"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, മേയ് 20, ഞായറാഴ്‌ച

നമുക്ക് ജാതിയില്ല; പക്ഷേ ഞങ്ങള്‍ക്ക് ജാതിയുണ്ട് - സി.ഗോവിന്ദന്‍'നമുക്ക് ജാതിയില്ല' എന്ന് ഏത് സന്ദര്‍ഭത്തിലാണ് ശ്രീനാരായണഗുരു പറഞ്ഞതെന്ന് ഞാന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മിക്കപേര്‍ക്കും അറിഞ്ഞുകൂടാ. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ ഇപ്പോള്‍ നമുക്ക് ജാതിയില്ലാ പ്രഘോഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ കേരളത്തിലെ പട്ടികജാതിസംഖ്യയില്‍ അന്‍പത് ശതമാനത്തിലധികം വരുന്ന പുലയസമുദായാംഗങ്ങളെ എല്‍.ഡി.എഫില്‍ വേണ്ടത്ര പുലയസമുദായ എം.എല്‍.എ.മാര്‍ ഉണ്ടായിരുന്നിട്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് അതുകൊണ്ടായിരിക്കാം. മഹാന്മാരുടെ മനസ്സ് ആരറിഞ്ഞു!

കഴിഞ്ഞ അരനൂറ്റാണ്ടു മുന്‍പ് മുതല്‍ കേരളം മുദ്രാവാക്യം വിളികളുടെ നാടാണ്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടതാകും പൈങ്കിളിയേ' എന്ന് ഒരു കര്‍ഷകസ്ത്രീയുടെ ഒരു കൈ പൊക്കിപ്പിടിച്ചുകൊണ്ട് ഒരു കര്‍ഷക യുവാവ് ഉച്ചത്തില്‍ പാടിക്കൊണ്ട് നാട് ഉണര്‍ത്തുന്നതു നാം കേട്ടിട്ടുണ്ട്. 1957-ലെ സംസ്ഥാന പൊതു തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ശ്രീ.ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍ വന്നു. ആ മന്ത്രിസഭയില്‍ പുലയസമുദായത്തില്‍പ്പെട്ട എം.എല്‍.എ. പി.കെ.ചാത്തന്‍മാസ്റ്റര്‍ ഹരിജനക്ഷേമവകുപ്പു മന്ത്രിയായി. പക്ഷേ കേവലം 28 മാസംകൊണ്ട് എന്‍.എസ്.എസ്. നേതാവ് ശ്രീ.മന്നത്തുപത്മനാഭന്റെ നേതൃത്വത്തിലുള്ള വിമോചനസമരത്തില്‍ ഇടിച്ച് ആ ഗവണ്‍മെന്റ്ഛിന്നഭിന്നമായി നിലംപതിച്ചു. കേരള ഭൂപരിഷ്‌കരണ നിയമവും കേരള വിദ്യാഭ്യാസ ബില്ലുമായിരുന്നു വിമോചനസമരത്തിനു കാരണം എന്നു പറയപ്പെടുന്നു. യഥാര്‍ത്ഥ കാരണം എന്തോ ആവോ? 1967-ലെ രണ്ടാം ഇ.എം.എസ്. ഗവണ്‍മെന്റിന് വെള്ളം ചേര്‍ത്ത കേരള ഭൂപരിഷ്‌കരണ നിയമം പാസ്സാക്കിയെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ബില്ലില്‍ കേരളത്തിലെ കര്‍ഷകരായ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ ഒട്ടും തൃപ്തരല്ല.

1970 മുതല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേരള ഭൂപരിഷ്‌കരണ നിയമം 1957-ലെ ഇ.എം.എസ്. മന്ത്രിസഭയുടെ ഒന്നാം കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ഒരു അസ്ഥിപഞ്ജരമാണ്. തോട്ടംവിളകളുടെ പേരു പറഞ്ഞ് നൂറും ആയിരവും ഏക്കര്‍ കണക്കില്‍ മലയോരഭൂമിയെല്ലാം പണക്കാര്‍ക്ക് പതിച്ചുകൊടുത്ത് ഭൂപരിഷ്‌കരണ നിയമം പുതിയ ജന്മിവര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചു. ശ്രീമതി കെ.ആര്‍.ഗൗരി
യമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരിക്കുന്ന കാലത്ത് ഇ.എം.എസ്. മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായിരുന്നു. ശ്രീമതി ഗൗരിയമ്മ പലപ്പോഴും പറയുമായിരുന്നുപോലും പത്തുസെന്റും, അഞ്ചുസെന്റും, മൂന്നുസെന്റും കുടികിടപ്പു നല്‍കിക്കൊണ്ട് അവര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ ഭൂമിക്ക് ഉടമകളാക്കിയെന്ന്. അതിനുമുമ്പ് പട്ടികജാതി-വര്‍ഗ്ഗക്കാര്‍ ആകാശത്തു താമസിക്കുകയായിരുന്നോ എന്ന് ഒരു സരസന്‍ പത്രത്തില്‍ എഴുതിയിരുന്നതായി ഓര്‍ക്കുന്നുണ്ട്. ഒരു കോടതി അലക്ഷ്യക്കേസിന്റെ വിസ്താരവേളയില്‍ ജഡ്ജിമാര്‍ കേസ് കേട്ട് വിധി പറയുമ്പോള്‍ അവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ വിധിയെ സ്വാധീനിക്കുമെന്ന് ബഹു. മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് ഇന്നത്തെ രീതികള്‍ കണ്ടാല്‍ ആരായാലും വിശ്വസിച്ചുപോകും. അതുപോലെ കേരള ഭൂപരിഷ്‌കരണ നിയമം എഴുതി തയ്യാറാക്കിയപ്പോള്‍ റവന്യൂമന്ത്രി കെ.ആര്‍.ഗൗരിയെ അവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യവും അവരുടെ ജീവിതനിലവാരവും സ്വാധീനിച്ചുകാണും. ഇല്ലെങ്കില്‍ എങ്ങനെ ചരിത്രപരമായി (ഐതീഹ്യപരമായല്ല - പരശുരാമന്‍ ഭൂമി വെട്ടിപ്പിടിച്ച് ബ്രാഹ്മണര്‍ക്ക് നല്‍കിയെന്ന കള്ളക്കഥാപരമായല്ല) ഭൂമിയുടെ ഉടമകളായ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി അഭിനവ വ്യാജ ജന്മിമാര്‍ നല്‍കുന്ന ദാനമായിത്തീര്‍ത്തു. ദൈവത്തിന്റെ പേരു പറഞ്ഞുകൊണ്ട് ഭൂമിയുടെ അധീശത്വം സ്വയം ഏറ്റെടുത്ത ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും പ്രമാണിത്തം കെ.ആര്‍.ഗൗരി എന്തിന് അംഗീകരിച്ചുകൊടുത്തു. ചരിത്രസത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തതുകൊണ്ടായിരിക്കാം ശ്രീമതി ഗൗരിയെ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത്.

ശ്രീ.വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു രണ്ടാം കേരള ഭൂപരിഷ്‌കരണ നിയമം അനിവാര്യമാണെന്ന് എവിടെയൊക്കെയോ പ്രസ്താവിച്ചതായി കണ്ടു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. അന്ന് ശ്രീ.വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞത് കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ എന്നേ വച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന ആഗ്രഹവും ആവശ്യ
വുമാണ്. അതുകൊണ്ട് ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഒരു സമൂല ഭൂപരിഷ്‌കരണ നിയമം വേണമെന്ന് തന്നെയാണ്.

നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടതാകും പൈങ്കിളിയേ എന്ന മുദ്രാവാക്യംപോലെ അര്‍ത്ഥശൂന്യമാണ് നമുക്ക് ജാതിയില്ല എന്ന മൃദ്ഭാഷണമെന്ന് നൂറുവര്‍ഷത്തിനുശേഷം ഉയിര്‍ത്തെഴുന്നേറ്റുവരുമെങ്കില്‍ ശ്രീനാരായണഗുരു പറയുമായിരുന്നേനെ. ശ്രീനാരായണീയര്‍ എന്ന് സ്വയം പറയപ്പെടുന്നവര്‍ ഇന്ന് ആ മഹാത്മാവിനെ ഇകഴ്ത്തിപ്പറയുകയാണ്. ശ്രീനാരായണഗുരുതത്വങ്ങളുടെ മൂല്യങ്ങള്‍ സ്വജീവിതത്തില്‍ പാലിക്കുന്നവര്‍ക്കു മാത്രമേ ശ്രീനാരായണീയര്‍ എന്ന് സ്വയം നാമകരണം ചെയ്യപ്പെടാന്‍ അവകാശമുള്ളൂ. ശ്രീനാരായണീയര്‍ എന്ന പദം ഈഴവ, തീയ്യ, ബില്ലവ തുടങ്ങിയ ജാതിസമൂഹങ്ങളുടെ പര്യായമാക്കിത്തീര്‍ക്കരുത്. അത് മഹാത്മാവിനോടു ചെയ്യുന്ന അപരാധമാണ്. ശ്രീനാരായണഗുരു മാനവസമൂഹത്തിന്റെ മുഴുവന്‍ ആരാധ്യനായ ആചാര്യനാണ്. അതുകൊണ്ടാണ് ശ്രീനാരായണഗുരുവിന്റെ ജന്മദിനവും ചരമദിനവും പൊതു അവധി നല്‍കി ആ മഹാത്മാവിനെ അനുസ്മരിക്കുന്നതും ആദരിക്കുന്നതും.

നമുക്ക് ജാതിയില്ല എന്ന വചനാമൃതം ശ്രീനാരായണീയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈഴവസമുദായാംഗങ്ങള്‍ പാനം ചെയ്യുമോ? അവരുടെ സമുദായത്തെപ്പോലെ തന്നെ ഒരുപക്ഷേ അതില്‍ കൂടുതല്‍ അടിമത്തവും പാതിത്വവും അനുഭവിച്ചുകൊണ്ടിരിക്കുന്ന പുലയരെയും പറയരെയും കുറവരെയും അവര്‍ സമത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നുണ്ടോ? നമ്മുടെ ഭരണാധികാരികള്‍ നമുക്ക് ജാതിയില്ല എന്നത് ഒരു പ്രസ്ഥാനമാക്കിത്തീര്‍ക്കാനും ജാതിസംഘടനകളെ നിര്‍ജ്ജീവമാക്കാനും ശ്രമിക്കുന്നതായി മനസ്സിലാക്കുന്നു. ആ സദുദ്ദേശ്യത്തെ മാനിക്കാതിരിക്കാന്‍ കഴിയില്ല. പക്ഷേ ഉദ്ദിഷ്ടകാര്യം നടക്കില്ല. ചില ജാതിസമുദായങ്ങള്‍ക്കിടയില്‍ മഹാത്മാക്കളായ ശ്രീനാരായണഗുരുവിന്റെയും ശ്രീ. മന്നത്ത് പത്മനാഭന്റെയും കാലത്തുണ്ടായിരുന്നതിനേക്കാള്‍ വലിയ ജാതിസ്പര്‍
ദ്ധയും ജാതിവികാരവും ഇന്നും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമുക്ക് ജാതിയില്ല എന്ന് ശ്രീനാരായണഗുരു പ്രഖ്യാപിക്കുകയും ജാതിയുടെ തൂവലായിരുന്ന പിള്ളസ്ഥാനം ശ്രീ. മന്നത്തു പത്മനാഭന്‍ തന്റെ പേരില്‍നിന്നും വെട്ടിക്കളയുകയും ചെയ്തു. എന്നാല്‍ നമുക്ക് ജാതിയില്ല എന്ന് ഏതെങ്കിലും ഈഴവ സമുദായാംഗം പറയുകയാണെങ്കില്‍ അത് വെറും തട്ടിപ്പാണെന്ന് ഈഴവ സമുദായത്തിലെ ഒരു പ്രമുഖ വ്യക്തിയായ ശ്രീ.ജി.ദേവദാസന്‍ (കരിക്കകം) ഈ ലേഖകനോട് പറഞ്ഞു. ഏതെങ്കിലും ഒരു പട്ടികജാതിക്കാരനോ, പട്ടികവര്‍ഗ്ഗക്കാരനോ തന്റെ മകനെയോ മകളെയോ ഈഴവസമുദായത്തിലെ ഒരു പെണ്‍കുട്ടിയെയോ യുവാവിനെയോ കൊണ്ട് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ കാണാം ഈഴവസമുദായത്തിലെ മാതാപിതാക്കളുടെ തനിനിറം എന്ന് അദ്ദേഹം പറഞ്ഞു.

ഇന്നാകട്ടെ, നായര്‍, നമ്പൂതിരി, ക്ഷത്രിയ സമുദായങ്ങളില്‍പ്പെട്ടവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നഴ്‌സറി ക്ലാസ്സുകളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ മിനി എസ്. നായര്‍, രോഹിത് ആര്‍. പിള്ള, നിതിന്‍ ജെ. വര്‍മ്മ, കുമാര്‍ പി. ഭട്ടതിരിപ്പാട് എന്നിങ്ങനെ പേരുകള്‍ എഴുതാന്‍ വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുകയാണ്. ആധുനിക കാലത്ത് എന്താ ഇങ്ങനെ ജാതിപ്പേരുവച്ച് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതെന്ന് ഉല്പതിഷ്ണുക്കളായ സുഹൃത്തുക്കള്‍ ചോദിച്ചാല്‍ അവന്റെ അങ്കിള്‍ അഥവാ ആന്റി അങ്ങനെ വേണമെന്ന് പറഞ്ഞെന്ന് അവര്‍ പറയും. ഇക്കാര്യം ഒന്നും അറിയാത്ത പാവം അങ്കിളും ആന്റിയും! അടുത്ത നൂറുവര്‍ഷത്തേക്കെങ്കിലും ആ കുട്ടികള്‍ ജാതിപൊക്കി പിടിച്ചുകൊണ്ട് നടക്കണമെന്ന് സാരം. കുട്ടികളുടെ പേരിന്റെ കൂടെ ജാതിപ്പേര് ചേര്‍ക്കാന്‍ വാശിപിടിക്കുന്ന മാതാപിതാക്കള്‍ അതുകൊണ്ടുണ്ടാകുന്ന ഒരുപാടു ഗുണങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്. അവര്‍ ശാന്തികവാടത്തില്‍ എത്തുന്നതുവരെയുള്ള ജീവിതകാലം മുഴുവന്‍ നായര്‍, പിള്ള, വര്‍മ്മ, ഭട്ടതിരിപ്പാട് തുടങ്ങിയ ജാതി അടയാളങ്ങളും പാരമ്പര്യവും അസഹിഷ്ണുതയും നിലനിര്‍ത്തുകയും അവരവരുടെ ജാതിയുടെ വാല്മീകത്തിനുള്ളില്‍ ഒതുങ്ങിക്കൂടി തപസ്സിരിക്കുകയും ചെയ്യുന്നു. നായര്‍, പിള്ള, വര്‍മ്മ, ഭട്ടതിരിപ്പാട് എന്നീ നാമധാരികള്‍ വിദ്യാലയങ്ങളുടെ പ്രവേശനക വാടത്തില്‍ ചെന്ന് തലകാണിച്ചാല്‍ മതി. അവര്‍ക്ക് അഡ്മിഷന്റെഡി. പൊതു തൊഴില്‍ദായക സ്ഥലങ്ങളില്‍ വൈവാഹിക വിപണികളില്‍ അവര്‍ ഒന്ന് പുഞ്ചിരിക്കുമ്പോള്‍ അവിടങ്ങളിലെ കവാടങ്ങള്‍ സ്വയം തുറക്കപ്പെടും. അതാണ് ജാതിനാമത്തിന്റെ മാസ്മരശക്തി. ജാതി ഇല്ലെന്ന് പറയുകയും ജാതിദ്യോതകമായ പിള്ള വെട്ടിക്കളയുകയും ചെയ്ത മഹാത്മാക്കള്‍ അന്ന് ജാതിയുടെ മഹത്വം അറിയാതെ പോയതായിരിക്കും! കഷ്ടം!

'ജാതി വേണ്ട, മതം വേണ്ട, ..... വേണ്ട' എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് പുലയര്‍ക്കിടയില്‍ സാമൂഹ്യസേവനം നടത്തുകയും പന്തിഭോജനം നടത്തുകയും ചെയ്ത ശ്രീനാരായണഗുരുഭക്തനായ സഹോദരന്‍അയ്യപ്പന് 'പുലയന്‍അയ്യപ്പന്‍' എന്ന അപരനാമം നല്‍കി അനാദരിച്ചവരാണ് ഒരുകാലത്തെ ഈഴവസമുദായം. ഇന്നും ആ സമുദായത്തിലെ ഭൂരിപക്ഷം പേരിലും മാനസിക പരിവര്‍ത്തനം വന്നതായി തോന്നുന്നില്ല. അതുകൊണ്ടാണല്ലോ ഉല്പതിഷ്ണുവും വിപ്ലവകാരിയുമായ സഹോദരന്‍ അയ്യപ്പനെ ഉചിതമായ രീതിയില്‍ ഇന്നും കേരളം ആദരിക്കാതെ പോകുന്നത്. ഇതെല്ലാം കാണുമ്പോള്‍ സി.ഗോവിന്ദന്‍ എന്ന എന്റെ പേര് സി.ഗോവിന്ദന്‍പുലയന്‍ എന്ന് ഗവണ്‍മെന്റ് ഗസറ്റില്‍ പരസ്യം ചെയ്ത് മാറ്റണമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒട്ടേറെ ഗവണ്‍മെന്റ് രേഖകളില്‍ മാറ്റം വരുത്താനുള്ള വൈഷമ്യം ഓര്‍ത്ത് ഞാന്‍ പിന്‍മാറുകയാണുണ്ടായത്.

നമുക്കു ജാതിയില്ല എന്ന ഗുരുവചനം ഘോഷിക്കുന്നവരുടെ പുതിയ പൂതിയുടെ ഉദ്ദേശ്യമെന്താണെന്ന് ഇന്ത്യന്‍ ഭരണഘടന വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.

രാഷ്ട്രം ജനങ്ങള്‍ക്കിടയിലെ ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേകിച്ച്, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ അവധാനതാപൂര്‍വ്വം സംരക്ഷിക്കണമെന്നും അവരെ സാമൂഹ്യമായ അനീതികളില്‍ നിന്നും എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 46-ാം അനുച്ഛേദം അനുശാസിക്കുന്നു.

കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ കാര്യങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വീസുകളിലേയ്‌ക്കോ തസ്തികകളിലേയ്‌ക്കോ നിയമനം നടത്തുമ്പോള്‍ കാര്യക്ഷമത നിലനിര്‍ത്തിക്കൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ പ്രസ്തുത തസ്തികകള്‍ക്കു വേണ്ടിയുള്ള അവകാശങ്ങള്‍ പരിഗണിക്കപ്പെടണമെന്ന് ഭരണഘടനയുടെ 335-ാം അനുച്ഛേദം അനുശാസിക്കുന്നുണ്ട്. (ഇവിടെ കാര്യക്ഷമത അതാത് തസ്തികകള്‍ക്കു വേണ്ട വിദ്യാഭ്യാസപരവും പരിചയസംബന്ധവുമായ യോഗ്യത എന്ന് മാത്രമാണ്).

നമുക്ക് ജാതിയില്ല എന്ന് പറയുന്നവര്‍ക്ക് ജാതികളെയും വര്‍ഗ്ഗങ്ങളെയും കൂട്ടിക്കെട്ടിയ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെയും അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിയും സര്‍ക്കാര്‍ സര്‍വ്വീസുകളിലെ സംവരണതത്വം നടപ്പിലാക്കുന്നതിലുള്ള പോരായ്മകളും അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരില്ലല്ലോ. ഭരണഘടനാവ്യവസ്ഥകള്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും നടപ്പിലാക്കേണ്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നമുക്ക് ജാതിയില്ല എന്ന് പറയുന്നവരുടെ കെണിയില്‍ വീഴുകയില്ലെന്ന് ഇന്നാട്ടിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ വിശ്വസിക്കുന്നു.

ദുര്‍ബലരില്‍ ദുര്‍ബലരും പാവങ്ങളില്‍ പാവങ്ങളുമായ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ കണ്ടെത്തി അവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കുന്നതിനു ജാതികളെയും വര്‍ഗ്ഗങ്ങളെയും തിരിച്ചറിയേണ്ടതു ആവശ്യമാണ്. അതിന് ജാതി ചോദിക്കുകയും ജാതി പറയുകയും വേണം. മന്ത്രിമാര്‍ നമുക്ക് ജാതിയില്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെ സാദ്ധ്യമാകും. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പിലാക്കിയി ല്ലെങ്കില്‍ അത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവുമാകും. ജാതി അറിഞ്ഞില്ലെങ്കില്‍ സംവരണ സംബന്ധമായ ഭരണഘടനാ വ്യവസ്ഥകള്‍ എങ്ങനെ നടപ്പിലാക്കും?

ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വംശീയമായ വേര്‍തിരിവുണ്ടെന്നുള്ളതുപോലെ, ഇന്ത്യയില്‍ ജാതി ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ ഓരോ മണ്‍തരിയിലും അന്തരീക്ഷത്തിലും സാമൂഹ്യജീവിതത്തിലും അത് പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഭരണാധികാരികള്‍ സാങ്കല്പികലോകത്തു ജീവിക്കാതെ താണിറങ്ങി വരണം. നമുക്ക് ജാതിയില്ല എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കാര്യം മാത്രം (ചിലപ്പോള്‍ സ്വകാര്യവുമായിരിക്കാം). കേരളത്തില്‍ ശ്രീനാരായണഗുരു ജനിച്ചുവളര്‍ന്ന സമുദായം ഉള്‍പ്പെടെ ഒരു സമുദായവും അത് അംഗീകരിച്ചിട്ടില്ല. ശ്രീനാരായണഗുരുവിന്റെ തത്വം അംഗീകരിച്ചിരുന്നുവെങ്കില്‍, 1949-ല്‍ സ്വതന്ത്ര ഇന്ത്യ രൂപം നല്‍കിയ ഭരണഘടനയില്‍ ജാതികളുടെയും വര്‍ഗ്ഗങ്ങളുടെയും സമുച്ചയമായ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ ആരെന്ന് വ്യവച്ഛേദിക്കപ്പെടുക യില്ലായിരുന്നു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കേരളത്തില്‍ നിന്നുള്ളപട്ടികജാതിക്കാരും (ഒരു പുലയസമുദായാംഗവും ഒരു പരവസമുദായാം
ഗവും) അംഗങ്ങളായിരുന്നല്ലോ.

നൂറുവര്‍ഷത്തിനുശേഷം നമുക്ക് ജാതിയില്ല എന്ന ഗുരുവചനം പൊക്കിപ്പിടിച്ചുകൊണ്ടു വരുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഭരണഘടനാവകാശങ്ങള്‍ തട്ടിപ്പറിച്ചെടുക്കുന്നതിനു വേണ്ടിയാണ്. ഈ വചനത്തിന്റെ ഇന്നത്തെ പ്രണേതാക്കള്‍ ജാതിപരമായി അവരുടെ പേരിനോടൊപ്പമുള്ള ജാതിപ്പേരും കുലനാമവും വെട്ടിക്കളഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ? മത്സരിക്കില്ല. ജാതിയും മതവും പ്രദേശവും നോക്കിയാണ് എല്ലാ പ്രമുഖ രാഷ്ട്രീയനേതാക്കന്മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജാതിയും മതവും അവരുടെ പ്രാണനാണ്. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലെ പുരോഗമനപരമായി ചിന്തിക്കുന്ന നേതാക്കന്മാര്‍ നമുക്ക് ജാതിയില്ല എന്ന ജല്പനം നിര്‍ത്തണമെന്ന് പുരോഗമനം കുറവായതുകൊണ്ട് പറയുകയാണ്, ഞങ്ങള്‍ക്ക് ജാതിയുണ്ട്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ