"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 22, ഞായറാഴ്‌ച

പുസ്തകം: ഭൂമിയുടെ കാവല്‍ക്കാരന്‍ - ഐ ശാന്തകുമാര്‍


ആമുഖം


ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് ആള്‍ ദൈവങ്ങളെ ഉണ്ടാക്കി, മനുഷ്യന്റെ ആത്മീയപരിവേഷങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ സൃഷ്ടിച്ച്, ശാസ്ത്രീയ അവബോധ ങ്ങള്‍ക്ക് വൈകൃതങ്ങളുടെ മേലങ്കി അണിയിക്കുന്ന പ്രവണത ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ക്രിയാത്മക മാനവികതയ്ക്കു പകരം ഭീകരാത്മക അമാനവികതയ്ക്ക് അത് വളംവെയ്ക്കുന്നു. നമ്മുടെ ജൈവധൈഷണികതയും നൈസര്‍ ഗികതയും അന്വേഷണപരതയും ഉള്‍ക്കൊണ്ട കാലഗമനത്തിന്റെ അനുസ്യൂത പ്രയാണത്തെ മുന്നോട്ടു നയിക്കേണ്ടത് മാനവ ധര്‍മ്മമാണ്. അസത്യങ്ങളുടെ ധൂമകൂപങ്ങളില്‍നിന്നും സത്യത്തെ പ്രകാശപൂരിതമാക്കാനുള്ള എളിയ ശ്രമമാണീ പുസ്തകം.


അതിവേഗം അറിവിന്റെ ചക്രവാളങ്ങളെ കീഴടക്കി മുന്നേറി ക്കൊണ്ടിരിക്കുന്ന നമ്മുടെ ശാസ്ത്രം അതിനൂതന സമസ്യ കള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജിജ്ഞാസ ഗോളാന്തര, നക്ഷത്രാന്തര അതിര്‍വരമ്പുകള്‍ കടന്നുപൊയ് ക്കൊണ്ടിരിക്കുന്നു. അന്യഗ്രഹങ്ങള്‍ (exoplanet) തേടിയുള്ള നീണ്ട യാനങ്ങള്‍ നമ്മുടെ മുന്‍ഗാമികളെയോ പിന്‍ഗാമികളെയോ (aliens) കണ്ടെത്താനുള്ള തത്രപ്പാടിലാണ്. ആ മഹാപ്രയാണ ത്തില്‍ മതത്തിന്റെയും ദുരാചാരങ്ങളുടെയും കപടവിശ്വാസ ങ്ങളുടെയും ചീട്ടുകൊട്ടാരങ്ങള്‍ തകിടം മറിഞ്ഞുകൊണ്ടി രിക്കുന്നു. സൃഷ്ടിയുടെ (Intelligent design) പൈതൃകാവകാശം നേടി അഭൗമ പ്രതിഭാസത്തിന്റെ ഉടമകളെന്ന് അവകാശപ്പെടു ന്നദൈവപുത്രന്മാര്‍ ഭൂമിയുടെയോ പ്രപഞ്ചത്തിന്റെയോ, എന്തിന് അയല്‍പക്കത്തെ രാജ്യത്തെയോ, അവര്‍ ഇരുന്നിരുന്ന മണ്ണിനടിയിലെ നിക്ഷേപത്തെയോപറ്റി പോലും തീര്‍ത്തും അജ്ഞരായിരുന്നു എന്ന സത്യം നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും അവരെ ഇന്നും മഹനീയമായി നിലനിര്‍ത്തുന്നു! മതത്തെയും വിശ്വാസങ്ങളെയും കച്ചവടവല്‍ക്കരിച്ച് പുതിയ ആഡംബര ആത്മീയ സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്നു.

അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഓരോ ദിവസവും നാം പുത്തനറിവുകള്‍ക്ക് കളം വരച്ചുകൊണ്ടിരിക്കുന്നു. മഹാ വിസ്‌ഫോടനം (Big Bang) എന്ന പ്രപഞ്ചോത്പ ത്തിയുടെ പ്രിമോര്‍ഡിയല്‍ ഗ്രാവിറ്റേഷന്‍ തരംഗങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം 17-03-2014-ല്‍ ഭൂമിയിലും എത്തിയിരി ക്കുന്നു. അതുവച്ച് കാലഗണനകളും നടത്തിയിരിക്കുന്നു. 

അന്തരിച്ച പ്ലാനിറ്ററി ശാസ്ത്രജ്ഞനായ കാള്‍ സാഗന്‍ 1974-ല്‍ പ്രപഞ്ചരഹസ്യങ്ങള്‍ തേടി ഭൂമിയില്‍ നിന്നും അയച്ച ഒരു സന്ദേശത്തിന് 2001-ല്‍ മറുപടി ലഭിച്ചിരിക്കുന്നു! ഇത് നിസ്സംശയമായും മനുഷ്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. നമ്മെക്കാളും ബൗദ്ധികവികാസം പ്രാപിച്ച അന്യഗ്രഹ ജീവികളാകാം അതിന്റെ സ്വീകര്‍ത്താക്കള്‍. നമുക്ക് ലഭിച്ച മറുപടിസന്ദേശത്തെ ഡീകോഡ് ചെയ്ത് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുകയാണ് ശാസ്ത്രലോകം. അത് മറ്ററിവുകളുടെ വിസ്‌ഫോടന കരമായ തുടക്കമായിരിക്കും. ഇരുപത് വര്‍ഷത്തിനകം നാം അന്യഗ്രഹ ജീവികളായ നമ്മുടെ സഹജീവികളെ കണ്ടെത്തുമെന്നാണ് നാസ (NASA) പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ഗോളങ്ങളില്‍ നിന്നും ഭൂമി സന്ദര്‍ശിക്കാന്‍ അന്യഗ്രഹജീവികള്‍ എത്തുന്നു എന്നത് ഒരു വസ്തുതയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. UFO (Unidentified flying objects) കണ്ടെത്തിയതായി വൈമാനി കരും ബഹിരാകാശ സഞ്ചാരികളും പറയുന്നു. അവര്‍ ഇവിടെ താമസിച്ചിരുന്നതായും വന്‍ നിര്‍മ്മിതികള്‍ നടത്തിയിരുന്നതായും പലരും അഭിപ്രായപ്പെടുന്നു. ഇന്ന് പശ്ചിമേഷ്യയിലും മറ്റുംകാണുന്ന അത്ഭുതകരമായ, ആധുനിക മനുഷ്യനു സങ്കല്പി ക്കാനാവാത്ത കൂറ്റന്‍ കല്‍നിര്‍മിതികള്‍ അവര്‍ നിര്‍മ്മിച്ചിരുന്നു വെന്നാണ് പലരുടെയും നിഗമനം. ലെബനോനിലെ ബാല്‍ബെക് എന്ന പുരാതന ക്ഷേത്രനഗരത്തിലാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയതും, ഒറ്റക്കല്ലില്‍നിന്നും കൊത്തിയെടുത്തതുമായ കല്‍ത്തൂണ്‍ കാണപ്പെടുന്നത്. 1650 ടണ്ണാണ് ഇതിന്റെ ഭാരം. 

മരണം ശരീരത്തിലേയ്ക്കു പ്രവേശിച്ചിട്ടും അതിന് കീഴടങ്ങാത്ത തലച്ചോറുമായി ജീവിക്കുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് പറയുന്നു: ''ഗണിത ശാസ്ത്രപരമായ എന്റെ മസ്തിഷ്‌ക്കത്തിലെ അക്കങ്ങള്‍ക്കു മാത്രമേ അന്യഗ്രഹജീവികള്‍ പൂര്‍ണമായും യുക്തിസഹമെന്നു ചിന്തിക്കാന്‍ പറ്റുകയുള്ളു. അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിക്കുകയാണെങ്കില്‍ പലരും പ്രതീക്ഷിക്കുന്നതു പോലെ അതിന്റെ അനന്തരഫലം ഒരിക്കലും നമുക്ക് ഗുണകര മായിരിക്കില്ല. അന്യഗ്രഹജീവികള്‍ നമ്മെ കീഴടക്കിയില്ലെങ്കിലും ഒരു പരിഷ്‌കൃത അന്യജീവിസംസ്‌കാരം നമ്മെ കീഴടക്കി യേക്കാം. അവര്‍ ഭൂമി സന്ദര്‍ശിക്കുകയാണെങ്കില്‍ അതിന്റെ പരിണതഫലം അമേരിക്കയില്‍ കൊളംബസ് കാലുകുത്തി യതുമൂലം അവിടത്തെ റെഡ് ഇന്ത്യന്‍സ് അനുഭവിച്ച ദുരന്തങ്ങള്‍ പോലെയായിരിക്കും.'' ഡോ. കാക്കു എന്ന മറ്റൊരു പ്രശസ്ത ശാസ്ത്രജ്ഞന്‍ പറയുന്നു: ''അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വരുന്നതിനെയോ നമ്മെ ആക്രമിച്ചു കീഴടക്കുന്നതിനെയോ പറ്റി മനുഷ്യരാശി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. അവര്‍ നമ്മുടെ ചെറുഗ്രഹത്തെ ആക്രമിക്കുകയാണെങ്കില്‍ നമ്മേക്കാളും കോടിക്ക ണക്കിന് വര്‍ഷത്തെ ശാസ്ത്രപുരോഗതി കൈവരിച്ച അവര്‍ക്ക് നമ്മെ നിമിഷങ്ങള്‍ ക്കകം ഭൂമിയില്‍ നിന്ന് നിഷ്‌കാസി തരാക്കാന്‍ സാധിച്ചേക്കും.'' മലയാളികളുടെ അഭിമാനവും തിരുവനന്തപുരം സ്വദേശിയുമായ ഡോ. താണു പത്മനാഭന്‍ പറയുന്നു: ''സൗരയൂഥം നിലകൊള്ളുന്ന ക്ഷീരപഥ നക്ഷത്ര സമൂഹത്തില്‍ തന്നെ ഇരുനൂറോളം ഗ്രഹങ്ങള്‍ ഭൂമി എന്നപോലെ ജീവന്‍ നിലനിര്‍ത്താന്‍ അനുയോജ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണം വികാസം പ്രാപിച്ചിട്ട് മുപ്പതുകൊല്ലമേ ആകുന്നുള്ളൂ, മനുഷ്യന്‍ പിറന്നിട്ട് സഹസ്രാബ്ദങ്ങള്‍ ആയെങ്കിലും. ഇനി അയ്യായിരം വര്‍ഷം കൂടെ മനുഷ്യന്‍ ഭൂമിയിലുണ്ടാകുമെന്ന് തീര്‍ത്തു പറയാനും വയ്യ''. അദ്ദേഹം തുടരുന്നു: ''പ്രപഞ്ചത്തിന്റെ ഉല്പത്തി ചര്‍ച്ചചെയ്യാന്‍ ദൈവമോ മറ്റുപാധികളോ ആവശ്യമില്ല. വെള്ളംചൂടാക്കിയാല്‍ നീരാവിയാകും. അതിന് ദൈവത്തെ വിളിക്കേണ്ടതില്ല.''

ഇനി കാറല്ല ഓടുന്നത്, മറിച്ച് റോഡായിരിക്കും ഓടുന്നത്. പെട്രോളും വേണ്ടിവരില്ല. പത്തും പതിനെട്ടും മണിക്കൂറുകള്‍ സഞ്ചരിച്ച് മറ്റു രാജ്യങ്ങളിലേക്കുള്ള നീണ്ട യാത്രകള്‍ക്ക് ഇനി മിനിട്ടുകള്‍ മാത്രം മതിയാകും - സ്‌പെയ്‌സില്‍ കയറിയുള്ള യാത്ര.

അത്യത്ഭുതകരമായ ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. ആ അത്ഭുതങ്ങളെ കണ്ടെത്തുന്നതോ അന്‍പത് ലക്ഷത്തോളം വരുന്ന ഭൂമിയിലെ മറ്റു ജീവികളില്‍ കൂടെയല്ല; മറിച്ച് ഒരൊറ്റ ജീവിയില്‍കൂടെ മാത്രമാണല്ലോ - ഇടതടവില്ലാതെ ഏഴുലിറ്റര്‍ രക്തം പമ്പു ചെയ്യുന്ന ഒരു ഹൃദയവും ഒന്നരക്കിലോ ഭാരമുള്ള തലച്ചോറുംകൊണ്ട് നിയന്ത്രിച്ച് ഒരു നിമിഷത്തില്‍ പതിനായിരം കെമിക്കല്‍ പ്രതിപ്രവര്‍ത്തനങ്ങളും, ഒരു ദിവസം അന്‍പതിനായിരം ചിന്തകളും കൊണ്ട് സംഭവ ബഹുലമായ ഒരു ജൈവരൂപത്തിന്റെ ഉടമയായ മനുഷ്യനില്‍ കൂടെയാണ്. ഒരളവുകോലു കൊണ്ടും നിര്‍ണയിക്കാന്‍ പറ്റാത്ത പ്രത്യുല്പാദനശേഷിയുള്ള ജൈവവിഭവത്തിന്റെ ഉടമയായ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നിഗൂഢ ജൈവയന്ത്രം (Enigmatic organic machine) തന്നെ. ആ ഉടലിന്റെ നിഗൂഢതകളെപ്പറ്റിയോ അത്ഭുതങ്ങളെപ്പറ്റിയോ പറയാന്‍ ഒരായിരം നാവുകളാണ്. അതിലൊന്നിനെപ്പറ്റി പറയാം - നമ്മുടെ രണ്ടു കണ്ണുകളും അത്ഭുതങ്ങളാണല്ലോ. അവ രണ്ടും ക്രമപ്പെടുത്തിയിരിക്കുന്നത് 130 മില്യന്‍ (13 കോടി) ഫോട്ടോ റിസപ്റ്റര്‍ സെല്ലുകള്‍ കൊണ്ടാണ്. ആ ഓരോ സെല്ലിലും നൂറ് ട്രില്യണ്‍ അണുക്കള്‍ (ആറ്റം) ഉണ്ടെന്നാണ്. (ഒരു ട്രില്യന്‍ = ഒരു ലക്ഷം കോടി; -അതായത് ഒന്നും പന്ത്രണ്ട് പൂജ്യവും) മൊത്തം 26 x 1021 അണുക്കള്‍ നമ്മുടെ കണ്ണില്‍ പ്രവര്‍ത്തിക്കുന്നു എന്നര്‍ത്ഥം. അതായത് 26 നോട് 21 പൂജ്യം ചേര്‍ക്കുമ്പോഴുണ്ടാവുന്ന സംഖ്യ. അത് നമ്മുടെ ക്ഷീരപഥമെന്ന ഗ്യാലക്‌സിയിലെ എല്ലാ നക്ഷത്രങ്ങളിലുമുള്ള (പതിനായിരം കോടി നക്ഷത്രങ്ങള്‍) അണുക്കളെക്കാളും കൂടുതലാണ്! ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ ഞെട്ടാതിരിക്കും. കണക്കുകൂട്ടലുകളുടെ അന്ത്യത്തിന് അതിര്‍വരമ്പുകളില്ലാതാവുന്ന കാഴ്ച! നമുക്കു മുന്‍പില്‍ കാണുന്ന അത്ഭുതങ്ങളേക്കാളും നമ്മിലെ അത്ഭുതങ്ങളി ലേക്കുതന്നെ വീണ്ടും തിരിയാം.

ഇനി നമ്മുടെ ആമാശയം. അതുപോലൊരു പരീക്ഷണ ശാല ലോകത്തൊരിടത്തുമില്ല. ആര്‍ക്കുമുണ്ടാക്കാനും സാധ്യമല്ല. ഇങ്ങനെ അസാധ്യങ്ങളുടെ സാധ്യരൂപമായ ഈ പരിപാവന മായ മനുഷ്യശരീരത്തെ വെട്ടിമുറിച്ചും കുത്തിക്കീറിയും ചുട്ടും കരിച്ചും നശിപ്പിക്കുന്നത് എന്തിനുവേണ്ടി? നമുക്കു സ്വാഭാവി കമായ നാശം ഈ പ്രപഞ്ചത്തില്‍ തന്നെയുണ്ട്. പിന്നെയെന്തിന് നാം സ്വയം നശിക്കണം? ആ പ്രാപഞ്ചിക നാശത്തിനു മുമ്പ് നമുക്ക് മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറാം. അതിനുവേണ്ടി നമുക്ക് ശാസ്ത്രത്തെ പാലൂട്ടി വളര്‍ത്താം.

ഒരു യുക്ത്യാധിഷ്ഠിത, ശാസ്ത്രാധിഷ്ഠിത ലേഖന സമാഹാരമാണീ പുസ്തകം. ഈ അത്യന്താധുനിക ലോകത്ത് ശാസ്ത്രത്തെ മറന്നുകൊണ്ട് മനുഷ്യന് ഒരു നിമിഷം പോലും കഴിഞ്ഞുകൂടാന്‍ സാധ്യമല്ല. ആ ശാസ്ത്രവലയത്തില്‍ നിന്നുകൊണ്ട് എന്റെ സ്മൃതിപഥത്തിലൂടെ കടന്നുപോയ ചില ഫ്‌ളാഷ്ബാക്കുകളാണ് ഇതിലെ വിഷയങ്ങള്‍.

ഇതെന്റെ മൂന്നാമത്തെ പുസ്തകമാണ്. ഇതു പ്രസിദ്ധീകരി ക്കുന്നതിനു വേണ്ടി എന്നോടൊപ്പം പ്രവര്‍ത്തിച്ച ശ്രീ. എല്‍. രാജന്‍, ശ്രീ. ഡി. മോഹന്‍ദാസ്, ശ്രീ. ജി. സിദ്ധാര്‍ത്ഥന്‍ എന്നിവരോട് ഞാന്‍ സര്‍വാത്മനാ കടപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ അച്ചടിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുംചെയ്തുതന്ന, ഗവ: പ്രസ്സുകളുടെ മുന്‍ സൂപ്രണ്ട് ശ്രീ. മണിലാല്‍ എന്റെ ശാസ്ത്രചിന്തയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഞങ്ങളുടെ നീണ്ട ചര്‍ച്ചകള്‍ക്കിടയില്‍ N.R.S. ബാബു എന്ന പ്രതിഭാധനന്‍ ഒളിഞ്ഞും, തെളിഞ്ഞും കടന്നുവരാറുണ്ട്. വീട്ടുജോലി ത്തിരക്കിനിടയിലും സമയം കണ്ടെത്തി, എന്റെ മറ്റു രണ്ടു പുസ്തകങ്ങള്‍ക്കെന്ന പോലെ ഈ പുസ്തകത്തിന്റെ നിര്‍മ്മി തിക്കും കരുത്തേകിയ സഹധര്‍മ്മിണി എസ്സ്. എം. ജയകുമാരി യോടുള്ള സ്‌നേഹാദരങ്ങള്‍ ഊഷ്മളമാണ്. ശാസ്ത്രീയതയ്ക്കു വേണ്ടിയുള്ള ഈ എളിയ സംരംഭം കലുഷിതമായ ഇന്നത്തെ ലോകത്തിലെ വൈരങ്ങള്‍ക്ക് അയവ് വരുത്താന്‍ ഉതകുംവിധം ആരിലെങ്കിലും ഒരു ചലനം സൃഷ്ടിക്കുമെങ്കില്‍ ഞാന്‍ സംതൃപ്തനായി. അത്തരത്തിലുള്ള ഒരു അവബോധം സൃഷ്ടിക്കാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത്.


ഈ പുസ്തകം പ്രപഞ്ചോല്‍പത്തി മുതല്‍ക്കുള്ള ചരിത്രത്തിന്റെ കാലഗണനകള്‍ കൂടെ വായനക്കാര്‍ക്ക് നല്കുന്നു. വിനയപൂര്‍വ്വം,

ഐ. ശാന്തകുമാര്‍
'അഖിലം' 
വഴുതക്കാട്, തിരുവനന്തപുരം
21-03-2017
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ