"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 2, ചൊവ്വാഴ്ച

നോട്ട് ടു ഡെ: ജാതിവ്യവസ്ഥയെ ചര്‍ച്ചക്ക് വിധേയമാക്കാതെ ഒരു സമരസംരഭം


സിനിമ എന്ന നിലയില്‍ രൂപഭദ്രതയില്ലെങ്കിലും കൈകര്യം ചെയ്ത വിഷയത്തിന്‌ലെ കാലികപ്രസക്തികൊണ്ട് ശ്രദ്ധേയമാണ് ജോണ്‍ വാന്‍ ഡൈക്കിന്റെ ഹോളിവുഡ് സിനിമ 'നോട്ട് ടുഡെ'. ബാലലൈംഗികാതിക്രമ അപഥസഞ്ചാരമാണ് (ഹ്യൂമണ്‍ ട്രാഫിക്കിംഗ്) ആണ് സിനിമയുടെ കേന്ദ്രപ്രമേയം. രൂപപ്പെടുത്തിയ കഥയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അക്കാര്യത്തില്‍ അതിന്റെ ശില്പികള്‍ക്കുതന്നെ അതൃപ്തി അനുഭവപ്പെട്ടതിനാലാ യിരിക്കണം, ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ അവസാന പത്തുമിനിറ്റ് ഡോക്യുമെന്റെറി രൂപത്തില്‍ നടീനടന്മാരുടേയും മറ്റിതര അണിയറ പ്രവര്‍ത്തകരുടേയും പ്രസ്താവനകളും സ്ഥിതിവിവരക്കണക്കുളും രേഖപ്പെടുത്തി യിരിക്കുന്നു. കഥയില്ലായ്മയുടെ കാഴ്ചവെപ്പുകളിലൂടെ കാര്യങ്ങള്‍ (വസ്തുതകള്‍) കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ഈ സനിമയുടെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. മറ്റൊരു തരത്തില്‍ വിലയിരുത്തിയാല്‍, സിനിമയിലെ കഥാപാത്രങ്ങള്‍ കഥയവതരിപ്പിച്ചശേഷം അന്ത്യനിമിഷങ്ങളില്‍ നടീനടന്മാരായി തുടര്‍ന്ന് ബാലലൈംഗികാതിക്രമത്തിന് എതിരായ സമരമുന്നണിയില്‍ അണിചേരാന്‍ പ്രേക്ഷകരെ നേരിട്ട് ക്ഷണിക്കുകയാണ്.

അമേരിക്കയിലെ ഒരു അതിസമ്പന്നന്റെ മകനായ കേഡന്‍ വെല്ലസ് എന്ന ചെറുപ്പക്കാരന് ആര്‍ഭാടജിവിതം നയിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ജീവിതത്തിലുള്ളൂ. ധൂര്‍ത്തടിക്കാന്‍ പാകത്തിന് ലോകത്തെ ഏതു സ്ഥമാണ് അടുത്ത സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തില്‍ മാത്രമാണ് കേഡന്‍ വെല്ലസ് ജീവിതത്തില്‍ അല്പമെങ്കിലും ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഏക പ്രശ്‌നം! അങ്ങനെ ഒരുദിവസം ആര്‍ര്‍ഭാടകരമായ കുറേനാളുകള്‍ കഴിച്ചുകൂട്ടുന്നതിനായി കേഡന്‍ കൂട്ടുകാരുമൊത്ത് ഇന്ത്യയിലെ ഒരു നഗരമായ ഹൈദരാബാദില്‍ എത്തുന്നു. അവിടെ വെച്ച് ദലിതനായ തെരുവുപാവകളിക്കാരന്‍ കിരണിനേയും അയാളുടെ എട്ടുവയസ് മാത്രം പ്രായമുള്ള മകള്‍ അന്നികയേയും കണ്ടെത്താനിടയാകുന്നു. സംഭവം കേഡന്റെ ജീവിതത്തെയാകെ കീഴ്‌മേല്‍ മറിക്കുന്നു.

ഒരുദിവസം, ബോധമറ്റനിലയില്‍നിന്ന് ഉറക്കമുണരുന്ന കേഡറിന്, തലേദിവസം താനൊരു തെരുവിലാണ് ശയിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം ബോധ്യമാകുന്നു. തന്റെ കൈവശമുണ്ടായിരുന്ന പേഴ്‌സും മൊബൈല്‍ഫോണും നഷ്ടപ്പെട്ടിരുന്നു. തെരുവില്‍ നേരെ എതിര്‍വശത്ത് മകള്‍ അന്നികയോടൊപ്പം കിടന്നുറങ്ങിയിരുന്ന കിരണ്‍ കേഡറിന്റെ പേഴ്‌സും ഫോണും കൈവശം എടുത്ത് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അത് കേഡറെ ഏല്‍പ്പിക്കുന്ന കിരണ്‍ പ്രതിഫലമായി തനിക്കും തന്റെ മകള്‍ക്കും വിശപ്പടക്കുന്നതിനായി എന്തെങ്കിലും തരണമെന്ന് അപേക്ഷിക്കുന്നു. എന്നാല്‍ കര്‍ക്കശ സ്വഭാവക്കാരനായ കേഡര്‍ അതിന് തയാറല്ലായിരുന്നു.

താമസസ്ഥലത്ത് തിരികെയെത്തുന്ന കേഡര്‍ തനിക്കുണ്ടായ അനുഭവം അയവിറക്കു മ്പോള്‍ അയാള്‍ ഒരു തിരിച്ചറിവിലേക്ക് എത്തുന്നു. അന്നുവരെ കേഡറിന് ലോകത്ത് താന്‍ അനുഭവിക്കുന്ന ആര്‍ഭാടകരമായ ജീവിതത്തെക്കുറിച്ച് മാത്രമേ അറിവുണ്ടായി രുന്നുള്ളൂ. മറ്റ് ജീവിതങ്ങള്‍ അയാളുടെ ചിന്താമണ്ഡലത്തെ ഒരിക്കലും സ്പര്‍ശിച്ചിരുന്നില്ല. പട്ടിണിക്കാരുടേയും യാചകരുടേയും ജീവിതത്തെ അടുത്തുനിന്നുകാണാന്‍ അവസരം ലഭിച്ചപ്പോള്‍ അയാളിലുണ്ടായ തിരിച്ചറിവ് അമ്പരപ്പിക്കുന്നതായിരുന്നു. അതോടെ കിരണിനെ തേടി അയാള്‍ പുറപ്പെട്ടു. ഏറെ ക്ലേശമനുഭവിച്ച് കിരണിനെ അയാള്‍ കണ്ടെത്തുന്നു. എന്നാല്‍ അന്നിക കിരണിനൊപ്പമുണ്ടായിരുന്നില്ല. ഒരു നേരത്തെ ആഹരം സമ്പാദിക്കുന്നതിനായി, അന്നികയെ താന്‍ ആര്‍ക്കോ വിറ്റുവെന്ന് കിരണ്‍ കേഡറെ അറിയിക്കുന്നു! അതോടെ ക്രുദ്ധനാകുന്ന കേഡര്‍, നേരത്തെ സഹായിക്കാതി രുന്നതിലുള്ള കുറ്റബോധവും അലച്ചിലുംകൊണ്ട് വിവശനായി. അന്നികയെ അന്വേഷിച്ചു കണ്ടുപിടിക്കണമെന്ന ദൃഢനിശ്ചയത്തോടെ കേഡര്‍ അതിനായി തന്നോടൊപ്പം വരണമെന്ന് കിരണിനോട് ആജ്ഞാപിക്കുന്നു. 

ബാലലൈംഗിക അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വിസ്തരിക്കുന്നതിന് അനുകൂലമായ ഒരു പരിസരമൊരുക്കുന്നതിനുള്ള കാഴ്ചവെപ്പുകള്‍ മാത്രമാണ് കഥാരൂപത്തില്‍ പകര്‍ത്തിയിട്ടുള്ളതെന്ന് വ്യക്തം. എന്നാല്‍ സനിമയിലെ ശില്പികള്‍ പരാമര്‍ശിക്കാതിരുന്ന പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്. അതായത്, ദലിതര്‍ ദരിദ്രരായതുകൊണ്ടുമാത്രമല്ല അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നത് എന്ന ചരിത്രവസ്തുതയാണ് ഇവിടെ പരാമര്‍ശിക്കാതെ പോയിരിക്കുന്നത്. അവര്‍ അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നതിന്റേയും പുരോഗതി പ്രാപിക്കാതിരിക്കുന്ന തിന്റേയും മൂലകാരണം അവര്‍ ഇവിടെ നിലനില്ക്കുന്ന ജാതിവ്യവസ്ഥയുടെ ഇരയായതു കൊണ്ടാണ്. ഡോ. ബി ആര്‍ അംബേഡ്കര്‍ ചൂണ്ടിക്കാണിക്കുന്നു; 'ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയായിത്തീര്‍ന്ന പരാജയത്തിനു കാരണം, നിശ്ചയമായും ജാതി തന്നെയാണ്. ജാതി പൊതുവായി സംഘടിപ്പിക്കലിനേയും സമാഹരണത്തേയും തടഞ്ഞു. അഥവാ, സംഘടിപ്പിക്കലിന്റേയും സമാഹരണത്തിന്റേയും വ്യാപ്തിക്ക് വളരെ പരിമിതമായ സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. സമൂഹത്തെ തുണ്ടംതുണ്ടമായി മുറിക്കുകയും ജോലിയെ താത്പര്യത്തില്‍ നിന്ന് വേര്‍തിരിക്കുകയും ബുദ്ധിശക്തിയെ അധ്വാനത്തില്‍ നിന്ന് വിടര്‍ത്തുകയും ജീവിതത്തെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനമായ താത്പര്യങ്ങളില്‍ മനുഷ്യന്റെ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയും ആപത്കാലത്ത് പൊതുവായ പ്രതിരോധത്തിനുവേണ്ടി വിഭവങ്ങള്‍ സമാഹരിക്കു ന്നതില്‍ നിന്ന് സമൂഹത്തെ തടയുകയും ചെയ്യുന്ന ഒരു തത്വശാസ്ത്രത്തിന് സാമൂഹ്യ പ്രയോജനമെന്ന പരീക്ഷണത്തില്‍ വിജയിക്കാമെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക?' (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 6. പേജ് 88, 89)

അസ്പൃശ്യരുടെ ദുസ്ഥിതിക്ക് പ്രഥാന കാരണം ഹിന്ദുമതവും അതിന്റെ ബോധനങ്ങളുമാണെന്നത് അവിതര്‍ക്കിതമാണ്..... ഹിന്ദു നിയമം അസ്പൃശ്യനെ വ്യക്തിയായി കരുതാത്തതു കൊണ്ട്, ഹിന്ദുമതം അവനെ അനുയോജ്യനായ ചങ്ങാതിയായി കണക്കാക്കാന്‍ വിസമ്മതിച്ചു..... അസ്പൃശ്യന്റെ നാശത്തിന് ഇടയാക്കിയത് ഹിന്ദു സമൂഹം അവന്റെ വ്യക്തിത്വത്തെ അംഗീകരിക്കാത്തു കൊണ്ടാണ്.. (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണ കൃതികള്‍ വാല്യം 9. പേജ് 108, 109)

ഇന്ത്യയിലെ ഭരണവര്‍ഗത്തിലെ അധികാരശക്തമായ ഒരു ഘടകം ബ്രാഹ്മണരാണ്. അവരില്‍ നിന്നുതന്നെ തുടങ്ങാം. ഹിന്ദുജനസംഖ്യയുടെ 80-90 ശതമാനം വരുന്ന അടിമവര്‍ഗങ്ങളുടെ (ശൂദ്രരും അയിത്തജാതിക്കാരുമടക്കം) ചരിത്രപരമായിത്തന്നെ അടിയുറച്ച ശത്രുക്കളാണ് ബ്രാഹ്മണര്‍. ഇന്ത്യയിലെ അടിമവര്‍ഗങ്ങളില്‍പ്പെട്ട സാധാരണമനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം തരംതാഴ്ന്നവരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്. ബ്രാഹ്മണമതത്തിന്റെ അടിസ്ഥാനപരമായ ദാര്‍ശനിക തത്വങ്ങള്‍ ഇവയാണ്. 1) വിവിധവര്‍ഗങ്ങള്‍ക്കുതമ്മില്‍ ഗണവത്കൃതമായ അസമത്വം. 2) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും സമ്പൂര്‍ണമായ നിരായുധവത്കരണം. 3) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും പൂര്‍ണമായ വിദ്യാഭ്യാസ വിലക്ക്. 4) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും അധികാരസ്ഥാനമേല്ക്കുന്നതിന് വിലക്ക്. 5) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും ധനാര്‍ജനത്തിനുള്ള പൂര്‍ണമായ വിലക്ക്. 6) സ്ത്രീകളുടെ പൂര്‍ണമായ വിധേയത്വവും അടിച്ചമര്‍ത്തലും, അസമത്വം എന്നതാണ് ബ്രാഹ്മണ മതത്തിന്റെ ഔദ്യോഗിക തത്വം. കീഴാളവര്‍ഗങ്ങള്‍ സമത്വത്തിനായി ആഗ്രഹിച്ചു പോയാല്‍ അവരെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയെന്നത് തങ്ങളുടെ പ്രതിബദ്ധമായ കര്‍ത്തവ്യമായി കരുതി നടപ്പാക്കുകയാണവര്‍. വിദ്യാഭ്യാസം ഒരുപിടി ആളുകളില്‍ നിന്ന് വ്യാപകമാക്കാത്ത രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയെന്ന ഒറ്റരാജ്യത്തു മാത്രമാണ് ബ്രാഹ്മണര്‍ എന്ന ബുദ്ധിജീവിവര്‍ഗം വിദ്യാഭ്യാസത്തെ തങ്ങളുടെ കുത്തകയാക്കിയതു കൂടാതെ കീഴാളവര്‍ഗം വിദ്യാഭ്യാസം ചെയ്യുന്നതു ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം ചെയ്യുന്ന കീഴാളരുടെ നാവുമുറിച്ചു കളയുക, ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുക മുതലായവയായിരുന്നു ശിക്ഷാവിധികള്‍. (17.62)

ജതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ സവിശേഷ സാമൂഹിക സാഹചര്യവും അതിന്റെ ചരിത്രവും പരിഗണിച്ചില്ലെങ്കിലും നോട്ട് ടു ഡെ സര്‍ഗാത്മകരചനയല്ലെന്നു വിലയിരുത്താനാവില്ല. ആദ്യസംരംഭമാണെങ്കിലും പ്രഗത്ഭരും പ്രസിദ്ധരുമായ ഒട്ടേറെ സംവിധായകരുടെകൂടെ സിനിമയുടെ സമസ്തമേഖലകളിും പ്രവര്‍ത്തിച്ച മുന്‍പരിചയ മുള്ളയാണ് ജോണ്‍ വാന്‍ ഡൈക്ക്. 2008 ല്‍ ജോണ്‍ വാന്‍ ഡൈക്ക് 'ഡിലീറ്റ്‌സ്' എന്ന പേരില്‍ ഒരു ഹ്രസ്വ ഡോക്യുമെന്ററി എടുത്തിരുന്നു. നോട്ട് ടു ഡെയുടെ രചനയും ജോണ്‍ വാന്‍ ഡൈക്കിന്റേതാണ്. നോട്ട് ടു ഡെയിലെ സബ് ടൈറ്റിലുകളിലാണ് ഒരു 'വിപ്ലവാത്മകത'. അന്നികയുടെ ഭാഷണത്തിനുള്ള സബ്‌ടൈറ്റിലുകള്‍ ഒരു കുട്ടി എഴുതിയ കയ്യക്ഷരത്തില്‍ സ്‌ക്രീനില്‍ എവിടെയും കഥാപാത്രത്തിന് സമീപത്തായി പ്രത്യക്ഷപ്പെടുന്നത് ഒരു പുതുമയായി അനുഭവപ്പെട്ടു. 

സമ്പന്നയുവാവായ കേഡന്‍ വെല്ലസിനെ കോഡി ലോംഗോയും കിരണ്‍ എന്ന ദലിതനെ വാലിദ് അമീനിയും അവതരിപ്പിക്കുന്നു. ജോണ്‍ വാന്‍ ഡൈക്ക് കണ്ടെത്തിയ പേഴ്‌സിസ് കരന്‍ എന്ന ദലിത് ബാലികയാണ് അന്നികയെ അവതരിപ്പിക്കുന്നത്. 40 ഫ്രെണ്ട്‌സ് ചര്‍ച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പേഴ്‌സിസ് കരന്‍. അന്നികയെ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരിക്കലും പേഴ്‌സിസ് കരന്‍ ഒരു സിനിമ കണ്ടിട്ടുണ്ടായി രുന്നില്ല. ആദ്യത്തെ പകച്ചുനില്പ്പുകള്‍ക്കുശേഷം പേഴ്‌സിസ് കരന്‍ ഇരുംത്തവന്ന ഒരു നടിയുടെ ശേഷി പ്രകടിപ്പിച്ചതിനാല്‍ തനിക്ക് പടംപകര്‍ത്തുന്ന ജോലി കൂടുതല്‍ തങ്ങള്‍ക്ക് എളുപ്പമായിരുന്നു എന്ന് ക്യാമറാമാന്‍ എബ്രഹാം മാര്‍ട്ടിനെസും സംവിധായകനും അഭിപ്രായപ്പെട്ടു. പ്രധാന നടനായ കാന്‍ഡി ലോംഗോ പേഴ്‌സിസ് കരനെ 'മൈ ലിറ്റില്‍ ഏഞ്ചല്‍' എന്നു വിളിച്ചു. മൊണാക്കോ ചാരിറ്റി ഫിലിം ഫെസ്റ്റിവെലില്‍ നിന്ന് പേഴ്‌സിസ് കരന്‍ 'ബെസ്റ്റ് എമര്‍ജിങ് ആക്ടറെസ്സ്' അവാര്‍ഡ് നേടുകയുണ്ടായി.

2002 ല്‍ ദലിതരുടെ വിദ്യാഭ്യാസ പുരോഗതിക്കായി സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരു സംരഭവുമായി ഇന്ത്യ സന്ദര്‍ശിച്ച, കാലിഫോര്‍ണിയയിലെ യോര്‍ബ ലിന്‍ഡാ ഫ്രണ്ട്‌സ് ചര്‍ച്ച് ധനശേഖരണാര്‍ത്ഥം മുന്നോട്ടുവെച്ച ആശയമാണ് നോട്ട് ടു ഡെ നിര്‍മിച്ചതിന് പിന്നിലെ പ്രേരക ഘടകം. അവര്‍ ഇന്ത്യയില്‍ സ്ഥാപിച്ച സ്‌കൂളിലാണ് പേഴ്‌സിസ് കരണ്‍ പഠനം തുടരുന്നത്. സിനിമ പൂര്‍ത്തിയാക്കിയ ഉടനെ തന്നെ അമേരിക്കയിലെ 50 സിറ്റികളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. 1. 6 മില്ല്യണ്‍ ഡോളര്‍ തുക ശേഖരിക്കാനുമായി. 

ജാതിവ്യവസ്ഥയെ കുറിച്ച് ചര്‍ച്ചചെയ്യാതെയാണ് ഈ സിനിമ, അതിനെതിരായ സമരാഹ്വാനം നടത്തുന്നത്. സിനിമയുടെ ശില്പികളുടെ ജന്മനാട്ടിലുള്ളതുപോലെ സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു അസമത്വമല്ല ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥ യില്‍ നിലനില്ക്കുന്നത്. സാമ്പത്തികമായ അടിമത്വമുള്ളളിടത്ത് ഏറ്റവും താഴേത്തട്ടിലു ള്ളവന് അതില്‍നിന്ന് ഉയരാന്‍ തടസ്സങ്ങളേതുമില്ല. അതിന് നേരേവിപരീതമാണ് ദലിതന്റെ അവസ്ഥ. അവന് സമ്പത്തുണ്ടെങ്കിലും, വിദ്യാഭ്യാസം ചെയ്യുക, വഴിനട ക്കുക, തൊഴിലെടുത്ത് മച്ചപ്പെട്ട ജീവിതം നയിക്കുക തുടങ്ങിയ മൗലികമായ നിഷേധിക്കപ്പെട്ടിരിക്കുന്നു. ജാതിഉന്മൂലനപ്രക്രിയയിലൂടെ ഈ വ്യവസ്ഥയെ ഉച്ചാടനം ചെയ്താല്‍ മാത്രമേ ദലിതര്‍ക്ക് സാമൂഹിക സമത്വം നേടാനാവൂ. പുറമേനി ന്നുള്ള സാമ്പത്തിക സഹായങ്ങള്‍ താത്കാലികമായ സമാശ്വാസത്തിന് ഉതകിയേ ക്കാം. ശാശ്വതമായ പരിഹാരമാണല്ലോ വേണ്ടത്. 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ