"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, മേയ് 20, ഞായറാഴ്‌ച

മനോചിത്രങ്ങള്‍ ദൃശ്യഭംഗിയോടെ..... ഡോ. പി.എം. മാത്യു വെല്ലൂര്‍


നമ്മുടെ മസ്തിഷ്‌കത്തിന്റെ ജാലകങ്ങളായ ബോധേന്ദ്രിയങ്ങളിലൂടെ, ചുറ്റുമുള്ള ലോകത്തില്‍ നിന്ന് നിരന്തരം നിരവധി പ്രചോദകങ്ങള്‍ (Stimuli) പ്രവേശിച്ചു കൊണ്ടിരിക്കുന്നു. വെളിച്ചത്തിലെ ധാരാളം കാഴ്ചകള്‍ കണ്ണുകളിലൂടെയും ശബ്ദങ്ങള്‍ കാതുകളിലൂടെയും ചൂട്, തണുപ്പ്, സ്പര്‍ശനസുഖം, വേദന ഇവയെല്ലാം ത്വക്കിലൂടെയും കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. ഇവയെല്ലാം അളവിലധികമാവുമ്പോള്‍ ഏറ്റെടുക്കാനാവാതെ മസ്തിഷ്‌കം ചില ഉപായങ്ങള്‍ പ്രയോഗിക്കുന്നു. മറ്റൊന്നിലേക്ക് ശ്രദ്ധതിരിച്ച് തള്ളിക്കളയുകയോ സാമാന്യവത്കരിച്ച് ലഘൂകരി ക്കുകയോ ചെയ്യുന്നു; വേറെ ചില പ്രചോദകങ്ങളെ രൂപാന്തരപ്പെടുത്തുന്നു. ഈ പ്രക്രിയയാണ് കലാസൃഷ്ടികള്‍ക്ക് ആധാരമായി വരുന്നത്.

പെണ്ണിന്റെ മന്ദഗമനം അന്നനടയായി വിശേഷിപ്പിക്കപ്പെടും. അതു താനല്ലയോ ഇതെന്ന് ആശങ്കപ്പെടും. ഒന്നിനൊന്നോടു സാദൃശ്യം കണ്ട് ഉപമിക്കും. നാം ഗ്രഹിക്കുന്ന യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ചോ അവയ്ക്ക് രൂപസൗന്ദര്യം വരുത്തിയോ സമൂല സൂക്ഷ്മ സ്ഥിതിയിലേക്ക് പരിണമിപ്പിക്കുന്ന പ്രയാണമാണ് കലാവിലാസങ്ങള്‍. അവരവരുടെ രുചിഭേദമനുസരിച്ചുണ്ടാക്കുന്ന ആത്മാവിഷ്‌കാരമാണ് കലാസൃഷ്ടികള്‍. അവ കവിത, നോവല്‍, കവിതാനോവല്‍, കഥ, ചിത്രശില്പങ്ങള്‍ തുടങ്ങി വിവിധതരം കലാസൃഷ്ടികള്‍ക്ക് ആധാരമായി ഭവിക്കുന്നു. കലാകാരന്റെ ആത്മാവിലുണ്ടായ അനുഭൂതികള്‍ക്കു രൂപം നല്‍കി, സമസൃഷ്ടികള്‍ക്കും അതേ അനുഭൂതി കൈവരുത്തി അവരെ ആനന്ദിപ്പിച്ച് ചാരിതാര്‍ഥ്യം നേടുകയാവണം ഉദ്ദേശ്യം. ഇത്തരം ഉദാത്തമായ കലാവാസന ചുരുക്കം ചിലര്‍ക്കുമാത്രം ലഭിച്ചിരിക്കുന്ന വരമാണ്.

'രതിവിതാനം' എന്ന കൃതിയില്‍ ശ്രീ വി.കെ. നാരായണന്‍ നടത്തുന്നത് അല്പം ആത്മാ വിഷ്‌കാരമാണ്. അതിനെ മൂര്‍ത്തമാക്കാന്‍ ചിത്രത്തിനു ചുവരെന്നപോലെ കഥ വേണം. കഥാപാത്രങ്ങള്‍ വേണം, അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ജീവിത സന്ദര്‍ഭങ്ങള്‍ വേണം. അതിനായി ഇവിടെ ഒരു പുരുഷനും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ മൂന്നു മുഖ്യ കഥാപാത്രങ്ങളെയും ഏതാനും ഉപ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് സ്ത്രീ-പുരുഷ ലൈംഗിക ബന്ധത്തിന്റെ വിവിധ ഭാവങ്ങളും നിര്‍വഹണങ്ങളും നിബന്ധിച്ചിരിക്കുന്നു. രതി അശ്ലീലമാണെന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍ക്കുപോലും ഈ കാവ്യനോവലില്‍ അശ്ലീലം കണ്ടെത്താനാവില്ല.

ഈ വിഷയം കൈകാര്യം ചെയ്യുന്നിടത്ത്, ശാസ്ത്ര സംജ്ഞകളായ ലിംഗം, യോനി, സംഭോഗം എന്നീ വാക്കുകള്‍ പോലും കാണാനില്ല. എങ്കിലും രതിക്രീഡയുടെ ആദി മധ്യാന്തങ്ങളെ, വൈകാരികവും ബൗദ്ധികവുമായ ഗൗരവത്തോടെ അവതരിപ്പിക്കുന്നു. കൂടാതെ ലൈംഗി കാവയവങ്ങളോടൊപ്പം ശാരീരികമായ ഇതര അവയവങ്ങളും ഉചിതജ്ഞതയോടെ ഉപയോഗിക്കുന്നു. അങ്ങനെ മനോചിത്രങ്ങള്‍ ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്നുണ്ട്. ഇതു സാധിതമാകുന്നത് കവിയുടെ ഭാഷാ സാഹിത്യ മീമാംസാ ബോധത്താലാകുന്നു. പദസ്വാധീനതയുടെഈടുവയ്പിനാല്‍ പലയിടങ്ങളിലും ഗോപ്യതയുടെ കലാവിരുതു പ്രകടമാക്കിയിരിക്കുന്നു. വിഷയത്തിന്റെ 'വിസ്‌ഫോടനാത്മകത' മനുഷ്യമനസില്‍ മുന്നേ തന്നെ പതിപ്പിച്ചിട്ടുള്ള അന്ധമായ അര്‍ഥവിന്യാസങ്ങള്‍ അറിയാവുന്ന കവി, ഇവിടെ ആവിഷ്‌കരിക്കുന്ന ലൈംഗികാവയവങ്ങള്‍ക്കുമേല്‍ മാന്യമായ വസ്ത്രം ധരിപ്പിക്കുന്നതുപോലെ പദപ്രയോഗം നിര്‍വഹിച്ചിരി ക്കുന്നു. ആശയവിനിമയ പ്രക്രിയയില്‍ അധ്യാപനം കൂടി നടത്തുന്ന ഇദ്ദേഹത്തിന്റെ ഗവേഷണ പഠനവും സര്‍ഗരചനാപാടവവും ഈ ശ്ലോകങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം. അനുവാചകര്‍ക്കു കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഗ്രന്ഥാവസാനം അനുബന്ധം നല്‍കിയിരിക്കുന്നു: കടുപ്പമുള്ളതായി തോന്നാവുന്ന 458 പദങ്ങളും അവയുടെ ലളിതാര്‍ഥങ്ങളും 365 ശ്ലോകങ്ങള്‍ കരതലാമലമാക്കാന്‍ പോന്ന ശ്ലോകസൂചിയും. അവ ഇതിനെ ഒരു ഗവേഷണ ഗ്രന്ഥമാക്കി യിരിക്കുന്നു. ഇങ്ങനെ അനിതര സാധാരണമായ പല സവിശേഷതകളും ഇതിനുണ്ട്.

ഹസ്തക്രിയാദി ബാഹ്യ മൈഥുന രീതികള്‍, ഉപരി സുരതമുള്‍പ്പെടെയുള്ള സംഭോഗ നിലകള്‍ എന്നിവയുടെ ചിത്രണം കാമസൂത്രത്തെയും മറ്റും ആധാരമാക്കുന്നവയാ ണെങ്കിലും സംഭോഗത്തിന്റെ പെരുമാറ്റ വൈവിധ്യവും വൈകാരിക രൂക്ഷതയും മൂലം വൈകൃതത്തിലേക്കു വഴുതാവുന്നതാണെന്ന അവബോധത്താല്‍ ഇവിടെ ശ്രദ്ധിക്കുന്നത് കലാവിലോലമായ വര്‍ണനയിലൂടെ അനുവാചകമനസിനെ പുളകിതമാക്കുന്ന തിനാണ്.

'ഉത്‌സവത്തിടമ്പ്' എന്ന മൂന്നാം ദലത്തില്‍ രതിബന്ധാരംഭം വെറുമൊരു മുത്തത്തില്‍ നിന്ന് അധരം, കവിള്‍, നാസികാഗ്രം വഴി ക്രമാനുഗതം വികസിക്കുന്നു. അവളുടെ അധരോഷ്ഠങ്ങളെസ്‌നേഹപൂര്‍വം മുദ്രവച്ച് കപടരോഷവും കള്ളച്ചിരിയും കൊണ്ടു കെട്ടഴിയുന്ന എതിര്‍പ്പിനപ്പുറം അഹമഹമിഹയായെന്നു തുടരുന്ന വിരല്‍വിരുതും കൊണ്ട് ദലമോരോന്നും രസനീയമാകുന്നു. വികാരമൂര്‍ച്ഛയുടെ അറുപത്തിനാലു വിധികളും പിന്നെ എങ്ങനെയോ ഏതോ അഞ്ചു കൂട്ടി 69 ലെത്തി രതിവിതാനത്തിന്റെ പരമകാഷ്ഠ അനുഭവിക്കുന്നവരുടെ ഭാവഹാവാദികളും മനസ്സും വര്‍ണിച്ചിടത്തു മുന്നിട്ടുനില്ക്കുന്നത് സൃഷ്ടിപരമായ യാഥാര്‍ഥ്യ ബോധമാണ്. അമിത വര്‍ണനയെയോ അതിശയോക്തിയെയോ അവലംബിക്കാതെ പുലര്‍ത്തുന്ന ആവിഷ്‌കാര സ്വാഭാവികത, കവിയുടെ സ്ഥിത പ്രജ്ഞയ്ക്ക് ഉദാഹരണമാകുന്നു.

രതിയുടെ സുഖസാരമെത്രയും
ഹൃദയ സമത്വമിയന്ന രണ്ടുപേര്‍
അറിയുമതിതരര്‍ക്കു കേവലം
ക്രിയകളിലൂടെ അലഭ്യമെപ്പോഴും (182-5)
എന്നു പറയുമ്പോള്‍ വ്യക്തമാകുന്നു: മനപ്പൊരുത്തമാണ് സര്‍വപ്രധാനം.

ഗ്രന്ഥാവസാനദലത്തില്‍ പായസം പടരുന്നത് കല്ലുപ്പു പൊടിയിലേക്കോ എന്നു തോന്നിപ്പോകുന്നു, രതിജന്യ രോഗത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലെത്തുമ്പോള്‍. എന്നാല്‍, രതിപരമല്ലാതെയും അതായത് ദാനംചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്നതിലൂടെയും വൈദ്യ ഉപകരണങ്ങളിലൂടെയും എയ്ഡ്‌സ് പകരും എന്നതും നിരപരാധികളായ കുട്ടികള്‍ പോലും അതിനിരയാകുന്നു എന്നതും വായനക്കാരെ ചിന്തിപ്പിക്കുന്നു. അങ്ങനെ വരുമ്പോള്‍ തോന്നുന്നു, ശരിയായ കേരളീയ സദ്യയില്‍ ഇലയില്‍ വിളമ്പിയ പായസം വാരിയുണ്ണുമ്പോള്‍ ഇടയ്‌ക്കെ ങ്ങാനും നാരങ്ങാ അച്ചാറു തൊട്ടു നാക്കില്‍ വയ്ക്കുന്നത് മധുരത്തിന്റെ ചെടിപ്പു മാറാനുപകരിക്കുമെന്ന സിദ്ധാന്തം ഇവിടെഗ്രന്ധകാരന്‍ ഉപയോഗപ്പെടുത്തിയിട്ടു ണ്ടാവുമെന്ന്. അല്ലെങ്കില്‍ത്തന്നെ രതിപരരോഗ വാഹകരാകുന്ന നിരപരാധിക ള്‍ക്കുവേണ്ടി നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് രതി വിതാനത്തിലെ മുഖ്യകഥാപാത്രങ്ങള്‍ പറയുമ്പോള്‍ തോന്നുന്നു തൂശനിലയിലുള്ള സദ്യയില്‍ പായസം ഉണ്ടു കഴിഞ്ഞ് അല്പം ചോറിട്ടു സംഭാരം വിളമ്പുന്നതിന്റെ പ്രസക്തി. പ്രഥമനുള്‍പ്പെ ടെയുള്ള പായസങ്ങളുടെയും തിമിര്‍പ്പ് തികട്ടി വരുന്നതുതിനെ നിലയ്ക്കു നിര്‍ത്താനുള്ളതാണ് അത്. അതാവാം, അതായത് സാമൂഹിക സേവനത്തിന്റെ സംഭാര സംഭാവനയാവാം, ജാഗ്രതയെ ഉന്നയിക്കുന്ന അവസാന ദലത്തില്‍ കവി ഉദ്ദേശിക്കുന്നത്.

യാത്രാമുഖം, പ്രത്യേക മുക്ത്യാര്‍, ഉത്‌സവത്തിടമ്പ്, കലയുടെ എണ്ണം, കുസുമ നിവേദ്യം, വീഴ്ച, മുക്ത്യാര്‍ സാക്ഷി, ദോഷഹീനം വിശുദ്ധം, കീര്‍ത്തിമുദ്ര, നവഹര്‍ഷം, നിധി, ജാഗ്രതാചര്യര്‍ എന്നിങ്ങനെ പന്ത്രണ്ടു പോഷക ധാരകളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് രതിവിതാനം എന്ന കാവ്യനദി ഒഴുകിയൊഴുകി മനുഷ്യമനസ്സിന്റെ ആഴക്കടലില്‍ പതിക്കുന്നു. അവിടെയെവിടെയും നനച്ചിറങ്ങിയാല്‍ സംതൃപ്തിയോടുകൂടി കുളിച്ചുകയറാം. അതുമൂലം കവിധര്‍മം പൂര്‍ണമാക്കപ്പെടുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം രചിക്കാവുന്നൊരു കൃതിയാണ് ഇത്. മറ്റൊരാള്‍ക്ക് ഇതുപോലൊന്നു രചിക്കാന്‍ വര്‍ഷങ്ങളിലൂടെ പുടംചെയ്ത പ്രയത്‌നം വേണ്ടിവരും. വിഷയ വിന്യാസത്തിന്റെ അപൂര്‍വതയും തദനുസൃതമായ രചനാ പാടവവും ഇതിന് അന്യാദൃശത്വം നല്കുന്നു. സാമൂഹിക- സാംസ്‌കാരിക, മനോവിജ്ഞാന-വൈകാരിക വൈചാരിക- കാര്യങ്ങളില്‍ പകരംവയ്ക്കാനാവാത്ത തനിമ രതിവിതാനത്തെ അനുഗ്രഹിച്ചിരിക്കുന്നു. സഹൃദയ സമക്ഷം സഗൗരവം ഈ കൃതിയെ ഞാന്‍ അവതരിപ്പിക്കട്ടെ. 


ഈ പുസ്തകത്തിന്റെ കിന്റില്‍ വെര്‍ഷന്‍ വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുകഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ