"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

എത്രയെത്ര രാമായണങ്ങള്‍? ബുദ്ധരാമായണങ്ങള്‍?


രാമായണകഥാനുഗായകങ്ങളായ അനേകം കൃതികള്‍ രചനകൊണ്ടിട്ടുണ്ട്. രാമകഥ ഒരു വിഭാഗത്തിന്റെ മാത്രം സ്വന്തമെന്നോ, രാമന് കൃത്യമായി ഒരു സ്ഥലകാലം നിര്‍ണയിക്കാനോ പറ്റാത്തവിധം സങ്കീര്‍ണമാണ് അതിന്റെ വൈവിധ്യങ്ങള്‍. ഈ കൃതികളിലെ ഏത് രാമനാണ് അയോധ്യയില്‍ ജനിച്ചതെന്നോ എന്തുകാരണം കൊണ്ടാണ് അദ്ദേഹം ആരാധ്യപുരുഷനായിത്തീര്‍ന്നതെന്നോ അനുമാനിക്കാന്‍ യാതൊരു നിവൃത്തിയുമില്ല.

1927 ല്‍ പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള എഴുതി, 1929 ല്‍ ഒന്നാംപതിപ്പായി ഇറങ്ങിയ സാഹിത്യമാലിക എന്ന ഗ്രന്ഥത്തിന് 1970 സെപ്തംബറില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം കോട്ടയം പുറത്തിറക്കിയ പതിപ്പിലെ 'രാമായണകഥാപ്രചാരം' എന്ന അധ്യാത്തിലൂടെ നടത്തിയ ഒരു വായനാസഞ്ചാ രത്തിന്റെ റിപ്പോര്‍ട്ടാണ് ഇവിടെ കുറിക്കുന്നത്.

പ്രോഫസര്‍ ഇളംകുളത്തിന്റെ നിരീക്ഷണത്തില്‍, വാല്‍മീകിമഹര്‍ഷിയാല്‍ വിരചിതമായ ഒരു രാമായണംകഥ മാത്രമല്ല നിലവിലുള്ളത്. വാല്‍മീകിയേക്കാള്‍ മുമ്പ് പ്രചരിച്ചിരുന്നതാണ് രാമായണംകഥ. അത് ബുദ്ധകാലഘട്ടത്തിലാണെന്ന് പ്രൊഫസര്‍ നിരീക്ഷിക്കുന്നു. മൊത്തം രാമായണംകഥകളേയും ബുദ്ധരാമായണം, ഹിന്ദുരാമായണം, പ്രാദേശികഭാഷാ രാമായണങ്ങള്‍, സാഹിത്യകൃതികളിലെ രാമായണംകഥകള്‍ എന്നിങ്ങനെ പ്രൊഫസര്‍ തരംതിരിക്കുന്നു.

രാമായണങ്ങളുടെ കാലക്രമം പ്രൊഫസര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു; 'ബുദ്ധന്റെ കാലത്ത് രാമായണകഥയുടെ സ്ഥിതി എന്തായിരുന്നുവെന്ന് ഊഹിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ മരണാനന്തരം കുറേക്കാലം കഴിഞ്ഞായിരിക്കണം വാല്‍മീകി മഹര്‍ഷി രാമായണം നിര്‍മിച്ചത്. എന്നാല്‍ ബുദ്ധന്റെ കാലത്തും രാമായണകഥ ഉത്തരേന്ത്യയിലെങ്ങും പ്രചരിച്ചിരുന്നുവെന്നതില്‍ തര്‍ക്കമില്ല.'

വാല്‍മീകിയുടെ കാലത്തുതന്നെയുള്ള മഹാഭാരതം വനപര്‍വത്തിലെ 273 മുതല്‍ 290 വരെയുള്ള അധ്യായങ്ങളിലാണ് രാമായണകഥയുള്ള പരാമര്‍ശം ആദ്യമായി കാണുന്നതെന്ന് പ്രബന്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രൊഫസര്‍ കുറിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥത്തിന്റെ കര്‍ത്താവ് വാല്‍മീകി മഹര്‍ഷിയാണ് ദ്രോണപര്‍വത്തില്‍ നിന്നും വ്യക്തമാകുന്നുവത്രെ.

സംസ്‌കൃതത്തില്‍ മാത്രമല്ല പാലിയിലും രാമായണങ്ങളുണ്ടെന്ന് പ്രൊഫസര്‍ രേഖപ്പെടുത്തുന്നു. ഇതില്‍ നിന്നും ബുദ്ധരാമായണങ്ങള്‍ പാലിയിലാണ് എഴുതപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാകുന്നു. ബുദ്ധരാമായണങ്ങളില്‍ പ്രമുഖം ലങ്കാവതാരസൂത്രം, ദശരഥജാതകം എന്നിവയാണ്. ലങ്കാവതാരസൂത്രത്തില്‍ രാമന്റെ പ്രതിയോഗിയായ ലങ്കാതിപധിരാവണനാണ് നായകന്‍. ശ്രീബുദ്ധന്റെ സമകാലികനുമായിരുന്നു. ബുദ്ധന്‍ മലയപര്‍വതത്തില്‍ ഇരിക്കുന്ന വിവരമറിഞ്ഞ് ഒരു ദിവസം അവിടെയെത്തുന്ന രാവണന്‍, രാക്ഷസന്മാരായ തങ്ങള്‍ ലങ്കാനിവാസികളാ ണെന്നും ധരിപ്പിച്ച്, മഹായാനധമ്മത്തെക്കുറിച്ച് അവബോധം ലഭിക്കുവാനായി ലങ്കയിലേക്ക് ക്ഷണിക്കുന്നു. ആ ക്ഷണം സ്വീകരിച്ച്, ശിഷ്യരോടൊപ്പം ലങ്കയിലെ ത്തുന്ന ശ്രീബുദ്ധന്‍ രാവണാദിരാക്ഷസന്മാര്‍ക്കായിക്കൊണ്ട് 'പ്രത്യാതമഗതി കോപദധമ്മം' വ്യാഖ്യാനിച്ചുകൊടുക്കുന്നു. സന്തുഷ്ടനായ രാവണന്‍ അപ്പോള്‍ത്തന്നെ ബുദ്ധമതത്തില്‍ ചേരുന്നു.

ലങ്കാവതാരസൂത്രത്തിന് ചീനഭാഷകളില്‍ മൂന്ന് പരിഭാഷകളുണ്ട്. ക്രിസ്ത്വാബ്ദം 443, 513, 704 വര്‍ഷങ്ങളിലാണ് പ്രസ്തുത പരിഭാഷകള്‍ നിര്‍മിക്കപ്പെട്ടത്. ചീനദേശക്കാര്‍ ഇന്നും ഈ പരിഭാഷകളെ വളരെ ഭക്തിപൂര്‍വം പഠിച്ചുവരുന്നുവെന്നും പ്രൊഫസര്‍ രേഖപ്പെടുത്തുന്നു. ശങ്കരാചാര്യര്‍ വേദാന്തദര്‍ശനം ഭാഷ്യത്തിലും മാധാവാചാര്യര്‍ സര്‍വദര്‍ശനസംഗ്രഹത്തിലും ലങ്കാവതാരസൂത്രകാരനെ ഉദ്ധരിക്കുന്നുണ്ടെന്നും പ്രൊഫസര്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാമായണത്തോടുബന്ധമുള്ള മറ്റൊരു ബുദ്ധമതഗ്രന്ഥമായ ദശരഥജാതകത്തില്‍ ബുദ്ധന്റെ പൂര്‍വജന്മവൃത്താന്തങ്ങളെയാണ് പ്രതിപാദിക്കുന്നത്. പൂര്‍വജന്മത്തില്‍ ബുദ്ധന്‍ ദശരഥപുത്രനായ രാമനായി ജനിച്ചിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

വാല്‍മീകിരാമായണത്തെക്കൂടാതെയുള്ള മറ്റ് ഹിന്ദു രാമായണങ്ങളില്‍ പത്മപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, മാര്‍ക്കണ്ഡേയപുരാണം, ഗരുഡപുരാണം, ബ്രഹ്മപുരാണം, സ്‌കന്ദപുരാണം, അഗ്നിപുരാണം, വായുപുരാണം, മത്സ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, ശിവപുരാണം, ദേവീഭാഗവതം, ബൃഹത്ധര്‍മപുരാണം, അധ്യാത്മരാമായണം, അഘ്‌നിവേശരാമായണം, ബോധായനരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം എന്നിവയാണ് രാമായണംകഥ പ്രതിപാദിക്കുന്ന മറ്റ് ഹിന്ദുമതഗ്രന്ഥങ്ങള്‍.

പല ഹിന്ദുരാമായണങ്ങളിലേയും കഥാംശങ്ങള്‍ക്കുതമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വാല്‍മീകി രാമായണത്തില്‍ ചന്ദ്രകേതുവും ലവകുശന്മാരും തമ്മിലുള്ള യുദ്ധത്തെപ്പറ്റി യാതൊരു വര്‍ണനകളുമില്ല. പത്മപുരാണം പാതാളകാണ്ഡത്തിലാകട്ടെ പ്രധാനപ്പെട്ട ഒരു ഭാഗംതന്നെ ആ യുദ്ധവര്‍ണന കളള്‍ക്കായാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാഗവതം 9 ആം സ്‌കന്ധത്തിന്റെ രാമായണകഥാവര്‍ണനയുള്ള 10, 11, 12, 13 എന്നീ അധ്യായങ്ങളില്‍ ലവകുശവൃത്താന്തമുണ്ട്. വിഷ്ണുപുരാണത്തില്‍ സൂര്യവംശചരിതത്തെ സംക്ഷിപ്തമായി വര്‍ണിക്കുന്നു. മാര്‍ക്കണ്ഡേയപുരാണം ഉപാഖ്യാനരീതിയില്‍ രാമകഥ വിവരിക്കുന്നു. മത്സ്യപുരാണം 12 ആം അധ്യായത്തില്‍ ഇക്ഷ്വാകുവംശചരിതം വിവരിച്ചിരിക്കുന്നു. ഇതില്‍ രാമായണകര്‍ത്താവ് വാല്‍മീകിയാണെന്നും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പലയിടത്തും നടന്നുവരുന്ന ദുര്‍ഗാപൂജയുടെ അടിസ്ഥാനം മത്സ്യപുരാണത്തിലെ രാമായണകഥാഖ്യാനമാണ്. സവിശേഷരീതിയിലാണ് ഈ കൃതിയില്‍ രാമന്റെ ദുര്‍ഗാപൂജയെപ്പറ്റി വര്‍ണിച്ചിട്ടുള്ളതെന്ന് പ്രൊഫസര്‍ രേഖപ്പെടുത്തുന്നു. മത്സ്യപുരാണം കൂടാതെ ബൃഹദ്ധര്‍മപുരാണത്തിന്റെ പൂര്‍വഭാഗത്തും ദുര്‍ഗാപൂജയെപ്പറ്റി പറയുന്നുണ്ട്. ബംഗാളില്‍ നടത്തിവരുന്ന ശാരദാപൂജക്ക് ആധാരം ഈ രാമായണകഥയാണ്.

എല്ലാ രാമായണങ്ങളുടേയും പ്രതിപാദ്യവിഷയം രാമായണകഥയാണെങ്കിലും വാല്‍മീകിരാമായണത്തില്‍ നിന്നും അങ്ങുമിങ്ങും ചില വ്യതിയാനങ്ങള്‍ കാണുന്നുണ്ടെന്ന് നിരീക്ഷിക്കുന്ന പ്രൊഫസര്‍ അത്ഭുതരാമായണത്തിലേക്ക് അനുവാചകരുടെ സവിശേഷ ശ്രദ്ധയെ ക്ഷണിക്കുന്നു. അത്ഭുതരാമായണത്തിന്റേയും രചയിതാവ് വാല്‍മീകിമഹര്‍ഷി തന്നെയാണെന്ന് പറഞ്ഞുവരുന്നുവെത്ര. സീതയുടെ അത്ഭുതവീരത്വത്തെ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വാത്മീകി അത്ഭുതരാമായണം എഴുതിയത്.

സീതയെ അപഹിക്കാനുള്ള മുഖ്യകാരണം അത് രാവണന്റെ മകളായതുകൊണ്ടാ ണെന്ന് പറയപ്പെടുന്ന ഒരു കഥയും പ്രചാരത്തിലുണ്ടസ്സോ. അത്ഭുതരാമായ ണത്തിലെ കഥാംശമാണ് അതിന് പിന്നിലെ യുക്തി. പക്ഷെ, മണ്ഡോദരിയുടെ മകളാണ് സീത എന്നൊരു വ്യത്യാസമുണ്ടെന്നു മാത്രം. പ്രൊഫസര്‍ എഴുതുന്നു; 'അത്ഭുതരാമായണം 27 സര്‍ഗങ്ങളിലായി 1381 ശ്ലോകങ്ങളുണ്ട്. അതിലെ കഥാഗതി ഇപ്രകാരമാണ്. വിഷ്ണുഭക്തനായ അംബരീഷന് ശ്രീമതി എന്നു പേരോടുകൂടിയ ഒരു കന്യകയുണ്ടായിരുന്നു. നാരദനും പര്‍വതനും അവളെ ലഭിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിഷ്ണുവിന്റെ കൗശലത്താല്‍ അത് സാധിച്ചില്ല. അവര്‍ കോപിച്ചു വിഷ്ണുവിനെ ശപിച്ചു. തന്മൂലം വിഷ്ണുവിന് അധോഗതി സംഭവിക്കുകയും അയോധ്യയില്‍ ദശരഥപുത്രനായി ജനിക്കുകയും ചെയ്തു. മഹാലക്ഷ്മിയും മണ്ഡോദരിയുടെ പുത്രിയായി ഭൂമിയില്‍ വന്നുപിറന്നു. എന്നാല്‍ മണ്ഡോദരി ആ കുട്ടിയെ കുരുക്ഷേത്രത്തില്‍ ഒരു വിജനപ്രദേശത്തു കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് ചെയ്തത്. ഭാഗ്യവശാല്‍ ജനകമഹാരാജാവ് അവിടെ വന്നുചേരാന്‍ ഇടയായി. അദ്ദേഹം ആ കുട്ടിയെ എടുത്തുകൊണ്ടുപോയി വളര്‍ത്തി സീതയെന്നു നാമകരണവും ചെയ്തു. കാലാന്തരത്തില്‍ രാമനും സീതയുമായി വിവാഹവും നടന്നു.'

സ്ഥിതിമൂര്‍ത്തിയായ മഹാവിഷ്ണുപോലും ശാപഗ്രസ്ഥനാകുമെന്നും മര്യാദാപുരുഷോ ത്തമന്‍ എന്നു വിശേഷണമുള്ള ശ്രീരാമനുതന്നെ തോല്‍വിപറ്റുമെന്നുള്ളതിന് അത്ഭുതരാമായണം തെളിവ് നല്‍കുന്നു. 'രാവണവധവും കഴിഞ്ഞ് സീതാരാമന്മാര്‍ അയോധ്യയില്‍ തിരിച്ചെത്തിയതിനുശേഷം രാവണന്റെ സഹോദരനായി സഹസ്രസ്‌കന്ധരാവണന്‍ എന്നൊരാള്‍ ഉണ്ടെന്നു സീത ശ്രീരാമനോടു പറഞ്ഞു. ശ്രീരാമന്‍ അപ്പോള്‍ത്തന്നെ സൈന്യസമേതം സഹസ്രസ്‌കന്ധനെ വധിക്കുവാന്‍ പുറപ്പെട്ടു. എന്നാല്‍ ആ യുദ്ധത്തില്‍ ശ്രീരാമന് തോല്‍വിയാണ് പിണഞ്ഞത്. സീത ഇതുകേട്ടു കോപിച്ചു കാളികാമൂര്‍ത്തിരൂപം ധരിച്ച് സഹസ്രസ്‌കന്ധരാവണനെ വധിക്കുകയും രാമനെ മോചിപ്പിക്കുകയും ചെയ്തു.'

പ്രൊഫസര്‍ ഇളംകുളം പരിഗണിച്ച രാമായണങ്ങളേക്കൊണ്ട് അദ്ദേഹത്തിന്റെ ഈ പഠനം ശ്രദ്ധേയമായപ്പോള്‍, പരിഗണിക്കാത്ത ഒരു രാമകഥകൊണ്ടുകൂടി അദ്ദേഹം മുന്നോട്ടുവെച്ച നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നു. അതായത് അജ്ഞാതകര്‍തൃകമായി അറിയപ്പെടുന്ന രാമകഥയായ 'ശ്രീരാമോദന്തം' എന്ന കൃതിയെ, അതിന്റെ പേരുപോലും പരാമര്‍ശിക്കാതെ ഒഴിവാക്കിയിരിക്കുന്നു. ഇത്രയൊക്കെ ജ്ഞാതങ്ങളും അജ്ഞാതങ്ങളുമായ കൃതികള്‍ പഠിച്ച പ്രൊസര്‍ക്ക് അതെക്കുറിച്ച് കേട്ടറിവില്ലാത്തതു കൊണ്ടാവാം എന്നു കരുതുകവയ്യ. കാരണം, സംസ്‌കൃതം പഠിച്ചുതുടങ്ങുന്ന കുട്ടികള്‍ക്ക് ബാലപ്രബോധനത്തോടൊപ്പം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കൃതിയാണിത്. ഏറെ വിവാദങ്ങളുയര്‍ത്തിയ 'ശംബൂകവധം' ഈ കൃതിയില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, പ്രൊഫസറാകട്ടെ അടുത്ത അധ്യായത്തില്‍ ശംബൂകന്‍ കഥാപാത്രമായിവരുന്ന ഭവഭൂതിയുടെ ഉത്തരരാമചരിതം എന്ന നാടകകൃതിയെക്കുറിച്ച് വിശദമായ പഠനം നടത്തുകയും ചെയ്യുന്നു.

പ്രാദേശികഭാഷാരാമായണങ്ങളില്‍ പ്രമുഖം 13 ആം ശതകാരംഭത്തില്‍ തമിഴിലുണ്ടായ കമ്പരാമായണവും 16 ആം ശതകത്തിന്റെ അന്ത്യത്തില്‍ ഹിന്ദിയിലുണ്ടായ തുളസീദാസരാമായണവുമാണ്. സംസ്‌കൃതം അറിയാത്തവര്‍ക്ക് രാമായണം മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് വാല്‍മീകിതന്നെ കമ്പരായും തുളസീദാസനായും ജനിച്ച് തമിഴിലും ഹിന്ദിയിലും രാമായണങ്ങള്‍ നിര്‍മിക്കുകയാണുണ്ടായതെന്ന അഭിപ്രായത്തെ പിന്തുണക്കുന്ന ഒരു ശ്ലോകം പ്രൊഫസര്‍ ഉദ്ധരിക്കുന്നു:

'വാല്‍മീകി തുളസീദാസകമ്പാഖ്യഃ കവിധതൃഭിഃ
കൃതാ രാമായണകഥാ ത്രയീവ പരിശോഭതേ.'

മലയാളത്തില്‍ രാമചരിതം, കണ്ണശ്ശരാമായണം, രാമകഥപ്പാട്ട്, രാമായണചമ്പു, അധ്യാത്മരാമായണം, ഇരുപത്തിനാലുവൃത്തം തുടങ്ങി അനവധി ഗ്രന്ഥങ്ങളുണ്ട്.

രാമായണംകഥപറയുന്ന കാവ്യനാടകാദി സാഹിത്യകൃതികളില്‍ പ്രമുഖം ക്ഷേമേന്ദ്രന്റെ രാമായണമഞ്ജരി, കാളിദാസന്റെ രഘുവംശം, ഭോജന്റെ രാമായണചമ്പു, ഭവഭൂതിയുടെ ഉത്തരരാമചരിതവും മഹാവീരചരിതവും, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാ മണി, കുമാരദാസന്റെ ജാനകീഹരണം, രാജശേഖരന്റെ ബാലരാമായണം, മുരാരിയുടെ അനര്‍ഘരാഘവം, ജയദേവന്റെ പ്രസന്ന രാഘവം, രാമഭദ്രദീക്ഷിതരുടെ ജാനകീപരിണയം തുടങ്ങിയവയാണ്.

പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ രാമായണപഠനം മുഴുവന്‍ മനസ്സിരുത്തി വായിച്ചിട്ടും സംശയങ്ങള്‍ ബാക്കിയാകുന്നു; ഏത് രാമനാണ് അയോധ്യയില്‍ ജനിച്ചത്? ഏത് രാമായണത്തെ ആധാരമാക്കിയാണ് മാസം ആചരിക്കേണ്ടത്?അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ