"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, മേയ് 20, ഞായറാഴ്‌ച

നാം കുടിയേറ്റക്കാരോ ? - ഐ ശാന്തകുമാര്‍ഈ ലേഖന പരമ്പരയ്ക്ക് ആധാരം അമേരിക്കയിലെ നാസ ശാസ്ത്രജ്ഞനായ ഡോ. ഹമീദ്ഖാന്റെ ആരാണ് ഇന്ത്യാക്കാര്‍? എന്ന പ്രബന്ധമാണ്.

അമേരിക്കന്‍ സയന്‍സ് അഡൈ്വസറി ഗ്രൂപ്പ് അംഗമായ ഇദ്ദേഹം എഴുത്തുകാരനെന്ന നിലയിലും പേരെടുത്ത വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ നിരവധി ശാസ്ത്രലേഖനങ്ങളെ ക്രോഡീകരിച്ച് എന്‍.ആര്‍.എസ്. ബാബു രണ്ടു പുസ്തകങ്ങള്‍ ഡി.സി.ബുക്‌സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ?' 'വരികയാണോ ഹിമയുഗം' എന്നിവയാണ് പുസ്തകങ്ങള്‍.

ഭൂമിയേയും, മനുഷ്യോല്പത്തിയെയും, മറ്റ് അനേകം ശാസ്ത്ര സത്യങ്ങളെയും ഇത്ര ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകങ്ങള്‍ ശാസ്ത്രകുതുകികള്‍ക്ക് അമൃതാണ്.

ലോകത്ത് എവിടെ ചെന്നാലും ഇന്ത്യാക്കാരനെ കാണാം. ചന്ദ്രനിലും ചൊവ്വയിലും മലയാളി തട്ടുകട തുടങ്ങി എന്നതും മറ്റൊരു വിസ്മയകരമായ തമാശയാണെങ്കിലും മറ്റൊരു ശാസ്ത്ര സത്യത്തെ ഇത് വെളിപ്പെടുത്തുന്നു. ഇന്ത്യാക്കാര്‍ക്ക് ഏതു കാലാവസ്ഥയേയും തരണം ചെയ്തു ജീവിക്കുന്നതിന് ലഭിച്ച ജനിതകമായ സവിശേഷതയാണ് ഇതിനു കാരണം. ഈ സവിശേഷത നമുക്ക് എവിടെ നിന്നു കിട്ടി? എങ്ങനെ കിട്ടി?

ഇന്നേവരെയുള്ള പുരാവസ്തു രേഖകളും തെളിവുകളും റേഡിയോ ആക്ടീവ് കാലനിര്‍ണ്ണയം വഴിയും ജനിതകമായും ശാസ്ത്രീയ പഠനം നടത്തിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. നാം ഇന്ത്യയില്‍ തന്നെ ജനിച്ചവരല്ല എന്ന സത്യം. നമ്മുടെ പൂര്‍വ്വികര്‍ മറ്റെവിടെ നിന്നോ ഇവിടെ കുടിയേറിയവരാണ്. എങ്കില്‍ അത് എവിടെ നിന്ന്? സംശയമില്ല. അത് ആഫ്രിക്കയില്‍ നിന്നും തന്നെ.

ജര്‍മനിയിലെ നിയാണ്ടര്‍ താഴ്‌വരയില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍ പരിശോധിച്ചതില്‍ നിന്നും ഒരു സത്യം കണ്ടെത്തി; അവരുടെ പിന്‍തലമുറക്കാരല്ല ഇന്ത്യാക്കാര്‍. അവരല്ല ഇന്ത്യയിലേക്ക് വന്നത്. പിന്നെയാര്? ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ ഫോസിലുകള്‍ ശാസ്ത്രീയ പഠനം നടത്തിയപ്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ ക്രോമാഗ്നന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് എന്നു തെളിഞ്ഞു.

നിയാണ്ടര്‍താള്‍: 1857-ല്‍ ജര്‍മനിയിലെ മിറ്റ്മാന്‍ റോക്ക് താഴ്‌വരയില്‍ നിന്നും ചുണ്ണാമ്പ്കല്ല് വെട്ടുന്ന വേളയില്‍ 66000 വര്‍ഷം പഴക്കമുള്ള അസ്ഥികള്‍ കണ്ടെത്തി. ഈ താഴ്‌വരയ്ക്ക് അവിടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജോക്കിം നിയാണ്ടര്‍താള്‍ എന്ന പാതിരിയുടെ പേര് നല്‍കി. ആ പേരു തന്നെ മുതുമുത്തച്ഛന് നല്‍കി. അങ്ങനെ നിയാണ്ടര്‍താള്‍ മനുഷ്യരായി.

ക്രോമാഗ്നന്‍: ഫ്രാന്‍സിലെ ക്രോമാഗ്നന്‍ എന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ അസ്ഥിപഞ്ജരത്തിന് ക്രോമാഗ്നന്‍ എന്ന പേര് നല്‍കി. അവര്‍ പരിഷ്‌കൃതരായിരുന്നു. ഗുഹാ ചുമരുകളില്‍ അവര്‍ വേട്ടയാടിയ മൃഗങ്ങളുടെ ചിത്രം കൊത്തിവച്ചിട്ടുണ്ട്. അതു മാത്രവുമല്ല ആ മൃഗങ്ങളെ കണ്ടെത്തിയ റൂട്ടുകളും ടാലിമാര്‍ക്കുകളും അടയാളപ്പെടുത്തിയിട്ടുമുണ്ട്. ക്രോമാഗ്നന്‍ വിഭാഗത്തില്‍പ്പെട്ട മുത്തച്ഛന്മാര്‍ ഫ്രാന്‍സില്‍ എത്തിയപ്പോള്‍ അല്‍പം പരിഷ്‌കൃതരായിരുന്നു. കാരണം അങ്ങ് എത്യോപ്യയിലെ ഹഗ്ഗര്‍ താഴ്‌വരയില്‍ നിന്നും നടന്നുനടന്ന് ഫ്രാന്‍സുവരെ എത്തിയപ്പോള്‍ പലതും നേരിട്ട് അഭ്യസിച്ചു. അങ്ങനെ അല്‍പം പരിഷ്‌കൃതരായി.

ക്രോമാഗ്നന്‍ വിഭാഗക്കാരാണ് ഇന്ത്യയില്‍ കുടിയേറിയവര്‍. അവര്‍ ഫ്രാന്‍സില്‍ നിന്നുമല്ല കുടിയേറിയത്. പിന്നെയോ, അവര്‍ നേരിട്ട് ആഫ്രിക്കയില്‍ നിന്നും തന്നെ. തീരദേശപാതകള്‍ വഴി അവര്‍ ഇന്ത്യയിലെത്തി. ശ്രീലങ്കയിലെ ഗുഹകളില്‍ നിന്നും കണ്ടെത്തിയ ഫോസിലുകള്‍ ഈ വാദഗതിയെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ന്യായീകരിക്കുന്നു. ഇന്ത്യയും, ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന കരയുണ്ടായിരുന്നിരിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ട വൈവിധ്യമാര്‍ന്ന ജീനുകളുടെ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് ആധുനിക ഇന്ത്യാക്കാര്‍. ഈ ജീന്‍ വൈവിധ്യങ്ങള്‍, നമ്മുടേത് ഒരു കുടിയേറ്റക്കാരുടെ രാജ്യമാണ് എന്ന് തീര്‍ച്ചപ്പെടുത്തുന്നു. അഭിലഷണീയമായ കാലാവസ്ഥ ഇന്ത്യയെ കുടിയേറ്റക്കാരായ ആധുനിക മനുഷ്യരുടെ സ്വര്‍ഗ്ഗമാക്കിത്തീര്‍ത്തു. വിവിധ വിഭാഗക്കാരുടെ മിശ്രണം ഇന്ത്യയില്‍ വലിയ ജനിതക വൈവിധ്യങ്ങള്‍ക്ക് വഴിവെച്ചു. തത്ഫലമായി ഉന്നതമായ ബുദ്ധിനിലവാരവും ചെറിയ തോതില്‍ ജനിതകരോഗങ്ങളുമുള്ള ഒരു ജനതയായി അവര്‍മാറി. പ്രബുദ്ധതയുടെ അരുണോദയം മുതല്‍ ഇന്ത്യാക്കാരായ നാം അത്ഭുതപ്പെടുകയാണ്. ആരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍? നാം ഇവിടെ തന്നെ ഉള്ളവരാണ് എന്ന് നമ്മോടു പറയുന്നതാണ് അധികം കഥകള്‍.

ഉല്‍പ്പത്തി സംബന്ധമായ ഒട്ടനവധി ഐതിഹ്യങ്ങളും ഇന്ത്യയിലെ നമ്മുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള രസകരമായ കഥകളും നാം കേട്ടിരിക്കുന്നു. പ്രസിദ്ധമായ ഒരു പഴയ കഥയാണിത്; ചരിത്രാതീതകാലം മുതല്‍ക്ക് ഈജിപ്ഷ്യന്‍ നാഗരികതയോളം പഴക്കമുള്ള ഒരു നാഗരികത സിന്ധു നദിയുടെ ഇരു കരകൡും ഉണ്ടായിരുന്നു. ആ ജനത ഇന്ത്യാക്കാരെന്ന് അറിയപ്പെട്ടു. മറ്റു ചിലരുടെ ചിന്തയാകട്ടെ ദൈവം ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും ദൈവം നമ്മളെ ഇവിടെത്തന്നെ സൃഷ്ടിച്ചുവെന്നുമാണ്; ഗംഗാനദിയുടെ ഉറവിടത്തില്‍ നിന്ന് രണ്ടുതരം ജനതയെ ദൈവം ഇന്ത്യയില്‍ സൃഷ്ടിച്ചു - പര്‍വതവാസികള്‍ അനാര്യന്മാരും താഴ്‌വാര നിവാസികള്‍ ആര്യന്മാരും. നമ്മുടെ പ്രധാന മതം ജാതി വ്യവസ്ഥയിലധിഷ്ഠിതമാണ് എന്ന കാരണത്താല്‍ ചിലര്‍ ചിന്തിച്ചത് മേല്‍ജാതിക്കാര്‍ ഭരണവര്‍ഗ്ഗക്കാരെന്നും ഭരിക്കാനായി ദൈവം അവരെ ആദ്യം സൃഷ്ടിച്ചുവെന്നും, താണ ജാതിക്കാര്‍ ഭരിക്കപ്പെടാനായി പിന്നീട് സൃഷ്ടിക്കപ്പെട്ടു എന്നുമാണ്. മറ്റു ചിലരുടെ കണ്ടെത്തലാകട്ടെ, മധ്യേഷ്യയില്‍ നിന്നുള്ള ആക്രമണകാരികളായ ആര്യന്മാര്‍ ഇന്ത്യയിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ കയ്യടക്കിയെന്നാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഉപഭൂഖണ്ഡത്തിലെ നമ്മുടെ ആവിര്‍ഭാവത്തെ പിന്തുണയ്ക്കുന്നതായി കാര്യമായെന്തെങ്കിലും ഈ കഥകളെക്കുറിച്ച് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. അവ കഥകള്‍ മാത്രമാണെന്നു മാത്രമല്ല, മറിച്ച് അവ സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമാണ്. എന്നാല്‍ ജനിതക വിപ്ലവമെന്ന് വിളിക്കുന്ന ശാസ്ത്രത്തിലെ പുതിയ വിപ്ലവത്തില്‍ നിന്നും ശാസ്ത്രീയമായ ഉത്തരംനമുക്ക് ലഭിച്ചിട്ടുണ്ട്. കവാലിസ്‌ഫോര്‍സയുടെയും, സ്‌പെന്‍സര്‍ വെല്‍സിന്റെയും (Journey of Man) പഠനങ്ങള്‍ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചും ഇന്ത്യയടക്കം ലോകം മുഴുവന്‍ ആഫ്രിക്കയില്‍ നിന്നുണ്ടായിട്ടുള്ള കുടിയേറ്റ മാര്‍ഗങ്ങളെക്കുറിച്ചും അനിഷേധ്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്.

(യുക്തിരേഖ, 2010 മെയ് )
പുസ്തകത്തിന്റെ കിന്റില്‍ വെര്‍ഷന്‍ വാങ്ങുന്നതിന് ക്ലിക് ചെയ്യുക!