"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ചൊവ്വ, മംഗള്‍യാന്‍, അന്ധവിശ്വാസം - ഐ ശാന്തകുമാര്‍2013 നവംബര്‍ 5-ാം തീയതി ഇന്ത്യ, ഗോളാന്തര യാത്രയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മംഗള്‍യാന്‍ എന്ന പേടകത്തെ ചൊവ്വയിലേക്ക് പായിച്ചു. 450 കോടി രൂപ മുടക്കി 15 മാസം കൊണ്ടാണ് മംഗള്‍ യാന്‍ പദ്ധതി പൂര്‍ത്തീകരിച്ച് വിക്ഷേപണം നടത്തിയത്. ഏതാണ്ട് 40 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 300 ദിവസം കൊണ്ട് ഇന്ത്യന്‍ നിര്‍മ്മിതമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. 377 കിലോമീറ്റര്‍ ഉയരത്തില്‍ ചൊവ്വയെ ഭ്രമണം ചെയ്ത് മീഥെയ്ന്‍ ഉണ്ടോയെന്ന് പരിശോധിക്കലാണ് മുഖ്യലക്ഷ്യം. ഉണ്ടെന്ന് തെളിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കുന്നതിന് വേണ്ട കാലാവസ്ഥ ചൊവ്വയിലുണ്ടെന്ന് സമര്‍ത്ഥിക്കാം. രണ്ടാമത്തെ ലക്ഷ്യം ചൊവ്വയില്‍ ധാതുലവണങ്ങള്‍ ലഭ്യമാണോ എന്ന അന്വേഷണം. അതനുസരിച്ചുള്ള ഒരു മാപ്പു Map കൂടെ തയ്യാറാക്കലാണ് അടുത്ത ലക്ഷ്യം.

ചൊവ്വ ഒരു പാപ ഗ്രഹമാണ്; യുദ്ധത്തിന്റെ ദേവനാണ്, മനുഷ്യനെ ഉപദ്രവിക്കുന്ന ഗ്രഹമാണ്. ചൊവ്വാദോഷം ചുമത്തി വിവാഹങ്ങള്‍ പോലും വഴിമുടക്കുന്നു. ഇതൊക്കെ ഇന്ത്യന്‍ ചൊവ്വാദോഷങ്ങള്‍. നമ്മുടെ സൗരയൂഥത്തിലെ ഭൂമി കഴിഞ്ഞാല്‍ അല്പമെങ്കിലും ജീവിക്കാന്‍ സൗകര്യമുള്ള ഗ്രഹം. സൗരയൂഥത്തിലെ രണ്ടാമത്തെ ചെറുഗ്രഹം. Iron Oxide-ന്റെ സാന്നിദ്ധ്യം കൊണ്ട് ചുവപ്പു നിറം പേറുന്ന ഗ്രഹം. ഭൂമിയില്‍ നിന്നും ശരാശരി 54 കോടി കിലോമീറ്റര്‍ അകലെ. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ സാന്നിദ്ധ്യം. ഭൂമിയുടെ 1/150 ഉപരിതല മര്‍ദ്ദം. ഒരു ദിവസം (Martian Sol) 24 മണിക്കൂര്‍ 37 മിനിട്ട്. ഒരു വര്‍ഷം 687 ഭൗമദിനം. ഭൂമിയുടെ 1/3 ആകര്‍ഷണശക്തി. 6794 കി.മീ. വ്യാസം, രണ്ടു ചന്ദ്രന്മാര്‍, Deimos, Phobes എന്നിവ. രണ്ടും ചൊവ്വയെ എതിര്‍ദിശയില്‍ വലംവയ്ക്കുന്നു. 15 കി.മീറ്റര്‍ നീളമുള്ള ഡൈമോസ് ചൊവ്വയുടെ 2013 കി.മീ ഉയരത്തില്‍ 30 മണിക്കൂര്‍ കൊണ്ട് പ്രദക്ഷിണം വയ്ക്കുമ്പോള്‍ 27 കി.മി നീളമുള്ള Phobes ചൊവ്വയില്‍ നിന്നും 5973 കി.മി. ഉയരത്തില്‍ 8 മണിക്കൂര്‍ കൊണ്ട് പ്രദക്ഷിണം ചെയ്യുന്നു. ചൊവ്വയുടെ ഒരു ദിവസത്തില്‍ ഇത് രണ്ടുതവണ ഉദിക്കുകയും രണ്ടുതവണ അസ്തമിക്കുകയും ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്.

മംഗള്‍യാന്‍ ദൗത്യം ഇപ്പോള്‍തന്നെ വളരെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുന്നു. 450 കോടി രൂപ മുടക്കി 15 മാസം കൊണ്ട് ധൃതിപിടിച്ച് ഇത്തരം ഒരു സംരംഭത്തിന് തുനിയേണ്ടിയിരുന്നോ? കണക്കുകൂട്ടലുകള്‍ അല്പം ഒന്നു തെറ്റിയാല്‍ എല്ലാം അവതാളത്തിലാകും. ഇന്ത്യക്ക് ശൂന്യാകാശ പര്യവേക്ഷണത്തില്‍ താരതമ്യേന പരിമിതമായ അനുഭവങ്ങളേ ഉള്ളൂ. ഇതൊക്കെ ഇത്ര ദുര്‍ഘടം പിടിച്ച ഗോളാന്തര യാത്രയെ പ്രതികൂലമായി ബാധിക്കില്ലേ? ഇന്നേവരെ നടത്തിയിട്ടുള്ള എല്ലാ ചൊവ്വ പര്യവേക്ഷണങ്ങളിലും പകുതിയോളം വിജയം വരിച്ചിട്ടില്ല. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തോറ്റു പിന്മാറിയതാണ്. ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ പകുതിയോളം ജനങ്ങള്‍ നരകിക്കുമ്പോള്‍ ഇങ്ങനെയൊരു ദൗത്യം ഇപ്പോള്‍ വേണ്ടിയിരുന്നോ? 

ഇതില്‍ നിന്നെല്ലാം വിപരീതമാണ് മറ്റൊരു വിമര്‍ശനം. ISRO ചീഫ് ആയ ഡോ.രാധാകൃഷ്ണന്റെ അമിതമായ ദൈവഭക്തിയാണ് അത്. അദ്ദേഹത്തെ ചീഫ് ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം വാങ്ങിയത് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ്. കാരണം ഉത്തരവ് വന്നപ്പോള്‍ അദ്ദേഹം അമ്പലത്തില്‍ പൂജയിലായിരുന്നു. മംഗള്‍യാന്‍ ദൗത്യ വിജയത്തിന് അദ്ദേഹം എല്ലാ ദൈവങ്ങളേയും നെഞ്ചത്തടിച്ചു വിളിച്ചു. അതുമാത്രവുമല്ല, ചൊവ്വയുടെ ഒരു രൂപമുണ്ടാക്കി തിരുപ്പതി വെങ്കിടേശ്വര സന്നിധിയില്‍ പ്രതിഷ്ഠിച്ച് നെഞ്ചുരുകി കേണപേക്ഷിച്ചു, ഇതൊന്ന് വിജയിക്കണേയെന്ന്. ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ ഇത്തരം കോപ്രായങ്ങള്‍ വിരളമല്ലെന്ന് നമുക്കറിയാം. മന്ത്രിമാര്‍ തൊട്ട് ശാസ്ത്രജ്ഞന്മാര്‍ വരെ അമ്പലങ്ങളിലും, പള്ളികളിലും, മോസ്‌കുകളിലും കയറിയിറങ്ങുന്നത് ഒരു അത്ഭുത കാഴ്ചയല്ലല്ലോ. ശാസ്ത്ര രംഗത്ത് അത്യുന്നത പദവിയാണ് കടഞഛയ്ക്ക് ഉള്ളത്. അതിന്റെ മുഖ്യന്‍ തന്നെ തേങ്ങയടിച്ചും ദക്ഷിണയിട്ടും ശാസ്ത്രവിജയത്തിനുവേണ്ടി മുട്ടുകുത്തുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപഹാസ്യമാണ്; ഭരണഘടനാ വിരുദ്ധവും. ഇതൊക്കെ ആരോട് പറയാന്‍? ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് പോലും ജ്യോത്സ്യന്മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അഭിനന്ദനങ്ങള്‍ നല്‍കുന്നു. വേദിക് ജ്യോതിഷത്തില്‍ ബിരുദാനന്തര ബിരുദകോഴ്‌സുകള്‍ക്ക് യു.ജി.സി പോലും അംഗീകാരം നല്‍കിയിരിക്കുന്നു! കോടിക്കണക്കിന് രൂപ ഗ്രാന്റും നല്‍കുന്നു. രാഹുകാലം നോക്കി മുഹൂര്‍ത്തങ്ങള്‍ കണ്ടുപിടിച്ച് തേങ്ങയടിച്ച് റോക്കറ്റ് വിക്ഷേപണം നടത്തുന്നവര്‍ ക്രമേണ റോക്കറ്റ് വിക്ഷേപണത്തിന് മാത്രമുള്ള ദൈവത്തെയും കണ്ടുപിടിയ്ക്കും. ഇനി വേദിക് ശൂന്യാകാശ കോഴ്‌സുകള്‍ക്കും അംഗീകാരം നല്‍കും. എന്തൊരു അസംബന്ധമാണ് കാട്ടിക്കൂട്ടുന്നത്! മറ്റൊരു രാജ്യത്തും ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറുന്നില്ല. ശാസ്ത്ര സാങ്കേതിക രംഗത്ത് അവര്‍ നമ്മേക്കാളുമൊക്കെ എത്രയോ അകലെയാണ്. 24 മണിക്കൂറും ടി വി ചാനലുകള്‍ വഴി പ്രചരിപ്പിക്കുന്ന കെട്ടുകഥകള്‍ കാണുമ്പോള്‍ ഇന്ത്യ വീണ്ടും ഒരു ഭ്രാന്തന്‍ സംസ്‌കാരത്തിലേക്ക് പോകുകയല്ലേയെന്ന് തോന്നിപ്പോകും. ടി വി ചാനല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവരെല്ലാം ആദ്യം ദൈവത്തിന് നന്ദി പറയുന്നു. തോല്‍ക്കുന്നവര്‍ എന്തു പറയുമെന്ന് ഊഹിക്കാം. അവിടെയെല്ലാം അതിഥിയായിരിക്കുന്ന പുരോഗമനനേതാക്കള്‍ പോലും ഇതിനെതിരെ ഒരക്ഷരം ഉരിയാടാറില്ല. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അവരുടെ സ്ഥാനത്തിനോ പ്രശസ്തിക്കോ വല്ല നഷ്ടവും സംഭവിക്കുമോയെന്ന് ഭയന്നാണ്. 

വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. രാധാകൃഷ്ണന്‍ ഒരു നീണ്ട പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം സൗകര്യപൂര്‍വ്വം ക്ഷേത്രദര്‍ശനത്തെയും, തേങ്ങയടിയേയും പറ്റി മിണ്ടുന്നില്ല. യുക്തിവാദിസംഘടനകള്‍ ശക്തമായി തന്നെ ഈ അന്ധവിശ്വാസ പ്രചരണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്രനായക് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു, ''ഡോ. രാധാകൃഷ്ണന്‍, അദ്ദേഹത്തിന്റെ വ്യക്തിപരമായ രീതിയില്‍ ക്ഷേത്രത്തില്‍ പോകുന്നതിന് ഒരു തെറ്റുമില്ല. എന്നാല്‍ ISRO യുടെ ചെയര്‍മാനായി സ്വര്‍ഗ്ഗീയ സഹായത്തിനായി പോകുന്നത് അസംബന്ധമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ദൈവം പരിഹാരം നല്‍കുമെന്ന ഒരു തെറ്റായ സന്ദേശമാണ് ഇത് സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നത്.''

മംഗള്‍യാന്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് ISRO മുന്‍ ചീഫ് മാധവന്‍ നായരാണ്. ഇത്ര ധൃതിപിടിച്ച് ഇങ്ങനെ ഒരു സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടതില്‍ യാതൊരു ന്യായീകരണവുമില്ല പോലും! നാസയുടെ ക്യൂരിയോസിറ്റിയെന്ന പരീക്ഷണയന്ത്രം ചൊവ്വയില്‍ നിന്ന് കഴിഞ്ഞ 440-ല്‍ പരം ദിവസങ്ങള്‍കൊണ്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്. അതിനുപരിയായി ഇനി എന്തുനേടാനാണ്? ചൊവ്വാപര്യവേക്ഷണം നാസ തുടങ്ങിയത് 1976 മുതലാണ്. 1976 ജൂലൈ 20-ന് വൈക്കിംഗ് - 1 ചൊവ്വയുടെ ഉത്തരപ്രദേശത്ത് ഇറങ്ങുകയുണ്ടായി. 4.7.97ല്‍ Path finder ചൊവ്വയില്‍ ഇറങ്ങുകയുണ്ടായി. ഈ രണ്ടു ദൗത്യങ്ങള്‍ വഴി ചൊവ്വയുടെ നിഗൂഢതകള്‍ ധാരാളം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. നാസ 26.11.2011-ല്‍ നിക്ഷേപിച്ച ക്യൂരിയോസിറ്റി 56 കോടി കി.മീ. സഞ്ചരിച്ച് 26.08.2012-ല്‍ ചൊവ്വയുടെ gale crater എന്ന സ്ഥലത്തിറങ്ങി, അവിടെ ഇരുന്നുകൊണ്ട് പല പരീക്ഷണങ്ങളും നടത്തി ധാരാളം വിവരങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു. പ്രഥമ അന്വേഷണം, എപ്പോഴെങ്കിലും ചൊവ്വ ഗ്രഹത്തില്‍ ജീവന്‍ നിലനിന്നിരുന്നോ എന്നതാണ്. അത് കണ്ടെത്താന്‍ വേണ്ടി ചൊവ്വയുടെ പാറക്കഷണങ്ങളും, മണ്ണും പരിശോധിച്ചു വരുന്നു. അതിനുവേണ്ടിയുള്ള Sample Analysis at Mars (SAM) എന്ന ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന Gas chromato Graph, Mass Spectro Meter, Tunable Laser Spectro Meter എന്നിവയില്‍ കൂടെ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവും അതിശയിപ്പിക്കുന്ന ആദ്യ റിസല്‍ട്ട്, അവിടത്തെ മണ്ണില്‍ ഉയര്‍ന്ന ശതമാനത്തില്‍ കാണപ്പെട്ട ജലസാന്നിദ്ധ്യമാണ്. ചൊവ്വ പ്രതലത്തിലെ മണ്ണില്‍ 2% ജലത്തിന്റെ അംശവുമുണ്ട്. മണ്ണിന്റെ സാമ്പിളുകള്‍ ചൂടാക്കിയപ്പോള്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ഓക്‌സിജന്‍, സള്‍ഫര്‍ കോമ്പൗണ്ട് എന്നിവ കണ്ടെത്താന്‍ സാധിച്ചു. വെള്ളത്തിന്റെ അംശം കണ്ടെത്തിയപോലെ തന്നെ Minerological Chemical, Geological data എന്നിവയും അന്വേഷണ വിധേയമായി കണ്ടിരിക്കുന്നു. ഏതാണ്ട് 34 ഗവേഷകര്‍ ഇങ്ങ് ഭൂമിയിലിരുന്ന് നിധിപോലെ ലഭിക്കുന്ന വിവരങ്ങള്‍ വിശദമായ പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഇവയൊക്കെ ചൊവ്വയുടെ 460 കോടി വര്‍ഷത്തെ പ്രായത്തില്‍ 100 വര്‍ഷം ജലസമൃദ്ധമായിരുന്നുവെന്നും, കടലും, കായലും, നദികളുമൊക്കെ ഉണ്ടായിരുന്നുവെന്നും തെളിയിക്കുന്നതിന് മതിയായ വസ്തുതകളാണ്. ക്യൂരിയോസിറ്റിതന്നെ തറയില്‍ നിന്നും മണല്‍ കോരിയെടുക്കുന്നതും, വെള്ളം കെട്ടിക്കിടന്നിരുന്ന കുണ്ടും കുഴിയും അവിടെ കണ്ട ചരലുമൊക്കെ ദൃശ്യമാകുന്ന, ക്യൂരിയോസിറ്റി പകര്‍ത്തിയ ഫോട്ടോകളും ഇതിനകം ലഭ്യമായിട്ടുള്ളതാണ്. പൊടിപടലങ്ങള്‍, ചെളി, പൊടിച്ചെടുത്ത മണ്ണ് എന്നിവ 1535 ഡിഗ്രി ചൂടാക്കിയപ്പോള്‍ ക്ലോറിന്‍, ഓക്‌സിജന്‍, ക്ലോറേറ്റ്, പെര്‍ക്ലോറേറ്റ് എന്നിവ ചൊവ്വയുടെ ഉത്തരപ്രദേശത്ത് ഉണ്ടെന്ന് കണ്ടെത്തി. ക്യൂരിയോസിറ്റി ഒരിടത്തുമാത്രമിരുന്ന് പരീക്ഷണങ്ങള്‍ നടത്തുന്നതല്ല. ഇതിനകം തന്നെ, ഇറങ്ങിയസ്ഥലത്തു നിന്നും 5.3 മൈലുകള്‍ സഞ്ചരിച്ച് അനേകം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു കഴിഞ്ഞു. അങ്ങനെ അതിന്റെ അവിരാമമായ ഗവേഷണങ്ങള്‍ നടത്തി പുതിയ വിവരങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ പൊതുവേ ഒരു ധാരണയും സാധാരണയായി ഉയര്‍ന്നു വരുന്നുണ്ട്; മനുഷ്യന് ചൊവ്വയില്‍ ചേക്കേറാമെന്ന്. ഇന്നത്തെ രീതിയില്‍ അത് അപ്രാപ്യമെന്നു പറയാനേ സാധിക്കൂ. കാരണം ചന്ദ്രനില്‍ പോയതുപോലെയല്ലചൊവ്വയില്‍ പോകുന്നത്. ചന്ദ്രനില്‍ നാലു ദിവസം കൊണ്ട് എത്തിച്ചേരാം. ചന്ദ്രനില്‍ നിന്നും ഒരു സെക്കന്റില്‍ ഭൂമിയില്‍ സന്ദേശം ലഭ്യമാകും. എന്നാല്‍ ചൊവ്വ ഭൂമിക്കേറ്റവും അടുത്തുവരുന്ന ശരാശരി ദൂരം 55 കോടി കി.മീ. ആണ്, 780 ദിവസങ്ങള്‍ക്ക് ഒരിക്കല്‍. എന്നാല്‍ അതിനെക്കാളും അടുത്ത് 15-17 വര്‍ഷങ്ങളിലൊരിക്കല്‍ മാത്രമേ വരികയുള്ളൂ. ഒരു സന്ദേശം ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്താന്‍ 22 മിനിട്ടെങ്കിലും വേണ്ടിവരും. നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിലെത്താന്‍ 22255 ദിവസമെടുത്തു. 56.30 കോടി കി.മീ. ദൂരം സഞ്ചരിച്ചു. ഇത്രയും ദൂരം മനുഷ്യന് ശൂന്യാകാശത്തു കൂടി സഞ്ചരിക്കുകയെന്നത് ഇന്നത്തെ അവസ്ഥയില്‍ അസാദ്ധ്യമാണ്. ഇനി ഭാവിയില്‍ എന്തുണ്ടാകുമെന്ന് പ്രവചിക്കുക സാധ്യമല്ല തന്നെ. അതു മാത്രവുമല്ല മനുഷ്യവാസത്തിന് അനുയോജ്യമായ കാലാവസ്ഥയും അവിടില്ല. Space suit ഇല്ലാതെ ചൊവ്വയില്‍ ഇറങ്ങുകയാണെങ്കില്‍ അതികഠിനമായ തണുപ്പുകൊണ്ട് ഉടന്‍ മരിച്ചുപോകും. ജലം സുലഭമായിരുന്ന ചൊവ്വയില്‍ ഏതോ ഉഗ്രന്‍ ഉല്‍ക്ക ഇടിച്ചതുമൂലം വെള്ളവും മറ്റു വസ്തുക്കളും അപ്രത്യക്ഷമായി എന്നാണ് നിഗമനം. 

ശാസ്ത്രഗവേഷണത്തിന് നമ്മുടെ ജീവിത പുരോഗതിയും രാഷ്ട്രവികസനവുമായി അഭേദ്യ ബന്ധമുണ്ട്. പുരാതനശിലായുഗം മുതല്‍ ആധുനിക കാലം വരെയുള്ള മനുഷ്യന്റെ പ്രയാണത്തില്‍ കൈവരിച്ച ഭൗതികവളര്‍ച്ച ശാസ്ത്രനേട്ടങ്ങളുടെ ഫലമാണ്. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ നടത്തുന്ന ഏതു പരീക്ഷണങ്ങളും സ്വാഗതാര്‍ഹമാണ്. അന്ധവിശ്വാസങ്ങളിലും ജാതിയിലും മതത്തിലും അഭിരമിച്ചിരിക്കുന്ന നമ്മുടെ സംസ്‌ക്കാരത്തിന് അറുതി ശാസ്ത്ര പുരോഗതി മാത്രമാണ്. അഭൂതമായ ശാസ്ത്ര പുരോഗതിയിലും അന്ധവിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതില്‍ നിന്നും നമുക്ക് ഒരു കാര്യം അനുമാനിക്കാം; എത്രമാത്രം അഗാധമായി, നമ്മുടെ ശാസ്ത്രജ്ഞന്മാരെപോലും ദൈവിക സങ്കല്പങ്ങള്‍ കീഴടക്കിയിരിക്കുന്നു എന്ന്.

സര്‍വ്വനാശം എന്നത് നാം ഭാവനയില്‍ കൂടെയാണ് കാണുന്നത്. എന്നാല്‍ നമ്മുടെ ഭൂമിയ്ക്കും ഒരു സര്‍വ്വനാശം സംഭവിച്ചിട്ടുണ്ട്. ഭൂമിയ്ക്ക് 460 കോടി വര്‍ഷം പ്രായമുണ്ടെന്നും അത് 900 കോടി വര്‍ഷമാകുമ്പോള്‍ നശിക്കുമെന്നുമാണ് ശാസ്ത്രം. വളരെ കൃത്യമായി ഒരു മണിക്കൂറില്‍ 1700 കി.മീറ്റര്‍ വേഗതയില്‍ സ്വയം കറങ്ങി നമുക്ക് 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിവസങ്ങള്‍ തന്നും, സൂര്യനും ചുറ്റും 1,07,000 കി.മീ. വേഗത്തില്‍ സഞ്ചരിച്ച് 365മ്പ ദിവസം നീണ്ട ഓരോ വര്‍ഷങ്ങള്‍ തന്നും, ജീവജാലങ്ങളും സസ്യങ്ങളും കൊണ്ട് സമ്പല്‍സമൃദ്ധമായി നമ്മെ സംരക്ഷിക്കുന്ന ഭൂമിയ്ക്ക് ഒരു സര്‍വ്വനാശം സംഭവിച്ചു; അത് ഒരു മഹാ കൂട്ടിമുട്ടലിലൂടെ. കൂട്ടിമുട്ടാന്‍ വന്നത് 6 മൈല്‍ നീളമുള്ള ഒരു വലിയ ഉല്ക്ക. കൃത്യമായി പറഞ്ഞാല്‍ 66,03,800 വര്‍ഷങ്ങള്‍ക്കു മുമ്പ്. പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ നിന്നും പുറന്തള്ളപ്പെട്ട് ഒരു വലിയ പാറക്കഷണം വഴിതെറ്റിയൊ, വഴിതെറ്റാതെയോ നമ്മുടെ ഭൂമിയില്‍ പതിക്കുകയുണ്ടായി. ഇന്നത്തെ തെക്കേ അമേരിക്കയിലെ മെക്‌സിക്കോ എന്ന രാജ്യത്ത് Chicxulub എന്ന സ്ഥലത്ത് 180 കി.മീ. വിസ്തൃതിയുള്ള അഗാധ ഗര്‍ത്തം സൃഷ്ടിച്ചുകൊണ്ടുള്ളതായിരുന്നു ആ കൂട്ടിമുട്ടല്‍. കുറേക്കൂടെ കൃത്യമായി പറഞ്ഞാല്‍, ഭീമാകാരനായ ഡയനോസരസ്സും ആകാശം മുട്ടെ വളര്‍ന്ന് പന്തലിച്ചു നിന്ന മരങ്ങളും അത്യുജ്ജ്വല തീ പ്രളയത്തില്‍ ഭസ്മമായി. അന്തരീക്ഷമര്‍ദ്ദം ഉയര്‍ന്നും, കാട്ടുതീ പടര്‍ന്നും, സുനാമികളുണ്ടായും, ഉരുകിയ പാറമഴകള്‍ ഉണ്ടാക്കിയും സര്‍വ്വനാശം വിതച്ചു. 27000 ഫാരന്‍ഹീറ്റില്‍ ഉയര്‍ന്നചൂടില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റംബോബിന്റെ നൂറ് കോടി മടങ്ങിലധികം വലിപ്പമുള്ള ന്യൂക്ലിയര്‍ ബോംബിന്റെ ആഘാതമാണ് അവിടെ അരങ്ങേറിയത്. അത് മാത്രവുമല്ല ഭൂമിയുടെ ഉപരിതലത്തില്‍ ഓരോ നാലുമൈല്‍ വ്യത്യാസത്തില്‍ ഈ സ്‌ഫോടനം തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍ നൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1908 ജൂണ്‍ 30ന് റഷ്യയിലെ സൈബീരിയയില്‍ ഒരു ഭീമാകാരമായ തീഗോളം പതിക്കുകയുണ്ടായി. 2000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വനങ്ങളെല്ലാം കത്തിനശിച്ചു. അവിടെ നിന്നും 10,000 കിലോമീറ്റര്‍ അകലെയുള്ള ലണ്ടനില്‍ ഇതിന്റെ പ്രകാശം കാണാന്‍ സാധിച്ചു. ഇക്കഴിഞ്ഞ വര്‍ഷവും സൈബീരിയയില്‍ ഇതുപോലെ ചെറിയ ഒരുല്‍ക്ക വന്നു പതിച്ചത് നാമോര്‍ക്കുമല്ലോ.

നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ മറ്റൊന്നുകൂടി വെളിപ്പെടുത്തിയിരിക്കുന്നു. ഇതേപോലെ മറ്റൊരു മഹാദുരന്തം 11,000 വര്‍ഷങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. എന്തായാലും 11,000 വര്‍ഷങ്ങള്‍ക്കകം മറ്റൊരു ദുരന്തം സംഭവിക്കുമ്പോള്‍ നമ്മളാരും അന്ന് കാണില്ലായെന്ന് നമുക്ക് ആശ്വസിക്കാം. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ