ന്യായമായ മാര്‍ഗ ത്തിലൂടെ ,രീതിയില്‍ രാജാവ് രാജ്യം പരിപാലിക്കട്ടെ എന്നാണ്.അതായത് രാജവാഴ്ച എന്ന സമ്പ്രദായം നിലനില്‍ക്കണം .രാജവാഴ്ചയോടു ബന്ധപ്പെട്ട ഫ്യൂഡല്‍ രീതികള്‍ ,ചൂഷണ വ്യവസ്ഥ ,ക്ഷത്രിയര്‍ വേണം രാജ്യം ഭരിക്കേണ്ട തെന്ന പരമ്പരാഗതമായ ഏര്‍പ്പാട് ,അങ്ങിനെ നില്‍ക്കണം .''ന്യായമായ മാര്‍ഗം''എന്താണെന്നുള്ളത് നാം ശ്രദ്ധിക്കേണ്ടതാകുന്നു.മനുസ്മൃതിയില്‍ ഏഴാം അദ്ധ്യായം 37ആം ശ്ലോകത്തില്‍ അത് പറയുന്നു:-

ബ്രാഹ്മനാന്‍ പയ്യുപാസീത 
പ്രാതരുഥായ പ്രാര്‍ഥ് ഈവ
ത്രൈ വിദ്യാ വൃദ്ധാന്‍ വിദുഷ 
സ്തിഷ്ടോത്തേഷാഞ്ച ശാസനേ.

ഇതിന്‍റെ അര്‍ത്ഥമിതാണ് :രാജാവ് എന്നും രാവിലെ ഉണര്‍ന്ന് മൂന്നു വേദങ്ങളും-ഋക് ,യജുസ് ,സാമം എന്നീ മൂന്നു വേദങ്ങളും നീതി ശാസ്ത്രങ്ങളും -പഠിച്ച ബ്രാഹ്മണരെ ഉപച്ചരിച്ച് അവര്‍ പറയുന്ന വിധം ഭരിക്കെണ്ടാതാകുന്നു.അതായത് ചാത്ര്‍വര്‍ണ്യ വ്യവസ്ഥക്ക് ഭംഗം വരാതെ ബ്രാഹ്മണരെ അത്യുന്നതമായ സ്ഥാനത്ത് നില നിര്‍ത്തണം .പിന്നെ ഒന്നുണ്ട് ,ഏതൊരു ബ്രാഹ്മണന്റെയും ശാസന അനുസരി ക്കണമെന്നു പറയുന്നില്ല .പക്ഷെ വേറെ ഏതെങ്കിലും വര്‍ണത്തിലോ പഞ്ചമ ന്മാരിലോ വേദജ്ഞാനവും വൈദൂഷ്യവും ഉള്ളവരു ണ്ടെങ്കില്‍ത്തന്നെ അവരെ ഉപചരിക്കണമെന്നോ അവരുടെ ആജ്ഞ അനുസരിക്കണമെന്നോ പറയുന്നില്ല എന്നത് ശ്രദ്ധിക്കണം .അവരില്‍ ഓരോ വിഭാഗത്തിനും വേറെ ജോലികളാ ണല്ലോ നിശ്ചയിച്ചിരിക്കുന്നത് .ഭഗവദ്ഗീതയിലെ പ്രസക്തമായ ശ്ലോകങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും .ഗീത 18ആം അദ്ധ്യായം 41മുതല്‍ 48വരെ ശ്ലോകങ്ങള്‍ .

ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ 
കര്‍മാണി പ്രവിഭക്താനി സ്വഭാവ പ്രഭവയ്ര്‍ഗുണയ് :

(ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും വൈശ്യരുടെയും കൂടാതെ ശൂദ്രരുടെയും കര്‍തവ്യങ്ങള്‍ ,അല്ലയോ അര്‍ജുനാ ,അവരുടെ പ്രകൃതിയില്‍ നിന്നുളവാകുന്ന ഗുണങ്ങള്‍ക്ക് അനുസൃതമായി വിഭജിച്ചിരിക്കുന്നു )

ശമോ ദമസ് തപ:ശൌചം ക്ഷാന്തിരാര്‍ജവമേവ ച 
ജ്ഞാം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ സ്വഭാവജം

(ശമം ,ദമം ,തപം ,ശൌചം ,ക്ഷാന്തി ,ആര്‍ജവം ,ജ്ഞാനം ,വിജ്ഞാനം ,ആസ്തിക്യം എന്നിവ അവരുടെ പ്രകൃതിയില്‍ നിന്നുളവാകുന്ന ഗുണ ങ്ങളാകുന്നു .അതായത് ശാന്തത ,ആത്മനിയന്ത്രണം ,തപസ് ,ശുദ്ധി ,ക്ഷമാശീലം സത്യസന്ധത ,അറിവ് ,വേദങ്ങളെക്കുറിച്ചുള്ള ജ്ഞാനം ,ഈശ്വരവിശ്വാസം എന്നിവയം ഉള്ളവരാണ് ബ്രാഹ്മണര്‍ എന്ന്‍ ). അതില്‍ പ്രധാനമായത് ഈശ്വര സാക്ഷാത്കാരമാണെന്നത് ശ്രദ്ധേയമാണ് .പിന്നെ വളരെ ലളിതമായ ജീവിതം ,അതിനുവേണ്ട വസ്തുവകകള്‍ മാത്രം

ക്ഷത്രിയന്റെ കാര്യത്തിലാണെങ്കില്‍ :-
ശൌര്യം തേജോം ധൃതിര്‍ദാക്ഷ്യം യുദ്ധേചാപ്യപാലായനം 
ദാനമീശ്വരഭാവശ്ച ക്ഷാത്രം കര്‍മസ്വഭാവജം 

(ശൌര്യം ,വീര്യം ,ദാര്‍ട്യം ,വൈഭവം അല്ലെങ്കില്‍ പ്രാഗത്ഭ്യം ,യുദ്ധത്തില്‍ നിന്ന് ഓടിക്കളയാതിരിക്കല്‍ ,ദാനശീലം ,ഈശ്വരഭാവം -ചില വ്യാഖ്യാനപ്രകാരം പ്രഭുത്വം -എന്നിവ ക്ഷത്രിയനായി ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരുവനില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഗുണങ്ങളാണ് .)

വൈശ്യന്റെയും ശൂദ്രന്റെയും കര്‍ത്തവ്യമാകട്ടെ :-
കൃഷി ഗൌരക്ഷ്യ വാണിജ്യം വൈശ്യ കര്‍മ സ്വഭാവജം 
പരിചര്യാത്മകം കര്‍മം ശൂദ്രസ്യാപി ച സ്വഭാവജം .
(കൃഷി ,പശുക്കളെ സംരക്ഷിക്കല്‍ ,കച്ചവടം എന്നിവ വൈശ്യന്റെയും പരിചര്യ - സേവനം എന്നത് ശൂദ്രന്റെയും ജനനം വഴി അവര്‍ ചെയ്യേണ്ട കാര്യങ്ങളാണത്രെ )

അതായത് ഒരു രാജാവ് ഈ തത്വങ്ങളെ ആദരിച്ചുകൊണ്ട്‌ ബ്രാഹ്മണനെ മാത്രമേ ആദരിക്കാവൂ .അവന്റെ ശാസന അനുസരിച്ച് മാത്രമേ ഭരിക്കാവൂ ;ന്യായമായ മാര്‍ഗം അതാണ്‌.

അതുകഴിഞ്ഞാല്‍ ആദ്യം ഉദ്ധരിച്ച ശ്ലോകത്തില്‍ പറയുന്നത് ''ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ''എന്നാണ് .എന്താണ് അതിന്‍റെ സാരം ?പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എന്നെന്നും ശുഭം ,എന്നാല്‍ കല്യാണം ,ക്ഷേമം ,മംഗളം ,നന്മ ,ഐശ്വര്യം മുതലായവ .പശു ഗോമാതാവാണ് .മാംസാഹാരം പാടില്ലാത്ത ബ്രാഹ്മണന്റെ ആഹാരം പാലും വെണ്ണയും നെയ്യും തൈരും മറ്റുമാണല്ലോ .അപ്പോള്‍ പിന്നെ ബ്രാഹ്മണനെ സംബന്ധിച്ചിടത്തോളം പശുവുണ്ടെങ്കിലെ അവനു നിലനില്‍പ്പുള്ളൂ .അതുകൊണ്ട് നിത്യമായ ശുഭം പശുവിനും ബ്രാഹ്മണനും ഉണ്ടായിരിക്കണം .ഇങ്ങനെ സമസ്ത ലോകത്തിനും ശുഭം ഭവിക്കട്ടെ എന്നതാണല്ലോ മുകളില്‍ ഉധൃതമായ ശ്ലോകത്തിന്റെ സാരം. അതായത് ആ ശ്ലോകം സൃഷ്ടിച്ച ആളുകള്‍ വിഭാവനം ചെയ്തത് അതായിരുന്നു.

അതില്‍ പറയുന്ന ''ശുഭമസ്തു ''വിന്‍റെ അപ്പുറമൊരു ആദര്‍ശം അക്കാലത്ത് സങ്കല്‍പ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല..ഒരാള്‍ രാജാവാകുന്നത് രാജാവിന്റെ മകനായി ,അതും ക്ഷത്രിയ ജാതിയില്‍ ജനിച്ചാല്‍ മാത്രമാണ് .പിന്നെ ആ രാജാവിന് പ്രജകളുണ്ടായിരിക്കണം .ആ രീതിയും ഇന്ന് നമുക്ക് സ്വീകാര്യമല്ല തന്നെ.ആ രാജാവാകട്ടെ ബ്രാഹ്മണോപദേശം കേട്ടിട്ട് വേണമല്ലോ ഭരണം നടത്താന്‍ .അങ്ങനെ ഉപദേശം കേട്ടുപോന്നതിന്റെ ഫലങ്ങളില്‍ ഒന്നാകാം ഇന്ത്യയെ ഇന്നാകെക്കൂടെ ഇളക്കി മറിച്ചുപോരുന്ന സംവരണത്തിന്റെ പ്രശ്നം വന്നത് .അതായത് വേദവും നീതിശാസ്ത്രവും പഠിച്ച ബ്രാഹ്മണന്‍ ,രാജാവിനെ ,രാജാവിന്റെ കീഴില്‍ ഉദ്യോഗ നിയമനങ്ങളില്‍ സ്വന്തം ജാതിക്കാരെ പ്രത്യേകം പരിഗണിച്ചു പോരുന്നതിന്റെ ഫലമായാണ് മറ്റ് എല്ലാ വര്‍ണങ്ങളിലും പെടുന്നവര്‍ വളരെക്കാലം പിന്തള്ളപ്പെട്ടു കിടക്കുന്നത് .പിന്നെ ഇക്കാലത്താ ണെങ്കില്‍ ബ്രാഹ്മണരല്ലാത്ത ദിജന്മാരും -ക്ഷത്രിയരും വൈശ്യരും ശൂദ്രരുമുണ്ട് .പിന്നെ അവര്‍ണരുണ്ട് .ഹിന്ദുക്കളല്ലാത്തവരുണ്ട്‌ .അവര്‍ക്കൊക്കെ യുമുണ്ട ല്ലോ മനുഷ്യരെന്ന നിലയില്‍ ചില അവകാശങ്ങള്‍ .വര്‍ണവ്യവസ്ഥ അഭംഗുര മായിതന്നെ നില നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട്‌ സമസ്ത ലോകത്തിനും സുഖം ഭവിപ്പിക്കുക എന്നത് കേവലം അസാധ്യമായ കാര്യമാണ് .പിന്നെ ഗോവിന് മാത്രമല്ല ,എല്ലാ ജീവജാലങ്ങള്‍ക്കും സുഖമുണ്ടായെ പറ്റൂ.ചിലര്‍ക്ക് ജനന ത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകാവകാശവും പദവിയും സ്ഥാനമാന ങ്ങളും സൌകര്യങ്ങളും ഉദാരമായി നല്‍കുകയും മറ്റു ചിലരെ ആ രംഗങ്ങളില്‍ നിന്ന് പൂര്‍ണമായി നീകി നിര്‍ത്തുകയും ചെയ്യുന്നത് ആധുനികമായ സാന്മാര്‍ഗിക മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാകുന്നു .കൂടാതെ ഇന്ത്യ ഇന്ന് ജനാധിപത്യവും മത നിരപേക്ഷതയും മറ്റും സ്വീകരിച്ച രാഷ്ട്രമാണ് .ജനാധിപത്യമെവിടെ രാജവാഴ്ച്ചയെവിടെ ?ജാതി വ്യത്യാസമോ വര്‍ണ വ്യത്യാസമോ മത വ്യത്യാസമോ എവിടെ ?ഏതെങ്കിലും തരത്തിലുള്ള അസമത്വം അംഗീകരിക്കാനാകുമോ ?അനീതിയെ നിലനിര്‍ത്താനാകുമോ ?ഈ യാഥാര്‍ത്യത്തെ അംഗീകരിച്ചു കഴിഞ്ഞാല്‍ എന്ത് ''ലോകാ സമസ്താഃ സുഖിനോ ഭവന്തു ?''
ഉദാത്തമായ മാനവ മൂല്യങ്ങളെ അംഗീകരിക്കുന്ന ,യുക്തിയില്‍ അടിഷ്ടിതമായ സാന്മാര്‍ഗിക തത്വങ്ങളെ ഉള്‍ക്കൊള്ളുന്ന ,സാമൂഹ്യവും സാമ്പത്തികവും ,രാഷ്ട്രീയവുമായ നീതി സംപ്രാപ്തമാക്കുന്ന ,യാതൊന്നിന്റെയും അടിസ്ഥാനത്തിലുള്ള ചൂഷണം അനുവദിക്കാത്ത ,വ്യക്തികളെ വേര്‍തിരിച്ചു നിര്‍ത്താത്ത ,മതത്തിന്റെയും അതിന്‍റെ പിരിവുകളുടെയും ജാതികളുടെയും അതിന്‍റെ ശാഖകളുടെയും പേരില്‍ ഭിത്തികളും കൊട്ടകളുമില്ലാത്ത ,നിര്‍മ്മലമായ മാനുഷികതയെ അടിസ്ഥാന ശിലയായി സ്വീകരിക്കുന്ന ഒരു വ്യവസ്ഥ മാത്രമേ നമുക്ക് അംഗീകരിക്കാനാകൂ.അതായത് രാജാവും പ്രജയുമില്ലാത്ത ,ബ്രാഹ്മണനും അബ്രാഹ്മണനുമില്ലാത്ത ,ഹിന്ദുവും അഹിന്ദുവുമില്ലാത്ത ,ജനങ്ങളെ മനുഷ്യരെന്ന നിലയില്‍ മാത്രം കരുതുന്നതും ആ നിലയില്‍ സുഖം പ്രദാനം ചെയ്യുന്നതുമായ ലോക വ്യവസ്ഥിതിയാണ് നമുക്ക് വേണ്ടിയിരിക്കുന്നത് .

പക്ഷെ എത്രയോ ദൂരെയാണ് ഈ ലക്‌ഷ്യം ?എന്നാലും ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ബോധാമുണ്ടായെ പറ്റൂ .ഇന്ന് നാം ഈ ലക്ഷ്യത്തില്‍ നിന്ന് പലപ്പോഴും പിന്നോക്കം പോവുകയാണ് താനും ഈ ലക്ഷ്യത്തിലെത്താന്‍ അനുവദിക്കാത്ത വന്‍ ശക്തികളെ അനന്യമായിക്കണ്ട് അവയെ നാമാവശേഷ മാക്കേണ്ട കര്‍ത്തവ്യത്തിന് ആധുനിക രീതിയില്‍ കലവറ കൂടാതെ ''ലോകാ സമസ്താഃ സുഖിനോ ഭവന്തു ''എന്നതിനെ വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കു ന്നവര്‍ തയ്യാറാവുകയും വേണം .

---------------------------

(ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്സ് 1987മേയ് മാസം പ്രസിദ്ധീകരിച്ച എം.പ്രഭയുടെ ''മത സൌഹാര്‍ദമോ വര്‍ഗീയ സൌഹാര്‍ദമോ''എന്ന കൃതിയില്‍ നിന്നുമാണ് ഈ ലേഖനം പകര്‍ത്തുന്നത് .അഡ്വ.എം.പ്രഭയുടെയും പുസ്തകത്തിന്‍റെ പുറം ചട്ടയുടെതുമൊഴിച്ചുള്ള എല്ലാ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും എടുത്തി ട്ടുള്ളതാണ് )

2018, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

വാല്‍നക്ഷത്രവും മനുഷ്യന്റെ കാല്‍ച്ചുവട്ടില്‍! ഐ ശാന്തകുമാര്‍എഴുപത്തഞ്ച്-എഴുപത്തിയാറ് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയില്‍ നിന്ന് കാണാവുന്ന രീതിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രമാണ് ഹാലീസ്. 8.3.86-ല്‍ ഇത് പ്രത്യക്ഷപ്പെടുമ്പോള്‍ പല അഭ്യൂഹങ്ങള്‍ക്കും കാരണമായി. എന്തോ വിപത്ത് വരാന്‍ പോകുന്നുവെന്നായിരുന്നു അതില്‍ പ്രധാനം. ആ വിപത്തിനെ ഭയന്നിട്ട് ആരാധിക്കാന്‍ തുടങ്ങാത്തത് നമ്മുടെ ഭാഗ്യം. എന്നാല്‍ ശാസ്ത്രജ്ഞന്മാര്‍ മറ്റൊരു ദൗത്യത്തിനാണ് തയ്യാറെടുത്തത്. ''ഈ വാല്‍നക്ഷത്രത്തിലേയ്ക്ക് ഒരു പേടകത്തെ അയച്ച് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാലെന്താ?'' പ്രപഞ്ചോല്‍പത്തിയെപ്പറ്റിയും സൗരയൂഥത്തിന്റെ പിറവിയെപ്പറ്റിയുമൊക്കെ വിലപ്പെട്ട രഹസ്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതിനു സാധിക്കും. കാരണം വാല്‍നക്ഷത്രമെന്നത് പ്രപഞ്ച ഉച്ഛിഷ്ടമാണ്. Cosmic leftover അല്ലെങ്കില്‍ Cosmic Fossil എന്നാണ് ആധുനിക കണ്ടെത്തല്‍. പ്രപഞ്ചത്തിലെ ഏറ്റവും പ്രാകൃത വസ്തുക്കളാണ് അതിലടങ്ങിയിട്ടുള്ളതെന്നും അവയെ പരീക്ഷണവിധേയമാക്കിയാല്‍ ഉല്‍പത്തി രഹസ്യങ്ങളുടെ ചുരുളഴിയാന്‍ വഴിതെളിയുമെന്നും ശാസ്ത്രജ്ഞന്മാര്‍ സ്വപ്നം കണ്ടു. അങ്ങനെ ഏറ്റവും അടുത്തെത്താവുന്ന ഒരു വാല്‍നക്ഷത്രത്തെ കണ്ടെത്തി. 1969-ല്‍ ചുര്യാമോവ്, ഗരാസിമെങ്കോ എന്നീ വാനശാസ്ത്രജ്ഞന്മാര്‍ 67-P എന്ന വാല്‍നക്ഷത്രത്തെ തന്നെ കണ്ടെത്തി. നാല് കിലോമീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞ് നിറഞ്ഞ ഉള്‍ഭാഗം, പന്ത്രണ്ട് മണിക്കൂറില്‍ സ്വയം ഭ്രമണം ചെയ്യുന്നു, സൗരയൂഥം ആവിര്‍ഭവിച്ചപ്പോള്‍ രണ്ട് വാല്‍നക്ഷത്രങ്ങള്‍ ഉരുകിച്ചേര്‍ന്നുണ്ടായത്, 400 കോടി വര്‍ഷത്തെ പ്രായം, 1000 കോടി ടണ്‍ ഭാരം, മണിക്കൂറില്‍ 65,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചാരം, ഭൂമിയില്‍ നിന്നും 51 കോടി കിലോമീറ്റര്‍ അകലം - ഇതൊക്കെ 67-P വാല്‍നക്ഷത്രത്തിന്റെ സവിശേഷതകള്‍.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ESA) റോസറ്റ എന്ന പേടകത്തെ, വാല്‍നക്ഷത്രത്തെ ലാക്കാക്കി പത്തു വര്‍ഷം മുമ്പ് പായിച്ചു. അങ്ങനെ റോസറ്റയില്‍ ഘടിപ്പിച്ച ഫിലെ എന്ന ചെറു പരീക്ഷണയന്ത്രം 12.11.14-ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ന് പതുക്കെ താഴ്ന്നിറങ്ങി. ബഹിരാകാശ പര്യവേക്ഷണത്തില്‍ വിപ്ലവകരമായ ചരിത്രം കുറിച്ചു കൊണ്ട് ലോകത്താദ്യമായി ഒരു മനുഷ്യനിര്‍മ്മിത പേടകം വാല്‍നക്ഷത്രത്തില്‍ ചെന്നിറങ്ങി.

ഈ ചെറുപരീക്ഷണശാലയിലെ സംവിധാനങ്ങള്‍ ഇവയൊക്കെയാണ്-വാതകമിശ്രിതങ്ങള്‍ തിരിച്ചറിയാന്‍ കൊസാക്ക്, വാല്‍നക്ഷത്രങ്ങളിലെ ഐസോടോപ്പുകള്‍ കണ്ടെത്താന്‍ ടോളമി, ഊഷ്മാവ് അടക്കമുള്ളവ നിര്‍ണയിക്കാന്‍ മ്യൂപ്‌സ്, സാംബിളെടുക്കാന്‍ എസ്.ടി-2, വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ് പഠിക്കാന്‍ കണ്‍സേര്‍ട്ട്, ഉപരിതലചിത്രീകരണത്തിന് റോളിസ് ക്യാമറ, കാന്തികമണ്ഡലവും സൗരവാതകങ്ങളും നിരീക്ഷിക്കാന്‍ റോമാപ്പ്, ബാഹ്യാന്തരീക്ഷം പരിശോധിക്കാന്‍ സീസെയിം.

ഫിലെ എന്ന കുട്ടിപ്പരീക്ഷണശാലയില്‍ നിന്നും സന്ദേശം റോസറ്റയിലെത്തി, അത് ഭൂമിയിലെത്താന്‍ ഏതാണ്ട് അരമണിക്കൂറെടുക്കും. ഫിലെയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ക്യാമറകളുപയോഗിച്ച് പേടകത്തിന്റെ ചുറ്റുപാടുകള്‍ പകര്‍ത്താന്‍ കഴിയും. വാല്‍നക്ഷത്രത്തിന്റ തറയില്‍ ഇരുപത്തിമൂന്ന് സെന്റീമീറ്റര്‍ തുളച്ച് മണ്ണെടുത്ത് ചൂടാക്കി വിശദമായ പരീക്ഷണങ്ങള്‍ നടത്തുന്നു. പ്രപഞ്ചനിര്‍മ്മിതിയിലെ വസ്തുക്കളുടെ ഉച്ഛിഷ്ടങ്ങളാണ് Comets, Asteriods, Meteors എന്നിവ. എന്നാല്‍ ഇവയിലേറ്റവും പ്രാകൃതമായ വസ്തു Comet (വാല്‍നക്ഷത്രം) ആണ്. ഭൂമിയിലെ വെള്ളം സൗരയൂഥത്തിനു പുറത്തുനിന്നും വന്നതാണ് എന്നതിനുള്ള കാരണം വെള്ളത്തിന്റെ ആയുസ്സ് സൗരയൂഥത്തിന്റെ ആയുസ്സായ 460 കോടി വര്‍ഷങ്ങള്‍ക്കുപരിയാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. അത് വാല്‍നക്ഷത്രത്തില്‍ നിന്നും വന്നതാകാമെന്ന താത്കാലിക നിഗമനത്തില്‍ ശാസ്ത്രജ്ഞന്മാര്‍ എത്തുകയുണ്ടായി. എന്നാല്‍ വാല്‍നക്ഷത്രത്തിലെ വെള്ളവും ഭൂമിയിലെ വെള്ളവും തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നും, അതുകൊണ്ട് ഭൂമിയിലെ വെള്ളം വാല്‍നക്ഷത്രത്തില്‍ നിന്നുമല്ല, മറിച്ച് Asteriod കളില്‍ നിന്നുമാണ് എന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. കല്‍ക്കരിയെക്കാളും കറുത്ത പ്രതലമാണ് വാല്‍നക്ഷത്രത്തിന്റേതെന്നും, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും സാന്നിദ്ധ്യമുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു.

ഫിലെ ദൗത്യം 2015 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കും. ഇനി വരാനിരിക്കുന്ന ഒരു വര്‍ഷം പ്രപഞ്ചോല്‍പത്തിയെപ്പറ്റിയുള്ള നിഗൂഢതകളുടെ പല ചുരുളുകളും അഴിയപ്പെടുമെന്നും, പല അത്ഭുതങ്ങള്‍ക്കും ലോകം സാക്ഷിയാകുമെന്നും, പ്രപഞ്ചോല്‍പത്തിയെപ്പറ്റിയുള്ള മത വിശ്വാസങ്ങള്‍ തലകീഴ് മറിയുമെന്നും ഉറപ്പാണ്. ഭൂമി ഉരുണ്ടതാണെന്ന് മാര്‍പ്പാപ്പ മാറ്റിപ്പറഞ്ഞതുപോലെ മറ്റു മതനേതാക്കള്‍ക്കും പലതും മാറ്റിപ്പറയേണ്ടി വരും.

(2015 ജനുവരി, യുക്തിരേഖ)


2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

ഗോവധ നിരോധനം; വര്‍ദ്ധിച്ചുവരുന്ന വൈകൃതങ്ങള്‍ - ഐ ശാന്തകുമാര്‍


ഇന്ത്യ നേരിടുന്ന അതിപ്രധാന പ്രശ്‌നങ്ങളെന്തൊക്കെയാണെന്ന് ഗുജറാത്തിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നു. 9-ാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ 'ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും' എന്ന പാഠത്തില്‍ ഇങ്ങനെ പറയുന്നു: 'ന്യൂനപക്ഷസമുദായങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നക്കാര്‍. അതു കഴിഞ്ഞാല്‍ പട്ടികജാതി പട്ടികവര്‍ഗക്കാരും; പിന്നീട് കള്ളക്കടത്ത്, അഴിമതി, കൈക്കൂലി എന്നിവയുമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്‌സികളും വിദേശികളാണ്.' ഇന്ത്യയെ ഹൈന്ദവ വത്കരിക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഇത്തരം ദേശീയ വിരുദ്ധ ചിന്തകള്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ല. മധ്യപ്രദേശ് ഗവണ്‍മെന്റ് പശുവിറച്ചി കഴിക്കുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ട് ഒരു പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്ന ഇത്തരം നിയമങ്ങള്‍ക്ക് പുതിയ ഭേദഗതികള്‍ വന്നതോടെ, ഇത്തരം നിയമങ്ങളുടെ ദുരുപയോഗവും വര്‍ധിക്കുന്നു. ഭീകരവിരുദ്ധ നിയമത്തോട് സാമ്യമുള്ളതാണിത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പുകള്‍ക്കുപരിയായി, കുറ്റംചെയ്തു എന്നാരോപിക്കപ്പെട്ട വ്യക്തിതന്നെ കുറ്റം ചെയ്തില്ല എന്നു തെളിയിക്കണം. മൂന്നു വര്‍ഷത്തെ തടവില്‍ നിന്നും അത് ഏഴു വര്‍ഷത്തെ തടവായി ഉയര്‍ത്തിയിരിക്കുന്നു. ഏതു വീടും എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ റെയ്ഡ് നടത്താം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 'Cow Science and Technology Institute' ഋഷികേശില്‍ സ്ഥാപിക്കാന്‍ പോകുന്നു! ഇരുപത് കോടി രൂപയാണ് അടങ്കല്‍തുക. അതില്‍ മൂന്നു കോടി രൂപ അനുവദിച്ചും കഴിഞ്ഞു. ജാര്‍ഖണ്ഡിലെ ബാബാ രാംദേവിന് പ്രതിമാസം നാല്‍പ്പത് ലിറ്റര്‍ പശുമൂത്രം ലിറ്ററിന് ഇരുപത് രൂപവച്ച് നല്‍കുന്നു. പശുമൂത്രത്തെപ്പറ്റി ഗവേഷണം നടത്തുന്നതിനെപ്പറ്റി സംസ്ഥാനം ആലോചിച്ചുവരുന്നു. റിസര്‍ച്ച് ലബോറട്ടറികള്‍ക്ക് ഗവേഷണാവശ്യത്തിനുള്ള പശുമൂത്രം സര്‍ക്കാര്‍ നല്‍കിവരുന്നു. അതിന്റെ ഭാഗമായാണ് ബാബാ രാംദേവിനും പശുമൂത്രം നല്‍കുന്നത്.

2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

മാസ്മരിക ഇന്ത്യ - ഐ ശാന്തകുമാര്‍വിദേശികള്‍ക്ക് ഇന്ത്യ ഒരത്ഭുത കാഴ്ചയാണ്. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ അമേരിക്കന്‍ സാഹിത്യകാരനായ ലാറികോളിന്‍സും ഫ്രഞ്ചു സാഹിത്യകാരനായ ഡൊമിനിക് ലാപ്പിയറും ഇന്ത്യയെ കണ്ടതും അങ്ങനെ തന്നെ. ആസ്‌ട്രേലിയന്‍ ചരിത്രകാരനായ എ.എല്‍. ബാഷം ഇന്ത്യാചരിത്രത്തെപ്പറ്റി എഴുതിയ പുസ്തകം 'The Wonder that was India' എന്നാണ്. നിഗൂഢതകളാലും (Enigmatic) ഭ്രമാത്മകതയാലും (Fantacy) സംപുഷ്ടമാണ് ഇന്ത്യ. കാരണം ആത്മീയ വൈകൃതങ്ങളുടെ ഉച്ചസ്ഥായിയായി നില്‍ക്കുന്ന ഇന്ത്യക്ക് അങ്ങനെയാവാനേ സാധിക്കയുള്ളു. യുക്തിചിന്തയ്‌ക്കോ ശാസ് ത്രീയ സമീപനങ്ങള്‍ക്കോ യാതൊരു വിലയുമില്ല. കപടആള്‍ദൈവങ്ങളാലും ആത്മീയ ആചാര്യന്മാരാലും മാന്ത്രിക വിദ്യകളാലും ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും വിഭ്രാന്തിജനകവും നിഗൂഢാത്മകവുമായ (hallucination and enigmatic) സാമൂഹ്യാവസ്ഥയിലാണ്. ഭരണഘടന ശാസ്ത്രീയ അവബോധത്തിന് നിയമപരിരക്ഷ നല്‍കുന്നുണ്ടെങ്കിലും അതു ഭരണകര്‍ത്താക്കളുടെ പരിഗണനയിലേ ഇല്ല. അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളെല്ലാം അന്ധവിശ്വാസത്താലും മതാന്ധതയാലും ശാസ്ത്രീയ ശുദ്ധവായു ലഭ്യമാകാതെ കെട്ടി അടയ്ക്കപ്പെട്ടിരിക്കയാണ്. കാര്യപ്രാപ്തിക്കുവേണ്ടി മാതാപിതാക്കള്‍ പോലും സ്വന്തം കുഞ്ഞുങ്ങളെ ബലി കൊടുക്കുന്നു. നിധി ലഭിക്കുന്നതിനുവേണ്ടി മന്ത്രവാദങ്ങളും ഹോമങ്ങളും പൂജകളും നടത്തി കാത്തിരിക്കുന്ന ജനം.

കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഭക്ഷണവും കുടിവെള്ളവും പാര്‍പ്പിടവും ഉടുവസ്ത്രവുമില്ലാതെ നരകിക്കുമ്പോള്‍ നാം 20 കോടി രൂപ ചെലവാക്കി പശുവിന്റെ ശാസ്ത്ര സാങ്കേതിക വിദ്യകളെപ്പറ്റി ഗവേഷണം നടത്തുന്നതിന് സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നു. പശുവിന്‍ മൂത്രത്തിന് ലിറ്ററിന് 20 രൂപ. പാലിനെക്കാളും വില മൂത്രത്തിന്! പശുവിനെ കൊന്നു തിന്നുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്. കുറ്റാരോപിതനെതിരെ കേസ്സെടുത്താല്‍ അതു തെളിയിക്കേണ്ട ചുമതലയും അവനുതന്നെ; വാദിക്കല്ല. ഇന്ത്യയില്‍ പ്രതിവര്‍ഷം 26 ലക്ഷം ടണ്‍ പശുവിറച്ചി ജനങ്ങള്‍ ഭക്ഷിക്കുന്നു. 128 ലക്ഷം ടണ്‍ പശുവിറച്ചി കയറ്റുമതി ചെയ്യുന്നു. എന്തൊരു വൈരുദ്ധ്യം, എന്തൊരു നിഗൂഢത. യു.പി.യിലെ ഉന്നാവയിലെ ഭൗതികാലാ എന്ന ഗ്രാമത്തില്‍ 2013 ഒക്‌ടോബര്‍ 18 ന് മറ്റൊരു നിഗൂഢത അരങ്ങേറി. ഷോഹന്‍ സര്‍ക്കാര്‍ എന്ന സന്ന്യാസി ഒരു സ്വപ്നം കണ്ടു. അന്തരിച്ച റാവുറാം ബക്‌സ് സിംഗ് എന്ന രാജാവിന്റെ ആത്മാവ് അദ്ദേഹത്തോട് പറഞ്ഞു, ആ ഗ്രാമത്തിലെ കോട്ടയിലും ക്ഷേത്ര പരിസരത്തും ആയി ആയിരം ടണ്‍ സ്വര്‍ണ്ണം അദ്ദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന്. റാവുറാം ബക്‌സ് സിംഗ്എന്ന രാജാവ് 1857 ല്‍ ബ്രിട്ടീഷുകാരോട് പടവെട്ടി രക്തസാക്ഷിയായി. ഈ സ്വപ്നം ഡല്‍ഹിയില്‍ ആവേശത്തിരയിളക്കി. സന്ന്യാസി, ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തുടങ്ങിയവര്‍ക്കെല്ലാം കത്തും നല്‍കി. മറ്റൊരു യൂണിയന്‍ മന്ത്രിയായ മഹന്തിന് നിര്‍ദ്ദേശം നല്‍കി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളെക്കൊണ്ട് അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയെന്നും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാണെന്നും സ്ഥിരീകരിച്ചു. അങ്ങനെ ഒക്‌ടോബര്‍ 18 മുതല്‍ കാടിളക്കിയ ഖനനങ്ങള്‍ നടന്നു തുടങ്ങി. രാജാവിന്റെ അവകാശികള്‍ തങ്ങളാണെന്ന് വാദം ഉന്നയിച്ചുകൊണ്ട് പലരും രംഗത്തെത്തി. എന്നാല്‍ ഇങ്ങനെ ഒരു നിധി ഉണ്ടെങ്കില്‍ത്തന്നെ 1958ലെ Ancient Monuments and Archeological Signs and Remains Act പ്രകാരം ഇത് സര്‍ക്കാര്‍ സ്വത്താണ് എന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആര്‍ക്കിയോളജിക്കല്‍ അധികാരികള്‍ പ്രഖ്യാപിച്ചു. അങ്ങനെ ഖനനം നീണ്ടു. ആദ്യമാദ്യം ഉടഞ്ഞ മണ്‍പാത്രങ്ങളും പുരാവസ്തുക്കളും കണ്ടുതുടങ്ങി. സ്വര്‍ണ്ണത്തിന്റെ ഒരു തരിപോലും കിട്ടിയില്ല. ഖനനം നീണ്ടു നീണ്ടു പോയപ്പോള്‍ പിന്നെ പുറത്തു വന്നത് ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം. അങ്ങനെ ഒരു കാര്യം, സ്വപ്നം കണ്ട സന്ന്യാസി വഴി ഉറപ്പിക്കപ്പെട്ടു. അവിടെ ബുദ്ധവിഹാര്‍ ഉണ്ടായിരുന്നുവെന്നും അതു നശിപ്പിച്ചിട്ടാണ് ക്ഷേത്രങ്ങളും കോട്ടകളും പണിഞ്ഞത് എന്നുമുള്ള സത്യം പുറത്തായി. ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. രാജാവിന്റെ അവകാശികള്‍ നിധിയെ തേടി വന്നപ്പോള്‍ ആ ഗ്രാമത്തിലെ ഗ്രാമത്തലവന്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളടങ്ങിയ പട്ടിക നിരത്തി ഒരവകാശ പത്രിക സമര്‍പ്പിച്ചു. അതിങ്ങനെ: ഈ നിധി കിട്ടുകയാണെങ്കില്‍ അതുകൊണ്ട് അവിടെയൊരു റയില്‍വേ സ്റ്റേഷന്‍, ഒരു മെഡിക്കല്‍ കോളേജ്, ഒരു വനിതകോളേജ്, കാര്‍ഷിക ഗവേഷണ സ്ഥാപനം, സൗരോര്‍ജ്ജപ്ലാന്റ് എന്നിവ സ്ഥാപിക്കണമെന്നും ആ ഗ്രാമത്തിലെ ഓരോ കുടുംബത്തിലും ഒരാള്‍ക്ക് വീതം നിര്‍ബന്ധമായും തൊഴില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന് തര്‍ക്കങ്ങള്‍ നടക്കുമ്പോഴാണ് മഹത്തായ ഒരു അവകാശ പത്രിക, വിദ്യാഭ്യാസവും വിവരവും ഇല്ല എന്ന് നാം കളിയാക്കുന്ന ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തലവനിലുദിച്ചത്.

അന്ധവിശ്വാസവും മതാന്ധതയും കൊടികുത്തിവാഴുന്ന നമ്മുടെ രാജ്യത്ത് ഇത്തരം നിഗൂഢതകള്‍ നമ്മെ നയിച്ചുകൊണ്ടേയിരിക്കും.

(2013 നവംബര്‍, യുക്തിരേഖ)2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

മതനിരപേക്ഷത അമേരിക്കയില്‍ - ഐ ശാന്തകുമാര്‍

Madalyn Murrayമതം, വിശ്വാസം, അവിശ്വാസം എന്നിവ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. മതത്തിന്റെ ഉല്‍പത്തി എങ്ങനെയെന്നോ, വിശ്വാസത്തിന്റെ ആവിര്‍ഭാവം എന്തായിരുന്നു എന്നോ, അവിശ്വാസം ഇവ രണ്ടിനേയും കീഴടക്കിയിരുന്നോ എന്നൊക്കെയുള്ള അന്വേഷണത്തിന് മനുഷ്യരാശിയോളം ആയുസ്സുണ്ട്. മനുഷ്യവിഭവവും പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്തുകൊണ്ട് മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും കെട്ടിയുയര്‍ത്തപ്പെട്ടു. ഭരണാധികാരികള്‍ അതിന്റെ അമരക്കാരായി. അങ്ങനെ മതം മനുഷ്യന്റെ ആത്മീയാധികാരത്തിനുപരി ഭൗതികാധികാരമായി പരിണമിച്ചു. 700 കോടി ലോകജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികള്‍ തന്നെ. അതില്‍ 33 ശതമാനം ക്രിസ്ത്യാനികളും 23 ശതമാനം ഇസ്ലാം മതക്കാരും 14 ശതമാനം ഹിന്ദുക്കളും പ്രധാനമായും ഉണ്ട്.

ഈ അത്യാധുനിക കാലഘട്ടത്തില്‍ മതത്തിന് പുതിയ രൂപവും ഭാവവും നല്‍കി പുതിയ പ്രവര്‍ത്തനരീതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതേപോലെ തന്നെ മതത്തേയും ദൈവവിശ്വാസത്തേയും ചോദ്യം ചെയ്തുകൊണ്ടുള്ള നിരീശ്വരവാദ പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്നു.

2018, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

സൗരയൂഥാതിര്‍ത്തി കടന്ന സാഹസികന്‍ - ഐ ശാന്തകുമാര്‍


അന്‍പത് വര്‍ഷത്തെ ശൂന്യാകാശ പര്യവേക്ഷണത്തിലൂടെ ചരിത്രം കുറിച്ചുകൊണ്ട് വോയേ ജര്‍ - 1 നമ്മുടെ സൗരയൂഥാതിര്‍ത്തി കടന്നിരിക്കുന്നു. ഭൂമിയെ ഭ്രമണം ചെയ്യുകയും ചന്ദ്രനില്‍ കാലുകുത്തുകയും അയല്‍പക്കക്കാരായ ഗ്രഹങ്ങളിലേക്കെത്തിനോക്കുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ അനന്തമായ പര്യവേക്ഷണം വോയേജര്‍ - 1 ന്റെ സൗരയൂഥാതിര്‍ത്തി കടന്നുകയറ്റത്തിലൂടെ മാനവചരിത്രത്തിലെ സുവര്‍ണരേഖകളാലെഴുതപ്പെട്ട അധ്യായമായി മാറി. മനുഷ്യനിര്‍മിതമായ ഒരു പേടകം ആയിരത്തിത്തൊള്ളായിരം കോടി കിലോമീറ്റര്‍ (1200 കോടി മൈല്‍) അകലെയുള്ള സൗരയൂഥാതിര്‍ത്തി കടക്കുന്നത് ഇദംപ്രഥമമാണ്. മനുഷ്യന്റെ നക്ഷത്രാന്തരയാത്രയിലെ ഈ മുഹൂര്‍ത്തം 25.08.2012 ല്‍ നടന്നതായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍12 ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെവരെയുള്ള ചില വിശ്വാസങ്ങളെയും അനുമാനങ്ങളെയും ശാസ്ത്രനിഗമനങ്ങളെയും ഏറെക്കുറെ ശരിവയ്ക്കുന്ന വിവരങ്ങളാണ് വോയേജര്‍-1 വഴി ലഭ്യമായിക്കൊണ്ടിരിക്കുന്നത്. സൂര്യന്റെ ആകര്‍ഷണവലയത്തില്‍ നിന്നും തെന്നിമാറി മറ്റൊരു സൂര്യന്റെ വലയത്തിലേക്കുള്ള പ്രയാണത്തില്‍ ചില അപ്രതീക്ഷിത ദുര്‍ഘടങ്ങളെ പേടകം നേരിടേണ്ടിവരില്ലേ, അത് പേടകത്തെ അപകടകരമായി ബാധിക്കില്ലേ എന്നൊക്കെയുള്ള ആശങ്കകളെ ദൂരീകരിച്ചുകൊണ്ട് വോയേജര്‍-1 സൗരയൂഥാതിര്‍ത്തി കടന്ന് Inter Stellar Space-ല്‍, അതായത് രണ്ടു നക്ഷത്രങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

ഉത്തരാഖണ്ഡ് പ്രളയം - ഐ ശാന്തകുമാര്‍


2013 ജൂണ്‍ മാസം ഉത്തരാഖണ്ഡിലുണ്ടായ പ്രളയദുരന്തത്തില്‍ പതിനായിരങ്ങള്‍ മരണമടഞ്ഞു. തൊണ്ണൂറ് പാലങ്ങള്‍ ഒലിച്ചുപോയി. ആയിരത്തിനാനൂറ് റോഡുകള്‍ തകര്‍ന്നു. തൊണ്ണൂറ് ധര്‍മ്മശാലകളും അനേകം ഗ്രാമങ്ങളും ഒലിച്ചുപോയി. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, കൃഷിപ്പാടങ്ങള്‍ എല്ലാം ദുരന്തത്തിന്റെ ഇരകളായി. പ്രാഥമിക കണക്കുകള്‍ പ്രകാരം എണ്ണായിരം കോടി രൂപയുടെ നാശനഷ്ടങ്ങള്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തേണ്ടിവന്നത്. പതിനായിരം സൈനികര്‍ നിതാന്തജാഗ്രതയോടെ, ഹെലികോപ്റ്റര്‍ വഴി ഒരു ലക്ഷത്തി പതിനായിരം പേരെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഇരുപത് സൈനികരും ഈ ദുരന്തത്തിന്റെ ഇരയായി. ക്ഷേത്രങ്ങളും ദേവപ്രതിഷ്ഠകളും ഒലിച്ചുപോയി. ഇന്ത്യയുടെ ദേവഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉത്തരാഖണ്ഡിലെ ഈ മഹാവിപത്ത് കണ്ട് നമ്മുടെ സ്വാമിമാര്‍ പ്രതികരിച്ചത് എത്രയോ പൈശാചികമാം വിധത്തിലാണ്. അതിങ്ങനെ: 'പ്രകൃതി ശിവരൂപം പൂണ്ട് ജടയഴിച്ച് നടത്തിയ താണ്ഡവമായിരുന്നു.' ഇങ്ങ് കേരളത്തില്‍ ആലുവാ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അതുകണ്ട് പുഴയുടെ കരയില്‍ സുരക്ഷിതനായി നിന്നുകൊണ്ട് ക്ഷേത്രപൂജാരി സായൂജ്യമടഞ്ഞതിങ്ങനെ: 'ശിവന്‍ ജലക്രീഡ നടത്തുകയാണ്.' ഉത്തരാഖണ്ഡില്‍ ജടയഴിച്ചാടിയ ശിവന്‍ ആലുവായില്‍ ജലക്രീഡ നടത്തി! മനുഷ്യത്വവും ബോധവുമുള്ള ഒരാള്‍ക്ക് ഇങ്ങനെയൊക്കെ പറയാനേ കഴിയുന്നുള്ളുവെങ്കില്‍ മനോരോഗികള്‍ക്ക് ഇവരില്‍ നിന്ന് എന്തു വ്യത്യാസം?

2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ലൂസി പറയുന്ന കഥ: ആരാണ് ഇന്ത്യാക്കാര്‍ - 4 . ഐ ശാന്തകുമാര്‍


ഫോസിലുകളൊന്നും ഭൂമിയുടെ ഉപരിതലത്തില്‍നിന്നും വളരെ താഴെയല്ല കാണുന്നത്. ഭൂമിയുടെ പുറന്തോട് 30-40 മൈല്‍ മാത്രം കട്ടിയുള്ള ഒരു പാളിയാണ്. ഉള്ളുമായി തട്ടിച്ചുനോക്കിയാല്‍ എത്രയോ ശീതളമായ ഭാഗം. ഈ പുറന്തോടിന്റെ വിവിധ അട്ടികളില്‍പ്പെട്ടാണ് ഫോസിലുകള്‍ കാണപ്പെടുന്നത്. ആസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളില്‍ 350 കോടി വര്‍ഷം പഴക്കമുള്ള പാറപ്പാളികളുണ്ട്. അവയെടുത്തു പരിശോധിക്കുമ്പോള്‍ 'മൈക്രോ ഫോസില്‍' എന്നു നാം വിളിക്കുന്ന അതിസൂക്ഷ്മ ജീവികളുടെ അവശിഷ്ട മുദ്രകള്‍. ഇത്തരം അതിപ്രാചീന ശിലാപാളികളില്‍ ജൈവപരിണാമത്തിന്റെ കഥകള്‍ കാലം പകര്‍ത്തിവെച്ചിരിക്കുന്നു. വര്‍ഷങ്ങളല്ല, യുഗങ്ങള്‍ കടന്നുപോയി; ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍. പ്രാചീന ജീവികളില്‍ അപ്പോഴും കാര്യമായ പരിണാമമൊന്നും വന്നില്ല. എന്നാല്‍ ഏതാണ്ട് 57 കോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് ആശ്ചര്യകരമായ ചില സംഗതികളുണ്ടായി. ആ ശിലാപാളികളില്‍ പതിഞ്ഞുകണ്ട ഫോസിലുകള്‍ നമുക്ക് ഒരു കാര്യം വ്യക്തമാക്കിത്തന്നു. ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിപ്പോയി എന്ന കാര്യം. അത് ഏതോ വാല്‍നക്ഷത്രം വന്നിടിച്ചതിന്റെ പ്രത്യാഘാതമാകാം. അല്ലെങ്കില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥ-പരിസ്ഥിതി മാറ്റം കൊണ്ടാകാം. എന്തായാലും അതൊരു സമഗ്രനാശമായിരുന്നു.2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ശാസ്ത്രീയമായ തെളിവുകള്‍; ആരാണ് ഇന്ത്യാക്കാര്‍ - 3 - ഐ ശാന്തകുമാര്‍മനുഷ്യോല്‍പത്തിയെക്കുറിച്ചും ജൈവപരിണാമത്തെക്കുറിച്ചും മനുഷ്യ വ്യാപനത്തെക്കുറിച്ചും പ്രധാനമായും രണ്ടുതരം ശാസ്ത്രീയമായ തെളിവുകളാണ് ഇന്നേവരെ ശേഖരിച്ചിട്ടുള്ളത്. ഒന്ന്: പുരാവസ്തു തെളിവുകളും രണ്ട്: ജനിതക തെളിവുകളും. ആഫ്രിക്കയില്‍ നിന്നും കരമാര്‍ഗ്ഗം ഇന്ത്യയില്‍ കുടിയേറിയവരാണ് നമ്മുടെ പൂര്‍വ്വികര്‍ എന്ന് തെളിയിക്കുന്നവയാണ് ഈ രണ്ട് തെളിവുകളും. മുപ്പത്തഞ്ച് ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് എത്യോപ്യയിലെ ഹഗര്‍ താഴ്‌വരയില്‍ ജനിച്ച ആദിമ മനുഷ്യന്‍ ഏതാണ്ട് അറുപതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പുതിയ ലോകങ്ങളിലേക്ക് കുടിയേറിയത്. പച്ചപ്പരവതാനി വിരിച്ച, ഇടതൂര്‍ന്ന വൃക്ഷലതാദികള്‍ നിറഞ്ഞ ഹഗര്‍ താഴ്‌വരയിലെ ആഹാരവും ആലയവും അവന്റെ ജീവിതത്തിന് എല്ലാ നല്ല സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു. എന്നാല്‍ തലമുറകള്‍ കഴിഞ്ഞപ്പോള്‍, അവരുടെ എണ്ണം വര്‍ദ്ധിച്ചുതുടങ്ങിയപ്പോള്‍ അവിടെ ലഭ്യമായിരുന്ന ഭക്ഷണവും ആലയങ്ങളും തികയാതെ വന്നു. ഹഗര്‍ താഴ്‌വരയിലെ കാലാവസ്ഥയും മാറിത്തുടങ്ങി. ജലസംഭരണികള്‍ വരണ്ടിരിക്കാം. ഇടതൂര്‍ന്ന വനങ്ങള്‍ അപ്രത്യക്ഷമായിരിക്കാം. ആഹാരം തേടിയും ആലയം തേടിയും മേച്ചില്‍ സ്ഥലങ്ങള്‍ തേടിയും മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന് നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിത്തുടങ്ങി. അങ്ങനെ ആദ്യ കുടിയേറ്റം കരമാര്‍ഗ്ഗം നടത്തിത്തുടങ്ങി. ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍നിന്നും യൂറോപ്പിലേക്ക് രണ്ടാമത്തെ കുടിയേറ്റം കുറച്ചുകൂടി പരിഷ്‌കൃതമായ രീതിയില്‍, ഏതാണ്ട് അറുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കം കുറിച്ചു. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആസ്‌ത്രേലിയയിലേക്കും ആര്‍ട്ടിക്കിലേക്കും അമേരിക്കയിലേക്കും പതുക്കെപ്പതുക്കെ ചലിച്ചു തുടങ്ങി. പുരാവസ്തുപരമായ തെളിവുകളനുസരിച്ച് പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യന്‍ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും കുടിയേറിക്കഴിഞ്ഞു. ആഫ്രിക്കയില്‍നിന്നും ആദ്യ കുടിയേറ്റം തുടങ്ങി അറുപതിനായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ ചുട്ടുപൊള്ളുന്ന സഹാറയിലും തണുത്ത് വിറയ്ക്കുന്ന അലാസ്‌കയിലും, അത് രണ്ടുമില്ലാത്ത മിതകാലാവസ്ഥയിലും ജീവിക്കുന്നതിനുള്ള അടവുകളും തന്ത്രങ്ങളും ആര്‍ജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ അവലംബിച്ച ശാസ്ത്രീയമായ തെളിവുകളെപ്പറ്റി പരിശോധിക്കാം.

പുരാവസ്തുപരമായ തെളിവ്:-

പുരാവസ്തുപരമായ തെളിവ് റേഡിയോ ആക്ടീവ് കാലനിര്‍ണ്ണയത്തില്‍ കൂടെ ലഭ്യമാകുന്നു. ജനിതക തെളിവുകളില്‍കൂടെ മനുഷ്യാവിര്‍ഭാവത്തെ കുറെക്കൂടി ആധികാരികമായി തെളിയിക്കുവാന്‍ സാധിക്കും.

മനുഷ്യന്‍ നൂറു വയസ്സിനകം മരിച്ചുപോകുന്നു (അതിലപ്പുറവും ജീവിക്കുന്നവരുണ്ടെങ്കിലും അതൊക്കെ അസാധാരണം). അതിനാല്‍ പഴയ കാലങ്ങള്‍ നൂറു കൊല്ലമെങ്കിലും ഓര്‍മ്മയുള്ളവര്‍ ആരുണ്ട്? ഭൂമിയില്‍ മനുഷ്യയുഗം പിറന്നശേഷം ഇന്നോളം 2000 കോടി മനുഷ്യര്‍ വന്നുപോയിട്ടുണ്ടാവാം എന്നാണ് ഒരു കണക്ക്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും അസ്ഥികൂടങ്ങള്‍ മണ്ണില്‍ കലര്‍ന്നു പോയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഖനീഭവിച്ചു കിടക്കുന്നുണ്ടാവാം. മണ്ണട്ടികള്‍ക്കിടയില്‍ ആയിരക്കണക്കായ വര്‍ഷങ്ങളുടെ ധൂളിക്കും മണ്ണിനും പാറയ്ക്കും അടിയില്‍ ഭദ്രമായി കിടക്കുന്നവയുമുണ്ടാകാം. നമ്മുടെ പൂര്‍വ്വികരുടെ ഈ അസ്ഥികൂടങ്ങള്‍ ചികഞ്ഞെടുത്ത് പരിശോധിച്ചു നോക്കിയാല്‍ നമ്മുടെ ഉത്ഭവത്തെക്കുറിച്ച് ആശ്ചര്യകരമായ പല വിവരങ്ങളും ലഭിക്കും. വ്യക്തമാക്കാം.

ഭൂമിയിലെ ജീവോത്പത്തിയെയും പരിണാമത്തെയും കുറിച്ച് ശാസ്ത്രയുക്തികൊണ്ട് എങ്ങനെയാണ് ധാരണയുണ്ടായത്?

പല മതഗ്രന്ഥങ്ങളിലും പറയുന്നത് ദൈവം ആദ്യം മനുഷ്യനെ സൃഷ്ടിച്ചുവെന്നും മനുഷ്യാവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി പിന്നീട് മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു എന്നുമാണല്ലോ. ശാസ്ത്രത്തിന് ആവശ്യം തെളിവുകളാണ്. എന്നാല്‍ ഈ പ്രസ്താവങ്ങള്‍ക്കു നിരക്കുന്ന യാതൊരു തെളിവും ഇന്നോളം ലഭിച്ചിട്ടില്ല. ശിലീഭൂതമായിക്കിടക്കുന്ന ജൈവാവശിഷ്ടങ്ങളായ ഫോസിലുകള്‍ പഠനവിധേയമാക്കിയപ്പോള്‍ കിട്ടിയ തെളിവുകളാകട്ടെ നേരെ മറിച്ചുള്ളതാണ്. എന്നുവച്ചാല്‍, മനുഷ്യന്‍ ആദ്യമല്ല, ഏറ്റവും അവസാനമാണ് ഉണ്ടായത് എന്നുതന്നെ. മുന്നൂറ്റമ്പത് കോടി വര്‍ഷത്തെ പരിണാമഗതിയില്‍ പക്ഷിമൃഗാദികള്‍ ആദ്യമുണ്ടായി. മനുഷ്യന്‍ ആദ്യമായി രംഗത്തുവരുന്നത് 20-30 ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലാണ്. 350 കോടി വര്‍ഷമെവിടെ? 20-30 കോടി വര്‍ഷമെവിടെ? ജിയോളജിയുടെ ഭൂരേഖകള്‍ കാണിക്കുന്നത് ഓരോ 280 ലക്ഷം വര്‍ഷം കൂടുമ്പോഴും ഭൂമിയില്‍ ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ്. ഇത് പലതവണ ഉണ്ടായിട്ടുള്ളതിനു തെളിവുകള്‍ ഭൂമിയില്‍ തന്നെയുണ്ട്. ഒരു ജീവിവര്‍ഗ്ഗവും എന്നെന്നേക്കും ജീവിക്കാറില്ല. ഒരു വര്‍ഗ്ഗത്തിനുമില്ല അതിജീവനം. എല്ലാം ഒരുനാള്‍ ഒടുങ്ങും. ദിനോസറുകള്‍ എന്ന ഭീമസരടങ്ങളുടെ കാര്യം നോക്കൂ. ഏതാണ്ട് പതിനഞ്ചു കോടി വര്‍ഷത്തോളം അവ ഭൂമിയില്‍ തലയുയര്‍ത്തി വിഹരിച്ചു. ഒടുവിലോ? ആറരക്കോടി വര്‍ഷം മുമ്പ് ആകാശത്തുനിന്നു ഭൂമിയില്‍ വന്നു പതിച്ച അതി ഭീമാകാരമായ ഒരു വാല്‍നക്ഷത്രത്തിന്റെ, നമുക്ക് ഊഹാതീതമായ ആഘാതശക്തിയെത്തുടര്‍ന്ന് ഭൂമി കുലുങ്ങി. പൊടിപടലമുയര്‍ന്നു. അത് അന്തരീക്ഷത്തെയാകെ മാസങ്ങളോളം മൂടിനിന്നു. വായു കിട്ടാതായി. വെളിച്ചം കിട്ടാതായി. ചൂടു കിട്ടാതായി. കൂട്ടനാശവുമായി. ഇത് ഭൂമിശാസ്ത്രജ്ഞന്മാര്‍ പറയുന്ന 'ജുറാസിക്' യുഗത്തിലാണുണ്ടായത് - ആറരക്കോടി വര്‍ഷംമുമ്പ്. ഭൂമിയിലെങ്ങും പരന്ന് വിഹരിച്ചു പോന്ന ഭീമസരടങ്ങളായ ദിനോസറുകള്‍ ഉള്‍പ്പെടെ എല്ലാ ജീവികളും കൂട്ടത്തോടെ ചത്തുമലര്‍ന്നു. ആ ജഡങ്ങള്‍ക്കുമേല്‍ മണ്ണും പൊടിയും പാറയും ലാവയുമൊക്കെ അടിഞ്ഞു. ആ അവശിഷ്ടങ്ങളും അവയുടെ അടയാളങ്ങളും അങ്ങനെ മണ്ണിനും പാറയ്ക്കുമിടയില്‍പ്പെട്ട് ശിലീഭൂതമായി കിടക്കുന്നു. ഇവയാണ് ഫോസിലുകള്‍ എന്നറിയപ്പെടുന്നത്. ഈ ഫോസിലുകളാണ് ഭൂമിയിലെ പ്രാചീന ജീവികളുടെ കഥ പറയുന്ന അമൂല്യരേഖകള്‍. ഭൂമിയുടെ ചരിത്രത്തില്‍, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആകാശത്തുനിന്നു വന്നു വീഴുന്ന മലകളുടെയും ആഘാതകഥകളുണ്ട്. കൂട്ടനാശത്തിന്റെ വന്‍ പാറക്കൂട്ടങ്ങളും ഭൂമിയെ കൂടെക്കൂടെ കൂട്ടിമുട്ടുന്നു. കൂടെക്കൂടെ എന്നു പറഞ്ഞാല്‍ ചില കോടി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍. അന്നാണ് കൂട്ടനാശം. ദിനോസറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ആ ജുറാസിക് കൂട്ടനാശം ഒഴിവായേനെ, ദിനോസറുകള്‍ ഇന്നും ഭൂമുഖം അടക്കിവാണുകൊണ്ടിരുന്നേനെ - വാല്‍നക്ഷത്രം വന്നത് ഇരുപതു മിനിട്ടു നേരത്തെയോ ഇരുപതു മിനിട്ട് വൈകിയോ ആയിരുന്നെങ്കില്‍ അത് ഭൂമിയെ സ്പര്‍ശിക്കുകയേ ഇല്ലായിരുന്നു!

ഭൂമിയിലെ മനുഷ്യ പരിണാമം യാദൃശ്ചികമായ നിരവധി സംഭവങ്ങളുടെ തുടര്‍ച്ചയിലൂടെയായിരുന്നു. അതില്‍ ഏതെങ്കിലും ഒരു സംഭവം ഉണ്ടാകാതിരുന്നുവെങ്കില്‍ മനുഷ്യന്‍തന്നെ ഉണ്ടാകുമായിരുന്നില്ല. അത്ഭുതകരമായ ഒരു കഥയാണിത്. അത്യപൂര്‍വം. ഒരുപക്ഷെ, ഒരിക്കല്‍ കൂടി സംഭവിക്കാനിടയില്ലാത്തത്. ഞാന്‍ പറഞ്ഞുവരുന്നത് മനുഷ്യജീവി ഈ മഹാപ്രപഞ്ചത്തില്‍ എത്രയോ അമൂല്യമായ ഒന്നാണ് എന്നുതന്നെ.

ഈ 'ജീവി' എങ്ങനെയാണ് യുഗാന്തരങ്ങളിലൂടെ പരിണമിക്കുന്നത്?

ഭൂമിയുടെ വ്യാസം 8000 മൈല്‍, അതിനാല്‍ ഭൂകേന്ദ്രത്തിലേക്കുള്ള ദൂരം 4000 മൈല്‍. ഈ കേന്ദ്രം അത്യന്തം ചൂടാര്‍ന്നു കിടക്കുന്നു. അവിടെ സര്‍വവും തിളച്ചു മറിയുകയാണിപ്പോഴും. ഭൂമി രൂപംകൊണ്ട ആദ്യ നിമിഷങ്ങള്‍ നാനൂറ്റമ്പതു കോടിയോളം വര്‍ഷം മുമ്പാണ്. ആ നിമിഷങ്ങളിലെ റേഡിയോ ആക്ടീവത ഇന്നും ശമിച്ചിട്ടില്ല. ഭൂഹൃദയം ഇപ്പോഴും ആ ചൂട് സൂക്ഷിക്കുന്നു. ആ ചൂടു മുഴുവന്‍ ഏറ്റുവാങ്ങി, അതിന്റെ അവശിഷ്ടം നരകാഗ്നിപോലെ ഇന്നും ആ ഹൃദയത്തിലുണ്ട്. നമ്മുടെ ചുവടില്‍ നിന്ന്‌നാലായിരം മൈല്‍ താഴെ അങ്ങേയറ്റം അസ്ഥിരമായ മൂലകങ്ങള്‍ അണുപ്രസരം വഴി ചൂടു വമിച്ചു വമിച്ച്, ക്രമേണ തണുത്ത് ഒടുവില്‍ സ്ഥിരതയുള്ള മൂലകങ്ങളായി മാറുന്ന രസായനവിദ്യ.

(യുക്തിരേഖ, 2010 ആഗസ്റ്റ്)2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

മനുഷ്യോല്‍പ്പത്തി: ആരാണ് ഇന്ത്യക്കാര്‍ 2. - ഐ ശാന്തകുമാര്‍


മനുഷ്യന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പ്രസക്തമായ രണ്ടു ചോദ്യങ്ങളുണ്ട്. എന്നായിരുന്നു മനുഷ്യപ്പിറവി? എവിടെയാണ് മനുഷ്യകുലം രൂപപ്പെട്ടത്? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നതിന് നമുക്കിന്ന് ആധുനിക ശാസ്ത്രം കൂട്ടിനുണ്ട്. ഈ ശാസ്ത്രം അഞ്ചു കേന്ദ്രത്തില്‍ നിന്നു പ്രപഞ്ചമധ്യത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആധുനിക വാനശാസ്ത്രം പ്രപഞ്ചവിസ്തൃതിയാകെ രേഖാരൂപത്തില്‍ പകര്‍ത്തി യെടുത്തുകഴിഞ്ഞു. ആധുനിക ജിയോളജി (ഭൂശാസ്ത്രം) ഭൂഗോളത്തിന്റെ അകമുറികള്‍ അടുക്കുതെറ്റാതെ രേഖപ്പെടുത്തിക്കഴിഞ്ഞു. ഭൂമിയില്‍ ഇതേവരെ അധിവസിച്ചിരുന്ന ജീവജാലങ്ങളില്‍ എണ്‍പതു ശതമാനവും അന്യം നിന്നുപോയതായാണ് ഭൂശാസ്ത്രവിദഗ്ദ്ധര്‍ നമ്മോട് പറയുന്നത്. ആ ജീവികളുടെ ഉടലടയാളങ്ങള്‍ പാറപ്പാളികളില്‍ മുദ്രിതമായി കിടപ്പുണ്ട്. അവയെടുത്ത് സൂക്ഷ്മമായി പരിശോധിച്ചാണ് ഇതേവരെയുള്ള ജീവജാലങ്ങളില്‍ മുക്കാല്‍ പങ്കിലേറെയും, എന്നെന്നേക്കുമായി മണ്‍മറഞ്ഞു പോയ വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആധുനിക ബയോളജിയാകട്ടെ മനുഷ്യകുലത്തിന്റെ വരവ് നാനൂറ്റമ്പത് കോടി വര്‍ഷങ്ങളായുള്ള ജൈവപരിണാമത്തിന്റെ വിശിഷ്ട ഫലമായി സ്ഥാപിച്ചിരിക്കുന്നു. മനുഷ്യ ശരീര രൂപത്തിലെ അസമത്വങ്ങള്‍ക്കു കാരണം സാഹചര്യ വ്യത്യാസങ്ങള്‍ മാത്രമാണെന്നും ബയോളജി നമ്മോട് പറയുന്നുണ്ട്.

ജൈവപരിണാമകഥ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത് പാറയട്ടികളില്‍ പതിഞ്ഞുകിടക്കുന്ന ജീവാവശിഷ്ടങ്ങളും ഉടല്‍മുദ്രകളും (Fossils) പഠിച്ചാണ്. ഈ ശാസ്ത്രശാഖയ്ക്ക് Palaentology എന്നാണ് ഇംഗ്ലീഷിലെ പേര്.

ജീവന്‍ നാമ്പിടണമെങ്കില്‍ വെള്ളം വേണം (ഖരജലമല്ല, ദ്രവജലം തന്നെ വേണം). ഇളം ചൂടുള്ള അന്തരീക്ഷം വേണം, ജൈവമൂലകങ്ങള്‍ വേണം. ഭൂമിയുടെ പ്രാചീന ദശയില്‍ ഇതു മൂന്നും ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും സവിശേഷ നിയമങ്ങള്‍ നമുക്ക് വലിയ ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തി തന്നിട്ടുണ്ട്. നിരന്തരവും അതിസൂക്ഷ്മാംശങ്ങള്‍വരെ ചികഞ്ഞു ചെന്നുള്ളതുമായ പ്രപഞ്ചനിരീക്ഷണത്തിലൂടെ വെളിവായ പ്രകൃതിനിയമങ്ങള്‍ തന്നെയാണിവ. ഈ നിയമങ്ങള്‍ക്കനുസരിച്ച് ജൈവകണങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ സ്വയം സംഘടിച്ച് ജീവിരൂപമാര്‍ന്നു പരിണാമകഥയും തുടങ്ങി. ആദ്യം ഏകകോശജീവിയാണ് ഭൂതലത്തില്‍ കടന്നുവന്നത്. അത് കാലാന്തരത്തില്‍ ബഹുകോശ ജീവിയായി. അവ രൂപാന്തരപ്പെട്ട് കീടങ്ങളുണ്ടായി. ഇഴജന്തുക്കള്‍ രൂപാന്തരപ്പെട്ടാണ് നായ്കുലം പിറന്നത്. അങ്ങനെ സസ്തനികളുടെ വരവായി - കുരങ്ങുകള്‍, ആള്‍ക്കുരങ്ങുകള്‍, ചിംപാന്‍സികള്‍, ഒടുവില്‍ സാക്ഷാല്‍മനുഷ്യനും. ഈ പരിവര്‍ത്തനം ഏഴു രാവുകൊണ്ടൊന്നും ഉണ്ടായതല്ല. ഭൂമിയില്‍ തന്നെ ലഭിക്കുന്ന തെളിവുകളനുസരിച്ച് ഏകകോശ ജീവിയില്‍ നിന്ന് മനുഷ്യന്‍വരെയുള്ള മഹാപരിണാമയാത്രയ്ക്കു മുന്നൂറു കോടി വര്‍ഷമെങ്കിലും എടുത്തിട്ടുണ്ടാവണം. ഒരു കോടി എന്നത് നൂറ് ലക്ഷം. കണക്കു കൂട്ടിനോക്കൂ. എത്ര മെല്ലെയാണ് വിശ്വപ്രകൃതിയില്‍ രാസപരിണാമത്തില്‍ നിന്ന് തുടങ്ങിയ സര്‍ഗ്ഗക്രിയ നീണ്ടുനീണ്ടു ചെന്നുകൊണ്ടിരുന്നത് എന്ന് അപ്പോള്‍ കാണാം. ജൈവപരിണാമത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തങ്ങളൊക്കെയും ശാസ്ത്രീയ തുലാസുകളില്‍ വച്ച് തൂക്കി തിട്ടം വരുത്തിയവയാണ്, ഒന്നും രണ്ടും വട്ടമല്ല. എപ്പോഴെല്ലാം സംശയം തോന്നുന്നുണ്ടോ അപ്പോഴെല്ലാം ഈ സിദ്ധാന്തങ്ങളും തെളിവുകളും പരിശോധനാവിധേയമാക്കിപ്പോന്നു.

(യുക്തിരേഖ, 2010 ജൂണ്‍)

എന്താണ് പാന്തര്‍? - ടി കെ നാരായണന്‍'പാന്തര്‍ (Panther) എന്ന ഇംഗ്ലീഷ് വാക്കിന് വെങ്ങാപ്പുലി, ചീവിപ്പുലി, പുള്ളിപ്പുലി, എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും ആ അര്‍ത്ഥത്തില്‍ മാത്രമല്ല ആ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പാന്തീസം (Pantheism) എന്നറിയപ്പെടുന്ന ഒരു തത്വചിന്താവിഭാഗമുണ്ട്. ആ സിദ്ധാന്തത്തെ വിശ്വദേവതാസിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്. അതനുസരിച്ച് ദൈവമെന്നും പ്രപഞ്ചമെന്നും രണ്ടില്ല, രണ്ടും ഒന്നുതന്നെയെന്ന് കരുതപ്പെടുന്നു. 'പാന്തേഴ്‌സ്' എന്ന പദം ഒരു പ്രസ്ഥാനത്തിന്റെകൂടെ ആദ്യമായി കൂട്ടിച്ചേര്‍ത്തത് അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ നീഗ്രോയുവാക്കളായിരുന്നു. വെള്ളക്കാരുടെ മര്‍ദ്ദനത്തിനെതിരായി അവര്‍ സംഘടിപ്പിച്ച 'ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനം' വളരെ നേട്ടങ്ങള്‍ അവര്‍ക്കു നേടിക്കൊടുത്തു.' - ടി കെ നാരായണന്‍. 'ദലിത് പ്രസ്ഥാനം ഇന്ത്യയില്‍'

2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

ദലിതര്‍ എന്ന പദം - ദലിത് ബന്ധു1991 മുതല്‍ എന്റെ പുസ്തകങ്ങളില്‍ ഞാന്‍ എഴുതിയ പേര് ദലിത് ബന്ധു എന്നാണ്. ഇപ്പോള്‍ മൊത്തം 80 പുസ്തകങ്ങള്‍ ആ പേരിലാണ് പുറത്തിറങ്ങിയത്. ആ വര്‍ഷം സെപ്തംബര്‍ 24 ആം തിയതി ഡോ. അംബേഡ്കര്‍ പൂനാ കരാറില്‍ ഒപ്പുവെച്ചതിന്റെ വാര്‍ഷികദിനത്തില്‍ കോട്ടയത്ത് തിരുനക്കര മൈതാനത്തു കൂടിയ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സമ്മേളനത്തില്‍വെച്ച് കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും കൂടിയാണ് ദലിത് ബന്ധു എന്ന സ്ഥാനം എനിക്ക് നല്‍കിയത്. ഇപ്പോള്‍ കേള്‍ക്കുന്നു ദലിത് എന്ന പദം ഉപയോഗിക്കരുത് എന്ന്. പിന്നെ എന്തുപേരാണ് ഞാന്‍ ഉപയോഗിക്കേണ്ടത്? പട്ടികജാതി - പട്ടികവര്‍ഗ ബന്ധു എന്ന് ഉപയോഗിക്കണമോ?

എന്താണ് ദലിത് എന്ന പദത്തിന് വന്നുഭവിച്ച ദുര്യോഗം? ഇന്ന് മറ്റെല്ലാവരും ഉപയോഗിക്കുന്ന പേരുകള്‍ ഭരണഘ(ടനയില്‍ ഉള്ളതാണോ? നായര്‍, നമ്പൂതിരി, ഈഴവര്‍ തുടങ്ങിയ പേരുകള്‍ ഭരണഘടന അംഗീകരിച്ചതാണോ? അപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം ഭരണഘടന അംഗീകരിക്കാത്ത പേരുകള്‍ ഉപയോഗിക്കാം, ദലിതര്‍ക്ക് മാത്രം അത് പാടില്ല.

അയ്യന്‍ കാളി ഈ ജനവിഭാഗത്തിന് നല്കിയ പേരാണ് സാധുജനം. സാധുജനപരിപാലനസംഘം എന്നാണ് അയ്യന്‍ കാളി സ്ഥാപിച്ച സംഘടനയുടെ പേര്. അതെ! ദലിതരെല്ലാം സാധുക്കളാണ്. അംബേഡ്കര്‍ അവരെ വിളിച്ചത് ബഹിഷ്‌കൃതര്‍ എന്നാണ്. അവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ബഹിഷ്‌കൃതരാക്കപ്പെട്ടവരാണ്. എന്നാല്‍ ഗാന്ധി അവരെ വിളിച്ചത് ഹരിജന്‍ എന്നാണ്. ഹരിയുടെ - വിഷ്ണുവിന്റെ - ദൈവത്തിന്റെ മക്കള്‍ എന്നാണ് അതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചതെന്നു പറയുന്നു. എല്ലാ മതങ്ങളും പറയുന്നത്, മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണ് എന്നാണ്. വഒരു പക്ഷെ ബുദ്ധമതം മാത്രം അതില്‍നിന്നും വ്യത്യസ്തമാണ്. എല്ലാ മനുഷ്യരേയും സൃഷ്ടിച്ചത് ദൈവമാണ്. എന്നാല്‍ ഗാന്ധി അതില്‍ ഭേദഗതി വരുത്തി. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ മാത്രം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടത്. അപ്പോള്‍ മറ്റുള്ളവരോ? അവര്‍ തങ്ങളുടെ പിതാക്കളില്‍ നിന്നും ജനിച്ചവരാണ്. ഹരിജനങ്ങള്‍ക്കുമാത്രം വ്യക്തമായ മാതാപിതാക്കള്‍ ഇല്ല. അതിനാല്‍ അവര്‍ ഈശ്വരനില്‍ നിന്നും ജനിച്ചവര്‍. ഏതായാലും സ്വന്തം മാതാവിനെ എല്ലാവര്‍ക്കും അറിയാം. പിന്നെ പിതാവിന്റെ കാര്യത്തിലാണ് സംശയം ഉള്ളത്. അതുകൊണ്ടാണ് ഗാന്ധി അവരെ വിഷ്ണുവിന്റെ മക്കള്‍ എന്നു വിളിച്ചത്. എന്നു പറഞ്ഞാല്‍ പിതാവിനെ തിട്ടമില്ലാത്തവര്‍. പിതാവിനെ നിശ്ചയമില്ലാത്തവര്‍ ജാരസന്തതികളാണ്. ഹരിജനങ്ങളെ മുഴുവന്‍ ജാരസന്തതികളാക്കുകയാണ് ഗാന്ധി ആ ഒരു വാക്കുകൊണ്ട് ചെയ്തത്. ഗാന്ധിയുടെ ആ ലക്ഷ്യം വ്യക്തമായപ്പോള്‍ ആ പേരില്‍ തങ്ങളെ അംഭിസംബോധന ചെയ്യരുത് എന്ന് ദലിതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം യുക്തിഭദ്രമാണെന്ന് കണ്ട കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ അതനുസരിച്ചുള്ള ഒരു കല്പന പുറപ്പെടുവിച്ചു. അങ്ങനെ ഹരിജന്‍ എന്ന പേര് ഉപേക്ഷിക്കപ്പെട്ടു.

എന്നാല്‍ ദലിത് എന്ന പദത്തിന് അങ്ങനെയുള്ള പുതിയ വ്യാഖ്യാനങ്ങളൊന്നും കണ്ടെത്തേണ്ടതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ദലിത് എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടുവരുന്ന നാമമാണെന്നതു കണ്ടപ്പോള്‍, ആ നാമത്തിന്റെ പേരില്‍ ദലിതരെല്ലാം ഒരുമിക്കുന്നു എന്നു കണ്ടപ്പോള്‍ ആ ഒന്നിപ്പില്‍ ഇടംകോലിടാന്‍ സവര്‍ണര്‍ ശ്രമിക്കുന്നു എന്നു മാത്രം.

ആകെക്കൂടി പറയാവുന്നത് ദലിതര്‍ എന്ന പദം അവരുടെ ഇന്നത്തെ ശോച്യാവസ്ഥയെ കുറിക്കുന്നു. അവര്‍ക്കിന്ന് ആവശ്യമായിട്ടുള്ളത് പണ്ട് അവര്‍ക്കുണ്ടായിരുന്ന സമ്പദ്‌സമൃദ്ധമായ ഭൂതകാലത്തിന്റെ ഓര്‍മ്മയും അതിലേക്കുള്ള അഭിവാഞ്ചയുമാണ്. അതിന് ദലിത് എന്ന നാമം പര്യാപ്തമാകയില്ല. അതിനാല്‍ ചിലരെല്ലാം നാഗജനത എന്ന നാമം നിര്‍ദ്ദേശിക്കുന്നു. ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ജനത, അവരാണ് നാഗന്മാര്‍. അന്ന് ഇന്ത്യ അവരുടേതായിരുന്നു. അവരുടേത് മാത്രമായിരുന്നു. അവര്‍ അനേകം ഗോത്രങ്ങളായി ജീവിച്ചിരുന്നു. അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളോ ഏറ്റുമുട്ടലുകളോ ഒന്നുമുണ്ടായിരുന്നില്ല. തൊഴില്‍ ഉപകരണങ്ങളല്ലാതെ ആയുധങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അവരില്‍ ഒരു വിഭാഗം സിന്ധു നദീതടത്തില്‍ വസിച്ചിരുന്നു. അവരുടെ സംസ്‌കാരത്തേയും നാഗരികതയേയും ദാര്‍ശനികതയേയും പറ്റിയുള്ള അറിവ് 1920 കളില്‍ അവിടെ നടത്തിയ ഗവേഷണത്തിലൂടെയും ഉദ്ഖനനത്തിലൂടെയും കണ്ടെത്താന്‍ കഴിഞ്ഞു. അതാണ് നാഗജനതയുടെ നാഗരികതയെക്കുറിച്ചുള്ള സൂചന. അത് വീണ്ടെടുക്കുവാനുള്ള അഭിവാഞ്ചയെ ഉത്തേജിപ്പിക്കുന്ന ഒരു നാമം അവര്‍ക്കിന്ന് ആവശ്യമാണ് എന്ന നിഗമനത്തില്‍ എത്തിയവരാണ് നാഗജനത എന്ന പേര് ഉപയോഗിക്കണമെന്നാവശ്യപ്പെടുന്നത്.

അതുകൊണ്ട് ദലിതര്‍ എന്ന നാമം ഉപേക്ഷിക്കണമെന്നില്ല. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനിന്നിരുന്ന കാലത്ത് അവര്‍ ജനസംഖ്യാ കണക്കെടുത്തപ്പോള്‍ മുസ്ലീം - ക്രൈസ്തവ - യഹൂദ - പാഴ്‌സി വിഭാഗക്കാരൊഴിച്ച് മറ്റുള്ള ഇന്ത്യക്കാരെയെല്ലാം ഹിന്ദുക്കളായി എണ്ണി. അങ്ങനെ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ വലിയൊരു വര്‍ദ്ധനവുണ്ടായി. അതിനെ ആദ്യം സവര്‍ണര്‍ എതിര്‍ത്തു. ബ്രാഹ്മണരും ചാമറും ഒരുപോലെ ഹിന്ദുക്കളോ? തങ്ങള്‍ രണ്ടുകൂട്ടരും ഒരു മതത്തില്‍ പെട്ടവരോ? എന്നാല്‍ പിന്നീട് അതുകൊണ്ട് ഗുണമുണ്ട് എന്ന് വ്യക്തമായപ്പോള്‍ നമ്പൂതിരിമുതല്‍ നായാടിവരെ ഹിന്ദുക്കള്‍ എന്നു വിളിച്ചുകൂവി. പക്ഷെ, ആ മുദ്രാവാക്യത്തിനപ്പുറം ഒന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ്കാലത്ത് നാമെല്ലാം ഹിന്ദുക്കള്‍ എന്നുപറഞ്ഞ് വോട്ടുചോദിക്കും എന്നുമാത്രം. ഇപ്പോള്‍ അവരില്‍ ചിലരെ പൂജാരിമാരായി ദേവസ്വംബോര്‍ഡ് നിയമിച്ചപ്പോള്‍ പ്രതിഷേധം ശക്തമായി. അങ്ങനെയെല്ലാം ചിന്തിക്കുന്നവരാണ് ഇന്ന് ദലിതര്‍ എന്ന പേരില്‍ അവര്‍ ഒരുമിക്കരുത് എന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ദലിതര്‍ എന്ന പേരിലോ നാഗന്മാര്‍ എന്ന പേരിലോ ഉള്ള ഒരു ഒന്നിപ്പാണ് അവര്‍ക്കിന്ന് ആവശ്യമുള്ളത്.

@ഒന്നിപ്പ്. 2017 ഡിസംബര്‍ ലക്കം.2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ചരിത്രത്തിലെ ദലിത് പദപ്രയോഗം ഇല്ലാതാക്കാനാവുമോ? - കണ്ണന്‍ മേലോത്ത്അനാര്യന്‍ ജനതയെ വിശേഷിപ്പിക്കുന്നതിന് ഇപ്പോള്‍ പരക്കെ ഉപയോഗിച്ചുവരുന്ന നാമപദമാണല്ലോ ദലിത് എന്നുള്ളത്. ദലിത് എന്നതാകട്ടെ ആര്യന്‍ ഭാഷയായ സംസ്‌കൃതത്തേക്കാള്‍ മുമ്പ് ഇന്ത്യ ഒട്ടാകെയും മധ്യേഷ്യയിലും വ്യാപിച്ചിരുന്ന ആര്യപൂര്‍വജനത കൈകാര്യം ചെയ്തിരുന്ന 'ബ്രാഹുയ്' എന്ന ഭാഷയില്‍ ഉള്‍പ്പെട്ടിരുന്ന പദമാണ്. ബ്രാഹുയ് ഭാഷയില്‍ നിന്നും അറബിയും ദ്രമിളയും വികാസംകൊണ്ടുവെന്ന് ഭാഷാചരിത്ര ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ദ്രമിള പിന്നീട്, ആ ഭാഷ കൈകാര്യം ചെയ്യുന്ന ജനത എന്ന അര്‍ത്ഥത്തില്‍, അനാര്യരെ 'ദ്രാവിഡര്‍' എന്ന് സംബോധനചെയ്യുന്നതിന് നിദാനമായി. ആധുനിക തമിഴിന്റെ മൂലരൂപമാണ് ദ്രമിള എന്ന് ഡോ. ബി ആര്‍ അംബേഡ്കര്‍ സമര്‍ത്ഥിക്കുന്നു.

ദലിത് എന്ന പദം ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്ന നിര്‍ദ്ദേശം അധികാരികളുടെ ഭാഗത്തുനിന്നും വന്നുകഴിഞ്ഞു. വര്‍ത്തമാനകാലത്ത് ഈ പദപ്രയോഗത്തിന്റെ പ്രചാരം തടയാന്‍ കഴിഞ്ഞേക്കാമെങ്കിലും ചരിത്രത്തില്‍ സ്ഥാപിതമായ ദലിത് പദപ്രയോഗത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന വലിയൊരു പ്രശ്‌നം അവശേഷിക്കുകയാണ്.

ദലിത് എന്ന വംശനാമപദം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനം മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ കൂടിയായ ചൗധരി ചരണ്‍ സിംഗ് 1984 ല്‍ സ്ഥാപിച്ച 'ദലിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി'യാണ് ആ പ്രസ്ഥാനം. ദലിത് പദം പേരില്‍ വഹിക്കുന്ന ആദ്യത്തെ രാഷ്ട്രീയപ്രസ്ഥാനവും ഇതത്രെ - ഡി എം കെ പി. ജാട്ട് എന്ന സവര്‍ണ സമുദായത്തില്‍ പിറന്ന ചൗധരി ചരണ്‍സിംഗ് മതേതര ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന സമുന്നതമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ജാതിനിര്‍മൂലനത്തിന് ഒരു മാര്‍ഗരേഖ നിര്‍ദ്ദേശിച്ചുകൊണ്ട് ചരണ്‍ സിംഗ്, 1954 മെയ് 22 ന് അന്ന് പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന് ഒരു കത്തെഴുതി. 1982 ല്‍ ആര്‍ കൃഷ്ണന്‍കുട്ടിനായര്‍ എഴുതി, തൃശൂരുള്ള യുക്തിവാദപ്രചരണവേദി ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച 'യുക്തിരശ്മി' എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രസ്തുത കത്തിന്റെ മലയാള പരിഭാഷ ചേര്‍ക്കുന്നു-


'എന്റെ പ്രീയപ്പെട്ട പണ്ഡിറ്റ്ജി,

വളരെ കാലത്തിനുശേഷം വലിയ ആശങ്കയോടുകൂടിയാണ്, തീര്‍ച്ചയായും ഞാന്‍ ഈ കത്ത് താങ്കള്‍ക്ക് എഴുതുന്നത്.

താങ്കള്‍ പലപ്പോഴും പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ, ഇന്ത്യ വിദേശാക്രമണത്തിന് അടിമയായിത്തീര്‍ന്നത് നമ്മുടെ സാമൂഹ്യദൗര്‍ബല്യങ്ങളെ ക്കൊണ്ടുമാത്രമാണ്. അല്ലാതെ എണ്ണത്തിലോ, വിഭവങ്ങളിലോ, സംസ്‌കാരത്തിലോ വിദേശീയര്‍ നമ്മെക്കാള്‍ മെച്ചപ്പെട്ടവരാണെന്നതുകൊണ്ടല്ല. ഒരു ഇംഗ്ലീഷ് ചരിത്രകാരന്‍ തന്നെ 'ഇംഗ്ലണ്ടിന്റെ വികാസം' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ അതു സമ്മതിച്ചിട്ടുണ്ട്. ഈ സത്യം സാധാരണ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവുമോ എന്നറിഞ്ഞുകൂടാ. പക്ഷെ പൊതുകാര്യങ്ങളുടെ ചുമതല വഹിക്കുന്നവര്‍ക്ക് ദിവസേനയെന്നോണം വ്യക്തമായിട്ടുള്ളതാണ് അത്. ഈ ദൗര്‍ബല്യങ്ങളില്‍, അതായത് മതപരവും ഭാഷാപരവുമായ വ്യത്യാസങ്ങളും ജനനത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ജാതിവ്യവസ്ഥയും; ഇവയില്‍ അവസാനത്തേതാണ് ഇഈന്ത്യയുടെ നൂറ്റാണ്ടുകളായുള്ള അടിമത്തത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് ഞാന്‍ കരുതുന്നു.

രാജ്യത്തിന്റെ വികസനത്തിനും വലിയൊരതിര്‍ത്തിവരെ അതിനാണ് ഉത്തരവാദിത്വം. സാമൂഹ്യമായ താഴ്ന്നപടിയില്‍ കിടക്കുന്ന സ്വന്തം മതക്കാരോട് സമത്വം ജാതിഹിന്ദുക്കള്‍ക്ക് സാധ്യമാണെന്ന് തെളിഞ്ഞ നിലക്ക്, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടാല്‍, രാജ്യത്തില്‍ ബഹുഭൂരിപക്ഷംവരുന്ന ഹിന്ദുക്കളില്‍ നിന്ന് തങ്ങള്‍ക്ക് നീതിലഭിക്കുകയില്ലെന്ന് മുസ്ലീങ്ങള്‍ ന്യായമായും ഭയപ്പെട്ടു. ഇതെല്ലാം കഴിഞ്ഞുപോയ ചരിത്രമാണല്ലോ.

എന്നാല്‍ നാം ഒരു പാഠവും പഠിച്ചില്ലെന്നു കാണുന്നതാണ് ഖേദകരം. ജാതീയത, കുറയുന്നതിനുപകരം ജനാധിപത്യാരംഭത്തേയും ഉദ്യോഗത്തിനുള്ള കടിപിടിയേയും തുടര്‍ന്ന് പ്രകടമായും വര്‍ധിച്ചിരിക്കുകയാണ്. നമ്മുടെ പൊതുജീവിതത്തിന്റെ ഉന്നതശ്രേണികളെ മാത്രമല്ല, സര്‍വീസുകളെ പോലും അത് ബാധിച്ചിരിക്കുന്നു. അത് വിവേചനരഹിതവും അനീതിപരമായ പ്രവര്‍ത്തനങ്ങളിലേക്കു നയിക്കുവാനും മനുഷ്യമനസ്സിനേയും ഹൃദയത്തേയും ദുഷിപ്പിക്കുവാനും ആരോപണപ്രത്യാരോ പണങ്ങളിലേക്കും സമൂഹത്തില്‍ അവിശ്വാസവും സംശയവും ജനിപ്പിക്കുവാനും ഇടയാക്കുന്നു. രാഷ്ട്രീയ പ്രതികാരത്തിനുള്ള ഒരായുധമായിത്തീര്‍ന്നിരിക്കുന്നു അത്.

അപ്പോള്‍ അവശേഷിക്കുന്ന പ്രശ്‌നമിതാണ്. അതിനെ എങ്ങിനെ ഇല്ലാതാക്കാം. ഗൗതമബുദ്ധന്റെ കാലഘട്ടം മുതല്‍ ആചാര്യന്മാരും പരിഷ്‌കര്‍ത്താക്കളും അതിന് ശ്രമിച്ചുപോന്നിട്ടുണ്ട്. പക്ഷെ എല്ലാം നിഷ്ഫലം. കഴിഞ്ഞ നൂറ്റാണ്ടിലേറെ കൊല്ലങ്ങളായി എന്റെ പരിമിതമേഖലയില്‍ എന്റെ ദുര്‍ബല കഴിവുകളനുസരിച്ച് ഞാനതിന് പരിശ്രമിച്ചുവരുന്നുണ്ട്. ഇക്കാലത്ത്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രധാനമായും ജാതി കടന്നുവരുന്നത് വിവാഹാവസരത്തില്‍ മാത്രമാണ്. അതുകൊണ്ട് ഈ ദോഷത്തെ വിജയകരമായി കൈകാര്യം ചെയ്യണമെങ്കില്‍ വിവാഹത്തില്‍ ജാതിപരിഗണനയുടെ ആവശ്യമോ പ്രാധാന്യമോ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതായത്, ഈ അനീതിയുടെ കടക്കല്‍ത്തന്നെ കത്തിവെക്കണം.

സര്‍വീസുകളിലേക്ക് റിക്രൂട്ട്‌മെന്റ് ചട്ടങ്ങളുണ്ടാകുമ്പോള്‍ ആ ഉദ്യോഗത്തിന് യോഗ്യതയും അര്‍ഹതയും ഉള്ളവര്‍ മാത്രമായിരിക്കണമെന്നു ഉറപ്പുവരുത്തുവാന്‍ പലതരം ക്വാളിഫിക്കേഷനും നാം നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. അവന്റെ മനസ്സും ശരീരവും മാത്രമാണിന്ന് മാത്രമാണിന്ന് ഈ നിര്‍ദ്ദേശങ്ങളുടെ ഉന്നം. പക്ഷെ അവന്റെ ഹൃദയത്തെ അളക്കുവാന്‍ - ടെസ്റ്റൊന്നുമില്ല. അവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമോ എന്നും, ഒദ്യോഗികനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെരുമാറുവാന്‍ ഇടവരുന്നവരോട് നീതിപുലര്‍ത്തുവാന്‍തക്ക ഹൃദയവിശാലത അവനുണ്ടോ എന്നും മറ്റും അളക്കുവാന്‍ നമ്മുടെ രാജ്യത്തെ പരിസ്ഥിതിയില്‍, ഉദ്യോഗാര്‍ത്ഥികളോട്, തുടക്കത്തില്‍ ഗസറ്റഡ് ഉദ്യോഗാര്‍ത്ഥികളോടെങ്കിലും, സ്വന്തം ജാതിയുടെ ഇടുങ്ങിയവൃത്തത്തിന് പുറത്തുകടന്ന് വിവാഹം ചെയ്യാന്‍ തയാറാകണമെന്ന് ആവശ്യപ്പെടുന്നത് വലിയൊരളവിലോളം ഈ ടെസ്റ്റിന് പര്യാപ്തമാകുമെന്നാണെന്റെ അഭിപ്രായം.

അത്തരമൊരു നിയമമുണ്ടാക്കുന്നതുകൊണ്ട് സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യാന്‍ നാം ആരേയും നിര്‍ബന്ധിക്കലാവില്ല. അധികം സര്‍ക്കാരുദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസയോഗ്യത ഗ്രാജുവേറ്റായിരിക്കണമെന്ന നിലവിലുള്ള ചട്ടംകൊണ്ട്, ഗ്രാജുവേറ്റാവണമെന്ന് നാം ആരേയും നിര്‍ബന്ധിക്കാത്തതുപോലെതന്നെ.

അത്തരം യുവജനങ്ങളെ ആവശ്യമുള്ളത്ര ലഭിക്കുവാന്‍ വിഷമമുണ്ടാവുകയില്ല. ഇന്നു നമ്മുടെ കോളേജുകളില്‍ വിദ്യാഭ്യാസം ചെയ്തുവരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും അത്തരമൊരു നീക്കത്തിനനുകൂലമാണ്.

നിയമസഭാംഗങ്ങള്‍ക്കും അത്തരമൊരു യോഗ്യത ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

തീര്‍ച്ചയായും മിശ്രവിവാഹിതരാകണമെന്ന ഈ യോഗ്യത, ഒരു നിശ്ചിത തിയതിക്കു ശേഷമുള്ള, ഉദാഹരണത്തിന് 1955 ജനു. 1 നു ശേഷമുള്ള - വിവാഹങ്ങള്‍ക്കുമാത്രമേ ബാധകമാവൂ എന്നുവെക്കാം. അവിവാഹിതനായ ഒരാള്‍ക്ക് സര്‍വീസിലോ, നിയമസഭാംഗമായോ പ്രവേശിക്കാം; പക്ഷെ പിന്നീട് സ്വന്തം സമുദായത്തില്‍ വിവാഹിതനാവുമെങ്കില്‍, രാജിവെക്കേണ്ടിവരും. മാത്രമല്ല, വ്യത്യസ്ത ഭാഷാഗ്രൂപ്പുകളില്‍ പെട്ടവര്‍ തമ്മില്‍ വിവാഹിതരാവുന്നവര്‍ സര്‍വീസില്‍ പ്രത്യേക പരിഗണനക്കര്‍ഹരായിത്തീരുമെന്നും നമുക്കുപറയാം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടുവരുന്ന ഈ അവസരത്തില്‍ അത് കൂടുതല്‍ നന്നായിരിക്കും. യാഥാസ്ഥിതികര്‍ക്ക് ഇതില്‍ വിഷമമൊന്നും തോന്നാന്‍ അവകാശമില്ല; എന്തുകൊണ്ടെന്നാല്‍ അത്തരം വിവാഹങ്ങള്‍ക്ക് നമ്മുടെ ശാസ്ത്രങ്ങളും പരിശുദ്ധി കല്പിച്ചിട്ടുണ്ടല്ലൊ. വാസ്തവത്തില്‍, ഇന്നത്തെ ജാതികളെ നാം ഏതാനും ഗോത്രങ്ങളായി പരിവര്‍ത്തനം ചെയ്യലും ഒരാളുടെ വിവാഹം സ്വന്തം പിതാവിന്റെ ഗോത്രത്തിലാവുന്നത് നിരുത്സാഹപ്പെടുത്തലും മാത്രമായിരിക്കും ഫലം. 

ഈ നിര്‍ദ്ദേശം നമ്മുടെ ഭരണഘടനയില്‍ ഒരു 'ആര്‍ട്ടിക്കിള്‍' ആയി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹ്യ ദുഷ്ട്, രാജാജിയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നമ്പര്‍ വണ്‍ ശത്രു, പത്തുകൊല്ലംകൊണ്ട് അന്ത്യവിശ്രമം കൈക്കൊള്ളും. ജാതിവേരറുത്തുകളയുന്നതുവരെ ഇന്ത്യ ഒരിക്കലും ശക്തമാവുകയില്ല. സ്റ്റേറ്റ് നേരിട്ടിടപെടുന്നില്ലെങ്കില്‍, മൂലകാരണത്തിന്മേല്‍ത്തന്നെ കത്തിവെക്കുന്നില്ലെങ്കില്‍ അതൊരിക്കലും സാധ്യമാവുകയില്ല. അങ്ങിനെ ചെയ്യാത്തപക്ഷം, അനേകം നൂറ്റാണ്ടുകളായി ജാതിസമ്പ്രദായം കുത്തിവെച്ചിട്ടുള്ള പരസ്പര സംശയത്തിന്റേയും വെറുപ്പിന്റേയും അഗ്നിജ്വാലകള്‍ എന്നെങ്കിലും ഒരു ദിവസം രാജ്യത്തെ തീര്‍ച്ചയായും അവിചാരിതമായും, പകലിനെത്തുടര്‍ന്ന് രാത്രിയെന്നതുപോലെ കത്തിച്ചുചാമ്പലാക്കിക്കളയും. 

എന്റെ നിര്‍ദ്ദേശത്തെ വെറും ഭ്രാന്തെന്നു താങ്കള്‍ കരുതുകയില്ലെന്നു വിശ്വസിക്കുന്നു. പ്രത്യേകാവകാശക്കുത്തകക്കാരെന്ന് സ്വയം കരുതുകയും മറ്റുള്ളവര്‍ ശരിവെക്കുകയും ചെയ്തിട്ടുള്ളവരുടേതില്‍നിന്നും ഭിന്നങ്ങളായ സമുദായത്തില്‍ ജനിക്കുന്നതിന്റെ തിക്താനുഭവം അനുഭവത്തില്‍ നിന്നും എനിക്കറിയാം. അവജ്ഞയോടെയുള്ള പെരുമാറ്റവും വെറും ജനനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യവിവേചനവും, മറ്റു ജാതികളില്‍ താഴെ കിടക്കുന്നവരെ മാത്രമല്ല, അല്ലാത്തവരേയും കൂട്ടത്തോടെ മതം മാറ്റുന്നതിന് പ്രേരകമായി പലപ്പോഴും വര്‍ത്തിച്ചിട്ടുണ്ട്.

ഞാന്‍ പറയുന്നതുപോലുള്ള ഒരു ഭേദഗതിക്ക് തീര്‍ച്ചയായും എതിര്‍പ്പുണ്ടായിരിക്കും! പക്ഷെ, താങ്കള്‍ ഉറച്ചുനിന്നാല്‍, എതിര്‍പ്പുകളൊക്കെ വേഗത്തില്‍ ഉരുകിപ്പോകും. എന്റെ കണക്കുകൂട്ടലുകളനുസരിച്ച്, എന്റെ അഭിപ്രായത്തില്‍ അഭ്യസ്ഥവിദ്യര്‍ക്കിടയില്‍ ഹിന്ദുകോഡ് ബില്ലിലെ വ്യവസ്ഥകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാഗതം ലഭിക്കും.

തടസ്സങ്ങളെന്തുതന്നെയായാലും, ഭരണഘടനക്ക് ഇത്തരമൊരു ഭേദഗതി വരുത്തുവാന്‍ കഴിയുമെങ്കില്‍, എന്റെ ചെറുമനസ്സിനനുസരിച്ച്, സ്വരാജ്‌ലബ്ധിക്കു തുല്യമായ ഒരു ദേശസേവനമായിരിക്കും അത്. അപ്പോള്‍ മാത്രമേ രാഷ്ട്രത്തിന്റെ അസ്തിവാരത്തിന് ഉറപ്പുവരൂ.'

എന്നാല്‍, ചരണ്‍സിംഗ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളത്രയും പണ്ഡിറ്റ് നെഹ്‌റു തള്ളിക്കളയുകയാണുണ്ടായത്. അത് അത്രയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നായിരുന്നു നെഹ്‌റുവിന്റെ വിലയിരുത്തല്‍. പിന്നീട് പ്രധാനമന്ത്രിയായിത്തീര്‍ന്നുവെങ്കിലും (1979 ജൂലൈ 28 - 1980 ജനുവരി 14) ചരണ്‍സിംഗിനാകട്ടെ, താന്‍ നെഹ്‌റുവിന് കൊടുത്ത നിര്‍ദ്ദേശങ്ങളിലൊന്നുപോലും പ്രാവര്‍ത്തികമാക്കാനുമായില്ല! ഇത് ചരണ്‍സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുരന്തമായിരിക്കാം. എങ്കിലും 1972 ല്‍ 'ദലിത് പാന്തേഴ്‌സ്' എന്ന സംഘനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പുനസ്ഥാപിക്കപ്പെട്ട  ദലിത് എന്ന പദം തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ നാമത്തിനായി സ്വീകരിക്കാന്‍ ചരണ്‍സിംഗിന് വൈമനസ്യമേതുമില്ലായിരുന്നു എന്ന വസ്തുത അംഗീകരിക്കണം. ഡിഎംകെപി പിന്നീട് ലോക് ദള്‍ എന്ന പാര്‍ട്ടിയായി മാറുകയുണ്ടായി.
-----------------
@ഇടനേരം2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ദലിത് എന്നാല്‍ തകര്‍ക്കപ്പെട്ടതോ.? - കണ്ണന്‍ മേലോത്ത്


ദ്രാവിഡരുടെ സമീപകാലത്തെ ഒരു വിശേഷണനാമമായി മാറിയിട്ടുണ്ട് ദലിത് എന്ന പദം. ചില വംശസ്‌നേഹികളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ ഈ നാമധേയത്തെ സംബന്ധിച്ച് ജനങ്ങളുടെയിടയില്‍ ഏറെ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടയാക്കി എന്നതാണ് വസ്തുത. അവരുടെ അഭിപ്രായത്തില്‍ ദലിത് എന്നാല്‍ 'അടര്‍ത്തിമാറ്റപ്പെട്ടവര്‍' എന്ന അര്‍ത്ഥത്തിലാണ് ആ പദപ്രയോഗം നിലവിവില്‍ വരുന്നത് എന്നത്രേ. ഇന്ത്യയിലെ വംശങ്ങളെ സംബന്ധിച്ച് നമുക്ക് പറയാവുന്നത്, അങ്ങേയറ്റം രണ്ടുവംശങ്ങള്‍ മാത്രമേ - അതായത്, ആര്യന്മാരും ദ്രാവിഡരും മാത്രമേ - രംഗത്തുണ്ടായിരുന്നുള്ളൂ എന്ന് ഡോ. അംബേഡ്കര്‍ രേഖപ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏത് വംശത്തില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ടവരാണ് ദലിതര്‍ എന്നുള്ളസംശയത്തിന് ഈ വ്യാഖ്യാതാക്കള്‍ കൃത്യമായ വിശദീകരണം നല്‍കുന്നുമില്ല. ദലിതര്‍ എന്നു പറയുന്നത് ആര്യവംശത്തില്‍ നിന്നാണോ ദ്രാവിഡവംശത്തില്‍ നിന്നാണോ അടര്‍ത്തി മാറ്റപ്പെട്ടിരിക്കുന്നത്? അതല്ലെങ്കില്‍ ഈ ഇരുവംശങ്ങളും പിന്തുടരുന്ന ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയിലേതിലെങ്കിലും നിന്നും അടര്‍ത്തിമാറ്റപ്പെട്ടവരാണോ ദലിതര്‍? കൃത്യമായ മറുപടി എങ്ങുനിന്നും ലഭ്യമല്ല. ഈ വ്യാഖ്യാതാക്കളിലേറെയും ഹിന്ദുമതവിശ്വാസികളോ അഥവാ ആര്യന്‍ വംശക്കാരോ അടര്‍ത്തിമാറ്റുകയും അടിച്ചമര്‍ത്തുകയും ചെയ്ത അവരുടെതന്നെ ഒരു വിഭാഗത്തെയാണ് ദലിതരെന്ന് വിശേഷിപ്പിക്കുന്നത് എന്നുകരുതുന്തായി കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ ദലിത് എന്നത് ഹിന്ദുമതത്തിന്റെ കീഴ്ഘടകമെന്നനിലയില്‍ അവര്‍ വിലയിരുത്തുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ വാസ്തവം അതല്ല. 

ദല അഥവാ ദള എന്ന സംസ്‌കൃതവാക്കിന് ഇല എന്നും പിളര്‍ക്കപ്പെട്ടത് അന്നും അര്‍ത്ഥം കല്പിക്കുന്നു. ദലനം എന്നാല്‍ തകര്‍ക്കപ്പെട്ടത് എന്നും അര്‍ത്ഥം കല്പിക്കാം. ഈ വാക്കുകളില്‍ നിന്നുമാണ് ദലിതര്‍ എന്ന പദം നിഷ്പന്നമായത് എന്നു തെറ്റദ്ധരിച്ചാണ് ആ വാക്കിന് അര്‍ത്ഥം അടര്‍ത്തിമാറ്റപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനം നല്കാന്‍ ചിലര്‍ക്ക് പ്രേരണയായത്. ഇവിടെ ഓര്‍ക്കേണ്ട വസ്തുത സംസ്‌കൃതഭാഷക്ക് മുമ്പ് ഇവിടെ ഒരു ഭാഷ പ്രചാരത്തിലുണ്ടായിരുന്നു എന്ന വസ്തുതയാണ്. 'തമിഴ് അഥവാ ദ്രാവിഡ ദക്ഷിണേന്ത്യയിലെ ഭാഷ മാത്രമായിരുന്നില്ല; പിന്നെയോ ആര്യന്മാരുടെ ആഗമനത്തിന് മുമ്പ് അത് ഇന്ത്യയുടെ മുഴുവനും ഭാഷയായരുന്നു'. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 65). അംബേഡ്കര്‍ സൂചിപ്പിക്കുന്ന ദ്രാവിഡഭാഷയിലെ പദത്തില്‍ നിന്നും നിഷ്പന്നമായതാണ് ദല എന്ന പദം. ഇപ്പോള്‍ മലയാളത്തിലും പരക്കെ പ്രയോഗത്തിലുള്ള 'ഇതള്‍' എന്ന ദ്രമിളഭാഷയിലെ ഈ പദം സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അര്‍ത്ഥം ബോധ്യമാകുന്നതാണ്. ഇതള്‍ എന്നാല്‍ ഒന്നിനോട് കൂടിച്ചേരാതെ സ്വതന്ത്രമായ നിലനില്പ്പുള്ളത് എന്നാണര്‍ത്ഥമാക്കേണ്ടത്. ഉദാഹരണത്തിന് ഒരു പൂവിലെ ഇതളുകള്‍ തന്നെ. ഓരോ ഇതളും മറ്റൊന്നിനോട് ചേരാതെ സ്വതന്ത്രമായി നില്ക്കുന്നു. അവ മുഖ്യമായ ഒന്നില്‍ നിന്നും ആരുടേയെങ്കിലും കൈക്രിയകൊണ്ട് അടര്‍ത്തിമാറ്റപ്പെട്ടതാണോ? അല്ല, അവ ഉത്ഭത്തിലേ അങ്ങനെതന്നെയാണ്. ദലിത് എന്ന വംശനാമം സമീപകാലത്ത് ചര്‍ച്ചയായപ്പോള്‍ അതിന്റെ പൊരുള്‍ സംസ്‌കൃതത്തില്‍ തിരയാന്‍ തുനിഞ്ഞിടത്താണ് വ്യാഖ്യാതാക്കളെ അബദ്ധത്തിലാഴ്ത്തിയത്. മനസ്സിലാക്കേണ്ട വസ്തുത, ഇതളിന്റെ സംസ്‌കൃതവത്കൃതരൂപമാണ് സംസ്‌കൃതത്തിലെ ദല അഥവാ ദള എന്നുള്ളതത്രെ.

ഡോ. അംബേഡ്കര്‍ അനാര്യജനതയെ വിഘടിതമനുഷ്യര്‍ എന്നും വിശേഷിപ്പിക്കുന്നുണ്ടല്ലോ. വിഘടിതം എന്നതിന്റെ പൊരുള്‍ തിരയുമ്പോഴും വ്യാഖ്യാതാക്കള്‍ക്ക് പിഴവുപറ്റിയിട്ടുണ്ട്. ദലിത് എന്നതിന് അടര്‍ത്തിമാറ്റപ്പെട്ടവന്‍ എന്ന് അര്‍ത്ഥം കല്പിച്ചതുപോലെ ഇവിടെ 'വിഘടിതം' എന്നതിന് അവര്‍ അടര്‍ന്നുമാറിയത് എന്ന അര്‍ത്ഥമാണ് കല്പിച്ചത്. അപ്പോഴും അതേ ചോദ്യം തന്നെ അവശേഷിക്കുന്നു. അവര്‍ - ദലിതര്‍ - എന്തില്‍ നിന്നുമാണ് വിഘടിച്ചുപോയത്? ആര്യന്മാരില്‍ നിന്നോ ദ്രാവിഡരില്‍ നിന്നോ അവര്‍ വിഘടിച്ചത്? ഹിന്ദുമതവിശ്വാസികളില്‍ നിന്നോ മറ്റേതെങ്കിലും മതവിശ്വാസികളില്‍ നിന്നോ അവര്‍ വിഘടിച്ചത്? ഇതിനും കൃത്യമായൊരു മറുപടി വ്യാഖ്യാതാക്കളുടെ പക്കലില്ല. വിഘടിതര്‍ എന്നാല്‍ അര്‍ത്ഥം ഒന്നിനോടും ഘടിക്കപ്പെടാത്തത് എന്നാണ് അര്‍ത്ഥം. പൂവിന്റെ ഉദാഹരണം തന്നെ ഇവിടെയും സ്വീകരിക്കാം. പൂവിന്റെ ഇതളുകള്‍ മറ്റ് ഇതളുകളുമായി കൂടിച്ചേര്‍ന്നല്ലല്ലോ നില്ക്കുന്നത്. എതുപോലെതന്നെ വിഘടിതമനുഷ്യര്‍ മറ്റ് വംശങ്ങളോട് കൂടിച്ചേരാതെ നില്ക്കുന്നതിനാലാണ് അവര്‍ വിഘടിതമനുഷ്യരായി അറിയപ്പെടുന്നത്; അല്ലാതെ വിഛേദിക്കപ്പെട്ടതിനാലല്ല.

വിഘടിതമനുഷ്യര്‍ ആരംഭത്തിലേ അങ്ങനെതന്നെയാണോ? നോക്കുക, പൂവിന്റെ ഇതളുകള്‍ ആരംഭത്തിലേ അങ്ങനെതന്നെയാണല്ലോ. അല്ലാതെ, പൂവ് ഉണ്ടായശേഷം ഒന്നില്‍ നിന്നും അടര്‍ന്നടര്‍ന്നല്ലല്ലോ ഇതളുകള്‍ രൂപപ്പെട്ടത്! ഇക്കാര്യത്തില്‍ ഡോ. അംബേഡ്കര്‍ നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്. 'അസ്പൃശ്യര്‍ അവരുടെ ഉത്ഭവത്തില്‍ വിഘടിതമനുഷ്യരാണോ, എന്ന ചോദ്യത്തിന്‍ എന്റെ ഉത്തരം 'അതെ' എന്നാകുന്നു. അതെ എന്ന ഉത്തരത്തെത്തുടര്‍ന്ന് അതിന്റെ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ഹൈന്ദവഗ്രാമങ്ങളിലെ സ്പൃശ്യരുടേയും അസ്പൃശ്യരുടേയും കുടുംബചിഹ്നങ്ങളെപ്പറ്റി പഠനം നടത്തിയാല്‍ ഈ വിഷയത്തില്‍ പ്രത്യക്ഷമായ തെളിവ് ലഭിക്കുമായിരുന്നു'. വിഘടിതമനുഷ്യര്‍ എങ്ങനെ അസ്പൃശ്യരായി കണക്കാക്കപ്പെട്ടു എന്നതിനെക്കുറിച്ച് ഡോ. അംബേഡ്കര്‍ തുടര്‍ന്നെഴുതുന്നു; 'വിഘടിതമനുഷ്യര്‍ ബുദ്ധമതാനുയായികളായിരുന്നു എന്നതാണത്. അതുകൊണ്ടാണ് അവര്‍ ബ്രാഹ്മണരെ പൂജിക്കാതിരുന്നത്; അതുകൊണ്ടാണ് അവര്‍ ബ്രാഹ്മണരെ പുരോഹിതരായി നിയോഗിക്കാതിരുന്നത്; അതുകൊണ്ടാണ് അവര്‍ ബ്രാഹ്മണരെ അശുദ്ധരായി കരുതിയത്; അതേസമയം മറുവശത്ത്, ബ്രാഹ്മണര്‍ക്ക് വിഘടിതമനുഷ്യരോട് വിരോധമുണ്ടായത് അവര്‍ ബുദ്ധമതാനുയായികളാ യിരുന്നതുകൊണ്ടാണ്; അവര്‍ വിഘടിതമനുഷ്യര്‍ക്കെതിരെ അവജ്ഞയും വിദ്വേഷവും പ്രചരിപ്പിച്ചു; അത്ഫലമായി വിഘടിതമനുഷ്യര്‍ അസ്പൃശ്യരായി കണക്കാക്കപ്പെട്ടു. വിഘടിതമനുഷ്യര്‍ മറ്റ് വംശങ്ങളില്‍ നിന്നും വേറിട്ടുപോന്നവരല്ലെന്നും മറ്റൊരുവംശവുമായും ഘടിക്കപ്പെടാത്തവര്‍ ആണെന്നും ഉള്ള അര്‍ത്ഥത്തിലാണ് അവര്‍ക്ക് അങ്ങനെയൊരു സംബോധന നിലവില്‍ വന്നത് എന്നു തെളിയിക്കുന്നതിനായി ഡോ. ബി ആര്‍ അംബേഡ്കറുടെ ഉദ്ധരണികളേക്കാള്‍ കൂടുതലായി മറ്റൊന്നിനേയും ഇവിടെ ആശ്രയിക്കേണ്ടതില്ല. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14)

ഡോ. പ്രതീപന്‍ പാമ്പിരിക്കുന്ന് ദലിത് പ്രയോഗത്തിന്റെ അര്‍ത്ഥം തിരയാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സംസ്‌കൃതം മലയാളം നിഘണ്ടുവും ശ്രീകണ്‌ഠേശ്വരത്തിന്റെ മലയാളം ശബ്ദതാരാവലിയേയുമാണ് ആശ്രയിച്ചത്. ദല് എന്ന മൂലരൂപത്തിന് പിളര്‍ക്കുക, കഷണിച്ചുമാറ്റുക എന്നൊക്കെയുള്ള അര്‍ത്ഥമാണ് അദ്ദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് അദ്ദേഹം ഹീബ്രുവിലാണ് ദലിത് പദത്തിന്റെ മൂലരൂപമെന്ന ചിലരുടെ അഭിപ്രായത്തെ പരാമര്‍ശവിധേയമാക്കുന്നുണ്ട്. മറാഠിയില്‍ ജ്യോതിറാവു ഫൂലെയാണ് അധഃസ്ഥിതന്‍ എന്ന അര്‍ത്ഥത്തില്‍ ആദ്യമായി 'ദലിതോദ്ധാര്‍' എന്ന പദം പ്രയോഗിച്ചതെന്ന് കണ്ടെത്തുന്നുണ്ട്. ഇവിടെ പ്രദീപന്‍ പാമ്പിരിക്കുന്നിന് പിണഞ്ഞ വലിയൊരു പിശക്, ജ്യോതിറാവുഫൂലെ, മറ്റ് വംശങ്ങളേതില്‍ നിന്നോ കഷണിച്ചുമാറ്റിയവര്‍ എന്ന അര്‍ത്ഥത്തിലാണ് ആ പദം പ്രയോഗിച്ചത് എന്ന് തെറ്റിദ്ധരിച്ചതാണ്. മറ്റ് വംശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിഘടിതമനുഷ്യര്‍ അധഃസ്ഥിതര്‍ തന്നെയാണ്. അതിനുള്ള കാരണം ഡോ. അംബേഡ്കര്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. (മുന്‍ ഉദ്ധരണി). ദലിതര്‍ കഷണിച്ചുമാറ്റപ്പെട്ടവരാണെന്ന് വന്നാല്‍ അവരുടെ മൂലഘടകം ഹിന്ദുമതവിശ്വാസികളുടേയോ ആര്യന്‍ നരവംശത്തിന്റേതോ ആണെന്ന് ജ്യാതിറാവു ഫൂലെ കരുതുന്നുവെന്ന് വിലയിരുത്തേണ്ടതായിവരും. വിഘടിതമനുഷ്യര്‍ ബുദ്ധമതവിശ്വാസികളായ അനാര്യന്‍ വംശക്കാരാണെന്ന് ഡോ. അംബേഡ്കര്‍ വ്യക്തമാക്കിയത് ശ്രദ്ധിക്കുക. അപ്പോള്‍ ഡോ. ബി ആര്‍ അംബേഡ്കറുടെ ആദര്‍ശപുരുഷനായ ജ്യോതിറാവു ഫൂലെ ദലിതര്‍ ഹിന്ദുമതത്തില്‍ നിന്നോ ആര്യന്‍ നരവംശത്തില്‍ നിന്നോ വിട്ടുപോന്നരാണെന്ന് ഒരിക്കലും കരുതാനിടയില്ല. 

'ഡോ. അംബേഡ്കറാണ് ദലിത്പദം ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതുന്നവരുണ്ട്' എന്നിങ്ങനെ പരാമര്‍ശിച്ചുപോകുന്ന പ്രദീപന്‍ പാമ്പിരിക്കുന്നുന്ന്, ദലിത് പദം ആദ്യമായി നാണയപ്പെടുത്തിയത് പട്ടികജാതിവിഭാഗത്തെ സൂചിപ്പിക്കാന്‍ വേണ്ടി അംബേഡ്കറാണ് എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ അധഃസ്ഥിതരായ മഹറുകളെ വിശേഷിപ്പിക്കാനാണ് ദലിത് പദം അംബേഡ്കര്‍ ഉപയോഗിച്ചുതുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ മുഴുവന്‍ പട്ടികജാതി എന്ന അര്‍ത്ഥത്തില്‍ വ്യാപകമായി മാറികയായിരുന്നു. ദലിത് പാന്തര്‍ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ പട്ടിക വര്‍ഗക്കാരേയും നിയോബുദ്ധിസ്റ്റുകളേയും ഭൂരഹിതരേയും മറ്റ് ചൂഷിതരേയും ഉള്‍പ്പെടുത്തി ഈ പദം വിശാലമാക്കുകയായിരുന്നുവെന്നും പ്രദീപന്‍ പാമ്പിരിക്കുന്ന് വിശദീകരണം നല്കുന്നുണ്ട്. ഭൂരഹിതരേയും മറ്റ് ചൂഷകരേയും ഉള്‍പ്പെടുത്തി എന്ന് വേര്‍തിരിച്ച് പറയുമ്പോള്‍ അനാര്യന്മാരും ഈ സംജ്ഞയുടെ പരിധിക്കുള്ളില്‍ വരുന്നു എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്? അങ്ങനെ ഒരു അര്‍ത്ഥം ആ സംജ്ഞയുടെ ഉത്ഭവത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണല്ലോ. ആര്യന്മാരില്‍ ദരിദ്രരുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ടും അനാര്യന്മാരില്‍ സമ്പന്നരുണ്ടെങ്കില്‍ അവരെ പുറത്താക്കിക്കൊണ്ടുമുള്ള ഒരു വര്‍ഗരൂപീകരണത്തിന് കൊടുത്ത പേരല്ല ദലിത് എന്നത്. തീര്‍ത്തും അത് അനാര്യന്‍ വശംത്തെ സൂചിപ്പിക്കുന്നു.

1958 ലെ ദലിത് എഴുത്തുകാരുടെ ബോംബെ സമ്മേളനത്തിലാണ് ദലിത് സാഹിത്യം എന്ന വാക്ക് ആദ്യമായി രൂപംകൊള്ളുന്നത്. 'മറാത്ത് വാഡ'യുടെ 1969 ലെ ദീപാവലി പതിപ്പില്‍ ദലിത് സാഹിത്യം എന്ന സംജ്ഞ പ്രാധാന്യം നേടുന്നതോടെ ഈ പദം സ്ഥിരപ്രതിഷ്ഠ നേടുന്നതെന്നും പ്രദീപന്‍ രേഖപ്പെടുത്തുന്നു. മലയാളത്തില്‍ 'മഹാഭാരതം കിളിപ്പാട്ട്'ല്‍ എഴുത്തച്ഛനും നളിനിയില്‍ കുമാരനാശാനും ദലിത് പദം പ്രയോഗിച്ചു. ദലിത് എന്നത് ഒരു ജാതിയല്ല, സാമൂഹികവും സാമ്പത്തികവുമായി ചൂഷണത്തിന് വിധേയരാകുന്ന എല്ലാവരുടേയും പ്രതിനിധാനമാണെന്ന എലേനര്‍ സെല്യാതിന്റേയും ഗെയ്ല്‍ ഓംവെദ് ന്റെയും നിര്‍വചനങ്ങളെയും പ്രതീപന്‍ പാമ്പിരിക്കുന്ന് പരിശോധിക്കുന്നുണ്ട്. കൃതിയില്‍ വ്യക്തമാക്കുന്നതുപ്രകാരം, അധഃകരിക്കപ്പെട്ടവരുടെ ഒരു സംഘടനാരൂപത്തെയല്ല ദലിത് എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നത്. കാരണം അധഃകരിക്കപ്പെട്ടവര്‍ എക്കാലവും അങ്ങനെ ആയിരുന്നിട്ടില്ല. ആ അര്‍ത്ഥം ആ പദപ്രയോഗത്തില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. മുന്‍ ഖണ്ഡികയിലെ ഡോ. അംബേഡ്കറുടെ ഉദ്ധരണിയില്‍ ഇതിനുള്ള വിശദീകരണമുണ്ട്. ('ദലിത് പഠനം'. ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്)

ഓര്‍ക്കേണ്ട വസ്തുത, അധഃകൃതരെ ദലിതരാക്കുകയല്ല ഉണ്ടായത്. മറിച്ച് ദലിതരെ അധഃകൃതരാക്കുകയാണ് ചെയ്തത് എന്നുള്ളതാണ്. അധഃകൃതര്‍ എല്ലാ വംശങ്ങളിലുമുണ്ടെന്ന വാദം അംഗീകരിക്കാം. പക്ഷെ അതുകൊണ്ട് അധഃകൃതരെല്ലാം ഒരേ വംശത്തില്‍ പെടുന്നുവെന്ന് വരുന്നില്ല. ദലിത് എന്നത് വംശനാമമാണ്. അവരില്‍ അധഃകൃരും പെടുന്നു. മറ്റൊരര്‍ത്ഥത്തില്‍ ദലിതരെല്ലാം അധഃകരിക്കപ്പെട്ട വരാണെന്നും വരുന്നു. ദലിതര്‍ അധഃകരിക്കപ്പെടുന്നത് അവരെ അസ്പൃശ്യരായി കണക്കാക്കപ്പെടുമ്പോഴാണല്ലോ. അതിന് വ്യക്തവും കൃത്യവുമായ ഒരു കാലഘട്ടമുണ്ടെന്ന് ഡോ. അംബേഡ്കര്‍ രേഖപ്പെടുത്തുന്നു; ' അസ്പൃശ്യതയുടെ മൂലകാരണമായ ഗോമാംസഭക്ഷണത്തില്‍ നിന്നാണ് നമ്മുടെ ശ്രമം ആരംഭിക്കുന്നതെങ്കില്‍ അത് കഴിയുമെന്നാണെന്റെ വിചാരം. ഗോമാംസഭക്ഷണ നിരോധനത്തെ രംഗനിരീക്ഷണം നടത്തുന്നതിനുള്ള സ്ഥാനമായി സ്വീകരിച്ചാല്‍, അസ്പൃശ്യതയുടെ ജന്മദിനം ഗോവധത്തിനും ഗോമാംസഭക്ഷണത്തിനെതിരായ നിരോധനവുമായി അഭേദ്യമായും ബന്ധപ്പെട്ടിരിക്കണമെന്ന് ന്യായമായും അനുമാനിക്കാം. അപ്പോള്‍ ഗോവധം കുറ്റകൃത്യമായിത്തീര്‍ന്നതും ഗോമാംസഭക്ഷണം പാപമായിത്തീര്‍ന്നതും എന്നായിരുന്നുവെന്ന ചോദ്യത്തിന് മറുപടിപറയാന്‍ കഴിയുമെങ്കില്‍, അസ്പൃശ്യതയുടെ ഏകദേശമായ ഉത്ഭവകാലം നമുക്ക് കണ്ടുപിടിക്കാന്‍ കഴിയും'. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 155) അപ്പോള്‍, അസ്പൃശ്യതതയുടെ ഉത്ഭവകാലം പരിഗണിക്കുമ്പോള്‍ ഒരു ജനതയെ പൊടുന്നനെയാണ് അധഃകൃതരാക്കിയതെന്ന് കണ്ടെത്താമല്ലോ. ആ സവിശേഷ കാലത്തിനു മുമ്പും ആ ജനത ഇവിടെ ഉണ്ടായിരുന്നല്ലോ, അല്ലാതെ അസ്പൃശ്യതയോടെയല്ലല്ലോ അവരുടെ ഉത്ഭവവും? അസ്പൃശ്യതയുടെ കാലഘട്ടത്തിന് മുമ്പ് ഏതൊരു ജനതയാണോ ഉണ്ടായിരുന്നത് അവരാണ് ദലിതര്‍. അധഃകൃതരെല്ലാം ദലിതരാണെന്ന വാദത്തില്‍ കഴമ്പില്ല. ദലിതരെല്ലാം അധഃകരിക്കപ്പെട്ടു എന്നതാണ് വാസ്തവം.

ദലിതരുടെ വാമൊഴിയെ ദലിത് ഭാഷ എന്ന് വേര്‍തിരിക്കുന്നു കവിയൂര്‍ മുരളി. ദലിത് ഭാഷക്ക് ഒരു നിഘണ്ടുവും അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ദലിത് ഭാഷക്ക് തമിഴിനോടുള്ള ബന്ധം തെളിയിക്കുന്ന അനേകം കാര്യങ്ങളുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെയുന്നു. ദലിത് ഭാഷയാണ് പ്രാകൃതത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആദ്യഭാഷ. തമിഴിനും അമ്മയാണ് ദലിത് ഭാഷ. അതിനാല്‍ത്തന്നെ ആ ഭാഷയോട് തമിഴ് കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ദലിതരുടെ ഭാഷയും തമിഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവെന്നത് കലര്‍പ്പില്ലാത്ത സത്യമാണെന്നും കവിയൂര്‍ മുരളി സമര്‍ത്ഥിക്കുന്നുണ്ട്. തമിഴ് ഭാഷ (ദ്രമിള - ദമിള) സംസാരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണല്ലോ ആ ജനതക്ക് ദ്രാവിഡര്‍ എന്നു പേരുവന്നത്. ദലിത് ഭാഷയില്‍ നിന്നാണ് തമിഴ് ഉത്ഭവിച്ചതെന്നും അദ്ദേഹം വിശദമാക്കുന്നു. അപ്പോള്‍ രണ്ടും ഒരേ ഭാഷ തന്നെ. അല്ലെങ്കില്‍ ദലിത് ഭാഷയുടെ വികാസമാണ് തമിഴ് എന്നു വരുന്നു. ദ്രാവിഡര്‍ക്ക് ആ പേരുവന്നത് തമിഴ് സംസാരിക്കുന്നതുകൊണ്ടാണല്ലോ. തമിഴിന്റെ മാതാവായ ദലിത് ഭാഷ സംസാരിക്കുന്നവര്‍ക്ക് ദലിതര്‍ എന്നു പേരുവരാന്‍ കാരണം ആ ഭാഷ സംസാരിക്കുന്നതുകൊണ്ടല്ല! പിന്നെയോ അവര്‍ ദലനം ചെയ്യപ്പെട്ടതുകൊണ്ട്? ഈ നിഗമനങ്ങള്‍ അത്രയും ശരിയല്ല.

തമിഴിന് മാതാവാണ് ദലിത് ഭാഷ എന്ന് കവിയൂര്‍ മുരളി വിശദീകരിക്കുന്നു. തമിഴിന് മുന്‍പുള്ള ദലിത് ഭാഷയുടെ കാലത്തുതന്നെ ആ ഭാഷ സംസാരിക്കുന്നവര്‍ തകര്‍ക്കപ്പെട്ടവരായിരുന്നുവോ? അങ്ങനെ തകര്‍ക്കപ്പെട്ട ഒരു ജനതയില്‍ നിന്നുമാണോ തമിഴ് ഭാഷ ഉത്ഭവിച്ചത്? ദലിത് എന്ന പദത്തിന് സംസ്‌കൃതത്തില്‍ അര്‍ത്ഥം തിരഞ്ഞതും ദ്രമിളഭാഷയില്‍ അതിന്റെ അതിന്റെ പൊരുള്‍ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നതുമാണ് അദ്ദേഹത്തിന് സംഭവിച്ച ഏറ്റവും വലിയ പിശക്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സംസ്‌കൃത - മലയാള നിഘണ്ടുവും ശബ്ദതാരാവലിയും പരിശോധിച്ചതില്‍ നിന്നും ദല് എന്ന ധാതുവില്‍ നിന്നും ഉത്ഭവിച്ചതാണ് ദലിത് എന്ന പദം എന്ന് ഗ്രന്ഥാരംഭത്തില്‍ത്തന്നെ കവിയൂര്‍ മുരളി വിശദീകരണം നല്കുന്നുണ്ട്. സംസ്‌കൃതം മുഴുവനായും ആര്യഭാഷയല്ലെന്നും ദ്രമിളയും കലര്‍ന്ന് അത് ദേവനാഗരി ആയിട്ടുണ്ടന്നും മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ദ്രമിള പദനിഷ്പത്തി സംസ്‌കൃത - മലയാള നിഘണ്ടുവിലും ശബ്ദതാരാവലിയിലും അന്വേഷിക്കാന്‍ പാടില്ല എന്ന് ശഠിക്കാനാവില്ല. ഇവിടെ ശബ്ദതാരാവലിയില്‍ 'ഇതള്‍' എന്ന പ്രയോഗം കണ്ടെത്തിയിട്ടും കവിയൂര്‍ മുരളി ദലനം എന്ന സംസ്‌കൃതവാക്കിനെ ചുറ്റിപ്പറ്റി തന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയിടത്താണ് അദ്ദേഹത്തിന് പിഴവ് പറ്റിയത്. ദല് എന്ന ധാതുവില്‍ നിന്നാണ് ദലിതര്‍ നിഷ്പന്നമായതെങ്കില്‍ അവര്‍ ആരംഭത്തിലേ ദലനം ചെയ്യപ്പെട്ടവരാണ് എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്. വാസ്തവം അതല്ലല്ലോ, അവര്‍ ആരംഭത്തിലേ അങ്ങനെയല്ലായിരുന്നുവെന്ന് ഡോ. അംബേഡ്കര്‍ തെളിവ് നല്കുന്നുണ്ടല്ലോ. അവര്‍ ആരംഭത്തിലേ വിഘടിതമനുഷ്യരായിരുന്നു - ഒരു പൂ 'ഇതള്‍' മറ്റ് ഇതളുകളോട് ഘടിക്കപ്പെടാതെ നില്ക്കുന്നതുപോലെ. എന്നാല്‍ അസ്പൃശ്യത വരുമ്പോള്‍ അവര്‍ 'ദലനം' ചെയ്യപ്പെട്ടു എന്നത് ചരിത്രം. (ദലിത് ഭാഷ - കവിയൂര്‍ മുരളി. കറന്റ് ബുക്‌സ്)

ഡോ. അംബേഡ്കറുമായി അടുത്തുബന്ധമുണ്ടായിരുന്ന ടി കെ നാരായണന്‍ 'ദലിത്' എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് വിശദമാക്കുന്നു; 'പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ ഇന്ന് 'ദലിത്' എന്ന പേരിലാണ് അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്. എന്താണീ പേരിന്റെ അര്‍ത്ഥം? എന്തുകൊണ്ടാണത് ആകര്‍ഷണീയമായി തോന്നുന്നത്? 'ദാല്‍' എന്ന മൂലവാക്കില്‍ നിന്നാണ് 'ദലിത്' എന്ന വാക്കുണ്ടായത്. ദാല്‍ ന്റെ നാമവിശേഷണമാണ് ദലിത്. പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് സംസ്‌കൃതം - ഇംഗ്ലീഷ് നിഘണ്ടുവിന്റെ 471 ആം പേജില്‍ 'ദാല്‍' എന്ന വാക്ക് കൊടുത്തിട്ടുണ്ട്. വിശ്വവിഖ്യാതി നേടിയ സംസ്‌കൃതപണ്ഡിതനായ സര്‍. മോണിയര്‍ വില്യംസ് ആണ് ഈ നിഘണ്ടു പരിശോധിച്ച് പരിഭാഷപ്പെടുത്തിയത്. ഈ വാക്ക് മലയാളം ഉള്‍പ്പെടെയുള്ള മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും കാണാന്‍ കഴിയും. ആ നിഘണ്ടുവില്‍ 'ദാല്‍' എന്ന വാക്കിന്റെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് Bur-st (പൊട്ടിത്തെറിപ്പിച്ച), Scattered, Dispersed (ചിന്നിച്ചിതറിക്കപ്പെട്ട, പിരിച്ചുവിട്ട), Destroyed, Crushed (തകര്‍ക്കപ്പെട്ട, നശിപ്പിക്കപ്പെട്ട) എന്നൊക്കെയാണ്. അയിത്തജാതിക്കാരാക്കപ്പെട്ട ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതാവസ്ഥയെ പൂര്‍ണമായും വ്യക്തമായും പ്രകടിപ്പിക്കുവാന്‍ ഉതകുന്ന വാക്കുകളാണിവയെല്ലാം. (ദലിത് പ്രസ്ഥാനം ഇന്ത്യയില്‍ - ടി കെ നാരായണന്‍. ദലിത് സാംസ്‌കാരികപ്രസ്ഥാനം തിരുവനന്തപുരം. 1985. പേജ് 27, 28)'. മുമ്പ് പരാമര്‍ശിച്ച വ്യാഖ്യാതാക്കളെ അനുവര്‍ത്തിക്കുക മാത്രമാണ് ടി കെ നാരായണന്‍. 

'ദലിത്' എന്ന പദം സമീപകാലത്ത് പ്രചാരം നേടിയത് സംബന്ധിച്ചുള്ള അതിന്റെ നാള്‍ വഴിചരിതത്തിലൂടെ അല്പമൊന്ന കണ്ണോടിക്കാം.

'ചെറുപ്പക്കാരായ നാംദിയോ ദാസലും ജെ വി പവാറും ഒരിക്കല്‍ ബോംബെയില്‍ വെച്ച് കണ്ടുമുട്ടാനിടയായി. ഇരുവരും അസ്പൃശ്യരും അഭ്യസ്ത വിദ്യരുമായിരുന്നു. വിവിധ ഉപജാതി കളിലായി വിഘടിച്ചു കഴിയുന്ന അസ്പൃശ്യരെ ഒരുമിച്ചു ചേര്‍ത്ത്, അവരുടെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു ആലോചനയില്‍ ഏര്‍പ്പെട്ടു. ഈ സംഘത്തിലേക്ക് പിന്നീട് രാജ ധാലെയും അരുണ്‍ കാംബ്ലെയും വന്നു ചേര്‍ന്നു. ഒരുമിച്ചു ചേര്‍ക്കപ്പെടുന്ന അസ്പൃശ്യരെ ഒരു പൊതു പേരില്‍ വിശേഷിപ്പിക്കണമെന്ന അഭിപ്രായം പൊന്തി വന്നപ്പോള്‍ അരുണ്‍ കാംബ്ലെയാണ് 'ദലിത്' എന്ന പദം നിര്‍ദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ഇംഗ്ലീഷിലെ 'ബ്രോക്കണ്‍ പീപ്പിള്‍' എന്ന പ്രയോഗത്തിന് സമാനമായ പദം എന്ന നിലക്കാണ് അരുണ്‍ കാംബ്ലെ ദലിത് പദം നിര്‍ദ്ദേച്ചത്. 'ബ്രോക്കണ്‍ പീപ്പിള്‍' എന്നാല്‍ അംബേഡ്കര്‍ ചൂണ്ടിക്കാട്ടുന്ന 'വിഘടിത മനുഷ്യര്‍' തന്നെയാണ്. അവര്‍ പിന്നീട് അസ്പൃശ്യരാക്കപ്പെട്ടു എന്നും ചരിത്രം വ്യക്തമാക്കുന്നു.

ഈ നാല്വരുടെ സംഘത്തിലേക്ക് അവിനാഷ് മഹതേക്കറും ലത്തീഫ് ഖടികും ബാബുറാവു ബാഗുലും ഭായ് സംഗരേയുമൊക്കെ വന്നു ചേര്‍ന്നു. എല്ലാവരും ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം തൊഴിലന്വേഷിച്ചു നടക്കുന്ന കാലവുമായിരുന്നു അത്. ഏതാണ്ട് മുഴുവന്‍ പേരും കവികളും കലാകാരന്മാരും എന്ന നിലയില്‍ അക്കാലത്തു തന്നെ പ്രസിദ്ധരുമായിരുന്നു. രാജ ധാലെയാകട്ടെ 'വിരോധ്' എന്ന പേരില്‍ ഒരു ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നു മുണ്ടായിരുന്നു. 1972 മെയ് 29 ന് ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ചാണ്, അസ്പൃശ്യരെ ഉപജാതി വ്യത്യാസങ്ങളില്ലാതെ പൊതുവായി വിശേഷിപ്പിക്കുന്നതിന് ദലിത് എന്ന പദം ആദ്യമായി പ്രയോഗിച്ചത്. അന്ന് രൂപീകരിച്ച സംഘടനയുടെ പേരാണ് 'ദലിത് പാന്തേഴ്‌സ്' എന്നത്.

ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്ന പദമായല്ല, സ്വീകരിക്കപ്പെട്ടത്. മറിച്ച്, ഒരു വര്‍ഗ (Race) ത്തെ കുറിക്കുന്ന പദമായാണ് പ്രയോഗിക്കപ്പെട്ടത്. ദലിത് പാന്തേഴ്‌സ് രൂപീകരിച്ച കാലം തൊട്ട് അത് ലക്ഷ്യമിട്ടിരുന്നത്, ഇന്ത്യയിലെ ദേശിക ജനതയെ ഹിന്ദു വിശ്വാസികളുടെ അടിയായ്മയില്‍ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു. സംഘടനയുടെ താത്വിക ആധാരം അംബേഡ്കറിസമായിരുന്നു. ഇതു സംബന്ധിച്ച് ഡോ. അംബേഡ്കറുടെ പഠനം തന്റെ ഒരു കൃതിയിലൂടെ വെളിപ്പെടുത്തുന്നത്, 'അസ്പൃശ്യര്‍ ഹിന്ദുക്കളല്ല ഒരു വിഭിന്ന വിഭാഗമാണ്' എന്നത്രെ. (നാഗവംശം; അംബേഡ്കര്‍ വീക്ഷണത്തില്‍. അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്. സിയാന്‍സു പബ്ലിക്കേഷന്‍. തിരുവനന്തപുരം)

ദലിത് പദനിഷ്പത്തി ചരിതത്തിലെ ആദ്യകാല പഠിതാക്കളെല്ലാം അതിന്റെ പൊരുള്‍ തിരഞ്ഞത് സംസ്‌കൃതത്തിലാണെന്നുള്ളതാണ് ഖേദകരമായ വസ്തുത. ആദ്യമുണ്ടായ ഭാഷ ദ്രമിളയായിരുന്നിട്ടും അവര്‍ അതിന്റെ വക്താക്കളായിരുന്നിട്ടും ആ ഭഷയിലൂടെ ഒരു അന്വേഷണയാത്ര നടത്താതിരുന്നത് എന്തുകൊണ്ടാണ്? ദലിത് സൈദ്ധാന്തികരിലെ മറ്റൊരു പ്രമുഖനായ എന്‍ കെ ജോസും സംസ്‌കൃതത്തിലാണ് ദലിത് പദനിഷ്പത്തി എന്ന് ആവര്‍ത്തിക്കുന്നു. കാളിദാസന്റെ സംസ്‌കൃതനാടകം 'അഭിജ്ഞാനശാകുന്തള'ത്തെ അദ്ദേഹം സൂചകമാക്കുന്നതുകാണാം.

തമിഴ്‌നാട്ടിലെ പ്രമുഖനായ ദലിത് സൈന്ധാന്തികന്‍ പ്രൊഫ. രാമയ്യനും പ്രദീപന്‍ പാമ്പിരിക്കുന്ന് സൂചിപ്പിച്ചതുപോലെ ഹീബ്രുവിലാണ് ദലിത് പദനിഷ്പത്തി എന്ന അഭിപ്രായക്കാരനാണ്. ഹീബ്രുവിനും മുമ്പുള്ള ബ്രാഹുയി ഭാഷയാണ് ദ്രമിളയുടെ മൂലരൂപമെന്നാണ് ഭാഷാചരിത്ര - ശാസ്ത്രകാരന്മാര്‍ കണ്ടെത്തുന്നത്. അംബേഡ്കര്‍ ഇക്കാര്യം ശരിവെക്കുന്നു; 'തമിഴും സജാതീയഭാഷകളും അസ്തിവാരമാക്കിയത് പ്രാചീന അസുരഭാഷയെയായിരുന്നുവെന്ന അഭിപ്രായത്തെ വളരെ ശക്തിയായി സ്ഥിരീകരിക്കുന്ന ഒരു വസ്തുതയു്: സിന്‍ഡിന്റെ അതിര്‍ത്തികളിലുള്ള ഒരു ഗോത്രമായ ബ്രാഹുയികളുടെ ഭാഷക്ക് പ്രസ്തുത ഭാഷകളുമായി വളരെയടുത്ത ബന്ധമുള്ളതായിക്കാണുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ കാള്‍ഡ് വെല്‍ പറയുന്നു: 'സിന്ധുവിനപ്പുറത്ത് മധ്യേഷ്യയുടെ തെക്കേ അതിര്‍ത്തി വരെ ദ്രാവിഡവംശത്തെ പിന്തുടരാന്‍ ബ്രാഹുയി (ഭാഷ) നമ്മെ പ്രാപ്തരാക്കുന്നു'. ഞാന്‍ ചൂിക്കാട്ടിയതുപെലെ, ഈ ദേശമായിരുന്നു അസുരന്മാരുടെ അഥവാ നാഗന്മാരുടെ മാതൃഭൂമി, ദ്രാവിഡരാജ്യങ്ങളുടെ സ്ഥാപകര്‍ വ്യക്തമായും ഈ വംശത്തില്‍പ്പെട്ടവരായിരുന്നു.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 65)

അധികം തെളിവുകള്‍ നിരത്തേണ്ടതില്ലെന്ന് തോന്നുന്നു. 'ദലിത്' എന്നത് തമിഴ് പദമാണ്. ബ്രാഹുയി - ദ്രമിള - ദമിള - തമിഴ് എന്നിങ്ങനെയാണ് ആ ഭാഷയുടെ നാള്വഴി ചരിതം. ഇപ്പോള്‍ 'ദലിത്' എന്ന പദം നിരോധിക്കണമെന്ന ആവശ്യം ചിലയിടങ്ങലില്‍ നിന്ന് ഉന്നയിക്കപ്പെടാന്‍ കാരണവും ആ പദത്തിന്റെ ദ്രാവിഡ ബന്ധംതന്നെ അന്ന കാര്യത്തിലും സംശയമില്ല.
--------------
@ഇടനേരം2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

കേരളത്തില്‍ ഗോമാംസം ഭക്ഷിച്ചിരുന്നില്ലേ..?


ഗോസംരക്ഷകര്‍ തേര്‍വാഴ്ച നടത്തുന്ന കാലമാണല്ലോ ഇത്. ചത്ത പശുവിന്റെ തോലുരിച്ചകുറ്റത്തിന് ഗോസംരക്ഷകരുടെ അടിയേറ്റ് മനുഷ്യര്‍ വധിക്കപ്പെടുന്നു..! കഴിച്ച മാംസം പശുവിന്റേതാണെന്ന് ആരോപിക്കപ്പെട്ട് ഗോസംരക്ഷകരുടെ അടിയേറ്റ് നിരപരാധികള്‍ കൊല്ലപ്പെടുന്നു...! എന്നാല്‍ ഈ കൊലയാളികള്‍ ആരാണ്..? അസ്സല്‍ ഗോമാംസഭക്ഷകരുടെ പാരമ്പര്യമുള്ളവര്‍ തന്നെ എന്ന് ചരിത്രം തെളിവ് നല്‍കുന്നു. എന്നാല്‍ ആ പരമ്പരയില്‍ പെട്ടവര്‍ 'ഗോവിജിലന്റിസ'ത്തിന്റെ പേരില്‍ സമൂഹത്തിനുമേല്‍വിരിച്ചിട്ടുള്ള ഭീതിയാണ് സമീപകാലത്തെ ആകുലതകളില്‍ പ്രമുഖമായ മറ്റൊന്ന്!

കാലങ്ങളായി ചത്തപയ്യിന്റെ തോലുരിച്ച് ജിവസന്ധാരണം നടത്തിവന്നിരുന്നവരാണ് ചമാറുകള്‍. ഈ തൊഴില്‍ ചെയ്യുന്നതില്‍ നിന്നാണ് ചമാര്‍ ജനസമുദായത്തിന് ആ പേര് വന്നതുതന്നെ. 'ചര്‍മകാര്‍' എന്ന വാക്കിന്റെ രൂപഭേദമാണ് 'ചമാര്‍'. തോലുരിക്കല്‍ ചമാറുകള്‍ക്ക് കേവലം ഉപജിവനമാര്‍ഗം മാത്രമല്ല, വ്യവസായം കൂടിയായിരുന്നു. ചമാറുകളുടെ ശേഷിയില്‍ അഭിവൃദ്ധിപ്രാപിച്ചിരുന്ന ഇന്ത്യന്‍ തുകല്‍ വ്യവസായം 'കൗ വിജിലന്റിസം' മൂലം ഇന്ന് തകര്‍ച്ചയെ നേരിടുകയാണെന്ന് പത്രറിപ്പോര്‍ചട്ടുകള്‍ സൂചിപ്പിക്കുന്നു. (ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈന്‍ പത്രികയുടെ 2018 ആഗസ്റ്റ് 31 ലെ റിപ്പോര്‍ട്ട്)

ഗോസംരക്ഷകര്‍ എന്തുതന്നെ അവകാശവാദം ഉന്നയിച്ചാലും അത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നുകാണാം. ഒരിക്കലും അവര്‍ മാംസഭക്ഷകര്‍ - ഗോമാംസഭക്ഷകര്‍ അല്ലാതിരുന്നിട്ടില്ലെന്നുള്ളതിന് ചരിത്രത്തില്‍ വേണ്ടുവോളം തെളിവുകളുണ്ട്. പശുവിനെ കശാപ്പുചെയ്യുന്നതിന് ശാസ്ത്രീയമായ രീതിപോലും അവര്‍ അവലംബിച്ചിരുന്നു. ആ രീതിയെ സംബന്ധിച്ച് ഒരു സചിത്രവിവരണം മലയാളം എന്‍സൈക്ലോപീഡിയയില്‍ കൊടുത്തിട്ടുണ്ട്. അതില്‍ നിന്നും പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു, ചിത്രം സഹിതം-

'.....അതിപുരാതനകാലം മുതല്‌ക്കേ ഒരു പ്രധാന ഭക്ഷണപദാര്‍ത്ഥമായി മനുഷ്യന്‍ മാംസം ഉപയോഗിച്ചുവരുന്നു. ആഹാരത്തിനുവേണ്ടി വേട്ടയാടുന്ന സമ്പ്രദായം കാലക്രമേണ മനുഷ്യന്‍ ഉപേക്ഷിക്കുകയും ഭക്ഷ്യാവശ്യത്തിനുവേണ്ടിവരുന്ന മൃഗങ്ങളേയും പക്ഷികളേയും പ്രത്യേകം വളര്‍ത്തുന്നതിനു ശീലിക്കുകയും ചെയ്തു. ഇന്നും മനുഷ്യന്‍ വേട്ടയാടാറുണ്ടെങ്കിലും അതിന്റെ മുഖ്യലക്ഷ്യം ആഹാരസമ്പാദനമല്ല, വിനോദം ആണ്.

ആട്, മാട്, പോത്ത്, പന്നി തുടങ്ങിയ മൃഗങ്ങളുടേയും കോഴി, താറാവ് തുടങ്ങിയ പക്ഷികളുടേയും മാംസമാണ് മനുഷ്യന്‍ സാധാരണമായി ഭക്ഷിക്കുന്നത്. എന്നാല്‍ കുതിര, ഒട്ടകം, ആന, നീര്‍ക്കുതിര, കാണ്ടാമൃഗം, പട്ടി തുടങ്ങിയ മറ്റു പല സസ്തനജീവികളുടേയും പാമ്പ്, ഉടുമ്പ് തുടങ്ങിയ ഇഴജന്തുക്കളുടേയും തവള, കക്ക, ഞണ്ട് തുടങ്ങിയ ജലജീവികളുടേയും മാംസം മനുഷ്യന്‍ ഭക്ഷിച്ചുവരുന്നുണ്ട്. അപൂര്‍വം ചില കാട്ടുവര്‍ഗക്കാര്‍ മനുഷ്യമാംസവും ഭക്ഷണത്തിനുപയോഗപ്പെടുത്തുന്നുണ്ട്. നരബലി നിലവിലിരുന്ന കാലത്ത് ഇന്ത്യയില്‍ മനുഷ്യമാംസത്തെ മാംസാഹാരം എന്നു വിശേഷിപ്പിച്ചിരുന്നു. ചില ജനവര്‍ഗങ്ങളുടെ ഇടയില്‍ ചില പ്രത്യേകതരം ജന്തുക്കളുടെ മാംസം ഭക്ഷിക്കുന്നതിനെ വിലക്കിയിട്ടുണ്ട്. ജൂതന്മാര്‍, ക്രൈസ്തവരില്‍ ചില വിഭാഗക്കാര്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്ക് കുളമ്പ് കീറിയിട്ടില്ലാത്തവയും അയവിറക്കാത്തവയുമായ പന്നി, പട്ടി തുടങ്ങിയ ജന്തുക്കളുടെ ഇറച്ചി നിഷിദ്ധമാണ്. ഹൈന്ദവവിഭാഗങ്ങളില്‍ ഏറിയ പങ്കിനും പശുവിനെ കൊല്ലുന്നതിനോടുതന്നെ വൈകാരികമായ എതിര്‍പ്പുണ്ട്; മാംസം ഭക്ഷിക്കാത്തവരുമുണ്ട്. എന്നാല്‍ പ്രാചീനഭാരതത്തില്‍ മാംസാഹാരം വര്‍ജ്യമായിരുന്നില്ല. ഇറച്ചിക്കുവേണ്ടി പ്രത്യേകം വളര്‍ത്തി തടിവെപ്പിച്ച കാളക്കിടാവിനേയും പശുക്കുട്ടിയേയും മറ്റം അറുത്തു പാചകം ചെയ്തു പ്രശസ്താതിഥികള്‍ക്കു കൊടുക്കാറുള്ളതായി മഹാഭാരതത്തിലും പലതരം ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതായി രാമായണത്തിലും പ്രസ്താവനകള്‍ കാണുന്നു. ഭവഭൂതിയുടെ 'ഉത്തരരാമചരിതം' നാടകത്തിലും ഇത്തരം പരാമര്‍ശമുണ്ട്. പശുവിന്റെ ഇറച്ചി ഒരു പ്രത്യേകരീതിയില്‍ പാചകം ചെയ്ത് ഗര്‍ഭിണികള്‍ക്കു നല്കിയാല്‍ ബുദ്ധിശാലിയും വാഗ്മിയുമായ പുത്രന്‍ ജനിക്കുമെന്ന് 'ബൃഹദാരണ്യകോപനിഷത്തില്‍' പ്രസ്താവിച്ചിട്ടുണ്ട്. *'മനുസ്മൃതി'യും മാംസാഹാരത്തെ അനുകൂലിക്കുന്നു. അഗ്നിഹോത്രം മുതലായ യാഗങ്ങള്‍ നടത്തുമ്പോള്‍ ബലിമൃഗമായ ആടിന്റെ മാംസം ബ്രാഹ്മണര്‍ ഭക്ഷിക്കാറുണ്ട്. തടിച്ച കാളക്കുട്ടികളെ അറുത്ത് വിരുന്നൊരുക്കുന്ന പതിവിനെക്കുറിച്ച് ബൈബിളിലും സൂചനകള്‍ കാണുന്നുണ്ട്.....'

* മനുസ്മൃതിയിലെ ഗോഹത്യ- ' ഒരു ശൂദ്രനെ കൊല്ലുക എന്നതു ഒരു പൂച്ചയേയോ, കീരിയേയോ, തവളയേയോ, പട്ടിയേയോ, കഴുതയേയോ, മൂങ്ങയേയോ, പശുവിനേയോ കൊല്ലുന്നതുപോലെ ഒരു നിസ്സാര പാപം മാത്രമാണ് (മനു. 11:131)'

അതിവിദഗ്ധമായ രീതിയവലംബിച്ചുതന്നെ പശുവിനെ കശാപ്പുചെയ്ത് ഭക്ഷിച്ചിരുന്നവര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഗോസംരക്ഷകരായി ചമയുന്നതിന് പിന്നിലെ രാഷ്ട്രീയ നിഗൂഢലക്ഷ്യമെന്താണ്.?