"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

ജീവിതനൗക: ചരിത്രംകുറിച്ച സിനിമയില്‍ ജാതീയതയുടെ നിരാസങ്ങള്‍1951 ല്‍ ഇറങ്ങിയ മലയാളം സിനിമ 'ജീവിതനൗക'യില്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്. പക്ഷെ, അതൊരു സാമൂഹ്യവിപത്താണെന്ന് ചൂണ്ടിക്കാണിക്കു ന്നില്ല. അതുകൊണ്ടുതന്നെ അതിനെ നിവാരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നൊരു ലക്ഷ്യം ഈ സിനിമയുടെ പിന്നിലില്ല. എങ്കിലും ജാതിവ്യവസ്ഥയെ രേഖപ്പെടുത്തിയ ഒരു സനിമ എന്ന നിലയില്‍ 'ജീവിതനൗക' ക്കുള്ള ചരിത്രപ്രസക്തിയെ തള്ളിപ്പറയാനാവില്ല. വിഖ്യാത സംവിധായകന്‍ ഫ്രാന്‍സെ ഓസ്റ്റന്‍ സംവിധാനം ചെയ്ത ഹിന്ദി സിനിമ 'ജീവന്‍ നയാ'യുടെ റീമേക്കാണ് ജീവിനൗക. അതേവര്‍ഷം തന്നെ ജീവിതനൗകക്ക് 'പിച്ചൈക്കാരി' എന്ന പേരില്‍ ഒരു തമിഴ് പതിപ്പും പുറത്തിറക്കിയിരുന്നു. അന്യഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്ന ആദ്യത്തെ മലയാള സിനിമയും ജീവിതനൗകയാണ്.

സംവിധായകനായ കുഞ്ചാക്കോയും കെ വി കോശിയും ചേര്‍ന്ന് നിര്‍മിച്ച ജീവിതനൗക, തമിഴ്‌നാട്ടുകാരനായ കെ വെമ്പുവാണ് സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റാണ് ജീവിതനൗക. റിലീസ് ചെയ്ത അന്നുതൊട്ട് 284 ദിവസം തുടര്‍ച്ചയായി ഓടിക്കൊണ്ട് ഈ സിനിമ ചരിത്രം സൃഷ്ടിച്ചു. 16 ഗാനങ്ങളോടെയും ഒന്നുരണ്ട് തിയേറ്റര്‍ രംഗാവിഷ്‌കാരങ്ങളോടെയും പുറത്തിറങ്ങിയ ജീവിതനൗക പ്രേക്ഷകര്‍ക്ക് ഇന്നുപോലും വിനോദപ്രദായിനിയായി നിലനില്‍ക്കുന്നു. വര്‍ഷങ്ങളോളം പ്രക്ഷകരെ കരയിപ്പിച്ച, അതിഭാവുകത്വദൃശ്യങ്ങളുടെ ധാരാളിത്തം സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകമായി.

യുവാവയ രാജുവും ബാലകനായ സോമനും സഹോദരങ്ങളാണ്. സോമന്റെ ജനനത്തിനുശേഷം ഇവര്‍ക്ക് അച്ഛനേയും അമ്മയേയും നഷ്ടമായി. രാജു വിവാഹിതനുമാണ്. ജന്മിക്കച്ചേരിയില്‍ അയാള്‍ ജോലിചെയ്യുന്നു. സോമന്‍ അടുത്തവീട്ടിലെ കണിയാന്റെ മകള്‍ ലക്ഷ്മിയുമായി പ്രണയത്തിലാകുന്നു. കുറച്ചുകാലം കഴിഞ്ഞ്, ദൂരെ കോളേജില്‍ താമസിച്ചുപഠിക്കുകയായിരുന്ന സോമന്‍ യുവാവായി തിരിച്ചെത്തുന്നു. ഇതിനിടെ ലക്ഷ്മിയുടെ അച്ഛന്‍ അന്തരിച്ചു. രാജു സോമന് വിവാഹാലോചനകള്‍ നടത്തുന്നവേളയില്‍, ലക്ഷ്മിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം ചെയ്തുതരണമെന്നും സോമന്‍ അഭ്യര്‍ത്ഥിക്കുന്നു. കുടുംബത്തില്‍ ഇത് പ്രശ്‌നമാകുന്നു. ഒരു കീഴ്ജാതിക്കാരിയെ വിവാഹം ചെയ്യുകയോ? എങ്കിലും പിതൃതുല്യനായ രാജു സോമന്റെ ആഗ്രഹപ്രകാരം ലക്ഷ്മിയുമായുള്ള വിവാഹം നടത്തിച്ചുകൊടുക്കുന്നു. സോമന്റെ വീട്ടില്‍ താമസമാക്കിയ ലക്ഷ്മിക്ക്, രാജുവിന്റെ ഭാര്യ ജാനുവില്‍ നിന്നുമുള്ള കടുത്ത പോര് നേരിടേണ്ടിവരുന്നു. സദാസമയവും ശകാരവും കുശുമ്പും ശാരീരികമായ പീഢകളും ലക്ഷ്മിക്ക് സഹിക്കേണ്ടതായിവരുന്നു. അതിനിടെ അവര്‍ക്ക് ഒരാണ്‍കുട്ടി പിറക്കുന്നു. ചേട്ടത്തിയില്‍ നിന്നുമുള്ള പീഢനങ്ങള്‍ അസഹ്യമായി തുടര്‍ന്നപ്പോള്‍ സോമന്‍ ലക്ഷ്മിയോടും മകനോടുമൊപ്പം അവരുടെ കൂരയില്‍ ചെന്ന് താമസമായി. ഗോപി എന്ന് അവന് പേര് നല്‍കി. സോമന്‍ തൊഴിലന്വേഷിച്ച് നാടുവിടുന്നു. ഒറ്റക്കായ ലക്ഷിയേയും മകനേയും, ചേട്ടത്തിയുടെ സഹോദരനായ ശങ്കു ഉപദ്രവിച്ചുകൊണ്ടിരുന്നു. രാത്രികാലങ്ങളിലും അയാളുടെ ശല്യം മൂത്തപ്പോള്‍ ലക്ഷ്മി, ജന്മിക്കച്ചേരിയില്‍ ചെന്ന് പരാതിബോധിപ്പിക്കുന്നു. വറചട്ടിയില്‍ നിന്ന് അടുപ്പിലേക്ക് ചാടിയ അനുഭവമാണ് ജന്മിക്കച്ചേരിയില്‍ വെച്ച് ലക്ഷ്മിക്കുണ്ടായത്! ജന്മി അവളെ കടന്നുപിടിച്ചു. വല്ലവിധേനയും അയാളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട ലക്ഷ്മിയും ഗോപിയും കൂരയില്‍ മടങ്ങിയെത്തുന്നു. അന്നു രാത്രിതന്നെ ജന്മിയുടെ ആളുകള്‍ ലക്ഷ്മിയുടെ കൂരക്ക് തീവെക്കുന്നു. നിവൃത്തിയില്ലാതെ ലക്ഷ്മി മകനുമായി അവിടെ വിടുന്നു. യാചകരുടെ ഇടയില്‍ ചെന്നുപെടുന്ന ലക്ഷ്മി, തന്റെ സാമര്‍ത്ഥ്യംകൊണ്ട് അവരുടെ നേതൃത്വനിരയിലേ ക്കുയരുന്നു. ഒരു 'യാചകകേന്ദ്രം' സ്ഥാപിച്ച് യാചകരുടെ ക്ഷേമത്തിനായി ലക്ഷ്മി പ്രവര്‍ത്തിച്ചുവരുമ്പോള്‍ ഒരു നാടകക്കമ്പനി ഉടമ അഭിനേത്രിയായി കമ്പനിയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യാചകകേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള ധനാഗമനമാര്‍ഗമായി ആ അവസരത്തെ കാണുന്ന ലക്ഷ്മി അയാളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നാടകരംഗത്ത് സജീവമാകുന്നു.

തൊഴിലന്വേഷിച്ചു നടക്കുന്നതിനിടെ, ഒരു സമ്പന്നകുടുംബത്തിന്റെ കാറിനു മുന്നില്‍പ്പെട്ട് സോമന് പരിക്കുപറ്റുന്നു. സോമന്റെ പരിക്കുകള്‍ ചികിത്സിച്ചു ഭേദമാക്കുന്ന ആ സമ്പന്നകുടുംബം സോമന്, അരുടെ കമ്പനിയില്‍ ജോലി തരമാക്കിക്കൊടുക്കുന്നു. സാമ്പത്തിക നില അഭിവൃദ്ധിപ്പെട്ടപ്പോള്‍ സോമന്‍, ലക്ഷ്മിയേയും മകനേയും കൂട്ടിക്കൊണ്ടുവരുന്നതിനായി നാട്ടിലെത്തിയപ്പോള്‍ അവരെ വീട്ടില്‍ കാണാതാകുന്നു! ജന്മിക്കച്ചേരിയിലെ വക്കീല്‍, രാജു കച്ചേരിയില്‍ നിന്നും പണം അപഹരിച്ചുവെന്നൊരു കള്ളക്കേസുണ്ടാക്കി അയാളെ ജയിലിലാക്കുന്നു. നിരപരാധിയാണെങ്കിലും, പണംകൊടുത്താല്‍ ജയില്‍ശിക്ഷ ഒഴിവാക്കാമല്ലോ എന്നോര്‍ത്ത് രാജു തന്റെ ഭാര്യയോട് അതിനുള്ള കുറച്ചുരൂപയെങ്കിലും തരണമെന്ന് അവരോട് കേണപേക്ഷിച്ചുവെങ്കിലും അതിനവര്‍ കൂട്ടാക്കുന്നില്ല. അന്നു രാത്രിതന്നെ, തന്റെ സ്വത്തുക്കള്‍ വാരിക്കൂട്ടി രക്ഷപ്പെടാന്‍ ഒരുമ്പെട്ട രാജുവിന്റെ ഭാര്യയെ പിന്തുടര്‍ന്ന് ആക്രമിച്ച് കീഴടക്കുന്ന വക്കീലും രണ്ടുകള്ളന്മാരും ചേര്‍ന്ന് സ്വത്തുക്കള്‍ മുഴുവന്‍ കൈക്കലാക്കുന്നു. ശങ്കുവിനെ കുത്തിക്കൊല്ലുകയും ചെയ്യുന്നു. ശങ്കുവിനെ കൊന്നത് സോമനാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വക്കീല്‍ അയാളേയും അകത്താക്കുന്നു. 

വക്കീലിന്റെ കൂട്ടാളികള്‍ അപഹരിച്ച സ്വത്തുക്കള്‍ ഒരു ജ്വല്ലറിയില്‍ വില്‍ക്കാന്‍ കൊണ്ടുചെല്ലുന്നു. സംശയം തോന്നിയ ജ്വല്ലറി ഉടമ വിവരം പൊലീസിനെ അറിയിക്കുന്നു. അവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍, എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും വക്കീലാണ് പ്രവര്‍ത്തിച്ചതെന്ന സത്യം അവര്‍ വെളിപ്പെടുത്തുന്നു. പൊലീസുകാര്‍ രാജുവിനേയും സോമനേയും ലോക്കപ്പില്‍ നിന്നും പുറത്തുവിട്ട്, അവിടെ വക്കീലിനെ ഇടുന്നു. ലോക്കപ്പിലാകുന്നതിനുമുമ്പ് സോമന്‍, നാടകശാലയില്‍വെച്ച് അഭിനയിച്ചുകൊണ്ടുരിക്കുന്ന ലക്ഷ്മിയെ തിരിച്ചറിഞ്ഞിരുന്നു. സോമനും കുടുംബവും പുതിയവീട്ടില്‍ താമസമാക്കുന്നു. മുമ്പ് ലക്ഷ്മി യാചിച്ചുനടന്നതു പോലെ അതേവേഷത്തില്‍ യാചിച്ചുകൊണ്ട് ചേട്ടത്തി ജാനു സോമന്റെ വീട്ടിലെത്തുന്നു! അവരെ കാണുന്ന ലക്ഷ്മിയില്‍ പ്രതികാരചിന്ത ലവലേശമുണ്ടാകുന്നില്ല. ഇരുവരും ആശ്ലേഷിക്കുന്നു. പിന്നീടെല്ലാം ശുഭം.

ജാതിവ്യവസ്ഥ വരുത്തിവെക്കുന്ന സാമൂഹ്യപിന്നോക്കാവസ്ഥയാണ് കഥാതന്തുവിനെ പിരിമുറുക്കുന്നതെങ്കിലും ഒരിടത്തും അത് വിമര്‍ശനവിധേയമാകുന്നില്ല. സവര്‍ണര്‍, പിന്നോക്കക്കാര്‍, അസ്പൃശ്യര്‍ എന്നിവര്‍ ശ്രേണീകൃതമായ അവരുടെ പൂര്‍വാവസ്ഥയില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. സവര്‍ണരായ കഥാപാത്രങ്ങള്‍ക്ക് അവരുടെ ജാതിനാമങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം പിന്നോക്കജാതിയെ കണിയാന്‍ എന്നുള്ള ജാതിനാമം പ്രയോഗിക്കുന്നുണ്ട്. അസ്പൃശ്യരെ, അകറ്റിനിത്തുന്നതുകൊണ്ടും അടിമത്വത്തെ സൂചിപ്പിക്കുന്ന പ്രവൃത്തികൊണ്ടും പെരുമാറ്റവുംകൊണ്ടും അവരുടെ ജാതി സൂചിപ്പിക്കുന്നുണ്ട്. ജാതിനാമം സൂചിപ്പിക്കുന്നകാര്യത്തില്‍ സംവിധായകന്‍, കെ വേമ്പുവിന് തന്നെ അത്രക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് കരുതുന്നതില്‍ തെറ്റില്ല. കാരണം അദ്ദേഹം ഒരു പരദേശി ബ്രാഹ്മണനാണല്ലോ, മുഴുവന്‍ പേര് കെ വെമ്പു അയ്യരെന്നും. പക്ഷെ എന്തുകൊണ്ട്, സവര്‍ണരേയും ദലിതരേയും ജാതിപ്പേരില്‍ സംബോധന ചെയ്യാത്തിടത്ത് പിന്നോക്കക്കാരെ മാത്രം ജാതിനാമത്തില്‍ സംബോധന ചെയ്യുന്നു? സവര്‍ണരില്‍ നിന്ന് വ്യത്യസ്ഥരാണ് പിന്നോക്കക്കാര്‍ എന്ന് വ്യക്തമാക്കുന്നതിനാ യിരിക്കാം ഈ അടവുനയം പ്രയോഗിച്ചത് എന്നുകരുതാം. രാജു പണിക്കര്‍ എന്നോ സോമന്‍ നായര്‍ എന്നോ സവര്‍ണരെ വിളിക്കാത്തതുകൊണ്ട് ലക്ഷ്മിയെ കണിയാട്ടി എന്നു വിളിക്കാതിരുന്നാല്‍ അവളുടെ ജാതീയമായ പിന്നോക്കാവസ്ഥ എന്തെന്ന് സൂചിപ്പിക്കാന്‍ സാധ്യമാകാതെ വരുന്നു. എന്നാല്‍ അസ്പൃശ്യനായ ചാത്തനെ, ആ വ്യക്തിനാമപ്രയോഗത്തിലൂടെതന്നെ അവര്‍ പുലയനാണെന്ന് വ്യക്തമാക്കുന്നു. 

ജന്മിമാര്‍ സാമ്പത്തികാധികാരംകൊണ്ടുമാത്രമാണ് സമൂഹത്തില്‍ മേല്‍ക്കൈനേടു യിരിക്കുന്നതെന്ന് ചരിത്രവസ്ഥുത ജീവിതനൗക പുറപ്പെടുവിക്കുന്ന പ്രഖ്യാപനമാണ്. ഉദാഹരണത്തിന് ജന്മിക്കച്ചേരിയിലെ ജന്മി, വിവരദോഷത്തിന്റേയും സ്ത്രീവിഷയത്തിന്റേയും മൂര്‍ത്തീഭാവമാണ്. തോര്‍ത്തുമുണ്ടിനു മീതെ കോട്ടുധരിച്ച് ജന്മി വയസാംകാലത്ത് സംബന്ധാലോചനക്കായി കാറില്‍ പുറപ്പെടാന്‍ പോകുന്ന രംഗത്തിന്റെ ചിത്രീകരണം അവരുടെ വിവരമില്ലായുടെ പാരമ്യത്തിലാണ്. കാറ് സ്റ്റാര്‍ട്ടാവാത്തതിനാല്‍ ജന്മിയും വാല്യക്കാരും പിന്‍വാങ്ങുമ്പോള്‍ തത്സ്ഥാനത്ത് ഒരു കഴുതവന്നു നിലക്കുന്നു! ജന്മിയുടെ കൂട്ടാളികളെല്ലാം അഴിമതിക്കാരും ദുര്‍വൃത്തരുമാണ്. അതേസമയം, അനുകമ്പയുടേയും നിഷ്‌കളങ്കതയുടേയും ആള്‍രൂപങ്ങളായാണ് അസ്പൃശ്യരെ സന്നിഹിതരാക്കുന്നത്. നാടുവിട്ടുപോകുന്ന ലക്ഷ്മിയേയും ഗോപിയേയും, തമ്പ്രാട്ടിക്ക് വിരോധമില്ലെങ്കില്‍ അടിയന്റെ കൂരയില്‍ താമസിക്കാം എന്നു പറഞ്ഞ് ചാത്തന്‍ അവരെ ക്ഷണിക്കുന്നുണ്ട്. സ്‌നേഹപൂര്‍വം ആ ക്ഷണം നിരസിച്ച്, അവിടെനിന്നും കടന്നുപോകുന്ന അവര്‍ക്ക് ചാത്തന്റെ മകന്‍ കൃഷിചെയ്തുവിളയിച്ച ഒരു കുമ്പളങ്ങ ദാനമായി കൊടുക്കുന്നു. 

ജാതിഘടനയെ കൃത്യമായി നിര്‍വഹിച്ചുവെങ്കിലും ജാതിത്തൊഴില്‍ വിഭജനം സിനിമയില്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നുണ്ട്. കേരളത്തിലെ കണിയാന്മാരുടെ തൊഴില്‍ ഭാവിപ്രവചനവും പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കലുമാണ്. തൊപ്പിക്കുടകെട്ടലും കോലംപണിയലും ചില ഇടങ്ങളിലെ കണിയാന്മാര്‍ ചെയ്യുന്നുണ്ടെന്നു വന്നേക്കാമെങ്കിലും മുഖ്യമായും അത് പറയരുടെ ജാതിത്തൊഴിലാണ്. ജാനുവിന്റെ അമ്മയും (ജാതിപ്പേര് ഉപയോഗിക്കുന്നില്ലെങ്കിലും നായര്‍) ആങ്ങള ശങ്കുവും അവരുടെ ആദ്യകാല ദാരിദ്ര്യാവസ്ഥയില്‍ കുടിലില്‍ കഴിയുമ്പോള്‍ പായനെയ്തുവിറ്റാണ് ഒരുവിധം ജീവന്‍ നിലനിര്‍ത്തിപ്പോരുന്നത് എന്നുകാണാം. നായര്‍ക്കെന്താ പായനെയ്തുകൂടെ എന്ന ചോദ്യം യുക്തമാണെങ്കിലും അതിന് ചരിത്രപ്രസക്തിയില്ല. തഴപ്പായ നെയ്ത്ത് ചെയ്തുവരുന്നത് തീര്‍ത്തും പുലയരാണ്. നായരായ സോമന്‍ തൊഴില്‍തേടി അലയുന്ന ദൃശ്യങ്ങളിലും ഈ തൊഴില്‍ ഘടനയുടെ നിരാസം കാണാം. സാമൂഹികാധികാരത്തില്‍ മേല്‍ക്കൈ നേടിയിട്ടുള്ള പ്രാമാണികരായ സമുദായക്കാര്‍ക്ക് ഏഴാംക്ലാസ് വിദ്യാഭ്യാസംപോലുമില്ലെങ്കില്‍ക്കൂടി ഉദ്യോഗസ്ഥാനം ലബ്ധമാകുമെന്നിരിക്കെ ബി എ ക്കാരനായ സോമന്‍ ജോലിതേടി നാളുകളോം ഇങ്ങനെ കഷ്ടപ്പാടനുഭവിക്കേണ്ട അവസ്ഥ അന്നു നേരിട്ടിരുന്നുവോ?

വിദ്യാഭ്യാസമാണ് വിമോചനത്തിന്റെ മാതാവ് എന്ന ചരിത്രസത്യം ഈ സിനിമ മുന്നോട്ടുവെക്കുന്ന തിരിച്ചറിവുകളില്‍ പ്രമുഖമാണ്. സോമന്റെ കോളേജ് വിദ്യാഭ്യാസം തന്നെ ഒന്ന്. ലക്ഷ്മിതന്നെയും അക്ഷരാഭ്യാസം നേടിയവളാണ്. രാജുവിന്റെ രണ്ടുകുട്ടികളേയും ശങ്കു ഒരിക്കല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാമില്ലാത്ത ശങ്കുവിന്റെ ആ അഭ്യാസം കൂട്ടികള്‍ക്ക് പീഢനമല്ലാതെ മറ്റൊന്നുമായിരുന്നില്ല. രാജുവിന്റെ മക്കളും സോമന്റെ മകനും ഔപചാരികവിദ്യാഭ്യാസം തേടുന്ന ഒരു ക്ലാസ്മുറി കാണിക്കുന്നുണ്ട്. ഉത്തരം പറയാത്ത കുറ്റത്തിന് ഗോപിയെ അടിക്കാനോങ്ങു മ്പോള്‍, 'രണ്ടുദിവസമായി സാര്‍ കഞ്ഞികുടിച്ചിട്ട്...' എന്നുപറഞ്ഞുകൊണ്ട് ഗോപി വാവിട്ട് കരയുന്നു. ഇതുകേട്ട് തളര്‍ന്നിരിക്കുന്ന വാധ്യാരില്‍ നിന്നും ഒരു ശബ്ദം പുറപ്പെടുന്നു, 'നിന്റെ അച്ഛനും ഒരു വാധ്യാരാണോ കുഞ്ഞേ....'

ജാതിഉന്മൂലനത്തിന് ഡോ. അംബേഡ്കര്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രായോഗികമാര്‍ഗമായ 'മിശ്രവിവാഹം' പരിഗണനക്കെടുത്തിട്ടുണ്ട്. സോമനും ലക്ഷ്മിയുമായുള്ള വിവാഹത്തിന് സമ്മതം മൂളുമ്പോള്‍, ആദ്യമായി മിശ്രവിവാഹത്തിന് തയാറായതിനുള്ള ഖ്യാതി തങ്ങളുടെ കുടുംബത്തിന് ലഭിക്കുമല്ലോ എന്നോര്‍ത്ത് രാജു ആശ്വസിക്കുന്നുണ്ട്. പക്ഷെ, മിശ്രവിവാഹം സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഉപാധി എന്ന നിലയിലല്ല, മറിച്ച് ഒരുകുടുംബം വെച്ചുപുലര്‍ത്തുന്ന ഔദാര്യം എന്നനിലയിലാണ് അതിനെ സമീപിച്ചിട്ടു ള്ളത്. അതിലപ്പുറം മിശ്രവിവാഹം ഇവിടെ പ്രസക്തമല്ലതന്നെ.

വക്കീലായി വേഷമിട്ട മുതുകുളം രാഘവന്‍പിള്ള രചിച്ച കഥയാണ് ജീവിതനൗകക്ക് ആധാരം. എഡിറ്റിംഗ് രംഗത്തെ പുത്തന്‍ ഏര്‍പ്പാടുകളെല്ലാം ആ ചുമതലനിര്‍വഹിച്ച എസ് വില്യംസ് പരീക്ഷിച്ചിട്ടുണ്ട്. പി ബി മണിയുടേതാണ് ഛായാഗ്രഹണം. വി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ പ്രമുഖ പിന്നണിഗായകന്‍ മെഹബൂബ് അരങ്ങേറ്റം കുറിച്ച സിനിമയുമാണ് ജീവിതനൗക. നായകനായ സോമന്റെ വേഷം കൊകാര്യം ചെയ്തത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. ജ്യേഷ്ഠനായ രാജുവിനെ സംഗീതരംഗത്ത് പ്രസിദ്ധനായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ അവതരിപ്പിക്കുന്നു. മറ്റു നടന്മാരില്‍ ആദിമൂലം കണിയാനായും എസ് പി പിള്ള ശങ്കുവായും പ്രത്യക്ഷപ്പെടുന്നു. 

മലയാളത്തിലെ ആദ്യസിനിമയായ 'വിഗതകുമാര'നില്‍ വേഷമിട്ടിട്ടുള്ള ജോണ്‍സന്റെ മകള്‍ ബി എസ് സരോജയാണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്. സരോജയുടെ ആത്മമിത്രംകൂടിയായ പങ്കജവല്ലിയാണ് ചേട്ടത്തിയായ ജാനുവിനെ അവതരിപ്പിച്ചത്. പങ്കജവല്ലി ആദ്യം അഭിനയിച്ച സനിമയും ജീവിതനൊക തന്നെ. പ്രസിദ്ധ നടി, കാവേരി (കല്യാണി) പങ്കജവല്ലിയുടെ ചെറുമകളാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ