"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

യാഗം മുടക്കുന്ന ബുദ്ധന്‍ - മൂന്നാം ക്ലാസിലെ മലയാളം പാഠാവലിയില്‍!60 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ കേരള ഗവണ്മെന്റ് അച്ചടിച്ച് വിതരണംചെയ്ത മൂന്നാം ക്ലാസിലെ മലയാളം പാഠാവലിയിലാണ് ഇത്തരമൊരു അധ്യായമുള്ളത്. നാടകരൂപത്തിലുള്ള ഈ അധ്യായത്തിന്റെ പേര് 'ശ്രീ ബുദ്ധനും യാഗവും' എന്നാണ്. 1959 ല്‍ ഇറങ്ങിയ ഈ പാഠപുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ഈ അധ്യായം ചേര്‍ത്തപ്പോള്‍ അതിന് 'ഹിംസിക്കരുത്' എന്നാണ് പേരുകൊടുത്തത്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് പുതിയപതിപ്പില്‍ ഇംഗ്ലീഷ് അക്കങ്ങള്‍ ഉപയോഗിച്ചു എന്നതൊഴിച്ചാല്‍ അധ്യായത്തിലെ ഉള്ളടക്കത്തല്‍ മാറ്റമില്ല.

അന്നത്തെ പതിവനുസരിച്ച് എല്ലാ ക്ലാസിലേയും മലയാളം പാഠാവലിയില്‍ ഏതെങ്കിലും വ്യവഹാരരൂപത്തില്‍ ശ്രീബുദ്ധനെക്കുറിച്ച് ഒരു അധ്യായം ഉള്‍പ്പെടുത്തപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. 1959 ലെ തന്നെ നാലാം ക്ലാസ് മലയാളം പാഠാവലിയില്‍ 'ശ്രീ ബുദ്ധന്‍' എന്ന പേരില്‍ ഒരു ഗദ്യപാഠം ഉള്‍പ്പെടുത്തിയിരിക്കുന്നതുകാണാം. 

സാധു മൃഗങ്ങളെ കശാപ്പുചെയ്യുന്ന യാഗം പോലെയുള്ള ഹിംസാത്മക നടപടികള്‍ക്കെതിരെ അതിശക്തമായ പൊതുജനവികാരം ബുദ്ധന്റെ കാലത്തുതന്നെ സമൂഹത്തില്‍ ഉയര്‍ന്നിരുന്നുവെന്ന ചരിത്രയാഥാര്‍ത്ഥ്യം ഇളം മനസ്സുകളിലേക്ക് പകരാന്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പാഠപുസ്തക നിര്‍മാതാക്കള്‍ ബദ്ധശ്രദ്ധരായിരുന്നുവെന്ന് മനസ്സിലാക്കാം. പാഠഭാഗം മുഴുവനായും താഴെ കൊടുക്കുന്നു-ശ്രീ ബുദ്ധനും യാഗവും

(വടക്കേ ഇന്ത്യയിലെ പുല്ലുനിറഞ്ഞ ഒരു മൈതാനം. സമയം നട്ടുച്ച. ബുദ്ധന്‍ നടന്നുപോകുന്നു. ഒരു ആട്ടിന്‍ പറ്റത്തെ തെളിച്ചുകൊണ്ട് കുറച്ച് ഇടയന്മാര്‍ വരുന്നു)

ഒരു ഇടയന്‍:- നടക്ക്, ആടേ, നടക്ക്, ഉം, ഉം, (വടിവീശിക്കൊണ്ട്) നേരെ- നേരെ. ഇന്ന് അലയാനും മേയാനും ഒന്നും നേരമില്ല.

ബുദ്ധന്‍:- (തിരിഞ്ഞുനോക്കിക്കൊണ്ട്) ഇന്ന് ഈ ആടുകള്‍ക്ക് മേയാന്‍ നേരമില്ലെന്നോ? എന്തുപറ്റി? നേരം ഉച്ചയായല്ലേ ഉള്ളൂ? നല്ല പുല്പരപ്പ്! ഇവിടെയെങ്ങാനും നിര്‍ത്തി, കുറേനേരം മേച്ചാലെന്താ? ഇത്ര നല്ല ഇളംപുല്ലു മറ്റെവിടെ കിട്ടും?

ഇടയന്‍:- ഇന്ന് അതിനൊന്നും നേരമില്ലെന്നേ. നടക്ക്, ആടേ, നടക്ക്, ഇങ്ങോട്ട് നടക്ക് (പുല്ലു തിന്നാന്‍ തിരിഞ്ഞുനിന്ന ആടിനെ അടിക്കുന്നു)

ബുദ്ധന്‍:- കഷ്ടം! വിശന്നു വലഞ്ഞപ്പോള്‍ ഒരു പുല്ലുകടിച്ചത് കുറ്റമായിപ്പോയോ? ഇങ്ങനെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നമ്മെ എന്തിനെല്ലാം ശിക്ഷിക്കണം?

ഇടയന്‍:- ഇവറ്റയെ നേരത്തിന് എത്തിച്ചില്ലെങ്കില്‍ എന്നെ ശിക്ഷിക്കും.

ബുദ്ധന്‍:- എവിടെയാണ് എത്തിക്കേണ്ടത്? ഇവയെ മേയാന്‍ സമ്മതിച്ചാല്‍ നിന്നെ ആരു ശിക്ഷിക്കും? വിശക്കുന്ന ജീവിയെ തീറ്റണം. അതാണ് ധര്‍മ്മം. സാധുക്കള്‍! കുറച്ചുനേരം മേയട്ടെ. അടുത്തുതന്നെ ഗംഗാനദി ഉണ്ടല്ലോ. വെള്ളവും കുടിപ്പിക്കാം. പിന്നെ മരങ്ങളുടെ തണലില്‍ കിടന്ന് അയവിറക്കട്ടെ. സൗകര്യംപോലെ ആട്ടിക്കൊണ്ടു പോകാമല്ലോ.

ഇടയന്‍:- ഇവറ്റയെ കൊണ്ടുചെല്ലാന്‍ വൈകിയാല്‍ യാഗം മുടങ്ങും; മഹാരാജാവ് കോപിക്കും. എന്റെ തല പിന്നെ കാണുകയില്ല.

ബുദ്ധന്‍:- യാഗത്തിന് കുരുതി കഴിക്കാനാണോ ഈ പാവങ്ങളെ കൊണ്ടുപോകുന്നത്? കഷ്ടം! ചിലര്‍ പറഞ്ഞുപരത്തുന്ന നുണകൊണ്ട് എന്തെല്ലാം അനര്‍ത്ഥങ്ങളാണ് സംഭവിക്കുന്നത്! സാധുജീവികളെ ഹിംസിച്ചിട്ടുവേണോ പുണ്യം നേടാന്‍? ഹിംസിച്ചാല്‍ എങ്ങനെ പുണ്യം കിട്ടും?

ഇടയന്‍:- അവിടെ യാഗം നടന്നുകൊണ്ടിരിക്കുകയാണ്.

ബുദ്ധന്‍:- (നൊണ്ടി നൊണ്ടി നടക്കുന്ന ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊണ്ട്) ഇതിനു നടക്കാന്‍ തീരെ വയ്യ. ഇങ്ങനെ ഓടിച്ചാല്‍ അവിടെ എത്തുന്നതിനു മുമ്പേ പാവം ചത്തുപോകും. ഇതിനെ ഞാന്‍ എടുത്തോളാം. ഞാനും വരാം യാഗശാലയിലേക്ക്.

(ബുദ്ധന്‍ ആട്ടിന്‍കുട്ടിയെ ചുമലിലേറ്റി നടക്കുന്നു; ഇടയന്‍ ആട്ടിന്‍പറ്റത്തെ ആട്ടിക്കൊണ്ട് മുമ്പിലും)


രംഗം - രണ്ട്


(യാഗശാല - കുണ്ഡത്തില്‍ തീ എരിയുന്നു. ഹോമം ചെയ്യുന്ന പുരോഹിതന്മാര്‍ അടുത്ത് ഇരിക്കുന്നു. ഒരു ഭാഗത്തു രാജാവായ ബിംബിസാരനും ഉണ്ട്. ഒരാള്‍ മന്ത്രം ചൊല്ലി കത്തിയും പിടിച്ച് നില്ക്കുന്നു. ഒരു കുറ്റിയില്‍ ഒരു ആടിനെ കെട്ടിയിട്ടുണ്ട്.)

ബുദ്ധന്‍:- (പ്രവേശിച്ച്) ഒന്നു മാറി നില്ക്കിന്‍. ഈ സാധു ജീവിയെ രക്ഷിക്കട്ടെ.

ഒരാള്‍:- ആരാണ് സൗമ്യനും തേജസ്വിയുമായ ഈ ആള്‍?

അന്യന്‍:- എന്തൊരു ദയയാണ് ആ കണ്ണുകളില്‍! ഒരു മുടന്തനാടിനെ ചുമലില്‍ എടുത്തിരിക്കുന്നു. എല്ലാവരും മാറി നില്ക്കുന്നു. എങ്ങനെ മാറിനില്ക്കാതിരിക്കും, ആ തേജസ്സു കണ്ടാല്‍? 

വേറൊരാള്‍:- അല്ല, യാഗത്തിനുള്ള ആടിനെ കുറ്റിയില്‍ നിന്നും അഴിച്ചുവിട്ടല്ലോ!

പുരോഹിതന്‍:- (ദേഷ്യപ്പെട്ട്) എന്താണ് ഈ കാണിച്ചത്? ഇത് യാഗത്തിനുള്ള മൃഗമാണ്. അറിഞ്ഞുകൂടേ?

ബുദ്ധന്‍:- അതുകൊണ്ടാണല്ലോ അഴിച്ചുവിട്ടത്. ഇതിനെ സൃഷ്ടിച്ചത് കൊല്ലാനല്ല.

പുരോഹിതന്‍:- പിന്നെ എങ്ങനെ യാഗം നടക്കും?

ബുദ്ധന്‍:- ആരു പറഞ്ഞു, യാഗം ചെയ്യണമെന്ന്? യാഗം ആര്‍ക്കുവെണ്ടി? ഈ ജന്തുവിന് വേണ്ടിയോ? നിങ്ങള്‍ക്കു വേണ്ടിയോ, അതോ മറ്റു വല്ലവര്‍ക്കും വേണ്ടിയോ?

പുരോഹിതന്‍:- അക്കാര്യം അങ്ങേക്കും അറിയാമല്ലോ. ദേവന്മാരുടെ പ്രീതിക്കുവേണ്ടിയല്ലേ യാഗം? അവര്‍ പ്രസാദിക്കാഞ്ഞാല്‍ നമുക്കു ശ്രേയസ്സുണ്ടോ?

ബുദ്ധന്‍:- അപ്പോള്‍ യാഗം ദേവന്മാര്‍ക്കും നിങ്ങള്‍ക്കും വേണ്ടിയാണ്, അല്ലേ? അതിന് പാവപ്പെട്ട ഈ ജന്തുവാണോ തുലയേണ്ടത്? (തൊണ്ടയിടറിക്കൊണ്ട്) ഞാന്‍ പറയട്ടെ: പ്രാണികളെ കൊന്ന് ഒരു നന്മയും നേടാനില്ല. നേരെ മറിച്ച് പാപമുണ്ടാകയും ചെയ്യും. നാമല്ല ജീവികള്‍ക്ക് ജീവന്‍ കൊടുത്തത്. ആ നിലക്ക് അതില്ലാതാക്കാനും നമുക്ക് അധികാരമില്ല.

പുരോഹിതന്‍:- മഹാരാജാവ് എന്താണ് മൗനം ഭജിക്കുന്നത്? യാഗം മുടക്കിയത് കണ്ടില്ലേ? 

ബിംബിസാരന്‍:- ഇദ്ദേഹം പറയുന്നത് ശരിയെന്ന് എനിക്ക് തോന്നുന്നു. (ബുദ്ധനോട്) മഹാത്മാവേ, ഇന്നു മുതല്‍ അങ്ങയുടെ ശിഷ്യനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (ബുദ്ധനെ വണങ്ങുന്നു)

ബുദ്ധന്‍:- മഹാരാജാവേ, അങ്ങ് മേലില്‍ ഒരു ജീവിയേയും ദ്രോഹിക്കാന്‍ അനുവദിക്കരുതേ! ജീവികളോട് നാം ദയകാണിച്ചില്ലെങ്കില്‍, ഈശ്വരന്‍ നമ്മോട് ദയ കാണിക്കുമോ? നമുക്കു പാല്‍ തരുന്ന ആടുകളെ ദ്രോഹിക്കുന്നത് ശരിയാണോ?

ബിംബിസാരന്‍:- യാഗം അവസാനിപ്പിച്ചിരിക്കുന്നു. ഒരു ജീവിയേയും കൊന്നിട്ട് എനിക്കു മേന്മ വേണ്ട. ഇനി ഈ നാട്ടില്‍ ആരും ജന്തുക്കളെ ഹിംസിക്കരുത്.

ബുദ്ധന്‍:- മഹാരാജാവേ, അങ്ങേക്കു നന്മ വരട്ടെ!!

(എല്ലാവരും പോകുന്നു)
-ഇടനേരംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ