"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 30, തിങ്കളാഴ്‌ച

യുക്തിചിന്ത യൂറോപ്പിലും, അമേരിക്കയിലും - ഐ ശാന്തകുമാര്‍മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്‌സിയന്‍ ചിന്തയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഈ കറുപ്പ് ഇന്ന് മനുഷ്യരാശിയുടെ ശാപമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. 245-ല്‍ പരം രാഷ്ട്രങ്ങള്‍ ഇന്ന് ലോകത്തിലുണ്ട്. സംഘടിതമതങ്ങളായ ക്രിസ്തു മതം 33 ശതമാനം പേരെ യും ഇസ്ലാം മതം 23 ശതമാനം പേരെയും വീതിച്ചെടുത്തിട്ടുണ്ട്. സമാധാനം, ശാന്തി, കാരുണ്യം, എന്നൊ ക്കെ രാപകലോളം വിളിച്ചു കൂവി ക്കൊണ്ടിരിക്കുന്ന മതങ്ങള്‍ അവരുടെ മനുഷ്യക്കുരുതികളെ ന്യായീകരിക്കാനും തങ്ങളുടെ സംഘടിതശക്തിയുടെ പിന്‍ബലം ഉപയോഗിക്കുന്നു; തങ്ങള്‍ മാത്രമാണ് ശരിയെന്നു സ്ഥാപിക്കാന്‍ അവര്‍ വൃഥാ അധ്വാനിക്കുന്നു! തങ്ങളുടെ ഭീകരതയെന്യായീകരിക്കാന്‍ അവര്‍ മറ്റൊരു മതത്തിന്റെ ഭീകരതയെ ആയുധമാക്കുന്നു. പലപ്പോഴും സംഘടിത മതങ്ങളാണ് ഈ മനുഷ്യക്കുരുതികള്‍ നടത്തിവരുന്നത്. മതങ്ങളുടെ ആധിപത്യം നിലനിര്‍ത്തുകയാണ് അവരുടെ ആവശ്യം. സര്‍വമത സമ്മേളനങ്ങള്‍ എന്ന അമ്പലപ്പറമ്പ് നാടകത്തിന്റെ പ്രധാന കഥ മനസ്സിലാക്കുന്നതില്‍ ജനം പരാജയപ്പെട്ട ചരിത്രമാണ് നമ്മുടെ നാടിന്റേത്. ലോക സമാധാനത്തിന് മതം അത്യന്താപേക്ഷിതമല്ല എന്നുമാത്രമല്ല തീരെ അനാവശ്യവുമാണ് എന്ന നിഗമനത്തിന് ഉപോദ്ബലമാകുന്ന എട്ട് രാഷ്ട്രങ്ങളുടെ ഉദാഹരണം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്.

1. ചെക്ക് റിപ്പബ്ലിക്ക്

കമ്യൂണിസത്തിന് സംഭവിച്ച പതനത്തെ തുടര്‍ന്ന് പല മുന്‍കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെയും ജനങ്ങള്‍, ഒരുകാലത്ത് അവര്‍ക്ക് വിലക്കപ്പെട്ടിരുന്നതും സ്വയം വിലക്കിയിരുന്നതുമായ മതവിശ്വാസങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ച കാണാം. എന്നാല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ സ്ഥിതി അതല്ല. ഇരുപത്തിയൊന്ന് ശതമാനം ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ മാത്രമാണവിടെ മതത്തിന് നിര്‍ണായക സ്വാധീനമുള്ളത്. മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഭിന്നമായി, ചെക്ക് റിപ്പബ്ലിക് ഐക്യരാഷ്ട്രസഭയിലെ ഹ്യൂമന്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ഒരു സമത്വാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതും ഉന്നത നിലവാരത്തിലുള്ളതുമായ ഒരു നിരീശ്വരവാദ പ്രസ്ഥാനത്തെക്കുറിച്ചുള്ള അടയാളങ്ങളുടെ കൂമ്പാരം തന്നെ അവിടെ ദൃശ്യമാണിപ്പോഴും. റഷ്യയെപ്പോലുള്ള മറ്റ് മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലാവട്ടെ, അവരില്‍ പുതുതായി ഉടലെടുത്ത മതത്തോടുള്ള ബാന്ധവം മൂലം ജനങ്ങള്‍ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് ഓരോന്നിനും ദൈവീകമായ പരിഹാരം തേടിയലയുകയാണ്. 

2,3, സ്വീഡനും ഡെന്‍മാര്‍ക്കും

ഈ രാജ്യങ്ങളിലെ വലിയൊരു ശതമാനം ആളുകള്‍ യുക്തിവാദത്തിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. യുക്തിവാദത്തിലൂടെ സാഹോദര്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനാവുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു കഴിഞ്ഞ രാഷ്ട്രസമൂഹങ്ങളാണ് അവ. ക്രമമായി കേവലം പതിനേഴ്, പതിനെട്ട് ശതമാനം ജനങ്ങള്‍ മാത്രമേ ഈ രാജ്യങ്ങളില്‍ മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തങ്ങളുടെ ലോകം തളച്ചിടാന്‍ സ്വയം അനുവദിക്കുന്നുള്ളൂ. പൊതുവായി നോക്കുമ്പോള്‍ ചടങ്ങെന്ന നിലയില്‍ക്കവിഞ്ഞ പ്രാധാന്യം മതത്തിന് ഈ രാജ്യങ്ങളിലില്ല എന്നു തന്നെ പറയാം. വീട്ടില്‍ ക്രിസ്തുമസ് ട്രീ വയ്ക്കാറുണ്ടെങ്കിലും 'കന്യാഗര്‍ഭ'ത്തിന്റെ വിശ്വാസഭാരത്തെ അവര്‍ ചുമക്കാറില്ല. വീട്ടിനകത്തോ പുറത്തോ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മതത്തോടുള്ള അഭിനിവേശം തണുപ്പുരാജ്യക്കാരായ അവര്‍ മൂടിപ്പുതയ്ക്കുന്ന ഒരു പുതപ്പിനപ്പുറം ഒന്നുമല്ല! 

4. ആസ്ട്രിയ

മതവിശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രത്യേക ആനുകൂല്യങ്ങള്‍ക്കൊന്നിനും അര്‍ഹരല്ല ആസ്ട്രിയയിലെ ജനങ്ങള്‍. മതവിശ്വാസികള്‍ക്കും മതനിരപേക്ഷര്‍ക്കും ഒരേ നിയമം, ഒരേ ആനുകൂല്യം. അടുത്ത കാലത്തായി അവിടെ, നെറ്റിയില്‍ മതചിഹ്നമുള്ള ഫോട്ടോ തന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പതിപ്പിക്കാനുള്ള ഒരു ക്രിസ്തുമത വിശ്വാസിയുടെ അഭ്യര്‍ത്ഥനയ്ക്ക് പോലീസിന്റെ അനുമതി ലഭിച്ചിട്ടും ഗവണ്‍മെന്റിന്റെ അനുമതി നിഷേധിക്കപ്പെടുകയാണുണ്ടായത്. ശ്രദ്ധേയമായിരുന്നു അതു സംബന്ധിച്ചുള്ള ഗവണ്‍മെന്റിന്റെ അഭിപ്രായം. 'ഒരു മതവിശ്വാസിയുടെ ആത്മാര്‍ത്ഥതയും ആധികാരികതയും മികച്ചതായിരിക്കുമ്പോള്‍ തന്നെ, മറ്റൊരു വിശ്വാസ സംഹിതയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരാളുടെ ആത്മാര്‍ത്ഥതയും ആധികാരികതയും അതുപോലെ മികച്ചതായി കാണപ്പെടുന്നുവെങ്കില്‍, എങ്ങനെയാണ് പ്രത്യേക പരിഗണന മതവിശ്വാസിക്ക് നല്‍കാനാവുക?''

5. ഫ്രാന്‍സ്

മതപരമായി കത്തോലിക്കാ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുമ്പോള്‍ത്തന്നെ മതനിരപേക്ഷതയ്ക്ക് ഉന്നതമായ ദേശീയമൂല്യം കല്‍പ്പിക്കുന്നവരാണ് ഫ്രാന്‍സിലെ ജനത. അമേരിക്കയെപ്പോലെ തന്നെ രാഷ്ട്രവും പള്ളിയും തമ്മില്‍ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ആധുനിക ജനാധിപത്യരാജ്യമാണ് ഫ്രാന്‍സ്. 1905-ല്‍ പാസ്സാക്കപ്പെട്ട ശക്തമായ നിയമത്തിലൂടെ അവിടെ പള്ളിയും രാഷ്ട്രവും തമ്മില്‍ വേര്‍തിരിക്കപ്പെടുകയും മതനിരപേക്ഷതയ്ക്ക് ശക്തമായ സംരക്ഷണം സംജാതമാവുകയും ചെയ്തു. ഈ മതനിരപേക്ഷമൂല്യബോധമാണ് പര്‍ദ്ദ ധരിക്കുന്നതിനെതിരെ നിയമം പാസ്സാക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്.

മതം വ്യക്തിപരമാണ്, അതിന്റെ സ്ഥാനം വീട്ടിനകത്താണ്. അത് പുറത്താകുമ്പോള്‍ പൊതുകാര്യമായിത്തീരുന്നു, അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനിടയാക്കിയേക്കും. അതായിരുന്നു ഫ്രാന്‍സിന്റെ നിലപാട്. ദൈനംദിന ജീവിതത്തില്‍ മതത്തിന്റെ ശിരോവസ്ത്രങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി ജീവിക്കാന്‍ തയ്യാറുള്ളവര്‍ അവിടെ ഇരുപത്തഞ്ച് ശതമാനം പേര്‍ മാത്രമാണ്! മാത്രവുമല്ല, മതപരിവര്‍ത്തനത്തെ നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. 

6. നോര്‍വെ

ലോകത്തില്‍ ഏറ്റവും സന്തോഷസമൃദ്ധി കാണുന്നതും മതപ്രസരം ഏറ്റവും കുറഞ്ഞതുമായ രാജ്യമാണ് നോര്‍വെ. സ്വീഡനും ഡെന്‍മാര്‍ക്കും ഈ രംഗത്ത് നോര്‍വെയുടെ പുറകിലാണ്. മതത്തിന് നിത്യജീവിതത്തില്‍ വലിയ സ്ഥാനമില്ലാത്ത രാജ്യങ്ങളില്‍ മുന്‍നിരയിലാണ് നോര്‍വെ. യുക്തിവാദം ഇവിടെ ശക്തിപ്രാപിക്കുകയുമാണ്. സാമ്പത്തിക ആനുകൂല്യങ്ങളും സാമൂഹികബാധ്യതകളും ഉറപ്പുവരുത്താനും നിറവേറ്റാനും ആ രാഷ്ട്രം യുക്തിവാദം പ്രയോജനപ്പെടുത്തുന്നു. ആ രാജ്യത്തെ സാമൂഹികബന്ധങ്ങള്‍ മതനിരപേക്ഷ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ലൂഥറന്‍ സഭയെ ഒഴിവാക്കിക്കൊണ്ടും സാംസ്‌കാരിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഈ തീരുമാനം പാര്‍ലമെന്റില്‍ പോലും എതിര്‍ക്കപ്പെട്ടില്ല! പള്ളിപോലും അതിനെ പിന്താങ്ങുകയാണുണ്ടായത്. നിരീശ്വരവാദ പ്രസ്ഥാനവും പള്ളിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഒരു അത്യുഗ്രന്‍ പ്രകടനത്തിലൂടെയാണ് അവിടെ ഒരു മതനിരപേക്ഷ രാഷ്ട്രം നിലകൊള്ളുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളും മുന്‍നിര്‍ത്തിയുള്ളതാണ് അവരുടെ ഭരണവ്യവസ്ഥ.

7. ആസ്‌ട്രേലിയ

വോട്ടര്‍മാര്‍ ഒരു നിരീശ്വരവാദിയെ പിന്താങ്ങുകയില്ലെന്ന രാഷ്ട്രീയക്കാരുടെ വിശ്വാസത്തിന് വളരെ പഴക്കമുണ്ട്, വളരെ ദൃഢതയുമുണ്ട്. എന്നാല്‍ 2010-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജൂലിയാ ഗില്ലാര്‍ഡ് എന്ന നിരീശ്വരവാദിയായ പ്രധാനമന്ത്രിയിലൂടെ ആ വിശ്വാസം തിരുത്തിക്കുറിക്കപ്പെട്ടു. തനിക്കു ദൈവവിശ്വാസമില്ല എന്നു വ്യക്തമാക്കുക മാത്രമല്ല ജൂലിയാ ഗില്ലാര്‍ഡ് ചെയ്തത്, താന്‍ ഒരു യുക്തിവാദിയാണെന്ന് കൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ഇലക്ഷനെ നേരിട്ടതും പ്രധാനമന്ത്രിക്കസേരയില്‍ ഉപവിഷ്ടയായതും. (ഇന്ത്യയിലാണെങ്കില്‍ യുക്തിവാദിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാളുടെ സ്ഥിതിയെന്താകും, ഇന്നത്തെ ചുറ്റുപാടില്‍?) താന്‍ ഒരു ഈശ്വരവിശ്വാസിയല്ലെന്ന് തുറന്നു പറഞ്ഞ നിശ്ചയദാര്‍ഢ്യത്തിന് ആ ജനത നല്‍കിയ അംഗീകാരം കൂടിയായിരുന്നു ഗില്ലാര്‍ഡിന്റെ വിജയം. ഒരു യുക്തിവാദിയാകാനുള്ള ഏറ്റവും സുന്ദരവും സുരക്ഷിതവുമായ രാജ്യമാണിന്ന് ആസ്‌ട്രേലിയ. (A pretty safe country to be an atheist)

8. ജപ്പാന്‍

മറ്റു കിഴക്കനേഷ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ജപ്പാനിലും മതം വിശ്വാസത്തിലുപരി പാരമ്പര്യമാണ്. ഇരുപത്തിയഞ്ച് ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് ദൈനംദിന ജീവിതത്തില്‍ മതം നിര്‍ണായക സ്വാധീനമായിട്ടുള്ളത്. മുപ്പത്തിയൊന്ന് ശതമാനം ജനങ്ങള്‍ ദൈവമില്ല എന്ന വിശ്വാസക്കാരാണ്. ജപ്പാനിലെ നിരീശ്വരവാദ പ്രസ്ഥാനത്തിന് ഭരണകാര്യങ്ങളില്‍ സ്വാധീനമില്ലെങ്കിലും മതതല്‍പരത കൂടാതെയുള്ള ജീവിതത്തിന് ഒട്ടും സ്വീകാര്യതക്കുറവുമില്ല. മതസഹിഷ്ണുതയില്‍ അധിഷ്ഠിതമായ സംസ്‌ക്കാരമാണ് ജപ്പാനിലുള്ളത്; പല മതങ്ങള്‍ അവിടെ വേരോടിയിട്ടുണ്ടെങ്കിലും.

മതങ്ങളുടെ സംഹാരതാണ്ഡവമാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്, ചുറ്റിലും. നിരപരാധികളെ കഴുത്തറുത്തും തോക്കിനിരയാക്കിയും ബോംബ് വര്‍ഷിച്ചും കൊന്നുകൂട്ടുന്ന മതഭ്രാന്തന്‍മാര്‍ക്ക് മുന്നില്‍ വത്തിക്കാനും മെക്കയും ഐക്യരാഷ്ട്രസഭയും രാഷ്ട്രത്തലവന്മാരും പഞ്ചപുച്ഛമടക്കുന്നു. ദര്‍ശനങ്ങളുടെയും ചിന്തകളുടെയും സംസ്‌കാരത്തിന്റെയും, എന്തിന് മതങ്ങളുടെയും കളിത്തൊട്ടിലായ മദ്ധ്യേഷ്യയും മധ്യധരണിക്കടലും രക്തപങ്കിലമായിക്കൊണ്ടിരിക്കുന്നു. മതം ഇതിനൊന്നിനും പരിഹാരമാവുന്നില്ല എന്ന ആഗോള യാഥാര്‍ത്ഥ്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ എട്ടു രാഷ്ട്രങ്ങളിലെയും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും മതപരവും ആയ ഇന്നത്തെ അവസ്ഥകള്‍. ഈ രാജ്യങ്ങളിലൊന്നും തന്നെ മതതീവ്രതയുടെ സ്ഫുരണങ്ങള്‍ പോലും കാണുക അസാധ്യം. എന്നാലോ, സന്തോഷ സമാധാനങ്ങള്‍ക്കാകട്ടെ യാതൊരു കുറവുമില്ല. സാഹോദര്യവും സമാധാനവും ലക്ഷ്യമാക്കുന്ന ഏതൊരു രാഷ്ട്രവും യുക്തിദര്‍ശനമെന്ന അടിത്തറയിന്മേലാണ് കെട്ടിയുയര്‍ത്തപ്പെടേണ്ടത് എന്ന സത്യത്തിന് അടിവരയിടാം, ഇപ്പോഴെങ്കിലും.
(യുക്തിരേഖ 2015 മെയ്)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ