ജാതിവ്യവസ്ഥയുടെ നേര്‍ക്ക് കല്ലെറിഞ്ഞുകാണ്ട് അവസാനിക്കുന്ന സിനിമയാണ് 2014 ല്‍ നാഗ്രാജ് പോപട്റാവു മഞ്ജുളെ സംവിധാനം ചെയ്ത് പുറത്തിറക്കിയ തന്റെ ആദ്യസിനിമയായ ഫാണ്ട്രി.
ദലിതന് അതിജീവനസമരമെന്നതിനേക്കാള് ജീവിതം എന്നൊന്നില്ല. അതുകൊണ്ടു തന്നെ സാമ്പ്രദായിക ചലച്ചിത്രഭാഷയിലൂടെ അതെന്താണെന്ന് വിവരിക്കാനുമാവില്ല. ഇവിടെയാണ്, നാഗ്രാജ് മഞ്ജുളെ ഭാഷാപരമായ എല്ലാത്തരം കീഴ്വഴക്കങ്ങളേയും പുറംതള്ളിക്കൊണ്ട് പുതിയ ആവിഷ്കാരമാതൃകകളെ രൂപപ്പെടുത്തിയിരിക്കുന്നത്. ഫാണ്ട്രി എന്നാല്‍ സാധാരണ ഭഷയില്‍ പന്നി എന്നാണര്‍ത്ഥം. ജീവനത്തിനായി പന്നിയെ പിടിക്കാന്‍ അതിനെ ഓടിക്കുന്ന ദലിത് കുടുംബം, പന്നിയാകട്ടെ അതിന്റെ അതിജീവനത്തിനായുള്ള ഓട്ടത്തിലുമാാണ്! അടിയാളരുടെ അതിജീവനസമരങ്ങളില് ഇത്തരമൊരു ആന്തരികവൈരുധ്യം നിലനില്‍ക്കവെതന്നെ അവര്‍ സ്വാതന്ത്ര്യ ത്തിനായി അധീശവര്‍ഗവുമായി നിരന്തര സംഘര്‍ഷത്തിലുമാണ്. ഇതത്രെ ഫാണ്ട്രിയില്‍ നാഗ്രാജ് മഞ്ജുളെ കാഴ്ചവെക്കുന്ന ആവിഷ്കാരരൂപവ്യവസ്ഥയുടെ അന്തസ്സത്ത.
കൊട്ടാര സമുച്ചയങ്ങളുടെ കാടുമൂടിക്കിടക്കുന്ന നഷ്ടാവശിഷ്ടങ്ങള്‍ക്കു വെളിയിലാണ്, ജബ്യ എന്നുവിളിക്കുന്ന ജംഭുവന്ത് കച്രു മാനെ എന്ന ദലിത് കൗമാരപ്രായക്കാരന്റെ ചെറ്റപ്പുര. വീട്ടില്‍ ജബ്യക്ക് അച്ഛനും അമ്മയും വിവാഹപ്രായമെത്തിയ ഒരു സഹോദരിയും, വിധവയായ മറ്റൊരു സഹോദരിയുമുണ്ട്. പൊളിഞ്ഞുകിടക്കുന്ന ഈ പഴയ കൊട്ടാരവളപ്പിന് സമീപത്താണ് ജബ്യ പഠനം തുടരുന്ന സ്കൂള്‍ സ്ഥിതിചെയ്യു ന്നത്. ഒഴിവുസമയങ്ങളില്‍, കൂട്ടുകാരന് പിര്യയോടൊപ്പം സൈക്കിളില്‍ സഞ്ചരിച്ച് ഐസ് ബാര്‍ വില്‍ക്കുന്ന ജോലിയും ജബ്യ ചെയ്യുന്നുണ്ട്. അച്ഛന് പറയത്തക്ക ജോലിയൊന്നുമില്ല. പൊന്തക്കാടുകളില്‍ സ്വതന്ത്രമായി വളരുന്ന പന്നികളെ വേട്ടയാടിക്കൊണ്ടുവന്ന് ഭക്ഷിക്കുക എന്നതാണ് കുടുംബത്തിന് വിശപ്പടക്കുന്നതിനുള്ള പ്രധാനമാര്‍ഗം.
കവലയില്‍ സൈക്കില്‍ മെക്കാനിക്ക് ഷോപ്പ് നടത്തുന്ന ചങ്ക്യയുടെ അടുത്ത് ജബ്യ നിത്യസന്ദര്‍ശകനാണ്. ചങ്ക്യയുടെ കടയുടെ തൊട്ടപ്പുറത്തെ വീട്ടിലെ ഉയര്‍ന്നജാതി ക്കാരന്റെ മകള്‍ ശാലു ജബ്യയുടെ ക്ലാസില്‍ത്തന്നെയാണ് പഠിക്കുന്നത്. ജബ്യക്ക് ശാലുവിനോട് പ്രണയം തോന്നുന്നു. എന്നാല്‍ അവള് ഉയര്‍ന്ന ജാതിക്കാരിയാ യതിനാല്‍ പ്രണയമോഹം തുറന്നു പറയാന്‍ ജബ്യക്ക് കഴിയുന്നില്ല. അങ്ങിനെ സംഭവിച്ചാലുണ്ടാകാവുന്ന വന്‍ വിപത്തിനെ ഭയന്ന് ജബ്യ തന്റെ മോഹം സ്വപ്നത്തില്‍ത്തന്നെ കാത്തുസൂക്ഷിക്കുന്നു.
കരിങ്കിളി(കാക്കത്തമ്പുരാട്ടി)യെ കൊന്ന് ചുട്ടെരിച്ചു കിട്ടുന്ന ഭസ്മം, ഒരാള്‍ ആഗ്രഹി ക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ തൂളിയാല്‍ ആ വ്യക്തിയെ വശപ്പെടുത്താമെന്ന ഒരു 'പ്രണയതന്ത്രം' ചങ്ക്യയില് നിന്നും ജബ്യ മനസ്സിലാക്കുന്നു. ചങ്ക്യ ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു പോലും. പക്ഷെ നാളുകള്‍ക്കകം ആ പെണ്‍കുട്ടിയുടെ സഹോദരന് വന്ന് അവളെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം, ബലമായി പിടിച്ചുകൊണ്ടുപോയി. അതിനുശേഷം താങ്ങാനാവാത്ത ദുഃഖത്തിലമര്‍ന്ന ചങ്ക്യ ആധ്യാത്മിക ജീവിതത്തില്‍ അഭയം തേടുകയും മന്ത്രവാദക്രിയകള്‍ക്കും മദ്യത്തിനുമൊക്കെ അടിമയാകുകയും ചെയ്തിരുന്നു. ചങ്ക്യയുടെ വിവരണങ്ങളില്‍ നിന്ന് കേട്ടതുപോലെ ഒരു കിളിയെ പിടിച്ചുകൊണ്ടുവന്ന് അപ്രകാരം ചെയ്ത് ശാലുവിനെ വശത്താക്കണമെന്ന് ജബ്യ ആഗ്രഹിക്കുന്നു. എന്നാല്‍, കാക്കത്തമ്പുരാട്ടിയെ കാട്ടില്‍ നിന്നും പിടിക്കാന്‍ കഴിയായ്കയാല്‍, കിളികളെ വില്‍ക്കുന്ന കടയില്‍പ്പോയി ഒരണ്ണത്തെ വാങ്ങാന്‍ ജബ്യ തീരുമാനമെടുക്കുന്നു. പിര്യയുമൊത്ത് കിളിയെ വാങ്ങാന്‍ കടയിലെത്തിയ ജബ്യക്ക് കിളിയെ അവിടെ കണ്ടെത്താനാകുന്നില്ല. അതിനിടെ ജബ്യയുടെ സൈക്കിളിനുമീതെ മറ്റൊരു വാഹനം കയറി അത് ഞെരുങ്ങി നശിക്കുന്നു.
നിരാശയും നഷ്ടബോധവും കൊണ്ട് ക്ഷീണിതനായ ജബ്യ വീട്ടിലെത്തുമ്പോള്‍, പന്നിവേട്ടക്കായി കുടുംബം തയാറെടുക്കുകയായിരുന്നു. ആ സമയം സ്കൂള്‍ വിട്ടിട്ടുണ്ടായിരുന്നില്ല. അച്ഛന്റെ നിര്‍ബന്ധം കൊണ്ടും ഐസ് ബാര്‍ വില്പനയില് നിന്നും മേലില്‍ വരുമാനമൊന്നും ഉണ്ടാലില്ല എന്ന തിരിച്ചറിവുകൊണ്ടും ജബ്യ പന്നിവേട്ടക്ക് കുടുംബത്തോടൊപ്പം ചേരുന്നു. ഇവരുടെ പന്നിവേട്ട ഒരു വിനോദപരിപാടിപോലെ കണ്ടാസ്വദിക്കുന്നതിനായി മദ്യപന്മാരായ ഒരു കൂട്ടം ജാതിഹിന്ദുക്കളുടെ സംഘം കോട്ടമൈതാനത്തിന്റെ ഒരു വശത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇവര്‍ പന്നിയെ ഓടിക്കുമ്പോള്‍, അക്കൂട്ടര്‍ പന്നി.. പന്നി.. എന്നുവിളിച്ച് ജബ്യ കുടുംബത്തെ ആര്ത്തുവിളിച്ചുകൂകി പരിഹസിക്കാറുമുണ്ടായിരുന്നു. ഇത് അറിയാവുന്നതുകൊണ്ട്, അവരുടെ പരിഹാസങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കു ന്നതിനുമായിക്കൂടിയാണ് ജബ്യ ഐസ് ബാര്‍ വില്പനയില് അഭയം തേടിയിരുന്നത്.
ജബ്യ കുടുംബം ഒരു പന്നിയെ ലക്ഷ്യമിടുന്നു. അത് പിടിവിട്ടുപോകാതിരിക്കാന്‍ കുടുംബംഗങ്ങള്‍ പല ഭാഗങ്ങളിലായി വിന്യസിക്കുന്നു. ജബ്യയുടെ അടുത്ത് എത്തുമ്പോള്‍, അതിനെ പിന്തുരുന്ന ജബ്യ ചെന്നെത്തിയത് സ്കൂളിന് സമീപമാണ്. അവിടെ വേട്ടയാടുന്നത് കാണാന്‍ തന്റെ സഹപാഠികള്‍ നിരന്നു നല്പുണ്ടായിരുന്നു. കൂട്ടത്തില്‍ പെണ്‍കുട്ടികളോടൊപ്പം ശാലുവും! അവരുടെ മുമ്പില്‍ ലജ്ജിച്ചു വിളറിയ ജബ്യ സ്തംഭിച്ചു നിന്നു! പന്നി പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു. പിന്തുടര്ന്നെത്തിയ അച്ഛന്, പന്നിയെ പിടിക്കാതിരുന്ന കുറ്റത്തിന് ജബ്യയെ പൊതിരെ തല്ലുന്നു. ഇതുകണ്ട് മദ്യപന്മാരുടെ ആഹ്ലാദം ഉച്ചസ്ഥായിയിലാകുന്നു. സ്റ്റേഡിയ ത്തിലിരുന്നു ഫ്ഡ്ബോള് കളികാണുന്നവര്‍ പ്രൊത്സാഹനജനകമായി ആര്‍ത്തുവിളി ക്കുന്നതുപോലെ അവര്‍ പെരുമാറുന്നു. ജബ്യക്ക് അച്ഛന് നല്കുന്ന അടി, സെല്ഫ്ഗോളടിച്ച കളിക്കാരനെ മറ്റുള്ളവര്‍ നേരിടുമ്പോള്‍ എതിര് ടീമിലെ കളിക്കാര്‍ക്കുണ്ടാകുന്ന ആഹ്ലാദമെന്നതുപോലെയാണ് മദ്യപന്മാരുടെ അപ്പോഴത്തെ സ്ഥിതി. കൂട്ടുകാരുടെ മുന്നില്‍ മാനംകെട്ടതിലുള്ള കദനഭാരം തന്നെ കടുത്തതായ തിനാല്‍ അച്ഛന്റെ അടിയില്‍ നിന്നും ജബ്യ, കൂടുതല്‍ വേദനയൊന്നും അനുഭവി ക്കുന്നില്ല. എല്ലാ തിരിച്ചടികള്‍ക്കുമൊടുവില്‍ ജബ്യ പന്നിയെ കീഴടക്കുന്നു.
പന്നിയെ പിടിച്ചുകെട്ടി വീട്ടിലേക്കു കൊണ്ടുപോരുമ്പോഴും പന്നി... പന്നി...
എന്ന് ആക്ഷേപിച്ചുകൊണ്ട് മദ്യപന്മാരുടെ സംഘം അവരെ പിന്തുടരുന്നു. ആക്ഷേപം സഹിക്കവയ്യാതാകുന്ന ഘട്ടത്തില്‍ ജബ്യ അവരെ കല്ലെറിഞ്ഞ് ഓടിക്കുന്നു. ഏറുകൊണ്ട് മദ്യപന്മാര് ചിതറിയോടുന്നു. പക്ഷെ, ഒരു മദ്യപന് കല്ലുകളുമെടുത്തു കൊണ്ട് ജബ്യയെ എറിയുന്നതിനായി തിരികെ വരുന്നു. അതിനു മുമ്പേ ജബ്യ എടുത്തെറിയുന്ന ഒരു ഉരുളന്‍ കല്ല് പ്രേക്ഷകരുടെ നേര്‍ക്ക് വന്ന് സ്ക്രീനില്‍ നിറയുമ്പോള്‍ സിനിമ അവസാനിപ്പിക്കുന്നു.
പ്രേക്ഷകരുടെ സത്വര ശ്രദ്ധയെ ക്ഷണിക്കാന്‍ നാഗ്രാജ് മഞ്ജുളെ കരുതിക്കൂട്ടി എറിഞ്ഞ കല്ലാണ് അവരുടെ മുഖത്ത് നിപതിച്ചിരിക്കുന്നത്. അടിയന്തിരമായി പരിഹാരം കാണേണ്ട ഒരുപാട് പിന്തിരിപ്പന് ഏര്‍പ്പാടുകള്‍ സമൂഹ്യവ്യസ്ഥയില് കുടിയേറി ഉറച്ചിരിക്കുകയാണ്. അതിനെ നിവാരണം ചെയ്യപ്പെടേണ്ടതുണ്ട്. ആ കല്ല് പ്രേക്ഷകരോട് ചോദിക്കുന്നു; പദ്ധതികള്‍ പലതും വന്നുപോയിട്ടും, എന്തുകൊണ്ടാണ് ഒരു വിഭാഗം ജനത ഇന്നും അജ്ഞരായി തുടരുന്നത്? എന്തുകൊണ്ടാണ് അവര്‍ വൃത്തിഹീനരും ഭവനരഹിതരുമായി തുടരുന്നത്? പദ്ധതി നടത്തിപ്പിലെ പാളിച്ചകള്‍ മുലമാണോ, ഇങ്ങനെ സംഭവിക്കുന്നത്? അല്ലേയല്ല. പിന്നെയോ?, ഉപരിവര്‍ഗത്താല്‍ ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ തടയപ്പെട്ടിരിക്കുന്നു. ആ തടസ്സങ്ങള്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുകയാണ്. അതിന് പറയുന്ന പേരാണ് ജാതിവ്യവസ്ഥ. അതിനെ ഉന്മൂലനം ചെയ്യാതെ പുരോഗതി എന്നത് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയില്‍ ഒരിക്കലും സംഭവിക്കുകയില്ല...
ഡോ. ബി ആര് അംബേഡ്കര്‍ സൂചിപ്പിക്കുന്നു; നമ്മുടെ ഇടയില്‍ ഭൂദേവന്മാരും (ബ്രാഹ്മണര്‍) നമ്മളും (അസപൃശ്യരും) തമ്മില്‍ അടുത്ത ബന്ധംതന്നെയില്ല; ആ സ്ഥിതിക്ക് അവരുടെ ആചാരങ്ങള്‍ നമ്മളിലേക്ക് എങ്ങനെ വ്യാപിക്കും. ഉപനിഷത്തിലെ തത്വങ്ങള്‍ നമ്മളെ കേള്‍പ്പിക്കാന്‍ അവര്‍ തയാറല്ലെങ്കില്‍ നമ്മുടെ മാരിയമ്മപൂജ എങ്ങനെ ഇല്ലാതാകും? നമ്മള് വേദം കേള്‍ക്കരുത് എന്നാണ് അവരുടെ ആജ്ഞയെങ്കില്‍ നമ്മള് എങ്ങനെ ലാവണി (ലാസ്യനൃത്തം) വിട്ടുകളയും? നമ്മളെ ഉപനയനം കഴിപ്പിച്ച് പൂണൂലിടുവിച്ചാല് നമ്മളും ശുചിയും ശുദ്ധിയും ഉള്ളവരാകു മായിരുന്നില്ലേ? ചുരുക്കത്തില്‍ നമ്മള് വൃത്തികെട്ടവരാണെന്നാണ് ആരോപണ മെങ്കില്‍, അതിനുള്ള ഉത്തരം ഇതായിരിക്കും; നല്ല നടപടികള്‍ നമുക്ക് വല്ലവരും പറഞ്ഞുതന്നിരുന്നോ? ബ്രാഹ്മണന്റെ കുട്ടികള്‍ ബ്രാഹ്മണ്യത്തിന്റെ ആചാരങ്ങളും, നമ്മുടെ ഇടയില്‍ത്തന്നെ ക്രിസ്തുമതം സ്വീകരിച്ചവരുടെ കുട്ടികള്‍ ക്രൈസ്തവ ആചാരങ്ങളും പ്രദര്‍ശിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ബ്രാഹ്മണരുടെ ആചാരവി ചാരങ്ങള്‍ അസ്പൃശ്യര്‍ എന്തുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നില്ല എന്നു ചിന്തിച്ചുനോക്കിയാല്‍ നമുക്ക് മനസ്സിലാകും, അപ്രകാരമുണ്ടാവണമെങ്കില് രണ്ടു സമുദായങ്ങളും തമ്മില്‍ സ്നേഹപൂര്‍വകമായ ഇടപെടലുകളും അടുത്ത ബന്ധവും ഉണ്ടായിരിക്കണമെന്ന്. അസ്പൃശ്യതമൂലം, ഹിന്ദുസമൂഹത്തില്‍ ഇപ്രകാരമുള്ള ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അവരവരുടെ നല്ലതും ചീത്തയുമായ ആചാരങ്ങള്‍ ഓരോ സമുദായങ്ങളും തുടര്‍ന്നുപോരുന്നത് അതുകൊണ്ടാണ്. റോമാക്കാരുടെ അടിമത്തത്തില്‍ ഇപ്രകാരമുള്ള അസ്പൃശ്യതയുടെ കളങ്കമുണ്ടായിരുന്നില്ല എന്നതുകൊണ്ട് ഉന്നതവര്‍ഗത്തിന്റെ ആചാരങ്ങളും ഗുണങ്ങളും കാണാനും പകര്‍ത്താനും അടിമകള്‍ക്ക് കഴിഞ്ഞു. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 38. പേജ് 15) പ്രശ്നാവതരണവും പരിഹാര നിര്‍ദ്ദേശവും ഈ ഉദ്ധരണിയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അയിത്തമില്ലാത്തിടത്ത് അടിമകള്‍ സ്വതന്ത്രരാകുന്നു എന്ന ഉദാഹരണവും നല്‍കിയിട്ടുള്ളത് ശ്രദ്ധിക്കുക.
തീര്‍ത്തും ഒരു ദലിത് സിനിമക്ക് ഉദാഹരണമാണ് ഫാണ്ട്രി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിഭാഗം ഈയിടെ സംഘടിപ്പിച്ച സെമിനാറില്‍ മഞ്ജുളെ, യഥാര്‍ത്ഥ കലയുടെ സത്ത ദലിതരോടൊപ്പമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഹിന്ദി സിനിമാരംഗത്ത് ദലിതരായ പ്രതിഭകള്‍ക്ക് യാതൊരു പഞ്ഞവുമില്ലന്നും എന്നിട്ട് അവിടെ നിന്നും ദലിത് സിനിമകള്‍ മാത്രമുണ്ടാകുന്നില്ലെന്നും മഞ്ജുളെ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്ന 'തമാശ', 'ലാവണി' തുടങ്ങിയ കലാരൂപങ്ങള്‍ ചരിത്രപരമായി ദലിതരുടേതാണ്, ഒരു ദലിത് സ്ത്രീയുടെ ജീവിതംപോലും സാധാരണ ദലിതരില്‍ നിന്നും വ്യത്യസ്തമാണ് എന്നും മഞ്ജുളെ തുടര്‍ന്ന് പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ നാഗ്രാജ് മഞ്ജുളെ സ്വയം ഒരു ദലിതനല്ല. മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ നിന്നും വരുന്ന അന്തരാള (കര്മാള) സമുദായത്തിലാണ് ജന്മംകൊണ്ട് നാഗ്രാജ് മഞ്ജുളെ ഉള്‍പ്പെടുന്നത്. ഫാണ്ട്രിയില്‍ ചങ്ക്യയുടെ വേഷം മഞ്ജുളെ സ്വയം കൈകാര്യം ചെയ്യുന്നുമുണ്ട്.
ജബ്യയായി സോംനാഥ് അവ്ഘാദെയും പിര്യയായി സൂരജ് പവാറും വേഷമിടുന്നു. രാജേശ്വരി ഖാരാട്ടാണ് ശാലുവിനെ അവതരിപ്പിക്കുന്നത്. സംഗീതസംവിധാനം ആലോകാനന്ദ ദാസ്ഗുപ്തയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം വിക്രം അംലാദിയും എഡിറ്റിംഗ് ചന്ദന്‍ അറോറയും നിര്‍വഹിക്കുന്നു.
2014 ഫെബ്രുവരി 14, വാലെന്റൈന്‍സ് ദിനത്തിലാണ് ഫാണ്ട്രി റിലീസ് ചെയ്തത്. നിരവധി ദേശീയ - അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിപ്പിച്ച് ശ്ര്ദധേയമായ അവാര്‍ഡുകളും ഫാണ്ട്രി കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും ഫാണ്ട്രിയിലൂടെ നാഗ്രാജ് മഞ്ജുളെ നേടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ