"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

അടിമത്വം ഇന്ത്യയില്‍ - ഏറ്റുമാനൂര്‍ ഗോപാലന്‍പുരാതന റോമിലും ഗ്രീസിലും അടിമത്വവ്യവസ്ഥിതി നിലവിലുണ്ടായിരുന്നതു പോലെതന്നെ, പൗരാണികകാലം മുതല്‍ ഇന്ത്യയില്‍ അടിമകളുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഹിന്ദുരാജാക്കന്മാരോ മുഗള്‍ ഭരണാധികാരികളോ ഈ സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ കാര്യമായിട്ടൊന്നും ചെയ്തില്ല. ഇന്ത്യയില്‍ അടിമസമ്പ്രദായത്തെ ആദ്യമായി നിയമംമൂലം നിയന്ത്രിച്ചത് ബ്രിട്ടീഷുകാരാണ്. 1833 ല്‍ ലോര്‍ഡ് കോണ്‍വാലീസ് അടിമക്കച്ചവടം നിരോധിച്ചു. പക്ഷെ, നിയമത്തിനു നിരോധിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആഴത്തിലായിരുന്നു അതിന്റെ വേരുകള്‍. 1811, 1832, 1833, 1843 ഈ വര്‍ഷങ്ങളിലെല്ലാം അടിമത്വ സമ്പ്രദായത്തിനെതിരെ നിയമങ്ങള്‍ പാസാക്കുകയുണ്ടായി. 1850 ല്‍ പാസാക്കിയ ഇന്ത്യന്‍ പീനല്‍കോഡില്‍ അടിമകളെ സൂക്ഷിക്കുന്നതും ക്രയവിക്രയം നടത്തുന്നതും ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നു വ്യവസ്ഥയുണ്ടായതിനു ശേഷമാണ് അടിമത്വവ്യവസ്ഥ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായത്.

അടിമത്വം കേരളത്തില്‍

കേരളത്തെ പ്രത്യേകമായിട്ടെടുത്താല്‍ അശോകന്റെ രണ്ടാമത്തെ ശിലാലിഖിതത്തിനുമുമ്പുള്ള കേരളചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ ശിലാലിഖിതം ബി സി ഇ 257 ലാണ് ഉണ്ടാക്കിയതെന്നു കണക്കാക്കപ്പെടുന്നു. ഈ കാലത്തിനു മമ്പും പിമ്പും, ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെന്നതുപോലെ കേരളത്തിലും അടിമകള്‍ ഉണ്ടായിരുന്നു. അടിമകള്‍ ഉണ്ടായിരുന്നുവെന്നുമാത്രമല്ല, കയറ്റുമതി ഉള്‍പ്പെടെയുള്ള അടിമക്കച്ചവടം സാര്‍വത്രികമായിരുന്നു. 1812 ലെ ഒന്നാം റെഗുലേഷനും, പിന്നീട് 1826 ലെ രണ്ടാം റെഗുലേഷനും അനുസരിച്ച് കച്ചവടം മലബാര്‍ തീരത്ത് (കേരളത്തില്‍) നിരോധിക്കുകയുണ്ടായി. എങ്കിലും 19 ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും ഇവി െഅടിമത്വം നിലവിലുണ്ടായിരുന്നു.

കേരളത്തിലെ അടിമകളെപ്പറ്റി കെ വി കൃഷ്ണയ്യര്‍ പറയുന്നതിങ്ങനെയാണ്. 'കൃഷിപ്പണികള്‍ നടത്തിയിരുന്നത് അടിമകളാണ്. ചേരമര്‍, പുലയര്‍, പറയര്‍ മുതലായാവരായിരുന്നു ഈ അടിമകള്‍. അവരുടെ യജമാനന്മാര്‍ (ഉടമ) ഒരാണ്ടില്‍ ഒരു കാശ് എന്ന കണക്കില്‍ 'അല്‍ക്കാശ്' അഥവാ തലവരി (കരം) കൊടുത്തിരുന്നു. ഉടമകളുടെ സ്വകാര്യസ്വത്തുക്കളായിരുന്നു അടിമകള്‍. മറ്റേത് ജംഗമസ്വത്തുക്കളേയും പോലെ അടിമകളെ വില്‍ക്കുകയോ പണമായി കൊടുക്കുകയോ ചെയ്യാമായിരുന്നു. എങ്കിലും പുരാതന റോമിലേയോ 16 ആം നൂറ്റാണ്ടിലെ സ്‌പെയിനിലേയോ നീഗ്രോ അടിമകളുടേതുപോലെ അത്ര മോശമായിരുന്നില്ല അവരുടെ സ്ഥിതി. ഉടമകള്‍ക്ക് കര്‍മഫലത്തിലുള്ള വിശ്വാസമായിരുന്നു അതിന് കാരണം'

സ്വയം ചെയ്ത പാപത്തിന്റെ ഫലമാണ് അടിമകള്‍ അനുഭവിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് അടിമത്വത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച സെന്റ് അഗസ്റ്റിന്റേയും കര്‍മഫലസിദ്ധാന്തക്കാരുടേയും പിന്‍ഗാമികളായ ഉടമവര്‍ഗത്തെ രക്ഷിക്കാന്‍ കൃഷ്ണയ്യര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ അടിമകളുടെ സ്ഥിതി പുരാതന ഗ്രീസിലേയോ, ഏഷ്യനാഫ്രിക്കന്‍ - അമേരിക്കന്‍ രാജ്യങ്ങളിലേയോ അടിമകളുടേതില്‍ നിന്നു മെച്ചമായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല.

ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ അടിമസമ്പ്രദായത്തെപ്പറ്റി പറയുമ്പോള്‍ വിസ്മരിച്ചുകൂടാത്ത മറ്റൊരു വസ്തുതകൂടിയുണ്ട്. കാര്‍ഷിക പണികള്‍ക്കും വീട്ടുജോലികള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നവര്‍ മാത്രമല്ല അടിമത്വമനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. തൊട്ടുകൂടായ്മ കല്പിച്ച് സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരും, സമൂഹത്തിനാവശ്യമായ വിവധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ ഒരു നല്ല വിഭാഗം ജനങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിമത്വം അനുഭവിക്കുന്നവരായിരുന്നു. ചേകോന്‍, കൊല്ലന്‍, ആശാരി, വേലന്‍, വെളുത്തേടന്‍, വിളക്കിത്തലവന്‍ എന്നിങ്ങനെ വിവിധ ജാതിപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഇവരില്‍ ഭൂരിഭാഗത്തിനും സ്വന്തമായി വസ്തുവകകളുണ്ടായിരുന്നില്ല. സ്വന്തമായ അഭിപ്രായങ്ങളോ, അതനുസരിച്ച പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യമോ അനുവദിക്കപ്പെട്ടിരുന്നില്ല. ഇക്കൂട്ടരും ഒരു തരം അടിമകളായിരുന്നു. ക്രയവിക്രയം നടത്തപ്പെട്ടിരുന്നില്ല എന്ന വ്യത്യാസം മാത്രം.

1814 മുതല്‍ 29 വരെ ഭരിച്ച റാണി പാര്‍വതിഭായിയുടെ കാലത്തിന് മുമ്പ് സ്വര്‍ണം - വെള്ളി ആഭരണങ്ങള്‍ ധരിക്കുന്ന കീഴ്ജാതിക്കാരില്‍നിന്ന് കരം ഈടാക്കിയിരുന്നു. 1859 വരെ ചാന്നാര്‍ സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടംപോലെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.

കേരളത്തിലെ അടിമത്വം എത്ര ഭീകരമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്. ചില വടക്കന്‍ മേഖലകളില്‍ അടിമത്വസമ്പ്രദായം ഇപ്പോഴും നിലവിലുണ്ടെന്ന് പറയപ്പെടുന്നു. ഏതായാലും ഈ സമ്പ്രദായത്തിന്റെ പഴയരൂപം പുതിയരൂപത്തില്‍ ഇന്നും നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും ഗ്രാമങ്ങളില്‍ തങ്ങിനില്ക്കുന്നതു കാണാം.
-ഇടനേരം

കടപ്പാട്: ഇന്ത്യന്‍ എത്തീസ്റ്റ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച, ഏറ്റുമാനൂര്‍ ഗോപാലന്റെ 'പൂണൂല്‍ സോഷ്യലിസം' എന്ന കൃതിയില്‍ നിന്നും.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ