"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

വാസ്തവത്തില്‍ മീശ പിരിച്ചതാരാണ് ?


മാതൃഭൂമി ആശ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ ചില മതസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നോവലിസ്റ്റിന് അത് പിന്‍വലിക്കേണ്ടതായി വന്നു. തുടര്‍ന്ന് ഡി സി ബുക്‌സ് മീശ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു.

നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യമെന്തെന്ന് മാതൃഭൂമി മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി. നോവലിസ്റ്റിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരേയുണ്ടായ സൈബര്‍ഭീഷണിയും, അത് അതേയളവില്‍ത്തന്നെ പ്രത്രസ്ഥാപനവും നേരിടേണ്ടിവന്നതുമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെക്കാനുണ്ടായ കാരണമെന്ന് അവര്‍ വിശദീകരണം നല്‍കി.

'നോവലിലെ സ്ത്രീവിരുദ്ധനായ ഒരു കഥാപാത്രം പറഞ്ഞ വാക്കുകള്‍, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി നോവല്‍ ഹൈന്ദവദര്‍ശനങ്ങള്‍ക്കെതിരാണെന്നും, അത് ഭക്തരായ സ്ത്രീകളെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ക്ക് തീ കൊളുത്തിയത്' (പ്രദീപ് ഉഷസ്സ്. കേരളശബ്ദം 2018 ആഗസ്റ്റ് 26) ചില ഹൈന്ദവ സംഘടനകളുടെ പിന്‍ബലത്തോടെയാണ് പത്രത്തിനും നോവലിസ്റ്റിനുമെതിരായ ഭീഷണികള്‍ നടമാടുന്നതെന്നും സൂചിപ്പിക്കുന്നു. ഫോണ്‍ കോള്‍, സൈബര്‍ ഭീഷണി, പത്രം കത്തിക്കല്‍, പരസ്യദാതാക്കളെ നേരിട്ട് ചെന്ന് വിലക്കല്‍, സര്‍ക്കുലേഷന്‍ കുറഞ്ഞുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ ഉമ്മാക്കികളും പത്രവിരോ ധികള്‍ ഇതിനോടകം പുറത്തെടുത്തുകഴിഞ്ഞുവെന്നും വിശദീകരണക്കുറിപ്പുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

മീശ ഒരു നോവലാണ്. ലേഖനമോ, കുറിപ്പോ, പഠനറിപ്പോര്‍ട്ടോ അല്ല എന്ന് മാതൃഭൂമിയുടെ ഭാഗത്തുനിന്നും ന്യായീകരണവും വരുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത; നോവല്‍ സ്വരൂപത്തിന്റെ വിനിമയമൂല്യം ഉയര്‍ത്തുന്നതിന് പകരമായി അതിന്റെ വിപണനമൂല്യത്തിന് സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നതിനാല്‍ 'മാതൃഭൂമിക്കെതിരായ നീക്കത്തില്‍ ആസൂത്രിത അജണ്ട' എന്ന ആശങ്കയെ ഒരു ഗ്രിമ്മിക് മാത്രമായേ വിലയിരുത്താനാവൂ എന്നതാണ്. 

നോവലിലെ പരാമര്‍ശങ്ങല്‍ കേവലം വിഭാവനകള്‍ മാത്രമല്ല, അതിന് ചരിത്ര വസ്തുതകളുടെ പിന്‍ബലമുണ്ട്. ഇത് ഏറ്റവും നന്നായി അറിയാവുന്ന പത്രസ്ഥാപനവും മാതൃഭൂമിതന്നെയാണ്. 

നോവലിലെ സ്ത്രീവിരുദ്ധനായ കഥാപാത്രത്തിന്റെ സന്ദേഹം, സ്ത്രീകള്‍ ചമഞ്ഞൊരുങ്ങി ക്ഷേത്രദര്‍ശനത്തിന് പോകുന്നതെന്തിനാണെന്നതാണ്.... കല്ലോ മരമോ ലോഹമോ ആയ വിഗ്രഹത്തിന് കാണ്മതിനായല്ലല്ലോ എന്ന് വ്യംഗ്യം. അപ്പോള്‍പ്പിന്നെ...

കോഴിക്കോട്ടുള്ള ക്ലാസിക് ബുക് ട്രസ്റ്റ് 1985 ല്‍ പ്രസിദ്ധീകരിച്ച കെ ടി രാമവര്‍മയുടെ 'കാമപൂജ' എന്ന പുസ്തകത്തില്‍ ഇതിന് ഉത്തരമുണ്ട്. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ രസതന്ത്രവിഭാഗം പ്രൊഫസറായിരിക്കെ റിട്ടയര്‍ ചെയ്ത കെ ടി രാമവര്‍മ തൃപ്പൂണിത്തുറ രാജകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹം എഴുതിയിട്ടുള്ള നിരവധി ഗ്രന്ഥങ്ങളില്‍ ഒന്നു മാത്രമാണ് 'കാമപൂജ'. ഈ ഗ്രന്ഥം വിരതരണം ചെയ്തത് മാതൃഭൂമിയാണ്. (ഇപ്പോള്‍ മാതൃഭൂമി നേരിട്ട് ഇറക്കിയ പുതിയ പതിപ്പ് ലഭ്യമാണെന്നാണ് അറിവ്)

മീശ എന്ന നോവലിലെ സ്ത്രീകളുടെ ക്ഷേത്രപ്രവേശനമാണല്ലോ വിവാദമായത്. കാമപൂജയില്‍ പ്രൊഫസര്‍ കെ ടി രവിവര്‍മ രേഖപ്പെടുത്തുന്ന ചരിത്രവസ്തുതകളില്‍ നിന്നും കുറച്ചുഭാഗം പകര്‍ത്തുന്നു-

'ശുചീന്ദ്രം ക്ഷേത്രത്തിലെ നടപടിക്രമങ്ങള്‍ താഴെക്കൊടുക്കുന്നു.

ഒരു ശുഭ മുഹൂര്‍ത്തത്തില്‍ വലിയ ശ്രീകാര്യക്കാരും യോഗത്തില്‍ പോറ്റിയും വട്ടപ്പള്ളി മൂത്തതും യോഗം ചേര്‍ന്നു ആലോചിച്ചശേഷം പ്രഥമിക ക്രിയകള്‍ക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നു. വിവാഹത്തിന്നാള്‍ രാവിലെ പെണ്‍കുട്ടി കുളിച്ച് കുറിയിട്ട് രണ്ടു പുതിയ പുടവകളും പാക്കും വെറ്റിലയും കൈകളിലേന്തിക്കൊണ്ട് ക്ഷേത്രത്തിലേക്ക് ചെല്ലുന്നു. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പുടവകളും താലിയും വാങ്ങി ദേവന്റെ കാല്‍ക്കല്‍ വെച്ചശേഷം, പുടവകളിലൊന്ന് ദേവന്റെ ഉപയോഗത്തിനുവേണ്ടി മാറ്റി വെക്കുന്നു. ഗണേശന്റെ രൂപം കൊത്തിയ ത്രികോണാകൃതിയിലുള്ള താലിയാണ്. താലിയുടെ ഇരുവശത്തും ഒരു ചെറിയ സ്വര്‍ണ ഗോളികയുണ്ടായിരിക്കും. മറ്റേ പുടവയും താലിയും കൈയിലേന്തിക്കൊണ്ട് ശാന്തിക്കാരന്‍ പെണ്‍കുട്ടിയുടെ സമീപത്തു തന്നെ വടക്കോട്ട് അഭിമുഖമായി ഇരിക്കുന്നു. അനന്തരം ചടങ്ങുകള്‍ ആരംഭിക്കുക യായി. പെണ്‍കുട്ടി ശ്രീകോവിലിനകത്ത് ദേവന്നഭിമുഖമായി ഇരിക്കുന്നു. ശാന്തിക്കാരന്‍ അഗ്നികുണ്ഠം ആളിക്കത്തിച്ചശേഷം ക്രിയകള്‍ നടത്തുന്നു. ശിവനും പാര്‍വതിയും തമ്മിലുള്ള 'തിരുക്കല്യാണ'ത്തിന്റെ ക്രിയകള്‍ അതേപടി അനുകരിക്കുകയാണ് പതിവ്. അനന്തരം ശാന്തിക്കാരന്‍ പെണ്‍കുട്ടിക്ക് മന്ത്രോപദേശം നല്‍കുന്നു. ശിവക്ഷേത്രമാണെങ്കില്‍ പഞ്ചാക്ഷരമന്ത്രം (നമശ്ശിവായ) വിഷ്ണുക്ഷേത്രമാണെങ്കില്‍ അഷ്ടാക്ഷരമന്ത്രം (ഓം നമോ നാരായണായ) അങ്ങിനെയാണ് പതിവ്. അതിനുശേഷം ശാന്തിക്കാരന്‍ പെണ്‍കുട്ടിക്ക് പുടവ കൊടുക്കുകയും, താലി അവളുടെ കഴുത്തില്‍ കെട്ടുകയും ചെയ്യുന്നു. വിവാഹക്രിയകള്‍ക്ക് ശേഷം ക്ഷേത്രത്തിലെ നട്ടുവന്‍ അവള്‍ക്ക് നൃത്തത്തിലുള്ള ആദ്യ ശിക്ഷണം നല്‍കുന്നു. ക്ഷേത്രാധികാരികള്‍ അവള്‍ക്ക് ഒരു നിശ്ചിത അളവ് അരി സമ്മാനിക്കുകയും പതിവാണ്. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിവാഹത്തിന്റെ ആഘോഷങ്ങള്‍ അവിടെവെച്ച് മൂന്ന് നാല് ദിവസത്തേക്ക് തുടരുന്നു. ബ്രാഹ്മണരുടെ വിവാഹത്തിനെന്നപോലെ നാളികേരം അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുകയും പതിവാണ്. ഈ ആഘോഷങ്ങളില്‍ വരന്റെ ഭാഗമഭിനയിക്കാറ് ശാന്തിക്കാരനോ പുരുഷ വേഷം കെട്ടിയ വൃദ്ധയായ ഒരു ദാസിയോ ആണ്. 

ഈ വിവാഹത്തിന് പറഞ്ഞുവരുന്ന പേര് 'പെണ്‍കെട്ട്' എന്നായിരുന്നു. ദേവദാസി ഒരു രാത്രി ദേവന്റെകൂടെ 'അന്തിയുറങ്ങുക'കൂടി പണ്ട് പതിവുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ സഹശയനത്തില്‍ ദേവനെ പ്രതിനിധീക രിച്ചിരുന്നത് ക്ഷേത്രത്തിലെ തിടമ്പ് ആയിരുന്നിരിക്കാം. ആതോ ആ ചടങ്ങിലും വരന്റെ ഭാഗമഭിനയിച്ചിരുന്നത് ശാന്തിക്കാരന്‍ തന്നെ ആയിരുന്നുവെന്ന് വരുമോ? ക്ഷേത്രത്തില്‍ ദാസികളാക്കുന്ന പെണ്‍കുട്ടികളുടെ കന്യകാത്വം നശിപ്പിച്ചിരുന്നത് പലപ്പോഴും പുരോഹിതന്മാരായ ബ്രാഹ്മണര്‍ തന്നെയായിരുന്നുവെന്ന് ഡോ.ജോണ്‍ ഷോര്‍ട്ട് (Dr.John Short 'Memories resd before the Anthropological Society of London.1867-1869'Vol III London,1870,പേജ് 182-194, പറഞ്ഞിട്ടുള്ളത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.

ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
പക്വാജ്യപായസ ഗുളൈര്‍ജഠരാഗ്നി ശാന്തിം
തത്രത്യബാലവനിതാ മദനാര്‍ത്തിശാന്തിം
കാലക്രമേണ പരമേശ്വര ശക്തി ശാന്തിം 11

(ശാന്തിക്കാരനായ ബ്രാഹ്മണന് 'ശാന്തി' എന്ന് പേരുവരാന്‍ കാരണം അയാള്‍ പലതരത്തിലുള്ള ശാന്തികള്‍ നടത്തുന്നു എന്നതാണ്) ശാന്തിദ്വിജന്‍ അനേകം ദീപങ്ങളുടെ ശാന്തി നടത്തുന്നു. എണ്ണ അപഹരിക്കാന്‍ വേണ്ടി വിളക്കുകള്‍ കെടുത്തുന്നു); പഴം, നെയ്യ്, പായസം, ശര്‍ക്കര എന്നിവകൊണ്ട് ജഠരാഗ്നിയുടെ ശാന്തി നടത്തുന്നു, (വഴിപാടുകള്‍ നൈവേദ്യത്തിനുവേണ്ടി ഏല്‍പ്പിക്കുന്ന വിഭവങ്ങള്‍ കൊണ്ട് സ്വന്തം വിശപ്പടക്കുന്നു) ചുറ്റുപാടിലുമുള്ള ബാല വനിതകളുടെ മദനാര്‍ത്തിയുടെ ശാന്തി നടത്തുന്നു (പെണ്‍കിടാങ്ങളുടെ കാമവികാരത്തെ ശമിപ്പിക്കുന്നു). ഇങ്ങിനെയൊക്കെ ചെയ്യുക വഴി കാലക്രമേണ പരമേശ്വരന്റെ ശക്തിയുടെ ശാന്തി നടത്തുന്നു (ദേവന്റെ ശക്തി ഇല്ലാതാക്കുന്നു) എന്ന ശ്ലോകത്തില്‍ 'ബാലവനിതകളുടെ മദനാര്‍ത്തി ശാന്തി' ശാന്തിക്കാരന്റെ കര്‍ത്തവ്യങ്ങളിലൊന്നായി കല്‍പ്പിച്ചിരിക്കുന്നത് ഇതുകൊ ണ്ടായിരിക്കുമോ! (കാമപൂജ.പേജ് 23,24,25)'

സവര്‍ണരുടെ ഈ നീചമായ ഏര്‍പ്പാടിനെ കുറിച്ച് അറിയാമായിരുന്നതുകൊണ്ടാണ് നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുവും അയ്യന്‍ കാളിയും അവര്‍ണരോട് സ്വന്തം ആരാധനാലയങ്ങള്‍ തീര്‍ത്ത് പൂജ നടത്തുവാന്‍ കല്‍പ്പിച്ചത്. ഇവരാരും തന്നെ മഹാ ക്ഷേത്രങ്ങളില്‍ പോയി ഭജനമിരിക്കുകയൊ കറുപ്പുമുടുത്ത് നോമ്പുനോറ്റ് ശബരിമലക്ക് പോവുകയോ ചെയ്തിട്ടില്ല. ചില പ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും ഈ അവകാശങ്ങള്‍ തടയുന്നതിന് എതിരായ സമര പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു നവോത്ഥാന നായകരെ സംബന്ധിച്ചിടത്തോളം ക്ഷേത്ര പ്രതിഷ്ഠകള്‍. പെരിയോറും ഈ കാഴ്ചപ്പാടു കാരനായിരുന്നതിനാലാണ് വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തത്. ഒരു ബ്രാഹ്മണന്റെ മകനായി പിറന്നിട്ടും ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണിസത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. ഒരേ ദൈവത്തെ ആരാധിക്കുന്നതുകൊണ്ട് അവര്‍ ഒരേ ജനത ആവണമെന്നില്ലെന്ന് ഡോ.അംബേദ്കര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്.

ഹരീഷിന് നേരെ മീശപിരിച്ച ഹൈന്ദവസംഘടനകളുടെ 'എരിതീയില്‍ എണ്ണപകരാന്‍' എന്‍ എസ് എസ്സും ഉണ്ടെന്ന് കാണിച്ചിരിരിക്കുന്നു (കേരളശബ്ദം ലേഖനം). അച്ചീചരിതങ്ങളും ആടീചരിതങ്ങളും വായിച്ചിരുന്നെങ്കില്‍, വാസ്തവത്തില്‍ അവര്‍ ഇങ്ങനെ എണ്ണപകരാന്‍ കൂട്ടുനില്‍ക്കില്ലായിരുന്നു. ആ ചരിത്രവസ്തുതകളില്‍ ഉള്ളടങ്ങുന്ന സ്ത്രീവരുദ്ധതയേക്കാള്‍ എത്രയോ നിസ്സാരമാണ് ഹരീഷിന്റെ വിഭാവനകള്‍. കാമപൂജയില്‍ത്തന്നെ കെ ടി രാമവര്‍മ അന്യത്ര രേഖപ്പെടുത്തുന്നു; 'നാലഞ്ചു നൂറ്റാണ്ടു മുമ്പു ജീവിച്ചിരുന്ന കേരളീയ കവികള്‍ തികഞ്ഞ ഭോഗലോലുപ ന്മാരായിരുന്നുവെന്നാണല്ലോ മുകളിലുദ്ധരിച്ച എഴുത്തുകുത്തു സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ കവികളെ ഒറ്റപ്പെടുത്തി പറയുന്നതെന്തിനാണ്? ഭോഗലോലുപത്വ ത്തിന്റെ കാര്യത്തില്‍ അന്നത്തെ സവര്‍ണര്‍ മുഴുവന്‍ (അന്തര്‍ജനങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍) ഒരേ കിടയില്‍ പെടുത്താവുന്നവരായിരുന്നു. ക്രി പി 11 ആം നൂറ്റാണ്ടിലും 19 ആം നൂറ്റാണ്ടിനുമിടയില്‍ കേരളം സന്ദര്‍ശിച്ച വിദേശീയ സഞ്ചാരികളെല്ലാവരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ റിപ്പോര്‍ട്ടുകളില്‍ നായന്മാരെപ്പറ്റിയാണ് മുഖ്യമായും പറയുന്നതെങ്കിലും അപ്പറഞ്ഞതെല്ലാം അതേപടി രാജാക്കന്മാര്‍, അമ്പലവാസികള്‍ തുടങ്ങിയ മറ്റു സമുദായങ്ങള്‍ക്കും ബാധകമാണെന്ന് ആദ്യമേ ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. (പേജ് 7, 8)'. മറ്റൊരിടത്ത്; 'അന്യദേശങ്ങളില്‍ നിലവിലിരുന്ന മാനദണ്ഡം വെച്ചുനോക്കിയാല്‍ ഇന്നാട്ടിലെ സവര്‍ണ ഹിന്ദുസ്ത്രീകളില്‍ ഭൂരിഭാഗവും വേശ്യകള്‍തന്നെയായിരുന്നു, അന്ന്; പുരുഷന്മാര്‍ ഭൂരിഭാഗവും വിടന്മാരും.' (പേജ് 10).

കാമപൂജ വെറും ഭാവനയല്ല. വസ്തുതാപഠന റിപ്പോര്‍ട്ടാണ്. കാമപൂജയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെങ്കില്‍ മീശയില്‍ അങ്ങനെ വിഭാവനചെയ്യാനുമാവില്ല. ഹിന്ദു സംഘടനകളെ സംബന്ധിച്ചിടത്തോളം അതത്രയും വസ്തുനിഷ്ഠമല്ലെന്ന് തെളിയിക്കുന്നതിന് പകരം അവര്‍ ഭാവനാത്മകമായിതിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്- നിഴലിനോട് യുദ്ധം ചെയ്യുന്നതുപോലെ. അതോ വസ്തുനിഷ്ഠ യാഥാര്‍ത്ഥങ്ങളില്ലെങ്കില്‍ ഭാവനാത്മകലോകം സൃഷ്ടിക്കാനാവില്ലെന്ന തത്വം അറിഞ്ഞുകൊണ്ടുതന്നെയുള്ള പൊട്ടന്‍കളിയാണോ ഇത്? അധികാരത്തിന്റെ നിലനില്പിന് യുക്തിവേണമെന്നില്ലല്ലോ!

ഭൂതകാലം നിഷേധിച്ചിട്ട് കാര്യമില്ല. നായര്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ അവരുടെ ഭൂതകാലത്ത് ബ്രാഹ്മണവിരുദ്ധരായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ക്ക് ആരിലും സ്ത്രീവിരുദ്ധത ആരോപിക്കേണ്ടിവരില്ലായിരുന്നു. പൂര്‍വകാലത്ത് ബ്രാഹ്മണിസത്തെ പുല്‍കിയിട്ട് സ്ത്രീവിരുദ്ധതയുടെ പേരില്‍ മറ്റുള്ളവര്‍ക്കുനേരെ മീശപിരിച്ചിട്ടെന്തുകാര്യം!

വേണമെങ്കില്‍ കൊന്നുകൊള്ളൂ, പക്ഷെ കൊന്നതായി ഭാവിക്കരുത്! ശുഭം.
-ഇടനേരംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ