സഹോദരീസഹോദരന്മാരെ,
പ്രസിദ്ധ മലയാള ദലിത് സാഹിത്യകാരനായ സി അയ്യപ്പന് എഴുതിയിട്ടുള്ള കഥകളെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്ത്തകനായിരുന്നിട്ടുമുള്ള പ്രൊഫ. കെ സദാനന്ദന് രചിച്ച 'രോഷത്തിന്റെ മറുഭാഷയും സംസ്കാരത്തിന്റെ പ്രതിബോധവും - പ്രൊഫ. സി അയ്യപ്പന് കഥകളുടെ പഠനം' എന്ന പഠനഗ്രന്ഥ ത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കുന്നതിനും, ആ പുസ്തകത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും വേണ്ടിയിട്ടാണല്ലോ നമ്മള് ഇന്നിവിടെ കൂടിയിരിക്കുന്നത്. ഈ പരിപാടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ സംഘാടകരോട് ആദ്യമേതന്നെ ഞാന്‍ നന്ദിയറിയിക്കട്ടെ.
മഹാരാഷ്ട്രയില്‍ 1972 ല്‍ ദലിതരുടെ ഇടയില്‍ രൂപംകൊണ്ട പ്രസ്ഥാനമായ ദലിത് പാന്തേഴ്സിന്റെ സ്ഥാപകരായ, നാംദിയോ ദാസല്, ജെ വി പവാര്‍, അരുണ്‍ കാംബ്ലെ, രാജ ഥാലെ, എന്നിവര്‍ക്കും ദയാ പവാര്‍, ശരണ്‍കുമാര്‍ ലിംബാലെ, ഉത്തര്‍ പ്രദേശിലെ ഓം പ്രകാശ് വാല്മീകി, തെലുങ്കിലെ ഗോഗു ശ്യാമള, ബംഗാളിയിലെ മനോരഞ്ജന്‍ ബ്യാപാരി, കന്നടയിലെ ദേവനൂരു മഹാദേവ, അരവിന്ദ് മലഗട്ടി, തമിഴിലെ ഗുണ രാജശേഖരന്, പാമ, പഞ്ചാബിലെ ഗുര്‍ദയാല്‍ സിംഗ്, ആന്ധ്രയിലെ കട്ടി പത്മറാവു, മഹാരാഷ്ട്രയിലെതന്നെ അണ്ണാബാഹു സാഥെ, ലക്ഷ്മണ് ഗെയ്ക്ക്വാദ്, ലക്ഷ്മണ് മാനെ തുടങ്ങിയവര്‍ക്കൊക്കെ സമശീര്‍ഷനായ മലയാളത്തിലെ ദലിത് സാഹിത്യകാരണാണ് സി അയ്യപ്പന്.
അദ്ദേഹം 24 ചെറുകഥകള്‍ മാത്രമേ രചിച്ചിരുന്നുള്ളൂ. മാതൃഭൂമി, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് സി അയ്യപ്പന് കഥകള്‍ പ്രസിദ്ധീകരി ക്കപ്പെട്ടിരുന്നത്. ആദ്യകാല കഥകള്‍ ചേര്‍ത്ത് 'ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍' എന്ന പേരില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അത്രയും കഥകളോട് പുതിയ കഥകളും ചേര്‍ത്ത് ഡി സി ബുക്സ് കോട്ടയം 2003 ല്‍ 'ഞണ്ടുകള്‍' എന്ന പേരില്‍ പുതിയൊരു സി അയ്യപ്പന് കഥകളുടെ സമാഹാരം പുറത്തിറക്കി. എല്ലാ കഥകളും ചേര്‍ത്ത് പ്രസാധകഭീമന്മാരായ പെന്ഗ്വിന് ബുക്സ് അവരുടെ മലയാളം വിഭാഗത്തിലുള്‍പ്പെടുത്തി സി അയ്യപ്പന്റെ സമ്പൂര്ണകഥാസമാഹാരപുസ്തകം പുറത്തിറക്കി. നാല് അപ്രകാശിത കഥകള്‍കൂടി ചേര്‍ത്ത് സമ്പൂര്ണകഥകളുടെ പുതിയൊരു സമാഹാരം പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് കഥാകൃത്തായ എം ആര് രേണുകുമാര്‍ അറിയിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യലോകം, സൂചകം തുടങ്ങിയവയില്‍ സി അയ്യപ്പന് കഥകളുടെ പുനഃപ്രസിദ്ധീകരണങ്ങള്‍ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. ഈയിടെ അന്തരിച്ച പ്രമുഖ സാഹിത്യനിരൂപകനായിരുന്ന ഡോ. വി സി ഹാരിസ്, കേന്ദ്ര ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള സാഹിത്യപ്രസ്ഥാനത്തിന് വേണ്ടി, കേരളത്തില്‍ നിന്നുള്ള കഥാകാരന്മാരുടെ സമാഹാരപുസ്തകം എഡിറ്റ് ചെയ്തപ്പോള്‍ സി അയ്യ പ്പന്റെ ഒരു കഥയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കവിയും കഥാകാരനുമായ എം ആര് രേണുകുമാര്‍ സമാഹരിച്ച്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ 'ഞാറുകള്‍' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ 'വളയന്‍ചിറങ്ങര' എന്ന ചെറുകഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരണം കഴിഞ്ഞ് ഏറെ താമസിയാതെ ഈ കൃതിക്ക് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റവും വന്നു. പ്രസിദ്ധ കഥാസാഹിത്യകാരനും നോവലിസ്റ്റുമായ എന്‍ എസ് മാധവന് ഡി സി ബുക്സിന് വേണ്ടി തയാറാക്കിയ 'മലയാളം 60 കഥകള്‍' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ 'ഭ്രാന്ത്' എന്ന കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സി അയ്യപ്പന് അവസാനമായി എഴുതിയ കഥ 2003 ല്‍ ഭാഷാപോഷിണിയില്‍ പ്രത്യക്ഷപ്പെട്ട 'നിരവത്ത് കയ്യാണി' ആണെന്നു കരുതാം. ഇതാകട്ടെ താന്‍ മുമ്പഴുതി നഷ്ടപ്പെട്ടുപോയ ഇതേപേരിലുള്ള ഒരു കഥ, ഓര്‍മയില്‍ നിന്നും വീണ്ടുമെടുത്തെഴുതി യതാണെന്ന് ആമുഖവരികളില്‍ കഥാകൃത്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്.
ഉത്തരാധുനികതയില്‍ ഇടപെട്ട ആദ്യത്തെ മലയാള ദലിത് സാഹിത്യകാരനാണ് സി അയ്യപ്പന്. ക്ലാസിക് കാലഘട്ടത്തിലെ ആദ്യത്തെ മലയാള ദലിത് സാഹിത്യകൃതി 1892 ല്‍ ഇന്ദുലേഖയുടെ അതേകാലത്തുതന്നെ രചിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീവിജയം' എന്ന നോവലാണ്. ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ ദലിത് സാഹിത്യകൃതി 1979 ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ടി കെ സി വടുതലയുടെ 'ചങ്ങലകള്‍ നുറുങ്ങുന്നു' എന്ന നോവലാണ്. ടി കെ സി വടുതലയുടെ മകള്‍ ലളിതയാണ് സി അയ്യപ്പന്റെ ജീവിതപങ്കാളി. സാഹിത്യാസ്വാദകര് ഇതൊരു ഭാഗ്യമായി കരുതുന്നു. കാരണം, ഇരുവരില്‍ ആരെയെങ്കിലും ഒരാളെ പരമാര്ശിച്ചുകണ്ടാല് രണ്ടുപേരേയും അനുസ്മരിക്കാന്‍ അത് ഇടയാക്കുന്നു എന്നുള്ളതാണ്.
കോഴിക്കോടുള്ള ഒരു നാടകസമിതി സി അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന ചെറുകഥക്ക് രംഗാവിഷ്കാരംകൊടുത്ത് അവതരിപ്പിച്ചുവരുന്നു. ഇതേ കഥയെത്തന്നെ ആധാരമാക്കി സിനിമയെടുക്കുന്നതിനുവേണ്ടി ഡോ. വി സി ഹാരിസ് സി. അയ്യപ്പനെ സമീപിച്ചിരുന്നു. തിരക്കഥ വി സി ഹാരിസ് തന്നെയാണ് തയാറാക്കിയിരുന്നത്. എന്നാല്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനാവാതെ വി സി ഹാരിസും ഇപ്പോള്‍ വിട്ടുപിരിഞ്ഞു. ഇടക്ക് ഒരു സ്വകാര്യ സമാഗമത്തില്‍, ആ തിരക്കഥ വായിച്ചുനോക്കാന്‍ തരുമോ എന്ന് ഞാന്‍ ഡോ. വി സി ഹാരിസിനോട് അപേക്ഷിച്ചു നോക്കി. നിഷേധാത്മകമായി, കര്‍ക്കശസ്വരത്തില്‍ ശാസിച്ചുകൊണ്ട് ഡോ. ഹാരിസ് എന്റെ അപേക്ഷ നിരസിച്ചു. ഇപ്പോള്‍ അദ്ദേഹം തയ്യാറാക്കിയ തിരക്കഥ എവിടെയാ ണെന്നുപോലും ആര്‍ക്കുമറിയില്ല. 2011 ല്‍ 'നിരവത്ത് കയ്യാണി' സിനിമയാക്കു ന്നതിനായി ഞാന്‍ അതിന് തിരക്കഥ തയാറാക്കി. അനുവാദം വാങ്ങുന്നതിനായി വീട്ടില്‍ച്ചെന്ന് ഞാന്‍ അദ്ദേഹത്തെ നേരിട്ടു കാണുകയുണ്ടായി.
അയ്യപ്പന് കഥകളെക്കുറിച്ചുള്ള ആദ്യത്തെ പഠനം കെ കെ ബാബുരാജാണ് നടത്തിയത്. 2003 ല്‍ തൃശൂര്‍ പുറനാട്ടുകര ഹൈസ്കൂളില്‍ വെച്ചുനടന്ന ഒരു ദലിത് സാഹിത്യ സെമിനാറില്‍ കെ കെ ബാബുരാജ് പ്രബന്ധരൂപത്തില്‍ ഈ പഠനം അവതരിപ്പിക്കുകയുണ്ടായി. 2008 ല്‍ സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ് പ്രസിദ്ധീകരിച്ച 'മറ്റൊരു ജീവിതം സാധ്യമാണ്' എന്ന അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥത്തില്‍ പ്രസ്തുത പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2003 ല്‍ ഡി സി ബുക്സ് പുറത്തിറക്കി സി അയ്യപ്പന്റെ കഥാസമാഹാരമായ ഞണ്ടുകളില്‍, 'പരിത്യക്തരുടെ പ്രേതഭാഷണങ്ങള്‍' എന്ന തലക്കെട്ടില്‍ കെ രാജന്റെ പഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. 2012 ല്‍ സംവേദനം പബ്ലിക്കഷന്‍സ് പുറത്തിറക്കിയ സതീഷ് ചേലാട്ടിന്റെ 'വാക്കുകളുടെ ഖനിജം' എന്ന ലേഖനസമാഹാര ഗ്രന്ഥത്തില്‍ 'സി അയ്യപ്പന്: വാക്കുകളുടെ മുപ്പല്ലിയില്‍ കോര്‍ത്ത കഥകള്‍' എന്ന അധ്യായം സി അയ്യപ്പന് കഥകളുടെ പഠനമാണ്. 2014 ല്‍ പാഠഭേദം മാസികയില്‍ പ്രമുഖ എഴുത്തുകാരിയും ദലിത് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ രേഖാ രാജിന്റെ സി അയ്യപ്പന് കഥകളുടെ പഠനം പ്രസിദ്ധീകരിച്ചിരുന്നു. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ, ഡോ. പ്രദീപന് പാമ്പിരിക്കുന്ന് 'ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍', 'ഞണ്ടുകള്‍' എന്നീ സമാഹാരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനക്കുറിപ്പ് 'ദലിത് പഠനം - സ്വത്വം സംസ്കാരം സാഹിത്യം' എന്ന തന്റെ വിഖ്യാതകൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007 ല്‍ കേരള ഭാഷാ ഇന്സ്റ്റിട്ട്യൂട്ടില് നിന്നും ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി. 'ഉച്ചയുറക്കിലെ സ്വപ്നങ്ങള്‍' എന്ന കഥാസമാഹാരത്തെ ആധാരമാക്കിയ പഠനക്കുറിപ്പ് സണ്ണി എം കപിക്കാട് തന്റെ 'ജനതയും ജനാധിപത്യവും' എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.
ഡോ. ജോര്‍ജ് കെ അലെക്സും എലിസബേത്ത് ജോണും ചേര്‍ന്ന് എഡിറ്റ്ചെയ്ത്, മുംബൈയിലെ വികാസ് അധ്യായന്‍ കേന്ദ്ര ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ദലിത് എഴുത്തുകാരുടെ ഡയറക്ടറിയായ 'റീഇന്വെന്റിംഗ് ഐഡന്റിറ്റി - ആന്‍ ആന്തോളജി ഓഫ് ദലിത് റൈറ്റേഴ്സ് കേരള' എന്ന പുസ്തകത്തില്‍ സി അയ്യപ്പനെ കുറിച്ച് ഒരു അധ്യായമുണ്ട്. കെ സി പുരുഷോത്തമന് രചിച്ച്, 2008 ല്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 'ദലിത് സാഹിത്യം പ്രസ്ഥാനം' എന്ന ഗ്രന്ഥത്തില്‍ പേജുകളോളം സി അയ്യപ്പന് കഥകളുടെ പഠനമുണ്ട്.
'ഒന്നിപ്പ്' മാസിക 2015 വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ വി യു സുരേന്ദ്രന്റെ 'ദലിത് സൗന്ദര്യബോധത്തിന്റെ ആഖ്യാനരൂപം' എന്ന ലേഖനത്തില്‍ മറ്റ് ദലിത് എഴുത്തുകാരോടൊപ്പം സി അയ്യപ്പന്റെ ഏതാനും കഥകളെക്കുറിച്ച് ലഘുവായി പരാമര്‍ശിച്ചുപോകുന്നുണ്ട്. കണ്ണൂര്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ 2003 ഏപ്രില്‍ ലക്കത്തില്‍, അതിന്റെ എഡിറ്റര്‍ കൂടിയായിരുന്ന പ്രകാശ് മാരാഹി സി അയ്യപ്പന് കഥകളെക്കുറിച്ച് തയാറാക്കിയ പഠനം ചേര്‍ത്തിട്ടുണ്ട്.
ദലിത് സാഹിത്യസൈദ്ധാന്തികരില് അഗ്രേസരനായ കവിയൂര്‍ മുരളി തന്റെ 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ പേരുപോലും പരാമര്‍ശിച്ചുകാണുന്നില്ല. എന്നാല്‍ അത്രയൊന്നും 'സംഭാവന'കള്‍ ദലിത് സാഹിത്യത്തിന് നല്ക്കാത്തവരെ പൊലിപ്പിച്ചെഴുതിയപ്പോള്, കവിയൂര്‍ മുരളിയോടുള്ള ബഹുമാനാദരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, അക്കാര്യത്തില്‍ എനിക്ക് ഖേദമുണ്ട്.
സി അയ്യപ്പന്റെ ജീവിതപങ്കാളിയായ ലളിതയുടെ പിതാവ് ടി കെ സി വടുതലയുടെ ജീവിതത്തേയും കൃതികളേയുംകുറിച്ചുള്ള പഠനമാണ് കേരള സാഹിത്യ അക്കാദമി 2012 ല്‍ പ്രസിദ്ധീകരിച്ച 'ടി കെ സി വടുതല ജീവിതവും കൃതികളും' എന്ന ഗ്രന്ഥം. ഇതില്‍ സി അയ്യപ്പനെ പരാമര്‍ശിക്കാതെ തരമില്ലല്ലോ. 'ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍' എന്ന കഥാസമാഹാരം ഗ്രന്ഥകാരനായ ശശിധരന് കളത്തിങ്കല്‍ റെഫറന്‍സ് ചെയ്തിരിക്കുന്നത് കാണാം. എന്റെ സുഹൃത്തും സഹയാത്രികനുമായ ഒര്ണകൃഷ്ണന്കുട്ടി ഈയിടെ പ്രസിദ്ധീകരിച്ച 'പുലയരുടെ ചരിത്രം ഒരു പഠനം' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ പേരുമാത്രം പരാമര്‍ശിച്ചുപോകുന്നു. ഒര്ണയുടെ തൊട്ടടുത്ത പ്രദേശമായ കീഴില്ലത്ത് ജനിച്ച സി അയ്യപ്പനെ നേരിട്ടറിയാവുന്ന സ്ഥിതിക്ക് അദ്ദേഹത്തെ കുറിച്ച് തന്റെ കൃതിയില്‍ പേരുപരാമര്ശം മാത്രമായി ചുരുങ്ങിപ്പോയത് ഒരു വലിയ പോരായ്മതന്നെയാണ്. ഈ വിവരം ഒര്‍ണ കൃഷ്ണന്‍കുട്ടിയെ നേരിട്ട് അറിയിച്ചപ്പോള്‍, അടുത്ത പതിപ്പില്‍ ആ കുറവ് നികത്തുമെന്ന് എനിക്ക് ഉറപ്പുതന്നു.
2013 ഒക്ടോബറില്‍ കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്ട് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍, അവിടെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ രവി കുമ്മഞ്ചേരി, 'ദേശം ദലിതത്വം ആഖ്യാനം' എന്ന പേരില്‍ സി അയ്യപ്പന് കഥകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഒരു ദേശീയ സെമിനാറില്‍ സി അയ്യപ്പന് കഥകളെക്കുറിച്ച് അവതരിപ്പിക്കുന്ന ഏക പ്രബന്ധവും രവി കുമ്മഞ്ചേരിയുടേതാണ്. വൈകാതെ ഈ പ്രബന്ധം പുസ്തകരൂപത്തില്‍ നമുക്ക് പ്രതീക്ഷിക്കാം. സി അയ്യപ്പന് മലപ്പുറം ഗവണ്മെന്റ് ആര്‍ട്ടസ് കോളേജില്‍ പ്രിന്‍സിപ്പാളായി എത്തുമ്പോള്‍, രവി കുമ്മഞ്ചേരി അവിടെ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച് രണ്ടുവര്‍ഷം പിന്നിട്ടിരുന്നു.
സി അയ്യപ്പനുമായുള്ള ആദ്യത്തെ അഭിമുഖം നടത്തിയത് പി ആനന്ദനാണ്. 2003 ഒക്ടോബര്‍ ലക്കം സമയം മാസികയില്‍ പ്രസ്തുത അഭിമുഖം പ്രസിദ്ധീകരിച്ചു. സി അയ്യപ്പന് എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം വകുപ്പുമേധാവിയാ യിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവന്നാണ് പി ആനന്ദന് അഭിമുഖം നടത്തിയത്. വി എം ഉണ്ണി, കെ കെ ബാബുരാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ആ അഭിമുഖത്തില്‍ ഫോട്ടോകള്‍ എടുത്തത് ഞാനാണ്. അതേ വര്‍ഷം തന്നെ ഡി സി ബുക്സ് ഇറക്കിയ 'ഞണ്ടുകള്‍' എന്ന കഥാസമാഹാരത്തില്‍ സി അയ്യപ്പനുമായുള്ള ഒരു അഭിമുഖം അനുബന്ധമായി കൊടുത്തിട്ടുണ്ട്. ആരാണ് അഭിമുഖം നടത്തിയതെന്ന് വ്യക്തമല്ല. ഡോ. എം ബി മനോജ് സി അയ്യപ്പനുമായി നടത്തിയ അഭിമുഖം മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നു. പി ആനന്ദന് അഭിമുഖം നടത്തുമ്പോള്‍ ഞാനെടുത്ത ഫോട്ടോകള്‍ ഈ അഭിമുഖത്തോടൊപ്പവും ചേര്‍ത്തിട്ടുണ്ട്. 2008 ല്‍ പ്രണത ബുക്സ് പുറത്തിറക്കിയ എം ബി മനോജിന്റെ തന്നെ 'ആദര്‍ശം അദര്‍ശം അവസ്ഥ - ദലിത് സാഹിത്യ പഠനങ്ങള്‍ എന്ന പുസ്തകത്തിലും പ്രസ്തുത അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്.' സി അയ്യപ്പന്റെ അവസാനകാലത്തുള്ള ഫോട്ടോകള്‍ ഞാനാണ് എടുത്തത്. പെന്ഗ്വിന് ബുക്സ് പ്രസിദ്ധീകരിച്ച സമ്പൂര്ണകഥകളുടെ സമാഹാരത്തില്‍ ഡോ. ദിലീപ് രാജ് സി അയ്യപ്പനുമായി നടത്തിയ അഭിമുഖം അനുബന്ധമായി കൊടുത്തിട്ടുണ്ട്. തന്നെയുമല്ല, അത്തരമൊരു വലിയസംരംഭം സാക്ഷാത്കരിച്ചതിന് പിന്നില്‍ ഡോ. ദിലീപ് രാജിന്റെ കഠിനാധ്വാനമാണ് ഉണ്ടായിരുന്നിട്ടുള്ളത് എന്നവിവരവും ഇത്തരുണത്തില്‍ നന്ദിയോടെ അനുസ്മരിക്കുകയാണ്.
ഉത്തരകാലം വെബ്, ഇടനേരം ബ്ലോഗ് തുടങ്ങിയവ സി അയ്യപ്പനെക്കുറിച്ചുള്ള സൈബര്‍ ഇടങ്ങളാണ്. ഇന്റര്‍ നെറ്റില്‍ സി അയ്യപ്പന് എന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്താല്‍ നിരവധി വിവരങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യമാകും. അതെല്ലാം വിശദീകരിച്ച് സമയം ദീര്ഷിപ്പിക്കുന്നില്ല. തന്നെയുമല്ല, ഇത് പുസ്തകപ്രകാശനവും ചര്‍ച്ചയും നടക്കുന്ന പരിപാടിയുമാണല്ലോ. അതുകൊണ്ട് ഞാന്‍ ചുരുക്കുന്നു...
ചോതിയുടേയും കുറുമ്പയുടേയും മകനായി, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും മൂവാറ്റുപുഴക്കും മധ്യേയുള്ള കീഴില്ലത്ത് 1949 ലാണ് സി അയ്യപ്പന് ജനിച്ചത്. ശ്രീശങ്കരവിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978 മുതല്‍ വിവിധ ഗവണ്മെന്റു കോളേജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രിന്‍സിപ്പാളായിരിക്കെ 2004 ല്‍ മലപ്പുറം ഗവണ്മെന്റ് കോളേജില്‍ നിന്നും വിരമിച്ചു. എറണാകുളം വടുതലയില്‍ വീടുവെച്ച് താമസിച്ചുവരികയായിരുന്നു. 2011 ആഗസ്റ്റ് 18 ന് അന്തരിച്ചു. ഏക മകള്‍ ഐശ്വര്യ അയ്യപ്പന്.
നമ്മള് ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട വസ്തുത, സി അയ്യപ്പന്റെ കഥകളുടെ പഠനം മാത്രമായ ആദ്യത്തെ ഗ്രന്ഥം നമ്മള് ഇപ്പോള്‍ പ്രകാശനം നിര്‍വഹിക്കാന്‍ പോകുന്ന, ചര്‍ച്ചചെയ്യാന്‍ പോകുന്ന പ്രൊഫ. കെ സദാനന്ദന്റെ 'രോഷത്തിന്റെ മറുഭാഷയും സംസ്കാരത്തിന്റെ പ്രതിരോധവും' ആണ്. കൃതിയുടെ ഉള്ളടക്കത്തിലേക്ക് കടക്കുന്നതിനുമുമ്പ്, ഇത്തരം ഒരു സംരഭത്തിന് തയ്യാറായ പ്രൊഫ. കെ സദാനന്ദനെ ഞാന്‍ അഭിനന്ദിക്കുകയാണ്.
ജയ് ഭീം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ