"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

എന്താ, പള്ളീലച്ചന് ആകാന്മേലെ?ക്രിസ്തീയപുരോഹിതന്മാര്‍ സഭാവിശ്വാസികളായ ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച് പുത്രോത്പാദനം നടത്തി എന്നും കന്യാസ്ത്രീകള്‍വരെ അത്തരം ഹീനതകള്‍ക്കിരയാണെന്നും മറ്റും പറയപ്പെടുന്ന സംഭവങ്ങള്‍ കോടതിവരെയെത്തിയിട്ടുള്ള സമകാലിക സാഹചര്യത്തില്‍, യുക്തിവാദിയായിരുന്ന എം സി ജോസഫ് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ വിശകലനം ചെയ്തുനോക്കാം. 1976 ല്‍ പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച എം സി ജോസഫിന്റെ 'ആശയസമരം' എന്ന പുസ്തകത്തിലെ 'യേശുക്രിസ്തുവും മാമോദീസായും' എന്ന അധ്യായത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കന്യകയെ 'മര്യാദലംഘനം' ചെയ്യുന്ന പുരോഹിതനും കന്യാസ്ത്രീയോടുകൂടി 'വ്യഭിചരിക്കുന്ന' പുരോഹിതനും ചെയ്യുന്നതു പാപമാണെങ്കിലും അതിന് പരിഹാരക്രിയയുള്ളതിനാല്‍ അത് സഭയോട് വെച്ചുപുലര്‍ത്തുന്ന പുണ്യമാണെന്ന മട്ടിലുള്ള മേലധ്യക്ഷന്മാരുടെ അമ്പരപ്പിക്കുന്ന വിലയിരുത്തലുകളില്‍ ഉള്ളടങ്ങിയിട്ടുള്ള വിവരങ്ങളാണ് ഈ അധ്യാത്തിലെ വെളിപ്പെടുത്തലുകളില്‍ പ്രമുഖം എന്നുകാണാം.

പുരോഹിതന്‍ കന്യകയെ മര്യാദാലംഘനം ചെയ്താലോ, പുരോഹിതനാല്‍ കന്യാസ്ത്രീ ഗര്‍ഭിണിയായാലോ അത് കുറ്റകരംതന്നെയാണ്. എന്നാല്‍ പിഴയൊടുക്കിയാല്‍ അത്തരം കൊടിയ പാപങ്ങള്‍ക്കുപോലും പരിഹാരമുണ്ടുതാനും! 

പണമാണ് പിഴയായി ഒടുക്കേണ്ടത്. തെറ്റ്‌ചെയ്യുന്നത് പുരോഹിതനാണെന്നുവരികില്‍, അയാള്‍ക്കുവേണ്ടി മറ്റാര്‍ക്കെങ്കിലും പണം മുടക്കാം. ഇതുമൂലം ഒരിക്കലും പുരോഹിതന് വധശിക്ഷ (മൃത്യുദണ്ഡം) അനുഭവിക്കേണ്ടിവരില്ല. പുരോഹിതന്‍ ജീവിച്ചിരിക്കുകയും, ചെയ്യുന്ന കുറ്റത്തിന് പിഴയൊടുക്കുന്നതിനുള്ള പണംമുടക്കാന്‍ മറ്റാളുകള്‍ തയാറായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റം ചെയ്യാനുള്ള പ്രേരണ പുരോഹിതനില്‍നിന്നും ഒരിക്കലും വിട്ടുപോകുന്നില്ല. അത്തരമൊരു പിന്‍ബലം തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം പുരോഹിതന് നല്‍കുന്നു. 

ഇത്തരം ഇവുകള്‍ സഭാമേലധ്യക്ഷന്മാര്‍ക്കുമാത്രമല്ല കുറ്റം ചെയ്യുന്ന സാധാരണ വിശ്വാസികള്‍ക്കും ബാധകമാണ് എന്നൊരു ആശ്വാസമുണ്ട്. 'ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് അപ്പവും മദ്യവും മന്ത്രംകൊണ്ട് ക്രിസ്തുവിന്റെ മാംസവും രക്തവും ആക്കിത്തീര്‍ക്കുന്നതിനുള്ള അധികാരശക്തി ഉണ്ടെന്നുള്ളതുപോലെ മനുഷ്യരുടെ പാപങ്ങള്‍ മോചിപ്പിക്കുന്നതിനും അധികാരമുണ്ടെന്നുള്ളതു പാമരന്മാരെ പകിട്ടി പാട്ടിലാക്കുന്നതിനുള്ള മറ്റൊരു ശക്തിയേറിയ ഉപാധിയാകുന്നു. ഇന്നും ഓര്‍ത്തഡോക്‌സ് സഭകളിലെ പുരോഹിതന്മാര്‍ എത്ര ഹീനതരമായ പാപങ്ങള്‍ക്കും പൊറുതി നല്‍കി സാധാരണന്മാരെ സ്വര്‍ഗപ്രാപ്തരാക്കിക്കൊണ്ടിരിക്കുന്നുണ്ട്. പുരോഹിതര്‍ക്കു ധനസമ്പാദനത്തിനു കുര്‍ബാനയെപ്പോലെ തന്നെയോ കൂടുതലോ സൗകര്യം നല്‍കുന്ന ഒന്നാണ് ഈ പാപമോചനപദ്ധതിയും. ചെയ്തുപോയ അകൃത്യങ്ങള്‍ക്കു പ്രതിശാന്തിയായി പുരോഹിതന്‍ നിശ്ചയിക്കുന്ന തുക'

ഈ പാപവിമോചനപദ്ധതി കുര്‍ബാനയെപ്പോലെ ധനസമ്പാദനത്തിന് പുരോഹിതന്മാര്‍ക്ക് ഏറെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. അകൃത്യങ്ങള്‍ ചെയ്തുപോയ വിശ്വാസികള്‍ക്ക് പ്രതിശാന്തിക്കായി പുരോഹിതന്‍ നിശ്ചയിക്കുന്ന തുക ഈടാക്കിയാല്‍ അതിന് കൃത്യമായ രസീതും നല്‍കുന്നു. ഇതിന് 'പാപവിമോചനച്ചീട്ട്' എന്നാണ് പറയുന്നത്. അത് വാങ്ങിയാല്‍ ഉടനടി വിമോചനം ലഭിക്കുമെന്നാണ് വിചാരമെങ്കില്‍ പാപികള്‍ക്ക് തെറ്റി! പാപം ചെയ്യുന്നത് ഭൂമിയില്‍വെച്ചാണെങ്കിലും വിമോചനച്ചീട്ടിലൂടെ അതിന്റെ ഫലം ലഭ്യമാകുക സ്വര്‍ഗത്തില്‍ ചെല്ലുമ്പോഴാണ്; 'സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഓരോരുവന്റേയും നന്മതിന്മകളെ മിഖായില്‍ മാലാഖ തൂക്കിനോക്കുന്ന അവസരത്തില്‍ പാപശാന്തിക്കായി മുമ്പു അടച്ചിട്ടുള്ള തുകയുടെ കൂടുതല്‍ കുറവനുസരിച്ചു മിഖായേലിന്റെ തുലാസില്‍ നന്മയുടെ തൂക്കം കൂടിവരുമെന്നു കത്തോലിക്കാ സഭാധ്യക്ഷന്മാര്‍ ജനതയെ നല്ലവണ്ണം ധരിപ്പിച്ചിട്ടുണ്ട്.'

ചെയ്തപാപത്തിന്റെ തോതനുസരിച്ചല്ല ഫലം ലഭ്യമാകുക. മറിച്ച്, വാങ്ങിയ പാപവിമോചനച്ചീട്ടുകളുടെ ഏറ്റക്കുറച്ചിലനുസരിച്ചായിരിക്കും. ഈ തത്വമനുസരിച്ച് എത്ര കൊടിയ പാതകം ചെയ്തവനായാലും ചീട്ട് കുറച്ചേ വാങ്ങിയുള്ളൂവെങ്കില്‍ അവന് കിട്ടുന്ന ഫലവും കുറഞ്ഞതുതന്നെയായിരിക്കും. ചെറിയപാതകം ചെയ്തവന്‍ കൂടുതല്‍ ചീട്ടുകള്‍ വാങ്ങിയെന്നിരിക്കിലും അതുകൊണ്ട് അവന് പ്രത്യേകിച്ച് കൂടുതല്‍ ഫലമൊന്നും ലഭിക്കാനുമില്ല. പക്ഷെ, ചീട്ടുകളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കു ന്നതാകട്ടെ കുറ്റകൃത്യങ്ങളുടെ ഗുരുലഘുത്വം അനുസരിച്ചാണുതാനും. 'ഈ പദ്ധതിയനുസരിച്ച് സഭാതലവന്മാര്‍ വിപുലവും ഭീമവും ആയ തോതില്‍ വിശ്വാസികളില്‍ നിന്നു പണം പിരിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പാപവിമോചനച്ചീട്ടുപില്പന അതിന്റെ അഗ്രിമയെ പ്രാപിച്ചിരുന്നു. വലിയ ആഢംബരപ്രിയനും ധൂര്‍ത്തനും ആയിരുന്ന പോപ്പ് ലെയോ പത്താമന്‍ റോമിലെ പത്രോസിന്റെ പള്ളിക്കാണെന്നും പറഞ്ഞ് പാപവിമോചനച്ചീട്ടുകള്‍ കെട്ടുകെട്ടായി അടിപ്പിച്ചു പരസ്യമായ വില്പനതന്നെ നടത്തി.'

ഏതുകൊടിയ കുറ്റവും ക്ഷമിപ്പിച്ച് നിത്യനരകശിക്ഷയില്‍ നിന്ന് രക്ഷിക്കാനുള്ള അധികാരം ദൈവം പോപ്പിനു നല്‍കിയിട്ടുണ്ടെന്ന വിശ്വാസമാണ് പാപവിമോചനച്ചീട്ടുവ്യാപാരത്തിന്റെ മൂലധനമായി വര്‍ത്തിച്ചിരുന്നത്. ദരിദ്രരില്‍ നിന്നുമാത്രമായി വേണ്ടത്ത വിറ്റുവരവ് ലഭിക്കുമായിരുന്നില്ല. പുരോഹിതര്‍ ധനികവര്‍ഗമായിരുന്നതിനാല്‍ അവരെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് ഗുണകരമാണെന്ന് പോപ്പ് ലിയോ കണ്ടു. അതനുസരിച്ച്, പാപവിമോചനപ്രവര്‍ത്ത കരായ പുരോഹിതര്‍ കുറ്റം ചെയ്താല്‍ അതിനും പോപ്പിന്റെ പദ്ധതിപ്രകാരം പിഴയൊടുക്കണമെന്ന് വിധികല്പനയുണ്ടായി. അങ്ങനെ, അക്കാര്യത്തില്‍ മാത്രം കമ്മ്യൂണിസ്റ്റ് വിരോധികളായ പള്ളീലച്ചന്മാര്‍ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് വെച്ചുപിലര്‍ത്തിയിരുന്നു.

7 അണ മുതല്‍ 110 രൂപവരെ വിലമതിക്കുന്ന വിവിധതരം പാപവിമോചനച്ചീട്ടുള്‍ വില്പനക്കുണ്ടായിരുന്നു. (എം സി ജോസഫ് പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന വിലവിവരമാണ് ഇവിടെ പകര്‍ത്തുന്നത്) പാപകര്‍മാക്കളായ പള്ളീലച്ചന്മാര്‍ക്ക് വിധിച്ചിരിക്കുന്ന പാപവിമോചനച്ചീട്ടിലെ ഒരു ഡസന്‍ ഇനങ്ങളുടെ വിലവിവരപ്പട്ടിക പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്-

1. അല്‍മേനിയ (layman) കൊന്നാല്‍ 5 ക. 0 ണ.
2. കന്യകയെ മര്യാദലംഘനം ചെയ്താല്‍ 7 ക. 0 ണ.
3. കൈക്കൂലിവാങ്ങി പട്ടം കൊടുത്താല്‍ 7 ക. 12 ണ.
4. പുരക്ക് തീവെച്ചാല്‍ 8 ക. 0 ണ.
5. പുരോഹിതന്‍ വെപ്പാട്ടിയെ വെച്ചിരുന്നാല്‍ 8 ക. 0 ണ.
6. നോമ്പില്‍ ഇറച്ചി തിന്നാല്‍ 8 ക. 0 ണ.
7. പിതാവിനേയോ മാതാവിനേയോ അടിച്ചാല്‍ 8 ക. 12 ണ.
8. പുരോഹിതനെ അടിച്ചാല്‍ 9 ക. 0 ണ.
9. പുരോഹിതന്‍ (കന്യാസ്ത്രീ) സന്യാസിനിയോടുകൂടി 
വ്യഭിചരിച്ചാല്‍ 10 ക. 8 ണ.
10. അല്‍മേനി ക്യാസ്തീയെ മര്യാദലംഘനം 
ചെയ്താല്‍ 17 ക. 8 ണ.
11. വിലക്കപ്പെട്ട ദിവസം വിവാഹം ചെയ്താല്‍ 35 ക. 0 ണ.
12. പുരോഹിതനാല്‍ കന്യാസ്ത്രീ ഗര്‍ഭിണിയായാല്‍ 42 ക. 0 ണ.

ഈ കണക്കുപരിശോധിക്കുമ്പോള്‍, ഇത് പ്രഖ്യാപിച്ചിട്ടുള്ളത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയിലല്ലെന്നുകാണാം. കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനുള്ള ഒരു വ്യവസായസംരഭമെന്നനിലയിലാണ് അതിന്റെ നടത്തിപ്പ് എന്നു മനസ്സിലാക്കാം. കൂടുതലാളുകള്‍ കുറ്റം ചെയ്തില്ലെങ്കില്‍ ഈ വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതിനായി കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ നടമാടേണ്ടതുണ്ട്. എത്രയും കുറ്റകൃത്യങ്ങള്‍ കൂടുന്നുവോ അത്രയും വരുമാനവും വര്‍ധിച്ചിരിക്കും. സാധാരണക്കാരെയോ പാപവിമോചനച്ചീട്ടുവില്‍ക്കുന്ന ഇടനിലക്കാരെയോ, പാപവിമോചകരായ പുരോഹിതരെ പോലുമോ ഈ വ്യവസായ സംരഭത്തില്‍നിന്നും പുറത്തുനിര്‍ത്തിയിട്ടില്ല. കൂടുതല്‍ തുകക്കും കൂടുതല്‍ എണ്ണത്തിനും ചീട്ടുകള്‍ വിറ്റുപോയില്ലെങ്കില്‍ ഈ വ്യസായസംരംഭം നിര്‍ത്തലാക്കേണ്ടിവരുമെന്ന് അതിന്റെ നടത്തിപ്പുകാര്‍ക്ക് നന്നായറിയാം. അതിനാലാണ് പുരോഹിതനെക്കൂടി സംരംഭത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹത്തില്‍ നിന്നും കുറ്റകൃത്യങ്ങള്‍ ഒഴിഞ്ഞുപോകാതിരിക്കുന്നതിന്റേയും പുരോഹിത വര്‍ഗം സമ്പന്നരുടെ നില തുടരുന്നതിന്റേയും അടിസ്ഥാനകാരണമിതാണ്.

അപ്പോള്‍ കുറ്റകൃത്യങ്ങള്‍ സര്‍വരിലും സാധാരണമാണ്. സാധാരണക്കാരോ, ഇടനിലക്കാരോ ഉന്നതാധികാരമുള്ള സഭാമേലധ്യക്ഷന്മാരോ ഇതിനൊരു അപവാദമല്ല. ഇവരെല്ലാം ഒരേ വ്യവസായസംരംഭത്തിന്റെ ഭാഗഭാക്കായിരിക്കുന്നിടത്തോളം അവര്‍ ചെയ്യുന്ന അകര്‍മങ്ങള്‍ ഒരിക്കലും കുറ്റമാണെന്നുവരുന്നില്ല. ക്രിസ്തീയ സഭാവിശ്വാസ മനുസരിച്ച് കന്യകയില്‍ മര്യാദലംഘനം നടത്തിയ പുരോഹിതനും കന്യാസ്ത്രീയോടുകൂടി വ്യഭിചരിച്ച പുരോഹിതനും ചെയ്യുന്നത് തെറ്റാണെങ്കിലും പാപവിമോചനച്ചീട്ടു വാങ്ങുന്നതിലൂടെ അതില്‍നിന്ന് വിമുക്തിനേടുകയും, തങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായംസംരംഭത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. ആ പങ്കാളിത്തം നിലനിര്‍ത്തുന്നതിനായി മര്യാദലംഘനവും വ്യഭിചാരവും പുരോഹിതവര്‍ഗം തുടര്‍ന്നുകൊണ്ടേയിരിക്കും.

എം സി ജോസഫ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ പരിശോധിച്ചാല്‍, കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വ്യാപിക്കാതിരിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ചുമതലപ്പെട്ടിട്ടുള്ള സഭാമേലധ്യക്ഷന്മാര്‍, അതിന് കടകവിരുദ്ധമായ സമീപനത്തിലൂടെ അതത്രയും നിലനിര്‍ത്തുകയാണെ ചെയ്യുന്നതെന്നുകണാം.

വാല്‍ക്കഷണം: 'അച്ചനാകാനും പെണ്ണുകെട്ടാനും സമ്മതമാണ്' എന്നൊരു ശൈലിയുണ്ട് മലയാളത്തില്‍. എല്ലാം ശരിതന്നെ! - ഇടനേരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ