"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

എന്താണ് മൈര്? ആരാണ് മൈരന്‍?


ആര്യന്‍ ജനതയെ അപേക്ഷിച്ച് അനാര്യന്‍ ജനതക്ക് ഒന്നിലേറെ വിളിപ്പേരുകളുണ്ട്. ദ്രമിള ഭാഷ കൈകാര്യംചെയ്തിരുന്നതിനാല്‍ അവരെ ദ്രാവിഡര്‍ എന്നു വിളിക്കപ്പെട്ടു. അനാര്യന്മാരുടെ തലമുടി ആര്യന്മാരുടേതില്‍ നിന്നും വളരെ വ്യത്യസ്ത രൂപത്തിലുള്ളതാണ്. ആ തലമുടിയെ 'മൈര്‍' എന്നാണ് ദ്രമിളയില്‍ ഉച്ചരിച്ചിരുന്നത്. ദ്രമിളയുടെ ആധുനിക രൂപമായ തമിഴില്‍ ഇപ്പോഴും ഐകാരത്തില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന പദാവലികള്‍ പ്രചാരത്തിലുണ്ടല്ലോ.

മൈര്‍ എന്ന വാക്കിന്റെ സംസ്‌കൃതവത്കൃത രൂപമാണ് മൗര്യര്‍. തത്ഭവങ്ങള്‍ സംസ്‌കൃതഭാഷയിലെ ഒരു സവിശേഷതയാണല്ലോ. മൈര്‍ ന്റെ തത്ഭവമാണ് മൗര്യര്‍ എന്നുകാണാം. വിഖ്യാത രാജവംശമായിരുന്ന മൗര്യര്‍ അങ്ങനെയാണ് ആ പേരില്‍ അറിയപ്പെടാനിടയായത്. മൗര്യര്‍ അനാര്യരും ദ്രമിള സംസാരിക്കുന്നവരുമായിരുന്നു. എന്നാല്‍ മൈര്‍ എന്ന വാക്കിന്റെ സമാന സംസ്‌കൃതരൂപം ശ്മശ്രു എന്നാണ്. ഇതില്‍ നിന്നും മൈര്‍ ദ്രമിളപദമാണെന്ന് കൂടുതല്‍ വ്യക്തമാണല്ലോ.

മയൂര്‍ (മയൂരം) എന്ന പക്ഷിവര്‍ഗത്തില്‍ നിന്നമുമാണ് മൗര്യനാമത്തിന്റെ ഉത്ഭവമെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. ഇത് ശരിയല്ല. നേരെ തിരിച്ചാണ് സംഭവിച്ചത്. അതായത് മൗര്യരില്‍ നിന്നുമാണ് മയൂര്‍ സംഭവിച്ചിട്ടുള്ളത്. ഇത്, മൗര്യര്‍ മയൂരത്തിന്റെ പീലികള്‍ തലയില്‍ ചൂടിയിരുന്നതിനാലോ, കവ്യഭാഷയില്‍ പറഞ്ഞാല്‍, മൗര്യരുടെ തലമുടി മയില്‍പീലിപോലെ രൂപപ്പെട്ടിരുന്നതിനാലോ ആവാം. 

രലയോരഭേദം എന്നൊരു ന്യായമുണ്ട് സംസ്‌കൃതവ്യാകരണത്തില്‍. ഇതനുസരിച്ച് മൈര്‍ ലെ അവസാനത്തെ സ്വരം ല്‍ ആയും ഉച്ചരിക്കാം. അങ്ങനെ മൈര്‍ മൈല്‍ ആയിമാറുന്നു. മലയാളത്തില്‍ ഐകാരത്തിന്റെ സ്ഥാനത്ത് യകാരാദേശം വരുമ്പോള്‍ മയിലായി മാറുന്നു. 

മൗര്യ എന്ന പ്രയോഗത്തിലെ രേഭത്തിന്റെ സ്ഥാനത്ത് ലകാരം ആദേശം വരുമ്പോള്‍ അത് മൗലിയായി മാറുന്നുവെന്നത് ശ്രദ്ധിക്കുക. അര്‍ത്ഥം തലമുടി എന്നുതന്നെ. അതിന്റെ തത്ഭവമാണ് മൗലികം, മൗലികത എന്നീ വാക്കുകള്‍. ഉച്ചാരണത്തിലെ ഈ ഭേദങ്ങള്‍ എല്ലായിടത്തും സ്വീകരിക്കപ്പെട്ടുകാണണമെന്നില്ല. മൈര്‍ എന്ന് തലമുടിയെ അഥവാ അനാര്യരായ (ഇപ്പോള്‍ ദാക്ഷിണാത്യര്‍) ജനതയെ ഉദ്ദേശിച്ചും മയില്‍ എന്ന് പക്ഷിവര്‍ഗത്തെ ഉദ്ദേശിച്ചും വ്യത്യസ്തരൂപത്തില്‍ പ്രയോഗിച്ചുവരുന്നു.

മൈര്‍ ജനതയുടെ വാസസ്ഥാനങ്ങള്‍ മുര, മിര എന്നിങ്ങനെ അറിയപ്പെട്ടു. മുരഃ എന്നാല്‍ അസുരന്‍ എന്നര്‍ത്ഥം. അപ്പോള്‍ മൗര്യ പദത്തിന് അസുരന്‍ എന്നും അര്‍ത്ഥം വരുന്നു. മുരരെ ജയിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ മഹാവിഷ്ണുവിന് മുരജില്‍, മുരദ്വിഡ്, മുരഭിദ്, മുരഹരഃ, മുരമര്‍ദ്ദനഃ, മുരരിപു, മുരശത്രു എന്നിങ്ങനെ പര്യായങ്ങളുണ്ട്. മുരരുടെ ശത്രു എന്ന അര്‍ത്ഥത്തില്‍ ശ്രീകൃഷ്ണനെ മുരാരി എന്നും വിളിക്കുന്നു. മൈരേയം എന്നാല്‍ മിര എന്ന ദേശത്തുണ്ടാക്കുന്ന ഒരുതരം മദ്യമാണെന്നും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സംസ്‌കൃതം മലയാളം നിഘണ്ടുവില്‍ രേഖപ്പെടുത്തുന്നു.

കേരളത്തില്‍ മയിലാടുംകുന്ന്, മയിലാടുംപാറ എന്നിങ്ങനെ സ്ഥലപ്പേരുകളുണ്ട്. വാസ്തവത്തില്‍ മയില്‍ എന്ന പക്ഷിയുടെ പ്രഭാവത്തില്‍ നിന്നല്ല ഈ പേരുകള്‍ വന്നത്. അത് തികച്ചും മൗര്യരുടെ അധിവാസകേന്ദ്രങ്ങള്‍ എന്ന നിലക്കാണ് ഉച്ചരിക്കപ്പെട്ടുവന്നത്. 

തമിഴ് - മലയാളം കൂടാതെ തുളുവിലും മൈര്‍ എന്ന സ്ഥലനാമങ്ങളുണ്ട്. കാസര്‍കോട് അതിര്‍ത്തിയിലെ മൈരെ എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. മൈരെ എന്നത് തെറിവാക്കാണന്ന ധാരണയില്‍ ചിലര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രഗവണ്മെന്റിലേക്ക് നിവേദനമയച്ചു. നിവേദകസംഘം മൈരെക്ക് പകരമായി ഷേണി എന്നൊരു പേരും നിര്‍ദ്ദേശിച്ചു. ഗവണ്മെന്റ് നിവേദകസംഘത്തിന്റെ ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് 2011 ലെ പാഠഭേദം മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ തന്റെ ലേഖനത്തില്‍ ഇങ്ങനെ കുറിച്ചു; 'മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ത്ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണി എന്നാക്കി മാറ്റേണ്ടത്.....' മൗര്യരുടെ മയില്‍ ബന്ധത്തിന് ഇനി കൂടുതല്‍ വിശദീകരണം വേണമെന്നു തോന്നുന്നില്ല. 

മലയാളത്തില്‍ മൈര്‍ മൈരന്‍ ആണ്. ഐകാരത്തിന്റെ സ്ഥാനത്ത് യകാരാദേശം വരുമ്പോള്‍ മയിരന്‍ എന്നാകുന്നു. അനാര്യന്‍ ജനതയുടെ മറ്റൊരു പേരുമാത്രമാണ് മൗര്യര്‍ എന്നത്. ഇന്ന് അത് തെറിവാക്കായി പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഉത്ഭവത്തില്‍ അത് അങ്ങനെയായിരുന്നില്ല. മൈരന്‍ എന്നു കേള്‍ക്കുമ്പോള്‍ ദലിതര്‍ അഭിമാനംകൊള്ളേണ്ടതാണ്. നമ്മുടെ തലമുടിയുടെ രൂപഭംഗിയാണ് നമുക്ക് ആ പേരുതന്നത്. ചന്ദ്രഗുപ്തമൗര്യനും ബിന്ദുസാരനും അശോകനും ബൃഹദ്രഥനും തൊട്ടുള്ള പ്രപിതാമഹന്മാരുടെ വംശാവലിനാമമാണ് മൈരന്‍! മൗര്യര്‍ ഇന്ത്യ...!!!!അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ