"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഫെബ്രുവരി 25, ഞായറാഴ്‌ച

രോഷത്തിന്റെ മറുഭാഷയും സംസ്‌കാരത്തിന്റെ പ്രതിബോധവുംസഹോദരീസഹോദരന്മാരെ,

പ്രസിദ്ധ മലയാള ദലിത് സാഹിത്യകാരനായ സി അയ്യപ്പന്‍ എഴുതിയിട്ടുള്ള കഥകളെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനായിരുന്നിട്ടുമുള്ള പ്രൊഫ. കെ സദാനന്ദന്‍ രചിച്ച 'രോഷത്തിന്റെ മറുഭാഷയും സംസ്‌കാരത്തിന്റെ പ്രതിബോധവും - പ്രൊഫ. സി അയ്യപ്പന്‍ കഥകളുടെ പഠനം' എന്ന പഠനഗ്രന്ഥ ത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കുന്നതിനും, ആ പുസ്തകത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും വേണ്ടിയിട്ടാണല്ലോ നമ്മള്‍ ഇന്നിവിടെ കൂടിയിരിക്കുന്നത്. ഈ പരിപാടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ സംഘാടകരോട് ആദ്യമേതന്നെ ഞാന്‍ നന്ദിയറിയിക്കട്ടെ.

മഹാരാഷ്ട്രയില്‍ 1972 ല്‍ ദലിതരുടെ ഇടയില്‍ രൂപംകൊണ്ട പ്രസ്ഥാനമായ ദലിത് പാന്തേഴ്‌സിന്റെ സ്ഥാപകരായ, നാംദിയോ ദാസല്‍, ജെ വി പവാര്‍, അരുണ്‍ കാംബ്ലെ, രാജ ഥാലെ, എന്നിവര്‍ക്കും ദയാ പവാര്‍, ശരണ്‍കുമാര്‍ ലിംബാലെ, ഉത്തര്‍ പ്രദേശിലെ ഓം പ്രകാശ് വാല്മീകി, തെലുങ്കിലെ ഗോഗു ശ്യാമള, ബംഗാളിയിലെ മനോരഞ്ജന്‍ ബ്യാപാരി, കന്നടയിലെ ദേവനൂരു മഹാദേവ, അരവിന്ദ് മലഗട്ടി, തമിഴിലെ ഗുണ രാജശേഖരന്‍, പാമ, പഞ്ചാബിലെ ഗുര്‍ദയാല്‍ സിംഗ്, ആന്ധ്രയിലെ കട്ടി പത്മറാവു, മഹാരാഷ്ട്രയിലെതന്നെ അണ്ണാബാഹു സാഥെ, ലക്ഷ്മണ്‍ ഗെയ്ക്ക്വാദ്, ലക്ഷ്മണ്‍ മാനെ തുടങ്ങിയവര്‍ക്കൊക്കെ സമശീര്‍ഷനായ മലയാളത്തിലെ ദലിത് സാഹിത്യകാരണാണ് സി അയ്യപ്പന്‍. 

അദ്ദേഹം 24 ചെറുകഥകള്‍ മാത്രമേ രചിച്ചിരുന്നുള്ളൂ. മാതൃഭൂമി, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് സി അയ്യപ്പന്‍ കഥകള്‍ പ്രസിദ്ധീകരി ക്കപ്പെട്ടിരുന്നത്. ആദ്യകാല കഥകള്‍ ചേര്‍ത്ത് 'ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങള്‍' എന്ന പേരില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അത്രയും കഥകളോട് പുതിയ കഥകളും ചേര്‍ത്ത് ഡി സി ബുക്‌സ് കോട്ടയം 2003 ല്‍ 'ഞണ്ടുകള്‍' എന്ന പേരില്‍ പുതിയൊരു സി അയ്യപ്പന്‍ കഥകളുടെ സമാഹാരം പുറത്തിറക്കി. എല്ലാ കഥകളും ചേര്‍ത്ത് പ്രസാധകഭീമന്മാരായ പെന്‍ഗ്വിന്‍ ബുക്‌സ് അവരുടെ മലയാളം വിഭാഗത്തിലുള്‍പ്പെടുത്തി സി അയ്യപ്പന്റെ സമ്പൂര്‍ണകഥാസമാഹാരപുസ്തകം പുറത്തിറക്കി. നാല് അപ്രകാശിത കഥകള്‍കൂടി ചേര്‍ത്ത് സമ്പൂര്‍ണകഥകളുടെ പുതിയൊരു സമാഹാരം പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് കഥാകൃത്തായ എം ആര്‍ രേണുകുമാര്‍ അറിയിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യലോകം, സൂചകം തുടങ്ങിയവയില്‍ സി അയ്യപ്പന്‍ കഥകളുടെ പുനഃപ്രസിദ്ധീകരണങ്ങള്‍ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. ഈയിടെ അന്തരിച്ച പ്രമുഖ സാഹിത്യനിരൂപകനായിരുന്ന ഡോ. വി സി ഹാരിസ്, കേന്ദ്ര ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള സാഹിത്യപ്രസ്ഥാനത്തിന് വേണ്ടി, കേരളത്തില്‍ നിന്നുള്ള കഥാകാരന്മാരുടെ സമാഹാരപുസ്തകം എഡിറ്റ് ചെയ്തപ്പോള്‍ സി അയ്യ പ്പന്റെ ഒരു കഥയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കവിയും കഥാകാരനുമായ എം ആര്‍ രേണുകുമാര്‍ സമാഹരിച്ച്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ 'ഞാറുകള്‍' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ 'വളയന്‍ചിറങ്ങര' എന്ന ചെറുകഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരണം കഴിഞ്ഞ് ഏറെ താമസിയാതെ ഈ കൃതിക്ക് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റവും വന്നു. പ്രസിദ്ധ കഥാസാഹിത്യകാരനും നോവലിസ്റ്റുമായ എന്‍ എസ് മാധവന്‍ ഡി സി ബുക്‌സിന് വേണ്ടി തയാറാക്കിയ 'മലയാളം 60 കഥകള്‍' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ 'ഭ്രാന്ത്' എന്ന കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


സി അയ്യപ്പന്‍ അവസാനമായി എഴുതിയ കഥ 2003 ല്‍ ഭാഷാപോഷിണിയില്‍ പ്രത്യക്ഷപ്പെട്ട 'നിരവത്ത് കയ്യാണി' ആണെന്നു കരുതാം. ഇതാകട്ടെ താന്‍ മുമ്പഴുതി നഷ്ടപ്പെട്ടുപോയ ഇതേപേരിലുള്ള ഒരു കഥ, ഓര്‍മയില്‍ നിന്നും വീണ്ടുമെടുത്തെഴുതി യതാണെന്ന് ആമുഖവരികളില്‍ കഥാകൃത്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്. 

ഉത്തരാധുനികതയില്‍ ഇടപെട്ട ആദ്യത്തെ മലയാള ദലിത് സാഹിത്യകാരനാണ് സി അയ്യപ്പന്‍. ക്ലാസിക് കാലഘട്ടത്തിലെ ആദ്യത്തെ മലയാള ദലിത് സാഹിത്യകൃതി 1892 ല്‍ ഇന്ദുലേഖയുടെ അതേകാലത്തുതന്നെ രചിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീവിജയം' എന്ന നോവലാണ്. ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ ദലിത് സാഹിത്യകൃതി 1979 ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ടി കെ സി വടുതലയുടെ 'ചങ്ങലകള്‍ നുറുങ്ങുന്നു' എന്ന നോവലാണ്. ടി കെ സി വടുതലയുടെ മകള്‍ ലളിതയാണ് സി അയ്യപ്പന്റെ ജീവിതപങ്കാളി. സാഹിത്യാസ്വാദകര്‍ ഇതൊരു ഭാഗ്യമായി കരുതുന്നു. കാരണം, ഇരുവരില്‍ ആരെയെങ്കിലും ഒരാളെ പരമാര്‍ശിച്ചുകണ്ടാല്‍ രണ്ടുപേരേയും അനുസ്മരിക്കാന്‍ അത് ഇടയാക്കുന്നു എന്നുള്ളതാണ്.

കോഴിക്കോടുള്ള ഒരു നാടകസമിതി സി അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന ചെറുകഥക്ക് രംഗാവിഷ്‌കാരംകൊടുത്ത് അവതരിപ്പിച്ചുവരുന്നു. ഇതേ കഥയെത്തന്നെ ആധാരമാക്കി സിനിമയെടുക്കുന്നതിനുവേണ്ടി ഡോ. വി സി ഹാരിസ് സി. അയ്യപ്പനെ സമീപിച്ചിരുന്നു. തിരക്കഥ വി സി ഹാരിസ് തന്നെയാണ് തയാറാക്കിയിരുന്നത്. എന്നാല്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ വി സി ഹാരിസും ഇപ്പോള്‍ വിട്ടുപിരിഞ്ഞു. ഇടക്ക് ഒരു സ്വകാര്യ സമാഗമത്തില്‍, ആ തിരക്കഥ വായിച്ചുനോക്കാന്‍ തരുമോ എന്ന് ഞാന്‍ ഡോ. വി സി ഹാരിസിനോട് അപേക്ഷിച്ചു നോക്കി. നിഷേധാത്മകമായി, കര്‍ക്കശസ്വരത്തില്‍ ശാസിച്ചുകൊണ്ട് ഡോ. ഹാരിസ് എന്റെ അപേക്ഷ നിരസിച്ചു. ഇപ്പോള്‍ അദ്ദേഹം തയ്യാറാക്കിയ തിരക്കഥ എവിടെയാ ണെന്നുപോലും ആര്‍ക്കുമറിയില്ല. 2011 ല്‍ 'നിരവത്ത് കയ്യാണി' സിനിമയാക്കു ന്നതിനായി ഞാന്‍ അതിന് തിരക്കഥ തയാറാക്കി. അനുവാദം വാങ്ങുന്നതിനായി വീട്ടില്‍ച്ചെന്ന് ഞാന്‍ അദ്ദേഹത്തെ നേരിട്ടു കാണുകയുണ്ടായി. 

അയ്യപ്പന്‍ കഥകളെക്കുറിച്ചുള്ള ആദ്യത്തെ പഠനം കെ കെ ബാബുരാജാണ് നടത്തിയത്. 2003 ല്‍ തൃശൂര്‍ പുറനാട്ടുകര ഹൈസ്‌കൂളില്‍ വെച്ചുനടന്ന ഒരു ദലിത് സാഹിത്യ സെമിനാറില്‍ കെ കെ ബാബുരാജ് പ്രബന്ധരൂപത്തില്‍ ഈ പഠനം അവതരിപ്പിക്കുകയുണ്ടായി. 2008 ല്‍ സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ് പ്രസിദ്ധീകരിച്ച 'മറ്റൊരു ജീവിതം സാധ്യമാണ്' എന്ന അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥത്തില്‍ പ്രസ്തുത പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2003 ല്‍ ഡി സി ബുക്‌സ് പുറത്തിറക്കി സി അയ്യപ്പന്റെ കഥാസമാഹാരമായ ഞണ്ടുകളില്‍, 'പരിത്യക്തരുടെ പ്രേതഭാഷണങ്ങള്‍' എന്ന തലക്കെട്ടില്‍ കെ രാജന്റെ പഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. 2012 ല്‍ സംവേദനം പബ്ലിക്കഷന്‍സ് പുറത്തിറക്കിയ സതീഷ് ചേലാട്ടിന്റെ 'വാക്കുകളുടെ ഖനിജം' എന്ന ലേഖനസമാഹാര ഗ്രന്ഥത്തില്‍ 'സി അയ്യപ്പന്‍: വാക്കുകളുടെ മുപ്പല്ലിയില്‍ കോര്‍ത്ത കഥകള്‍' എന്ന അധ്യായം സി അയ്യപ്പന്‍ കഥകളുടെ പഠനമാണ്. 2014 ല്‍ പാഠഭേദം മാസികയില്‍ പ്രമുഖ എഴുത്തുകാരിയും ദലിത് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ രേഖാ രാജിന്റെ സി അയ്യപ്പന്‍ കഥകളുടെ പഠനം പ്രസിദ്ധീകരിച്ചിരുന്നു. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് 'ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങള്‍', 'ഞണ്ടുകള്‍' എന്നീ സമാഹാരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനക്കുറിപ്പ് 'ദലിത് പഠനം - സ്വത്വം സംസ്‌കാരം സാഹിത്യം' എന്ന തന്റെ വിഖ്യാതകൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി. 'ഉച്ചയുറക്കിലെ സ്വപ്നങ്ങള്‍' എന്ന കഥാസമാഹാരത്തെ ആധാരമാക്കിയ പഠനക്കുറിപ്പ് സണ്ണി എം കപിക്കാട് തന്റെ 'ജനതയും ജനാധിപത്യവും' എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.

ഡോ. ജോര്‍ജ് കെ അലെക്‌സും എലിസബേത്ത് ജോണും ചേര്‍ന്ന് എഡിറ്റ്‌ചെയ്ത്, മുംബൈയിലെ വികാസ് അധ്യായന്‍ കേന്ദ്ര ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ദലിത് എഴുത്തുകാരുടെ ഡയറക്ടറിയായ 'റീഇന്‍വെന്റിംഗ് ഐഡന്റിറ്റി - ആന്‍ ആന്തോളജി ഓഫ് ദലിത് റൈറ്റേഴ്‌സ് കേരള' എന്ന പുസ്തകത്തില്‍ സി അയ്യപ്പനെ കുറിച്ച് ഒരു അധ്യായമുണ്ട്. കെ സി പുരുഷോത്തമന്‍ രചിച്ച്, 2008 ല്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 'ദലിത് സാഹിത്യം പ്രസ്ഥാനം' എന്ന ഗ്രന്ഥത്തില്‍ പേജുകളോളം സി അയ്യപ്പന്‍ കഥകളുടെ പഠനമുണ്ട്.

'ഒന്നിപ്പ്' മാസിക 2015 വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ വി യു സുരേന്ദ്രന്റെ 'ദലിത് സൗന്ദര്യബോധത്തിന്റെ ആഖ്യാനരൂപം' എന്ന ലേഖനത്തില്‍ മറ്റ് ദലിത് എഴുത്തുകാരോടൊപ്പം സി അയ്യപ്പന്റെ ഏതാനും കഥകളെക്കുറിച്ച് ലഘുവായി പരാമര്‍ശിച്ചുപോകുന്നുണ്ട്. കണ്ണൂര് നിന്നും പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ 2003 ഏപ്രില്‍ ലക്കത്തില്‍, അതിന്റെ എഡിറ്റര്‍ കൂടിയായിരുന്ന പ്രകാശ് മാരാഹി സി അയ്യപ്പന്‍ കഥകളെക്കുറിച്ച് തയാറാക്കിയ പഠനം ചേര്‍ത്തിട്ടുണ്ട്. 


ദലിത് സാഹിത്യസൈദ്ധാന്തികരില്‍ അഗ്രേസരനായ കവിയൂര്‍ മുരളി തന്റെ 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ പേരുപോലും പരാമര്‍ശിച്ചുകാണുന്നില്ല. എന്നാല്‍ അത്രയൊന്നും 'സംഭാവന'കള്‍ ദലിത് സാഹിത്യത്തിന് നല്‍ക്കാത്തവരെ പൊലിപ്പിച്ചെഴുതിയപ്പോള്‍, കവിയൂര്‍ മുരളിയോടുള്ള ബഹുമാനാദരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, അക്കാര്യത്തില്‍ എനിക്ക് ഖേദമുണ്ട്.

സി അയ്യപ്പന്റെ ജീവിതപങ്കാളിയായ ലളിതയുടെ പിതാവ് ടി കെ സി വടുതലയുടെ ജീവിതത്തേയും കൃതികളേയുംകുറിച്ചുള്ള പഠനമാണ് കേരള സാഹിത്യ അക്കാദമി 2012 ല്‍ പ്രസിദ്ധീകരിച്ച 'ടി കെ സി വടുതല ജീവിതവും കൃതികളും' എന്ന ഗ്രന്ഥം. ഇതില്‍ സി അയ്യപ്പനെ പരാമര്‍ശിക്കാതെ തരമില്ലല്ലോ. 'ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങള്‍' എന്ന കഥാസമാഹാരം ഗ്രന്ഥകാരനായ ശശിധരന്‍ കളത്തിങ്കല്‍ റെഫറന്‍സ് ചെയ്തിരിക്കുന്നത് കാണാം. എന്റെ സുഹൃത്തും സഹയാത്രികനുമായ ഒര്‍ണകൃഷ്ണന്‍കുട്ടി ഈയിടെ പ്രസിദ്ധീകരിച്ച 'പുലയരുടെ ചരിത്രം ഒരു പഠനം' എന്ന ഗ്രന്ഥത്തില്‍ സി അയ്യപ്പന്റെ പേരുമാത്രം പരാമര്‍ശിച്ചുപോകുന്നു. ഒര്‍ണയുടെ തൊട്ടടുത്ത പ്രദേശമായ കീഴില്ലത്ത് ജനിച്ച സി അയ്യപ്പനെ നേരിട്ടറിയാവുന്ന സ്ഥിതിക്ക് അദ്ദേഹത്തെ കുറിച്ച് തന്റെ കൃതിയില്‍ പേരുപരാമര്‍ശം മാത്രമായി ചുരുങ്ങിപ്പോയത് ഒരു വലിയ പോരായ്മതന്നെയാണ്. ഈ വിവരം ഒര്‍ണ കൃഷ്ണന്‍കുട്ടിയെ നേരിട്ട് അറിയിച്ചപ്പോള്‍, അടുത്ത പതിപ്പില്‍ ആ കുറവ് നികത്തുമെന്ന് എനിക്ക് ഉറപ്പുതന്നു.

2013 ഒക്ടോബറില്‍ കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്ട് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍, അവിടെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ രവി കുമ്മഞ്ചേരി, 'ദേശം ദലിതത്വം ആഖ്യാനം' എന്ന പേരില്‍ സി അയ്യപ്പന്‍ കഥകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഒരു ദേശീയ സെമിനാറില്‍ സി അയ്യപ്പന്‍ കഥകളെക്കുറിച്ച് അവതരിപ്പിക്കുന്ന ഏക പ്രബന്ധവും രവി കുമ്മഞ്ചേരിയുടേതാണ്. വൈകാതെ ഈ പ്രബന്ധം പുസ്തകരൂപത്തില്‍ നമുക്ക് പ്രതീക്ഷിക്കാം. സി അയ്യപ്പന്‍ മലപ്പുറം ഗവണ്മെന്റ് ആര്‍ട്ടസ് കോളേജില്‍ പ്രിന്‍സിപ്പാളായി എത്തുമ്പോള്‍, രവി കുമ്മഞ്ചേരി അവിടെ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച് രണ്ടുവര്‍ഷം പിന്നിട്ടിരുന്നു.

സി അയ്യപ്പനുമായുള്ള ആദ്യത്തെ അഭിമുഖം നടത്തിയത് പി ആനന്ദനാണ്. 2003 ഒക്ടോബര്‍ ലക്കം സമയം മാസികയില്‍ പ്രസ്തുത അഭിമുഖം പ്രസിദ്ധീകരിച്ചു. സി അയ്യപ്പന്‍ എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം വകുപ്പുമേധാവിയാ യിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവന്നാണ് പി ആനന്ദന്‍ അഭിമുഖം നടത്തിയത്. വി എം ഉണ്ണി, കെ കെ ബാബുരാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ആ അഭിമുഖത്തില്‍ ഫോട്ടോകള്‍ എടുത്തത് ഞാനാണ്. അതേ വര്‍ഷം തന്നെ ഡി സി ബുക്‌സ് ഇറക്കിയ 'ഞണ്ടുകള്‍' എന്ന കഥാസമാഹാരത്തില്‍ സി അയ്യപ്പനുമായുള്ള ഒരു അഭിമുഖം അനുബന്ധമായി കൊടുത്തിട്ടുണ്ട്. ആരാണ് അഭിമുഖം നടത്തിയതെന്ന് വ്യക്തമല്ല. ഡോ. എം ബി മനോജ് സി അയ്യപ്പനുമായി നടത്തിയ അഭിമുഖം മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നു. പി ആനന്ദന്‍ അഭിമുഖം നടത്തുമ്പോള്‍ ഞാനെടുത്ത ഫോട്ടോകള്‍ ഈ അഭിമുഖത്തോടൊപ്പവും ചേര്‍ത്തിട്ടുണ്ട്. 2008 ല്‍ പ്രണത ബുക്‌സ് പുറത്തിറക്കിയ എം ബി മനോജിന്റെ തന്നെ 'ആദര്‍ശം അദര്‍ശം അവസ്ഥ - ദലിത് സാഹിത്യ പഠനങ്ങള്‍ എന്ന പുസ്തകത്തിലും പ്രസ്തുത അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്.' സി അയ്യപ്പന്റെ അവസാനകാലത്തുള്ള ഫോട്ടോകള്‍ ഞാനാണ് എടുത്തത്. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സമ്പൂര്‍ണകഥകളുടെ സമാഹാരത്തില്‍ ഡോ. ദിലീപ് രാജ് സി അയ്യപ്പനുമായി നടത്തിയ അഭിമുഖം അനുബന്ധമായി കൊടുത്തിട്ടുണ്ട്. തന്നെയുമല്ല, അത്തരമൊരു വലിയസംരംഭം സാക്ഷാത്കരിച്ചതിന് പിന്നില്‍ ഡോ. ദിലീപ് രാജിന്റെ കഠിനാധ്വാനമാണ് ഉണ്ടായിരുന്നിട്ടുള്ളത് എന്നവിവരവും ഇത്തരുണത്തില്‍ നന്ദിയോടെ അനുസ്മരിക്കുകയാണ്.


ഉത്തരകാലം വെബ്, ഇടനേരം ബ്ലോഗ് തുടങ്ങിയവ സി അയ്യപ്പനെക്കുറിച്ചുള്ള സൈബര്‍ ഇടങ്ങളാണ്. ഇന്റര്‍ നെറ്റില്‍ സി അയ്യപ്പന്‍ എന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്താല്‍ നിരവധി വിവരങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യമാകും. അതെല്ലാം വിശദീകരിച്ച് സമയം ദീര്‍ഷിപ്പിക്കുന്നില്ല. തന്നെയുമല്ല, ഇത് പുസ്തകപ്രകാശനവും ചര്‍ച്ചയും നടക്കുന്ന പരിപാടിയുമാണല്ലോ. അതുകൊണ്ട് ഞാന്‍ ചുരുക്കുന്നു...

ചോതിയുടേയും കുറുമ്പയുടേയും മകനായി, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും മൂവാറ്റുപുഴക്കും മധ്യേയുള്ള കീഴില്ലത്ത് 1949 ലാണ് സി അയ്യപ്പന്‍ ജനിച്ചത്. ശ്രീശങ്കരവിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978 മുതല്‍ വിവിധ ഗവണ്മെന്റു കോളേജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രിന്‍സിപ്പാളായിരിക്കെ 2004 ല്‍ മലപ്പുറം ഗവണ്മെന്റ് കോളേജില്‍ നിന്നും വിരമിച്ചു. എറണാകുളം വടുതലയില്‍ വീടുവെച്ച് താമസിച്ചുവരികയായിരുന്നു. 2011 ആഗസ്റ്റ് 18 ന് അന്തരിച്ചു. ഏക മകള്‍ ഐശ്വര്യ അയ്യപ്പന്‍. 

നമ്മള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട വസ്തുത, സി അയ്യപ്പന്റെ കഥകളുടെ പഠനം മാത്രമായ ആദ്യത്തെ ഗ്രന്ഥം നമ്മള്‍ ഇപ്പോള്‍ പ്രകാശനം നിര്‍വഹിക്കാന്‍ പോകുന്ന, ചര്‍ച്ചചെയ്യാന്‍ പോകുന്ന പ്രൊഫ. കെ സദാനന്ദന്റെ 'രോഷത്തിന്റെ മറുഭാഷയും സംസ്‌കാരത്തിന്റെ പ്രതിരോധവും' ആണ്. കൃതിയുടെ ഉള്ളടക്കത്തിലേക്ക് കടക്കുന്നതിനുമുമ്പ്, ഇത്തരം ഒരു സംരഭത്തിന് തയ്യാറായ പ്രൊഫ. കെ സദാനന്ദനെ ഞാന്‍ അഭിനന്ദിക്കുകയാണ്.

ജയ് ഭീം...


2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

ഫാണ്ട്രി: ജീവിതസമരത്തിനും അതിജീവനത്തിനുമിടയില്‍ജാതിവ്യവസ്ഥയുടെ നേര്‍ക്ക് കല്ലെറിഞ്ഞുകാണ്ട് അവസാനിക്കുന്ന സിനിമയാണ് 2014 ല്‍ നാഗ്രാജ് പോപട്‌റാവു മഞ്ജുളെ സംവിധാനം ചെയ്ത് പുറത്തിറക്കിയ തന്റെ ആദ്യസിനിമയായ ഫാണ്ട്രി.

ദലിതന് അതിജീവനസമരമെന്നതിനേക്കാള്‍ ജീവിതം എന്നൊന്നില്ല. അതുകൊണ്ടു തന്നെ സാമ്പ്രദായിക ചലച്ചിത്രഭാഷയിലൂടെ അതെന്താണെന്ന് വിവരിക്കാനുമാവില്ല. ഇവിടെയാണ്, നാഗ്രാജ് മഞ്ജുളെ ഭാഷാപരമായ എല്ലാത്തരം കീഴ്വഴക്കങ്ങളേയും പുറംതള്ളിക്കൊണ്ട് പുതിയ ആവിഷ്‌കാരമാതൃകകളെ രൂപപ്പെടുത്തിയിരിക്കുന്നത്. ഫാണ്ട്രി എന്നാല്‍ സാധാരണ ഭഷയില്‍ പന്നി എന്നാണര്‍ത്ഥം. ജീവനത്തിനായി പന്നിയെ പിടിക്കാന്‍ അതിനെ ഓടിക്കുന്ന ദലിത് കുടുംബം, പന്നിയാകട്ടെ അതിന്റെ അതിജീവനത്തിനായുള്ള ഓട്ടത്തിലുമാാണ്! അടിയാളരുടെ അതിജീവനസമരങ്ങളില്‍ ഇത്തരമൊരു ആന്തരികവൈരുധ്യം നിലനില്‍ക്കവെതന്നെ അവര്‍ സ്വാതന്ത്ര്യ ത്തിനായി അധീശവര്‍ഗവുമായി നിരന്തര സംഘര്‍ഷത്തിലുമാണ്. ഇതത്രെ ഫാണ്ട്രിയില്‍ നാഗ്രാജ് മഞ്ജുളെ കാഴ്ചവെക്കുന്ന ആവിഷ്‌കാരരൂപവ്യവസ്ഥയുടെ അന്തസ്സത്ത.

കൊട്ടാര സമുച്ചയങ്ങളുടെ കാടുമൂടിക്കിടക്കുന്ന നഷ്ടാവശിഷ്ടങ്ങള്‍ക്കു വെളിയിലാണ്, ജബ്യ എന്നുവിളിക്കുന്ന ജംഭുവന്ത് കച്രു മാനെ എന്ന ദലിത് കൗമാരപ്രായക്കാരന്റെ ചെറ്റപ്പുര. വീട്ടില്‍ ജബ്യക്ക് അച്ഛനും അമ്മയും വിവാഹപ്രായമെത്തിയ ഒരു സഹോദരിയും, വിധവയായ മറ്റൊരു സഹോദരിയുമുണ്ട്. പൊളിഞ്ഞുകിടക്കുന്ന ഈ പഴയ കൊട്ടാരവളപ്പിന് സമീപത്താണ് ജബ്യ പഠനം തുടരുന്ന സ്‌കൂള്‍ സ്ഥിതിചെയ്യു ന്നത്. ഒഴിവുസമയങ്ങളില്‍, കൂട്ടുകാരന്‍ പിര്യയോടൊപ്പം സൈക്കിളില്‍ സഞ്ചരിച്ച് ഐസ് ബാര്‍ വില്ക്കുന്ന ജോലിയും ജബ്യ ചെയ്യുന്നുണ്ട്. അച്ഛന് പറയത്തക്ക ജോലിയൊന്നുമില്ല. പൊന്തക്കാടുകളില്‍ സ്വതന്ത്രമായി വളരുന്ന പന്നികളെ വേട്ടയാടിക്കൊണ്ടുവന്ന് ഭക്ഷിക്കുക എന്നതാണ് കുടുംബത്തിന് വിശപ്പടക്കുന്നതിനുള്ള പ്രധാനമാര്‍ഗം. 

കവലയില്‍ സൈക്കില്‍ മെക്കാനിക്ക് ഷോപ്പ് നടത്തുന്ന ചങ്ക്യയുടെ അടുത്ത് ജബ്യ നിത്യസന്ദര്‍ശകനാണ്. ചങ്ക്യയുടെ കടയുടെ തൊട്ടപ്പുറത്തെ വീട്ടിലെ ഉയര്‍ന്നജാതി ക്കാരന്റെ മകള്‍ ശാലു ജബ്യയുടെ ക്ലാസില്‍ത്തന്നെയാണ് പഠിക്കുന്നത്. ജബ്യക്ക് ശാലുവിനോട് പ്രണയം തോന്നുന്നു. എന്നാല്‍ അവള്‍ ഉയര്‍ന്ന ജാതിക്കാരിയാ യതിനാല്‍ പ്രണയമോഹം തുറന്നു പറയാന്‍ ജബ്യക്ക് കഴിയുന്നില്ല. അങ്ങിനെ സംഭവിച്ചാലുണ്ടാകാവുന്ന വന്‍ വിപത്തിനെ ഭയന്ന് ജബ്യ തന്റെ മോഹം സ്വപ്‌നത്തില്‍ത്തന്നെ കാത്തുസൂക്ഷിക്കുന്നു. 

കരിങ്കിളി(കാക്കത്തമ്പുരാട്ടി)യെ കൊന്ന് ചുട്ടെരിച്ചു കിട്ടുന്ന ഭസ്മം, ഒരാള്‍ ആഗ്രഹി ക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ തൂളിയാല്‍ ആ വ്യക്തിയെ വശപ്പെടുത്താമെന്ന ഒരു 'പ്രണയതന്ത്രം' ചങ്ക്യയില്‍ നിന്നും ജബ്യ മനസ്സിലാക്കുന്നു. ചങ്ക്യ ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു പോലും. പക്ഷെ നാളുകള്‍ക്കകം ആ പെണ്‍കുട്ടിയുടെ സഹോദരന്‍ വന്ന് അവളെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം, ബലമായി പിടിച്ചുകൊണ്ടുപോയി. അതിനുശേഷം താങ്ങാനാവാത്ത ദുഃഖത്തിലമര്‍ന്ന ചങ്ക്യ ആധ്യാത്മിക ജീവിതത്തില്‍ അഭയം തേടുകയും മന്ത്രവാദക്രിയകള്‍ക്കും മദ്യത്തിനുമൊക്കെ അടിമയാകുകയും ചെയ്തിരുന്നു. ചങ്ക്യയുടെ വിവരണങ്ങളില്‍ നിന്ന് കേട്ടതുപോലെ ഒരു കിളിയെ പിടിച്ചുകൊണ്ടുവന്ന് അപ്രകാരം ചെയ്ത് ശാലുവിനെ വശത്താക്കണമെന്ന് ജബ്യ ആഗ്രഹിക്കുന്നു. എന്നാല്‍, കാക്കത്തമ്പുരാട്ടിയെ കാട്ടില്‍ നിന്നും പിടിക്കാന്‍ കഴിയായ്കയാല്‍, കിളികളെ വില്‍ക്കുന്ന കടയില്‍പ്പോയി ഒരണ്ണത്തെ വാങ്ങാന്‍ ജബ്യ തീരുമാനമെടുക്കുന്നു. പിര്യയുമൊത്ത് കിളിയെ വാങ്ങാന്‍ കടയിലെത്തിയ ജബ്യക്ക് കിളിയെ അവിടെ കണ്ടെത്താനാകുന്നില്ല. അതിനിടെ ജബ്യയുടെ സൈക്കിളിനുമീതെ മറ്റൊരു വാഹനം കയറി അത് ഞെരുങ്ങി നശിക്കുന്നു. 

നിരാശയും നഷ്ടബോധവും കൊണ്ട് ക്ഷീണിതനായ ജബ്യ വീട്ടിലെത്തുമ്പോള്‍, പന്നിവേട്ടക്കായി കുടുംബം തയാറെടുക്കുകയായിരുന്നു. ആ സമയം സ്‌കൂള്‍ വിട്ടിട്ടുണ്ടായിരുന്നില്ല. അച്ഛന്റെ നിര്‍ബന്ധം കൊണ്ടും ഐസ് ബാര്‍ വില്പനയില്‍ നിന്നും മേലില്‍ വരുമാനമൊന്നും ഉണ്ടാലില്ല എന്ന തിരിച്ചറിവുകൊണ്ടും ജബ്യ പന്നിവേട്ടക്ക് കുടുംബത്തോടൊപ്പം ചേരുന്നു. ഇവരുടെ പന്നിവേട്ട ഒരു വിനോദപരിപാടിപോലെ കണ്ടാസ്വദിക്കുന്നതിനായി മദ്യപന്മാരായ ഒരു കൂട്ടം ജാതിഹിന്ദുക്കളുടെ സംഘം കോട്ടമൈതാനത്തിന്റെ ഒരു വശത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇവര്‍ പന്നിയെ ഓടിക്കുമ്പോള്‍, അക്കൂട്ടര്‍ പന്നി.. പന്നി.. എന്നുവിളിച്ച് ജബ്യ കുടുംബത്തെ ആര്‍ത്തുവിളിച്ചുകൂകി പരിഹസിക്കാറുമുണ്ടായിരുന്നു. ഇത് അറിയാവുന്നതുകൊണ്ട്, അവരുടെ പരിഹാസങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കു ന്നതിനുമായിക്കൂടിയാണ് ജബ്യ ഐസ് ബാര്‍ വില്പനയില്‍ അഭയം തേടിയിരുന്നത്. 

ജബ്യ കുടുംബം ഒരു പന്നിയെ ലക്ഷ്യമിടുന്നു. അത് പിടിവിട്ടുപോകാതിരിക്കാന്‍ കുടുംബംഗങ്ങള്‍ പല ഭാഗങ്ങളിലായി വിന്യസിക്കുന്നു. ജബ്യയുടെ അടുത്ത് എത്തുമ്പോള്‍, അതിനെ പിന്തുരുന്ന ജബ്യ ചെന്നെത്തിയത് സ്‌കൂളിന് സമീപമാണ്. അവിടെ വേട്ടയാടുന്നത് കാണാന്‍ തന്റെ സഹപാഠികള്‍ നിരന്നു നല്പുണ്ടായിരുന്നു. കൂട്ടത്തില്‍ പെണ്‍കുട്ടികളോടൊപ്പം ശാലുവും! അവരുടെ മുമ്പില്‍ ലജ്ജിച്ചു വിളറിയ ജബ്യ സ്തംഭിച്ചു നിന്നു! പന്നി പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ അച്ഛന്‍, പന്നിയെ പിടിക്കാതിരുന്ന കുറ്റത്തിന് ജബ്യയെ പൊതിരെ തല്ലുന്നു. ഇതുകണ്ട് മദ്യപന്മാരുടെ ആഹ്ലാദം ഉച്ചസ്ഥായിയിലാകുന്നു. സ്‌റ്റേഡിയ ത്തിലിരുന്നു ഫ്ഡ്‌ബോള്‍ കളികാണുന്നവര്‍ പ്രൊത്സാഹനജനകമായി ആര്‍ത്തുവിളി ക്കുന്നതുപോലെ അവര്‍ പെരുമാറുന്നു. ജബ്യക്ക് അച്ഛന്‍ നല്‍കുന്ന അടി, സെല്‍ഫ്‌ഗോളടിച്ച കളിക്കാരനെ മറ്റുള്ളവര്‍ നേരിടുമ്പോള്‍ എതിര്‍ ടീമിലെ കളിക്കാര്‍ക്കുണ്ടാകുന്ന ആഹ്ലാദമെന്നതുപോലെയാണ് മദ്യപന്മാരുടെ അപ്പോഴത്തെ സ്ഥിതി. കൂട്ടുകാരുടെ മുന്നില്‍ മാനംകെട്ടതിലുള്ള കദനഭാരം തന്നെ കടുത്തതായ തിനാല്‍ അച്ഛന്റെ അടിയില്‍ നിന്നും ജബ്യ, കൂടുതല്‍ വേദനയൊന്നും അനുഭവി ക്കുന്നില്ല. എല്ലാ തിരിച്ചടികള്‍ക്കുമൊടുവില്‍ ജബ്യ പന്നിയെ കീഴടക്കുന്നു.

പന്നിയെ പിടിച്ചുകെട്ടി വീട്ടിലേക്കു കൊണ്ടുപോരുമ്പോഴും പന്നി... പന്നി...
എന്ന് ആക്ഷേപിച്ചുകൊണ്ട് മദ്യപന്മാരുടെ സംഘം അവരെ പിന്തുടരുന്നു. ആക്ഷേപം സഹിക്കവയ്യാതാകുന്ന ഘട്ടത്തില്‍ ജബ്യ അവരെ കല്ലെറിഞ്ഞ് ഓടിക്കുന്നു. ഏറുകൊണ്ട് മദ്യപന്മാര്‍ ചിതറിയോടുന്നു. പക്ഷെ, ഒരു മദ്യപന്‍ കല്ലുകളുമെടുത്തു കൊണ്ട് ജബ്യയെ എറിയുന്നതിനായി തിരികെ വരുന്നു. അതിനു മുമ്പേ ജബ്യ എടുത്തെറിയുന്ന ഒരു ഉരുളന്‍ കല്ല് പ്രേക്ഷകരുടെ നേര്‍ക്ക് വന്ന് സ്‌ക്രീനില്‍ നിറയുമ്പോള്‍ സിനിമ അവസാനിപ്പിക്കുന്നു. 

പ്രേക്ഷകരുടെ സത്വര ശ്രദ്ധയെ ക്ഷണിക്കാന്‍ നാഗ്രാജ് മഞ്ജുളെ കരുതിക്കൂട്ടി എറിഞ്ഞ കല്ലാണ് അവരുടെ മുഖത്ത് നിപതിച്ചിരിക്കുന്നത്. അടിയന്തിരമായി പരിഹാരം കാണേണ്ട ഒരുപാട് പിന്തിരിപ്പന്‍ ഏര്‍പ്പാടുകള്‍ സമൂഹ്യവ്യസ്ഥയില്‍ കുടിയേറി ഉറച്ചിരിക്കുകയാണ്. അതിനെ നിവാരണം ചെയ്യപ്പെടേണ്ടതുണ്ട്. ആ കല്ല് പ്രേക്ഷകരോട് ചോദിക്കുന്നു; പദ്ധതികള്‍ പലതും വന്നുപോയിട്ടും, എന്തുകൊണ്ടാണ് ഒരു വിഭാഗം ജനത ഇന്നും അജ്ഞരായി തുടരുന്നത്? എന്തുകൊണ്ടാണ് അവര്‍ വൃത്തിഹീനരും ഭവനരഹിതരുമായി തുടരുന്നത്? പദ്ധതി നടത്തിപ്പിലെ പാളിച്ചകള്‍ മുലമാണോ, ഇങ്ങനെ സംഭവിക്കുന്നത്? അല്ലേയല്ല. പിന്നെയോ?, ഉപരിവര്‍ഗത്താല്‍ ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ തടയപ്പെട്ടിരിക്കുന്നു. ആ തടസ്സങ്ങള്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുകയാണ്. അതിന് പറയുന്ന പേരാണ് ജാതിവ്യവസ്ഥ. അതിനെ ഉന്മൂലനം ചെയ്യാതെ പുരോഗതി എന്നത് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയില്‍ ഒരിക്കലും സംഭവിക്കുകയില്ല...

ഡോ. ബി ആര്‍ അംബേഡ്കര്‍ സൂചിപ്പിക്കുന്നു; നമ്മുടെ ഇടയില്‍ ഭൂദേവന്മാരും (ബ്രാഹ്മണര്‍) നമ്മളും (അസപൃശ്യരും) തമ്മില്‍ അടുത്ത ബന്ധംതന്നെയില്ല; ആ സ്ഥിതിക്ക് അവരുടെ ആചാരങ്ങള്‍ നമ്മളിലേക്ക് എങ്ങനെ വ്യാപിക്കും. ഉപനിഷത്തിലെ തത്വങ്ങള്‍ നമ്മളെ കേള്‍പ്പിക്കാന്‍ അവര്‍ തയാറല്ലെങ്കില്‍ നമ്മുടെ മാരിയമ്മപൂജ എങ്ങനെ ഇല്ലാതാകും? നമ്മള്‍ വേദം കേള്‍ക്കരുത് എന്നാണ് അവരുടെ ആജ്ഞയെങ്കില്‍ നമ്മള്‍ എങ്ങനെ ലാവണി (ലാസ്യനൃത്തം) വിട്ടുകളയും? നമ്മളെ ഉപനയനം കഴിപ്പിച്ച് പൂണൂലിടുവിച്ചാല്‍ നമ്മളും ശുചിയും ശുദ്ധിയും ഉള്ളവരാകു മായിരുന്നില്ലേ? ചുരുക്കത്തില്‍ നമ്മള്‍ വൃത്തികെട്ടവരാണെന്നാണ് ആരോപണ മെങ്കില്‍, അതിനുള്ള ഉത്തരം ഇതായിരിക്കും; നല്ല നടപടികള്‍ നമുക്ക് വല്ലവരും പറഞ്ഞുതന്നിരുന്നോ? ബ്രാഹ്മണന്റെ കുട്ടികള്‍ ബ്രാഹ്മണ്യത്തിന്റെ ആചാരങ്ങളും, നമ്മുടെ ഇടയില്‍ത്തന്നെ ക്രിസ്തുമതം സ്വീകരിച്ചവരുടെ കുട്ടികള്‍ ക്രൈസ്തവ ആചാരങ്ങളും പ്രദര്‍ശിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ബ്രാഹ്മണരുടെ ആചാരവി ചാരങ്ങള്‍ അസ്പൃശ്യര്‍ എന്തുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നില്ല എന്നു ചിന്തിച്ചുനോക്കിയാല്‍ നമുക്ക് മനസ്സിലാകും, അപ്രകാരമുണ്ടാവണമെങ്കില്‍ രണ്ടു സമുദായങ്ങളും തമ്മില്‍ സ്‌നേഹപൂര്‍വകമായ ഇടപെടലുകളും അടുത്ത ബന്ധവും ഉണ്ടായിരിക്കണമെന്ന്. അസ്പൃശ്യതമൂലം, ഹിന്ദുസമൂഹത്തില്‍ ഇപ്രകാരമുള്ള ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അവരവരുടെ നല്ലതും ചീത്തയുമായ ആചാരങ്ങള്‍ ഓരോ സമുദായങ്ങളും തുടര്‍ന്നുപോരുന്നത് അതുകൊണ്ടാണ്. റോമാക്കാരുടെ അടിമത്തത്തില്‍ ഇപ്രകാരമുള്ള അസ്പൃശ്യതയുടെ കളങ്കമുണ്ടായിരുന്നില്ല എന്നതുകൊണ്ട് ഉന്നതവര്‍ഗത്തിന്റെ ആചാരങ്ങളും ഗുണങ്ങളും കാണാനും പകര്‍ത്താനും അടിമകള്‍ക്ക് കഴിഞ്ഞു. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 38. പേജ് 15) പ്രശ്‌നാവതരണവും പരിഹാര നിര്‍ദ്ദേശവും ഈ ഉദ്ധരണിയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അയിത്തമില്ലാത്തിടത്ത് അടിമകള്‍ സ്വതന്ത്രരാകുന്നു എന്ന ഉദാഹരണവും നല്കിയിട്ടുള്ളത് ശ്രദ്ധിക്കുക.

തീര്‍ത്തും ഒരു ദലിത് സിനിമക്ക് ഉദാഹരണമാണ് ഫാണ്ട്രി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ഹിന്ദി വിഭാഗം ഈയിടെ സംഘടിപ്പിച്ച സെമിനാറില്‍ മഞ്ജുളെ, യഥാര്‍ത്ഥ കലയുടെ സത്ത ദലിതരോടൊപ്പമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഹിന്ദി സിനിമാരംഗത്ത് ദലിതരായ പ്രതിഭകള്‍ക്ക് യാതൊരു പഞ്ഞവുമില്ലന്നും എന്നിട്ട് അവിടെ നിന്നും ദലിത് സിനിമകള്‍ മാത്രമുണ്ടാകുന്നില്ലെന്നും മഞ്ജുളെ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്ന 'തമാശ', 'ലാവണി' തുടങ്ങിയ കലാരൂപങ്ങള്‍ ചരിത്രപരമായി ദലിതരുടേതാണ്, ഒരു ദലിത് സ്ത്രീയുടെ ജീവിതംപോലും സാധാരണ ദലിതരില്‍ നിന്നും വ്യത്യസ്തമാണ് എന്നും മഞ്ജുളെ തുടര്‍ന്ന് പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ നാഗ്രാജ് മഞ്ജുളെ സ്വയം ഒരു ദലിതനല്ല. മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ നിന്നും വരുന്ന അന്തരാള (കര്‍മാള) സമുദായത്തിലാണ് ജന്മംകൊണ്ട് നാഗ്രാജ് മഞ്ജുളെ ഉള്‍പ്പെടുന്നത്. ഫാണ്ട്രിയില്‍ ചങ്ക്യയുടെ വേഷം മഞ്ജുളെ സ്വയം കൈകാര്യം ചെയ്യുന്നുമുണ്ട്.

ജബ്യയായി സോംനാഥ് അവ്ഘാദെയും പിര്യയായി സൂരജ് പവാറും വേഷമിടുന്നു. രാജേശ്വരി ഖാരാട്ടാണ് ശാലുവിനെ അവതരിപ്പിക്കുന്നത്. സംഗീതസംവിധാനം ആലോകാനന്ദ ദാസ്ഗുപ്തയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം വിക്രം അംലാദിയും എഡിറ്റിംഗ് ചന്ദന്‍ അറോറയും നിര്‍വഹിക്കുന്നു. 

2014 ഫെബ്രുവരി 14, വാലെന്റൈന്‍സ് ദിനത്തിലാണ് ഫാണ്ട്രി റിലീസ് ചെയ്തത്. നിരവധി ദേശീയ - അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിപ്പിച്ച് ശ്ര്ദധേയമായ അവാര്‍ഡുകളും ഫാണ്ട്രി കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും ഫാണ്ട്രിയിലൂടെ നാഗ്രാജ് മഞ്ജുളെ നേടി. 2018, ഫെബ്രുവരി 11, ഞായറാഴ്‌ച

ജീവിതനൗക: ചരിത്രംകുറിച്ച സിനിമയില്‍ ജാതീയതയുടെ നിരാസങ്ങള്‍1951 ല്‍ ഇറങ്ങിയ മലയാളം സിനിമ 'ജീവിതനൗക'യില്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്. പക്ഷെ, അതൊരു സാമൂഹ്യവിപത്താണെന്ന് ചൂണ്ടിക്കാണിക്കു ന്നില്ല. അതുകൊണ്ടുതന്നെ അതിനെ നിവാരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നൊരു ലക്ഷ്യം ഈ സിനിമയുടെ പിന്നിലില്ല. എങ്കിലും ജാതിവ്യവസ്ഥയെ രേഖപ്പെടുത്തിയ ഒരു സനിമ എന്ന നിലയില്‍ 'ജീവിതനൗക' ക്കുള്ള ചരിത്രപ്രസക്തിയെ തള്ളിപ്പറയാനാവില്ല. വിഖ്യാത സംവിധായകന്‍ ഫ്രാന്‍സെ ഓസ്റ്റന്‍ സംവിധാനം ചെയ്ത ഹിന്ദി സിനിമ 'ജീവന്‍ നയാ'യുടെ റീമേക്കാണ് ജീവിനൗക. അതേവര്‍ഷം തന്നെ ജീവിതനൗകക്ക് 'പിച്ചൈക്കാരി' എന്ന പേരില്‍ ഒരു തമിഴ് പതിപ്പും പുറത്തിറക്കിയിരുന്നു. അന്യഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്ന ആദ്യത്തെ മലയാള സിനിമയും ജീവിതനൗകയാണ്.

സംവിധായകനായ കുഞ്ചാക്കോയും കെ വി കോശിയും ചേര്‍ന്ന് നിര്‍മിച്ച ജീവിതനൗക, തമിഴ്‌നാട്ടുകാരനായ കെ വെമ്പുവാണ് സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റാണ് ജീവിതനൗക. റിലീസ് ചെയ്ത അന്നുതൊട്ട് 284 ദിവസം തുടര്‍ച്ചയായി ഓടിക്കൊണ്ട് ഈ സിനിമ ചരിത്രം സൃഷ്ടിച്ചു. 16 ഗാനങ്ങളോടെയും ഒന്നുരണ്ട് തിയേറ്റര്‍ രംഗാവിഷ്‌കാരങ്ങളോടെയും പുറത്തിറങ്ങിയ ജീവിതനൗക പ്രേക്ഷകര്‍ക്ക് ഇന്നുപോലും വിനോദപ്രദായിനിയായി നിലനില്‍ക്കുന്നു. വര്‍ഷങ്ങളോളം പ്രക്ഷകരെ കരയിപ്പിച്ച, അതിഭാവുകത്വദൃശ്യങ്ങളുടെ ധാരാളിത്തം സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകമായി.

യുവാവയ രാജുവും ബാലകനായ സോമനും സഹോദരങ്ങളാണ്. സോമന്റെ ജനനത്തിനുശേഷം ഇവര്‍ക്ക് അച്ഛനേയും അമ്മയേയും നഷ്ടമായി. രാജു വിവാഹിതനുമാണ്. ജന്മിക്കച്ചേരിയില്‍ അയാള്‍ ജോലിചെയ്യുന്നു. സോമന്‍ അടുത്തവീട്ടിലെ കണിയാന്റെ മകള്‍ ലക്ഷ്മിയുമായി പ്രണയത്തിലാകുന്നു. കുറച്ചുകാലം കഴിഞ്ഞ്, ദൂരെ കോളേജില്‍ താമസിച്ചുപഠിക്കുകയായിരുന്ന സോമന്‍ യുവാവായി തിരിച്ചെത്തുന്നു. ഇതിനിടെ ലക്ഷ്മിയുടെ അച്ഛന്‍ അന്തരിച്ചു. രാജു സോമന് വിവാഹാലോചനകള്‍ നടത്തുന്നവേളയില്‍, ലക്ഷ്മിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം ചെയ്തുതരണമെന്നും സോമന്‍ അഭ്യര്‍ത്ഥിക്കുന്നു. കുടുംബത്തില്‍ ഇത് പ്രശ്‌നമാകുന്നു. ഒരു കീഴ്ജാതിക്കാരിയെ വിവാഹം ചെയ്യുകയോ? എങ്കിലും പിതൃതുല്യനായ രാജു സോമന്റെ ആഗ്രഹപ്രകാരം ലക്ഷ്മിയുമായുള്ള വിവാഹം നടത്തിച്ചുകൊടുക്കുന്നു. സോമന്റെ വീട്ടില്‍ താമസമാക്കിയ ലക്ഷ്മിക്ക്, രാജുവിന്റെ ഭാര്യ ജാനുവില്‍ നിന്നുമുള്ള കടുത്ത പോര് നേരിടേണ്ടിവരുന്നു. സദാസമയവും ശകാരവും കുശുമ്പും ശാരീരികമായ പീഢകളും ലക്ഷ്മിക്ക് സഹിക്കേണ്ടതായിവരുന്നു. അതിനിടെ അവര്‍ക്ക് ഒരാണ്‍കുട്ടി പിറക്കുന്നു. ചേട്ടത്തിയില്‍ നിന്നുമുള്ള പീഢനങ്ങള്‍ അസഹ്യമായി തുടര്‍ന്നപ്പോള്‍ സോമന്‍ ലക്ഷ്മിയോടും മകനോടുമൊപ്പം അവരുടെ കൂരയില്‍ ചെന്ന് താമസമായി. ഗോപി എന്ന് അവന് പേര് നല്‍കി. സോമന്‍ തൊഴിലന്വേഷിച്ച് നാടുവിടുന്നു. ഒറ്റക്കായ ലക്ഷിയേയും മകനേയും, ചേട്ടത്തിയുടെ സഹോദരനായ ശങ്കു ഉപദ്രവിച്ചുകൊണ്ടിരുന്നു. രാത്രികാലങ്ങളിലും അയാളുടെ ശല്യം മൂത്തപ്പോള്‍ ലക്ഷ്മി, ജന്മിക്കച്ചേരിയില്‍ ചെന്ന് പരാതിബോധിപ്പിക്കുന്നു. വറചട്ടിയില്‍ നിന്ന് അടുപ്പിലേക്ക് ചാടിയ അനുഭവമാണ് ജന്മിക്കച്ചേരിയില്‍ വെച്ച് ലക്ഷ്മിക്കുണ്ടായത്! ജന്മി അവളെ കടന്നുപിടിച്ചു. വല്ലവിധേനയും അയാളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട ലക്ഷ്മിയും ഗോപിയും കൂരയില്‍ മടങ്ങിയെത്തുന്നു. അന്നു രാത്രിതന്നെ ജന്മിയുടെ ആളുകള്‍ ലക്ഷ്മിയുടെ കൂരക്ക് തീവെക്കുന്നു. നിവൃത്തിയില്ലാതെ ലക്ഷ്മി മകനുമായി അവിടെ വിടുന്നു. യാചകരുടെ ഇടയില്‍ ചെന്നുപെടുന്ന ലക്ഷ്മി, തന്റെ സാമര്‍ത്ഥ്യംകൊണ്ട് അവരുടെ നേതൃത്വനിരയിലേ ക്കുയരുന്നു. ഒരു 'യാചകകേന്ദ്രം' സ്ഥാപിച്ച് യാചകരുടെ ക്ഷേമത്തിനായി ലക്ഷ്മി പ്രവര്‍ത്തിച്ചുവരുമ്പോള്‍ ഒരു നാടകക്കമ്പനി ഉടമ അഭിനേത്രിയായി കമ്പനിയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യാചകകേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള ധനാഗമനമാര്‍ഗമായി ആ അവസരത്തെ കാണുന്ന ലക്ഷ്മി അയാളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നാടകരംഗത്ത് സജീവമാകുന്നു.

തൊഴിലന്വേഷിച്ചു നടക്കുന്നതിനിടെ, ഒരു സമ്പന്നകുടുംബത്തിന്റെ കാറിനു മുന്നില്‍പ്പെട്ട് സോമന് പരിക്കുപറ്റുന്നു. സോമന്റെ പരിക്കുകള്‍ ചികിത്സിച്ചു ഭേദമാക്കുന്ന ആ സമ്പന്നകുടുംബം സോമന്, അരുടെ കമ്പനിയില്‍ ജോലി തരമാക്കിക്കൊടുക്കുന്നു. സാമ്പത്തിക നില അഭിവൃദ്ധിപ്പെട്ടപ്പോള്‍ സോമന്‍, ലക്ഷ്മിയേയും മകനേയും കൂട്ടിക്കൊണ്ടുവരുന്നതിനായി നാട്ടിലെത്തിയപ്പോള്‍ അവരെ വീട്ടില്‍ കാണാതാകുന്നു! ജന്മിക്കച്ചേരിയിലെ വക്കീല്‍, രാജു കച്ചേരിയില്‍ നിന്നും പണം അപഹരിച്ചുവെന്നൊരു കള്ളക്കേസുണ്ടാക്കി അയാളെ ജയിലിലാക്കുന്നു. നിരപരാധിയാണെങ്കിലും, പണംകൊടുത്താല്‍ ജയില്‍ശിക്ഷ ഒഴിവാക്കാമല്ലോ എന്നോര്‍ത്ത് രാജു തന്റെ ഭാര്യയോട് അതിനുള്ള കുറച്ചുരൂപയെങ്കിലും തരണമെന്ന് അവരോട് കേണപേക്ഷിച്ചുവെങ്കിലും അതിനവര്‍ കൂട്ടാക്കുന്നില്ല. അന്നു രാത്രിതന്നെ, തന്റെ സ്വത്തുക്കള്‍ വാരിക്കൂട്ടി രക്ഷപ്പെടാന്‍ ഒരുമ്പെട്ട രാജുവിന്റെ ഭാര്യയെ പിന്തുടര്‍ന്ന് ആക്രമിച്ച് കീഴടക്കുന്ന വക്കീലും രണ്ടുകള്ളന്മാരും ചേര്‍ന്ന് സ്വത്തുക്കള്‍ മുഴുവന്‍ കൈക്കലാക്കുന്നു. ശങ്കുവിനെ കുത്തിക്കൊല്ലുകയും ചെയ്യുന്നു. ശങ്കുവിനെ കൊന്നത് സോമനാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വക്കീല്‍ അയാളേയും അകത്താക്കുന്നു. 

വക്കീലിന്റെ കൂട്ടാളികള്‍ അപഹരിച്ച സ്വത്തുക്കള്‍ ഒരു ജ്വല്ലറിയില്‍ വില്‍ക്കാന്‍ കൊണ്ടുചെല്ലുന്നു. സംശയം തോന്നിയ ജ്വല്ലറി ഉടമ വിവരം പൊലീസിനെ അറിയിക്കുന്നു. അവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍, എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും വക്കീലാണ് പ്രവര്‍ത്തിച്ചതെന്ന സത്യം അവര്‍ വെളിപ്പെടുത്തുന്നു. പൊലീസുകാര്‍ രാജുവിനേയും സോമനേയും ലോക്കപ്പില്‍ നിന്നും പുറത്തുവിട്ട്, അവിടെ വക്കീലിനെ ഇടുന്നു. ലോക്കപ്പിലാകുന്നതിനുമുമ്പ് സോമന്‍, നാടകശാലയില്‍വെച്ച് അഭിനയിച്ചുകൊണ്ടുരിക്കുന്ന ലക്ഷ്മിയെ തിരിച്ചറിഞ്ഞിരുന്നു. സോമനും കുടുംബവും പുതിയവീട്ടില്‍ താമസമാക്കുന്നു. മുമ്പ് ലക്ഷ്മി യാചിച്ചുനടന്നതു പോലെ അതേവേഷത്തില്‍ യാചിച്ചുകൊണ്ട് ചേട്ടത്തി ജാനു സോമന്റെ വീട്ടിലെത്തുന്നു! അവരെ കാണുന്ന ലക്ഷ്മിയില്‍ പ്രതികാരചിന്ത ലവലേശമുണ്ടാകുന്നില്ല. ഇരുവരും ആശ്ലേഷിക്കുന്നു. പിന്നീടെല്ലാം ശുഭം.

ജാതിവ്യവസ്ഥ വരുത്തിവെക്കുന്ന സാമൂഹ്യപിന്നോക്കാവസ്ഥയാണ് കഥാതന്തുവിനെ പിരിമുറുക്കുന്നതെങ്കിലും ഒരിടത്തും അത് വിമര്‍ശനവിധേയമാകുന്നില്ല. സവര്‍ണര്‍, പിന്നോക്കക്കാര്‍, അസ്പൃശ്യര്‍ എന്നിവര്‍ ശ്രേണീകൃതമായ അവരുടെ പൂര്‍വാവസ്ഥയില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. സവര്‍ണരായ കഥാപാത്രങ്ങള്‍ക്ക് അവരുടെ ജാതിനാമങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം പിന്നോക്കജാതിയെ കണിയാന്‍ എന്നുള്ള ജാതിനാമം പ്രയോഗിക്കുന്നുണ്ട്. അസ്പൃശ്യരെ, അകറ്റിനിത്തുന്നതുകൊണ്ടും അടിമത്വത്തെ സൂചിപ്പിക്കുന്ന പ്രവൃത്തികൊണ്ടും പെരുമാറ്റവുംകൊണ്ടും അവരുടെ ജാതി സൂചിപ്പിക്കുന്നുണ്ട്. ജാതിനാമം സൂചിപ്പിക്കുന്നകാര്യത്തില്‍ സംവിധായകന്‍, കെ വേമ്പുവിന് തന്നെ അത്രക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് കരുതുന്നതില്‍ തെറ്റില്ല. കാരണം അദ്ദേഹം ഒരു പരദേശി ബ്രാഹ്മണനാണല്ലോ, മുഴുവന്‍ പേര് കെ വെമ്പു അയ്യരെന്നും. പക്ഷെ എന്തുകൊണ്ട്, സവര്‍ണരേയും ദലിതരേയും ജാതിപ്പേരില്‍ സംബോധന ചെയ്യാത്തിടത്ത് പിന്നോക്കക്കാരെ മാത്രം ജാതിനാമത്തില്‍ സംബോധന ചെയ്യുന്നു? സവര്‍ണരില്‍ നിന്ന് വ്യത്യസ്ഥരാണ് പിന്നോക്കക്കാര്‍ എന്ന് വ്യക്തമാക്കുന്നതിനാ യിരിക്കാം ഈ അടവുനയം പ്രയോഗിച്ചത് എന്നുകരുതാം. രാജു പണിക്കര്‍ എന്നോ സോമന്‍ നായര്‍ എന്നോ സവര്‍ണരെ വിളിക്കാത്തതുകൊണ്ട് ലക്ഷ്മിയെ കണിയാട്ടി എന്നു വിളിക്കാതിരുന്നാല്‍ അവളുടെ ജാതീയമായ പിന്നോക്കാവസ്ഥ എന്തെന്ന് സൂചിപ്പിക്കാന്‍ സാധ്യമാകാതെ വരുന്നു. എന്നാല്‍ അസ്പൃശ്യനായ ചാത്തനെ, ആ വ്യക്തിനാമപ്രയോഗത്തിലൂടെതന്നെ അവര്‍ പുലയനാണെന്ന് വ്യക്തമാക്കുന്നു. 

ജന്മിമാര്‍ സാമ്പത്തികാധികാരംകൊണ്ടുമാത്രമാണ് സമൂഹത്തില്‍ മേല്‍ക്കൈനേടു യിരിക്കുന്നതെന്ന് ചരിത്രവസ്ഥുത ജീവിതനൗക പുറപ്പെടുവിക്കുന്ന പ്രഖ്യാപനമാണ്. ഉദാഹരണത്തിന് ജന്മിക്കച്ചേരിയിലെ ജന്മി, വിവരദോഷത്തിന്റേയും സ്ത്രീവിഷയത്തിന്റേയും മൂര്‍ത്തീഭാവമാണ്. തോര്‍ത്തുമുണ്ടിനു മീതെ കോട്ടുധരിച്ച് ജന്മി വയസാംകാലത്ത് സംബന്ധാലോചനക്കായി കാറില്‍ പുറപ്പെടാന്‍ പോകുന്ന രംഗത്തിന്റെ ചിത്രീകരണം അവരുടെ വിവരമില്ലായുടെ പാരമ്യത്തിലാണ്. കാറ് സ്റ്റാര്‍ട്ടാവാത്തതിനാല്‍ ജന്മിയും വാല്യക്കാരും പിന്‍വാങ്ങുമ്പോള്‍ തത്സ്ഥാനത്ത് ഒരു കഴുതവന്നു നിലക്കുന്നു! ജന്മിയുടെ കൂട്ടാളികളെല്ലാം അഴിമതിക്കാരും ദുര്‍വൃത്തരുമാണ്. അതേസമയം, അനുകമ്പയുടേയും നിഷ്‌കളങ്കതയുടേയും ആള്‍രൂപങ്ങളായാണ് അസ്പൃശ്യരെ സന്നിഹിതരാക്കുന്നത്. നാടുവിട്ടുപോകുന്ന ലക്ഷ്മിയേയും ഗോപിയേയും, തമ്പ്രാട്ടിക്ക് വിരോധമില്ലെങ്കില്‍ അടിയന്റെ കൂരയില്‍ താമസിക്കാം എന്നു പറഞ്ഞ് ചാത്തന്‍ അവരെ ക്ഷണിക്കുന്നുണ്ട്. സ്‌നേഹപൂര്‍വം ആ ക്ഷണം നിരസിച്ച്, അവിടെനിന്നും കടന്നുപോകുന്ന അവര്‍ക്ക് ചാത്തന്റെ മകന്‍ കൃഷിചെയ്തുവിളയിച്ച ഒരു കുമ്പളങ്ങ ദാനമായി കൊടുക്കുന്നു. 

ജാതിഘടനയെ കൃത്യമായി നിര്‍വഹിച്ചുവെങ്കിലും ജാതിത്തൊഴില്‍ വിഭജനം സിനിമയില്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നുണ്ട്. കേരളത്തിലെ കണിയാന്മാരുടെ തൊഴില്‍ ഭാവിപ്രവചനവും പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കലുമാണ്. തൊപ്പിക്കുടകെട്ടലും കോലംപണിയലും ചില ഇടങ്ങളിലെ കണിയാന്മാര്‍ ചെയ്യുന്നുണ്ടെന്നു വന്നേക്കാമെങ്കിലും മുഖ്യമായും അത് പറയരുടെ ജാതിത്തൊഴിലാണ്. ജാനുവിന്റെ അമ്മയും (ജാതിപ്പേര് ഉപയോഗിക്കുന്നില്ലെങ്കിലും നായര്‍) ആങ്ങള ശങ്കുവും അവരുടെ ആദ്യകാല ദാരിദ്ര്യാവസ്ഥയില്‍ കുടിലില്‍ കഴിയുമ്പോള്‍ പായനെയ്തുവിറ്റാണ് ഒരുവിധം ജീവന്‍ നിലനിര്‍ത്തിപ്പോരുന്നത് എന്നുകാണാം. നായര്‍ക്കെന്താ പായനെയ്തുകൂടെ എന്ന ചോദ്യം യുക്തമാണെങ്കിലും അതിന് ചരിത്രപ്രസക്തിയില്ല. തഴപ്പായ നെയ്ത്ത് ചെയ്തുവരുന്നത് തീര്‍ത്തും പുലയരാണ്. നായരായ സോമന്‍ തൊഴില്‍തേടി അലയുന്ന ദൃശ്യങ്ങളിലും ഈ തൊഴില്‍ ഘടനയുടെ നിരാസം കാണാം. സാമൂഹികാധികാരത്തില്‍ മേല്‍ക്കൈ നേടിയിട്ടുള്ള പ്രാമാണികരായ സമുദായക്കാര്‍ക്ക് ഏഴാംക്ലാസ് വിദ്യാഭ്യാസംപോലുമില്ലെങ്കില്‍ക്കൂടി ഉദ്യോഗസ്ഥാനം ലബ്ധമാകുമെന്നിരിക്കെ ബി എ ക്കാരനായ സോമന്‍ ജോലിതേടി നാളുകളോം ഇങ്ങനെ കഷ്ടപ്പാടനുഭവിക്കേണ്ട അവസ്ഥ അന്നു നേരിട്ടിരുന്നുവോ?

വിദ്യാഭ്യാസമാണ് വിമോചനത്തിന്റെ മാതാവ് എന്ന ചരിത്രസത്യം ഈ സിനിമ മുന്നോട്ടുവെക്കുന്ന തിരിച്ചറിവുകളില്‍ പ്രമുഖമാണ്. സോമന്റെ കോളേജ് വിദ്യാഭ്യാസം തന്നെ ഒന്ന്. ലക്ഷ്മിതന്നെയും അക്ഷരാഭ്യാസം നേടിയവളാണ്. രാജുവിന്റെ രണ്ടുകുട്ടികളേയും ശങ്കു ഒരിക്കല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാമില്ലാത്ത ശങ്കുവിന്റെ ആ അഭ്യാസം കൂട്ടികള്‍ക്ക് പീഢനമല്ലാതെ മറ്റൊന്നുമായിരുന്നില്ല. രാജുവിന്റെ മക്കളും സോമന്റെ മകനും ഔപചാരികവിദ്യാഭ്യാസം തേടുന്ന ഒരു ക്ലാസ്മുറി കാണിക്കുന്നുണ്ട്. ഉത്തരം പറയാത്ത കുറ്റത്തിന് ഗോപിയെ അടിക്കാനോങ്ങു മ്പോള്‍, 'രണ്ടുദിവസമായി സാര്‍ കഞ്ഞികുടിച്ചിട്ട്...' എന്നുപറഞ്ഞുകൊണ്ട് ഗോപി വാവിട്ട് കരയുന്നു. ഇതുകേട്ട് തളര്‍ന്നിരിക്കുന്ന വാധ്യാരില്‍ നിന്നും ഒരു ശബ്ദം പുറപ്പെടുന്നു, 'നിന്റെ അച്ഛനും ഒരു വാധ്യാരാണോ കുഞ്ഞേ....'

ജാതിഉന്മൂലനത്തിന് ഡോ. അംബേഡ്കര്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രായോഗികമാര്‍ഗമായ 'മിശ്രവിവാഹം' പരിഗണനക്കെടുത്തിട്ടുണ്ട്. സോമനും ലക്ഷ്മിയുമായുള്ള വിവാഹത്തിന് സമ്മതം മൂളുമ്പോള്‍, ആദ്യമായി മിശ്രവിവാഹത്തിന് തയാറായതിനുള്ള ഖ്യാതി തങ്ങളുടെ കുടുംബത്തിന് ലഭിക്കുമല്ലോ എന്നോര്‍ത്ത് രാജു ആശ്വസിക്കുന്നുണ്ട്. പക്ഷെ, മിശ്രവിവാഹം സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഉപാധി എന്ന നിലയിലല്ല, മറിച്ച് ഒരുകുടുംബം വെച്ചുപുലര്‍ത്തുന്ന ഔദാര്യം എന്നനിലയിലാണ് അതിനെ സമീപിച്ചിട്ടു ള്ളത്. അതിലപ്പുറം മിശ്രവിവാഹം ഇവിടെ പ്രസക്തമല്ലതന്നെ.

വക്കീലായി വേഷമിട്ട മുതുകുളം രാഘവന്‍പിള്ള രചിച്ച കഥയാണ് ജീവിതനൗകക്ക് ആധാരം. എഡിറ്റിംഗ് രംഗത്തെ പുത്തന്‍ ഏര്‍പ്പാടുകളെല്ലാം ആ ചുമതലനിര്‍വഹിച്ച എസ് വില്യംസ് പരീക്ഷിച്ചിട്ടുണ്ട്. പി ബി മണിയുടേതാണ് ഛായാഗ്രഹണം. വി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ പ്രമുഖ പിന്നണിഗായകന്‍ മെഹബൂബ് അരങ്ങേറ്റം കുറിച്ച സിനിമയുമാണ് ജീവിതനൗക. നായകനായ സോമന്റെ വേഷം കൊകാര്യം ചെയ്തത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. ജ്യേഷ്ഠനായ രാജുവിനെ സംഗീതരംഗത്ത് പ്രസിദ്ധനായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ അവതരിപ്പിക്കുന്നു. മറ്റു നടന്മാരില്‍ ആദിമൂലം കണിയാനായും എസ് പി പിള്ള ശങ്കുവായും പ്രത്യക്ഷപ്പെടുന്നു. 

മലയാളത്തിലെ ആദ്യസിനിമയായ 'വിഗതകുമാര'നില്‍ വേഷമിട്ടിട്ടുള്ള ജോണ്‍സന്റെ മകള്‍ ബി എസ് സരോജയാണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്. സരോജയുടെ ആത്മമിത്രംകൂടിയായ പങ്കജവല്ലിയാണ് ചേട്ടത്തിയായ ജാനുവിനെ അവതരിപ്പിച്ചത്. പങ്കജവല്ലി ആദ്യം അഭിനയിച്ച സനിമയും ജീവിതനൊക തന്നെ. പ്രസിദ്ധ നടി, കാവേരി (കല്യാണി) പങ്കജവല്ലിയുടെ ചെറുമകളാണ്.


2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കൂട്ടുകുടുംബം: മിശ്രവിവാഹം ജാതിനിര്‍മൂലനത്തിന്സാമൂഹ്യപുരോഗതിയെ തടഞ്ഞുനിര്‍ത്തുന്നത് ജാതിവ്യവസ്ഥയാണെന്ന് തിരിച്ചറിയുന്ന മലയാള സിനിമയാണ്, 1969 ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ 'കൂട്ടുകുടുംബം'. ജാതിഉന്മൂലനത്തിനായി ഈ സിനിമയിലൂടെ മുന്നോട്ടുവെക്കപ്പെടുന്നത്, ഡോ. അംബേഡ്കര്‍ നിര്‍ദ്ദേശിക്കുന്ന 'മിശ്രവിവാഹം', 'മിശ്രഭോജനം' എന്നീ പ്രക്രിയകള്‍ തന്നെയാണ്. രക്തരൂക്ഷിതമായ ഒരു വിപ്ലവമല്ല ജാതിഉന്മൂലത്തിനായി വിഭാവന ചെയ്തിട്ടുള്ള ഈ പ്രക്രിയകള്‍. സിനിമയുടെ കഥാകാരനും, പ്രഖ്യാപിത കമ്മ്യൂണിസ്റ്റുകാരനുമായ തോപ്പില്‍ ഭാസിയും ജാതിഉന്മൂലനത്തിനുള്ള മാര്‍ഗമായി സായുധവിപ്ലവം എന്ന ആശയത്തെ, 'കൂട്ടുകുടുംബം' എന്ന ഈ സിനിമയില്‍ തള്ളിക്കളയുന്നതുകാണാം. ഡോ. അംബേഡ്കര്‍ നിരീക്ഷിക്കുന്നത്, സവര്‍ണരുടെ (ജാതിഹിന്ദുക്കള്‍) മനോഭാവത്തില്‍ വരുന്ന മാറ്റമാണ് ജാതിയെ ഉന്മൂലനം ചെയ്യുക എന്നതാണ്. അത് എങ്ങനെയാണ് സാധ്യമാകുക? ആന്തരികപ്രേരണയാലോ, ബാഹ്യപ്രേരണയാലോ മനോഭാവത്തിലെ ഈ മാറ്റം സാധ്യമാവുക? തീര്‍ച്ചയായും മനോഭാവത്തില്‍ മാറ്റംവരുത്തുന്നത്, ജാതിവ്യവസ്ഥ ക്കെതിരായി നിലകൊള്ളുന്നവരാല്‍ ജാതിവ്യവസ്ഥയുടെ സംരക്ഷകരില്‍ പുറമെനിന്നു ചെലുത്തപ്പെടുന്ന പ്രേരണയുടെ ശക്തിയാലാണ് അത് സംഭവ്യമാകുന്നത്. ജാതിവ്യവസ്ഥക്കെതിരെ നീങ്ങുന്നവന്‍ അതിനായി ആദ്യം ചെയ്യേണ്ടത്, സ്വജാതിയില്‍ നിന്നുംമാറി അന്യ ജാതിക്കാരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക എന്നുള്ളതാണ്. അപ്രകാരം മിശ്രവിവാഹം ചെയ്തതിലൂടെ ഒരു യുവാവ്, തന്റെ പിതാവിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തിച്ചുകൊണ്ട് എങ്ങനെയാണ് ജാതിഉന്മൂലനപ്രക്രിയയില്‍ ഭാഗഭാക്കായത് എന്നുള്ളതിന് മികച്ച ഉദാഹരണമായിത്തീര്‍ന്ന സിനിമയാണ് 'കൂട്ടുകുടുംബം'.

ഇലഞ്ഞിക്കല്‍ തറവാട്ടിലെ കാരണവരായ രാമന്‍പിള്ളക്ക് മൂന്നുപെണ്‍മക്കളുണ്ട്. അവരില്‍ ലക്ഷ്മിക്കുട്ടിയെ ഉണ്ണിത്താനും സരസ്വതിയെ ഗോവിന്ദനും വിവാഹം കഴിച്ചു. ഇളയവള്‍ ശ്യാമളയുടെ വിവാഹം ആയിട്ടില്ല. അതിനിടെ ഏക മകനായ അപ്പുക്കുട്ടന്‍ തങ്കമ്മ എന്ന പുലയിയെ വിവാഹം ചെയ്ത് അവളുടെ കൂരയിലാണ് താമസം. അപ്പുക്കുട്ടന്‍ തറവാട്ടില്‍ കയറുന്നതിന് കാരണവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുക യാണ്. മരുമക്കത്തായ സമ്പ്രദായമനുസരിച്ച്, രാമന്‍പിള്ളയുടെ സഹോദരി കാര്‍ത്ത്യായനിപ്പിള്ളയും അവരുടെ മകന്‍ രാധാകൃഷ്ണനും തറവാട്ടില്‍ത്തന്നെയാണ് താമസം. രാധാകൃഷ്ണനും ശ്യാമളയും തമ്മില്‍ പ്രണയത്തിലാണ്.

നെല്‍കൃഷിയില്‍ നിന്നുള്ള വരുമാനമാണ് തറവാടിന്റെ ആസ്തി. കാലാവസ്ഥ മോശമാവുകയാല്‍ കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് തറവാട് പുലര്‍ത്തുവാന്‍ പറ്റാതെ വന്നു. വിവാഹം കഴിച്ചയച്ച രണ്ടു പെണ്‍മക്കളുടേയും ഭര്‍ത്താക്കന്മാര്‍ അവകാശവും ചോദിച്ച് നിരന്തരം തറാവാട്ടില്‍ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പുലയക്കുടിലിലെ പ്രാരാബ്ധങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അപ്പുക്കുട്ടനും തന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തുന്നതിനായി, അഞ്ചുവയസ് പ്രായമായ തന്റെ മകളുമായി തറവാട്ടിലെത്തി, തന്റെ വിഹിതം ആവശ്യപ്പെടുന്നു. കാരണവര്‍ അപ്പുക്കുട്ടനേയും കുഞ്ഞിനേയും ജാതിവിളിച്ച് ആക്ഷേപിച്ച് ആട്ടിപ്പുറത്താക്കുന്നു. ഇതിനിടെ, കാരണവരുടെ പണംകൊണ്ട് കല്‍ക്കത്തയില്‍ പഠനം തുടരുന്ന രാധാകൃഷ്ണന്‍ ചെവലിന് തികയാതെ കൂടുതല്‍ തുക ആവശ്യപ്പെട്ട് കത്തയക്കുന്നു. വേലായുധന്‍പിള്ളയോട് പണം കടംവാങ്ങി കാരണവര്‍ രാധാകൃഷ്ണന് അയച്ചുകൊടുക്കുന്നു. ബാങ്കില്‍ നിന്നും കൃഷിയാവശ്യത്തിന് എടുത്ത വായ്പ കുടിശ്ശിഖ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകാണ്ട് മാനേജര്‍ നേരിട്ട് തറവാട്ടിലെത്തുന്നു....

വേലായുധന്‍പിള്ള നടത്തുന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി അപ്പുക്കുട്ടന് നിയമനം ലഭിക്കുന്നു. വേലായുധന്‍പിള്ളയുടെ മകള്‍ രാധികയും ശ്യാമളയും ഉറ്റതോഴിമാരാണ്. കുടുംബത്തിലെ കടബാധ്യതകള്‍ ഏറിവന്നപ്പോള്‍, മറ്റുപോംവഴികളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ശ്യാമള ഒരു നാടകക്കമ്പനിയില്‍ നടിയായി ചേരുന്നു. അഡ്വാന്‍സായി മുന്‍കൂര്‍ കൈപ്പറ്റുന്ന പണംകൊണ്ട് രാമന്‍പിള്ള ബാങ്കിലെ കടം വീട്ടുന്നു. 

മൂന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ച്, വോലായുധന്‍ പിള്ള ഒരുദിവസം, ഓഫീസ് ആവശ്യത്തിനായി അപ്പുക്കുട്ടനെ ഡെല്‍ഹിയിലേക്ക് പറഞ്ഞയക്കുന്നു. ഈ തക്കത്തിന് വേലായുധന്‍പിള്ള തന്റെ വാരികയില്‍ ശ്യാമളയെക്കുറിച്ച് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിക്കുന്നു. ഈ ലേഖനം, നാട്ടിലേക്കുള്ള തന്റെ മടക്കയാത്രയില്‍ ട്രെയിനില്‍ ഇരുന്ന് വായിക്കുന്ന രാധാകൃഷ്ണന്‍ ശ്യാമളയെ വറുക്കുന്നു. വീട്ടിലെത്തിയ രാധാകൃഷ്ണന്‍ ശ്യാമളയെ വിവാഹം കഴിക്കാനാവില്ലെന്ന് കാരണവരെ അറിയിക്കുന്നു. ഡെല്‍ഹിയില്‍ നിന്നും തിരിച്ചെത്തുന്ന അപ്പുക്കുട്ടന്‍, തന്റെ സഹോദരിയെ അപകീര്‍ത്തിപ്പെടുത്തിയ, തന്റെ തൊഴില്‍ദാതാവുകൂടിയായ പത്രമുടമ വേലായുധന്‍പിള്ളയെ അയാളുടെ വീട്ടിലെത്തി അടിക്കുന്നു. ജോലിയുടെ രാജിക്കത്ത് വലിച്ചെറിഞ്ഞിട്ട് അപ്പുക്കുട്ടന്‍ അവിടെനിന്നും പോകുന്നു. 

ഇതിനിടെ തറവാട്ടിലെത്തി കാരണവന്മാരെ വെച്ചാരാധിക്കുന്ന കളരിയില്‍ ഭാര്യ സരസ്വതിയോടും മക്കളോടുമൊപ്പം താമസമാക്കിയിരുന്ന ഗോവിന്ദനെ കള്ളവാറ്റ് നടത്തിയ കുറ്റത്തിന്, പൊലീസുകാര്‍ വന്ന് തൊണ്ടിസഹിതം പിടിച്ചുകൊണ്ടുപോകുന്നു. വേലായുധന്‍പിള്ളയുടെ മകളും ശ്യമാളയുടെ തോഴിയുമായ രാധികയെ വിവാഹംകഴിച്ച് രാധാകൃഷ്ണന്‍ ഭാര്യാസമേതനായി അമേരിക്കക്ക് യാത്രയാകുന്നു. അന്ന് വൈകിട്ട് നേരമിരുട്ടിയപ്പോള്‍, തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിനായി അപ്പുക്കുട്ടന്‍, സഹോദരി ശ്യാമളയെ കാണാന്‍ തറവാട്ടിലെത്തുന്നു. അച്ഛനായ രാമന്‍പിള്ള അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അപ്പുക്കുട്ടനും ശ്യാമളയും പടിപ്പുരയിലേക്ക് നോക്കുമ്പോള്‍, രാമന്‍പിള്ള അപ്പുക്കുട്ടന്റെ മകളേയും തോളിലെടുത്തുകൊണ്ട് തങ്കമ്മയുമായി കടന്നുവരുന്നു...! മറവില്‍ നിന്നും പുറത്തുവരുന്ന കാര്‍ത്ത്യായനിപ്പിള്ളയും കൂടിച്ചേര്‍ന്ന്, ഒരിക്കല്‍ 'പുലയി' എന്നു പറഞ്ഞ് ആട്ടിയിറക്കിവിട്ട, അപ്പുക്കുട്ടന്റേയും തങ്കമ്മയുടേയും കുഞ്ഞിനെക്കൊണ്ട് തറവാട്ടില്‍ വിളക്ക് തെളിയിക്കുന്നു. 'ഇത് സന്ധ്യാദീപമല്ല, വരാനിരിക്കുന്ന പുത്തന്‍ പുലരിയുടെ ഉദയദീപമാണ്', എന്ന് അപ്പുക്കട്ടന്‍ പറയുമ്പോള്‍, 'ഒരു പുതിയ കൂട്ടുകുടുംബ വ്യവസ്ഥ ഇവിടെയാരംഭിക്കട്ടെ' എന്ന് രാമന്‍പിള്ള അതിനൊരു തുടര്‍ച്ച കൊടുക്കുന്നു.

വേലായുധന്‍ പിള്ളക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നു. അതുകൊണ്ടാണ്, രാധാകൃഷ്ണന്റെ പഠനാവശ്യത്തിനായി ചോദിക്കുമ്പോഴൊക്കെ രാമന്‍പിള്ളക്ക് കാശുകൊടുത്തിരുന്നത്. രാധാകൃഷ്ണനെക്കൊണ്ട് തന്റെ മകള്‍ രാധികയെ വിവാഹംകഴിപ്പിക്കുക എന്നാണ് അയാള്‍ ആഗ്രഹിച്ചിരുന്നത്. അപ്പോള്‍ അവിവാഹിതയായി തുടരുന്ന ശ്യാമളയെ തന്റെ രണ്ടാം ഭാര്യയാക്കാമെന്നും അയാള്‍ കരുതിയിരുന്നു. ഇത് ഉണ്ണിത്താന്‍വഴി രാമന്‍പിള്ളയറിഞ്ഞപ്പോള്‍ കുടുംബത്തിന് അത് അപമാനവും താങ്ങാനാവാത്ത ആഘാതവുമായി. വേലായുധന്‍പിള്ളയുടെ ഒരാഗ്രഹം മാത്രമേ സഫലമായുള്ളൂ, ശ്യാമളയുടെ കാര്യത്തില്‍ അയാള്‍ ഇളിഭ്യനായി.

ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്നത്, രാമന്‍പിള്ള കെട്ടിമുറുക്കിപ്പിടിച്ചിരുന്ന ആഭിജാത്യമാണ്. അയാളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിച്ചത്, സ്വജാതി യില്‍പ്പെട്ടവരും രക്തബന്ധുക്കളും തന്നെ ചതിച്ചതില്‍ നിന്നുള്ള തിക്താനുഭവങ്ങളും കീഴ്ജാതിക്കാരോടൊപ്പം ദാരിദ്ര്യാവസ്ഥയിലും അപ്പുക്കുട്ടന്‍ സന്തോഷത്തോടെ കഴിയുന്നത് നേരിട്ട് കാണുവാന്‍ ഇടയായതുമാണ്. ജാതി, അതിനൊരര്‍ത്ഥവുമില്ലെന്ന് രാമന്‍പിള്ള മനസ്സിലാക്കുന്നു. 

സാമ്പത്തികമായി തറവാട് അടിപതറാനുള്ള കാരണവും ആഭിജാത്യചിന്ത വരുത്തിവെച്ച വിനയാണെന്നു കാണാം. കാലവസ്ഥ കൃഷിക്ക് അനുയോജ്യമാകുന്നി ല്ലെന്നു കണ്ടെത്തുന്ന മാത്രയില്‍ത്തന്നെ അയാള്‍ സ്വത്തുക്കള്‍ ഭാഗംവെക്കേണ്ടതാ യിരുന്നു. ആധുനിക കൃഷിരീതിയവലംബിച്ച് കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ മക്കള്‍ക്ക് അവരുടെ കുടുംബജീവിതം മുന്നോട്ടു നയിക്കാമായിരുന്നു. പക്ഷെ, അപ്പുക്കുട്ടനും വിഹിതം കൊടുക്കേണ്ടിവരും, അതുവഴി തന്റെ അടിയാന്മാരായ പുലയരിലേക്ക് തറവാട്ട് സ്വത്തില്‍ ഒരു ഭാഗം ചെന്നുചേരും എന്നുംമറ്റുമുള്ള ജാതിചിന്തയാല്‍ അയാള്‍ക്കതിന് കഴിഞ്ഞില്ല. ഫലമോ, കാരണവന്മാരെ വെച്ചാരാധിച്ചിരുന്ന കളരിയില്‍വെച്ച് സ്വന്തം മകള്‍ക്കും കുടുംബത്തിനും കള്ളവാറ്റ് നടത്തി ജീവിക്കേണ്ടിവന്നു. 

രാമന്‍പിള്ളയുടെ പതനത്തിന് കാരണം അയാള്‍ നേരിട്ട ദാരിദ്ര്യമാണെന്നും മനോഭാവത്തില്‍വന്ന മാറ്റമെല്ലെന്നും എതിര്‍വാദം ഉന്നയിക്കപ്പെട്ടേക്കാം. പക്ഷെ, രാമന്‍പിള്ളയുടെ പതനം മുഴുവന്‍ അയാള്‍ വിചാരിക്കുന്ന ആഭിജാത്യം വരുത്തിവെക്കു ന്നതാണ്. ആഭിജാത്യം എന്നാല്‍ ജാത്യഭിമാനംതന്നെയാണല്ലോ. ആ വിചാരം രാമന്‍പിള്ളയില്‍ നിന്നും വിട്ടുപോയപ്പോള്‍ ജാതിരാഹിത്യത്തിന്റെതായ ഒരു കൂട്ടുകുടുംബവ്യവസ്ഥയിലേക്ക് ജീവിതം വഴിമാറുന്നു.

്കൂട്ടുകുടുംബം സിനിമയിലെ കഥാസഞ്ചാരത്തില്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമാന്തരധാരകൂടി ചര്‍ച്ചക്ക് വിധേയമാകുന്നുണ്ട്. അതായത് നാടകകലാകാരന്മാര്‍ അക്കാലത്ത് നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചില ഊടുവെപ്പുകള്‍ സിനിമയെ ദൃഡമാക്കുന്നതുകാണാം. അക്കാലത്ത് നാടകങ്ങളില്‍ സ്ത്രീകഥാപാത്രങ്ങളെ പുരുഷന്മാരായ നടന്മാരാണ് രംഗത്ത് അവതരിപ്പിച്ചിരുന്നത്. സ്ത്രീകള്‍ ആരെങ്കിലും അതിന് തയാറായാല്‍ത്തന്നെ അന്നത്തെ സമൂഹം അവളെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കാന്‍ മടികാണിച്ചിരുന്നില്ല. അന്ന് നാടകത്തിന് തയാറായിവന്നുതുടങ്ങി യിരുന്ന നടിമാര്‍ക്ക് ജീവിതത്തില്‍ പലതും ത്യജിക്കേണ്ടതായിവരുന്നുണ്ട്. സിനിമയില്‍ ശ്യാമളക്കാകട്ടെ, താന്‍ നാളുകളായി കൊതിച്ചിരുന്ന തന്റെ കാമുകനും ബാല്യകാല സഖാവുമുമൊത്തുള്ള ജീവിതം സഫലമാവാതെപോവുന്നു. അവള്‍ മാനംകളഞ്ഞ്, രാപകലില്ലാതെ അധ്വാനിച്ച് സമ്പാദിച്ച പണംകൊണ്ടാണ് രാധാകൃഷ്ണനെ പഠിപ്പിച്ച് ബിരുദധാരിയാക്കുന്നത്. രാധാകൃഷ്ണന്‍ തന്നെ നിരസിക്കുമ്പോള്‍ ശ്യാമള അയാളുടെ മുഖത്തുനോക്കി, 'അരങ്ങത്തെ ചിരി അഭിനയമാണ്, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ട്, എന്നാല്‍ ജീവിതത്തിലെ കരച്ചില്‍ അഭിനയമല്ല, അതാകട്ടെ നിങ്ങള്‍ വിശ്വസിക്കുന്നുമില്ല' എന്നു തുറന്നടിക്കുന്നുണ്ട്. നാടക സംവിധായകന്‍ കൂടിയാണല്ലോ തോപ്പില്‍ ഭാസി. അരങ്ങത്ത് നാടകം ജനിക്കുന്നതിന് പിന്നില്‍ അതിന്റെ പ്രവര്‍ത്തകരുടെ കണ്ണീരിന്റെ നനവുണ്ട് എന്നുകൂടി തോപ്പില്‍ ഭാസി കൂട്ടുകുടുംബം സിനിമയിലൂടെ പറഞ്ഞുവെക്കുന്നു.

കെ എസ് സേതുമാധവനാണ് സിനിമ സംവിധാനം ചെയ്തതെങ്കിലും അതിന്റെ പിന്നിലെ തരക്കഥ ഒരു നാടകകൃത്തിന്റേതാണെന്ന് വെളിപ്പെടുത്താനുതകുന്ന മട്ടിലാണ് പി ദത്തു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. മീഡിയം ഷോട്ടല്ലാതെ മറ്റു യാതൊരു സങ്കേതവും ഛായാഗ്രഹണത്തിന് ആശ്രയിക്കുന്നില്ല. കൃത്യമായ അകലത്തിലിരുന്ന് നാടകംകാണുന്നവന്റെ അനുഭൂതി പകര്‍ന്നുനല്‍കാനെന്ന വണ്ണം ഏതാണ്ട് മുഴുനീളെ മീഡിയം ഷോട്ടുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഉജ്വലഭാവം പ്രകടിപ്പിക്കേണ്ടിടത്ത് പോലും ക്ലോസപ്പുകള്‍ വിരളമാണ്. ഛായാഗ്രാഹകന് അനുപൂരകമെന്നവണ്ണം എഡിറ്റര്‍ ടി ആര്‍ ശ്രീനിവാസലുവും ഒരു മുറിച്ചൊട്ടിക്കലു കാരന്‍ മാത്രമായി തന്റെ ചുമതല നിര്‍വഹിച്ചിരിക്കുന്നു. നിലവിലെ മറ്റ് എഡിറ്റിംഗ് സാങ്കേതങ്ങള്‍ പലതും പ്രയോഗിക്കുന്നുമില്ല, നൂതനമായവ പരീക്ഷിക്കുന്നുമില്ല. വയലാര്‍, ജി ദേവരാജന്‍ ടീമിന്റേതാണ് ഗാനരചനയും സംഗീതവും. നടന്മാരില്‍ പ്രേം നസീര്‍ രാധാകൃഷ്ണക്കുറുപ്പായും സത്യന്‍ അപ്പുക്കുട്ടനായും വേഷമിടുന്നു. ശ്യാമളയായി ശാരദയും തങ്കമ്മയായി ഷീലയും രാധികയായി ഉഷാകുമാരിയും അരങ്ങത്തെത്തുന്നു. ഇലഞ്ഞിക്കല്‍ രാമക്കുറുപ്പിനെ കൊട്ടാരക്കര ശ്രീധരന്‍ നായരും തങ്കമ്മയുടെ അച്ഛനെ എസ് പി പിള്ളയും വേലായുധന്‍ പിള്ളയെ എന്‍ ഗോവിന്ദന്‍കുട്ടിയും അവതരിപ്പിക്കുന്നു. അടൂര്‍ഭാസി, മണവാളന്‍ ജോസഫ്, ആലുംമൂടന്‍, കെപിഎസി ഖാന്‍, എസ് ജെ ദേവ്, കെപിഎസി ലളിത, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരാണ് മറ്റ് പാത്രാവതാരകര്‍. എക്‌സെല്‍ പ്രൊഡക്ഷന്‍ കമ്പനി 1969 നവംബര്‍ 28 ന് കൂട്ടുകുടുംബം തിയേറ്ററുകളില്‍ എത്തിച്ചു. 


2018, ഫെബ്രുവരി 8, വ്യാഴാഴ്‌ച

റോമാക്കരില്‍ നിന്നും അടിമ മോചിതരാകാനും ഹിന്ദുക്കളില്‍ നിന്ന് അസ്പൃശ്യര്‍ മോചിതരാകാതിരിക്കുന്നതിനുമുള്ള കാരണങ്ങള്‍.നമ്മുടെ ഇടയില്‍ ഭൂദേവന്മാരും (ബ്രാഹ്മണര്‍) നമ്മളും (അസപൃശ്യര്‍) തമ്മില്‍ അടുത്ത ബന്ധംതന്നെയില്ല; ആ സ്ഥിതിക്ക് അവരുടെ ആചാരങ്ങള്‍ നമ്മളിലേക്ക് എങ്ങനെ വ്യാപിക്കും. ഉപനിഷത്തിലെ തത്വങ്ങള്‍ നമ്മളെ കേള്‍പ്പിക്കാന്‍ അവര്‍ തയാറല്ലെങ്കില്‍ നമ്മുടെ മാരിയമ്മപൂജ എങ്ങനെ ഇല്ലാതാകും? നമ്മള്‍ വേദം കേള്‍ക്കരുത് എന്നാണ് അവരുടെ ആജ്ഞയെങ്കില്‍ നമ്മള്‍ എങ്ങനെ ലാവണി (ലാസ്യനൃത്തം) വിട്ടുകളയും? നമ്മളെ ഉപനയനം കഴിപ്പിച്ച് പൂണൂലിടുവിച്ചാല്‍ നമ്മളും ശുചിയും ശുദ്ധിയും ഉള്ളവരാകുമായിരുന്നില്ലേ? ചുരുക്കത്തില്‍ നമ്മള്‍ വൃത്തികെട്ടവരാണെന്നാണ് ആരോപണമെങ്കില്‍, അതിനുള്ള ഉത്തരം ഇതായിരിക്കും; നല്ല നടപടികള്‍ നമുക്ക് വല്ലവരും പറഞ്ഞുതന്നിരുന്നോ? ബ്രാഹ്മണന്റെ കുട്ടികള്‍ ബ്രാഹ്മണ്യത്തിന്റെ ആചാരങ്ങളും, നമ്മുടെ ഇടയില്‍ത്തന്നെ ക്രിസ്തുമതം സ്വീകരിച്ചവരുടെ കുട്ടികള്‍ ക്രൈസ്തവ ആചാരങ്ങളും പ്രദര്‍ശിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ബ്രാഹ്മണരുടെ ആചാരവിചാരങ്ങള്‍ അസ്പൃശ്യര്‍ എന്തുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നില്ല എന്നു ചിന്തിച്ചുനോക്കിയാല്‍ നമുക്ക് മനസ്സിലാകും, അപ്രകാരമുണ്ടാവണമെങ്കില്‍ രണ്ടു സമുദായങ്ങളും തമ്മില്‍ സ്‌നേഹപൂര്‍വകമായ ഇടപെടലുകളും അടുത്ത ബന്ധവും ഉണ്ടായിരിക്കണമെന്ന്. അസ്പൃശ്യതമൂലം, ഹിന്ദുസമൂഹത്തില്‍ ഇപ്രകാരമുള്ള ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അവരവരുടെ നല്ലതും ചീത്തയുമായ ആചാരങ്ങള്‍ ഓരോ സമുദായങ്ങളും തുടര്‍ന്നുപോരുന്നത് അതുകൊണ്ടാണ്. റോമാക്കാരുടെ അടിമത്തത്തില്‍ ഇപ്രകാരമുള്ള അസ്പൃശ്യതയുടെ കളങ്കമുണ്ടായി രുന്നില്ല എന്നതുകൊണ്ട് ഉന്നതവര്‍ഗത്തിന്റെ ആചാരങ്ങളും ഗുണങ്ങളും കാണാനും പകര്‍ത്താനും അടിമകള്‍ക്ക് കഴിഞ്ഞു. (38.15)


2018, ഫെബ്രുവരി 7, ബുധനാഴ്‌ച

ബലൂട്ട: ജാതിമതിലുകള്‍ ഭേദിച്ച് ബെസ്റ്റ് സെല്ലറായ ആത്മകഥ, ജയ് ഭീം വിളികളോടെ...


സിനിമയാക്കുന്ന ആദ്യത്തെ ദലിത് ആത്മകഥ ദയാ പവാറിന്റെ ബലൂട്ടയാണെന്ന് കരുതാം. മറാത്തി ഭാഷയില്‍ രചിക്കപ്പെട്ട ബലൂട്ട 1979 ലാണ് പ്രസിദ്ധീകൃത മാകുന്നത്. ഭാവുകത്വപരിണിതികൊണ്ട് ശ്രദ്ധേയമായ ഈ കൃതി ആത്മകഥാകഥ നത്തിലെ സാമ്പ്രദായിക രചനാസങ്കേതങ്ങളെ മൊത്തത്തില്‍ കീഴ്‌മേല്‍ മറിച്ചു. 37 വര്‍ഷങ്ങള്‍ക്കു ശേഷം 2015 ല്‍ ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്ന ഉടനെതന്നെ അത് ബെസ്റ്റ് സെല്ലറായി മാറി. സ്പീക്കിംഗ് ടൈഗര്‍ എന്ന പ്രസാധക സ്ഥാപനത്തിനുവേണ്ടി ഈ കൃതി പരിഭാഷപ്പെടുത്തിയത് സുപ്രസിദ്ധ എഴുത്തുകാരനായ ജെറി പിന്റോയാണ്.

1982 ല്‍ ബലൂട്ടയെ ആധാരമാക്കി മറാത്തിയില്‍ ഒരു സിനിമ പുറത്തിറങ്ങി. ഭാസ്‌കര്‍ ചന്ദവര്‍ക്കറാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ ശീര്‍ഷകം പക്ഷെ 'അത്യാചാര്‍' എന്നായിരുന്നു. അത്യാചാര്‍ എന്നാല്‍ പട്ടികജാതിക്കാര്‍ക്കു നേരെയുള്ള 'അതിക്രമങ്ങള്‍' (അട്രോസിറ്റി) എന്നു തന്നെയാണര്‍ത്ഥം. സിനിമയുടെ ശീര്‍ഷകത്തി ലെ ഈ വ്യതിയാനം, മൂലകൃതി പുറത്തുവരുന്ന കാലത്തുതന്നെ അതിന് ലഭിക്കുമാ യിരുന്ന പെരുമയെ നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു പക്ഷെ, പ്രാതിഭാസികമായ ഒരു ശ്രദ്ധേയത കൃതിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ഭാവിയില്‍ ലഭിക്കുമെന്ന് സംവിധായ കനായ ഭാസ്‌കര്‍ ചന്ദവര്‍ക്കര്‍ വിചാരിക്കാനിടയില്ലല്ലോ. എഴുത്തുകാരനായ ദയാ പവാറുമായി കൂടിയാലോചിച്ചിട്ടു തന്നെയാവും ശീര്‍ഷകം മാറ്റിയത്. അങ്ങനെ വിചാരിക്കാന്‍ കാരണമുണ്ട്. ദയാ പവാര്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹമാണല്ലോ, ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത 'ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കര്‍' എന്ന പ്രസിദ്ധ സിനിമയുടെ തിരക്കഥ തയാറാക്കിയത്.

എഴുതപ്പെടുന്ന ആദ്യത്തെ ദലിത് ആത്മകഥയല്ല ബലൂട്ട. അണ്ണാബാഹു സാഥേയുടേയും ബാബുറാവു ബാഗുലിന്റേയും ആത്മമകഥകള്‍ ബലൂട്ടക്ക് മുമ്പ് ഇറങ്ങിയിട്ടുണ്ട്. പ്രസാധനത്തെത്തുടര്‍ന്ന് ദലിത് ആത്മകഥകളുടെ പൊതുവായന യിലെ ലോകപരിസരം സൃഷ്ടിക്കാന്‍ ബലൂട്ടക്ക് കഴിഞ്ഞുവെന്നതാണ് കൃതിയുടെ ചരിത്രപ്രസക്തി. ബലൂട്ടയെ തുടര്‍ന്ന് ലക്ഷ്മണ്‍ ഗെയ്ക്ക്വാദിന്റെ ആത്മകഥയായ 'ഉചല്യ'യും ലക്ഷ്മണ്‍ മാനെയുടെ 'ഉപാര'യും പുറത്തുവന്നു. 

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലുള്‍പ്പെട്ട ധാമംഗൗണില്‍ 1935 ല്‍ ജനിച്ച ദഗ്ഡു മാരുതി പവാര്‍ ആണ് പിന്നീട് ദയാ പവാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്. അസ്പൃശ്യരായ മഹാറുകളുടേതാണ് ദയാ പവാര്‍ ജനിച്ച സമുദായം. തൂപ്പുകാരുടേയും, ചത്തമൃഗങ്ങളുടെ തോലുരിക്കുന്ന തൊഴില്‍ ചെയ്യ്തു ജീവിക്കുന്നവരു ടേതുമാണ് ഈ സമുദായം. മഹാറുകള്‍ അധിവസിക്കുന്ന കോളനി മഹാര്‍വാഡ എന്നറിയപ്പെട്ടു. ദയാ പവാറിന്റെ അച്ഛന്‍ ഡോക് യാര്‍ഡിലെ കൂലിപ്പണിക്കാ രനായിരുന്നു. അമ്മയാകട്ടെ നിന്ദ്യമായ വെറുംകൈ തോട്ടിപ്പണി (മാനുവല്‍ സ്‌കാവെഞ്ചിംഗ്) യും ചെയ്യുമായിരുന്നു. 

ദയാ പവാറിന്റെ കുട്ടിക്കാലത്ത് കുടുംബം കാമാത്തിപുര ജില്ലയിലെ കവാഖാന യിലാണ് പാര്‍ത്തിരുന്നത്. പത്തുപന്ത്രണ്ടടിമാത്രം വിസ്താരമുള്ള ഒരു ഒറ്റമുറിക്കൂര യിലാണ് കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നത്. ഒഴിഞ്ഞ തക്കാളിപ്പെട്ടികളും അയയില്‍ തൂക്കിയിട്ട പഴന്തുണി മറകളും കൊണ്ട് കുടിലിലെ 'മുറി'കള്‍ തിരിച്ചിരുന്നു! അച്ഛന്റെ ജോലി പെട്ടെന്ന് നഷ്ടപ്പെടുകയാല്‍, അയിത്തംകൊണ്ടുതന്നെ നട്ടംതിരിഞ്ഞിരുന്ന സമുദായക്കാരുടെതായ പവാര്‍ കുടുബത്തിന് സാമ്പത്തിക ഭദ്രതയില്ലാത്ത ആ പരിതസ്ഥിതിയില്‍ അവര്‍ നേരിട്ടുകൊണ്ടിരുന്ന ജീവിതസമരത്തെ ഒന്നുകൂടി കഠിനതരമാക്കി. പള്ളിക്കൂടത്തില്‍, ഏറ്റവും പിന്നിലെ മൂലയില്‍ തറയിലിരുന്നാണെങ്കിലും പഠിക്കാന്‍ അവസരം ലഭിച്ചത് ദയാ പവാര്‍ തന്റെ ജീവിതത്തില്‍ അങ്ങേയറ്റം പ്രയോജനപ്പെടുത്തി. ജാതിഹിന്ദുക്കള്‍ എതിരെ വരുമ്പോള്‍ അവരുടെ ദൃഷ്ടിയില്‍ പെട്ടുപോകാതെ നോക്കി സഞ്ചരിക്കേണ്ടിവരു ന്നതുമൂലമുള്ള കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ കുട്ടിക്കാലത്തുതന്നെ ജാതിവ്യവസ്ഥക്കെ തിരായ സമരചിന്ത ദയാ പവാറില്‍ രൂപപ്പെട്ടിരുന്നു. 

1992 ല്‍ 'പോയ്‌സന്‍ഡ് ബ്രെഡ്' എന്ന വിഖ്യാതമായ ദലിത് കവിതാസമാഹാരം പ്രസിദ്ധീകരിച്ച അര്‍ജുന്‍ ഡാംഗ്ലെയുടെ പ്രേരണയാലാണ് ദയാ പവാര്‍ ഓര്‍മക്കുറിപ്പുകള്‍ എവുതുവാന്‍ തുനിഞ്ഞത്. അത് 'ബലൂട്ട'യായി ചിട്ടപ്പെടുത്തി യപ്പോള്‍ സംശോധനചെയ്തത് അര്‍ജുന്‍ ഡാംഗ്ലെതന്നെയാണ്. ജാതിമതില്‍ ഭേദിക്കുക എന്ന ലക്ഷ്യത്തില്‍ മുന്നേറിയപ്പോള്‍ അതിനായി ദയാപവാര്‍ തരഞ്ഞെടുത്ത സമരമാര്‍ഗം കവിതയും സാഹിത്യവുമായിരുന്നു. അക്കാലത്ത് പവാര്‍ റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്നു. സമാനചിന്താഗതിക്കാരും അക്കാലത്തുതന്നെ അറിയപ്പെടുന്ന സാഹിത്യകാരന്മാരായി മാറിയിരുന്ന നാംദിയോ ദാസല്‍, അര്‍ജുന്‍ ഡാംഗ്ലെ, നാരായണ്‍ സുര്‍വേ ജെ വി പവാര്‍ തുടങ്ങിയവരൊക്കെ ദയാ പവാറിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. ഈ കൂട്ടുകെട്ടില്‍ രൂപപ്പെട്ട ചിന്താപദ്ധതിയാണ് 1972 ലെ 'ദലിത് പാന്തേഴ്‌സ്' രൂപീകരണത്തിലൂടെ പ്രാവര്‍ത്തി കമായത്. ദലിത് വിമോചന രാഷ്ട്രീയത്തില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനാകുന്ന തിനുവേണ്ടി ജോലി രാജിവെക്കാന്‍ വരെ പവാര്‍ തയാറായിരുന്നെങ്കിലും, വൈഫ് മീര ദയാ പവാര്‍ അതിന് സമ്മതിക്കുകയുണ്ടായില്ല. 

1967 ല്‍ ഒരു ദലിത് പത്രികയായ അസ്മിതാദര്‍ശില്‍ കവിത പ്രസിദ്ധീകരിച്ചുകൊ ണ്ടാണ് ദയാ പവാര്‍ സാഹിത്യരംഗത്ത് പ്രവേശിച്ചത്. 1974 ല്‍ ആദ്യ കവിതാസ മാഹാരമായ കോണ്‍ഡ്വാഡ പ്രസിദ്ധീകരിച്ചു. ഈ കൃതി പിന്നീട്, 1979 ലെ മഹാരാഷ്ട്ര ഗവണ്മെന്റിന്റെ സാഹിത്യ പുരസ്‌കാരം നേടി. ഈ അവാര്‍ഡ് രണ്ടാമത് നേടുന്ന കൃതി ബലൂട്ടയാണ്. 

1935 ല്‍ ജനിച്ച ദഗ്ഡു മാരുതി പവാര്‍ തന്റെ ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുന്നത് 1979 ലാണല്ലോ. അന്ന് അദ്ദേഹത്തിന് 44 വയസ് പ്രായമേ കാണൂ. വീണ്ടും 4 വര്‍ഷം കഴിഞ്ഞ് 48 വയസുള്ള 1983 ലാണ് ബലൂട്ട സിനിമയാകുന്നത്. 1996 ഡിസംബറില്‍ പവാര്‍ പരിനിര്‍വാണം പ്രാപിച്ചു. 1970 ല്‍ ജനിച്ച അദ്ദേഹത്തിന്റെ മൂത്ത മകള്‍ പ്രന്ഥ്യ പവാറിന് ബലൂട്ട സിനിമയാക്കുന്ന കാലത്ത് 13 വയസ് പ്രായമേ ആയിരു ന്നുള്ളു. പ്രന്ഥ്യ പവാര്‍ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിയും ദലിത് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമാണ്. 

ദഗ്ഡുവിന് മൃഗാശുപത്രിയില്‍ അറ്റന്ററായി ജോലിലഭിച്ച കാലത്തുനിന്നും പിന്നോട്ടുപോയി, ബാല്യകാലസ്മരണകളെ ദൃശ്യവത്കരിച്ചുകൊണ്ട് 'അത്യാചാര്‍' ആരംഭിക്കുന്നു. ആത്മകഥാസാഹിത്യത്തില്‍ പലപ്പോഴും അതിന്റെ ആഖ്യാനഗതി രേഖീയമായി രിക്കും. അതിനെ ഉപജീവിക്കുന്ന ദൃശ്യാവിഷ്‌കാരത്തിന് സാഹിത്യത്തില്‍നിന്ന് വേറിട്ട് അതിന്റേതായ രചനാ സങ്കേതങ്ങളുമുണ്ട്. ഗംഭീരമായി തുടങ്ങിയെങ്കിലും തുടര്‍ച്ചകളില്‍ ആ മികവ് നിലനിര്‍ത്താന്‍ സംവിധായകന്‍ ഭാസ്‌കര്‍ ചന്ദര്‍ക്കറിനായില്ല എന്നത് വസ്തുതയാണ്. മികച്ച സിനിമ എന്ന പരിഗണനക്ക് അത്യാചാര്‍ സിനിമയെ അര്‍ഹമാക്കുന്ന സുപ്രധാനഘടകം വസ്ത്രാലങ്കാരവും കലാസംവിധാനവും നിര്‍വഹിച്ച മീന ചന്ദ്രവാര്‍ക്കര്‍ ചെലുത്തിയ ശേഷികളുടെ പിന്‍ബലമൊന്നുമാത്രമാണ്. കാലത്തെ വായിക്കാനുതകുന്ന കണ്ണടകളെന്നേ പറയേണ്ടൂ, അത്യാചാറില്‍ മീന ചന്ദ്രവാര്‍ക്കര്‍ ഒരുക്കിയ കലാസാക്ഷ്യങ്ങള്‍. അത്യാചാറിന്റെ തിരക്കഥ തയാറാക്കിയതും മീന ചന്ദവര്‍ക്കറാണ്. 30 - 40 കളിലെ ദലിത് ബസ്തി സാക്ഷാത്കരിക്കുന്നിടത്ത് ഈ മികവ് അതിന്റെ പാരമ്യത്തില്‍ ദര്‍ശിക്കാം. കഥാകാരനായ ദയാ പവാര്‍ രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് സംവിധായകന്‍തന്നെയാണ്. പവാറിനെ കൂടാതെ സുഭാഷ് സോനാവാനെ, ദഡുകാലി പുനേക്കര്‍ എന്നിവരും ഗാനങ്ങള്‍ ചരിച്ചവരില്‍ ഉള്‍പ്പെടുന്നു. രവീന്ദ്ര സാഥെ, അനുരാഥാ പൗദ്വാള്‍, ഉഷ മംഗേഷ്‌കര്‍, കൃഷ് കാളെ എന്നിവരാണ് ഗായകര്‍. ദഗ്ഡുവായി സതീഷ് ഫൂലേക്കര്‍ വേഷമിട്ടു. എസ് ഡി ദിയോധര്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ബാനറില്‍ അത്യാചാര്‍ നിര്‍മിച്ചതും ഭാസ്‌കര്‍ ചന്ദവാര്‍ക്കറാണ്. 

ദലിതുകള്‍ തമ്മില്‍ കാണുമ്പോള്‍ ഉപയോഗിക്കാറുള്ള 'ജയ് ഭീം' എന്ന അഭിവാദ്യം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്ന വസ്തുത അത്യാചാര്‍ സിനിമയെ ഉദാഹരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടാവുന്നതാണ്. ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ അടുത്ത അനുയായിയും പ്രമുഖ ദലിത് വിമോചകപ്രവര്‍ത്തകനുമാ യിരുന്ന ഹര്‍ദാസ് ലക്ഷ്മണ്‍റാവു നഗ്രാലെയാണ് 'ജയ് ഭീം' അഭിവാദ്യവാക്യത്തിന്റെ ഉപജ്ഞാതാവ്. 1904 ല്‍ ജനിച്ച അദ്ദേഹം 1909 ല്‍ പരിനിര്‍വാണം പ്രാപിച്ചു. കേവലം 35 വര്‍ഷക്കാലം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. ദയാ പവാര്‍ ജനിച്ച് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ നഗ്രാലെ പരിനിര്‍വാണം പ്രാപിച്ചിരുന്നു. അപ്പോള്‍, പവാര്‍ ജനിക്കുന്നതിനു മുമ്പുതന്നെ ജയ് ഭീം അഭിവാദ്യം പ്രചാരത്തിലുണ്ടായിരുന്നു എന്നു കാണാവുന്നതാണ്. വിപ്ലവകാരിയായ ഒരു മാര്‍ക്‌സിസ്റ്റ് പോലും സമരങ്ങള്‍ ഒരു ശീലമാക്കില്ല.(സമ്പൂര്‍ണകൃതികള്‍. വാല്യം 37. പേജ് 172)

വിപ്ലവമാരിയായ ഒരു മാര്‍ക്‌സിസ്റ്റ് പോലും സമരങ്ങള്‍ ഒരു ശീലമാക്കില്ല - റെവല്യൂഷനറി സിന്റിക്കലിസ്റ്റുകളുടെ നാളുകളില്‍ ഉണ്ടായിരുന്നതുപോലെ - സമരത്തെ വിപ്ലവകാരികളായ മാര്‍ക്‌സിസ്റ്റുകാര്‍ ഒരു 'വിപ്ലവകരമായ വ്യായാമ'മായി കണക്കാക്കിയിരുന്നില്ല. മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം ഉപയോഗിക്കേ ണ്ടുന്ന ഗൗരവമേറിയ ഒരു നടപടിയാണ് സമരം എന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ, കമ്മ്യൂണിസ്റ്റുകാര്‍ ഇതെല്ലാം കാറ്റില്‍ പറത്തി സമരങ്ങളെ തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കാനുള്ള ഒരു ദിവ്യമാര്‍ഗമായി കണക്കാക്കി. അസംതൃപ്തി സൃഷ്ടിക്കാന്‍ കഴിഞ്ഞോ എന്നത് വ്യക്തമല്ല. പക്ഷെ, ഒന്നുറപ്പാണ്, അവരുടെ തന്നെ ശക്തിയുടേയും അധികാരത്തിന്റേയും സ്രോതസ്സായ ട്രേഡ് യൂണിയന്‍ സംഘടനകളെ അവര്‍ നശിപ്പിച്ചു. ഇപ്പോഴവര്‍ പ്രായേണ തെരുവിലാണ്. എല്ലാത്തരം മുതലാളിത്ത സംഘടനകളുടേയും കീഴില്‍ അഭയം പ്രാപിക്കേണ്ടുന്ന ഗതികേടിലാണ്. വിവേക ശൂന്യമായ പ്രവൃത്തിയില്‍ നിന്ന് ഇതല്ലാതെ എന്തുപ്രതീക്ഷിക്കാന്‍. പൊതുവായ ഒരു തീപിടുത്തം ഉണ്ടാക്കുന്നതിനിടയില്‍ സ്വന്തം വീട് രക്ഷിക്കാന്‍ മറന്നുപോയ കൊള്ളിവെയ്പുകാരനെപ്പോലെയാണ് അവര്‍.2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം - ഡോ. അംബേഡ്കര്‍
തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്നു തോന്നുന്നു - ഇപ്പോഴത് ഇല്ലാത്തതുപോലെ. കാരണം അസംതൃപ്തരായ ഒരു സംഘം തൊഴിലാളികളാണ് വിപ്ലവം നടത്തുകയെന്നും അതുവഴിയാണ് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുക എന്നും അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അസംതൃപ്തി വളര്‍ത്താനായി ചിട്ടയായ ഒരു പ്രചാരണം അവര്‍ അഴിച്ചുവിട്ടു. അസംഘടിതത്വം വളര്‍ത്താന്‍ കരുതിക്കൂട്ടിയ ശ്രമമല്ലെങ്കില്‍ മറ്റെന്താണ് സമരങ്ങളുടെ പരമ്പര അവര്‍ സംഘടിപ്പിച്ചതിന്റെ അര്‍ത്ഥം? വിജയകരമായ ഒരു വിപ്ലവത്തിന് അസംതൃപ്തിയുണ്ടായാല്‍ മാത്രം പോര; രാഷ്ട്രീയവും സാമൂഹികവുമായ അവകാശത്തിന്റെ നീതി, ആവശ്യകത, പ്രാധാന്യം എന്നിവ സംബന്ധിച്ച് ഗാഢവും വ്യക്തവുമായ ധാരണ വേണം.2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

യൂണിയനിസം അശ്ലീലമാക്കിയത് കമ്മ്യൂണിസ്റ്റുകാര്‍ - ഡോ. അംബേഡ്കര്‍(സമ്പൂര്‍ണകൃതികള്‍ വാല്യം 37. പേജ് 172)

കമ്മ്യൂണിസ്റ്റ്കാരായ തൊഴിലാളി നേതാക്കള്‍ സദുദ്ദേശ്യപൂര്‍വമായിരിക്കും പെരുമാറുന്നത്. പക്ഷെ, തെറ്റായ മാര്‍ഗത്തിലൂടെയാണ് അവര്‍ ചരിക്കുന്നത്. ഇക്കൂട്ടരാണ് തൊഴിലാളിവര്‍ഗത്തിന് ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയിരിക്കുന്നത് എന്ന് പറയാന്‍ എനിക്ക് മടിയില്ല. ഇന്ന് തൊഴിലാളികളുടെ മുതുക് അപ്പാടെ ഒടിഞ്ഞിട്ടുണ്ടെങ്കില്‍, ഇന്ന് മുതലാളിമാര്‍ക്ക് മേല്‍ക്കൈ കിട്ടിയിട്ടുണ്ടെങ്കില്‍, ഇന്ന് യൂണിയനിസം ഒരു അശ്ലീലമായിട്ടുണ്ടെങ്കില്‍ അതിന് കാരണം ട്രേഡ് യൂണിയനു കള്‍ക്കുമേല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കല്‍ നേടിയ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്തതാണ്. തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നു തോന്നുന്നു.ഞാന്‍ കമ്മ്യൂണിസ്റ്റുകാരുടെ ഉറച്ച ശത്രുവാണ് - ഡോ. അംബേഡ്കര്‍

കോണ്‍ഗ്രസ് ഒരു വിപ്ലവ സംഘടനയായിരുന്നെങ്കില്‍ ഞാന്‍ അതില്‍ ചേര്‍ന്നേനെ. പക്ഷെ, അങ്ങനെയല്ല എന്ന് എനിക്കുറപ്പാണ്. സാധാരണ ഓരോ വ്യക്തിക്കും അതിന്റെ ഇഷ്ടാനുസരണം വികസിക്കാനുള്ള വിശ്രമസമയവും സ്വാതന്ത്ര്യവും നല്കുന്ന തരത്തിലുള്ള സാമൂഹിക സാമ്പത്തിക സമത്വം എന്ന ആശയം പ്രഖ്യാപിക്കാന്‍ പോലും കോണ്‍ഗ്രസിന് ധൈര്യമില്ല. ഉത്പാദനോപാധികള്‍ ഏതാനുംപേര്‍ നിയന്ത്രണത്തില്‍ വെച്ചിരിക്കുന്നിടത്തോളം സാമൂഹിക സാമ്പത്തിക സമത്വം സാധ്യമല്ല. ഗാന്ധിസമനുസരിച്ച് പിറവികൊണ്ട് കാളകളായിട്ടുള്ള രണ്ടെണ്ണത്തിനോ ടൊപ്പം കലപ്പയില്‍ കെട്ടാനുള്ള മൂന്നാമത്തെ ഉഴവു മൃഗമാണ് കര്‍ഷകന്‍. 

ഇനി കമ്മ്യൂണിസ്റ്റുകാരുടെ തൊഴിലാളി പ്രസ്ഥാനമാണെങ്കിലോ അതിലും ഞാന്‍ ചേരില്ല. തങ്ങളുടെ രാഷ്ട്രീയാവശ്യങ്ങള്‍ക്കുവേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഉറച്ച ശത്രുവാണ് ഞാന്‍. (സമ്പൂര്‍ണകൃതികള്‍ വാല്യം 37. പേജ് 152)2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

മേരി കോം: ഇടിക്കൂട്ടില്‍ ഇന്നും ഇന്ത്യയുടെ ദലിത് പെണ്‍കരുത്ത്2014 ഓമങ് കുമാര്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണ് 'മേരി കോം'. ഇന്ത്യയുടെ ഒളിമ്പ്യന്‍ ബോക്‌സര്‍ വനിതയായ ചുങ്‌നെയ്ജംഗ് മേരി കോം ഹ്മാങ്‌തേ എന്ന മണിപ്പൂരി ആദിവാസിയുവതിയുടെ ജീവിതപ്പോരാട്ടചരിതത്തെ ആധാരമാക്കി എടുത്ത ഈ സിനിമ നിര്‍മിച്ചത് സഞജയ് ലീല ബന്‍സാനിയാണ്.

മേരി കോം പ്രതിനിധാനമാകുന്ന ആദിവാസി ജനതയും ദലിതുകളും ഇന്ന് അതിജീവനത്തിന്റെ സമരപാതയിലാണ്. കാര്യക്ഷമതയില്ലാത്ത ജനവിഭാഗങ്ങള്‍ എന്ന മുദ്രചാര്‍ത്തി അരികുകളിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ് ഈ ദേശികജനത. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ ജനതക്കുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന മുദ്ര അസ്ഥാനത്താണെന്ന് കാണാം. കായിക ശേഷി തന്നെ ആദ്യമെടുക്കാം. ഇന്ത്യാ മഹാരാജ്യത്തിന് ചരിത്രത്തിലാദ്യമായി വ്യക്തിഗത ഒളിമ്പിക് മെഡല്‍ നേടിത്തന്നത് ഖസബാ ജാഥവ് എന്ന ദലിതനാണ്. (1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഗുസ്തി ഇനത്തില്‍ നേടിയ ഓട്ടുമെഡല്‍) ആന്ധ്രയിലെ, മാലാവത് പൂര്‍ണ എന്ന ദലിത് പെണ്‍കുട്ടി 14 ആം വയസില്‍ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിക്കൊണ്ട്, ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ലോകറെക്കോര്‍ഡിന് ഉടമയായി. ('പൂര്‍ണ' എന്ന പേരില്‍, പ്രസിദ്ധ നടന്‍ രാഹുല്‍ ബോസ് ഒരു സിനിമ എുത്തിട്ടുണ്ട്). 2017 ല്‍, ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ താന്‍സാനിയയിലെ കിളിമഞ്ചാരോ ആരോഹണം ചെയ്ത, ആന്ധ്രക്കാരിതന്നെയായ മെദ്ദെല വിനീല എന്ന ദലിത് പെണ്‍കുട്ടി ഏഷ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതയായും ലോകത്തിലെ രണ്ടാമത്തെ വനിതയായുമുള്ള ലോകറെക്കോര്‍ഡിന് ഉടമയായി. 1989 ല്‍ നടാടെ നടന്ന കാരംസ് ലോകചാമ്പ്യന്‍ഷിപ്പ് നേടിയത് ചെന്നൈ സ്വദേശിയായ എ മരിയ ഇരുദയം എന്ന ദലിതനാണ്. ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിനേയും തോല്പിച്ച തുള്‍സി ഹെലന്‍ (ലേഡി മുഹമ്മദാലി), ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ ഓട്ടുമെഡല്‍ ജേതാവ് ജ്യോതി, 2014 കാരംസ് ലോക ചാമ്പ്യന്‍ഷിപ്പ് വനിതാവിഭാഗത്തില്‍ നേടിയ ഇളവഴകി, ഏറ്റവും വേഗതയേറിയ നാലാമത്തെ ഗോളിനുടമയായ ഐ എം വിജയന്‍, കരാട്ടേ ദേശീയ വനിതാ ചാമ്പ്യന്‍ സുപ്രിയാ ജാഥവ്... എന്നിങ്ങനെ ദലിത് കായിക മികവുകള്‍ നീളുകയാണ്. കായികരംഗത്ത് ഇത്രയേറെ മികവുകള്‍ പ്രകടിപ്പിക്കുന്ന ഒരു ജനത; ഇങ്ങനെ അവമതിക്കപ്പെടുന്നതെന്തുകൊണ്ടാണ്? മേരി കോമിനെ പോലെയുള്ള കായിക താരങ്ങളുടെ ജീവിതപ്പോരാട്ടങ്ങളുടെ നേരേടുകള്‍ ആവിഷ്‌കാരരൂപങ്ങളിലൂടെ അനശ്വരമാകുമ്പോള്‍ അത് ആഗോളജനതയുടെ അംഗീകാര - ബഹുമതികള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. അതിനാല്‍ ഒരു സൃഷ്ടിയെ സമീപിക്കുമ്പോള്‍ പൊതുവേ സ്വീകരിക്കാറുള്ള ശക്തി ദൗര്‍ബല്യങ്ങളുടെ മാനദണ്ഡങ്ങളില്‍ നിന്നകന്ന് ഈ സിനിമയെ വിലയിരുത്തുകയാണ്.

കോം എന്നത് മണിപ്പൂരില്‍ മേരി ഉള്‍പ്പെടുന്ന ജനതയുടെ ഗോത്രവര്‍ഗനാമമാണ്. 1982 നവംബര്‍ 25 ന് മണിപ്പൂരിലെ ഷുരാചന്ദ്പൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട കാങ്‌തേയ് ഗ്രാമത്തിലാണ് മേരി കോം ജനിച്ചത്. അച്ഛനമ്മമാരായ മാംഗ്‌തെ ടോണ്‍പാ കോമും മാംഗ്‌തെ അഖം കോമും കര്‍ഷകത്തൊഴിലാളികളായിരുന്നു. അച്ഛന്‍ അറിയപ്പെടുന്ന ഒരു ഗുസ്തിക്കാരനുമായിരുന്നു. വളരെയധികം ക്ലേശങ്ങളനുഭവിച്ചാണ് കുടുംബം പുലര്‍ന്നിരുന്നത്. കുടുംബത്തിലെ മൂന്നു മക്കളില്‍ മൂത്തയാളാണ് കേരി കോം. ഇളയതായി ഒരു സഹോദരനും സഹോദരിയും മേരിക്കുണ്ട് അച്ഛനമ്മമാര്‍ മേരിക്ക് നല്കിയ പേര് മാംങ്‌തെ ചുഗ്നെയ്ജാംഗ് എന്നായിരുന്നു. 2005 ല്‍ കരുങ് ഓംഖേലര്‍ കോമിനെ വിവാഹം ചെയ്തു. ഫുട്‌ബോളറാണ് അദ്ദേഹം. പ്രസിദ്ധ ഒളിമ്പ്യന്‍ ബോക്‌സറായ ഡിങ്കോ സിങ്ങാണ് ഈ രംഗത്ത് മേരി കോമിന്റെ പ്രചോദനം.

ലോക അമേച്വര്‍ ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ ആറുവര്‍ഷം തുടര്‍ച്ചയായി പങ്കെടുത്തുകൊണ്ട് വിവിധ കിലോ വിഭാഗങ്ങളില്‍ ഏതെങ്കിലും മെഡല്‍ നേടുന്ന ലോക കവനിതാബോക്‌സറായി മാറിയപ്പോള്‍ മേരി കോം 'മാഗ്നിഫിഷ്യന്റ് മേരി' എന്ന ബഹുമതിക്ക് അര്‍ഹയായി. 2012 സമ്മര്‍ ഒളിമ്പിക്‌സില്‍ 51 കിലോ വിഭാഗത്തില്‍ ഓട്ടുമെഡല്‍ നേടുമ്പോള്‍ മേരി കോം ഇന്ത്യയുടെ ഏക വനിതാ ഒളിന്യന്‍ ബോക്‌സറുമായി. അതോടെ ഫ്‌ളൈവെയ്റ്റ് കാറ്റഗറിയില്‍ ബോക്‌സിംഗില്‍ മേരി കോം നാലാം നമ്പറായി റാങ്ക് ചെയ്യപ്പെട്ടു. 2014 ലെ ഇഞ്ച്യോണ്‍ (സൗത്ത് കൊറിയ) ഏഷ്യന്‍ ഗെയിംസില്‍ വിജയിക്കുമ്പോള്‍, ഏഷ്യാഡില്‍ ഗോള്‍ഡ് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ വനിതാ ബോക്‌സറുമായി മേരി കോം 

2016 ല്‍ രാജ്യസഭാംഗമായി മേരി കോം തെരഞ്ഞടുക്കപ്പെട്ടു. യുവജനക്ഷേമ - സ്‌പോര്‍ട്ട്‌സ് മന്ത്രാലയം അഖില്‍ കുമാറിനോടൊപ്പം മേരി കോമിനെ ദേശീയ ബോക്‌സിംഗ് നിരീക്ഷകരുടെ ചുമതലയേല്‍പ്പിച്ചു. 2017 ല്‍ ഏഷ്യന്‍ വിമന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ വിയറ്റ്‌നാമിന്റെ ഹോ ചി മിഞ്ഞിനെ തോല്‍പ്പിച്ചുകൊണ്ട് മേരി കോം സ്വര്‍ണമെഡല്‍ നേടി. 2003 ല്‍ അര്‍ജുന അവാര്‍ഡും 2006 ല്‍ പത്മ ശ്രീയും 2013 ല്‍ പത്മ ഭൂഷന്‍ ബഹുമതികളും ലഭിച്ചു.

ഈ കുറിപ്പെഴുതുമ്പോള്‍, (1-2-2018) ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിംഗ് ടൂര്‍ണമെന്റില്‍ 58 കിലോ വനിതാ വിഭാഗത്തില്‍ മേരി കോം ഉസ്‌ബെക്കിസ്ഥാന്റെ ഫിലിപ്പിനോ ജോസി കബൂക്കോയെ 4 - 1 ന് തോല്പ്പിച്ചുകൊണ്ട് സ്വര്‍ണമെഡല്‍ നേടിയിരി ക്കുകയാണ്. 

പ്രസിദ്ധ ബോളീവുഡ് നടിയായ പ്രിയങ്കാ ചോപ്രയാണ് സിനിമയില്‍ മേരി കോമിനെ അവതരിപ്പിക്കുന്നത്. ദര്‍ശന്‍ കുമാര്‍ മേരി കോമിന്റെ ജീവിതപങ്കാളിയായ ഓംഖേലര്‍ കോമിനെയും സുനില്‍ താപ മെന്ററേയും അവതരിപ്പിക്കുന്നു. മൂന്നുമാസക്കാലം കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ശാരീരിക വഴക്കം നേടിയാണ് പ്രിയങ്കാ ചോപ്ര മേരി കോമിന്റെ ബോക്‌സിംഗ് ശൈലി സ്വായത്തമാക്കിയത്. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സ്‌ക്രീന്‍ അവാര്‍ഡും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അവാര്‍ഡും പ്രിയങ്ക ചോപ്ര നേടുകയുണ്ടായി.

കഥയെഴുതിയതിനുശേഷം സയ്വന്‍ ക്വദ്രാസ് സംവിധായകനായ ഒമംഗ് കുമാറുമായി അതേക്കുറിച്ച് സംസാരിച്ചു. തിളക്കമാര്‍ന്ന വിജയങ്ങള്‍ രാജ്യത്തിന് നേടിത്തന്നിട്ടും മേരി കോം നാട്ടില്‍ പോലും അറിയപ്പെടാത്തവളായി തുടരുകയായിരുന്നു. ഒമംഗ് കുമാറും സയ്വന്‍ ക്വദ്രാസും കൂടി മേരി കോമിനെ ചെന്നുകണ്ട് അവരുടെ അത്രയും നാളത്തെ ജീവിതാനുഭവങ്ങള്‍ സിനിമയാക്കുന്നതിനുള്ള അനുവാദം വാങ്ങി. 2012 ലെ ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതിന് മുമ്പായിരുന്നു അത്. സിനിമയിലെ ബോക്‌സിംഗ് മത്സരവേദികളുടെ പ്രമുഖദൃശ്യങ്ങള്‍ ഫിലിമിസ്ഥാന്‍ സ്റ്റുഡിയോവില്‍ വെച്ചാണ് ചിത്രീകരിച്ചത്. മറ്റ് രംഗങ്ങള്‍ മേരി കോമിന്റെ ജന്മനാടായ മണിപ്പൂരില്‍ ചിത്രീകരി ക്കണമെന്ന് പദ്ധതിയിട്ടിരുന്നുവെങ്കിലും കടുത്ത അസൗകര്യങ്ങള്‍ നേരിട്ടതിനാല്‍ ധര്‍മ്മശാലയിലും മണലിയിലും എത്തി പൂര്‍ത്തീകരിക്കുകയാണുണ്ടായത്.

2014 ടൊറന്റോ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ 'മേരി കോം' പ്രദര്‍ശിപ്പി ക്കുമ്പോള്‍ അത് ആ മേളയുടെ ചരിത്രത്തില്‍ ആരംഭരാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ ഹിന്ദി സിനിമ എന്ന സവിശേഷ ഖ്യാതിയും നേടി. സിനിമയുടെ സമഗ്രമികവുകള്‍ പരിഗണിച്ച്, ആ വര്‍ഷത്തെ ജനപ്രീതി നേടിയ സിനിമക്കുള്ള ദേശീയ അവാര്‍ഡും മേരി കോം നേടി.

കരുങ് ഓംഖേലര്‍ മേരി കോം ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികളാണുള്ളത്. മൂത്തവര്‍ ഇരട്ടകളാണ്. എം സി മേരി കോം ആത്മകഥ എഴുതിയിട്ടുണ്ട്. 'എം സി മേരി കോം എന്റെ ജീവിതകഥ. അണ്‍ബ്രീക്കബിള്‍' എന്നാണ് അതിന്റെ പേര്. മുഹമ്മദ് ദാവൂദ് ഈ കൃതിയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളത്തെ റെഡ് റോസ് പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകര്‍.

മേരി കോം വിജയക്കുതിപ്പ് തുടരുകയാണ്. അതുകൊണ്ടുതന്നെ സിനിമയുടേയും ജീവിതകഥയുടേയും രണ്ടും മൂന്നും ഭാഗങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കാം.