"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 10, ചൊവ്വാഴ്ച

ഹരിജനും ദലിതും - ടി കെ നാരായണന്‍

ടി കെ നാരായണന്‍ 

(1996 ല്‍ ദലിത് വോയ്‌സില്‍ എഴുതിയ ലേഖനം)

1933 ലാണ് ഗാന്ധി ഹരിജന്‍ സേവാസംഘം സാഥാപിച്ചത്. അതിന് തൊട്ടുമുന്‍പോ ശേഷമോ ആണ് 'ഹരിജന്‍ ' എന്ന പദം അദ്ദേഹം തുടങ്ങിയത്. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് ഹരിജന്‍ എന്ന പേര് അയിത്തജാതിക്കാര്‍ക്ക് അദ്ദേഹം നല്‍കിയതും. 'ഉള്‍വിളി'യെ (innervoice) തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വഴികാട്ടിയായി സ്വീകരിച്ചിരുന്ന ഗാന്ധിയുടെ ഉദ്ദേശ്യം എന്തായിരുന്നാലും ആ പേര് അഭിമാന സൂചകമാണെന്നു കരുതാന്‍ നമുക്കു സാധ്യമല്ല. ദയകാണിക്കുന്നത് ഔന്നത്യത്തിന്റെ ലക്ഷണമാണെങ്കില്‍, അത് സ്വീകരിക്കുന്നത് താഴ്മയുടെ ലക്ഷണവുമാണ്. താഴ്ത്തിയവരെ വീണ്ടും താഴ്ത്താനുള്ള പ്രവണത മാഹാത്മ്യത്തിന്റെ ലക്ഷണമല്ല.

ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ 'ശബ്ദതാരാവലി'യില്‍ 'ഹരി' എന്ന വാക്കിന്റെ അര്‍ത്ഥം കുതിര, കഴുത (?) കുരങ്ങ് തവള, ഭീരു, വിഷ്ണു, സിംഹം എന്നൊക്കെയാണ്. അതേ നിഘണ്ടുവില്‍ ഹരിജന്‍ എന്നതിന്റെ അര്‍ത്ഥം 'താണജാതിക്കാരന്‍' എന്നുമാണ്. ദാനം കിട്ടിയ പശുവിന്റെ പല്ല് ആരും പിടിച്ചുനോക്കാറില്ലെന്നാണു പറച്ചില്‍. അതിരിക്കട്ടെ ഈ പേരുദാനത്തെക്കുറിച്ചുള്ള ഒരമ്മായിക്കഥ ഇപ്രകാരമാണ്. ഗുജറാത്തി കവിയായ നരസിംഹമേത്തയുടെ ഒരു കവിതയിലെ പ്രധാനകഥാപാത്രത്തിന്റെ പേര് ഹരിജന്‍ എന്നാണുപോലും. ഏതോ അമ്പലത്തില്‍ ജനിച്ച ഒരു കുട്ടിയുടെ അച്ഛന്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ കഴിയാതെവന്നപ്പോള്‍ അവന്റെ പിതൃത്വം ഹരിയുടെ (ത്രിമൂര്‍ത്തികളില്‍ രണ്ടാമത്തെ ദൈവമായ വിഷ്ണുവിന്റെ മറ്റൊരു പേരാണ് ഹരി) തലയില്‍ കെട്ടിവെച്ചു. ദേവദാസി സമ്പ്രദായം അമ്പലങ്ങളില്‍ തുടങ്ങിയ കാലം മുതല്‍ അവിടെയെല്ലാം 'അച്ഛനില്ലാത്ത' കുഞ്ഞുങ്ങള്‍ പിറക്കുക സര്‍വസാധാരണമായിരുന്നു. അങ്ങനെ മേത്തയുടെ തന്തയില്ലാത്ത കഥാപാത്രം 'ഹരിജ'നായി. അതായത് 'ദൈവത്തിന്റെ മകനാ'യി. ആ അര്‍ത്ഥത്തിലാണ് ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗമായ അയിത്തജാതിക്കാരെ 'മഹാത്മാ'ഗാന്ധി ഹരിജനങ്ങളെന്നു വിളിച്ചത്. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ ജാതിനിര്‍മ്മാണപദ്ധതികളില്‍ അവസാനത്തേതാണെന്നു തോന്നുന്നു. കാരണം മഹാത്മാഗാന്ധിയെ പോലെ മറ്റൊരു മഹാത്മാവ് അടുത്തകാലത്തൊന്നും ഇവിടെ ഉടലെടുക്കുമെന്നു തോന്നുന്നില്ല. ഇവിടെ ഒരു കാര്യം ഗാന്ധിഭക്തന്മാരും ജാതിക്കോമരങ്ങളും ധരിക്കുന്നത് നന്നായിരിക്കും. ഇവിടത്തെ 30 കോടിവരുന്ന അധ്വാനിക്കുന്ന അധസ്ഥിത ജനങ്ങള്‍ കുതിരകളോ കഴുതകളോ കുരങ്ങന്മാരോ അല്ല. അവര്‍ 'തന്തയില്ലാത്തവര്‍ ' അല്ല. അധ്വാനിച്ച് മറ്റുള്ളവരെ തീറ്റിപ്പോറ്റുന്ന ജനതയെന്ന നിലക്ക് സ്വന്തം പിതൃത്വത്തില്‍ അവര്‍ക്കാര്‍ക്കും അല്പ്പം പോലും സംശയം ഇല്ല. അതെല്ലാം മേല്‍ജാതിക്കാരായ ആര്യന്മാരുടെ ഇടയില്‍മാത്രം നിലനില്‍ക്കുന്ന സംശയങ്ങളാണ്. ചതിയും വഞ്ചനയും അസന്മാര്‍ഗിക ജീവിതവും എന്തെന്നറിയാതെ, പ്രഭാതം മുതല്‍ പ്രദേഷംവരെ അന്യര്‍ക്കുവേണ്ടി അധ്വാനിച്ച് പട്ടിണിയില്‍ കാലം കഴിക്കുന്ന പച്ചമനുഷ്യരായ സാധാരണക്കാരന് അവരുടെ അച്ഛനമ്മമാര്‍; ദൈവങ്ങേളാ ദൈവസന്താനങ്ങളോ അല്ല. അനങ്ങാനോ മിണ്ടാനോ മറുപടി പറയാനോ കഴിവില്ലാത്ത പാവപ്പെട്ട ദൈവത്തിന്റെ തലയില്‍ അവരുടെ പിതൃത്വം കെട്ടിവെക്കേണ്ടതില്ല. പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ ഹരിജനങ്ങളല്ല. അതായത് അവര്‍ തന്തയില്ലാത്തവരല്ല; ദൈവത്തിന്റെ സന്തതികളുമല്ല. 

സര്‍ക്കാര്‍ രേഖകളില്‍നിന്നു ഗാന്ധിയുടെ ഹരിജന്‍ നാമം നീക്കാന്‍ നിയമം നിര്‍മ്മിച്ചിട്ടുപോലും ആ പദം പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, രാജാവിനേക്കാള്‍ രാജഭക്തിപ്രകടിപ്പിക്കുന്ന കശ്മലന്മാരുടെ മാതൃക പിന്തുടരുന്ന ചില ദലിതലര്‍, ഹരിജന്‍ എന്ന പദം ആഭരണമായിക്കരുതി, വലിച്ചെറിയാന്‍ തയാറാകാതെ ഇപ്പോഴും അമാന്തിച്ചുനില്‍ക്കുന്നു. അന്തസുള്ള ഒരൊറ്റ പട്ടികജാതിക്കാരനും, നിന്ദ്യവും ആക്ഷേപസൂചകവുമായ ഹരിജന്‍ എന്ന പേര് ഉച്ചരിക്കാനോ ഉപയോഗിക്കാനോ പാടില്ല. മനുഷ്യര്‍ ആഹാരംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്. അന്തസും ആത്മാഭിമാനവും ജീവിതത്തെ പുഷ്‌കലമാക്കുന്ന രണ്ടു ധന്യ സമ്പാദ്യങ്ങളാണ്. അവയുടെ ഉറവിടം അധ്വാനമാണ്. ഹരിജന്‍ എന്ന നിന്ദ്യമായ പേരില്‍ മേലാല്‍ നമ്മളാരും പരിഹാസ്യരാകാന്‍ പാടില്ല.

മറ്റൊന്നുകൂടി; എന്തുകൊണ്ടാണ് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും പിന്നോക്കജാതിക്കാരും ഹരിജന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാത്തത്? എന്താ, അവരാരും ദൈവത്തിന്റെ മക്കളല്ലേ? ഇല്ല. കാരണം, അയിത്തജാതിക്കാരെ കബളിപ്പിക്കാനും ഗോപ്യമായി അപഹസിക്കാനും പരസ്യമായി ആക്ഷേപിക്കാനും ഗാന്ധി നല്‍കിയ പേരാണതെന്ന് മേലാളന്മാര്‍ക്കെല്ലാം അറിയാം. ജനനം മുതല്‍ മരണംവരെ വര്‍ണാശ്രമധര്‍മ്മത്തില്‍ തലകുത്തിനിന്ന ഗാന്ധിപോലും ദൈവത്തിന്റെ മകനായി അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആരും അദ്ദേഹത്തെ ഹരിജന്‍ ഗാന്ധി എന്നു വിളിച്ചില്ല. ബ്രാഹ്മണ സേവന മണ്ഡലത്തിനു പാരിതോഷികമായി അവര്‍ അദ്ദേഹത്തിനു കനിഞ്ഞരുളിയ 'മഹാത്മാ' എന്ന ഉന്നതമുദ്രയില്‍ അറിയപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ 'ദലിത്' എന്നറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്. എന്താണ് ആ പേരിന്റെ അര്‍ത്ഥം, എന്തുകൊണ്ടാണ് അത് ആകര്‍ഷകമായി തോന്നുന്നത്: 'ദാല്‍ ' എന്ന മൂലവാക്കിന്‍ നിന്നാണു 'ദലിത' എന്ന വാക്കുണ്ടായത്. ദാലിന്റെ നാമവിശേഷണമാണ് ദലിത്. പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് സംസ്‌കൃതം ഇംഗ്ലീഷ് നിഘണ്ടുവിന്റെ 471 ആം പേജില്‍ 'ദാല്‍ ' എന്ന വാക്കുണ്ട്. വിശ്വവിഖ്യാത സംസ്‌കൃത പണ്ഡിതന്‍ സര്‍ മോണിയര്‍ വില്യംസ് ആണ് ഈ നിഘണ്ടു തയാറാ ക്കിയത്. (ഈ വാക്ക് മലയാളം ഉള്‍പ്പെടെയുള്ള മിക്ക ഇന്ത്യന്‍ ഭാഷകളിലുമുണ്ട്) ഇതില്‍ ദാല്‍ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ burst (പൊട്ടിത്തെറിച്ച), split (വിഭജിക്കപ്പെട്ട, വേര്‍തിരിക്കപ്പെട്ട) scattered (ചിന്നിച്ചിതറിക്കപ്പെട്ട) torn-asunder (പിളര്‍ക്കപ്പെട്ട, അറുത്തുതള്ളപ്പെട്ട) dispersed, crushed (നശിപ്പി ക്കപ്പെട്ട, തകര്‍ക്കപ്പെട്ട) എന്നൊക്കെയാണ്. അയിത്തജാതിക്കാരാക്കപ്പെട്ട ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതാവസ്ഥയെ പൂര്‍ണമായും വ്യക്തമായും പ്രകടിപ്പിക്കാന്‍ ഉതകുന്ന വാക്കുകളാണിവയെല്ലാം. ഹിന്ദുമതം അതിന്റെ ഉത്ഭവകാലം മുതല്‍ അധസ്ഥിതജനതയെ ജാത്യടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തി, തകര്‍ത്തുതരി പ്പണമാക്കി, തലപൊക്കാനാവാത്തവണ്ണം ഭിന്നിപ്പിച്ചു നശിപ്പിച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ വിചാരവും വികാരവുമെല്ലാം തട്ടിയുണര്‍ത്തി വിമോചനത്തിനും വിപ്ലവത്തിനും പ്രചോദനം നല്‍കുന്ന ഈ വാക്കില്‍ അറിയപ്പെടാനാണ് അവര്‍ സ്വാഭാവികമായും ഇഷ്ടപ്പെടുന്നത്. അന്തസും അഭിമാനവും അവര്‍ കണ്ടെത്തുന്നത് ഈ പേരിലാണ്. മാനവരാശിക്ക് ആദ്യമായി പ്രാഗത്ഭ്യം(?) നേടിക്കൊടുത്ത ഹാരപ്പ - മോഹന്‍ജൊദാരോ സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള അവര്‍ക്ക്, ആരുടെ മുന്നിലും തലപൊക്കി നില്‍ക്കാന്‍ ധാര്‍മികവും മാനസികവുമായ ധൈര്യമുണ്ട്.

*****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ